നിങ്ങളെത്തന്നെ ലഭ്യമാക്കാൻ കഴിയുമോ?
1 പൊ.യു.മു. 778-ൽ അസാധാരണമായ ഒരു സംഭവം അരങ്ങേറുന്നു. “കർത്താവു [“യഹോവ,” NW], ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു” യെശയ്യാ പ്രവാചകൻ ഒരു ദർശനത്തിൽ കാണുന്നു. തുടർന്ന്, “സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ” എന്നു ഘോഷിച്ചുകൊണ്ട് സാറാഫുകൾ യഹോവയുടെ മഹത്ത്വത്തിലേക്കു ശ്രദ്ധ ക്ഷണിക്കുന്നത് യെശയ്യാവ് കേൾക്കുന്നു. ആ രംഗം എത്ര ഭയാദരവ് ഉണർത്തുന്നത് ആയിരുന്നിരിക്കണം! ആ പശ്ചാത്തലത്തിൽ, യഹോവ വെല്ലുവിളി നിറഞ്ഞ ഒരു ചോദ്യം ചോദിക്കുന്നു: “ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും?” നിയമനം ഏതുതരത്തിൽ ഉള്ളതാണ്, മുന്നോട്ടുവരുന്ന വ്യക്തിക്ക് എന്തെങ്കിലും നേട്ടം ഉണ്ടായിരിക്കുമോ എന്നിവ സംബന്ധിച്ച് യാതൊരു വിശദീകരണവും നൽകുന്നില്ല എങ്കിലും, നിസ്സന്ദേഹം യെശയ്യാവ് ഇങ്ങനെ പ്രതികരിക്കുന്നു: “അടിയൻ ഇതാ അടിയനെ അയക്കേണമേ.”—യെശ. 6:1, 3, 8.
2 യഹോവ ആവശ്യപ്പെടുന്ന എന്തും ചെയ്യാനുള്ള ഈ മനസ്സൊരുക്കം അവന്റെ ജനത്തിന്റെ മുഖമുദ്രയാണ്. (സങ്കീ. 110:3) തങ്ങളെത്തന്നെ ലഭ്യമാക്കാൻ കഴിയുന്നവർക്ക് ഇപ്പോൾ ഒരു പ്രത്യേക ക്ഷണം വെച്ചുനീട്ടുകയാണ്. യെശയ്യാവിനെപ്പോലെ മനസ്സൊരുക്കം പ്രകടമാക്കിക്കൊണ്ട് അതിനോടു പ്രതികരിക്കാൻ നിങ്ങൾ തയ്യാറാണോ?
3 ബെഥേലിൽ സേവിക്കുന്നതിന് സഹോദരന്മാരുടെ തുടർച്ചയായ ആവശ്യമുണ്ട്. രാജ്യ താത്പര്യങ്ങൾ ഒന്നാമതു വെക്കുന്നതിനുള്ള ശക്തമായ ആഗ്രഹവും ലോകവ്യാപക പ്രസംഗവേലയെ പിന്തുണയ്ക്കുന്നതിൽ ആവശ്യമായിരിക്കുന്നതെന്തും ചെയ്യാനുള്ള മനസ്സൊരുക്കവും അവർക്ക് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. (മത്താ. 6:33) വാസ്തവത്തിൽ, ബെഥേൽ കുടുംബത്തിലെ ഒരംഗം എന്നനിലയിൽ സേവിക്കുന്നത് യഹോവയെ മുഴുദേഹിയോടെ സേവിക്കുന്നതിനുള്ള അതുല്യമായ ഒരു അവസരം പ്രദാനം ചെയ്യുന്നു. അത് എങ്ങനെയാണ്?
4 ബെഥേലിൽ ചെയ്യപ്പെടുന്ന വേല: കർണാടകത്തിലെ ബാംഗ്ലൂരിൽ സ്ഥിതിചെയ്യുന്ന ബെഥേൽ സമുച്ചയത്തിൽ ക്രമമായി നിർവഹിക്കപ്പെടുന്ന കാര്യങ്ങളെപ്പറ്റി ഒന്നു ചിന്തിക്കുക. ലോകവ്യാപക വയലിലെ ഉപയോഗത്തിനും വ്യക്തിപരമായ പഠനത്തിനും ആവശ്യമായ ബൈബിൾ സാഹിത്യങ്ങൾ ഉത്പാദിപ്പിക്കുന്നതിൽ വിശ്വസ്തനും വിവേകിയുമായ അടിമവർഗത്തെയും അതിന്റെ ഭരണ സംഘത്തെയും അടുത്തു പിന്തുണയ്ക്കാനുള്ള പദവി ബെഥേൽ കുടുംബാംഗങ്ങളായ 220 സഹോദരീസഹോദരന്മാർക്കുണ്ട്. (മത്താ. 24:45, NW) ദൃഷ്ടാന്തത്തിന്, ഇക്കഴിഞ്ഞ സേവനവർഷം 75,207 പുസ്തകങ്ങൾ, 2,63,784 ചെറുപുസ്തകങ്ങളും ലഘുപത്രികകളും, 15,665 കലണ്ടറുകൾ, 20,20,021 മാസികകൾ, 33,39,239 ലഘുലേഖകൾ, 1,033 വീഡിയോ കാസെറ്റുകൾ എന്നിവ ബാംഗ്ലൂർ ബെഥേൽ കുടുംബത്തിന്റെ ഏകീകൃത ശ്രമത്തിന്റെ ഫലമായി ഉത്പാദിപ്പിച്ച് കയറ്റി അയയ്ക്കാൻ കഴിഞ്ഞു. ഈ പ്രസിദ്ധീകരണങ്ങൾക്കുവേണ്ടി “ഇമ്പമായുള്ള വാക്കുകളും നേരായി എഴുതിയിരിക്കുന്നവയും സത്യമായുള്ള വചനങ്ങളും” അന്വേഷിക്കുന്നതിനും തിരഞ്ഞെടുക്കുന്നതിനും വളരെയധികം ശ്രമം ചെയ്യപ്പെടുന്നുണ്ട്. (സഭാ. 12:9, 10) 25-ലധികം ഭാഷകളിൽ സാഹിത്യം ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന 70-ഓളം പരിഭാഷകർക്ക് വേണ്ട മാർഗനിർദേശവും നൽകപ്പെടുന്നു. സാഹിത്യം അച്ചടിച്ച് കയറ്റി അയയ്ക്കൽ, ശുചീകരണം, മെയ്ന്റനൻസ്, ഭക്ഷണം പാകംചെയ്യൽ, സാധനങ്ങൾ വാങ്ങാൻ പോകൽ, ആരോഗ്യ പരിപാലനം എന്നിവയും മറ്റനേകം ബെഥേൽ പ്രവർത്തനങ്ങളും നിർവഹിക്കുന്നതിന് മനസ്സൊരുക്കമുള്ള ധാരാളം സ്വമേധയാ സേവകരെ ആവശ്യമുണ്ട്.
5 ഇക്കാര്യങ്ങൾ എല്ലാം നിർവഹിക്കുന്നത് ബൃഹത്തും അതേസമയം ആത്മീയമായി സംതൃപ്തിദായകവുമായ വേലയാണ്. നമ്മുടെ മുഴു ശക്തിയും ഊർജവും പ്രസംഗ-പഠിപ്പിക്കൽ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനായി വിനിയോഗിക്കപ്പെടുന്നു എന്നുള്ള അറിവ് അതീവ സന്തോഷം കൈവരുത്തുന്നു. യഹോവയുടെ സംഘടനയെ കൂടുതൽ അടുത്തറിയാൻ ബെഥേൽ സേവനം നമ്മെ സഹായിക്കുന്നു. ഇസ്രായേല്യരെ, അവരുടെ നാളിലെ ദിവ്യാധിപത്യ ഭരണത്തിന്റെ ഭൗമ കേന്ദ്രത്തെ അടുത്തറിയാൻ സങ്കീർത്തനക്കാരൻ പ്രോത്സാഹിപ്പിച്ചു എന്ന് നമുക്ക് ഓർക്കാൻ കഴിയും.—സങ്കീ. 48:12, 13.
6 ബെഥേൽ സേവനത്തിന്റെ അനുഗ്രഹങ്ങൾ: ബെഥേലിൽ സേവിക്കുന്നവർ തങ്ങളുടെ സേവന പദവികളെ എങ്ങനെ വീക്ഷിക്കുന്നു? ചെറുപ്പക്കാരും പ്രായം ചെന്നവരുമായ ബെഥേൽ കുടുംബാംഗങ്ങളുടെ പിൻവരുന്ന അഭിപ്രായപ്രകടനങ്ങൾ ശ്രദ്ധിക്കുക. മൂന്നു വർഷമായി ബെഥേൽ സേവനം ആസ്വദിക്കുന്ന ഒരു സഹോദരി ഇങ്ങനെ അഭിപ്രായപ്പെട്ടു: “ബെഥേലിൽ ആയിരിക്കുന്നത് യഹോവയുമായുള്ള എന്റെ ബന്ധത്തെ അരക്കിട്ടുറപ്പിച്ചിരിക്കുന്നു. ഇവിടത്തെ സേവനത്തിൽ മുന്നോട്ടുപോകുകയും ബെഥേൽ പ്രവർത്തിക്കുന്ന വിധം സംബന്ധിച്ച് കൂടുതൽ മനസ്സിലാക്കുകയും ചെയ്യുന്തോറും യഹോവയുടെ വ്യക്തിത്വത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ഞാൻ പഠിക്കുകയാണ്. യഹോവ വ്യക്തികളെ—എല്ലാത്തരം വ്യക്തികളെയും—ഉപയോഗിക്കുന്നു എന്ന് കാണാൻ ബെഥേൽ സേവനം എന്നെ സഹായിച്ചിരിക്കുന്നു. അതുപോലെ അവനു സ്വീകാര്യനാകാൻ നിങ്ങൾ പൂർണനായിരിക്കേണ്ട ആവശ്യമില്ലെന്നും.”
7 ഒരു യുവ സഹോദരൻ ഇപ്രകാരം പറയുന്നു: “ഞാൻ ഇടയ്ക്കൊക്കെ ഇങ്ങനെ ചിന്തിച്ചിട്ടുണ്ട്, ‘പുതിയലോകത്തിൽ പ്രവേശിക്കാനും, പുനരുത്ഥാനത്തിൽ വരുന്ന പുരാതന നാളിലെ വിശ്വസ്തരോട്, ഞാൻ പണസമ്പാദനത്തിനായി ലോകത്തിലേക്കു തിരിയാതെ ദീർഘകാലം ബെഥേലിൽ സേവിച്ചെന്നു പറയാനും കഴിയുന്നത് എത്ര നല്ല അനുഭവമായിരിക്കും.’”
8 ഒരു യുവ സഹോദരൻ തനിക്കു ലഭിച്ച പരിശീലനത്തെ കുറിച്ച് ഇങ്ങനെ പറയുന്നു: “സ്വയം വിലയിരുത്താനും എങ്ങനെ മെച്ചപ്പെടാമെന്നു മനസ്സിലാക്കിക്കൊണ്ട് ആ ഗുണങ്ങൾ വളർത്തിയെടുക്കാനും കഴിയുന്നത് വലിയൊരു അനുഗ്രഹമായിരുന്നിട്ടുണ്ട്. യഹോവയെ സേവിക്കാൻ ഇപ്പോൾ ഞാൻ കൂടുതൽ സജ്ജനാണെന്ന് എനിക്കു തോന്നുന്നു. കുറേക്കൂടി സഹിഷ്ണുതയും ആത്മനിയന്ത്രണവും ഞാൻ ആർജിച്ചിരിക്കുന്നു, മറ്റുള്ളവരോടു കൂടുതൽ സ്നേഹം പ്രകടിപ്പിക്കാനും എനിക്കു കഴിയുന്നുണ്ട്.”
9 ഒരു സഹോദരി ഇന്നുവരെ തനിക്കു ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ കുറിച്ച് ഇപ്രകാരം സ്മരിക്കുന്നു: “ഇവിടത്തെ ആത്മീയ പരിപാടികൾ യഹോവയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ എന്നെ പഠിപ്പിച്ചിരിക്കുന്നു. ചിന്തയിലും വികാരങ്ങളിലും പ്രവർത്തനത്തിലും എനിക്ക് അവനെ മെച്ചമായി എങ്ങനെ അനുകരിക്കാം എന്നും അവ കാണിച്ചുതന്നിരിക്കുന്നു. പരിശീലനം തുടർന്നുകൊണ്ടിരിക്കുന്നതിനാൽ ഈ അനുഗ്രഹവും തുടർച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്നു.”
10 മുഴുസമയ ശുശ്രൂഷയിൽ 59 വർഷം—അതിൽ 43-ലധികം വർഷം ബെഥേലിൽ—പിന്നിട്ടിരിക്കുന്ന ഒരു സഹോദരൻ ഇപ്രകാരം പ്രസ്താവിച്ചു: “ചിലർ കരുതിയേക്കാവുന്നതുപോലെ ബെഥേൽ ഒരു സന്ന്യാസാശ്രമം പോലെയല്ല. ക്രമീകൃതമായ പട്ടിക പിൻപറ്റി ജീവിക്കുന്നതുകൊണ്ട് ഞങ്ങൾക്കു വളരെയധികം കാര്യങ്ങൾ നിർവഹിക്കാൻ സാധിക്കുന്നുണ്ട്. . . . ജോലിചെയ്യാൻ വന്നിട്ട് അത് ആസ്വദിക്കാതിരുന്ന ഒരു ദിവസം പോലും എനിക്കുണ്ടായിട്ടില്ല. എന്തുകൊണ്ടെന്നല്ലേ? കാരണം നാം മുഴുദേഹിയോടെ നമ്മെത്തന്നെ യഹോവയ്ക്കു നൽകുമ്പോൾ ‘ചെയ്യേണ്ടത് ചെയ്തിരിക്കുന്നു’ എന്ന് അറിയുന്നതിൽനിന്നുള്ള സംതൃപ്തി നമുക്കു ലഭിക്കുന്നു.”—ലൂക്കൊ. 17:10.
11 ബെഥേലിൽ 62 വർഷമായി സേവിക്കുന്ന മറ്റൊരു സഹോദരൻ ഇങ്ങനെ പറഞ്ഞു: “പറുദീസ വരുന്നതിനുമുമ്പുള്ള ഭൂമിയിലെ ഏറ്റവും നല്ല സ്ഥലമാണ് ബെഥേൽ എന്ന് എനിക്കു തികഞ്ഞ ബോധ്യമുണ്ട്. മുഴുസമയ ശുശ്രൂഷ ജീവിതവൃത്തിയായി തിരഞ്ഞെടുത്തതിൽ ജീവിതത്തിൽ ഒരു നിമിഷം പോലും ഞാൻ ഖേദിച്ചിട്ടില്ല. യഹോവയുടെ ഭൗമിക സംഘടനയുടെ മഹത്തായ വളർച്ചയ്ക്കു സാക്ഷ്യം വഹിക്കാനും അതിൽ പങ്കുപറ്റാനും സാധിച്ചിരിക്കുന്നതിൽ എനിക്കുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല! യഹോവയുടെ സഹായത്താൽ, തുടർന്നും ബെഥേൽ എന്റെ ഭവനമാക്കാനും രാജ്യ താത്പര്യങ്ങളെ ഉന്നമിപ്പിക്കുന്നതിനായി മുഴുദേഹിയോടെ പ്രവർത്തിക്കാനുമാണ് എന്റെ ദൃഢമായ തീരുമാനം.”
12 ബെഥേൽ സേവനത്തിന് നിങ്ങളെത്തന്നെ ലഭ്യമാക്കുന്നെങ്കിൽ ആസ്വദിക്കാൻ കഴിയുന്ന ഏതാനും ചില അനുഗ്രഹങ്ങൾ മാത്രമാണ് ഈ ബെഥേൽ കുടുംബാംഗങ്ങൾ പരാമർശിച്ചത്. എന്നാൽ ഏതൊരു സേവന പദവിയുടെയും കാര്യത്തിലെന്നപോലെ ആദ്യം നിങ്ങൾ അതിനുള്ള യോഗ്യതകളിൽ എത്തിച്ചേരേണ്ടത് അനിവാര്യമാണ്. ഒരു ബെഥേൽ കുടുംബാംഗമായി സേവിക്കുന്നതിനു വേണ്ട യോഗ്യതകളിൽ ചിലത് ഏവയാണ്?
13 ബെഥേൽ സേവനത്തിനുള്ള യോഗ്യതകൾ: ബെഥേൽ സേവനത്തിന് അപേക്ഷിക്കുന്നവർക്ക് ഉണ്ടായിരിക്കേണ്ട അടിസ്ഥാന യോഗ്യതകൾ ഇതോടൊപ്പമുള്ള ചതുരത്തിൽ നൽകിയിട്ടുണ്ട്. കൂടാതെ, അവർ ‘ഉല്ലാസപ്രിയർ’ ആയിരിക്കാതെ കഠിനാധ്വാനം ചെയ്യാൻ മനസ്സൊരുക്കം ഉള്ളവരായിരിക്കേണ്ടതും മർമപ്രധാനമാണ്. (2 തിമൊ. 3:4, NW; 1 കൊരി. 13:11) വ്യക്തിപരമായി നല്ല പഠനശീലം വളർത്തിയെടുത്തിട്ടുള്ള, “നന്മതിന്മകളെ തിരിച്ചറിവാൻ” തക്കവണ്ണം തങ്ങളുടെ ഗ്രഹണ പ്രാപ്തികളെ പരിശീലിപ്പിച്ചിട്ടുള്ള ആത്മീയ സ്ത്രീപുരുഷന്മാരായിരിക്കണം ബെഥേൽ കുടുംബാംഗങ്ങൾ. (എബ്രാ. 5:14) വസ്ത്രധാരണത്തിലും ചമയത്തിലും, സംഗീതം, വിനോദം എന്നിവയുടെ തിരഞ്ഞെടുപ്പിലും ഉൾപ്പെടെ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും അവരുടെ ക്രിസ്തീയ പക്വത ഇപ്പോൾത്തന്നെ പ്രകടമായിരിക്കേണ്ടതുണ്ട്. മനസ്സൊരുക്കമുള്ള ബെഥേൽ കുടുംബാംഗങ്ങൾ ആവശ്യമുള്ള എവിടെയും സേവിക്കാൻ സന്നദ്ധരാണ്. അച്ചടി, സാഹിത്യം തയ്യാറാക്കി കയറ്റി അയയ്ക്കൽ, മെയ്ന്റനൻസ്, ഹൗസ് കീപ്പിങ്, ശുചീകരണം, വസ്ത്രം കഴുകൽ, ഭക്ഷണം പാകം ചെയ്യൽ എന്നിങ്ങനെ കായികാധ്വാനം ഉൾപ്പെടുന്ന നിയമനങ്ങളിലാണ് പ്രായം കുറഞ്ഞ ബെഥേൽ കുടുംബാംഗങ്ങളെ സാധാരണമായി നിയമിക്കാറുള്ളത്. (സദൃ. 20:29) എന്നിരുന്നാലും, ലൗകിക തൊഴിലിൽനിന്നു വ്യത്യസ്തമായി ഓരോ നിയമനവും വർധിച്ച സംതൃപ്തി കൈവരുത്തുന്നു, എന്തുകൊണ്ടെന്നാൽ യഹോവയ്ക്കു മഹത്ത്വം കരേറ്റുന്ന വിശുദ്ധ സേവനമാണ് അത്.—കൊലൊ. 3:23.
14 കുറഞ്ഞത് ഒരു വർഷത്തേക്കു സേവിക്കാനാണ് ബെഥേലിലേക്ക് സഹോദരങ്ങളെ ക്ഷണിക്കുന്നത്. ഇത് വേലയിൽ ഫലപ്രദരായിത്തീരാൻ തക്കവണ്ണം പരിശീലനം നേടാൻ അവരെ സഹായിക്കുന്നു. ബെഥേലിനെ തങ്ങളുടെ ഭവനം ആക്കിത്തീർക്കാൻ അവർക്കു കഴിയുമെന്നാണ് പ്രത്യാശ. രാജ്യ വേലയെ വ്യക്തിപരമായ താത്പര്യങ്ങൾക്ക് ഉപരിയായി വെക്കാൻ ബെഥേൽ കുടുംബാംഗങ്ങളെ പ്രചോദിപ്പിക്കുന്നത് യഹോവയോടുള്ള സ്നേഹമാണ്. ഇത് യഹോവയെ പ്രസാദിപ്പിക്കുന്നു.—മത്താ. 16:24.
15 ഇപ്പോഴുള്ള ആവശ്യങ്ങൾ: ബെഥേലിൽ നിർവഹിക്കപ്പെടുന്ന വേലയുടെ സ്വഭാവം നിമിത്തം, ഏകാകികളായ സഹോദരന്മാരെയാണ് ഇപ്പോൾ പ്രധാനമായും നമുക്ക് ആവശ്യമായിരിക്കുന്നത്. ഒരു നിബന്ധന അല്ലെങ്കിലും, സാധാരണ പയനിയർമാർക്കാണ് മുൻഗണന നൽകുന്നത്. കാരണം ഇപ്പോൾത്തന്നെ അവർ മുഴുസമയ ശുശ്രൂഷയിൽ ആണല്ലോ. ചിലപ്പോഴൊക്കെ, ബെഥേലിൽ ആവശ്യമായിരിക്കുന്ന ചില വൈദഗ്ധ്യങ്ങളുള്ള 19-നും 35-നും മധ്യേ പ്രായമുള്ള ദമ്പതികളെയും ഏകാകികളായ സഹോദരിമാരെയും ക്ഷണിക്കാറുണ്ട്. കൂടാതെ, 35 വയസ്സിലും അൽപ്പം കൂടുതൽ പ്രായമുണ്ടെങ്കിലും ബെഥേലിൽ ഉപയോഗപ്രദമായ പ്രത്യേക തൊഴിൽ വൈദഗ്ധ്യവും പരിശീലനവും ഉള്ള സഹോദരീസഹോദരന്മാരെ ബെഥേൽ സേവനത്തിന് അപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. ദന്ത ഡോക്ടർമാർ, ഡോക്ടർമാർ, സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റുമാർ, ആർക്കിടെക്റ്റുകൾ, എഞ്ചിനിയർമാർ, രജിസ്റ്റേർഡ് നഴ്സുമാർ, ഓട്ടോമൊബൈൽ മെക്കാനിക്കുകൾ, ഇലക്ട്രോണിക് ടെക്നീഷ്യന്മാർ എന്നിവർ ഏതാനും ചില ദൃഷ്ടാന്തങ്ങളാണ്. എന്നിരുന്നാലും, ബെഥേലിലേക്കു ക്ഷണം ലഭിക്കാനുള്ള സാധ്യത വർധിപ്പിക്കും എന്നു ചിന്തിച്ച് പ്രത്യേക വിദ്യാഭ്യാസമോ പരിശീലനമോ നേടാൻ ഞങ്ങൾ ആരെയും പ്രോത്സാഹിപ്പിക്കുന്നില്ല. ഇപ്പോൾത്തന്നെ—ഒരുപക്ഷേ സത്യത്തിൽ വരുന്നതിനുമുമ്പ്—വിദഗ്ധ പരിശീലനം ലഭിച്ചിട്ടുള്ളവർ അതു സംബന്ധിച്ച് വിശദമായി എഴുതിയ ഒരു രേഖ ബെഥേൽ അപേക്ഷയോടൊപ്പം വെക്കേണ്ടതാണ്.
16 അപേക്ഷ അയച്ചിട്ട് ബെഥേൽ സേവനത്തിനുള്ള ക്ഷണം ലഭിക്കുന്നില്ലെങ്കിൽ നിരാശപ്പെടരുത്. ഓരോ വർഷവും നിങ്ങൾക്ക് പുതിയ അപേക്ഷ അയയ്ക്കാവുന്നതാണ്. ബെഥേലിൽ ആവശ്യമായിരുന്നേക്കാവുന്ന ഏതെങ്കിലും പ്രത്യേക വൈദഗ്ധ്യമോ പരിശീലനമോ നേടിയിട്ടുള്ള ചില സഹോദരന്മാർ താത്കാലിക സ്വമേധയാ സേവനത്തിന് തങ്ങളെത്തന്നെ ലഭ്യമാക്കിയിട്ടുണ്ട്. അത് ഒരു ആഴ്ച മുതൽ മൂന്നുമാസത്തേക്ക് വരെ ആകാം. ഈ വിധത്തിൽ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക്, താത്കാലിക സ്വമേധയാ സേവകർക്കായുള്ള അപേക്ഷാ ഫാറം സഭാ സെക്രട്ടറിയിൽനിന്നു ലഭിക്കും. ഈ ഫാറം കൂടുതലായി ആവശ്യമുണ്ടെങ്കിൽ സാഹിത്യ അപേക്ഷാ ഫാറത്തിൽ ഓർഡർ ചെയ്യാവുന്നതാണ്.
17 ക്രിസ്തുവിന്റെ സഹോദരന്മാരോടുള്ള അടുത്ത സഹവാസത്തിൽ യഹോവയെ സേവിക്കുക എന്നത് ബെഥേലിൽ വേല ചെയ്യുന്നവർക്കുള്ള അതുല്യമായ ഒരു പദവിയാണ്. നമ്മുടെ ലോകവ്യാപക സഹോദരവർഗത്തിന്റെ ആവശ്യങ്ങൾക്കായി ശുശ്രൂഷ ചെയ്യുന്നതിൽ തങ്ങളെത്തന്നെ ലഭ്യമാക്കുന്ന ഏവരുടെയും ആത്മത്യാഗ മനോഭാവത്തെ ഭരണസംഘം തീർച്ചയായും വിലമതിക്കുന്നു.—ഫിലി. 2:20-22; 2 തിമൊ. 4:11.
18 യുവജനങ്ങളേ, ബെഥേൽ സേവനത്തിനായി നിങ്ങളെ ഇപ്പോൾത്തന്നെ ഒരുക്കുക: ബെഥേൽ സേവനത്തിനുള്ള കുറഞ്ഞ പ്രായമായ 19 വയസ്സ് ആകുന്നതിന് വളരെ മുമ്പേതന്നെ അതിനായുള്ള ഒരുക്കം ആരംഭിക്കേണ്ടതാണ്. ബെഥേൽ സേവനത്തിനുവേണ്ടി തങ്ങളെത്തന്നെ ഒരുക്കാൻ യുവജനങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? യേശു ഇപ്രകാരം പറഞ്ഞു: “നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിവാൻ ഇച്ഛിച്ചാൽ ആദ്യം ഇരുന്നു അതു തീർപ്പാൻ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ?” (ലൂക്കൊ. 14:28) ഏതൊരു നിർമാണ പദ്ധതിയുടെയും വിജയത്തിന് ഒരുക്കവും ആസൂത്രണവും അനുപേക്ഷണീയമായതിനാൽ, യഹോവയുടെ സേവനത്തിൽ തങ്ങൾ ഭാവിയെ എങ്ങനെ കരുപ്പിടിപ്പിക്കുന്നു എന്നതിന് യുവജനങ്ങൾ അടുത്ത ശ്രദ്ധ നൽകുന്നത് എത്ര പ്രധാനമാണ്! ആത്മീയ ലാക്കുകളിൽ എത്തിച്ചേരുന്നതിന്, വളരെ ചെറുപ്പത്തിൽത്തന്നെ ഉറച്ച ഒരു അടിസ്ഥാനം ഇടേണ്ടത് മർമപ്രധാനമാണ്. യുവ പ്രായത്തിലുള്ള ഒരു വ്യക്തിയെന്ന നിലയിൽ, ഭാവിക്കായി ഒരു മികച്ച അടിത്തറ നിങ്ങൾ പാകുന്നുണ്ടോ? നിങ്ങൾ ബെഥേലിൽ സേവിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ പിൻവരുന്ന ആശയങ്ങൾ ശ്രദ്ധാപൂർവം പരിചിന്തിക്കുന്നത് പ്രയോജനം ചെയ്യും.
19 ഈ പ്രത്യേക സേവന പദവിക്ക് ‘ഇടമുണ്ടാക്കുക’: മത്തായി 19:12-ൽ (NW) രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, ഏകാകിത്വത്തിന് ‘ഇടമുണ്ടാക്കാൻ’ യേശു തന്റെ ശിഷ്യന്മാരെ പ്രോത്സാഹിപ്പിച്ചു. എന്തുകൊണ്ട്? വ്യക്തിപരമായ കാരണങ്ങൾ കൊണ്ടല്ല, പിന്നെയോ “സ്വർഗ്ഗരാജ്യംനിമിത്തം.” സമാനമായി അപ്പൊസ്തലനായ പൗലൊസും, “ശ്രദ്ധാശൈഥില്യം കൂടാതെ കർത്താവിന് നിരന്തരം ശുശ്രൂഷ” ചെയ്യുന്ന ഒരു ജീവിതഗതി തിരഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിച്ചു. (1 കൊരി. 7:32-35, NW) സങ്കടകരമെന്നു പറയട്ടെ, ഏകാകികളായ പുരുഷന്മാർ എന്ന നിലയിൽ ബെഥേലിൽ സേവിക്കാനുള്ള പദവി നേരത്തേ വിവാഹം കഴിക്കുന്നതിനാൽ ചിലർ നഷ്ടപ്പെടുത്തുന്നു. കുടുംബ ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിവുള്ള യുവപ്രായത്തിൽ, തങ്ങളുടെ മുഴു ഊർജവും മുഴുസമയ ശുശ്രൂഷയ്ക്കായി ഉഴിഞ്ഞുവെക്കാൻ യുവപ്രായക്കാരായ സഹോദരന്മാരെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ്. അങ്ങനെ, കുറേക്കാലത്തിനു ശേഷം അവർ വിവാഹം ചെയ്യാൻ ആഗ്രഹിക്കുകയാണെങ്കിൽത്തന്നെ, ജീവിതത്തിലും ക്രിസ്തീയ ശുശ്രൂഷയിലും കൂടുതൽ അനുഭവജ്ഞാനം നേടിയവർ എന്ന നിലയിൽ നല്ല ഭർത്താക്കന്മാർ ആയിരിക്കാൻ അവർക്കു സാധിക്കും. പല വർഷങ്ങൾ ബെഥേലിൽ സേവിച്ച ശേഷം ചിലർ വിവാഹം കഴിച്ചിട്ടുണ്ട്. ദമ്പതികൾ എന്ന നിലയിൽ അവിടെത്തന്നെ തുടർന്നു സേവിക്കാൻ അവർക്കു സാധിച്ചിരിക്കുന്നു. ഭാവിയിൽ ഒരുപക്ഷേ സർക്കിട്ട്-ഡിസ്ട്രിക്റ്റ് വേലകൾപോലുള്ള മറ്റു പദവികൾക്കായി നിയമിതരാകുന്നെങ്കിൽ, ബെഥേൽ സേവനത്തിനായി തങ്ങൾ ഉഴിഞ്ഞുവെച്ച സമയത്തെ കുറിച്ച് അവർക്കു തീർച്ചയായും ഖേദം ഉണ്ടായിരിക്കുകയില്ല.
20 ഭൗതിക അനുധാവനങ്ങളാൽ ശ്രദ്ധാശൈഥില്യം ഉണ്ടാകരുത്: ഓരോ യുവവ്യക്തിയും ഇപ്രകാരം ചോദിക്കുന്നത് നല്ലതായിരിക്കും: ‘വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഒരു മുഴുസമയ ലൗകിക ജീവിതവൃത്തി പിന്തുടരുകയാണോ അതോ മുഴുസമയം യഹോവയെ സേവിക്കുകയാണോ എന്റെ ലക്ഷ്യം?’ മുഴുസമയ ശുശ്രൂഷയിൽ ത്യാഗങ്ങൾ ഉൾപ്പെടുന്നു എന്നതു സത്യമാണ്. എന്നാൽ ലൗകിക ജോലിയുടെ കാര്യത്തിലും അത് അങ്ങനെതന്നെയാണ്! ആ സ്ഥിതിക്ക്, ഏതു ജീവിത ഗതി തിരഞ്ഞെടുക്കുന്നതായിരിക്കും ഒടുവിൽ നിലനിൽക്കുന്ന പ്രയോജനങ്ങൾ കൈവരുത്തുന്നത്? വ്യക്തമായ ഉത്തരം യേശു നൽകി. മത്തായി 6:19-21-ൽ രേഖപ്പെടുത്തിയിരിക്കുന്നത് അനുസരിച്ച് അവൻ ഇങ്ങനെ പറഞ്ഞു: “പുഴുവും തുരുമ്പും കെടുക്കയും കളളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുതു. പുഴുവും തുരുമ്പും കെടുക്കാതെയും കളളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ. നിന്റെ നിക്ഷേപം ഉളേളടത്തു നിന്റെ ഹൃദയവും ഇരിക്കും.” മുഴുദേഹിയോടെ യഹോവയെ സേവിക്കുന്നതിനു പകരം ഒരു ലൗകിക ജീവിതവൃത്തിക്കോ ഭൗതിക വസ്തുക്കൾക്കോ പിന്നാലെ പരക്കം പായുന്നതിലേക്ക് നമ്മുടെ ഹൃദയം ഒരിക്കലും നമ്മെ നയിക്കാതിരിക്കട്ടെ. പിന്തുടരാൻ തക്ക മൂല്യമുള്ള ഏക നിക്ഷേപം യഹോവയുമായുള്ള നല്ല ബന്ധമാണ്, അതുമൂലം നാം അവന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു. (സദൃ. 27:11) ചെറുപ്പമായിരിക്കുമ്പോൾ ജീവിതത്തിൽ യഹോവയെ ഒന്നാമതു വെച്ചുകൊണ്ട്, നാം യഥാർഥത്തിൽ മൂല്യം കൽപ്പിക്കുന്നത് എന്തിനാണെന്നും രാജ്യം നമുക്ക് എത്ര പ്രധാനമാണെന്നും നാം പ്രകടമാക്കുന്നു. “യഹോവയുടെ അനുഗ്രഹം—അതാണു സമ്പത്തുണ്ടാക്കുന്നത്, അവൻ അതിനോടു വേദന കൂട്ടുന്നില്ല” എന്ന് ഓർക്കുക. (സദൃ. 10:22, NW) യഹോവ തങ്ങൾക്കു പ്രദാനം ചെയ്തിരിക്കുന്ന എല്ലാറ്റിനോടുമുള്ള വിലമതിപ്പു പ്രകടമാക്കുന്നതിന് മൂല്യവത്തായ എന്തെങ്കിലും അവനു തിരികെ നൽകിക്കൊണ്ട്, തങ്ങളുടെ ഹൃദയം എവിടെയാണ് എന്നു പ്രകടമാക്കാനുള്ള ഏറ്റവും നല്ല ഒരവസരമാണ് യുവജനങ്ങൾക്കുള്ളത്. യോഗ്യതകളിൽ എത്തിച്ചേരുന്നവർക്ക്, അത്തരത്തിലുള്ള അത്ഭുതാവഹമായ ഒരു അവസരം ബെഥേൽ സേവനം വെച്ചുനീട്ടുന്നു.
21 ബെഥേലിൽ സേവിക്കുന്നവർ ധാർമികമായി ശുദ്ധരായിരിക്കണം: സങ്കീർത്തനക്കാരൻ ചോദിച്ചു: “ബാലൻ തന്റെ നടപ്പിനെ നിർമ്മലമാക്കുന്നതു എങ്ങനെ?” അവൻ ഇങ്ങനെ മറുപടി പറഞ്ഞു: “നിന്റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാൽ തന്നേ.” (സങ്കീ. 119:9) സാത്താന്റെ വ്യവസ്ഥിതിയുടെ ധാർമിക അധഃപതനവുമായി ബന്ധപ്പെട്ട എന്തും ഒഴിവാക്കുന്നത് അതിൽ ഉൾപ്പെടുന്നു. നമ്മുടെ യുവജനങ്ങൾ ആത്മീയ ലക്ഷ്യങ്ങളിൽ എത്തിച്ചേരാതിരിക്കാൻ സാത്താൻ ഒരുക്കുന്ന കെണികളിൽ ഏതാനും ചിലതാണ് ഇന്റർനെറ്റ് അശ്ലീലം, എതിർലിംഗവർഗത്തിൽ പെട്ടവരോടുള്ള അനുചിതമായ പെരുമാറ്റം, അധഃപതിച്ച സംഗീതം, തരംതാണ വിനോദങ്ങൾ, ചെറുപ്രായത്തിലെ മദ്യപാനം എന്നിവ. ഈ കുതന്ത്രങ്ങളെ ചെറുക്കുന്നതിന് ശക്തമായ നിശ്ചയദാർഢ്യം അനുപേക്ഷണീയമാണ്. ഒരു യുവവ്യക്തി എന്നനിലയിൽ, ഈ സംഗതികളിൽ ഏതിലെങ്കിലും നിങ്ങൾ ഉൾപ്പെടുന്നതായി സ്വയം കണ്ടെത്തുന്നെങ്കിൽ, ബെഥേൽ സേവനത്തിനായി അപേക്ഷിക്കുന്നതിനുമുമ്പ് സഭയിലെ മൂപ്പന്മാരുമായി അതേക്കുറിച്ചു സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കുക. ഒരു ശുദ്ധ മനഃസാക്ഷി ഉണ്ടായിരിക്കുന്നത് യഹോവയെ പൂർണമായി സേവിക്കുന്നതിന് അനിവാര്യമാണ്.—1 തിമൊ. 1:5.
22 മറ്റുള്ളവരുമായി പൊരുത്തപ്പെട്ടു പോകാൻ പഠിക്കുക: ബെഥേൽ സേവനത്തിൽ വിജയിക്കുന്നതിന് അത്യന്താപേക്ഷിതമായ ഒരു സംഗതിയാണ് മറ്റുള്ളവരുമായി പൊരുത്തപ്പെട്ടു പോകാൻ പഠിക്കുക എന്നത്. ജീവിതത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള സഹോദരീസഹോദരന്മാർ ചേർന്നുള്ളതാണ് ബാംഗ്ലൂരിലെ ബെഥേൽ കുടുംബം. വ്യക്തിത്വങ്ങളിലെ ഈ വൈവിധ്യം ബെഥേൽ കുടുംബത്തിന്റെ മനോഹാരിതയ്ക്കു മാറ്റുകൂട്ടുന്നുവെന്നിരിക്കെ, ഇടയ്ക്കൊക്കെ വെല്ലുവിളികൾ ഉയർത്താനും അതിനു കഴിയും. നിങ്ങൾ ബെഥേൽ സേവനത്തെ കുറിച്ചു ചിന്തിക്കുകയാണെങ്കിൽ സ്വയം ഇങ്ങനെ ചോദിക്കുന്നത് നന്നായിരിക്കും: ‘മറ്റുള്ളവർ എന്റെ അഭിപ്രായത്തോടു യോജിക്കാതിരിക്കുമ്പോൾ ഞാൻ എളുപ്പത്തിൽ വ്രണിതനാകാറുണ്ടോ? മറ്റുള്ളവർക്ക് എന്നോടു പൊരുത്തപ്പെട്ടുപോകാൻ എളുപ്പമാണോ?’ അത്തരം വശങ്ങളിൽ പുരോഗതി വരുത്തേണ്ടതുണ്ടെങ്കിൽ ഇപ്പോൾത്തന്നെ അതു തുടങ്ങുക. അപ്രകാരം ചെയ്യുന്നത് ബെഥേൽ കുടുംബാംഗങ്ങളോടൊപ്പമുള്ള ജീവിതം, വേല എന്നിവയുമായി വേഗത്തിൽ പൊരുത്തപ്പെടാൻ നിങ്ങളെ സഹായിക്കും.
23 യഹോവയുമായി ഒരു ഉറ്റ ബന്ധം നട്ടുവളർത്തിക്കൊണ്ട് ആത്മീയ വ്യക്തി ആയിരിക്കുന്നതിനു കഠിന ശ്രമം ചെയ്യുക. ദിവസേന ബൈബിൾ വായിക്കുന്നത് ഉൾപ്പെടെ വ്യക്തിപരമായി ഒരു നല്ല പഠന പരിപാടി ഉണ്ടായിരിക്കുക. മറ്റുള്ളവരുമായി സുവാർത്ത പങ്കുവെക്കുന്നതിൽ സജീവരായിരിക്കുക. ഇക്കാര്യങ്ങൾ ചെയ്യുകവഴി നിങ്ങൾ നിങ്ങളുടെ ആത്മീയ അഭിവൃദ്ധി പ്രകടമാക്കും. (1 തിമൊ. 4:15) മുഴുസമയ ശുശ്രൂഷയെ ജീവിതവൃത്തിയാക്കാൻ ഇപ്പോൾ തയ്യാറെടുക്കുന്നവരുടെ മുന്നിൽ എത്ര വിസ്മയകരമായ പ്രത്യാശകളാണ് ഉള്ളത്!
24 മാതാപിതാക്കളേ, നിങ്ങളുടെ മക്കളെ പരിശീലിപ്പിക്കുവിൻ: മുഴുസമയ ശുശ്രൂഷ തിരഞ്ഞെടുക്കാൻ തങ്ങളുടെ മക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി മാതാപിതാക്കൾക്ക് എന്തുചെയ്യാൻ കഴിയും? യേശു ഇങ്ങനെ പറഞ്ഞു: “ശിഷ്യൻ ഗുരുവിന്നു മീതെയല്ല, അഭ്യാസം തികഞ്ഞവൻ [“പൂർണമായി പ്രബോധിപ്പിക്കപ്പെട്ടവൻ,” NW] എല്ലാം ഗുരുവിനെപ്പോലെ ആകും.” (ലൂക്കൊ. 6:40) നന്നായി പരിശീലിപ്പിക്കപ്പെട്ട ഒരു വിദ്യാർഥി സ്വാഭാവികമായും അർപ്പണമനോഭാവമുള്ള തന്റെ ഗുരുനാഥന്റെ നല്ല ഗുണങ്ങൾ പ്രദർശിപ്പിക്കും. ക്രിസ്തീയ മാതാപിതാക്കൾ “ദൈവഭക്തിക്കു തക്കവണ്ണം” തങ്ങളുടെ മക്കളെ പരിശീലിപ്പിക്കുന്നതിൽ കഠിനാധ്വാനം ചെയ്യവേ, ഈ തത്ത്വം അവർക്കു ചിന്തയ്ക്കുള്ള വക നൽകുന്നു. (1 തിമൊ. 4:7) ആത്മീയ കാര്യങ്ങളോടു മാതാപിതാക്കൾക്കുളള മനോഭാവംതന്നെ കുട്ടികളും പ്രതിഫലിപ്പിക്കാൻ ചായ്വു കാണിക്കുമെന്നതിനാൽ, മാതാപിതാക്കൾ തങ്ങളോടുതന്നെ ഇപ്രകാരം ചോദിക്കുന്നത് നല്ലതായിരിക്കും: ‘യഹോവയുടെ സത്യാരാധനയെ ഉന്നമിപ്പിക്കുന്നതിനായി ബെഥേലിൽ നിർവഹിക്കപ്പെടുന്ന വേലയെ ഞങ്ങൾ വ്യക്തിപരമായി വിലമതിക്കുന്നുണ്ടോ? ബെഥേൽ ക്രമീകരണത്തിന്മേലുള്ള യഹോവയുടെ അനുഗ്രഹത്തെ ഞങ്ങൾ തിരിച്ചറിയുന്നുണ്ടോ? ഞങ്ങളുടെ മക്കളെ സംബന്ധിച്ചിടത്തോളം, ജീവിതം മുഴുവൻ യഹോവയുടെ സേവനത്തിൽ ചെലവഴിക്കുന്നതാണ് തിരഞ്ഞെടുക്കാവുന്നതിൽ ഏറ്റവും മികച്ച ജീവിതവൃത്തി എന്ന് ഞങ്ങൾ വിശ്വസിക്കുന്നുണ്ടോ?’ ബെഥേൽ സേവനത്തോടും അവിടെ നിർവഹിക്കപ്പെടുന്ന വേലയോടും നമുക്കുള്ള ഹൃദയംഗമമായ വിലമതിപ്പ് സമാനമായ മനോഭാവം നമ്മുടെ കുട്ടികളിലും ഉൾനടാൻ നമ്മെ സഹായിക്കും.
25 എല്ക്കാനായ്ക്കും ഹന്നായ്ക്കും സത്യാരാധനയോട് ആഴമായ വിലമതിപ്പ് ഉണ്ടായിരുന്നു. അവർ ഇന്നത്തെ ക്രിസ്തീയ മാതാപിതാക്കൾക്ക് ശ്രദ്ധേയമായ ഒരു മാതൃക വെച്ചു. പുരാതന ഇസ്രായേലിൽ സംവത്സരത്തിൽ മൂന്നു പ്രാവശ്യം സമാഗമന കൂടാരത്തിൽ “കർത്താവായ യഹോവയുടെ മുമ്പാകെ വരേണം” എന്ന നിബന്ധന പുരുഷന്മാർക്കു മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നിരുന്നാലും, യഹോവയുടെ ആരാധനയുടെ ഈ കേന്ദ്രത്തിൽ യാഗം കഴിക്കാനായി, എല്ക്കാനാ തന്റെ മുഴു കുടുംബവുമൊത്ത് “ആണ്ടുതോറും” 30 കിലോമീറ്റർ—സാധ്യതയനുസരിച്ച് കാൽനടയായി—യാത്രചെയ്യുക പതിവായിരുന്നു. (പുറ. 23:17; 1 ശമൂ. 1:3, 4, 9, 19; 2:19) ആത്മീയ കാര്യങ്ങളോടുള്ള തന്റെ വ്യക്തിപരമായ താത്പര്യത്തിൽ മുഴുകുടുംബവും പങ്കുപറ്റണമെന്ന് ഈ കുടുംബനാഥൻ ആഗ്രഹിച്ചു എന്ന് വ്യക്തം.
26 സത്യാരാധനയിൽ തന്റെ ഭർത്താവിനുള്ള താത്പര്യത്തിൽ ഹന്നാ പങ്കുചേർന്നു. സമാഗമന കൂടാരത്തിലെ സത്യാരാധനയെ പിന്തുണയ്ക്കാൻ എന്തെങ്കിലും നൽകുന്നതിനു തനിക്കുള്ള കടപ്പാട് അവൾക്കു ശക്തമായി അനുഭവപ്പെട്ടു. യഹോവ തനിക്ക് ഒരു പുത്രനെ തന്നാൽ, സമാഗന കൂടാരത്തിലെ സേവനത്തിനായി താൻ അവനെ നൽകാമെന്ന് ഹന്നാ നേർന്നു. (1 ശമൂ. 1:11) ഒരു ഭർത്താവിന് തന്റെ ഭാര്യയുടെ അനുചിതമായ നേർച്ച അസാധുവാക്കാനുള്ള അനുവാദം മോശൈക ന്യായപ്രമാണം നൽകിയിരുന്നു. (സംഖ്യാ. 30:6-8) എന്നിരുന്നാലും, സത്യാരാധനയുടെ ആ പ്രകടനത്തെ താനും പിന്തുണയ്ക്കുന്നു എന്നു പ്രകടമാക്കിക്കൊണ്ട് ഹന്നായുടെ നേർച്ച എല്ക്കാനാ ശരിവെച്ചതായി കാണപ്പെടുന്നു!—1 ശമൂ. 1:22, 23.
27 അവർ കാഴ്ചവെച്ച വിലമതിപ്പും നല്ല മനോഭാവവും അവരുടെ പുത്രനായ ശമൂവേലിനെ ക്രിയാത്മകമായ ഒരു വിധത്തിൽ സ്വാധീനിച്ചോ? ഉവ്വ്, തീർച്ചയായും. ഒരു ബാലൻ എന്ന നിലയിൽ ശമൂവേൽ മനസ്സൊരുക്കത്തോടും വിശ്വസ്തതയോടും കൂടി തന്റെ നിയമിത ജോലികൾ ചെയ്തു. അങ്ങനെ ദൈവസേവനത്തിലെ കൂടുതലായ പദവികൾക്കായി അവൻ പരിശീലിപ്പിക്കപ്പെട്ടു. സമാഗമന കൂടാരത്തിലെ ശമൂവേലിന്റെ സേവനത്തിൽ എല്ക്കാനായും ഹന്നായും കാണിച്ച താത്പര്യം അവൻ അവിടെ വേലയിൽ പ്രവേശിച്ചതോടെ നിലച്ചുപോയില്ല. അവൻ മുഴുസമയ ശുശ്രൂഷയിൽ തുടരവേ, അവർ ക്രമമായി അവനെ സന്ദർശിച്ച് പ്രോത്സാഹനവും പിന്തുണയും നൽകിപ്പോന്നു.—1 ശമൂ. 2:18, 19.
28 എല്ക്കാനായും ഹന്നായും ഇന്നത്തെ ക്രിസ്തീയ മാതാപിതാക്കൾക്ക് അനുകരിക്കാൻ കഴിയുന്ന എത്ര ശ്രദ്ധേയമായ മാതൃകയാണു വെച്ചത്! ബെഥേൽ സേവനത്തോടുള്ള നമ്മുടെ ഹൃദയംഗമമായ വിലമതിപ്പിന്റെ വാക്കുകൾ നമ്മുടെ മക്കൾ കേൾക്കുമ്പോൾ, രാജ്യ താത്പര്യങ്ങളെ ഉന്നമിപ്പിക്കുന്നതിൽ നാം കാട്ടുന്ന ആത്മത്യാഗ മനോഭാവം അവർ കാണുമ്പോൾ, അവരും മറ്റുള്ളവരെ സേവിക്കാൻ ചായ്വുള്ള ഒരു ഹൃദയനില വളർത്തിയെടുക്കും. അനേകം മാതാപിതാക്കൾ ആരോഗ്യകരമായ ഈ പ്രവണത തങ്ങളുടെ കുട്ടികളുടെ ഹൃദയങ്ങളിൽ വിജയപ്രദമായി ഉൾനടുന്നുണ്ട്. ഏഴു വയസ്സുള്ള ഒരു പെൺകുട്ടി ഇങ്ങനെ എഴുതി: “വലുതാകുമ്പോൾ, എനിക്കും ബെഥേലിൽ പോകണം. ഞാൻ അവിടെ ചെയ്യാൻ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. (1) വീക്ഷാഗോപുരം, ഉണരുക! മാസികകൾ ടൈപ്പു ചെയ്യൽ, (2) അവിടെയുള്ള ആർട്ട് സെക്ഷനിൽ ജോലി ചെയ്യൽ, (3) തുണി മടക്കിവെക്കൽ. ഏതു ജോലിയാണെങ്കിലും കുഴപ്പമില്ല.” അത്തരം മനസ്സൊരുക്കം നമ്മുടെ കുട്ടികളുടെ ഹൃദയത്തിൽ വളർന്നുവരുന്നതു കാണുന്നത് എത്ര പ്രോത്സാഹജനകമാണ്!
29 യുവജനങ്ങളേ, “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു” എന്ന് ഓർക്കുക. (1 യോഹ. 2:17) ബെഥേൽ സേവനം എന്ന വിശിഷ്ട പദവി ഉൾപ്പെടെ, ആത്മീയ ലാക്കുകൾ പിന്തുടരുന്നതിൽ തുടരുക. മാതാപിതാക്കളേ, ദൈവിക ഭക്തി നട്ടുവളർത്താൻ തങ്ങളുടെ മക്കളെ പ്രോത്സാഹിപ്പിച്ച പുരാതന നാളുകളിലെ വിശ്വസ്തരുടെ മാതൃക അനുകരിക്കുക. (2 പത്രൊ. 3:12) നമ്മുടെ മഹാ സ്രഷ്ടാവിനെ കഴിവിന്റെ പരമാവധി സേവിക്കാൻ നമ്മുടെ യുവ സഹോദരീസഹോദരന്മാരെ സഹായിക്കുന്നതിൽ നമുക്കേവർക്കും നമ്മുടെ പങ്കു നിർവഹിക്കാം. കാരണം അത് ‘ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്ദത്തമുള്ളതാണ്.’—1 തിമൊ. 4:8; സഭാ. 12:1.
[4-ാം പേജിലെ ചതുരം]
ബെഥേൽ സേവനത്തിനുള്ള അടിസ്ഥാന യോഗ്യതകൾ
● സ്നാപനമേറ്റിട്ട് കുറഞ്ഞത് ഒരു വർഷം ആയിരിക്കണം
● യഹോവയോടും അവന്റെ സംഘടനയോടും ആഴമായ സ്നേഹമുള്ള ഒരു ആത്മീയവ്യക്തി ആയിരിക്കണം
● ആത്മീയവും മാനസികവും വൈകാരികവും ശാരീരികവുമായി നല്ല ആരോഗ്യം ഉണ്ടായിരിക്കണം
● ഇന്ത്യൻ പൗരനോ നിയമപരമായി ഇന്ത്യയിൽ സ്ഥിരതാമസം ആക്കിയ വ്യക്തിയോ ആയിരിക്കണം
● ഇംഗ്ലീഷ് നന്നായി വായിക്കാനും എഴുതാനും സംസാരിക്കാനും കഴിയണം
● 19-നും 35-നും മധ്യേ പ്രായമുള്ള വ്യക്തി ആയിരിക്കണം