“ഒരു മേൽവിചാരകൻ . . . ആത്മനിയന്ത്രണമുള്ളയാൾ ആയിരിക്കണം”
“ഒരു മേൽവിചാരകൻ . . . ആത്മനിയന്ത്രണമുള്ളയാൾ ആയിരിക്കണം.”—തീത്തോസ് 1:7, 8, NW.
1, 2. ഓറൻഷിലെ വില്യം നിയന്ത്രണത്തിന്റെ ഏതു മാതൃക പ്രദാനംചെയ്തു, പ്രയോജനകരമായ ഏതു ഫലങ്ങളോടെ?
ചരിത്രം വികാരങ്ങളുടെ നിയന്ത്രണം ഉൾപ്പെടുന്ന അത്യന്തം ശ്രദ്ധാർഹമായ ഒരു ദൃഷ്ടാന്തം നൽകുന്നു. 16-ാംനൂററാണ്ടിന്റെ മദ്ധ്യത്തിൽ യുവ ഡച്ച് രാജകുമാരനായിരുന്ന ഓറൻഷിലെ വില്യം, ഫ്രാൻസിലെ ഹെൻട്രി II-ാമൻ രാജാവിനോടൊത്ത് ഒരു നായാട്ടുപര്യടനത്തിലേർപ്പെട്ടിരിക്കുകയായിരുന്നു. രാജാവ് ഫ്രാൻസിലെയും നെതർലാൻഡ്സിലെയും—യഥാർത്ഥത്തിൽ മുഴു ക്രൈസ്തവലോകത്തിലെയും—സകല പ്രോട്ടസ്ററൻറുകാരെയും തുടച്ചുനീക്കാൻ താനും സ്പെയിനിലെ രാജാവുംകൂടെ ചെയ്തിരിക്കുന്ന ആസൂത്രണം വില്യമിനോടു പറഞ്ഞു. യുവാവായിരുന്ന വില്യം തന്നേപ്പോലെ ഭക്തനായ ഒരു കത്തോലിക്കനാണെന്നുള്ള ധാരണയായിരുന്നു ഹെൻട്രി രാജാവിനുണ്ടായിരുന്നത്, തന്നിമിത്തമാണ് ഗൂഢാലോചനയുടെ വിശദാംശങ്ങളെല്ലാം തുറന്നുപറഞ്ഞത്. വില്യം കേട്ടത് അയാളെ അങ്ങേയററം ഭയപ്പെടുത്തി, കാരണം തന്റെ ഏററവും അടുത്ത സുഹൃത്തുക്കളിലനേകരും പ്രോട്ടസ്ററൻറുകാരായിരുന്നു, എന്നാൽ തന്റെ വിചാരമെന്താണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല; പകരം, രാജാവു പറഞ്ഞ സകല വിശദാംശങ്ങളിലും അദ്ദേഹം വലിയ താത്പര്യം പ്രകടമാക്കി.
2 എന്നാൽ വില്യം എത്രയും വേഗം ഗൂഢാലോചനയെ വിഫലമാക്കാൻ പദ്ധതികൾക്കു തുടക്കമിട്ടു, ഇത് ഒടുവിൽ നെതർലാൻഡ്സിനെ കത്തോലിക്കാഭരണത്തിൽനിന്ന് വിമുക്തമാക്കുന്നതിലേക്ക് നയിച്ചു. ഗൂഢാലോചനയെക്കുറിച്ച് ആദ്യം കേട്ടപ്പോൾ ആത്മനിയന്ത്രണം പാലിക്കാൻ വില്യമിനു കഴിഞ്ഞതുകൊണ്ട് അദ്ദേഹം “നിശബ്ദനായ വില്യം” എന്ന് അറിയപ്പെട്ടു. ഓറൻഷിലെ വില്യം വളരെ വിജയിച്ചതിനാൽ “അദ്ദേഹമായിരുന്നു ഡച്ച് റിപ്പബ്ലിക്കിന്റെ സ്വാതന്ത്ര്യത്തിന്റെയും മഹത്വത്തിന്റെയും യഥാർത്ഥ സ്ഥാപകൻ” എന്ന് നമ്മോടു പറയപ്പെട്ടിരിക്കുന്നു.
3. ക്രിസ്തീയമൂപ്പൻമാർ ആത്മനിയന്ത്രണം പാലിക്കുമ്പോൾ ആർക്കു പ്രയോജനംകിട്ടുന്നു?
3 തന്റെ നിയന്ത്രണം ഹേതുവായി നിശബ്ദനായ വില്യം തനിക്കും തന്റെ ജനത്തിനും വലിയ പ്രയോജനം ചെയ്തു. സമാനമായ ഒരു വിധത്തിൽ, ആത്മനിയന്ത്രണമെന്ന പരിശുദ്ധാത്മാവിന്റെ ഫലം ഇന്ന് ക്രിസ്തീയ മൂപ്പൻമാർ അഥവാ മേൽവിചാരകൻമാർ പ്രകടമാക്കേണ്ടതാണ്. (ഗലാത്യർ 5:22, 23) ഈ ഗുണം പ്രകടമാക്കുന്നതിനാൽ അവർ തങ്ങൾക്കുതന്നെയും സഭകൾക്കും പ്രയോജനം ചെയ്യുന്നു. മറിച്ച്, ആത്മനിയന്ത്രണം പാലിക്കുന്നതിൽ അവരുടെ ഭാഗത്തെ പരാജയത്തിന് കണക്കററ ദ്രോഹംചെയ്യാൻ കഴിയും.
ആത്മനിയന്ത്രണം—മൂപ്പൻമാർക്കുള്ള ഒരു വ്യവസ്ഥ
4. അപ്പോസ്തലായ പൗലോസിന്റെ ഏതു ബുദ്ധിയുപദേശം മൂപ്പൻമാർ ആത്മനിയന്ത്രണം പാലിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നു?
4 ഒരു മൂപ്പൻതന്നെയായിരുന്ന പൗലോസ് ആത്മനിയന്ത്രണത്തിന്റെ പ്രാധാന്യത്തെ വിലമതിച്ചു. എഫേസൂസിൽ തന്റെ അടുക്കൽ വന്ന മൂപ്പൻമാരെ ബുദ്ധ്യുപദേശിച്ചപ്പോൾ അവൻ അവരോടു പറഞ്ഞു: “നിങ്ങൾക്കുതന്നെയും മുഴു ആട്ടിൻകൂട്ടത്തിനും ശ്രദ്ധകൊടുക്കുക.” മററുള്ളവയുടെ കൂട്ടത്തിൽ, തങ്ങൾക്കുതന്നെ ശ്രദ്ധകൊടുക്കുന്നതിൽ ആത്മനിയന്ത്രണം പാലിക്കേണ്ടതിന്റെ, തങ്ങളുടെ നടത്തയെ സൂക്ഷിക്കേണ്ടതിന്റെ, ആവശ്യം ഉൾപ്പെട്ടിരുന്നു. തിമൊഥെയോസിനെഴുതിയപ്പോൾ പൗലോസ് ഇതേ ആശയം വ്യക്തമാക്കിക്കൊണ്ട് പറഞ്ഞു: “നിനക്കുതന്നെയും നിന്റെ പഠിപ്പിക്കലിനും നിരന്തരശ്രദ്ധ കൊടുക്കുക.” അങ്ങനെയുള്ള ബുദ്ധിയുപദേശം തങ്ങൾ പ്രസംഗിക്കുന്നത് നടപ്പിലാക്കുന്നതിലുപരി പ്രസംഗത്തിൽ ശ്രദ്ധിക്കാനുള്ള ചിലരുടെ ഭാഗത്തെ മനുഷ്യപ്രവണതയെക്കുറിച്ചുള്ള പൗലോസിന്റെ ഉത്ക്കണ്ഠയെ പ്രകടമാക്കി. അതുകൊണ്ട്, അവൻ ആദ്യമായി തങ്ങളേത്തന്നെ സൂക്ഷിക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറഞ്ഞു.—പ്രവൃത്തികൾ 20:28, NW; 1 തിമൊഥെയോസ് 4:16 NW.
5. ക്രിസ്തീയമൂപ്പൻമാർ എങ്ങനെ നിയമിക്കപ്പെടുന്നു, തിരുവെഴുത്തുകളിൽ അവരുടെ യോഗ്യതകൾ എവിടെ രേഖപ്പെടുത്തിയിരിക്കുന്നു?
5 വർഷങ്ങളിലുടനീളം, മൂപ്പൻമാരുടെ തിരുവെഴുത്തുധർമ്മം ക്രമേണ കൂടുതൽ വ്യക്തമായിത്തീർന്നിട്ടുണ്ട്. ഇന്ന്, മൂപ്പൻപദവി ഒരു നിയമിതസ്ഥാനമാണെന്ന് നാം മനസ്സിലാക്കുന്നു. മൂപ്പൻമാർ യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്താലോ അതിന്റെ നേരിട്ടുള്ള പ്രതിനിധികളാലോ നിയമിക്കപ്പെടുന്നു. ക്രമത്തിൽ, ആ സംഘം “വിശ്വസ്തനും വിവേകിയുമായ അടിമ”യെ പ്രതിനിധാനംചെയ്യുന്നു. (മത്തായി 24:45-47) ഒരു ക്രിസ്തീയമേൽവിചാരകനോ മൂപ്പനോ ആയിത്തീരുന്നതിനുള്ള യോഗ്യതകൾ മുഖ്യമായി അപ്പോസ്തലനായ പൗലോസ് 1 തിമൊഥെയോസ് 3:1-7ലും തീത്തോസ് 1:5-9ലും നൽകിയിട്ടുണ്ട്.
6, 7. മൂപ്പൻമാരുടെ ഏതു പ്രത്യേക യോഗ്യതകൾ ആത്മനിയന്ത്രണം ആവശ്യമാക്കിത്തീർക്കുന്നു?
6 ഒരു മേൽവിചാരകൻ ശീലങ്ങളിൽ മിതത്വമുള്ളയാളായിരിക്കണമെന്ന് 1 തിമൊഥെയോസ് 3:2, 3-ൽ പൗലോസ് പ്രസ്താവിക്കുന്നു. ഇതും ഒരു മൂപ്പൻ ക്രമമുള്ളയാളായിരിക്കേണ്ടതിന്റെ ആവശ്യകതയും ആത്മനിയന്ത്രണം പാലിക്കേണ്ടതാവശ്യമാക്കിത്തീർക്കുന്നു. ഒരു മേൽവിചാരകനായിരിക്കാൻ യോഗ്യതയുള്ള ഒരു മനുഷ്യൻ ഒരു തല്ലുകാരനല്ല, ഒരു വഴക്കാളിയല്ല. ഈ യോഗ്യതകളും ഒരു മേൽവിചാരകൻ ആത്മനിയന്ത്രണമുള്ളയാളായിരിക്കണമെന്നാവശ്യപ്പെടുന്നു. തന്നെയുമല്ല, ഒരു മൂപ്പൻ, വീഞ്ഞിനടിമപ്പെട്ട, അമിതമായി മദ്യപിച്ച് ബഹളമുണ്ടാക്കുന്ന, ഒരുവൻ ആയിരിക്കാതിരിക്കുന്നതിന് അയാൾ ആത്മനിയന്ത്രണം പാലിക്കണം.—1 തിമൊഥെയോസ് 3:2, 3-ന്റെ അടിക്കുറിപ്പുകളും കാണുക.
7 തീത്തോസ് 1:7, 8-ൽ ഒരു മേൽവിചാരകൻ ആത്മനിയന്ത്രണമുള്ളയാളായിരിക്കണമെന്ന് പൗലോസ് പ്രത്യേകമായി പ്രസ്താവിച്ചു. എന്നിരുന്നാലും, ഈ വാക്യങ്ങളിൽ പട്ടികപ്പെടുത്തിയിരിക്കുന്ന മററു വ്യവസ്ഥകളിൽ എത്രയെണ്ണത്തിൽ ആത്മനിയന്ത്രണം ഉൾപ്പെട്ടിരിക്കുന്നുവെന്ന് ശ്രദ്ധിക്കുക. ദൃഷ്ടാന്തത്തിന്, മേൽവിചാരകൻ കുററാരോപണത്തിൽനിന്ന് വിമുക്തനായിരിക്കണം, അതെ, അനിന്ദ്യനായിരിക്കണം. തീർച്ചയായും, ഒരു മൂപ്പൻ ആത്മനിയന്ത്രണം പാലിക്കാത്തപക്ഷം അയാൾക്ക് ആ യോഗ്യതകളിലെത്തിച്ചേരാൻ കഴികയില്ല.
മററുള്ളവരോട് ഇടപെടുമ്പോൾ
8. ബുദ്ധിയുപദേശം കൊടുക്കുന്നതിൽ മൂപ്പൻമാർക്ക് ആവശ്യമായിരിക്കുന്ന ഏതു ഗുണങ്ങൾ ആത്മനിയന്ത്രണത്തിന്റെ ആവശ്യത്തിന് അടിവരയിടുന്നു?
8 വീണ്ടും, ഒരു മേൽവിചാരകൻ സഹവിശ്വാസികളുമായി ഇടപെടുമ്പോൾ ക്ഷമയും ദീർഘക്ഷമയുമുള്ളയാളായിരിക്കണം, ഇതിന് ആത്മനിയന്ത്രണം ആവശ്യമാണ്. ദൃഷ്ടാന്തത്തിന്, ഗലാത്യർ 6:1-ൽ നാം ഇങ്ങനെ വായിക്കുന്നു: “സഹോദരൻമാരേ, ഒരു മനുഷ്യൻ വല്ല തെററിലും അകപ്പെട്ടുപോയെങ്കിൽ ആത്മികരായ നിങ്ങൾ [മുഖ്യമായി മൂപ്പൻമാർ] അങ്ങനെയുള്ളവനെ സൗമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവിൻ; നീയും പരീക്ഷയിൽ അകപ്പെടാതിരിക്കാൻ സൂക്ഷിച്ചുകൊൾക.” സൗമ്യതയുടെ ആത്മാവ് പ്രകടമാക്കുന്നതിന് ആത്മനിയന്ത്രണം ആവശ്യമാണ്. ആ കാരണത്താൽ, തന്റെമേൽത്തന്നെ ദൃഷ്ടി പതിപ്പിക്കുന്നതിൽ ആത്മനിയന്ത്രണവും ഉൾപ്പെടുന്നു. അതുപോലെതന്നെ, ക്ലേശത്തിലായിരിക്കുന്ന ഒരു വ്യക്തി സഹായത്തിനായി ഒരു മൂപ്പനെ സന്ദർശിക്കുമ്പോൾ, ആത്മനിയന്ത്രണം വളരെ പ്രധാനമാണ്. വ്യക്തിയെക്കുറിച്ച് മൂപ്പൻ എന്തു വിചാരിച്ചാലും, അയാൾ ദയയും ക്ഷമയും വിവേകവുമുള്ളയാളായിരിക്കണം. ബുദ്ധിയുപദേശം കൊടുക്കുന്നതിനു ധൃതികൂട്ടാതെ ശ്രദ്ധിക്കുന്നതിനും യഥാർത്ഥത്തിൽ വ്യക്തിയെ അസ്വസ്ഥനാക്കുന്നതായി തോന്നുന്നതെന്താണെന്ന് അയാളെക്കൊണ്ടുതന്നെ പറയിക്കുന്നതിനും മൂപ്പൻ സന്നദ്ധനായിരിക്കണം.
9. കുഴങ്ങിയ സഹോദരൻമാരോട് ഇടപെടുമ്പോൾ മൂപ്പൻമാർക്ക് ഏതു ബുദ്ധിയുപദേശം മനസ്സിൽ ഉണ്ടായിരിക്കണം?
9 വിശേഷിച്ച് കുഴങ്ങിയ ആളുകളോട് ഇടപെടുമ്പോൾ, യാക്കോബ് 1:19ലെ ഈ ബുദ്ധിയുപദേശം ഉചിതമാണ്: “പ്രിയസഹോദരൻമാരേ, നിങ്ങൾ അതു അറിയുന്നുവല്ലോ. എന്നാൽ ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിനു താമസവുമുള്ളവൻ ആയിരിക്കട്ടെ.” അതെ, വിശേഷാൽ കുപിതമോ വൈകാരികമോ ആയ പ്രതികരണങ്ങളെ അഭിമുഖീകരിക്കുമ്പോൾ, തിരിച്ച് അതേ രീതിയിൽ പ്രതികരിക്കാതിരിക്കാൻ ഒരു മൂപ്പൻ ശ്രദ്ധാലുവായിരിക്കണം. വികാരം മുററിയ വാക്കുകളെ വികാരംമുററിയ വാക്കുകൾകൊണ്ടുതന്നെ നേരിടാതിരിക്കാൻ, “തിൻമക്കു പകരം തിൻമ ചെയ്യാതിരിക്കാൻ” ആത്മനിയന്ത്രണം ആവശ്യമാണ്. (റോമർ 12:17) അതേ വിധത്തിൽ പ്രതികരിക്കുന്നത് കേവലം കാര്യങ്ങളെ കൂടുതൽ വഷളാക്കുന്നു. അതുകൊണ്ട് ഇവിടെയും ദൈവത്തിന്റെ വചനം മൂപ്പൻമാർക്ക് നല്ല ബുദ്ധിയുപദേശം കൊടുക്കുകയും “ഒരു ഉത്തരം, സൗമ്യമായിരിക്കുമ്പോൾ, ക്രോധം അകററിക്കളയുന്നു”വെന്ന് അവരെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.—സദൃശവാക്യങ്ങൾ 15:1, NW
മൂപ്പൻമാരുടെ യോഗങ്ങളിലും നീതിന്യായവിചാരണകളിലും ആത്മനിയന്ത്രണം
10, 11. മൂപ്പൻമാരുടെ യോഗങ്ങളിൽ ആത്മനിയന്ത്രണത്തിന്റെ ആവശ്യം പ്രകടമാക്കിക്കൊണ്ട് എന്തു സംഭവിച്ചിരിക്കുന്നു?
10 ക്രിസ്തീയ മേൽവിചാരകൻമാർ ആത്മനിയന്ത്രണം പ്രകടമാക്കാൻ ശ്രദ്ധിക്കേണ്ട ആവശ്യമുള്ള മറെറാരു മണ്ഡലം മൂപ്പൻമാരുടെ യോഗങ്ങളുടെ സമയമാണ്. സത്യത്തിന്റെയും നീതിയുടെയും താത്പര്യത്തിൽ ശാന്തമായി തുറന്നുസംസാരിക്കുന്നതിന്, ചിലപ്പോൾ വലിയ ആത്മനിയന്ത്രണം ആവശ്യമാണ്. ഒരു ചർച്ചയെ ഭരിക്കാൻ ശ്രമിക്കുന്നതൊഴിവാക്കാനും ആത്മനിയന്ത്രണം ആവശ്യമാണ്. ഒരു മൂപ്പന് അങ്ങനെയുള്ള ഒരു പ്രവണതയുള്ളപ്പോൾ മറെറാരു മൂപ്പൻ അയാൾക്ക് ബുദ്ധിയുപദേശം കൊടുക്കുന്നത് ഒരു ദയ ആയിരിക്കും.—3 യോഹന്നാൻ 9 താരതമ്യപ്പെടുത്തുക.
11 ഇനിയും, മൂപ്പൻമാരുടെ യോഗങ്ങളിൽ, അമിതോത്സാഹിയായ ഒരു മൂപ്പൻ വികാരാധീനനാകാൻ, തന്റെ ശബ്ദം ഉയർത്താൻപോലും, പരീക്ഷിക്കപ്പെട്ടേക്കാം. അങ്ങനെയുള്ള പ്രവർത്തനങ്ങൾ എത്രയധികമായി ആത്മനിയന്ത്രണത്തിന്റെ അഭാവം വെളിപ്പെടുത്തുന്നു! അവ യഥാർത്ഥത്തിൽ ഇരട്ടിയായ സ്വയം പരാജയപ്പെടുത്തൽപോലുമാണ്. ഒരു വശത്ത്, ഒരു വ്യക്തിക്ക് എത്രത്തോളം ആത്മനിയന്ത്രണം നഷ്ടപ്പെടുന്നുവോ അത്രത്തോളം അയാൾ യുക്തിയുടെമേൽ നിഴൽവീഴ്ത്താൻ വികാരത്തെ അനുവദിച്ചുകൊണ്ട് തന്റെ വാദത്തെ ദുർബലമാക്കുന്നു. മറുവശത്ത്, ഒരു വ്യക്തി എത്രത്തോളം വികാരാധീനനാകുന്നുവോ അത്രത്തോളം അയാൾ സഹമൂപ്പൻമാരെ അസ്വസ്ഥരാക്കുകയോ പിണക്കുകയോ ചെയ്യുന്നു. മാത്രവുമല്ല, മൂപ്പൻമാർ ശ്രദ്ധാലുക്കൾ ആയിരിക്കാത്ത പക്ഷം, രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങൾ അവരുടെ അണികളിൽ ഭിന്നതക്കിടയാക്കിയേക്കാം. ഇത് അവരുടെ സ്വന്തം ദ്രോഹത്തിനും സഭയുടെ ദ്രോഹത്തിനും ഇടയാക്കുന്നു.—പ്രവൃത്തികൾ 15:36-40 താരതമ്യപ്പെടുത്തുക.
12. ഏതു സാഹചര്യങ്ങൾ കൈകാര്യംചെയ്യുമ്പോൾ മൂപ്പൻമാർ ആത്മനിയന്ത്രണം പാലിക്കാൻ ശ്രദ്ധാലുക്കൾ ആയിരിക്കണം?
12 പക്ഷപാതിത്വം കാണിക്കുന്നതോ അധികാരദുർവിനിയോഗം നടത്തുന്നതോ ഒഴിവാക്കുന്നതിനും ആത്മനിയന്ത്രണം വളരെയധികം ആവശ്യമാണ്. പരീക്ഷക്ക് കീഴ്പ്പെടുന്നത്, ഒരുവൻ പറയുകയോ ചെയ്യുകയോ ചെയ്യുന്നതിനെ അപൂർണ്ണ മാനുഷപരിഗണനകൾ സ്വാധീനിക്കാൻ അനുവദിക്കുന്നത്, എളുപ്പമാണ്! തങ്ങളുടെ മക്കളിലാരെങ്കിലുമോ മറേറതെങ്കിലും ബന്ധുവോ ദുർന്നടത്ത സംബന്ധിച്ചു കുററക്കാർ ആണെന്ന് കണ്ടെത്തപ്പെട്ടപ്പോൾ നിർണ്ണായകമായി പ്രവർത്തിക്കുന്നതിൽ മൂപ്പൻമാർ പലപ്പോഴും പരാജയപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ നീതിപൂർവകമായ പ്രവർത്തനത്തെ തടസ്സപ്പെടുത്താൻ അനുവദിക്കാതിരിക്കുന്നതിന്, ആത്മനിയന്ത്രണം ആവശ്യമാണ്.—ആവർത്തനം 10:17.
13. നീതിന്യായ വിചാരണകളിൽ മൂപ്പൻമാർക്ക് വിശേഷാൽ ആത്മനിയന്ത്രണം ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്?
13 ആത്മനിയന്ത്രണം വളരെ പ്രധാനമായിരിക്കുന്ന മറെറാരു സാഹചര്യം ഒരു നീതിന്യായ വിചാരണ നടക്കുമ്പോഴാണ്. മൂപ്പൻമാർ അനുചിതമായി വികാരത്താൽ സ്വാധീനിക്കപ്പെടാതിരിക്കാൻ വലിയ ആത്മനിയന്ത്രണം പാലിക്കേണ്ടതുണ്ട്. അവർ കണ്ണുനീരിനാൽ വളരെ അനായാസം സ്വാധീനിക്കപ്പെടരുത്. അതേ സമയം, പരസ്പരം കുററാരോപണങ്ങൾ നടത്തപ്പെടുമ്പോഴും തന്റെമേൽ അപവാദങ്ങൾ ചൊരിയുമ്പോഴും ഒരു മൂപ്പൻ തന്റെ ശാന്തത വെടിയാതിരിക്കാൻ ശ്രദ്ധാലുവായിരിക്കണം, വിശ്വാസത്യാഗികളുമായി ഇടപെടുമ്പോൾ അതായിരിക്കാം വാസ്തവം. ഇവിടെ പൗലോസിന്റെ വാക്കുകൾ വളരെ ഉചിതമാണ്: “കർത്താവിന്റെ ഒരു അടിമ ശണ്ഠയിടേണ്ടയാവശ്യമില്ല, എന്നാൽ എല്ലാവരോടും ശാന്തനായിരിക്കേണ്ടയാവശ്യമുണ്ട്.” സമ്മർദ്ദമുള്ളപ്പോൾ ശാന്തത പാലിക്കാൻ ആത്മനിയന്ത്രണം ആവശ്യമാണ്. “കർത്താവിന്റെ ഒരു അടിമ” “തിൻമയിൽ നിയന്ത്രണംപാലിക്കുകയും അനുകൂല സ്വഭാവമില്ലാത്തവരെ സൗമ്യതയോടെ പ്രബോധിപ്പിക്കുകയുംചെയ്യണ”മെന്ന് പൗലോസ് തുടർന്ന് പ്രകടമാക്കുന്നു. സൗമ്യത പ്രകടമാക്കുന്നതിനും എതിർപ്പിനെ കൈകാര്യംചെയ്യുമ്പോൾ നിയന്ത്രണം പാലിക്കുന്നതിനും വലിയ ആത്മനിയന്ത്രണം ആവശ്യമാണ്.—2 തിമൊഥെയോസ് 2:24, 25, NW.
വിപരീതലിംഗ വർഗ്ഗത്തിൽപ്പെട്ടവരോടുള്ള ആത്മനിയന്ത്രണം
14. മൂപ്പൻമാർ വിപരീതലിംഗവർഗ്ഗത്തിൽപെട്ടവരുമായുള്ള തങ്ങളുടെ ഇടപെടലുകളിൽ ഏതു നല്ല ബുദ്ധിയുപദേശം അനുസരിക്കണം?
14 വിപരീതലിംഗവർഗ്ഗത്തിൽപെട്ടവരോടുള്ള തങ്ങളുടെ ഇടപെടലിന്റെ കാര്യത്തിൽ മൂപ്പൻമാർ ആത്മനിയന്ത്രണം പാലിക്കാൻ അതീവജാഗ്രതയുള്ളവരായിരിക്കണം. ഒരു മൂപ്പൻ ഒററക്ക് ഒരു സഹോദരിക്ക് ഇടയസന്ദർശനം നടത്തുന്നത് ബുദ്ധിപൂർവകമല്ല. മൂപ്പനോടുകൂടെ മറെറാരു മൂപ്പനോ ഒരു ശുശ്രൂഷാദാസനോ പോകണം. സാദ്ധ്യതയനുസരിച്ച് ഈ പ്രശ്നത്തെ വിലമതിച്ചുകൊണ്ട് മൂപ്പനായിരുന്ന തിമൊഥെയോസിനെ പൗലോസ് ഇങ്ങനെ ബുദ്ധിയുപദേശിച്ചു: “മൂത്ത സ്ത്രീകളെ അമ്മമാരെപ്പോലെയും ഇളയ സ്ത്രീകളെ പൂർണ്ണനിർമ്മലതയോടെ സഹോദരികളെപ്പോലെയും പ്രബോധിപ്പിക്കുക.” (1 തിമൊഥെയോസ് 5:1, 2) ചില മൂപ്പൻമാർ പിതൃനിർവിശേഷമായ ഒരു നടപടിയെന്ന മട്ടിൽ ഒരു സഹോദരിയുടെമേൽ കൈകളിടുന്നത് കണ്ടിട്ടുണ്ട്. എന്നാൽ അവർ തങ്ങളെത്തന്നെ വഞ്ചിക്കുകയായിരിക്കാം, എന്തുകൊണ്ടെന്നാൽ അങ്ങനെയുള്ള ഒരു നടപടിക്കു പ്രേരിപ്പിക്കുന്നത് നിർമ്മലമായ ക്രിസ്തീയപ്രിയത്തിനുപകരം ശരിക്കും ഒരു പ്രേമാത്മക പ്രചോദനമായിരിക്കാം.—1 കൊരിന്ത്യർ 7:1 താരതമ്യപ്പെടുത്തുക.
15. ഒരു മൂപ്പൻ ആത്മനിയന്ത്രണം പാലിക്കാത്തപ്പോൾ യഹോവയുടെ നാമത്തിൻമേൽ വരാവുന്ന നിന്ദയെ ഒരു പ്രത്യേകസംഭവം പ്രദീപ്തമാക്കുന്നതെങ്ങനെ?
15 സഭയിലെ സഹോദരിമാരോടുള്ള തങ്ങളുടെ ഇടപെടലുകളിൽ ചില മൂപ്പൻമാർ ആത്മനിയന്ത്രണം പാലിക്കാഞ്ഞതുകൊണ്ട് സത്യത്തിന് എത്രയധികം ഉപദ്രവം നേരിട്ടിട്ടുണ്ട്! ഏതാനും വർഷങ്ങൾക്കുമുമ്പ്, ഭർത്താവ് സാക്ഷിയല്ലാഞ്ഞ ഒരു ക്രിസ്തീയസഹോദരിയുമായി വ്യഭിചാരംചെയ്തതുകൊണ്ട് ഒരു മൂപ്പൻ സഭയിൽനിന്ന് പുറത്താക്കപ്പെട്ടു. മുൻ മൂപ്പന്റെ പുറത്താക്കൽ പ്രഖ്യാപിച്ച അതേ രാത്രിയിൽത്തന്നെ കുപിതനായ ഭർത്താവ് ഒരു കൈത്തോക്കുമായി രാജ്യഹാളിലേക്ക് പാഞ്ഞുവന്ന് കുററക്കാരായിരുന്ന രണ്ടു വ്യക്തികളെയും വെടിവെച്ചു. അവരിൽ ആരും കൊല്ലപ്പെട്ടില്ല, അയാൾ ഉടൻതന്നെ നിരായുധനാക്കപ്പെട്ടു. എന്നാൽ അടുത്ത ദിവസം ഒരു പ്രമുഖ പത്രം മുൻപേജിൽ ‘ഒരു പള്ളിയിലെ വെടി’യുടെ വാർത്ത വിശേഷവൽക്കരിച്ചു. ആ മൂപ്പന്റെ ആത്മനിയന്ത്രണത്തിന്റെ അഭാവം സഭയുടെമേലും യഹോവയുടെ നാമത്തിൻമേലും എന്തു നിന്ദ വരുത്തി!
മററു മണ്ഡലങ്ങളിലെ ആത്മനിയന്ത്രണം
16. മൂപ്പൻമാർ പരസ്യപ്രസംഗം നടത്തുമ്പോൾ ആത്മനിയന്ത്രണം പാലിക്കാൻ ശ്രദ്ധിക്കേണ്ടതെന്തുകൊണ്ട്?
16 ഒരു മൂപ്പൻ ഒരു പരസ്യപ്രസംഗം നടത്തുമ്പോഴും ആത്മനിയന്ത്രണം വളരെയധികം ആവശ്യമാണ്. ഒരു പരസ്യപ്രസംഗകൻ ആത്മധൈര്യത്തിന്റെയും സമചിത്തതയുടെയും മാതൃകയായിരിക്കണം. ചിലർ ചിരി ഉണർത്താൻവേണ്ടി മാത്രം അനേകം തമാശകൾ പറഞ്ഞ് തങ്ങളുടെ ശ്രോതാക്കളെ രസിപ്പിക്കുന്നു. ഇത് തങ്ങളുടെ സദസ്സിനെ പ്രസാദിപ്പിക്കാനുള്ള പ്രലോഭനത്തിനുള്ള കീഴടങ്ങലിനെ വെളിപ്പെടുത്തിയേക്കാം. തീർച്ചയായും, പ്രലോഭനത്തിനുള്ള കീഴടങ്ങലെല്ലാം ആത്മനിയന്ത്രണത്തിന്റെ അഭാവമാണ്. ഒരു പ്രസംഗം നടത്തുമ്പോൾ കൂടുതൽ സമയമെടുക്കുന്നതും ആത്മനിയന്ത്രണത്തിന്റെ അഭാവത്തെയും അതുപോലെതന്നെ തയ്യാറാകലിന്റെ കുറവിനെയും വെളിപ്പെടുത്തിയേക്കാം.
17, 18. ഒരു മൂപ്പൻ തന്റെ വിവിധ ഉത്തരവാദിത്വങ്ങളെ സമനിലയിൽ നിർത്തുന്നതിൽ ആത്മനിയന്ത്രണം എന്തു പങ്കു വഹിക്കുന്നു?
17 കഠിനാദ്ധ്വാനിയായ ഓരോ മൂപ്പനും തന്റെ സമയത്തിൻമേലും ഊർജ്ജത്തിൻമേലും ഉന്നയിക്കപ്പെടുന്ന വിവിധ അടിയന്തിരാവശ്യങ്ങളെ സമനിലയിൽനിർത്തുന്നതിനുള്ള വെല്ലുവിളിയെ അഭിമുഖീകരിക്കണം. ഏതെങ്കിലും വിധത്തിൽ അല്ലെങ്കിൽ മറെറാരു വിധത്തിൽ അങ്ങേയററം പോകാതിരിക്കാൻ ആത്മനിയന്ത്രണം ആവശ്യമാണ്. ചില മൂപ്പൻമാർ തങ്ങളുടെ കുടുംബങ്ങളെ അവഗണിക്കത്തക്കവണ്ണം സഭയുടെ ആവശ്യങ്ങളിൽ അത്ര തത്പരരായിരുന്നിട്ടുണ്ട്. അങ്ങനെ, ഒരു സഹോദരി തനിക്കുവേണ്ടി ഒരു മൂപ്പൻ നടത്തിയ നല്ല ഇടയസന്ദർശനത്തെക്കുറിച്ച് അയാളുടെ ഭാര്യയോടു പറഞ്ഞപ്പോൾ മൂപ്പന്റെ ഭാര്യ “ഏതെങ്കിലും സമയത്ത് അദ്ദേഹം എനിക്കുവേണ്ടി ഒരു ഇടയസന്ദർശനം നടത്തിയിരുന്നെങ്കിൽ എന്നു ഞാൻ ആശിക്കുന്നു” എന്ന് ഉദ്ഘോഷിക്കുകയുണ്ടായി.—1 തിമൊഥെയോസ് 3:2, 4, 5.
18 ഒരു മൂപ്പൻ വ്യക്തിപരമായ പഠനത്തിന് ചെലവഴിക്കുന്ന സമയത്തെ വയൽശുശ്രൂഷക്കോ ഇടയസന്ദർശനങ്ങൾക്കോ ചെലവഴിക്കുന്ന സമയവുമായി സമനിലയിൽ നിർത്താനും അയാൾക്ക് ആത്മനിയന്ത്രണം ആവശ്യമാണ്. മനുഷ്യഹൃദയത്തിന്റെ വഞ്ചനയുടെ വീക്ഷണത്തിൽ, ഒരു മൂപ്പൻ തനിക്ക് ഏററവും ഉല്ലാസപ്രദമെന്നു കണ്ടെത്തുന്നതിന് കൂടുതൽ സമയം ചെലവഴിക്കുക വളരെ എളുപ്പമാണ്. അയാൾക്ക് പുസ്തകങ്ങൾ ഇഷ്ടമാണെങ്കിൽ, അയാൾ ആവശ്യത്തിലധികം സമയം വ്യക്തിപരമായ പഠനത്തിന് ചെലവഴിച്ചേക്കാം. വീടുതോറുമുള്ള ശുശ്രൂഷ കുറെ പ്രയാസമാണെന്ന് അയാൾ കണ്ടെത്തുന്നുവെങ്കിൽ, ഇടയസന്ദർശനങ്ങൾ നടത്തുന്നതിന്റെ താത്പര്യത്തിൽ അയാൾ വീടുതോറുമുള്ള ശുശ്രൂഷയെ അവഗണിക്കുന്നതിന് ഒഴികഴിവു കണ്ടെത്തിയേക്കാം.
19. ആത്മനിയന്ത്രണത്തിന്റെ ആവശ്യത്തിന് അടിവരയിടുന്ന ഏതു കടപ്പാട് മൂപ്പൻമാർക്കുണ്ട്?
19 രഹസ്യം സൂക്ഷിക്കാനുള്ള കടപ്പാടും ഒരു മൂപ്പൻ ഉറച്ച ആത്മനിയന്ത്രണം പാലിക്കാൻ ജാഗ്രത പുലർത്തേണ്ടതാവശ്യമാക്കിത്തീർക്കുന്നു. “മറെറാരുത്തന്റെ രഹസ്യം വെളിപ്പെടുത്തരുതു” എന്ന ബുദ്ധിയുപദേശം ഇവിടെ പ്രസക്തമാണ്. (സദൃശവാക്യങ്ങൾ 25:9) ഇത് മൂപ്പൻമാരുടെ ഇടയിൽ അത്യന്തം വ്യാപകമായി ലംഘിക്കപ്പെടുന്ന വ്യവസ്ഥകളിലൊന്നായിരിക്കാമെന്ന് അനുഭവം സൂചിപ്പിക്കുന്നു. ഒരു മൂപ്പന് ജ്ഞാനവും സ്നേഹവുമുള്ള, താൻ നല്ല ആശയവിനിയമം നടത്തിപ്പോരുന്ന, ഒരു ഭാര്യയുണ്ടെങ്കിൽ രഹസ്യസ്വഭാവത്തിലുള്ള കാര്യങ്ങൾ ചർച്ചചെയ്യുന്നതിനോ പറയുന്നതിനെങ്കിലുമോ ഉള്ള ഒരു പ്രവണത അയാളുടെ ഭാഗത്തുണ്ടായിരിക്കാം. എന്നാൽ ഇത് അനുചിതവും ബുദ്ധിശൂന്യവുമാണ്. ആദ്യംതന്നെ അത് ഒരു വിശ്വാസലംഘനമാണ്. കാര്യങ്ങൾ കർശനമായി രഹസ്യമായി സൂക്ഷിക്കുമെന്നുള്ള വിശ്വാസമുള്ളതുകൊണ്ടാണ് ആത്മീയ സഹോദരൻമാരും സഹോദരിമാരും മൂപ്പൻമാരുടെ അടുക്കൽവന്ന് വിശ്വസിച്ച് രഹസ്യങ്ങൾ പറയുന്നത്. ഒരുവന്റെ ഭാര്യയോട് രഹസ്യകാര്യങ്ങൾ വെളിപ്പെടുത്തുന്നത് തെററും ബുദ്ധിശൂന്യതയുമാണ്, അത് അവളുടെമേൽ അനാവശ്യമായ ഒരു ഭാരം വെക്കുന്നതുകൊണ്ട് സ്നേഹമില്ലായ്മയുംകൂടെയാണ്.—സദൃശവാക്യങ്ങൾ 10:19; 11:13.
20. മൂപ്പൻമാർ ആത്മനിയന്ത്രണം പാലിക്കുന്നത് വളരെ പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
20 ഹാ, ആത്മനിയന്ത്രണം വളരെ പ്രധാനമാണെന്നുള്ളതിന് സംശയമില്ല, വിശേഷിച്ച് മൂപ്പൻമാർക്ക്! യഹോവയുടെ ജനത്തിന്റെ ഇടയിൽ നേതൃത്വമെടുക്കാനുള്ള പദവി ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നതു ഹേതുവായി അവർക്ക് കൂടുതൽ ഉത്തരവാദിത്വമുണ്ട്. അവർക്ക് അധികം കൊടുക്കപ്പെട്ടിരിക്കുന്നതിനാൽ അവരോട് അധികം ആവശ്യപ്പെടും. (ലൂക്കോസ് 12:48; 16:10; യാക്കോബ് 3:1 താരതമ്യപ്പെടുത്തുക.) മററുള്ളവർക്ക് നല്ല മാതൃക വെക്കുന്നത് മൂപ്പൻമാരുടെ പദവിയും കർത്തവ്യവുമാണ്. അതിൽപരമായി, മിക്കപ്പോഴും നിയമിതമൂപ്പൻമാർ ആത്മനിയന്ത്രണം പാലിക്കുന്നുവോ ഇല്ലയോ എന്നതിനെ ആശ്രയിച്ച് അവർ മററുള്ളവരെക്കാൾ കൂടുതൽ നൻമയോ കൂടുതൽ ഉപദ്രവമോ ചെയ്യാൻ കഴിയുന്ന സ്ഥാനത്താണ്. “ഒരു മേൽവിചാരകൻ . . . ആത്മനിയന്ത്രണമുള്ളയാൾ ആയിരിക്കണം” എന്ന് പൗലോസ് പറഞ്ഞത് അതിശയമല്ല. (w91 11/15)
നിങ്ങൾ ഓർമ്മിക്കുന്നുവോ?
◻ മൂപ്പൻമാരുടെ ഏതു തിരുവെഴുത്തു യോഗ്യതകൾ അവർ ആത്മനിയന്ത്രണം പാലിക്കണമെന്ന് പ്രകടമാക്കുന്നു?
◻ സഹവിശ്വാസികളുമായി ഇടപെടുമ്പോൾ മൂപ്പൻമാർക്ക് ആത്മനിയന്ത്രണമാവശ്യമായിരിക്കുന്നതെന്തു കൊണ്ട്?
◻ മൂപ്പൻമാരുടെ യോഗങ്ങളിൽ ആത്മനിയന്ത്രണം പാലിക്കേണ്ടതെങ്ങനെ?
◻ മൂപ്പൻമാർ രഹസ്യം സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ഏതു വെല്ലുവിളി കൊണ്ടുവരുന്നു?
[20-ാം പേജിലെ ചിത്രം]
മൂപ്പൻമാരുടെ യോഗങ്ങളിൽ ആത്മനിയന്ത്രണം പ്രകടമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്
[23-ാം പേജിലെ ചിത്രം]
ക്രിസ്തീയ മൂപ്പൻമാർ ആത്മനിയന്ത്രണം പാലിക്കുകയും രഹസ്യം സൂക്ഷിക്കുകയും ചെയ്യണം