പ്രാദേശിക സംസ്കാരങ്ങളും ക്രിസ്തീയ തത്ത്വങ്ങളും അവ പൊരുത്തപ്പെടുന്നതോ?
വടക്കൻ യൂറോപ്പിൽ നിന്നുള്ള ഒരു സാക്ഷിയായ സ്റ്റീഫന് മിഷനറി എന്ന നിലയിൽ നിയമനം ലഭിച്ചത് ഒരു ആഫ്രിക്കൻ രാജ്യത്തേക്ക് ആയിരുന്നു. അവിടത്തെ ഒരു സഹോദരനുമൊത്ത് നടക്കവേ, ആ സഹോദരൻ തന്റെ കയ്യിൽ പിടിച്ചപ്പോൾ അദ്ദേഹം പകച്ചുപോയി.
മറ്റൊരാളുമായി കൈ കോർത്തുപിടിച്ചു തിരക്കേറിയ ഒരു തെരുവിലൂടെ നടക്കുന്നതിനെ കുറിച്ചു ചിന്തിക്കുന്നതുപോലും സ്റ്റീഫനെ സംബന്ധിച്ചിടത്തോളം അമ്പരപ്പിക്കുന്ന സംഗതി ആയിരുന്നു. അദ്ദേഹത്തിന്റെ നാട്ടിൽ അത്തരം ഒരു ആചാരം സ്വവർഗഭോഗികളുടെ ഇടയിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. (റോമർ 1:27) എന്നിരുന്നാലും, ആഫ്രിക്കൻ സഹോദരനെ സംബന്ധിച്ചിടത്തോളം, കൈ കോർത്തുപിടിക്കുന്നത് കേവലം സൗഹൃദത്തിന്റെ ഒരു പ്രകടനം മാത്രം ആയിരുന്നു. കൈ വിടുന്നത് സൗഹൃദം വിടുന്നതിനെത്തന്നെ അർഥമാക്കുമായിരുന്നു.
സാംസ്കാരിക ഭിന്നതകളിൽ നാം താത്പര്യം കാണിക്കുന്നത് എന്തുകൊണ്ടാണ്? “സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്ന ദിവ്യ നിയോഗം നിർവഹിക്കാൻ യഹോവയുടെ ജനം ഉത്സുകരാണ് എന്നതാണ് മുഖ്യ കാരണം. (മത്തായി 28:20) ഈ ലക്ഷ്യത്തിൽ, ചിലർ ശുശ്രൂഷകരെ കൂടുതൽ ആവശ്യമുള്ള സ്ഥലങ്ങളിലേക്കു മാറിത്താമസിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ വിജയിക്കുന്നതിന്, അവർ സമ്പർക്കത്തിൽ വരുന്ന വിഭിന്ന സംസ്കാരങ്ങളെ മനസ്സിലാക്കുകയും അവയുമായി പൊരുത്തപ്പെടുകയും വേണം. അപ്പോൾ അവിടങ്ങളിലെ സഹോദരീസഹോദരന്മാരുമായി യോജിപ്പിൽ പ്രവർത്തിക്കാൻ അവർ പ്രാപ്തർ ആയിത്തീരുകയും പരസ്യ ശുശ്രൂഷയിൽ കൂടുതൽ ഫലപ്രദർ ആകുകയും ചെയ്യും.
കൂടാതെ, സംഘർഷപൂരിതമായ ഈ ലോകത്ത്, ആളുകൾ കുഴപ്പം നിറഞ്ഞ തങ്ങളുടെ രാജ്യത്തുനിന്ന് രാഷ്ട്രീയമോ സാമ്പത്തികമോ ആയ കാരണങ്ങളാൽ പലായനം ചെയ്ത് മറ്റു രാജ്യങ്ങളിൽ താമസമാക്കിയിരിക്കുന്നു. അതുകൊണ്ട് ഈ പുതിയ അയൽക്കാരോടു പ്രസംഗിക്കവേ, നാം പുതിയ ആചാരങ്ങളുമായി സമ്പർക്കത്തിൽ വരാനുള്ള സാധ്യതയും ഉണ്ട്. (മത്തായി 22:39) പല രീതികളുമായി നാം ആദ്യം സമ്പർക്കത്തിൽ വരുമ്പോൾ പുതിയ ആചാരങ്ങളെ കുറിച്ച് ഒട്ടൊക്കെ ആശയക്കുഴപ്പം നേരിട്ടേക്കാം.
ശരിയും തെറ്റും തികച്ചും വ്യക്തമായ മേഖലകൾ
സംസ്കാരം മനുഷ്യ സമൂഹവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. അതുകൊണ്ട് “അതിനീതിമാനായി,” ഏതൊരു നിസ്സാര ആചാരവും ബൈബിൾ തത്ത്വങ്ങളുമായി യോജിക്കുന്നതാണോ എന്ന് അന്വേഷിക്കുന്നത് എന്തൊരു പാഴ്വേല ആയിരിക്കും!—സഭാപ്രസംഗി 7:16.
അതേസമയം, ദിവ്യ തത്ത്വങ്ങൾ വ്യക്തമായും ലംഘിക്കുന്ന പ്രാദേശിക ആചാരങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. എന്നാൽ “കാര്യങ്ങൾ നേരേയാക്കുന്നതിന്” ദൈവവചനം ഉള്ളതുകൊണ്ട്, അതു ചെയ്യാൻ പൊതുവേ പ്രയാസമില്ല. (2 തിമൊഥെയൊസ് 3:17, NW) ദൃഷ്ടാന്തത്തിന്, ചില രാജ്യങ്ങളിൽ ഒരാൾക്ക് അനേകം ഭാര്യമാർ ഉണ്ടായിരിക്കുന്നത് അവിടത്തെ ആചാരം ആണ്, എന്നാൽ സത്യ ക്രിസ്ത്യാനികൾക്കുള്ള തിരുവെഴുത്തുപരമായ നിലവാരം ഒരു മനുഷ്യന് ജീവിച്ചിരിക്കുന്ന ഒരു ഭാര്യയേ പാടുള്ളൂ എന്നാണ്.—ഉല്പത്തി 2:24; 1 തിമൊഥെയൊസ് 3:2.
അതുപോലെ, ദുഷ്ടാത്മാക്കളെ അകറ്റാൻ ഉദ്ദേശിച്ചുള്ളതോ അമർത്യ ആത്മാവിലുള്ള വിശ്വാസത്തിൽ അധിഷ്ഠിതമോ ആയ ശവസംസ്കാര ചടങ്ങുകൾ സത്യ ക്രിസ്ത്യാനികൾക്കു സ്വീകാര്യമായിരിക്കുകയില്ല. ദുഷ്ടാത്മാക്കളുടെ ശല്യം ഒഴിവാക്കുന്നതിനുവേണ്ടി ചില ആളുകൾ മരിച്ചവർക്ക് ധൂപയാഗം അർപ്പിക്കുകയോ അവരോടു പ്രാർഥിക്കുകയോ ചെയ്യുന്നു. ശവത്തിനു മുമ്പിൽ ഉറക്കം ഇളച്ചിരിക്കുന്നതോ ‘പരലോകത്തിലെ’ ജീവിതത്തിനുവേണ്ടി ഒരുങ്ങാൻ മരിച്ചവരെ സഹായിക്കുക എന്ന ലക്ഷ്യത്തിൽ രണ്ടാമതൊരു ശവസംസ്കാര ചടങ്ങു നടത്തുന്നതോ പോലുള്ള ആചാരം ചിലർക്ക് ഉണ്ട്. എന്നിരുന്നാലും, ഒരു വ്യക്തി മരിക്കുമ്പോൾ, അയാൾക്ക് “ഒന്നിനെ കുറിച്ചും ബോധമില്ല” എന്നും അതുകൊണ്ടുതന്നെ ആർക്കും നന്മയോ തിന്മയോ ചെയ്യാനാവില്ല എന്നും ബൈബിൾ പഠിപ്പിക്കുന്നു.—സഭാപ്രസംഗി 9:5, NW; സങ്കീർത്തനം 146:4.
തീർച്ചയായും, ദൈവവചനവുമായി പൊരുത്തപ്പെടുന്ന അനേകം ആചാരങ്ങൾ ഉണ്ട്. അപരിചിതന് ഊഷ്മളമായ ഒരു അഭിവാദ്യം നൽകണം എന്നും ആവശ്യമെങ്കിൽ അയാളെ വീട്ടിലേക്കു ക്ഷണിക്കണം എന്നും ആവശ്യപ്പെടുന്ന അതിഥിപ്രിയ മനോഭാവം ശക്തമായിരിക്കുന്ന സംസ്കാരങ്ങളുണ്ട്. അവയുമായി നാം സമ്പർക്കത്തിൽ വരുന്നത് എത്ര നവോന്മേഷപ്രദമാണ്! നിങ്ങൾ അതു നേരിട്ട് അനുഭവിക്കുമ്പോൾ, അതേ മാതൃക പിൻപറ്റാൻ നിങ്ങൾക്കു പ്രചോദനം ഉണ്ടാകാറില്ലേ? നിങ്ങൾ അതു ചെയ്യുന്നെങ്കിൽ, അതു നിങ്ങളുടെ ക്രിസ്തീയ വ്യക്തിത്വത്തെ നിശ്ചയമായും മെച്ചപ്പെടുത്തും.—എബ്രായർ 13:1, 2.
നമ്മിൽ ആരാണ് കാത്തുനിൽക്കാൻ ഇഷ്ടപ്പെടുക? ചില രാജ്യങ്ങളിൽ ഇത് അപൂർവമായേ സംഭവിക്കാറുള്ളൂ, കാരണം അവിടങ്ങളിൽ കൃത്യനിഷ്ഠയ്ക്കു വലിയ പ്രാധാന്യം കൽപ്പിക്കപ്പെടുന്നു. യഹോവ ക്രമത്തിന്റെ ദൈവം ആണെന്നു ബൈബിൾ നമ്മോടു പറയുന്നു. (1 കൊരിന്ത്യർ 14:33) അതുകൊണ്ടാണ് അവൻ ദുഷ്ടതയ്ക്ക് അന്തം വരുത്താൻ ഒരു “നാളും നാഴികയും” നിശ്ചയിച്ചിരിക്കുന്നത്, മാത്രമല്ല ഈ സംഭവം ‘താമസിക്കുകയില്ല’ എന്ന് അവൻ നമുക്ക് ഉറപ്പു നൽകുകയും ചെയ്യുന്നുണ്ട്. (മത്തായി 24:36; ഹബക്കൂക് 2:3) ന്യായമായ കൃത്യനിഷ്ഠ പ്രോത്സാഹിപ്പിക്കുന്ന സംസ്കാരങ്ങൾ നമ്മെ ക്രമമുള്ളവർ ആയിരിക്കാനും മറ്റ് ആളുകളോടും അവരുടെ സമയത്തോടും ഉചിതമായ ആദരവു കാട്ടാനും സഹായിക്കുന്നു. അതു നിശ്ചയമായും തിരുവെഴുത്തു തത്ത്വങ്ങളോടു യോജിപ്പിലാണ്.—1 കൊരിന്ത്യർ 14:39; ഫിലിപ്പിയർ 2:4.
നിരുപദ്രവകരമായ ആചാരങ്ങളുടെ കാര്യമോ?
ചില ആചാരങ്ങൾ ക്രിസ്തീയ ജീവിത രീതിയുമായി വ്യക്തമായും പൊരുത്തപ്പെടുന്നെങ്കിലും, അങ്ങനെയല്ലാത്തവയും ഉണ്ട്. എന്നാൽ നല്ലതോ ചീത്തയോ എന്നു നിർവചിക്കാനാകാത്ത ആചാരങ്ങളുടെ കാര്യമോ? അനേകം ആചാരങ്ങൾ നിരുപദ്രവങ്ങളാണ്. അവയോടുള്ള നമ്മുടെ മനോഭാവത്തിന് നമ്മുടെ ആത്മീയ സമനിലയെ സൂചിപ്പിക്കാൻ കഴിയും.
ഉദാഹരണത്തിന്, കൈ കൊടുക്കൽ, പ്രണാമം, ചുംബനം, ആലിംഗനം എന്നിങ്ങനെ പല തരത്തിലുള്ള അഭിവാദനങ്ങൾ ഉണ്ട്. അതുപോലെ, ഭക്ഷണവേളകളിലെ പെരുമാറ്റ രീതികളോടു ബന്ധപ്പെട്ടും അനേകം ആചാരങ്ങൾ ഉണ്ട്. ചില രാജ്യങ്ങളിൽ ആളുകൾ ഒരു പൊതു പാത്രത്തിൽനിന്നു ഭക്ഷിക്കുന്നു. ചില രാജ്യങ്ങളിൽ ഏമ്പക്കം വിടുന്നത് സ്വീകാര്യമാണ്—അഭികാമ്യം പോലുമാണ്—അത് വിലമതിപ്പിൻ പ്രകടനം ആണ്, അതേസമയം മറ്റു രാജ്യങ്ങളിൽ അത് അസ്വീകാര്യവും അങ്ങേയറ്റം മോശവുമാണ്.
നിങ്ങൾ ഈ നിരുപദ്രവകരമായ ആചാരങ്ങൾ വ്യക്തിപരമായി ഇഷ്ടപ്പെടുന്നോ ഇല്ലയോ എന്നു തീരുമാനിക്കുന്നതിനു പകരം, അവയുടെ കാര്യത്തിൽ ശരിയായ മനോഭാവം കൈക്കൊള്ളുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ‘നാം ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ മറ്റുള്ളവർ നമ്മെക്കാൾ ശ്രേഷ്ഠരാണെന്ന് എണ്ണണമെന്ന്’ ഉള്ള ബൈബിളിലെ കാലാതീത ബുദ്ധ്യുപദേശം ശുപാർശ ചെയ്യുന്നു. (ഫിലിപ്പിയർ 2:3) സമാനമായി, ദയവായി ഈ വിധത്തിൽ—പെരുമാറ്റരീതികളുടെ ഒരു പുസ്തകം (ഇംഗ്ലീഷ്) എന്ന ശീർഷകത്തിലുള്ള തന്റെ പുസ്തകത്തിൽ എലനർ ബൊയ്കിൻ പറയുന്നു: “നിങ്ങൾക്ക് ആദ്യം വേണ്ടത് ദയാപൂർവകമായ ഒരു ഹൃദയം ആണ്.”
താഴ്മയോടെയുള്ള ഈ സമീപനം മറ്റുള്ളവരുടെ ആചാരങ്ങളെ അവമതിക്കാതിരിക്കാൻ നമ്മെ സഹായിക്കും. പിന്മാറി നിൽക്കുകയോ വ്യത്യസ്തമായി കാണുന്ന എന്തിനെയും സംശയ ദൃഷ്ടിയോടെ വീക്ഷിക്കുകയോ ചെയ്യുന്നതിനു പകരം, മറ്റുള്ള ആളുകൾ എങ്ങനെ ജീവിക്കുന്നു എന്നു മനസ്സിലാക്കാനും അവരുടെ ആചാരങ്ങളിൽ പങ്കുപറ്റാനും അവരുടെ ഭക്ഷണങ്ങൾ രുചിച്ചുനോക്കാനും മുൻകൈ എടുക്കാൻ നാം പ്രചോദിതരാകും. ഒരു തുറന്ന മനസ്സോടെ പുതിയ രീതികൾ പരീക്ഷിച്ചുനോക്കാൻ സന്നദ്ധത കാട്ടുന്നതിലൂടെ, നാം നമ്മുടെ ആതിഥേയനെ, അല്ലെങ്കിൽ വിദേശത്തെ അയൽക്കാരെ ആദരിക്കുന്നു. നമ്മുടെ ഹൃദയത്തെയും അനുഭവ മേഖലകളെയും “വിശാല”മാക്കുന്നത് നമുക്കുതന്നെ പ്രയോജനം ചെയ്യും.—2 കൊരിന്ത്യർ 6:13.
ആചാരം ആത്മീയ പുരോഗതിക്കു തടസ്സമാകുന്നെങ്കിൽ
തിരുവെഴുത്തുവിരുദ്ധം അല്ലെങ്കിലും ആത്മീയ പുരോഗതിക്കു സഹായകമല്ലാത്ത ആചാരങ്ങളുമായി നാം സമ്പർക്കത്തിൽ വരുന്നെങ്കിലോ? ഉദാഹരണത്തിന്, ചില രാജ്യങ്ങളിലെ ആളുകൾ സംഗതികൾ ചെയ്യാൻ കാലതാമസം വരുത്തുന്ന പ്രകൃതക്കാരാണ്. ജീവിതത്തോടുള്ള ആയാസരഹിതമായ ഈ സമീപനം സമ്മർദം കുറച്ചേക്കാം എങ്കിലും, നമ്മുടെ ശുശ്രൂഷ ‘പൂർണമായി’ നിർവഹിക്കുന്നത് ബുദ്ധിമുട്ടാക്കിയേക്കാം.—2 തിമൊഥെയൊസ് 4:5, NW.
പ്രാധാന്യമുള്ള സംഗതികൾ ‘നാളേക്കു നീട്ടിവെക്കുന്നത്’ ഒഴിവാക്കാൻ മറ്റുള്ളവരെ നമുക്ക് എങ്ങനെ പ്രോത്സാഹിപ്പിക്കാനാകും? “നിങ്ങൾക്ക് ആദ്യം വേണ്ടത് ദയാപൂർവകമായ ഒരു ഹൃദയം ആണ്” എന്ന് ഓർക്കുക. സ്നേഹത്താൽ പ്രചോദിതരായി മാതൃക വെക്കാനും എന്നിട്ട് അന്നന്നു ചെയ്യേണ്ട കാര്യങ്ങൾ നീട്ടിവെക്കാതിരിക്കുന്നതിന്റെ പ്രയോജനങ്ങൾ ദയാപുരസ്സരം വിശദമാക്കാനും നമുക്കു സാധിക്കും. (സഭാപ്രസംഗി 11:4) അതേസമയം, ഉത്പാദന ക്ഷമതയ്ക്കുവേണ്ടി പരസ്പര വിശ്വാസവും ഉറപ്പും നഷ്ടപ്പെടുത്താതിരിക്കാൻ നാം ശ്രദ്ധിക്കണം. നമ്മുടെ നിർദേശങ്ങൾ മറ്റുള്ളവർ ഉടനടി കൈക്കൊള്ളുന്നെങ്കിൽ, നാം അവരുടെമേൽ കർതൃത്വം നടത്തുകയോ നമ്മുടെ ഇച്ഛാഭംഗം നിമിത്തം അവരുടെ മേൽ കുതിരകയറുകയോ ചെയ്യരുത്. കാര്യക്ഷമതയെക്കാൾ പ്രാധാന്യം എപ്പോഴും സ്നേഹത്തിന് ആയിരിക്കണം.—1 പത്രൊസ് 4:8; 5:3.
പ്രാദേശിക അഭിരുചികൾ കണക്കിലെടുക്കൽ
നാം വെക്കുന്ന ഏതൊരു നിർദേശവും ന്യായമായത് ആണെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കണം, അല്ലാതെ അതു നമ്മുടെ വ്യക്തിപരമായ അഭിരുചികൾ അടിച്ചേൽപ്പിക്കാനുള്ള ഒരു ശ്രമം ആയിരിക്കരുത്. ഉദാഹരണത്തിന്, പല തരത്തിലുള്ള വസ്ത്രധാരണ രീതി ഉണ്ട്. അനേകം സ്ഥലങ്ങളിലും പുരുഷന്മാർ ടൈ ധരിച്ച് സുവാർത്ത പ്രസംഗിക്കുന്നത് ഉചിതമാണ്, എന്നാൽ ചില ഉഷ്ണമേഖലാ പ്രദേശങ്ങളിൽ അത് അങ്ങേയറ്റം ഔപചാരികം ആയിരിക്കാം. പൊതുജനങ്ങളുമായി ഇടപഴകുന്ന ഒരു ബിസിനസുകാരന് ചേർന്ന ഉചിതമായ വസ്ത്രം സംബന്ധിച്ച പ്രാദേശിക അഭിരുചി കണക്കിലെടുക്കുന്നത് മിക്കപ്പോഴും ഒരു വഴികാട്ടിയായി ഉപകരിക്കും. വസ്ത്രധാരണം പോലുള്ള സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട വിഷയത്തിന്റെ കാര്യം വരുമ്പോൾ “സുബോധം” മർമപ്രധാനമാണ്.—1 തിമൊഥെയൊസ് 2:9, 10.
ഒരു ആചാരം നമുക്ക് ഇഷ്ടമല്ലെങ്കിലോ? കണ്ണുമടച്ച് അതിനെ തള്ളിക്കളയണോ? അതിന്റെ ആവശ്യമില്ല. ആദ്യമേ സൂചിപ്പിച്ച, പുരുഷന്മാർ കൈ കോർത്തുപിടിച്ചു നടക്കുന്ന ആചാരം ആ പ്രത്യേക ആഫ്രിക്കൻ സമൂഹത്തിൽ തികച്ചും സ്വീകാര്യമാണ്. മറ്റുള്ളവരും കൈ കോർത്തുപിടിച്ചാണ് നടക്കുന്നതെന്നു നിരീക്ഷിച്ച മിഷനറി അതോടെ അതുമായി പൊരുത്തപ്പെട്ടു.
തന്റെ വിപുലമായ മിഷനറി യാത്രകൾക്കിടയിൽ, പൗലൊസ് അപ്പൊസ്തലൻ വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള അംഗങ്ങളുള്ള സഭകൾ സന്ദർശിച്ചു. നിസ്സംശയമായും, ഇടയ്ക്കിടെ സംസ്കാരങ്ങൾ തമ്മിൽ പൊരുത്തപ്പെടാത്ത സ്ഥിതിവിശേഷങ്ങൾ ഉണ്ടായി. അതുകൊണ്ട്, ബൈബിൾ തത്ത്വങ്ങളോടു പറ്റിനിന്നുകൊണ്ട് അനുരൂപപ്പെടാൻ കഴിയുന്ന എല്ലാ ആചാരങ്ങളോടും പൗലൊസ് അനുരൂപപ്പെട്ടു. അവൻ പറഞ്ഞു: “ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന്നു ഞാൻ എല്ലാവർക്കും എല്ലാമായിത്തീർന്നു.”—1 കൊരിന്ത്യർ 9:22, 23; പ്രവൃത്തികൾ 16:3.
പുതിയ ആചാരങ്ങളോടു നാം എങ്ങനെ പ്രതികരിക്കണം എന്നു നിർണയിക്കാൻ ഏതാനും പ്രസക്തമായ ചോദ്യങ്ങൾ നമ്മെ സഹായിക്കും. ഒരു ആചാരം സ്വീകരിക്കുന്നതോ നിരസിക്കുന്നതോ നിരീക്ഷകരിൽ നമ്മെ കുറിച്ച് എന്തു ധാരണ ഉളവാക്കും? നാം അവരുടെ സംസ്കാരവുമായി ഇണങ്ങാൻ ശ്രമിക്കുന്നതു കണ്ട് അവർ രാജ്യ സന്ദേശത്തിൽ ആകൃഷ്ടർ ആയിത്തീരുമോ? അതേസമയം, നാം ഒരു പ്രാദേശിക ആചാരം സ്വീകരിച്ചാൽ, ‘നമ്മുടെ ശുശ്രൂഷെക്ക് ആക്ഷേപം വരു’മോ?—2 കൊരിന്ത്യർ 6:3.
നാം ‘എല്ലാവർക്കും എല്ലാമായിത്തീരാൻ’ ആഗ്രഹിക്കുന്നെങ്കിൽ, ഉചിതമായത് എന്ത്, ഉചിതമല്ലാത്തത് എന്ത് എന്നിവയെ കുറിച്ചുള്ള നമ്മുടെ രൂഢമൂലമായ ചില വീക്ഷണങ്ങൾക്കു നാം മാറ്റം വരുത്തേണ്ടത് ഉണ്ടായിരിക്കാം. പലപ്പോഴും, ഒരു സംഗതി ചെയ്യുന്ന വിധം സംബന്ധിച്ച “ശരി”യും “തെറ്റും” ആശ്രയിച്ചിരിക്കുന്നത് കേവലം നാം എവിടെ പാർക്കുന്നു എന്നതിനെയാണ്. അതുകൊണ്ട്, ഒരു രാജ്യത്ത് പുരുഷന്മാർ കൈ കോർത്തുപിടിച്ചു നടക്കുന്നത് സൗഹൃദ പ്രകടനം ആണെങ്കിലും അനേകം സ്ഥലങ്ങളിൽ അതു തീർച്ചയായും രാജ്യസന്ദേശത്തിൽനിന്ന് ആളുകളുടെ ശ്രദ്ധ പതറിക്കും.
എന്നിരുന്നാലും, പലയിടങ്ങളിലും സ്വീകാര്യവും ക്രിസ്ത്യാനികൾക്ക് ഉചിതവുമായ ആചാരങ്ങളും ഉണ്ട്; എങ്കിലും നാം ജാഗ്രത പാലിക്കണം.
അതിർ ലംഘിക്കാതെ സൂക്ഷിക്കുക!
തന്റെ ശിഷ്യന്മാർ ലോകത്തിൽനിന്ന് എടുക്കപ്പെടേണ്ടവർ അല്ലെങ്കിലും, അവർ “ലോകത്തിന്റെ ഭാഗമാകാതെ” നിലകൊള്ളേണ്ട ആവശ്യമുണ്ടായിരുന്നു എന്ന് യേശു പറഞ്ഞു. (യോഹന്നാൻ 17:15, 16) എങ്കിലും, ചിലപ്പോഴൊക്കെ സാത്താന്റെ ലോകത്തിന്റെ അവിഭാജ്യ ഭാഗവും കേവലം സംസ്കാരവും തമ്മിലുള്ള അതിർ നിർണയിക്കുക എളുപ്പമല്ല. ഉദാഹരണത്തിന്, സംഗീതവും നൃത്തവും മിക്കവാറും എല്ലാ സംസ്കാരങ്ങളിലും ഉണ്ട്. ചില സംസ്കാരങ്ങളിൽ അവയ്ക്കു കൂടുതൽ പ്രാധാന്യം ഉണ്ട്.
പിഴവുപറ്റാത്ത തിരുവെഴുത്തു ന്യായങ്ങളിൽ ആശ്രയിക്കുന്നതിനെക്കാൾ നമ്മുടെതന്നെ പശ്ചാത്തലത്തിൽ ഊന്നി നാം എളുപ്പം തീരുമാനം എടുത്തേക്കാം. ഒരു ജർമൻ സഹോദരനായ അലക്സിന് സ്പെയിനിലേക്ക് ഒരു നിയമനം ലഭിച്ചു. അദ്ദേഹത്തിന്റെ നാട്ടിൽ ഡാൻസിന് അത്ര പ്രചാരമില്ല, എന്നാൽ സ്പെയിനിലാകട്ടെ അത് അവരുടെ സംസ്കാരത്തിന്റെ ഭാഗമാണു താനും. ഒരു സഹോദരനും സഹോദരിയും ഒരു തകർപ്പൻ പ്രാദേശിക നൃത്തം അവതരിപ്പിക്കുന്നത് ആദ്യമായി കണ്ടപ്പോൾ, അദ്ദേഹം ആശയക്കുഴപ്പത്തിലായി. ആ നൃത്തപരിപാടി തെറ്റ് ആയിരുന്നോ, അതോ ലൗകികം ആയിരുന്നോ? ആ ആചാരം സ്വീകരിച്ചിരുന്നെങ്കിൽ അത് തന്റെ നിലവാരങ്ങളിൽ വിട്ടുവീഴ്ച ചെയ്യൽ ആകുമായിരുന്നോ? സ്പെയിനിലെ സംഗീതവും നൃത്തവും വ്യത്യസ്തം ആയിരുന്നെങ്കിലും, അവിടത്തെ സഹോദരീസഹോദരന്മാർ ക്രിസ്തീയ നിലവാരങ്ങളിൽ വിട്ടുവീഴ്ച ചെയ്യുകയാണെന്നു വിചാരിക്കാൻ ന്യായമില്ല എന്ന് അലക്സ് മനസ്സിലാക്കി. സംസ്കാരങ്ങളിലെ വ്യത്യാസം കൊണ്ട് ആയിരുന്നു അദ്ദേഹത്തിന് ആശയക്കുഴപ്പം ഉണ്ടായത്.
ഇതിൽ അപകടം പതിയിരിപ്പുണ്ട് എന്ന് പരമ്പരാഗത സ്പാനിഷ് നൃത്തം ആസ്വദിക്കുന്ന ഒരു സഹോദരനായ ആമീല്യോ തിരിച്ചറിയുന്നു. അദ്ദേഹം ഇങ്ങനെ പറയുന്നു: “അനേകം നൃത്തരൂപങ്ങളിലും ജോഡികൾ ശാരീരികമായി വളരെ അടുക്കേണ്ടി വരുന്നതായി കാണുന്നു. ഒരു അവിവാഹിതൻ എന്ന നിലയിൽ, ഇതിന് ജോഡികളിൽ ഒരാളുടെയെങ്കിലും വികാരങ്ങളെ ഉണർത്താനാകുമെന്ന് ഞാൻ തിരിച്ചറിയുന്നു. ചിലപ്പോൾ, നിങ്ങൾക്ക് ഇഷ്ടം തോന്നുന്ന ഒരാളോട് സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരു അവസരമായി നൃത്തത്തെ ഉപയോഗിക്കാൻ കഴിയും. സംഗീതം ആരോഗ്യാവഹം ആണെന്നും ശാരീരിക സമ്പർക്കം പരമാവധി കുറയ്ക്കുന്നുവെന്നും ഉറപ്പു വരുത്തുന്നത് ഒരു സംരക്ഷണം ആയിരിക്കാവുന്നതാണ്. എന്നിരുന്നാലും, അവിവാഹിതരായ ഒരു കൂട്ടം സഹോദരീസഹോദരന്മാർ നൃത്തം ചെയ്യാനായി പോകുമ്പോൾ, ദിവ്യാധിപത്യപരമായ ഒരു അന്തരീക്ഷം നിലനിർത്തുക വളരെ ബുദ്ധിമുട്ടാണെന്നു ഞാൻ സമ്മതിക്കുന്നു.”
ലൗകിക പെരുമാറ്റങ്ങളിൽ ഏർപ്പെടാൻ സംസ്കാരത്തെ ഒരു ഒഴികഴിവ് ആയി ഉപയോഗിക്കാൻ നാം തീർച്ചയായും ആഗ്രഹിക്കുകയില്ല. ഇസ്രായേല്യ സംസ്കാരത്തിൽ പാട്ടും നൃത്തവും ഉണ്ടായിരുന്നു. ഇസ്രായേല്യർ ഈജിപ്തിൽനിന്ന് ചെങ്കടലിലൂടെ വിമോചിതർ ആക്കപ്പെട്ടപ്പോൾ, അവരുടെ ആഘോഷത്തിൽ പാട്ടും നൃത്തവും ഉണ്ടായിരുന്നു. (പുറപ്പാടു 15:1, 20) എന്നാൽ അവരുടെ പ്രത്യേക തരം സംഗീതവും നൃത്തവും അവർക്കു ചുറ്റുമുണ്ടായിരുന്ന പുറജാതീയ ലോകക്കാരുടേതിൽനിന്നു വ്യത്യസ്തമായിരുന്നു.
എന്നാൽ സങ്കടകരമെന്നു പറയട്ടെ, സീനായ് പർവതത്തിൽനിന്നു മോശ തിരിച്ചു വരുന്നതും കാത്തിരിക്കവേ, ഇസ്രായേല്യരുടെ ക്ഷമ കെട്ടു, അവർ സ്വർണ കാളക്കുട്ടിയെ ഉണ്ടാക്കി തീറ്റിയും കുടിയും കഴിഞ്ഞ് “കളിപ്പാൻ എഴുന്നേററു.” (പുറപ്പാടു 32:1-6) പാട്ടിന്റെ സ്വരം കേട്ടപ്പോൾ അത് ഉടൻതന്നെ മോശയെയും യോശുവയെയും അസ്വസ്ഥരാക്കി. (പുറപ്പാടു 32:17, 18) ഇസ്രായേല്യർ ‘അതിർ’ വിട്ടിരുന്നു. ഇപ്പോൾ അവരുടെ പാട്ടും നൃത്തവും അവർക്കു ചുറ്റുമുള്ള പുറജാതീയ ലോകത്തെ പ്രതിഫലിപ്പിക്കുന്നതായി.
സമാനമായി ഇന്ന്, പാട്ടും നൃത്തവും നമ്മുടെ പ്രദേശത്ത് പൊതുവേ സ്വീകാര്യം ആയിരിക്കാം, മറ്റുള്ളവരുടെ മനസ്സാക്ഷിയെ വ്രണപ്പെടുത്തുന്നില്ലായിരിക്കാം. എന്നാൽ ലൈറ്റുകൾ അരണ്ട വെളിച്ചത്തിൽ ആക്കുകയും ഫ്ളാഷ് ലൈറ്റുകൾ ഇടുകയും ചെയ്യുമ്പോൾ, അല്ലെങ്കിൽ ഒരു വ്യത്യസ്ത താളത്തിൽ സംഗീതം ഇടുമ്പോൾ ആദ്യം സ്വീകാര്യമായിരുന്നത് ഇപ്പോൾ ലോകത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നത് ആയിത്തീർന്നേക്കാം. “ഇത് ഞങ്ങളുടെ സംസ്കാരം മാത്രമാണ്” എന്ന് ഒരുവന് ഒഴികഴിവ് പറയാവുന്നതാണ്. പുറജാതീയ വിനോദ രൂപത്തിനും ആരാധനയ്ക്കും അംഗീകാരം കൊടുത്തപ്പോൾ അഹരോനും അത്തരം ഒരു ഒഴികഴിവാണ് ഉപയോഗിച്ചത്, “യഹോവെക്കു ഒരു ഉത്സവം” എന്നു തെറ്റായി വർണിച്ചുകൊണ്ട്. ഇത് കഴമ്പില്ലാത്ത ഒരു മുടന്തൻ ന്യായമായിരുന്നു. എന്തിന്, അവരുടെ പെരുമാറ്റം ‘അവരുടെ വിരോധികൾക്കുപോലും ഹാസ്യമായി [“ലജ്ജാകരമായി,” NW]’ തോന്നി.—പുറപ്പാടു 32:5, 25.
സംസ്കാരത്തിന് അതിന്റേതായ സ്ഥാനം ഉണ്ട്
അപരിചിതമായ ആചാരങ്ങൾ നമ്മെ ആദ്യം അമ്പരപ്പിച്ചേക്കാം, എന്നാൽ അവയെല്ലാം അസ്വീകാര്യം ആയിരിക്കണമെന്നില്ല. നമ്മുടെ “പരിശീലിത ഗ്രഹണ പ്രാപ്തികൾ” ഉപയോഗിച്ച്, ഏതെല്ലാം ആചാരങ്ങൾ ക്രിസ്തീയ തത്ത്വങ്ങളുമായി പൊരുത്തപ്പെടുന്നു എന്നും ഏതെല്ലാം പൊരുത്തപ്പെടുന്നില്ല എന്നും നമുക്കു നിർണയിക്കാൻ സാധിക്കും. (എബ്രായർ 5:14, NW) നിരുപദ്രവകരമായ ആചാരങ്ങളുമായി സമ്പർക്കത്തിൽ വരുമ്പോൾ, നമ്മുടെ സഹമനുഷ്യനോടുള്ള സ്നേഹത്താൽ നിറഞ്ഞ ദയാപൂർവകമായ ഒരു ഹൃദയം നമുക്ക് ഉണ്ടെങ്കിൽ നാം ഉചിതമായി പ്രതികരിക്കും.
നാം നമ്മുടെ പ്രദേശത്തോ വിദേശ വയലിലോ ആളുകളോടു രാജ്യ സുവാർത്ത പ്രസംഗിക്കുമ്പോൾ, വൈവിധ്യമാർന്ന സംസ്കാരങ്ങളോട് സമനിലയോടുകൂടിയ ഒരു സമീപനം കൈക്കൊള്ളുന്നത് ‘എല്ലാവർക്കും എല്ലാമായിത്തീരാൻ’ നമ്മെ സഹായിക്കും. വിവിധ സംസ്കാരങ്ങളെ സ്വാഗതം ചെയ്യുന്നത് നമ്മുടെ ജീവിതത്തെ കൂടുതൽ ധന്യവും രസകരവും ചേതോഹരവും ആക്കുമെന്നു നാം നിസ്സംശയമായും കണ്ടെത്തും.
[20-ാം പേജിലെ ചിത്രം]
ക്രിസ്തീയ അഭിവാദനത്തിന് ഉചിതമായ അനേകം വിധങ്ങളാകാം
[23-ാം പേജിലെ ചിത്രം]
വിവിധ സംസ്കാരങ്ങളെ കുറിച്ചുള്ള സമനിലയുള്ള കാഴ്ചപ്പാട് ജീവിതത്തെ ധന്യവും രസകരവും ആക്കിത്തീർത്തേക്കാം