പാലങ്ങൾ പണിയാൻ മതിലുകൾ തകർക്കൽ
നാം പിറന്നുവീണ കുടുംബമോ രാഷ്ട്രമോ തിരഞ്ഞെടുത്തതു നാമല്ല, നമ്മുടെ ചിന്തയെ രൂപപ്പെടുത്തുന്ന സംസ്കാരം ഏതായിരിക്കണമെന്നു തീരുമാനിച്ചതും നാമല്ല. അത്തരം കാര്യങ്ങളുടെമേൽ നമുക്കു നിയന്ത്രണമില്ലായിരുന്നു. നാമെല്ലാം സമയത്തിനും സാഹചര്യത്തിനും വിധേയരാണ്. എന്നാൽ നാം മറ്റുള്ളവരെ വീക്ഷിക്കുകയും അവരോട് ഇടപെടുകയും ചെയ്യുന്ന വിധത്തെ നമുക്കു നിയന്ത്രിക്കാൻ കഴിയും.
നാം അതെങ്ങനെ ചെയ്തേക്കാമെന്നു ബൈബിൾ വിവരിക്കുന്നു. നമ്മുടേതിൽനിന്നു വ്യത്യസ്തമായ പശ്ചാത്തലത്തിൽനിന്നുള്ളവരുമായി ആശയവിനിമയപരമായ പാലങ്ങൾ പണിയാൻ നമ്മെ സഹായിക്കുന്ന ചില തത്ത്വങ്ങൾ പരിഗണിക്കുക.
‘ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയ ദൈവം ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി.’ (പ്രവൃത്തികൾ 17:24, 26) നാമെല്ലാം ഒരേ മനുഷ്യ കുടുംബത്തിലെ അംഗങ്ങളായതുകൊണ്ട് നമുക്കു പൊതുവായി വളരെയധികം സംഗതികളുണ്ട്. നമുക്കു പൊതുവായുള്ള സംഗതികളിലേക്കു നോക്കുന്നത് ആശയവിനിയമം കൂടുതൽ എളുപ്പമാക്കിത്തീർക്കുന്നു. നല്ല സുഹൃത്തുക്കൾ ഉണ്ടായിരിക്കാനും സ്നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നതായി തോന്നാനും നാമെല്ലാം ആഗ്രഹിക്കുന്നു. ശാരീരികവും വൈകാരികവുമായ വേദന ഒഴിവാക്കാൻ എല്ലാവരും ശ്രമിക്കുന്നു. എല്ലാ സംസ്കാരങ്ങളിലുംപെട്ട ആളുകൾ സംഗീതവും കലയും ഇഷ്ടപ്പെടുകയും തമാശകൾ പറയുകയും പരസ്പരം മര്യാദയുള്ളവരായിരിക്കുന്നതിൽ വിശ്വസിക്കുകയും സന്തുഷ്ടരായിരിക്കാനുള്ള മാർഗങ്ങൾ തേടുകയും ചെയ്യുന്നു.
“ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ.’ (ഫിലിപ്പിയർ 2:3) മറ്റുള്ളവരെ നാം എല്ലാകാര്യത്തിലും ശ്രേഷ്ഠരായി കരുതണമെന്നല്ല ഇതിന്റെ അർഥം. പകരം, ജീവിതത്തിന്റെ ചില മേഖലകളിൽ മറ്റുള്ളവർ ശ്രേഷ്ഠരാണെന്നു നാം മനസ്സിലാക്കണം. നമുക്കോ നമ്മുടെ സംസ്കാരത്തിനോ ആണ് എല്ലാ നല്ല കാര്യങ്ങളുടെയും കുത്തകയുള്ളത് എന്നു നാം ഒരിക്കലും വിചാരിക്കരുത്.
“ആകയാൽ അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മചെയ്ക.” (ഗലാത്യർ 6:10) മറ്റുള്ളവരുടെ സാംസ്കാരിക പശ്ചാത്തലം ഗണ്യമാക്കാതെ, അവരോടു സൗഹൃദവും സഹായമനഃസ്ഥിതിയും ഉള്ളവരായിരിക്കാൻ മുൻകൈയെടുക്കുന്നത് ആശയവിനിമയ വിടവു നികത്താൻ വളരെയധികം സഹായിക്കും.
“പ്രിയസഹോദരന്മാരേ, നിങ്ങൾ അതു അറിയുന്നുവല്ലോ. എന്നാൽ ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കട്ടെ.” (യാക്കോബ് 1:19) നല്ലതായി ആശയവിനിയമം നടത്തുന്നവർ സംസാരിക്കുന്നതിലധികം ചെയ്യണം; അവർ സമാനുഭാവത്തോടുകൂടി ശ്രദ്ധിക്കുന്നവരായിരിക്കേണ്ടതുണ്ട്.
“മമനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷനോ അതു കോരി എടുക്കും.” (സദൃശവാക്യങ്ങൾ 20:5) ഒരു വ്യക്തിയുടെ ബാഹ്യസ്വഭാവത്തിനടിയിലുള്ള വികാരങ്ങളെയും പ്രധാന സംഗതികളെയും വിവേചിക്കാൻ ജാഗ്രതയുള്ളവരായിരിക്കുക. ആളുകളെ കൂടുതൽ നന്നായി അറിയുക.
“ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം.” (ഫിലിപ്പിയർ 2:4) പ്രധാനപ്പെട്ട സംഗതികളെ മറ്റേയാൾ വീക്ഷിക്കുന്നതുപോലെ വീക്ഷിച്ചുകൊണ്ടു സമാനുഭാവമുള്ളവരായിരിക്കുക. നിസ്വാർഥരായിരിക്കുക.
യഹോവയുടെ സാക്ഷികളുടെയിടയിലെ സാംസ്കാരിക വൈവിധ്യം
ഭൂമിയിലെ 232 രാജ്യങ്ങളിൽ ക്രിയാത്മകരായിരിക്കുന്ന യഹോവയുടെ സാക്ഷികളുടെ അസാധാരണമായ ഐക്യത്തിൽ ഈ തത്ത്വങ്ങൾ വാസ്തവത്തിൽ ഫലവത്തായിരിക്കുന്നതായി കാണുന്നു. “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു”ള്ളവരും എല്ലാ കാര്യങ്ങളിലും യഹോവയുടെ സ്നേഹപൂർവകമായ മാർഗനിർദേശത്തോട് അനുരൂപരാകാൻ തീരുമാനിച്ചിരിക്കുന്നവരുമായ ഒരു ജനമാണ് അവർ.—വെളിപ്പാടു 7:9; 1 കൊരിന്ത്യർ 10:31-33.
സാക്ഷികളിൽ ആരും മറ്റുള്ളവരുടെ സംസ്കാരത്തെ തുച്ഛീകരിക്കുന്നില്ല. തങ്ങൾ വളർന്നുവന്ന സംസ്കാരം ബൈബിൾ തത്ത്വങ്ങളോടു വിയോജിപ്പിലായിരിക്കാത്തപക്ഷം സാക്ഷികളായിത്തീരുന്നവർ അതിനെ തള്ളിപ്പറയുന്നുമില്ല. വിയോജിപ്പിലാകുന്ന സന്ദർഭങ്ങളിൽ അവർ തങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നു. എല്ലാ സംസ്കാരങ്ങളിലും പ്രശംസാർഹമായ സവിശേഷതകളുണ്ടെന്നും സത്യാരാധന കൈക്കൊള്ളുന്നവരുടെ ഇടയിൽ ഈ സവിശേഷതകൾ കൂടുതൽ പ്രഭാവിതമാകുന്നുവെന്നും അവർ തിരിച്ചറിയുന്നു.
അവർ നമ്മുടെ ഗ്രഹത്തെ ദൈവം കാണുന്നതുപോലെ, അതായത് ബഹിരാകാശത്തിലൂടെ ഭ്രമണം ചെയ്യുന്ന ഉജ്ജ്വലവും നീലനിറമുള്ളതും മനോഹരവുമായ ഒന്നായി, കാണാൻ ശ്രമിക്കുന്നു. ആളുകളുടെയും സംസ്കാരങ്ങളുടെയും ഒരു അത്ഭുതകരമായ വൈവിധ്യമുള്ള ഗ്രഹമാണ് ഇത്. ഭൂമിയിലുള്ള സകലരും ഒരു യഥാർഥ ഏകീകൃത കുടുംബമെന്ന നിലയിൽ ജീവിതം ആസ്വദിക്കുന്ന സമയത്തിനായി യഹോവയുടെ സാക്ഷികൾ നോക്കിപ്പാർത്തിരിക്കുന്നു.
[8-ാം പേജിലെ ചിത്രം]
സാംസ്കാരിക പ്രതിബന്ധങ്ങൾ തകർക്കാൻ യഹോവയുടെ സാക്ഷികൾ പഠിച്ചിരിക്കുന്നു