ഒരു ആഗോള ഗ്രാമം എങ്കിലും വിഭജിതം
നൈജീരിയയിലെ ഉണരുക! ലേഖകൻ
വായില്ലാഞ്ഞതും അതുകൊണ്ട് തിന്നാനോ കുടിക്കാനോ കഴിയാഞ്ഞതുമായ ഒരു വർഗം ആളുകളെക്കുറിച്ചുള്ള കഥകൾ നിങ്ങൾ എന്നെങ്കിലും കേട്ടിട്ടുണ്ടോ? അവർ കൂടുതലും ആപ്പിളുകൾ മണത്തുകൊണ്ട് അതിജീവിച്ചിരുന്നതായി പറയപ്പെട്ടിരുന്നു. ഒരു ദുർഗന്ധം അവരെ കൊല്ലുമായിരുന്നു.
സ്വർണവ്യാപാരം നടത്തിയിരുന്ന പശ്ചിമാഫ്രിക്കൻ ആളുകളെക്കുറിച്ചുള്ള കഥകളുമുണ്ടായിരുന്നു. അക്കാലത്തെ ഒരു പോർച്ചുഗീസ് കപ്പലിന്റെ കപ്പിത്താൻ ഇപ്രകാരം റിപ്പോർട്ടു ചെയ്തു: “[മാലി] രാജ്യത്തിന് ഇരുനൂറു യോജന അപ്പുറത്തു ചെന്നാൽ, നായ്ക്കളുടേതുപോലെ ശിരസ്സും പല്ലും വാലുമുള്ള നിവാസികളുള്ള ഒരു രാജ്യം കാണാം. ഈ കറുത്തവർക്കു മറ്റു മനുഷ്യരെ കാണുന്നത് ഇഷ്ടമല്ലാത്തതുകൊണ്ട് അവർ സംഭാഷണത്തിലേർപ്പെടാൻ വിസമ്മതിക്കുന്നു.” അനേക വർഷങ്ങൾക്കു മുമ്പ്, അതായത് യാത്രയുടെയും കണ്ടുപിടിത്തത്തിന്റെയും യുഗത്തിനുമുമ്പ്, ഉണ്ടായിരുന്ന ചില വിചിത്രാശയങ്ങളായിരുന്നു അവ.
ആളുകൾ ഒന്നിക്കുന്നു
ആ കഥകൾ സത്യമാണെന്നു നൂറ്റാണ്ടുകളോളം വിചാരിച്ചിരുന്നു. എന്നാൽ പര്യവേക്ഷകർ ഗ്രഹം പര്യവേക്ഷണം ചെയ്തപ്പോൾ അവർ ആപ്പിൾ മണക്കുന്ന വായില്ലാത്ത ആളുകളെയോ നായുടെ തലയുള്ളവരെയോ കണ്ടില്ല. നമ്മുടെ അതിർത്തികൾക്ക് അപ്പുറത്തു പാർക്കുന്ന ആളുകളെക്കുറിച്ച് ഇന്ന് ഒട്ടുംതന്നെ നിഗൂഢത അവശേഷിക്കുന്നില്ല. ലോകം ഒരു ആഗോള ഗ്രാമമായിത്തീർന്നിരിക്കുന്നു. ടെലിവിഷൻ വിദേശ രാജ്യങ്ങളെയും ആളുകളെയും നമ്മുടെ സ്വീകരണ മുറികളിലെത്തിക്കുന്നു. വിമാനയാത്ര മണിക്കൂറുകൾക്കുള്ളിൽ ആ രാജ്യങ്ങൾ സന്ദർശിക്കുന്നതു സാധ്യമാക്കിത്തീർക്കുന്നു; കോടിക്കണക്കിനാളുകൾ വർഷംതോറും അങ്ങനെ സഞ്ചരിക്കുന്നു. മറ്റുചിലർ സാമ്പത്തികമോ രാഷ്ട്രീയപരമോ ആയ കാരണങ്ങളാൽ സ്ഥലം മാറിക്കൊണ്ടിരിക്കുന്നു. ഐക്യരാഷ്ട്ര ജനസംഖ്യാ നിധിയുടെ ഒരു റിപ്പോർട്ട് ഇപ്രകാരം പ്രസ്താവിക്കുന്നു: “ലോകമെമ്പാടുമുള്ള ആളുകൾ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിരുന്നിട്ടില്ലാത്തതും വർധിക്കുമെന്ന് ഉറപ്പുള്ളതുമായ ഒരു നിരക്കിൽ, മെച്ചപ്പെട്ട ജീവിതത്തിനായി തങ്ങളുടെ വാസസ്ഥാനം ഉപേക്ഷിക്കുകയും ദേശാന്തരഗമനം നടത്തുകയും ചെയ്യുന്നു.” ഏതാണ്ട് പത്തു കോടി ആളുകൾ തങ്ങളുടെ ജന്മദേശത്തിനു പുറത്താണു പാർക്കുന്നത്.
രാഷ്ട്രങ്ങളുടെയിടയിലെ സാമ്പത്തിക പരസ്പരാശ്രയത്വം വർധിച്ചുവരികയാണ്. അതികായമായ ഒരു കേന്ദ്രനാഡീവ്യവസ്ഥ പോലെ, ആഗോള വാർത്താവിനിമയ ശൃംഖല ഭൂമിയിലെ എല്ലാ രാഷ്ട്രങ്ങളെയും ബന്ധിപ്പിക്കുന്നു. ആശയങ്ങളും വിവരങ്ങളും സാങ്കേതികവിദ്യയും കൈമാറപ്പെടുമ്പോൾ സംസ്കാരങ്ങൾ ഇടകലരുകയും ഒന്നിനോടൊന്നു യോജിക്കുകയും ചെയ്യുന്നു. ലോകമാസകലമുള്ള ആളുകൾ മുമ്പെന്നത്തെക്കാളുമധികമായി ഒരുപോലെ വസ്ത്രധാരണം ചെയ്യുന്നു. പൊലീസ്, ആഡംബര ഹോട്ടലുകൾ, ഗതാഗതം, സ്റ്റോറുകൾ, ബാങ്കുകൾ, മലിനീകരണം എന്നിങ്ങനെ ലോകനഗരങ്ങൾക്കു പൊതുവായി വളരെയധികം കാര്യങ്ങളുണ്ട്. അങ്ങനെ, ലോക ജനങ്ങൾ ഒന്നിക്കുമ്പോൾ ഉദയംചെയ്യുന്ന ഒരു ലോക സംസ്കാരം എന്നു ചിലർ വർണിക്കുന്നതു നാം കാണുന്നു.
ആളുകൾ വിഭജിതരായി നിലകൊള്ളുന്നതിന്റെ കാരണം
എന്നാൽ ആളുകളും സംസ്കാരങ്ങളും കൂടിക്കലരുമ്പോൾ പരസ്പരം എല്ലാവരും സഹോദരങ്ങളെപ്പോലെ കാണുന്നില്ലെന്നുള്ളതു വ്യക്തമാണ്. “എല്ലാവരും പരദേശിയെ കുറ്റപ്പെടുത്താൻ ധൃതികാട്ടുന്നു” എന്ന് 2,000-ത്തിലധികം വർഷങ്ങൾക്കുമുമ്പ് ഒരു ഗ്രീക്ക് നാടകകൃത്ത് എഴുതി. ദുഃഖകരമെന്നു പറയട്ടെ, ഇന്നും അതുതന്നെയാണു സത്യം. മതഭ്രാന്ത്, വിദേശിയരോടുള്ള വിദ്വേഷം, “വംശീയ ശുദ്ധീകരണം,” വർഗീയ പോരാട്ടം, മത ലഹളകൾ, സൈനികേതരരുടെ കൂട്ടക്കുരുതി, കൊലക്കളങ്ങൾ, ബലാൽസംഗ ക്യാമ്പുകൾ, പീഡനം, വംശഹത്യ എന്നിവയെക്കുറിച്ചുള്ള വർത്തമാനപത്ര റിപ്പോർട്ടുകളിൽ ഇതിനുള്ള തെളിവുകൾ അനായാസം കാണാൻ കഴിയും.
തീർച്ചയായും, വംശീയ സംഘട്ടനങ്ങളുടെ ഗതി മാറ്റാൻ നമ്മിൽ മിക്കവർക്കും കാര്യമായൊന്നും ചെയ്യാൻ കഴിയുന്നില്ല. അവ നമ്മെ നേരിട്ടു ബാധിക്കുകപോലുമില്ലായിരിക്കാം. എന്നിരുന്നാലും, അയൽക്കാരോ സഹജോലിക്കാരോ സഹപാഠികളോ പോലെ നാം ബന്ധപ്പെടുന്ന വിദേശിയരുമായി ആശയവിനിയമം നടത്താത്തപ്പോൾ നമ്മിൽ പലർക്കും പ്രശ്നങ്ങളുണ്ടാകുന്നു.
വ്യത്യസ്ത വംശീയ വിഭാഗങ്ങളിൽപ്പെട്ട ആളുകൾ പരസ്പരം ആശ്രയിക്കുന്നതും വിലമതിക്കുന്നതും ഇത്ര കൂടെക്കൂടെ വിഷമകരമായി കണ്ടെത്തുന്നതു വിചിത്രമായി തോന്നുന്നില്ലേ? എങ്ങനെയായാലും, ബൃഹത്തായ നാനാത്വവും അന്തമില്ലാത്ത വൈവിധ്യവുമുള്ള ഒരു ഗ്രഹമാണ് നമ്മുടേത്. ആഹാരം, സംഗീതം, വർണം എന്നിവയുടെ സമൃദ്ധമായ വൈവിധ്യവും ചെടികളുടെയും പക്ഷികളുടെയും മൃഗങ്ങളുടെയും അനേക ഇനങ്ങളും നമ്മിൽ മിക്കവരും വിലമതിക്കുന്നു. എന്നാൽ വൈവിധ്യത്തെക്കുറിച്ചുള്ള നമ്മുടെ വിലമതിപ്പിൽ, നമ്മെപ്പോലെ ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യാത്ത ആളുകൾ എന്തുകൊണ്ടോ എല്ലായ്പോഴും ഉൾപ്പെടുന്നില്ല.
ആളുകളുടെയിടയിലെ വൈവിധ്യത്തിന്റെ ക്രിയാത്മക വശങ്ങളിലേക്കു നോക്കുന്നതിനുപകരം പലരും വൈജാത്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ചായ്വുള്ളവരായിരിക്കുകയും അവയെ ഭിന്നതയുടെ അടിസ്ഥാനമാക്കുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് അങ്ങനെ? നമ്മുടേതിൽനിന്നു വ്യത്യസ്തമായ സംസ്കാരമുള്ള ആളുകളുമായി ബന്ധങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കുന്നതുകൊണ്ട് എന്തു പ്രയോജനമാണുള്ളത്? നാം ആശയവിനിമയത്തിന്റെ മതിലുകൾ ഇടിച്ചുകളയുകയും അവയ്ക്കുപകരം പാലങ്ങൾ പണിയുകയും ചെയ്തേക്കാവുന്നതെങ്ങനെയാണ്? പിൻവരുന്ന ലേഖനങ്ങൾ ആ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ശ്രമിക്കുന്നതായിരിക്കും.