‘യഹോവ എന്റെ ദൈവമാണ്, അവനിൽ ഞാൻ ആശ്രയിക്കും’
വില്ലി ഡീൽ പറഞ്ഞപ്രകാരം
“എന്തുകൊണ്ട് ആണ് ബെഥേലിൽ പോകാൻ നീ ആഗ്രഹിക്കുന്നത്?” ബെഥേൽ സേവനം ആരംഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് 1931-ലെ വസന്തകാലത്ത് ഞാൻ എന്റെ പിതാവിനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ചോദ്യം അതായിരുന്നു. സാർലാൻഡിൽ ജീവിച്ചിരുന്ന എന്റെ മാതാപിതാക്കൾ അപ്പോൾ ഏതാണ്ട് പത്തു വർഷത്തോളമായി സത്യത്തിലായിരുന്നു, അവർ ഞങ്ങൾ മൂന്ന് ആൺകുട്ടികൾക്ക് നല്ല ദൃഷ്ടാന്തം വച്ചുതന്നിരുന്നു. സത്യം അവരുടെ മുഴുജീവിതവുമായിരുന്നു. അത് എന്റെയും മുഴുജീവിതമാക്കാൻ ഞാൻ ആഗ്രഹിച്ചു.
എന്നാൽ എന്റെ മാതാപിതാക്കൾ യഹോവയെ സംബന്ധിച്ചും അവന്റെ പവിത്രമായ ഇഷ്ടത്തെക്കുറിച്ചും പഠിച്ചത് എങ്ങനെയായിരുന്നു? വ്യവസ്ഥാപിത മതങ്ങളിൽ അതൃപ്തരായ അവർ ദീർഘകാലമായി സത്യം അന്വേഷിച്ചിരുന്നു. അവർ പല സഭകളും അവയിലെ അവാന്തര വിഭാഗങ്ങളും പരിശോധിച്ചു നോക്കുകയും അവയിലോരോന്നും ശരിയായ സഭയല്ല എന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
ദൈവോദ്ദേശ്യങ്ങളെക്കുറിച്ചുള്ള “ഫോട്ടോ ഡ്രാമാ ഓഫ് ക്രിയേഷൻ” എന്ന പേരിൽ ചിത്രങ്ങളും സിനിമയും സഹിതമുള്ള ഒരു പ്രസംഗം പരസ്യം ചെയ്യുന്ന ഒരു നോട്ടീസ് ഞങ്ങളുടെ വാതിൽക്കൽ ആരോ ഇട്ടിട്ടുപോയി. പിതാവിന് ഫോട്ടോ ഡ്രാമയുടെ പ്രദർശന സമയത്ത് ജോലിക്ക് പോകേണ്ടിയിരുന്നതിനാൽ മാതാവ് അതിന് പോകാൻ അദ്ദേഹം പ്രോൽസാഹിപ്പിച്ചു. “ഒരുപക്ഷേ അതിൽ പ്രയോജനകരമായ എന്തെങ്കിലും കാണും” അദ്ദേഹം പറഞ്ഞു, അന്ന് വൈകിട്ട് അത് കണ്ടശേഷം അമ്മ വലിയ ഉൽസാഹത്തിലായിരുന്നു. “ഒടുവിൽ ഞാൻ സത്യം കണ്ടെത്തിയിരിക്കുന്നു!”, അവർ പറഞ്ഞു. “നിങ്ങൾ തന്നെ നാളെ വൈകിട്ട് വന്ന് അതൊന്ന് കാണുക. നാം അന്വേഷിച്ചുകൊണ്ടിരുന്ന സത്യം അതാണ്.” അത് 1921-ലായിരുന്നു.
ആത്മാഭിഷിക്ത ക്രിസ്ത്യാനികളെന്നനിലയിൽ എന്റെ മാതാപിതാക്കൾ അവരുടെ മരണംവരെ വിശ്വസ്തരായിരുന്നു. പലപ്രാവശ്യം നാസ്സികളാൽ തടവിലാക്കപ്പെട്ടശേഷം 1944-ൽ പിതാവും, 1970-ൽ മാതാവും മരിച്ചു. നാസ്സി ഭരണത്തിൻകീഴിൽ അവരും ദീർഘകാലം ജയിലിൽ കഴിച്ചുകൂട്ടി.
എന്റെ മാതാപിതാക്കളുടെ മാതൃകാപരമായ ഉൽസാഹം
മരിക്കുന്നതിന് മുമ്പ് എന്റെ മാതാപിതാക്കൾ വയൽസേവനത്തിൽ തിരക്കോടെ ഏർപ്പെട്ടിരുന്നു. ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തിരണ്ടു മുതൽ 1928 വരെ പ്രസിദ്ധീകരിച്ച കൺവെൻഷൻ പ്രമേയങ്ങൾ വിതരണം ചെയ്യുന്നകാര്യത്തിൽ അമ്മ വിശേഷാൽ ഉൽസാഹമുള്ളവളായിരുന്നു. എക്ലേസിയാസ്ററിക്സ് ഇൻഡൈററഡ് എന്ന 1924-ൽ പാസാക്കിയ പ്രമേയത്തിൽ പുരോഹിതൻമാർക്കെതിരെ രൂക്ഷമായ വിമർശനമായിരുന്നു ഉണ്ടായിരുന്നത്. അത് വിതരണം ചെയ്യാൻ ധൈര്യം ആവശ്യമായിരുന്നു. പ്രസാധകർ രാവിലെ 4 മണിക്കു തന്നെ ഉണർന്ന് കതകുകൾക്കടിയിലൂടെ ഈ ലഘുലേഖകൾ വീട്ടിനുള്ളിൽ നിക്ഷേപിക്കുമായിരുന്നു. എനിക്ക് 12 വയസ്സേ പ്രായമുള്ളായിരുന്നുവെങ്കിലും ആ വേലയിൽ പങ്കുചേരാൻ എന്റെ മാതാപിതാക്കൾ എന്നെ അനുവദിച്ചു. ഞങ്ങൾ മിക്കപ്പോഴും രാവിലെ 5 മണിക്ക് പുറപ്പെട്ട് മൂന്നുനാലു മണിക്കൂർ സൈക്കിൾ ചവിട്ടി വിദൂര പ്രദേശങ്ങളിൽ എത്തുമായിരുന്നു. ഞങ്ങളുടെ സൈക്കിളുകൾ കുററിച്ചെടികൾക്കിടയിൽ ഒളിച്ചുവച്ചിട്ട് മററുള്ളവർ ഗ്രാമം പ്രവർത്തിച്ചപ്പോൾ ഞാൻ സൈക്കിളുകൾക്ക് കാവൽ നിൽക്കുമായിരുന്നു. ഉച്ചതിരിഞ്ഞ് ഞങ്ങൾ സൈക്കിളിൽ വീട്ടിലേക്ക് മടങ്ങി, വൈകുന്നേരം മീററിംഗു സ്ഥലത്തേക്ക് ഞങ്ങൾ ഒരു മണിക്കൂർ കാൽനടയായി പോയിരുന്നു.
പിന്നീട്, എന്നെക്കാൾ പ്രായം കുറഞ്ഞ ഒരാളെ സൈക്കിൾ സൂക്ഷിക്കാൻ ഏൽപ്പിച്ചിട്ട് ഞാനും പ്രസാധകരോടൊപ്പം പോയി. എന്നാൽ എന്നെ പരിശീലിപ്പിക്കുന്നതിനെപ്പററി ആരും ചിന്തിച്ചില്ല. ഏതു തെരുവിലാണ് പ്രവർത്തിക്കേണ്ടത് എന്നുമാത്രം അവർ എന്നോട് പറഞ്ഞു! മിടിക്കുന്ന ഹൃദയത്തോടെ, ആരും വീട്ടിൽ കാണുകില്ല എന്ന പ്രതീക്ഷയോടെ ഞാൻ ആദ്യത്തെ വീട്ടുവാതിലിനെ സമീപിച്ചു. നിർഭാഗ്യകരമെന്ന് പറയട്ടെ ഒരു മനുഷ്യൻ വാതിൽ തുറന്നു. എനിക്ക് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. എന്തു ചെയ്യണമെന്നറിയില്ലാതെ ഞാൻ എന്റെ ബാഗിലുണ്ടായിരുന്ന പുസ്തകങ്ങൾ ചൂണ്ടിക്കാണിച്ചു. “അത് ജഡ്ജ് റഥർഫോർഡിന്റെ പുസ്തകങ്ങളാണോ,” അയാൾ ചോദിച്ചു. മറുപടിയായി ഞാൻ എന്തോ പറയാൻ ശ്രമിച്ചു. “അത് എനിക്കില്ലാത്ത പുതിയ പുസ്തകം വല്ലതുമാണോ?” “അതെ, അത് പുതിയതാണ്,” ഞാൻ ഉറപ്പുകൊടുത്തു. “എങ്കിൽ എനിക്ക് അത് വേണം. എന്താണ് വില?” ഇത് എനിക്ക് വേല തുടരാനുള്ള ധൈര്യം നൽകി.
ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തിനാലിൽ മുതിർന്നവർ 1925-നെപ്പററി കൂടെക്കൂടെ സംസാരിച്ചു. ഞങ്ങൾ ഒരിക്കൽ ബൈബിൾ വിദ്യാർത്ഥികളുടെ ഒരു കുടുംബത്തെ സന്ദർശിച്ചപ്പോൾ ഒരു സഹോദരൻ ഇങ്ങനെ ചോദിക്കുന്നതു ഞാൻ കേട്ടു: “കർത്താവ് നമ്മെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോവുകയാണെങ്കിൽ നമ്മുടെ കുട്ടികളുടെ കാര്യം ആരു നോക്കും?” എല്ലായ്പ്പോഴും പുലർത്തിയിരുന്ന ക്രിയാത്മകവീക്ഷണത്തോടെ അമ്മ പറഞ്ഞു: “അവരെ നോക്കേണ്ടത് എങ്ങനെയെന്ന് കർത്താവിന് അറിയാം.” ആ വിഷയം എന്നെ ആകർഷിച്ചു. അതിന്റെയെല്ലാം അർത്ഥമെന്തായിരുന്നു? ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തിയഞ്ച് വരികയും പോവുകയും ചെയ്തു, എന്നാൽ ഒന്നും സംഭവിച്ചില്ല. എന്നാൽ എന്റെ മാതാപിതാക്കളുടെ ഉൽസാഹത്തിന് യാതൊരു കുറവും സംഭവിച്ചില്ല.
പിതാവിന്റെ ജ്ഞാനപൂർവ്വകമായ പ്രബോധനം
അവസാനം, 1931-ൽ എന്റെ ജീവിതംകൊണ്ട് ഞാൻ എന്തുചെയ്യാൻ ആഗ്രഹിക്കുന്നു എന്ന് ഞാൻ എന്റെ പിതാവിനോട് പറഞ്ഞു. മറുപടിയായി എന്റെ പിതാവ് എന്നോട് ചോദിച്ചു: “നീ ബെഥേലിൽ പോകാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്?” “ഞാൻ യഹോവയെ സേവിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ട്.” ഞാൻ പ്രത്യുത്തരിച്ചു. “ബെഥേലിൽ സേവനത്തിന് നീ ക്ഷണിക്കപ്പെടുകയാണെങ്കിൽ,” അദ്ദേഹം തുടർന്നു, “അവിടത്തെ സഹോദരൻമാരൊന്നും ദൈവദൂതൻമാരല്ല എന്ന് നീ തിരിച്ചറിയുന്നുണ്ടോ? അവർ അപൂർണ്ണരാണ്, അവരും തെററുകൾ വരുത്തുന്നു. ഇത് നീ അവിടെ നിന്ന് പുറത്തുകടക്കാനും വിശ്വാസംപോലും ഉപേക്ഷിക്കാനും ഇടയാക്കിയേക്കുമെന്ന് ഞാൻ ഭയപ്പെടുന്നു. അതേക്കുറിച്ചു ശ്രദ്ധാപൂർവ്വം ചിന്തിച്ചിട്ടു തീരുമാനമെടുക്കുക.”
അത് കേട്ടപ്പോൾ എനിക്ക് ഞെട്ടലാണുണ്ടായത്. എന്നാൽ ഏതാനും ദിവസം അതേക്കുറിച്ച് ചിന്തിച്ചശേഷം ബെഥേലിലേക്ക് അപേക്ഷ അയക്കാനുള്ള എന്റെ ആഗ്രഹം ഞാൻ ആവർത്തിച്ചു. “നീ എന്തുകൊണ്ടാണ് പോകാനാഗ്രഹിക്കുന്നത് എന്ന് ഒന്നുകൂടെ പറയുക,” അദ്ദേഹം പറഞ്ഞു. “ഞാൻ യഹോവയെ സേവിക്കാനാഗ്രഹിക്കുന്നതുകൊണ്ട്,” ഞാൻ ആവർത്തിച്ചു. “എന്റെ മകനെ, അത് ഒരിക്കലും മറക്കരുത്. നീ ക്ഷണിക്കപ്പെടുകയാണെങ്കിൽ എന്തിനാണ് നീ പോകുന്നത് എന്ന് ഓർത്തിരിക്കുക. എന്തെങ്കിലും പിശകു കണ്ടാൽ അതിനെപ്പററി അതിരുകടന്ന് ഉൽക്കണ്ഠപ്പെടരുത്. നിന്നോട് ആരെങ്കിലും മോശമായി പെരുമാറുന്നെങ്കിലും അവിടം വിട്ടുപോകരുത്. നീ ബെഥേലിൽ ആയിരിക്കുന്നത് എന്തിനാണ് എന്നത് മറക്കരുത്—നീ യഹോവയെ സേവിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ട്! നിന്റെ ജോലി ചെയ്യുകയും യഹോവയിൽ ആശ്രയിക്കുകയും ചെയ്യുക!”
അങ്ങനെയാണ് 1931 നവംബർ 17-ാം തീയതി ഉച്ചകഴിഞ്ഞപ്പോഴേക്കും ഞാൻ സ്വിററ്സർലണ്ടിലെ ബേണിലുള്ള ബെഥേലിൽ എത്തിച്ചേർന്നത്. മററ് മൂന്നു സഹോദരൻമാരോടൊപ്പം ഞാൻ ഒരു മുറിയിൽ പാർത്തു. കൈകൊണ്ട് കടലാസ്സ് തള്ളിക്കൊടുക്കേണ്ട ഒരു ചെറിയ പ്രസ്സ് പ്രവർത്തിപ്പിക്കാൻ പഠിച്ച് ഞാൻ അച്ചടി ശാലയിൽ ജോലി ആരംഭിക്കുകയും ചെയ്തു. എനിക്ക് അച്ചടിക്കാൻ കിട്ടിയ ആദ്യത്തെ ഇനങ്ങളിലൊന്ന് റൊമേനിയൻ ഭാഷയിലുള്ള വീക്ഷാഗോപുരം ആയിരുന്നു.
സ്വർഗ്ഗത്തിൽ നിന്നുള്ള ഒരു ദൂത്!
ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തിമൂന്നിൽ ദ ക്രൈസിസ് എന്ന ചെറുപുസ്തകം പ്രകാശനം ചെയ്തു. അതിൽ അടങ്ങിയിരുന്നത് റഥർഫോർഡ് സഹോദരൻ ഐക്യനാടുകളിൽ നടത്തിയ മൂന്ന് റേഡിയോ പ്രഭാഷണങ്ങളായിരുന്നു. ഒരു ദിവസം പ്രഭാത ഭക്ഷണവേളയിൽ ഈ പുസ്തകം ഒരു പ്രത്യേകവിധത്തിൽ വിതരണം ചെയ്യപ്പെടേണ്ടതുണ്ടെന്ന് ബ്രാഞ്ച് ദാസനായ ഹാർബെക്ക് സഹോദരൻ ബെഥേൽ കുടുംബാംഗങ്ങളെ അറിയിച്ചു. ഈ പുസ്തകം പരസ്യം ചെയ്യുന്ന ലഘുലേഖകൾ വാടകക്കെടുത്ത ഒരു വിമാനത്തിൽ നിന്ന് ബേണിന്റെ മുകളിൽ വർഷിക്കപ്പെടും. അതേ സമയം പ്രസാധകർ തെരുവിൽ നിന്നുകൊണ്ട് പുസ്തകം ആളുകൾക്ക് സമർപ്പിക്കും. “നിങ്ങൾ യുവസഹോദരൻമാരിൽ ആര് വിമാനത്തിൽ പോകാൻ തയ്യാറാണ്?” അദ്ദേഹം ചോദിച്ചു. “തയ്യാറുള്ളവർ ഉടനടി പേര് നൽകണം.” ഞാൻ പേര് നൽകി, പിന്നീട് ഞാൻ തെരഞ്ഞെടുക്കപ്പെട്ടതായി ഹാർബെക്ക് സഹോദരൻ എന്നോട് പറഞ്ഞു.
ആ മഹത്തായ ദിവസം കാർട്ടണുകൾ നിറയെ ലഘുലേഖയുമായി ഞങ്ങൾ വിമാനത്താവളത്തിലെത്തി. ഞാൻ വിമാനത്തിൽ പൈലററിന് പിന്നിലായി ഇരുപ്പുറപ്പിച്ചു, എന്റെ അടുത്ത സീററിൽ ലഘുലേഖകൾ അടുക്കിവച്ചു. എനിക്ക് കൃത്യമായ നിർദ്ദേശങ്ങൾ ലഭിച്ചിരുന്നു: ലഘുലേഖകൾ നൂറെണ്ണം വീതം ചുരുളുകളാക്കുക, ഓരോ ചുരുളും ആവുന്നത്ര ശക്തിയോടെ ഒരു വശത്തേക്ക് എറിയുക. ശ്രദ്ധിക്കുന്നില്ലെങ്കിൽ ഈ ലഘുലേഖകൾ വിമാനത്തിന്റെ പിൻഭാഗത്ത് കുരുങ്ങി പ്രശ്നങ്ങൾ സൃഷ്ടിക്കാം. എന്നാൽ എല്ലാം ഭംഗിയായിത്തന്നെ നടന്നു. ‘സ്വർഗ്ഗത്തിൽ നിന്നുള്ള ആ ദൂത്’ ലഭിച്ചപ്പോൾ അവർ എത്രത്തോളം പുളകിതരായെന്ന് സഹോദരങ്ങൾ പിന്നീട് എന്നോട് പറഞ്ഞു. അതിന് ആഗ്രഹിച്ച ഫലം തന്നെ ലഭിച്ചു. തങ്ങളുടെ പൂന്തോട്ടത്തിലെല്ലാം കടലാസ്സ് വീഴ്ത്തിയതിനെപ്പററി ചിലർ ഫോൺ വിളിച്ച് പരാതിപ്പെട്ടെങ്കിലും ധാരാളം ചെറുപുസ്തകങ്ങൾ സമർപ്പിക്കപ്പെട്ടു.
എല്ലാ സേവനപദവികൾ സംബന്ധിച്ചും നന്ദിയുള്ളവർ
ബെഥേൽ സേവനത്തിലെ സന്തോഷത്തിനും സംതൃപ്തിക്കുംവേണ്ടി ഞാൻ ദിവസേന യഹോവക്ക് നന്ദി കൊടുത്തിരുന്നു. സഭയിൽ എനിക്ക് രാജ്യഹാൾ തുറക്കുന്നതിനും കസേരകൾ ക്രമീകരിക്കുന്നതിനും പ്രസംഗപീഠത്തിൽ ഒരു ഗ്ലാസ് വെള്ളം വയ്ക്കുന്നതിനുമുള്ള പദവിയായിരുന്നു ഉണ്ടായിരുന്നത്. ഇതൊരു വലിയ ബഹുമതിയായി ഞാൻ കണക്കാക്കിയിരുന്നു.
കാലക്രമേണ ബെഥേലിൽ പോളിഷ് ഭാഷയിൽ സുവർണ്ണയുഗം (ഇപ്പോൾ ഉണരുക!) അച്ചടിക്കാൻ ഉപയോഗിച്ച വലിയ പ്രസ്സിനോട് ബന്ധപ്പെട്ടതായി എന്റെ ജോലി. ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തിനാലിൽ ഞങ്ങൾ ഫോണോഗ്രാഫുകൾ ഉപയോഗിക്കാൻ തുടങ്ങി, അവയുടെ നിർമ്മാണത്തിൽ ഞാൻ സഹായിച്ചു. റിക്കാർഡ് ചെയ്ത ബൈബിൾ പ്രസംഗങ്ങളുമായി വീടുതോറും പോകുന്നതിൽ ഞാൻ വലിയ സന്തോഷം കണ്ടെത്തി. മിക്ക വീട്ടുകാരും ഈ ചെറിയ യന്ത്രം സംബന്ധിച്ച് ജിജ്ഞാസുക്കളായിരുന്നു, മിക്കപ്പോഴും പ്രസംഗം ശ്രദ്ധിക്കാൻ എല്ലാവരും വന്നുകൂടി, എന്നാൽ ഓരോരുത്തരായി അവർ സ്ഥലം വിട്ടു. കുടുംബാംഗങ്ങളെല്ലാവരും അപ്രത്യക്ഷരായ ശേഷം ഞാൻ അടുത്ത വീട്ടിലേക്ക് പോയി.
യുദ്ധകാലത്ത് പ്രവർത്തനനിരതരായി നിലകൊള്ളുന്നു
ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം എന്റെ ജൻമദേശമായ സാർലാൻഡ് ജർമ്മനിയിൽ നിന്ന് വേർപെടുത്തപ്പെടുകയും സർവ്വരാജ്യസഖ്യത്തിന്റെ ചുമതലയിൽ ഭരിക്കപ്പെടുകയും ചെയ്തു. അങ്ങനെ സാർലാൻഡ് അതിലെ പ്രജകൾക്ക് സ്വന്തമായ തിരിച്ചറിയൽ രേഖകൾ നൽകി. ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തിയഞ്ചിൽ ആ രാജ്യത്തെ പ്രജകൾ വീണ്ടും ജർമ്മനിയുടെ ഭാഗമായിരിക്കാൻ ആഗ്രഹിക്കുന്നുവോ എന്നറിയാൻ അവിടെ ഒരു ജനഹിത പരിശോധന നടത്തപ്പെട്ടു. സാർലാൻഡ് വീണ്ടും നാസ്സി ഭരണത്തിൻകീഴിലായാൽ എനിക്ക് എന്റെ കുടുംബത്തെ സന്ദർശിക്കാൻ ഉടനെയെങ്ങും അവസരം കിട്ടുകയില്ല എന്നറിഞ്ഞുകൊണ്ട് ഞാൻ ഈ അവസരം അതിന് വിനിയോഗിച്ചു. വാസ്തവത്തിൽ അതിനുശേഷം അനേകം വർഷങ്ങളിലേക്ക് എനിക്ക് എന്റെ മാതാപിതാക്കളിൽ നിന്നോ സഹോദരൻമാരിൽ നിന്നോ യാതൊരു വിവരവും ലഭിച്ചില്ല.
രണ്ടാം ലോകമഹായുദ്ധത്തിൽ നേരിട്ട് ഉൾപ്പെടുന്നതിൽ നിന്ന് സ്വിററ്സർലണ്ട് ഒഴിവാക്കപ്പെട്ടെങ്കിലും ജർമ്മനി ചുററുമുള്ള രാജ്യങ്ങൾ ഓരോന്നായി കൈവശപ്പെടുത്തിയപ്പോൾ സ്വിററ്സർലണ്ട് പൂർണ്ണമായും ഒററപ്പെടുത്തപ്പെട്ടു. ഞങ്ങൾ ജർമ്മനി ഒഴികെ മറെറല്ലാ യൂറോപ്യൻ രാജ്യങ്ങൾക്കുംവേണ്ടി സാഹിത്യം അച്ചടിച്ചിരുന്നെങ്കിലും ഓർഡർ അനുസരിച്ച് അവ എത്തിച്ചു കൊടുക്കാൻ കഴിയാതെയായി. പണം ഒട്ടുംതന്നെ മിച്ചമില്ലെന്നും അതുകൊണ്ട് അവസ്ഥകൾ സാധാരണഗതിയിലാകുന്നതുവരെ പുറത്തുപോയി എന്തെങ്കിലും ജോലി കണ്ടുപിടിക്കണമെന്നും അന്നു ബ്രാഞ്ച് ദാസനായിരുന്ന സേർക്കർ സഹോദരൻ ഞങ്ങളോട് പറഞ്ഞു. പ്രാദേശികമായി പ്രവർത്തിച്ചിരുന്ന ആയിരത്തോളം പ്രസാധകർക്കുവേണ്ടി ചുരുക്കമായി ചില അച്ചടിജോലികൾ ചെയ്യേണ്ടിയിരുന്നതിനാൽ അവിടെതന്നെ ജോലി തുടരാൻ ഞാൻ അനുവദിക്കപ്പട്ടു.
ബെഥേൽ കുടുംബാംഗങ്ങൾ 1940 ജൂലൈ 5 ഒരിക്കലും മറക്കുകയില്ല. ഉച്ചഭക്ഷണം കഴിഞ്ഞപ്പോൾ ഒരു പട്ടാളവാഹനം ബെഥേലിലേക്ക് പാഞ്ഞു വന്നു. പടയാളികൾ ചാടിയിറങ്ങി ബെഥേലിലേക്ക് ഇരച്ചുകയറി. അനങ്ങാതെ നിൽക്കാൻ അവർ ഞങ്ങളോട് ആജ്ഞാപിച്ചു, ഞങ്ങളിൽ ഓരോരുത്തർക്കും ആയുധധാരിയായ ഒരു പടയാളി കാവൽ നിന്നു. ഞങ്ങളെയെല്ലാവരെയും ഭക്ഷണമുറിയിൽ ആക്കിയിട്ട് അവർ കെട്ടിടത്തിന്റെ ശേഷിച്ച ഭാഗങ്ങളെല്ലാം പരിശോധിച്ചു. മററുള്ളവർ പട്ടാളസേവനം ചെയ്യാതിരിക്കാൻ ഞങ്ങൾ അവരെ പ്രേരിപ്പിക്കുന്നു എന്നതായിരുന്നു ഞങ്ങളെ സംബന്ധിച്ചുള്ള അധികാരികളുടെ സംശയം. എന്നാൽ അവർക്ക് അതിനുള്ള തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
യുദ്ധകാല വർഷങ്ങളിൽ ഞാൻ ററൺ, ഫ്രൂട്ടിജൻ എന്നീ രണ്ടു സഭകളുടെ സഭാദാസനായിരുന്നു. വാരാന്തങ്ങൾ എനിക്ക് നല്ല തിരക്കായിരുന്നു. ഓരോ ശനിയാഴ്ചയും ഉച്ചഭക്ഷണം കഴിഞ്ഞ് ഞാൻ ഫ്രൂട്ടിജനിലേക്ക് 30 മൈൽ (50 കി. മീ.) സൈക്കിൾ യാത്ര ചെയ്തു അവിടെ അന്ന് വൈകുന്നേരം വീക്ഷാഗോപുര അദ്ധ്യയനം നടത്തി. ഞായറാഴ്ച രാവിലെ ഞാൻ പ്രസാധകരോടൊപ്പം വയൽസേവനം നടത്തി. ഉച്ചതിരിഞ്ഞാലുടൻ ഞാൻ ഇൻറർലെയിക്കൻ എന്ന സ്ഥലത്ത് പോയി സഭാപസ്തകാദ്ധ്യയനം നടത്തുകയും പിന്നീട് സ്വിററ്സിൽ എത്തി ഒരു കുടുംബത്തോടൊപ്പം ബൈബിൾ അദ്ധ്യയനം നടത്തുകയും ചെയ്യുമായിരുന്നു. അവസാനം വൈകിട്ട് ററണ്ണിൽ വീക്ഷാഗോപുര അദ്ധ്യയനവും നടത്തിയിരുന്നു.
രാത്രി വളരെ വൈകി പ്രവർത്തനമെല്ലാം പൂർത്തിയാക്കി തികഞ്ഞ സംതൃപ്തിയോടെ ചൂളമടിച്ചും പാട്ടുപാടിയും കൊണ്ട് ഞാൻ ബേണിലേക്ക് മടങ്ങുമായിരുന്നു. വഴിക്ക് വളരെ ചുരുക്കമായേ മോട്ടോർ കാറുകളുണ്ടായിരുന്നുള്ളു. യുദ്ധകാലത്തെ നിശാ നിയമംമൂലം പ്രശാന്തമായ പർവ്വതപ്രദേശങ്ങൾ വല്ലപ്പോഴുമുള്ള നിലാവെളിച്ചത്തിന്റെ തിളക്കമൊഴിച്ചാൽ ഇരുട്ടു പുതച്ചു കിടന്നിരുന്നു. ഓ ആ വാരാന്ത്യങ്ങൾ എന്റെ ജീവിതത്തെ എത്രമാത്രം ധന്യമാക്കുകയും എനിക്ക് പുതുശക്തി പകരുകയും ചെയ്തു!
അപ്രതീക്ഷിതമായ ഫലങ്ങളോടെയുള്ള ഒരു സന്ദർശനം
ആയിരത്തിത്തൊള്ളായിരത്തി നാൽപ്പത്തിയഞ്ചിലെ ശരത്ക്കാലത്ത് നോർ സഹോദരൻ ഞങ്ങളെ സന്ദർശിച്ചു. ഒരു ദിവസം ഞാൻ റോട്ടറി പ്രസ്സിന്റെ മുകളിൽ നിൽക്കുമ്പോൾ അദ്ദേഹം ഫാക്ടറിയിലേക്ക് കടന്നുവന്നു. “ഇങ്ങോട്ട് ഒന്ന് ഇറങ്ങി വരു!” അദ്ദേഹം വിളിച്ചു. “താങ്കൾക്ക് ഗിലെയാദ് സ്കൂളിൽ സംബന്ധിക്കാൻ താൽപ്പര്യമാണോ?” എന്തു പറയണമെന്നറിയാതെ ഞാൻ സ്തബ്ദനായി നിന്നു. “എനിക്ക് അതിന് യോഗ്യതയുണ്ടെന്ന് അങ്ങു കരുതുന്നെങ്കിൽ എനിക്ക് സന്തോഷമാണ്” ഞാൻ പറഞ്ഞു. 1946-ലെ വസന്തകാലത്ത് ഫെഡ് ബോറിസ് സഹോദരനും ആലിസ് ബേർണർ സഹോദരിക്കും എനിക്കും ക്ഷണം ലഭിച്ചു. എന്നാൽ സാർലണ്ടിൽ ജനിച്ചവനായതുകൊണ്ട് ഞാൻ ഇപ്പോൾ മാതൃരാജ്യം ഇല്ലാത്തവനായിരുന്നു. അതുകൊണ്ട് ഒരു പ്രത്യേക വിസ്സാക്കുവേണ്ടി ഞാൻ യു. എസ്സ്. എയിലെ വാഷിംഗ്ടണിലേക്ക് അപേക്ഷ അയക്കേണ്ടതുണ്ടായിരുന്നു.
മററുള്ളവർ സമയത്തു തന്നെ പുറപ്പെട്ടെങ്കിലും ഞാൻ എന്റെ അപേക്ഷയുടെ മറുപടിക്കായി കാത്തിരിക്കേണ്ടി വന്നു. സെപ്ററംബർ 4-ാം തീയതി ക്ലാസ്സുകൾ ആരംഭിച്ചപ്പോഴും മങ്ങുന്ന പ്രതീക്ഷകളുമായി ഞാൻ സ്വിററ്സർലണ്ടിൽ തന്നെ കഴിഞ്ഞു. എന്നാൽ പിന്നീട് എന്റെ വിസ്സ എത്തിച്ചേർന്നിരിക്കുന്നതായി യു. എസ്സ്. കോൺസുലേററിൽ നിന്ന് എനിക്ക് വിവരം ലഭിച്ചു. ഉടൻതന്നെ ഞാൻ യാത്രക്കുള്ള ഒരുക്കങ്ങൾ നടത്തുകയും ഒടുവിൽ മാർസെയിൽസിൽ നിന്ന് ന്യൂയോർക്കിലേക്ക് പോകുന്ന ഒരു പട്ടാളകപ്പലിൽ എനിക്ക് ഇടം ലഭിക്കുകയും ചെയ്തു. അത് വല്ലാത്ത ഒരനുഭവമായിരുന്നു! അതാസ് II-ൽ നല്ല തിരക്കായിരുന്നു. തുറസ്സായ ഒരു മുറിയിൽ എനിക്ക് ഒരു കിടക്ക ലഭിച്ചു. യാത്രയുടെ രണ്ടാം ദിവസം എഞ്ചിൻമുറിയിലുണ്ടായ ഒരു സ്ഫോടനം കപ്പലിനെ നിശ്ചലമാക്കി. കപ്പൽ മുങ്ങിപ്പോയേക്കും എന്ന് ഭയന്ന് യാത്രക്കാരും കപ്പൽ ജോലിക്കാരും ഒരുപോലെ അസ്വസ്ഥരായി. ഇത് പുനരുത്ഥാനപ്രത്യാശയെക്കുറിച്ച് സാക്ഷ്യം നൽകാൻ എനിക്ക് അത്ഭുതകരമായ ഒരു അവസരം നൽകി.
കപ്പൽ നന്നാക്കാൻ രണ്ടു ദിവസമെടുത്തു, അതിനുശേഷം കുറഞ്ഞ വേഗതയിൽ ഞങ്ങൾ യാത്ര തുടർന്ന് പതിനെട്ടു ദിവസങ്ങൾക്കുശേഷം ഞങ്ങൾ ന്യൂയോർക്കിലെത്തി. എന്നാൽ തുറമുഖ തൊഴിലാളികളുടെ സമരം മൂലം ഞങ്ങൾക്ക് കരക്കിറങ്ങാൻ കഴിഞ്ഞില്ല. ഒടുവിൽ ഒത്തുതീർപ്പുണ്ടായശേഷം ഞങ്ങൾ കപ്പലിൽ നിന്ന് പുറത്തു കടന്നു. എന്റെ അവസ്ഥ സംബന്ധിച്ച് ഞാൻ സൊസൈററിക്ക് ഒരു ടെലഗ്രാം അയച്ചിരുന്നു. ഞാൻ കസ്ററംസ് ഓഫീസിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ “താങ്കൾ മി. ഡീൽ ആണോ?” എന്ന് ഒരു മനുഷ്യൻ എന്നോട് ചോദിച്ചു. അദ്ദേഹം നോർ സഹോദരന്റെ സഹായികളിൽ ഒരാളായിരുന്നു. അദ്ദേഹം ഗിലെയാദ് സ്കൂളിന് സമീപമുള്ള ഇത്താക്കായിലേക്കുള്ള രാത്രി ട്രെയിനിൽ എന്നെ കയററി വിടുകയും പിറേറന്ന് രാവിലെ എട്ടുമണിക്ക് ഞാൻ അവിടെ എത്തിച്ചേരുകയും ചെയ്തു. അങ്ങനെ അവസാനം ഗിലെയാദിലെ ആദ്യത്തെ അന്താരാഷ്ട്ര ക്ലാസ്സിൽ സംബന്ധിക്കാൻ കഴിയത്തക്കവണ്ണം അവിടെ എത്തിച്ചേർന്നതിൽ ഞാൻ എത്ര പുളകിതനായിരുന്നു!
പ്രയാസങ്ങളുണ്ടായിരുന്നിട്ടും സഹിച്ചു നിൽക്കൽ
ഗിലെയാദിലെ എട്ടാമത്തെ ക്ലാസിന്റെ ഗ്രാഡുവേഷൻ 1947 ഫെബ്രുവരി 9-ന് ആയിരുന്നു. എല്ലാവരും ആകാംക്ഷാഭരിതരായിരുന്നു. ഞങ്ങൾ എവിടേക്കാണ് അയക്കപ്പെടുക. ജർമ്മനിയിലെ വീസ്ബാഡനിൽ പുതുതായി ആരംഭിച്ച അച്ചടിശാലയിൽ പ്രവർത്തിക്കാനായിരുന്നു എനിക്ക് “അളവുനൂൽ വീണത്”. (സങ്കീർത്തനം 16:6) ഞാൻ ബേണിലേക്ക് മടങ്ങി ജർമ്മനിയിൽ എത്താൻ ആവശ്യമായ രേഖകൾ സമ്പാദിക്കാനുള്ള ശ്രമം ആരംഭിച്ചു. എന്നാൽ ജർമ്മനി കൈയ്യടക്കിയിരുന്ന അമേരിക്കൻ സൈന്യം യുദ്ധത്തിന് മുമ്പ് ജർമ്മനിയിൽ പാർത്തിരുന്നവർക്ക് മാത്രമെ അത്തരം രേഖകൾ കൊടുക്കുമായിരുന്നുള്ളു. ഞാൻ അങ്ങനെ അല്ലാത്തതിനാൽ ബ്രൂക്ലിനിൽ നിന്ന് ഒരു പുതിയ നിയമനം ലഭിക്കണമായിരുന്നു. അത് സ്വിററ്സർലണ്ടിൽ തന്നെ സർക്കിട്ട് വർക്ക് ചെയ്യാനായിരുന്നു. യഹോവയിൽ പൂർണ്ണമായി ആശ്രയിച്ചുകൊണ്ട് ഞാൻ അത് സ്വീകരിച്ചു. എന്നാൽ ഈ നിയമനത്തിനായി കാത്തിരിക്കവെ ഒരു ദിവസം ബെഥേൽ സന്ദർശിച്ച മൂന്ന് സഹോദരിമാരെ അവിടം കൊണ്ടു നടന്ന് കാണിക്കാനുള്ള നിയമനം എനിക്ക് ലഭിച്ചു. അവരിൽ ഒരാൾ മാർത്ത മെൽ എന്ന് വിളിപ്പെട്ട ഒരു പയനിയറായിരുന്നു.
ആയിരത്തിത്തൊള്ളായിരത്തി നാൽപ്പത്തി ഒൻപത് മേയിൽ മാർത്തായെ വിവാഹം ചെയ്യാനും ഞങ്ങൾ ഇരുവരും മുഴുസമയ ശുശ്രൂഷയിൽ തുടരാനും ആഗ്രഹിക്കുന്നതായി ഞാൻ ബേണിലെ ബ്രാഞ്ചോഫീസിനെ അറിയിച്ചു. അതിന്റെ പ്രതികരണമോ? സാധാരണ പയിണിയറിംഗല്ലാതെ മററ് പദവികളൊന്നും അനുവദിക്കപ്പെടുകയില്ല, 1949 ജൂണിലെ ഞങ്ങളുടെ വിവാഹത്തെ തുടർന്ന് ബിയെൽ എന്ന സ്ഥലത്ത് ഞങ്ങൾ സാധാരണ പയണിയറിംഗ് ആരംഭിച്ചു. പ്രസംഗങ്ങൾ നടത്താൻ എനിക്ക് അനുവാദമില്ലായിരുന്നു. സർക്കീട്ട് മേൽവിചാരകന്റെ ശുപാർശ ഉണ്ടായിരുന്നിട്ടുകൂടെ അടുത്തു നടന്ന ഒരു സമ്മേളനത്തിന് പ്രതിനിധികൾക്കായുള്ള താമസസൗകര്യം ഞങ്ങൾക്ക് ലഭിച്ചില്ല. ഞങ്ങൾ പയനിയർമാരായിരുന്നിട്ടുകൂടെ അനേകർ ഞങ്ങളെ അഭിവാദ്യം ചെയ്യാൻ വിസമ്മതിക്കുകയും പുറത്താക്കപ്പെട്ടവരോടെന്ന നിലയിൽ ഞങ്ങളോട് പെരുമാറുകയും ചെയ്തു.
എന്നിരുന്നാലും വിവാഹിതരാകുന്നത് തിരുവെഴുത്തു വിരുദ്ധമല്ലെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അതുകൊണ്ട് ഞങ്ങൾ പ്രാർത്ഥനയിൽ അഭയം തേടുകയും യഹോവയിൽ ആശ്രയിക്കുകയും ചെയ്തു. വാസ്തവത്തിൽ ഞങ്ങളോടുള്ള ഈ പെരുമാററം ഇത് സംബന്ധിച്ചുള്ള സൊസൈററിയുടെ വീക്ഷണത്തെ പ്രതിഫലിപ്പിച്ചില്ല. അത് സ്ഥാപനപരമായ മാർഗ്ഗനിർദ്ദേശങ്ങളുടെ തെററായ ബാധകമാക്കലിന്റെ ഫലമായിരുന്നു.
നോർ സഹോദരൻ വീണ്ടും വരുന്നു
നോർ സഹോദരൻ 1951-ൽ വീണ്ടും സ്വിററ്സർലണ്ട് സന്ദർശിച്ചു. അദ്ദേഹം ഒരു പ്രസംഗം നടത്തിയശേഷം എന്നോട് സംസാരിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു എന്ന് എനിക്ക് വിവരം കിട്ടി. അൽപ്പം ഭയമുണ്ടായിരുന്നെങ്കിലും അദ്ദേഹം എന്നെ കാണാൻ ഇഷ്ടപ്പെട്ടു എന്നതിൽ എനിക്ക് സന്തോഷം തോന്നി. ജനീവയിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന മിഷനറി ഭവനത്തിൽ ഒരു നിയമനം സ്വീകരിക്കാൻ ഞങ്ങൾ തയ്യാറാണോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ബിയൽ വിട്ടുപോകുന്നതിൽ സങ്കടമുണ്ടായിരുന്നെങ്കിലും സ്വാഭാവികമായും ഇതു ഞങ്ങൾക്ക് വളരെ സന്തോഷമായിരുന്നു. പിറേറന്ന് മറെറാരു ആവശ്യവുംകൂടെ നോർ സഹോദരൻ ഉന്നയിച്ചു. സ്വിററ്സർലണ്ടിൽ സർക്കിട്ട് സന്ദർശനങ്ങൾക്ക് കൂടുതൽ ശ്രദ്ധ ആവശ്യമായിരുന്നതിനാൽ ഞങ്ങൾ വീണ്ടും സർക്കിട്ട് വേല ചെയ്യാൻ തയ്യാറാണോ? ഞങ്ങൾ ഉടനടി അതിന് സമ്മതിച്ചു. വച്ചുനീട്ടപ്പെടുന്ന ഏതു നിയമനവും സ്വീകരിക്കുക എന്നതായിരുന്നിട്ടുണ്ട് എക്കാലത്തെയും എന്റെ മനോഭാവം.
കിഴക്കൻ സ്വിററ്സർലണ്ടിൽ സർക്കിട്ട് വേലയിലെ ഞങ്ങളുടെ പ്രവർത്തനം സമൃദ്ധമായി അനുഗ്രഹിക്കപ്പെട്ടു. ഞങ്ങളുടെ സമ്പാദ്യമെല്ലാം കൂടെ രണ്ട് സൂട്ട്കേസുകളിലാക്കിക്കൊണ്ട് ഞങ്ങൾ ഒരു സഭയിൽ നിന്ന് മറെറാന്നിലേക്ക് ട്രെയിനിൽ യാത്ര ചെയ്തിരുന്നു. മിക്കപ്പോഴും സഹോദരൻമാർ സൈക്കിളുമായി റെയിൽവേ സ്റേറഷനിൽ വന്ന് ഞങ്ങളെ സ്വീകരിക്കുമായിരുന്നു. കാരണം അന്ന് ആർക്കും തന്നെ കാറുകൾ ഇല്ലായിരുന്നു. വർഷങ്ങൾക്ക് ശേഷം ഒരു സഹോദരൻ ഞങ്ങളുടെ ഉപയോഗത്തിന് ഒരു കാർ വിട്ടു തന്നു. അത് ഞങ്ങളുടെ സേവനം കുറച്ചുകൂടെ എളുപ്പമാക്കിത്തീർത്തു.
ചില പുത്തൻ അപ്രതീക്ഷിത സംഭവങ്ങൾ
എന്നെയും ഭാര്യയെയും 1964-ൽ ഗിലെയാദിന്റെ 40-ാമത്തെ ക്ലാസ്സിലേക്ക് ക്ഷണിച്ചപ്പോൾ ഞങ്ങൾ എത്ര പുളകിതരായി. അത് 10 മാസത്തെ സമഗ്രപാഠ്യപദ്ധതിയുടെ അവസാനത്തെ ക്ലാസ്സായിരുന്നു, ഇപ്പോൾ അത് 8 മാസമായി വെട്ടിച്ചുരുക്കിയിരിക്കുകയാണ്. മാർത്ത വളരെ വേഗം ഇംഗ്ലീഷ് പഠിക്കേണ്ടിയിരുന്നു, എന്നാൽ അവൾ ആശ്ചര്യകരമാംവണ്ണം അത് ചെയ്തു. ഞങ്ങൾ എവിടേക്ക് അയക്കപ്പെടും എന്നതു സംബന്ധിച്ച് ഊഹങ്ങൾ പലതുണ്ടായിരുന്നു. “എവിടെ നിയമിച്ചാലും വിരോധമില്ല അത് ഒരു ഡെസ്ക്കിന്റെ പിമ്പിലാകാതിരുന്നാൽ മതിയായിരുന്നു” എന്നതായിരുന്നു എന്റെ മനോഭാവം.
എന്നാൽ കൃത്യമായും അതുതന്നെയാണ് സംഭവിച്ചത്! ഗ്രാജുവേഷൻ ദിവസം, 1965 സെപ്ററംബർ 13-ാം തീയതി ഞാൻ സ്വിററ്സർലണ്ടിലെ ബ്രാഞ്ച് ദാസനായി നിയമിക്കപ്പെട്ടു. മാർത്തക്ക് ബെഥേൽ ജീവിതം ഒരു പുതിയ അനുഭവമായിരുന്നു. എന്നെ സംബന്ധിച്ചാണെങ്കിൽ അത് “ദൈവത്തിന്റെ ഭവന”ത്തിലേക്കുള്ള ഒരു തിരിച്ചുവരവായിരുന്നു, 1931 മുതൽ 1946 വരെ ഞാൻ ജോലി ചെയ്ത ഫാക്ടറിയിലേക്കല്ല മറിച്ച് ഓഫീസ്സിലേക്ക്. ഞാൻ പല പുതിയ കാര്യങ്ങളും പഠിക്കേണ്ടതുണ്ടായിരുന്നു, എന്നാൽ യഹോവയുടെ സഹായത്തോടെ എനിക്ക് അത് ചെയ്യാൻ കഴിഞ്ഞു.
പിന്തിരിഞ്ഞു നോക്കുമ്പോൾ
മുഴുസമയ സേവനത്തിന്റേതായ 60 വർഷങ്ങളിലെല്ലാം എന്റെ പിതാവ് പറഞ്ഞതുപോലെ തന്നെ ഞാൻ യഹോവയിൽ പൂർണ്ണമായി ആശ്രയിച്ചിട്ടുണ്ട്. യഹോവ എന്റെമേൽ ധാരാളമായ അനുഗ്രഹങ്ങൾ വർഷിച്ചിരിക്കുന്നു. നിരുൽസാഹം തോന്നിയ സന്ദർഭങ്ങളിലും ജോലിഭാരം എന്നെ അടിപ്പെടുത്തുമെന്ന് തോന്നിയപ്പോഴും മാർത്ത വലിയ പ്രോൽസാഹനത്തിന്റെ ഉറവായിരുന്നിട്ടുണ്ട്, വാസ്തവമായും യഹോവയിൽ പൂർണ്ണ വിശ്വാസമുള്ള ഒരു വിശ്വസ്ത സുഹൃത്ത്.
ഞാൻ ആസ്വദിച്ച അനേകം സേവനപദവികൾക്ക് യഹോവക്ക് സ്തുതി! ഞാൻ ഇപ്പോഴും ററണ്ണിൽ ബ്രാഞ്ച് കമ്മററി കോ ഓർഡിനേറററായി തുടരുന്നു; പല സന്ദർഭങ്ങളിൽ സോൺ ഓവർസീയർ എന്ന നിലയിൽ ഞാൻ യാത്ര ചെയ്തിട്ടുണ്ട്. എന്നോട് എന്തു ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഞാൻ എല്ലായ്പ്പോഴും മാർഗ്ഗനിർദ്ദേശത്തിനുവേണ്ടി യഹോവയിലേക്ക് നോക്കിയിട്ടുണ്ട്. എന്റെ ഭാഗത്ത് അനേകം തെററുകളും പോരായ്മകളും ഉണ്ടായിരുന്നിട്ടുണ്ടെങ്കിലും ക്രിസ്തു മുഖേന യഹോവ അതെല്ലാം എന്നോട് ക്ഷമിച്ചിട്ടുണ്ട് എന്ന് ഞാൻ ഉറപ്പായി വിശ്വസിക്കുന്നു. ഞാൻ എന്നും അവനെ പ്രസാദിപ്പിക്കുന്നവനായി തുടരാൻ ഇടയാകട്ടെ. “ഞാൻ ആശ്രയിക്കുന്ന ദൈവമെന്ന”നിലയിൽ എന്നും അവങ്കലേക്ക് നോക്കുമ്പോൾ അവൻ എന്റെ കാലടികളെ തുടർന്നും നയിക്കുമാറാകട്ടെ.—സങ്കീർത്തനം 91:2. (w91 11/1)
[25-ാം പേജിലെ വില്ലിയുടെയും മാർത്ത മെല്ലിന്റെയും ചിത്രം]
[27-ാം പേജിലെ ചിത്രം]
ഡീൽ സഹോദരൻ ബെഥേൽ സേവനത്തിന്റെ ആദിമ ഘട്ടത്തിൽ