“ദൈവഭവന”ത്തെ വിലമതിപ്പോടെ വീക്ഷിക്കുക
“ഞാൻ യഹോവയോട് ഒരു കാര്യം അപേക്ഷിച്ചു—അതു തന്നേ ഞാൻ അന്വേഷിക്കുന്നു, യഹോവയുടെ മാധുര്യം ആസ്വദിക്കാനും അവന്റെ മന്ദിരത്തെ വിലമതിപ്പോടെ വീക്ഷിപ്പാനും എന്റെ ജീവിതകാലം മുഴുവൻ ഞാൻ യഹോവയുടെ ഭവനത്തിൽ വസിക്കാൻതന്നേ.”—സങ്കീർത്തനം 27:4, NW.
ദാവീദ് രാജാവ് യഹോവയുടെ ആലയത്തെ വിലമതിപ്പോടെ വീക്ഷിച്ചു. അത് അദ്ദേഹത്തിന് ആനന്ദം പകർന്നു. ഇന്നത്തെ സത്യാരാധനയുടെ കേന്ദ്രങ്ങളെപ്പററി നിങ്ങൾക്ക് അങ്ങനെ തോന്നുന്നുണ്ടോ? വാച്ച് ടവർ സൊസൈററിയുടെ ബ്രാഞ്ചുകളായുള്ള 95-ലധികം വരുന്ന ബെഥേൽ ഭവനങ്ങൾ ഉണ്ട്. നമ്മുടെ നാളിൽ യഹോവയുടെ ആരാധനയുമായി ബന്ധപ്പെട്ട സൗകര്യങ്ങളിൽ ഇവയും പെടുന്നു.
“ബെഥേൽസേവനത്തിന്റെ അനേകം വർഷങ്ങളിലേക്കു പിന്തിരിഞ്ഞുനോക്കുമ്പോൾ വർഷങ്ങൾകൊണ്ടു വളർന്നുവന്ന ആഴത്തിലുള്ള കൃതജ്ഞതയും അതിയായ വിലമതിപ്പും എന്നിൽ നിറയുകയാണ്.” 1948 മുതൽ ജർമനിയിലെ ബെഥേലിൽ സേവനം ചെയ്യുന്ന ഹെൽഗായുടെ വാക്കുകളാണവ. ലോകവ്യാപകമായി, ‘യഹോവയുടെ മാധുര്യം ആസ്വദിച്ച’ 13,828 സന്തോഷഭരിതരായ ബെഥേൽ സേവകരിൽ ഒരുവളാണ് ഹെൽഗാ. ആകട്ടെ, ബെഥേൽ എന്ന പേര് കൃത്യമായി അർഥമാക്കുന്നത് എന്താണ്? യഹോവയുടെ സാക്ഷികളിൽ ഓരോരുത്തർക്കും, തങ്ങൾ ദൈവത്തെ സേവിക്കുന്നത് ബെഥേലിന് അകത്തായാലും പുറത്തായാലും ഈ ക്രമീകരണത്തെ വിലമതിപ്പോടെ വീക്ഷിക്കാൻ കഴിയുന്നതെങ്ങനെയാണ്?
ഭക്തി ആവശ്യപ്പെടുന്ന ഒരു പേര്
എബ്രായ പദമായ ബെഥ്-ഏൽ അർഥമാക്കുന്നത് “ദൈവഭവനം” എന്നായതുകൊണ്ട് “ബെഥേൽ” ഏററവും ഉചിതമായ പേരാണ്. (ഉൽപ്പത്തി 28:19, NW അടിക്കുറിപ്പ്) അതേ, ദൈവത്തെയും അവന്റെ ഇഷ്ടത്തെയും കേന്ദ്രബിന്ദുവാക്കിക്കൊണ്ടുള്ള, നന്നായി ക്രമീകരിക്കപ്പെട്ട ഒരു ഭവനത്തോട് അല്ലെങ്കിൽ ‘ജ്ഞാനംകൊണ്ടു പണിത ഒരു ഭവന’ത്തോട് സദൃശമാണ് ബെഥേൽ. (സദൃശവാക്യങ്ങൾ 24:3) “അത് ഒരു കുടുംബത്തിൽ ജീവിക്കുന്നതുപോലെയാണ്. നല്ല അടുക്കും ചിട്ടയുമുള്ള ഒരു ദിനചര്യയാണ് ദിവസേന ഞങ്ങൾക്കുള്ളത്” എന്നു പറഞ്ഞുകൊണ്ട് ഹെർററാ വിലമതിപ്പു പ്രകടിപ്പിക്കുന്നു. അവർ കഴിഞ്ഞ 45 വർഷമായി ഹെൽഗാ സേവിക്കുന്ന അതേ ബെഥേലിൽ സേവിക്കുകയാണ്. ഈ വലിയ കുടുംബത്തിലെ ഓരോ അംഗത്തിനും അവരവരുടേതായ ജോലിയും സ്ഥാനവുമുണ്ട്. ഇതുമുഖാന്തരം താൻ സന്തുഷ്ടനും സുരക്ഷിതനുമാണെന്നു തോന്നാൻ ഓരോ വ്യക്തിക്കും കഴിയുന്നു. ബെഥേൽ എന്ന പേരിനു ചേർച്ചയിൽ നല്ല ക്രമീകരണവും സംഘാടനവും ഓരോ ഡിപ്പാർട്ടുമെൻറിന്റെയും മുഖമുദ്രയാണ്. ഇതു സമാധാനത്തെ ഊട്ടിവളർത്തുകയും ഫലപ്രദമായ സുവാർത്താ പ്രസംഗം സാധ്യമാക്കുകയും ചെയ്യുന്നു. കൂടാതെ, ഇത് “ദൈവഭവന”ത്തെ അങ്ങേയററം ആദരവോടെ വീക്ഷിക്കാൻ സഭകൾക്കു ന്യായമായ കാരണം നൽകുകയും ചെയ്യുന്നു.—1 കൊരിന്ത്യർ 14:33, 40.
അത്തരം സൗകര്യങ്ങൾ അത്യാവശ്യമായിരിക്കുന്നത് എന്തുകൊണ്ടാണ്? ഉദാഹരണത്തിന്, ഈ മാസികയുടെ ഉത്പാദനം നടന്നത് ഒരു ബെഥേൽ അച്ചടിശാലയിലാണ്. യേശുക്രിസ്തു മുൻകൂട്ടിക്കണ്ട രാജ്യസന്ദേശത്തിന്റെ പ്രസംഗത്തിനും ആത്മീയ ഭക്ഷണത്തിന്റെ വിതരണത്തിനും സ്വമേധയാ സേവകർ പിന്തുണക്കുന്ന, യഹോവയുടെ എല്ലാ ആരാധകരും ബഹുമാനിക്കുന്ന, ബെഥേൽപോലുള്ള സംഘടനാപരമായ ക്രമീകരണങ്ങൾ ഒഴിച്ചുകൂടാൻപററാത്തവയാണ്.—മത്തായി 24:14, 45.
ഇവിടത്തെ ജോലിദിവസത്തിലെ ദിനചര്യയെക്കുറിച്ചു കൂടുതൽ അറിയാൻ നിങ്ങൾ ഇഷ്ടപ്പെടുന്നുവോ? ഹെൽഗായും ഹെർററായും താമസിക്കുന്നിടത്തെ കാര്യമെടുക്കാം. താമസസൗകര്യമുള്ള എല്ലാ കെട്ടിടങ്ങളിലും രാവിലെ 6:30-നു മണിയടിക്കും, ശ്രുതിമധുരമായ ഒരു മണിനാദം. പക്ഷേ, അതിനുമുമ്പേതന്നെ 800-ഓളംവരുന്ന സ്ഥിരജോലിക്കാർ എഴുന്നേററ് ആ ദിവസത്തേക്കുവേണ്ടി ഒരുങ്ങുകയായിരിക്കും. തിങ്കൾമുതൽ ശനിവരെ രാവിലെ 7 മണിക്ക് കുടുംബാംഗങ്ങൾ ദിനവാക്യചർച്ചയ്ക്ക് അല്ലെങ്കിൽ പ്രഭാത ആരാധനയ്ക്ക് ഭക്ഷണഹാളിൽ ഒരുമിച്ചു കൂടുന്നു. അതിനുശേഷം, പോഷകസമ്പന്നമായ ഒരു പ്രാതൽ. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ഓരോ ജോലിദിവസത്തിലും ജോലിസമയം ആകെ 8 മണിക്കൂറാണ്. അതിന് ഇടയിൽ ഒരു ഇടവേള കാണും, ഉച്ചയ്ക്ക് ഊണിനുവേണ്ടി. (ശനിയാഴ്ച സാധാരണമായി ഉച്ചവരെ മാത്രമേ ജോലിയുണ്ടാകുകയുള്ളൂ.) അടുക്കള, അച്ചടിശാല, അലക്കുശാല, ഓഫീസ്, വർക്ക്ഷോപ്പ്, പുസ്തകം ബയൻഡ് ചെയ്യുന്നിടം എന്നിവയോ മറേറതു ഡിപ്പാർട്ടുമെന്റോ ആയാലും അവിടെയൊക്കെ ചെയ്തുതീർക്കാൻ വളരെയധികം വേലയുണ്ട്.
സായാഹ്നങ്ങളിലും വാരാന്തങ്ങളിലും കുടുംബാംഗങ്ങൾ യോഗങ്ങൾക്കും പരസ്യപ്രസംഗ ശുശ്രൂഷയ്ക്കുംവേണ്ടി പ്രാദേശിക സഭയിൽ പോകുന്നു. ബെഥേലിൽനിന്നുള്ള പല സഹോദരൻമാരും ഈ സഭകളിൽ മൂപ്പൻമാരോ ശുശ്രൂഷാദാസൻമാരോ ആണ്. ഈ സഹകരണത്തെ ശരിക്കും വിലമതിക്കുന്നവരാണ് പ്രദേശത്തെ സാക്ഷികൾ. രണ്ടു കൂട്ടരും ഒരു സംഘമെന്ന നിലയിൽ പരസ്പര ആദരവോടെയും പരിഗണനയോടെയും യോജിപ്പിൽ പ്രവർത്തിക്കുന്നു. (കൊലൊസ്സ്യർ 2:19) “ദൈവഭവന”ത്തിലെ നിയമനത്തിന് മററുള്ള പ്രവർത്തനങ്ങളെ അപേക്ഷിച്ച് മുൻഗണനയുണ്ടെന്ന് ഓരോ ബെഥേൽസേവകനും അറിയാം. എന്നിരുന്നാലും, സന്തുലിതമായ ഒരു മനോഭാവത്തോടെ പ്രസംഗവേലയ്ക്കുള്ള ആവേശവും സഭാകാര്യങ്ങളിലുള്ള ഉൾപ്പെടലും ബെഥേൽസേവകന്റെ ആത്മീയതയ്ക്കു കരുത്തേകുന്നു, അയാളുടെ സന്തോഷത്തെ വർധിപ്പിക്കുന്നു, അയാളെ കുടുംബത്തിൽ കൂടുതൽ ഫലോൽപ്പാദകനായ ഒരു അംഗമാക്കിത്തീർക്കുന്നു. മുഴുദേഹിയോടുകൂടിയ അർപ്പണത്തോടു ബന്ധപ്പെട്ട പേരുള്ള ഒരു “ഭവന”ത്തിൽ വേലചെയ്യുമ്പോൾ ഈ ഗുണങ്ങളെല്ലാം എത്ര നിർണായകം!
ബെഥേൽ സേവനത്തെ ഒരു വിജയമാക്കൽ
ബെഥേൽ സേവനം ഒരു വിജയമാക്കാൻ യഹോവയുടെ സാക്ഷികളിൽ അനവധിപേരെ എന്താണ് സഹായിച്ചിരിക്കുന്നത്? അനേകവർഷത്തെ അനുഭവസമ്പത്തുള്ള ഫ്രാൻസിലെ ബെഥേൽ കുടുംബാംഗങ്ങൾ പിൻവരുന്നപ്രകാരം അഭിപ്രായപ്പെടുന്നു: “യഹോവയോടുള്ള സ്നേഹം. അവൻ നമ്മെ എവിടെ ആക്കിവെച്ചാലും അവിടെ ഉറച്ചുനിൽക്കാനുള്ള ദൃഢനിശ്ചയം ഉണ്ടായിരിക്കൽ; താഴ്മ, കീഴ്പെടൽ, സൊസൈററി നൽകുന്ന നിർദേശങ്ങൾ അനുസരിക്കൽ.” (ഡനീസ്) “‘പരസ്പരം ആദരിക്കുന്നതിൽ മുൻകൈയെടുക്കുക’ എന്ന് പൗലോസ് റോമർ 12:10-ൽ [NW] സൂചിപ്പിച്ച തത്ത്വം കാര്യമായിട്ടെടുക്കുന്നത് എത്ര പ്രധാനമാണെന്ന് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. നമ്മുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ മററുള്ളവർ സ്വീകരിക്കണമെന്നു നിർബന്ധിക്കുന്നതിനു പകരം മററുള്ളവരുടെ അഭിപ്രായങ്ങൾ നാം കണക്കിലെടുക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ തിരുവെഴുത്തു നമുക്കു കാണിച്ചുതരുന്നത്. മററുവാക്കുകളിൽ പറഞ്ഞാൽ, പ്രാമുഖ്യത തേടാതിരിക്കൽ.” (സ്സാൻ സ്സാക്) “കാര്യങ്ങളെ നാം ജഡികമായ, മാനുഷികമായ കാഴ്ചപ്പാടിലൂടെ വീക്ഷിച്ചാൽ ബെഥേൽ സേവനത്തോടുള്ള നമ്മുടെ ആദരവ് അവതാളത്തിലായേക്കാം. കാരണം യഹോവയാണ് തന്റെ സ്ഥാപനത്തെ നയിക്കുന്നത് എന്ന വസ്തുത നാം മറന്നുകളയാൻ ഇത് ഇടയാക്കും. നാം മററുള്ളവരുടെ അപൂർണതകളിൽ ഇടറുന്നെങ്കിൽ അത്തരം ആദരവ് കൈവിട്ടുപോകും” എന്ന് ബാർബരാ പറയുന്നു.
ബെഥേലിലുള്ള ഓരോരുത്തരും അപൂർണരാണ്. അതുകൊണ്ട്, സഹവാസത്തിനു ശ്രദ്ധാപൂർവകമായ ചിന്ത കൊടുക്കേണ്ടതുണ്ട്. ചെറുപ്പക്കാരോ പുതിയവരോ സഹവാസം തങ്ങളുടെ സമപ്രായക്കാരുമായി മാത്രം പരിമിതപ്പെടുത്താതിരിക്കുന്നതാണ് നല്ലത്. പരാതി പറയാനോ നിഷേധാത്മകമായി ചിന്തിക്കാനോ പ്രവണത കാട്ടുന്നവർ ബെഥേലിലായാലും സഭയിലായാലും കെട്ടുപണിചെയ്യുന്ന സഹവാസമല്ല. നേരേമറിച്ച്, യാക്കോബ് 3:17-ൽ വർണിച്ചിരിക്കുന്ന “ഉയരത്തിൽനിന്നുള്ള ജ്ഞാന”ത്തെ അനുകരിക്കുന്നത് അനുഗ്രഹങ്ങൾ കൈവരുത്തും. ഇതോ “ഒന്നാമതു നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു.” ഇവയ്ക്കുപുറമേ, “ദൈവഭവന”ത്തിൽ ദീർഘക്ഷമ, ദയ എന്നീ ഗുണങ്ങളും ശ്രദ്ധേയമാണ്. അവ ഒരുവന്റെ അവിടത്തെ താമസത്തെ സുഖകരവും ഉത്തേജനാത്മകവുമാക്കുന്നു. സേവകരുടെ നല്ല പെരുമാററം, സൗഹൃദം, സന്തോഷം തുളുമ്പുന്ന ആവേശം എന്നിവയെ സാക്ഷികളല്ലാത്ത സന്ദർശകർപോലും പലപ്പോഴും പ്രശംസിക്കാറുണ്ട്.
1956 മുതൽ ജർമനി ബെഥേൽകുടുംബാംഗമായ, 70 കഴിഞ്ഞ ആനി, സേവനസന്നദ്ധത എങ്ങനെ നിലനിർത്തുന്നു എന്നു വിശദമാക്കുന്നു: “എന്റെ ആത്മീയ ക്ഷേമത്തിനുവേണ്ടി, സൊസൈററിയുടെ പ്രസിദ്ധീകരണങ്ങൾ അപ്പൊപ്പോൾ വായിക്കാൻ, യോഗങ്ങൾക്കു നിരന്തരം ഹാജരാകാൻ, പ്രസംഗവേലയിൽ ഒരു ക്രമമായ പങ്കുണ്ടായിരിക്കാൻ ഞാൻ വലിയ ശ്രമം നടത്തുന്നു. എന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാനും ഞാൻ ശ്രമിക്കുന്നുണ്ട്. അതിനായി ഞാൻ ദിവസവും രാവിലെ വ്യായാമം ചെയ്യുന്നു. ലിഫ്ററ് മിക്കവാറും ഉപയോഗിക്കാറേയില്ല. സാധ്യമാകുമ്പോഴെല്ലാം നടക്കുകയാണ് പതിവ്, വിശേഷിച്ചും വയൽശുശ്രൂഷയിലായിരിക്കുമ്പോൾ.”
ബെഥേൽ ജീവിതത്തിൽ അനുഭവസമ്പത്തുള്ള അനേകർ ആനിയോടു യോജിക്കും. അവർ ഒരിക്കലും പഠനം വിട്ടുകളയില്ല, ജോലിയും നിർത്തുകയില്ല. ശാരീരിക ആരോഗ്യം നിലനിർത്തണമെങ്കിൽ അവർക്കു വേണ്ടത്ര ഉറക്കവും കുറെ വ്യായാമവും ആവശ്യമാണ്. കൂടാതെ ഭക്ഷണപാനീയങ്ങളിൽ മിതത്വവും പാലിക്കണം. എന്നാൽ എല്ലാററിലും പ്രധാനം അവർ വ്യക്തിപരമായ പ്രാർഥനയും ബൈബിളിന്റെ പഠനവും അവഗണിക്കുന്നില്ല എന്നതാണ്.
ബെഥേലിലെ വിശുദ്ധ സേവനത്തോടുള്ള അത്യാദരവ്
“നിങ്ങൾ എവിടെയാ ജോലി ചെയ്യുന്നേ?” ബെഥേൽ അംഗങ്ങളോടു സാധാരണ ചോദിക്കാറുള്ള ചോദ്യം. നാനാവിധത്തിലുള്ള ജോലിനിയമനങ്ങളുണ്ട്. എന്നാൽ സകലരുടെയും അങ്ങേയററത്തെ ആദരവ് അർഹിക്കുന്നതാണ് അവ ഓരോന്നും. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, ആത്മീയ ഭക്ഷണം അച്ചടിക്കുന്ന ഒരു യന്ത്രം പ്രവർത്തിപ്പിക്കൽ, തുണിയലക്കൽ, പാചകംചെയ്യൽ, മുറിവൃത്തിയാക്കൽ, ഓഫീസ്ജോലി ചെയ്യൽ എന്നിവയിൽ ഏതായാലും ഓരോ നിയമനവും വിശുദ്ധ സേവനമാണ്. മേൽസൂചിപ്പിച്ചപോലെ, ക്രിസ്ത്യാനികൾ പക്ഷപാതപരമായ വ്യത്യാസങ്ങൾ കൽപ്പിക്കുന്നില്ല. ആലയത്തിലും പ്രാകാരങ്ങളിലും ഭക്ഷണശാലകളിലും പുരോഹിതൻമാരും ലേവ്യരും നിവർത്തിച്ച സകല അത്യാവശ്യ കർത്തവ്യങ്ങളും യഹോവക്കുള്ള വിശുദ്ധ സേവനമായി പരിഗണിക്കപ്പെട്ടിരുന്നു എന്ന് ഓർമിക്കുക. ബലിക്കുവേണ്ടി മൃഗങ്ങളെ അറുത്ത് തയ്യാർ ചെയ്യുക, വിളക്കിൽ എണ്ണ നിറയ്ക്കുക എന്നിവയും പിന്നെ ശുചീകരണവും കാവൽക്കാരന്റെ കർത്തവ്യങ്ങളുടെ നിർവഹണവും പോലും അതിൽ ഉൾപ്പെട്ടിരുന്നു. അതുപോലെ, ബെഥേലിലെ ഓരോ നിയമനവും “കർത്താവിന്റെ വേലയി”ലെ തൃപ്തിവരുത്തുന്ന, തക്കമൂല്യമുള്ള പ്രവർത്തനമാണ്. അതുകൊണ്ടുതന്നെ വിശേഷ പദവിയുമാണ്.—1 കൊരിന്ത്യർ 15:58.
“ദൈവഭവന”ത്തെ വിലമതിപ്പോടെ വീക്ഷിക്കുന്നതിൽനിന്നും നമ്മെ തടയുന്ന ഒരു സ്വഭാവവിശേഷത്തെ ഹ്രസ്വമായി ഒന്നു പരിഗണിക്കുക. ബെഥേലിന് അകത്തും പുറത്തുമുള്ള ക്രിസ്ത്യാനികൾ അസൂയയ്ക്കും കണ്ണുകടിക്കുമെതിരെ ജാഗ്രത പുലർത്തേണ്ട ആവശ്യമുണ്ട്. അവ “അസ്തികൾക്കു ദ്രവത്വ”മാണ്. (സദൃശവാക്യങ്ങൾ 14:30) ബെഥേൽസേവകരുടെ സേവനപദവികളെക്കുറിച്ച് അസൂയപ്പെടാൻ ആർക്കും ഒരു കാരണവുമില്ല. അതിലുപരി, ബെഥേൽകുടുംബത്തിന് അകത്തും അസൂയയ്ക്കു സ്ഥാനമില്ല. അതു ജഡത്തിന്റെ പ്രവൃത്തികളിൽ ഒന്നാണ്. ഇനി, മററുള്ളവർക്ക് വലിയ പദവികൾ ലഭിച്ചിരിക്കുന്നു, തന്നെ തഴഞ്ഞിരിക്കുന്നു എന്നു തോന്നുന്നുവെങ്കിലോ, അയാൾക്കിതാ ന്യായയുക്തമായ ഒരു ബുദ്ധ്യുപദേശം: താഴ്മയോടെ കാത്തിരിക്കുക. എന്തിനധികം, സാമ്പത്തികമായി ഭിന്ന പശ്ചാത്തലമുള്ളവർ ബെഥേലിൽ അടുത്തിടപഴകി ഒരുമയിൽ കഴിയുന്നുണ്ട്. ഒരുവൻ “മററുള്ളവരുമായുള്ള താരതമ്യത്തിൽ” സാഹചര്യങ്ങളെ വിലയിരുത്തുന്നെങ്കിൽ അത് എത്ര നിരാശാജനകമായിരിക്കും! അനേകർ “ദൈവഭവന”ത്തിൽ പതിററാണ്ടുകളോളം വിശ്വസ്തരായി തുടർന്നിരിക്കുന്നു. “ഉൺമാനും ഉടുപ്പാനും” ഉള്ളതിലുള്ള സംതൃപ്തിയാണ് അവരെ അതിനു സഹായിക്കുന്നത്.—ഗലാത്യർ 5:20, 26; 6:4, NW; 1 തിമൊഥെയൊസ് 6:8.
യഹോവയുടെ സാക്ഷികളും മററു ലക്ഷക്കണക്കിനാളുകളും ബെഥേലിൽ നിർവഹിക്കപ്പെടുന്ന വേതനമില്ലാസേവനത്തിൽനിന്നു പ്രയോജനം അനുഭവിക്കുന്നു. ദൈവത്തോടും അയൽക്കാരനോടുമുള്ള നിസ്വാർഥമായ സ്നേഹമാണ് ഇവിടെ നിർവഹിക്കപ്പെടുന്ന വേലയ്ക്ക് ആധാരം. മററു ദിവ്യാധിപത്യസൗകര്യങ്ങളെപ്പോലെ ബെഥേൽഭവനങ്ങൾക്കും വാച്ച് ടവർ സൊസൈററിയുടെ അച്ചടിശാലകൾക്കും വേണ്ടിവരുന്ന പണം വരുന്നത് സ്വമേധയാ സംഭാവനകളിൽനിന്നാണ്. (2 കൊരിന്ത്യർ 9:7) ദാവീദ് രാജാവ്, ഇസ്രായേലിലെ പ്രഭുക്കൻമാർ, അധിപതിമാർ മുതലായവർ ചെയ്തതുപോലെ, സൊസൈററിക്കു ധാർമികവും സാമ്പത്തികവുമായ പിന്തുണ കൊടുത്തുകൊണ്ട്, “ദൈവഭവന”ത്തോടുള്ള ആദരവും വിലമതിപ്പും നമുക്കും പ്രകടമാക്കാവുന്നതാണ്. (1 ദിനവൃത്താന്തം 29:3-7) ബെഥേലിൽ “യഹോവയുടെ മാധുര്യം ആസ്വദിക്കു”ക സാധ്യമാണ്. നമുക്ക് അത് എങ്ങനെയെന്ന് കാണാം.
“ദൈവഭവന”ത്തിലെ അനുഗ്രഹങ്ങൾ
ഒരു സമ്മേളനത്തിൽ പങ്കെടുക്കുന്ന സമയത്ത്, യഹോവയുടെ സന്തുഷ്ടരായ ആരാധകരുടെ നടുവിലായിരിക്കുമ്പോൾ നിങ്ങൾക്ക് അതിയായ സംതൃപ്തി തോന്നുന്നുവോ? ഒന്നു വിഭാവന ചെയ്യുക, ഒരു ബെഥേൽസേവകന് ദിവസവും സഹോദരൻമാരുടെ ഒരു ഗണത്തിനു നടുവിൽ യഹോവയെ സേവിക്കുന്നതിനുള്ള പദവിയുണ്ട്! (സങ്കീർത്തനം 26:12) ആത്മീയ വളർച്ചയ്ക്ക് എന്തു വിശിഷ്ടമായ പ്രതീക്ഷകളാണ് അത് വെച്ചുനീട്ടുന്നത്! തന്റെ വ്യക്തിത്വത്തെ കരുപ്പിടിപ്പിക്കുന്നതിൽ ബെഥേലിനു പുറത്തു മൂന്നു വർഷംകൊണ്ടു പഠിച്ചതിനെക്കാൾ കൂടുതൽ ബെഥേലിൽ ഒരു വർഷത്തിനകം താൻ പഠിച്ചു എന്ന് ഒരു സഹോദരൻ പറയുകയുണ്ടായി. എന്തുകൊണ്ട്? പക്വതയുള്ള നിരവധി ക്രിസ്തീയ വ്യക്തിത്വങ്ങളുടെ വിശ്വാസം നിരീക്ഷിക്കാനും അനുകരിക്കാനും വേറൊരിടത്തും അദ്ദേഹത്തിന് അവസരം ഉണ്ടായിരുന്നില്ല എന്നതുതന്നെ കാരണം.—സദൃശവാക്യങ്ങൾ 13:20.
ബെഥേലിൽ ഒരു വ്യക്തി, ആലങ്കാരികമായി പറഞ്ഞാൽ, അനുഭവസമ്പന്നരായ ഉപദേശകരുടെ നടുവിലാണ്. അതിലുപരി, നന്നായി തയ്യാർചെയ്ത അഭിപ്രായങ്ങൾ പ്രഭാത ആരാധനാവേളയിലും ബെഥേൽകുടുംബാംഗങ്ങളുടെ വീക്ഷാഗോപുര അധ്യയനത്തിലും അവതരിപ്പിക്കപ്പെടുന്നതു കേൾക്കുന്നതിൽനിന്നുള്ള പ്രയോജനവും നേടുന്നു. ഇതുകൂടാതെ തിങ്കളാഴ്ച വൈകുന്നേരങ്ങളിലെ പ്രസംഗങ്ങളും കേൾക്കുന്നു. പുതുതായി എത്തുന്നവർക്ക് ബെഥേൽ പ്രവേശിതർക്കുള്ള സ്കൂളിൽനിന്നു പ്രബോധനവും ആദ്യത്തെ 12 മാസത്തിനുള്ളിൽ മുഴുബൈബിളും വായിച്ചുതീർക്കാനുള്ള ഒരു നിയമനവും ലഭിക്കുന്നു.
മററു രാജ്യങ്ങളിൽനിന്നു വരുന്ന സന്ദർശകരിൽനിന്നുള്ള റിപ്പോർട്ടുകളും അനുഭവങ്ങളും കൂടുതലായ പ്രോത്സാഹനം പ്രദാനംചെയ്യുന്നു. കൂടാതെ, ഭരണസംഘത്തിലെ അംഗങ്ങളുടെയോ അവരുടെ പ്രതിനിധികളുടെയോ സന്ദർശനവുമുണ്ട്. അതേക്കുറിച്ച് ഹെൽഗായുടെ അനുസ്മരണം ഇങ്ങനെയാണ്: “അവർക്ക് വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടെങ്കിലും ഒരു സൗഹാർദപരമായ വാക്കിനോ പുഞ്ചിരിക്കോവേണ്ടി സഹോദരൻമാർ എല്ലായ്പോഴും സമയം കണ്ടെത്തുന്നു.” അത്തരം വിശ്വസ്തരായ മനുഷ്യരുടെ നവോൻമേഷം പകരുന്ന, താഴ്മയുള്ള പെരുമാററം വ്യക്തിപരമായി നിരീക്ഷിക്കുന്നത് എത്ര പ്രോത്സാഹജനകം!
വിശേഷിച്ചും, ദൈവത്തിന്റെ സ്ഥാപനം എങ്ങനെ പ്രവർത്തിക്കുന്നു, അവന്റെ പരിശുദ്ധാത്മാവ് മനസ്സൊരുക്കമുള്ള ഹൃദയങ്ങളെയും ഹസ്തങ്ങളെയും എങ്ങനെ പ്രവർത്തനസജ്ജരാക്കുന്നു എന്നെല്ലാം ബെഥേലിൽ ഒരുവനു സസൂക്ഷ്മം നിരീക്ഷിക്കാനാവും. “പ്രവർത്തനത്തിന്റെ സിരാകേന്ദ്രവുമായി താൻ കൂടുതൽ അടുത്തിരിക്കുന്നു എന്ന് ബെഥേലിൽ ഒരുവന് തോന്നുന്നു.” 1949 മുതൽ ഫ്രാൻസിലെ ബെഥേലിൽ സേവിച്ചുകൊണ്ടിരിക്കുന്ന ഈ സഹോദരൻ തുടർന്നു പറയുന്നതു കേൾക്കൂ: “എന്നെ സംബന്ധിച്ച്, മുഴുസമയ സേവനത്തിന്റെ ഒരു രൂപമാണ് ബെഥേൽ എന്ന് എനിക്കു സത്യമായും പറയാനാവും. യഹോവയുടെ സേവനത്തിൽ പരമാവധി സമയവും ശക്തിയും അർപ്പിക്കാനും ഏററവും കൂടുതൽ സഹോദരങ്ങളെ സേവിക്കാനും അത് എനിക്ക് അവസരമൊരുക്കുന്നു.” അതല്ലേ നമ്മുടെ ജീവിതത്തിന്റെ യഥാർഥ ഉദ്ദേശ്യവും—ദൈവത്തിന്റെ ഇഷ്ടം ചെയ്യുക എന്നത്? ബെഥേലിൽ ഒരുവന് “ദിവസം മുഴുവനും സ്തുതികൾ അർപ്പിക്കാൻ” കഴിയുന്നു. എന്തൊരു അനുഗ്രഹം!—സങ്കീർത്തനം 44:8, NW.
നാം മനസ്സിലാക്കിയതുപോലെ, ബെഥേലിൽ സേവിക്കുന്ന ഒരുവന് യഹോവയുടെ മാധുര്യം ആസ്വദിക്കാനും വ്യാപകമായ തോതിലുള്ള അനുഗ്രഹങ്ങൾ ദർശിക്കാനും കഴിയും. (എബ്രായർ 6:10) “ദൈവഭവന”ത്തിലെ സേവനം നിങ്ങൾക്കു മൂല്യവത്തായിരിക്കുമോ? യഹോവയുടെ സാക്ഷികളിൽ 19 വയസ്സെങ്കിലും പ്രായമുള്ള, ആത്മീയമായും ശാരീരികമായും നല്ല ആരോഗ്യമുള്ള, “സഹോദരൻമാർക്ക് . . . നല്ല മതിപ്പു”ണ്ടായിരുന്ന തിമോത്തിയെപ്പോലുള്ളവർക്ക്, ബെഥേലിൽ സേവിക്കാൻ അപേക്ഷിക്കാവുന്നതാണ്. (അപ്പ. പ്രവർത്തനങ്ങൾ 16:2, പി.ഒ.സി. ബൈബിൾ) മേലുദ്ധരിച്ചവരെപ്പോലെയുള്ള അനേകർ ബെഥേൽ സേവനം തങ്ങളുടെ ജീവിതവൃത്തിയാക്കിയിരിക്കുന്നു. ‘തന്റെ ജീവിതത്തിലെ നാളുകൾ മുഴുവനും യഹോവയുടെ ഭവനത്തിൽ പാർക്കുക’ എന്നതു സങ്കീർത്തനക്കാരന്റെ അഗാധമായ അഭിവാഞ്ഛയായിരുന്നു. അത് ഇവരെ സംബന്ധിച്ചും ഒരു യാഥാർഥ്യമായിത്തീർന്നിരിക്കുന്നു.
ബെഥേലിൽ സ്വമനസ്സാലെ, സന്തോഷപൂരിതരായി നിയമനങ്ങൾ നിർവഹിക്കുന്ന തങ്ങളുടെ സഹോദരീസഹോദരൻമാർ പ്രകടമാക്കുന്ന ആത്മത്യാഗപരമായ ആത്മാവിനോട് യഹോവയുടെ സാക്ഷികൾക്കു വലിയ ആദരവുണ്ട്. നാം യഹോവയെ സേവിക്കുന്നത് ബെഥേലിലായാലും മറെറവിടെയായാലും ദാവീദ് രാജാവിനെപ്പോലെ തോന്നാൻ—“ദൈവഭവന”ത്തെ വിലമതിപ്പോടെ, അല്ലെങ്കിൽ ആഹ്ളാദത്തോടെ വീക്ഷിക്കാൻ—നമുക്ക് ഓരോരുത്തർക്കും നല്ല കാരണമുണ്ട്.
[31-ാം പേജിലെ ചിത്രം]
പതിററാണ്ടുകളായി ഈ ക്രിസ്ത്യാനികൾ ജർമനിയിലെ ബെഥേലിൽ വിശുദ്ധസേവനത്തിൽ സംതൃപ്തി കണ്ടെത്തിയിരിക്കുന്നു