ആശയവിനിമയത്തിനു പ്രതിബന്ധമാകുന്ന മതിലുകൾ
പശ്ചിമാഫ്രിക്കയിലെ സീയെറ ലിയോണിൽ താമസിക്കുന്ന ഒരു വാച്ച് ടവർ മിഷനറിയാണ് റോബർട്ട്. അദ്ദേഹം രാജ്യത്ത് എത്തിയിട്ട് അധികനാളായിട്ടില്ലായിരുന്നു. ഒരു ദിവസം അദ്ദേഹം റോഡിൽക്കൂടെ നടക്കവേ, ആ പ്രദേശത്തെ കുട്ടികൾ “വെള്ളക്കാരൻ! വെള്ളക്കാരൻ!” എന്ന് ഉരുവിടുന്നത് അദ്ദേഹം ശ്രദ്ധിച്ചു. ഒരു കറുത്ത അമേരിക്കക്കാരനായ റോബർട്ട് വെള്ളക്കാരൻ എവിടെയെന്നറിയാൻ ചുറ്റും കണ്ണോടിച്ചു. എന്നാൽ അവിടെ മറ്റാരും ഉണ്ടായിരുന്നില്ല. കുട്ടികൾ തന്നെക്കുറിച്ചാണു വിളിച്ചുപറയുന്നതെന്ന് അപ്പോൾ അദ്ദേഹത്തിനു മനസ്സിലായി!
ആ ഉരുവിടലിൽ ദ്രോഹപരമായി യാതൊന്നും ഉണ്ടായിരുന്നില്ല. റോബർട്ട്, തങ്ങളുടേതിൽനിന്നു വ്യത്യസ്തമായ ഒരു സംസ്കാരത്തിൽനിന്നുള്ളയാളാണെന്നുള്ള തിരിച്ചറിവു പ്രകടിപ്പിക്കുക മാത്രമായിരുന്നു ആ കുട്ടികൾ. ആ വ്യത്യാസം പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗമായി അവർ കരുതിയത് റോബർട്ടിനെ വെള്ളക്കാരൻ എന്നു വിളിക്കുന്നതായിരുന്നു.
നാമാരാണെന്നുള്ളതിനെ സംസ്കാരം സ്വാധീനിക്കുന്ന വിധം
“ഒരു ജീവിതരീതിയുടെ പ്രത്യേകതയായ, പങ്കിടപ്പെടുന്ന ആശയങ്ങളുടെയും . . . ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും അറിവിന്റെയും ഒരു കൂട്ടം” എന്ന് സംസ്കാരം വിപുലമായി നിർവചിക്കപ്പെട്ടിരിക്കുന്നു. നേരിട്ടുള്ള അധ്യാപനത്തിലൂടെ നാം അനേകം സാംസ്കാരിക മൂല്യങ്ങൾ പഠിക്കുന്നു, എന്നാൽ നാമറിയാതെയും വളരെയധികം കാര്യങ്ങൾ ഉൾക്കൊള്ളുന്നു. ഒരു ഗവേഷകൻ ഇപ്രകാരം പറഞ്ഞു: “[ഒരു കുട്ടി] ജനിച്ചുവീഴുന്നത് ഏത് ആചാരങ്ങളിലേക്കാണോ അവ, ജനിക്കുന്ന നിമിഷംമുതൽ അവന്റെ അനുഭവത്തെയും സ്വഭാവത്തെയും രൂപപ്പെടുത്തുന്നു. സംസാരിക്കാറാകുമ്പോഴേക്കും അവൻ അവന്റെ സംസ്കാരത്തിന്റെ ഒരു കൊച്ചു സൃഷ്ടിയാണ്, അവൻ വളർന്ന് അതിന്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കാറാകുമ്പോൾ അതിന്റെ ശീലങ്ങൾ അവന്റെ ശീലങ്ങളും അതിന്റെ വിശ്വാസങ്ങൾ അവന്റെ വിശ്വാസങ്ങളും അതിന്റെ അസാധ്യതകൾ അവന്റെ അസാധ്യതകളുമായിത്തീരുന്നു.”
പല വിധങ്ങളിൽ സംസ്കാരം നമുക്കു ജീവിതം കൂടുതൽ എളുപ്പമുള്ളതാക്കിത്തീർക്കുന്നു. കുട്ടികളെന്ന നിലയിൽ നമ്മുടെ മാതാപിതാക്കളെ പ്രസാദിപ്പിക്കേണ്ടതെങ്ങനെയെന്നു നാം വേഗം പഠിക്കുന്നു. നമ്മുടെ സമൂഹത്തിൽ സ്വീകാര്യമായതും അല്ലാത്തതും എന്താണെന്നറിയുന്നത് എങ്ങനെ പ്രവർത്തിക്കണം, എന്തു ധരിക്കണം, മറ്റുള്ളവരോട് എങ്ങനെ ബന്ധം സ്ഥാപിക്കണം എന്നിവ സംബന്ധിച്ചു തീരുമാനങ്ങളെടുക്കുന്നതിൽ നമ്മെ വഴിനയിക്കുന്നു.
തീർച്ചയായും, വ്യക്തികളെന്നനിലയിൽ നാം എന്തായിരിക്കുന്നുവെന്നതു നമ്മുടെ സാംസ്കാരിക പശ്ചാത്തലത്തെ മാത്രമല്ല ആശ്രയിച്ചിരിക്കുന്നത്. എല്ലാ സംസ്കാരങ്ങളിലെയും ആളുകളുടെയിടയിൽ വ്യത്യാസങ്ങളുണ്ട്. കൂടാതെ, ജനിതകവും നമ്മുടെ ജീവിതാനുഭവങ്ങളും മറ്റനേകം ഘടകങ്ങളും നാമാരാണെന്നുള്ളതു നിർണയിക്കുന്നു. എങ്ങനെയായാലും, നാം ലോകത്തെ നോക്കിക്കാണുന്ന ലെൻസാണ് സംസ്കാരം.
ഉദാഹരണത്തിന്, നമ്മുടെ സംസ്കാരം നാം ഏതു ഭാഷ സംസാരിക്കുന്നുവെന്നു മാത്രമല്ല, നാം അതു സംസാരിക്കുന്ന രീതിയെയും നിർണയിക്കുന്നു. മധ്യപൂർവദേശത്തു ചിലയിടങ്ങളിൽ, ആവർത്തനവും രൂപകാലങ്കാരവും ഉപയോഗിച്ച് അനേകം പദങ്ങളാൽ ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള പ്രാപ്തിക്കാണ് ആളുകൾ മൂല്യം കൽപ്പിക്കുന്നത്. നേരെമറിച്ച്, ചില വിദൂരപൂർവദേശങ്ങളിലെ ആളുകൾ ഏറ്റവും കുറച്ചുമാത്രം സംസാരിക്കുന്നു. ഒരു ജാപ്പനീസ് സദൃശവാക്യം ഈ വീക്ഷണം പ്രതിഫലിപ്പിക്കുന്നു: “നിങ്ങളുടെ വായാൽ നിങ്ങൾ നശിക്കും.”
നമ്മുടെ സംസ്കാരം നാം സമയത്തെ എങ്ങനെ വീക്ഷിക്കുന്നുവെന്നതിനെ നിർണയിക്കുന്നു. സ്വിറ്റ്സർലൻഡിൽ ഒരു നിയമനത്തിന് പത്തു മിനിറ്റു താമസിച്ചു ചെന്നാൽ ക്ഷമചോദിക്കാൻ പ്രതീക്ഷിക്കപ്പെടുന്നു. മറ്റുചില രാജ്യങ്ങളിൽ ഒന്നോ രണ്ടോ മണിക്കൂർ താമസിച്ചു ചെന്നാലും ക്ഷമാപണം ഒട്ടുംതന്നെ പ്രതീക്ഷിക്കപ്പെടുന്നില്ല.
നമ്മുടെ സംസ്കാരം നമ്മെ മൂല്യങ്ങളും പഠിപ്പിക്കുന്നു. “നിങ്ങൾ ഒത്തിരി വണ്ണം വയ്ക്കുന്നുണ്ട്. നിങ്ങൾ ശരിക്കും തടിവച്ചുകൊണ്ടിരിക്കയാണ്!” എന്ന് ഒരാൾ നിങ്ങളോടു പറഞ്ഞാൽ നിങ്ങൾക്ക് എങ്ങനെ തോന്നുമെന്നു വിചാരിക്കുക. നിങ്ങൾ, തടിക്കു മൂല്യം കൽപ്പിക്കുന്ന ഒരു ആഫ്രിക്കൻ സംസ്കാരത്തിൽ വളർന്നുവന്നയാളാണെങ്കിൽ ആ അഭിപ്രായം കേൾക്കുമ്പോൾ നിങ്ങൾക്കു സന്തോഷം തോന്നാനിടയുണ്ട്. എന്നാൽ വണ്ണക്കുറവിന് ഉയർന്ന മൂല്യം കൽപ്പിക്കുന്ന പാശ്ചാത്യ സംസ്കാരത്തിലാണു നിങ്ങൾ വളർന്നതെങ്കിൽ ആ തുറന്ന അഭിപ്രായം നിങ്ങളെ വിഷമിപ്പിക്കാൻ സാധ്യതയുണ്ട്.
‘ഞങ്ങളുടെ രീതിയാണ് ഉത്തമം!’
സ്വന്തം സംസ്കാരമാണ് മെച്ചം എന്ന് എല്ലായിടത്തെയും ആളുകൾ അനുമാനിക്കുന്നതിനുള്ള പ്രവണതയാണ് വ്യത്യസ്ത സംസ്കാരങ്ങളിൽപ്പെട്ടവർ തമ്മിലുള്ള ആശയവിനിമയത്തെ ഇത്ര കൂടെക്കൂടെ തടസ്സപ്പെടുത്തുന്നത്. നമ്മുടെ വിശ്വാസങ്ങളും മൂല്യങ്ങളും പാരമ്പര്യങ്ങളും വസ്ത്രധാരണശൈലിയും സൗന്ദര്യത്തെക്കുറിച്ചുള്ള ആശയങ്ങളും മറ്റേതിനെക്കാളും ശരിയും ഉചിതവും മെച്ചവുമാണെന്നു നമ്മിൽ മിക്കവരും വിചാരിക്കുന്നു. നമ്മുടെ സ്വന്തം വിഭാഗത്തിന്റെ മൂല്യങ്ങളനുസരിച്ചു മറ്റു സംസ്കാരങ്ങളെ വിധിക്കാനും നാം പ്രവണത കാണിക്കുന്നു. ഇത്തരത്തിലുള്ള ചിന്താഗതിയെ സ്വവർഗശ്രേഷ്ഠമനോഭാവം (ethnocentrism) എന്നു വിളിക്കുന്നു. ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇപ്രകാരം അഭിപ്രായപ്പെടുന്നു: “സ്വവർഗശ്രേഷ്ഠമനോഭാവം . . . മിക്കവാറും സാർവത്രികമാണെന്നു പറയാവുന്നതാണ്. ലോകത്തിലെ മിക്കവാറുമെല്ലാ സംസ്കാരങ്ങളിലുംപെട്ട ആളുകൾ തങ്ങളുടെ സ്വന്തം ജീവിതരീതിയെ അടുത്ത ബന്ധമുള്ള അയൽക്കാരുടേതിനെക്കാൾപോലും ഉന്നതമായി കണക്കാക്കുന്നു.”
ഇരുനൂറു വർഷംമുമ്പ് ഇംഗ്ലണ്ടുകാരനായ ഒരു ജന്മി ഈ സംഗതിയെക്കുറിച്ച് ഇങ്ങനെ തുറന്നടിച്ചു പറഞ്ഞു: “ഞാൻ കാണുന്ന[തിന്റെ അടിസ്ഥാനത്തിൽ] വിദേശിയർ വിഡ്ഢികളാണ്.” ഈ വാക്കുകൾ പ്രത്യക്ഷപ്പെടുന്ന ഉദ്ധരണി പുസ്തകത്തിന്റെ ഗ്രന്ഥകാരൻ ഇപ്രകാരം എഴുതി: “ഉച്ചരിച്ചിട്ടുള്ളതിൽവച്ച് സാർവത്രിക വികാരത്തോട് ഏറ്റവും അടുത്തുവരുന്നതാണ് [ഇത്].”
മറ്റു സംസ്കാരങ്ങളിൽപെട്ടവരോടുള്ള അസഹിഷ്ണുതയുടെ ധാരാളം ഉദാഹരണങ്ങൾ ഉണ്ട്. ജർമൻകാരനായ ഒരു നോവലെഴുത്തുകാരനാണ് 1930-കളിൽ ആദ്യം എഴുതിയതെങ്കിലും നാസി നേതാവായ ഹെർമാൻ ഗോറിങ് എഴുതിയതായി പലപ്പോഴും ആരോപിക്കപ്പെടുന്നവയാണ് ഈ വാക്കുകൾ: “സംസ്കാരം എന്ന പദം കേൾക്കുമ്പോൾ, റിവോൾവർ എടുക്കാൻ എന്റെ കൈകൾ നീളുന്നു.”
സ്വവർഗശ്രേഷ്ഠമനോഭാവത്തോടുകൂടിയ ശക്തമായ വീക്ഷണങ്ങൾക്കു വിവേചന കാട്ടലിലേക്കു നയിക്കാൻ കഴിയും, അത് ക്രമത്തിൽ ശത്രുതയിലേക്കും സംഘട്ടനത്തിലേക്കും നയിച്ചേക്കാം. റുവാണ്ടയിലെയും മുൻ യൂഗോസ്ലാവിയയിലെയും യുദ്ധ കുറ്റകൃത്യങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തുന്ന ഇന്റർനാഷണൽ ക്രിമിനൽ ട്രിബ്യൂണലിന്റെ പ്രോസിക്യൂട്ടറാണ് റിച്ചാർഡ് ഗോൾഡ്സ്റ്റോൺ. രണ്ടു സംഘട്ടനങ്ങളിലെയും കിരാതകൃത്യങ്ങളെക്കുറിച്ച് അദ്ദേഹം ഇപ്രകാരം പറഞ്ഞു: “ഇത്തരം സംഗതി എവിടെവേണമെങ്കിലും സംഭവിക്കാം. ഇവ വ്യതിരിക്തമായ സംസ്കാരങ്ങളും ചരിത്രങ്ങളുമുള്ള രണ്ടു വ്യത്യസ്ത രാജ്യങ്ങളാണ്, എന്നാൽ സമാനമായ അതിഘോര കൃത്യങ്ങൾ അയൽക്കാരൻ അയൽക്കാരനെതിരെ ചെയ്യുന്നു. വംശീയമോ മതപരമോ ആയ ഇത്തരത്തിലുള്ള മൃഗീയ യുദ്ധം വിവേചന കാട്ടലിന്റെ ഒരു അക്രമ മുഖമാണ്. അക്രമത്തിനിരയാകുന്ന വിഭാഗത്തെ മനുഷ്യത്വം നശിച്ചതോ ഭൂതബാധയുള്ളതോ ആയി ചിത്രീകരിക്കുന്നു. ഇതൊരിക്കൽ ചെയ്താൽപ്പിന്നെ, സാധാരണഗതിയിൽ അത്തരം ഭയങ്കര കാര്യങ്ങൾ ചെയ്യുന്നതിൽ [നിന്ന്] സാമാന്യജനങ്ങളെ തടയുന്ന ധാർമിക നിയന്ത്രണങ്ങളിൽനിന്ന് അവർ സ്വതന്ത്രരാകുന്നു.”
നമ്മുടെ വീക്ഷണഗതി വിശാലമാക്കൽ
സാധാരണഗതിയിൽ നാം സുഹൃത്തുക്കളായി തിരഞ്ഞെടുക്കുന്നത് ഏറെയും നമ്മെപ്പോലെയുള്ളവരും നമ്മുടെ മനോഭാവങ്ങളും മൂല്യങ്ങളും പങ്കുവയ്ക്കുന്നവരുമായ ആളുകളെയാണ്. നാം അവരെ ആശ്രയിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. അവരോടൊപ്പമായിരിക്കുമ്പോൾ നമുക്കു സ്വാസ്ഥ്യം തോന്നുന്നു. മറ്റൊരാളുടെ സ്വഭാവത്തെ വിചിത്രമോ അസാധാരണമോ ആയി നാം വീക്ഷിക്കുമ്പോൾ നമ്മുടെ സുഹൃത്തുക്കൾ നമ്മോടു യോജിക്കാനിടയുണ്ട്, എന്തുകൊണ്ടെന്നാൽ നമുക്കും നമ്മുടെ സുഹൃത്തുക്കൾക്കും ഒരേ താത്പര്യങ്ങളാണുള്ളത്.
അപ്പോൾ സാംസ്കാരിക പശ്ചാത്തലം നിമിത്തം നമ്മിൽനിന്നു വ്യത്യസ്തരായ മറ്റാളുകളുമായി ആശയവിനിയമം നടത്തുന്നതുകൊണ്ടു നമുക്കെന്തു നേടാൻ കഴിയും? മറ്റുള്ളവർ അവരുടെ രീതിയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതെന്തുകൊണ്ടെന്നുള്ളതിന്റെ കാരണങ്ങൾ മനസ്സിലാക്കാൻ നല്ല ആശയവിനിയമം നമ്മെ സഹായിക്കുമെന്നതാണ് ഒരു സംഗതി. ഒരു പശ്ചിമാഫ്രിക്കക്കാരനായ കുൺലെ ഇപ്രകാരം പറയുന്നു: “ഭക്ഷണസമയത്തു സംസാരിക്കുന്നതിൽനിന്ന് ആഫ്രിക്കയിലെ പല കുട്ടികളെയും ശക്തമായി നിരുത്സാഹപ്പെടുത്തുന്നു. എന്നാൽ ചില യൂറോപ്യൻ രാജ്യങ്ങളിൽ ഭക്ഷണസമയങ്ങളിൽ സംഭാഷണം നടത്താൻ പ്രോത്സാഹിപ്പിക്കുന്നു. യൂറോപ്പുകാരൻ, ആഫ്രിക്കക്കാരനുമൊന്നിച്ചു ഭക്ഷണം കഴിക്കുമ്പോൾ എന്തു സംഭവിക്കുന്നു? ആഫ്രിക്കക്കാരനെന്താ ഒന്നും മിണ്ടാതെ ചിന്തയിൽ മുഴുകിയിരുന്നു ഭക്ഷണം കഴിക്കുന്നതെന്ന് യൂറോപ്പുകാരൻ അത്ഭുതപ്പെടുന്നു. അതേസമയം, യൂറോപ്യനെന്തേ കിളിയെപ്പോലെ കിടന്നു ചിലയ്ക്കുന്നതെന്ന് ആഫ്രിക്കക്കാരനും അത്ഭുതപ്പെടുന്നു!” വ്യക്തമായും, അത്തരം സാഹചര്യങ്ങളിൽ സാംസ്കാരിക പശ്ചാത്തലത്തെക്കുറിച്ചുള്ള പരസ്പര ധാരണ സാമൂഹിക മുൻവിധി നീക്കാൻ വളരെയധികം സഹായിക്കുന്നു.
നാം മറ്റു സംസ്കാരങ്ങളിൽപ്പെട്ട ആളുകളെ അറിയാനിടയാകുമ്പോൾ മറ്റുള്ളവരെക്കുറിച്ചു മാത്രമല്ല, നമ്മെക്കുറിച്ചും നാം മെച്ചമായി മനസ്സിലാക്കുന്നു. ഒരു നരവംശശാസ്ത്രജ്ഞൻ ഇപ്രകാരം എഴുതി: “ഒരു ആഴക്കടൽ ജീവി കണ്ടുപിടിക്കാൻ തീരെ സാധ്യതയില്ലാത്ത സംഗതി വെള്ളമായിരിക്കും. എന്തെങ്കിലുമൊരു അവിചാരിത സംഭവം ഉണ്ടായി അവൻ ഉപരിതലത്തിലേക്കു വരികയും വായുവുമായി സമ്പർക്കത്തിലാവുകയും ചെയ്താൽ മാത്രമേ അതിന്റെ അസ്തിത്വത്തെക്കുറിച്ച് അവൻ ബോധവാനായിത്തീരൂ. . . . ഒരുവന്റെ സ്വന്തം സമൂഹത്തിന്റെ സംസ്കാരത്തെ ഒന്നായി കാണാനുള്ള പ്രാപ്തിക്ക് . . . ഒരളവുവരെ വസ്തുനിഷ്ഠത ആവശ്യമാണ്, അത് അപൂർവമായി നേടാൻ കഴിയുന്ന ഒന്നാണ്.” എന്നിരുന്നാലും, നാം മറ്റു സംസ്കാരങ്ങളുമായി സമ്പർക്കത്തിലാകുമ്പോൾ വായുവുമായി സമ്പർക്കത്തിലാകുന്ന ആ കടൽജീവിയെപ്പോലെയാണ്; നാം ജീവിക്കുന്ന സാംസ്കാരിക ‘വെള്ളങ്ങളെ’ക്കുറിച്ച് നാം ബോധവാൻമാരായിത്തീരുന്നു. എഴുത്തുകാരനായ തോമസ് അബെർക്രോംബീ ഈ സംഗതി ഇപ്രകാരം ഭംഗിയായി വർണിച്ചു: “ഒരു വിദേശ സംസ്കാരത്താൽ ഒരിക്കലും വശീകരിക്കപ്പെടാത്ത ഒരുവന് തന്റെ സ്വന്തം സംസ്കാരത്തിന്റെ കൂച്ചുവിലങ്ങുകൾ ഒരിക്കലും മനസ്സിലാക്കാൻ കഴിയില്ല.”
ചുരുക്കിപ്പറഞ്ഞാൽ, മറ്റു സംസ്കാരങ്ങളെക്കുറിച്ചു മനസ്സിലാക്കുന്നത്, നമ്മെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും മെച്ചമായി ഗ്രഹിക്കാൻ തക്കവണ്ണം നമ്മുടെ വീക്ഷണഗതിയെ വിശാലമാക്കുകയും അതുവഴി നമ്മുടെ ജീവിതത്തെ സമ്പുഷ്ടമാക്കുകയും ചെയ്യുന്നു. സാംസ്കാരിക പൈതൃകവും സ്വവർഗശ്രേഷ്ഠമനോഭാവത്തോടുകൂടിയ ചിന്തയും ആശയവിനിമയത്തെ തടസ്സപ്പെടുത്തുന്ന മതിലുകളാകാമെന്നിരിക്കെ, അവ അങ്ങനെയായിരിക്കേണ്ടതില്ല. ആ മതിലുകൾ ഭേദിക്കാൻ കഴിയും.
[6-ാം പേജിലെ ആകർഷകവാക്യം]
“ലോകത്തിലെ മിക്കവാറുമെല്ലാ സംസ്കാരങ്ങളിലുംപെട്ട ആളുകൾ തങ്ങളുടെ സ്വന്തം ജീവിതരീതിയെ അടുത്ത ബന്ധമുള്ള അയൽക്കാരുടേതിനെക്കാൾപോലും ഉന്നതമായി കണക്കാക്കുന്നു.”—ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക
[7-ാം പേജിലെ ചിത്രം]
മറ്റു സംസ്കാരങ്ങളിലെ നല്ല കാര്യങ്ങൾ ആസ്വദിക്കാൻ നമുക്കു പഠിക്കാവുന്നതാണ്
[6-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Globe: Mountain High Maps® Copyright © 1995 Digital Wisdom, Inc.