വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
◼ മതപ്രബോധനം നിർബന്ധിതമായിരിക്കുന്ന ഒരു സ്കൂളിൽ തങ്ങളുടെ കുട്ടിക്ക് പഠിക്കേണ്ടതുണ്ടെങ്കിൽ ഒരു ക്രിസ്തീയകുടുംബം എന്തു ചെയ്യണം?
തങ്ങളുടെ കുട്ടികൾ വ്യാജമതോപദേശം പഠിപ്പിക്കപ്പെടാൻ ക്രിസ്തീയമാതാപിതാക്കൻമാർ ആഗ്രഹിക്കുന്നില്ല. എന്നാൽ വ്യാജമത ക്രിയകളിൽ അല്ലെങ്കിൽ ചടങ്ങുകളിൽ പങ്കെടുക്കുകയില്ലെങ്കിലും, മതം പഠിപ്പിക്കപ്പെടുന്ന ഒരു ക്ലാസ്സിൽ ആയിരിക്കുന്നതിന് കുട്ടികൾക്ക് വിസമ്മതിക്കാൻ കഴിയാത്ത സാഹചര്യങ്ങളുണ്ടായിരിക്കാം.
കുട്ടികളുടെ മതപരമായ പ്രബോധനം സംബന്ധിച്ച് ദൈവത്തിന്റെ സ്നേഹിതനായിരുന്ന അബ്രാഹാം നല്ല മാതൃകവെച്ചു. അവൻ തന്റെ സന്തതികളെ കനാനിൽ വളർത്തി, അവിടെ അവർ മതപരമായ അബദ്ധങ്ങളാലും വെറുക്കത്തക്ക “വിശുദ്ധ” ആചാരങ്ങളാലും ചുററപ്പെട്ടിരുന്നു. (പുറപ്പാട് 34:11-15; ലേവ്യപുസ്തകം 18:21-30; ആവർത്തനം 7:1-5, 25, 26; 18:9-14 താരതമ്യപ്പെടുത്തുക.) എന്നിരുന്നാലും, അവന്റെ കുടുംബത്തിന്റെ മതപ്രബോധനത്തിനുള്ള ഉറവ് അവനായിരുന്നു. അബ്രാഹാം “തന്റെ മക്കളോടും തനിക്കു പിമ്പുള്ള കുടുംബത്തോടും നീതിയും ന്യായവും പ്രവർത്തിച്ചുകൊണ്ട് യഹോവയുടെ വഴിയിൽ നടപ്പാൻ കല്പ്പി”ക്കുമെന്ന് ദൈവത്തിന് വിശ്വാസമുണ്ടായിരുന്നു.—ഉല്പത്തി 18:19.
ഒരു കുട്ടിയെന്ന നിലയിൽ, യേശുവിനും സത്യാരാധനയിലെ കുടുംബപരവും സഭാപരവുമായ പ്രബോധനത്തിൽനിന്ന് പ്രയോജനംകിട്ടി. അങ്ങനെ അവൻ “ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നുവന്നു.”—ലൂക്കോസ് 2:52.
ഭൂമിയുടെ മിക്ക ഭാഗങ്ങളിലും, ക്രിസ്തീയ ചെറുപ്പക്കാർക്ക് പബ്ലിക്ക് സ്കൂളുകളിലാണ് ലൗകികവിദ്യാഭ്യാസം ലഭിക്കുന്നത്. പഠിപ്പിക്കപ്പെടുന്നതെല്ലാം ബൈബിൾസത്യത്തോടും തെളിയിക്കപ്പെട്ട വസ്തുതയോടും പൂർണ്ണയോജിപ്പിലായിരിക്കുന്നില്ല. ദൃഷ്ടാന്തത്തിന്, ക്രിസ്തീയചെറുപ്പക്കാരുടെ അനേകം തലമുറകൾ അവരുടെ സാധാരണ പാഠ്യപദ്ധതിയുടെ ഭാഗമെന്നനിലയിൽ സയിൻസ് ക്ലാസ്സുകളിലോ ജീവശാസ്ത്രക്ലാസ്സുകളിലോ സംബന്ധിച്ചിട്ടുണ്ട്. അവരിൽ മിക്കവരും അങ്ങനെ പ്രാബല്യത്തിലിരിക്കുന്ന പരിണാമസിദ്ധാന്തങ്ങളോടും ഭൂമിയിലെ ജീവന്റെ “പ്രകൃതിപരമായ” ഉത്ഭവങ്ങളെക്കുറിച്ചുള്ള ബന്ധപ്പെട്ട വീക്ഷണങ്ങളോടും സമ്പർക്കത്തിൽ വരുത്തപ്പെട്ടിട്ടുണ്ട്.
എന്നിരുന്നാലും, സമ്പർക്കം ഈ ക്രിസ്തീയചെറുപ്പക്കാരെ നിരീശ്വരപരിണാമത്തിന്റെ വിശ്വാസികളാക്കിത്തീർത്തിട്ടില്ല. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ വീട്ടിലും ക്രിസ്തീയ യോഗങ്ങളിലും അവർക്ക് ദൈവത്തിന്റെ നിശ്വസ്ത വചനത്തിലധിഷ്ഠിതമായ കൃത്യമായ വിവരങ്ങൾ നേരത്തെ ലഭിച്ചിരുന്നു, അവ തങ്ങളുടെ ‘ഗ്രഹണശക്തികളെ ശരിയും തെററും തിരിച്ചറിയാൻ’ പരിശീലിപ്പിക്കുന്നതിന് സഹായിച്ചു. (എബ്രായർ 5:14) അനേകം മാതാപിതാക്കൻമാർ ജീവൻ—അതിവിടെ വന്നതെങ്ങനെ? പരിണാമത്താലോ സൃഷ്ടിയാലോ? എന്ന വിശ്വാസത്തെ ബലിഷ്ഠമാക്കുന്ന വാള്യത്തിൽ പരിണാമത്തിന്റെ സമീകൃതമായ പ്രതിപാദനം തങ്ങളുടെ കുട്ടികളോടൊത്ത് അദ്ധ്യയനം നടത്തിയിട്ടുണ്ട്.a അങ്ങനെ സജ്ജീകൃതരായതുകൊണ്ട് ഈ സ്കൂൾകുട്ടികൾ പരിണാമത്തെക്കുറിച്ചുള്ള ക്ലാസ്സ്മുറിയിലെ പ്രബോധനം വിശ്വസനീയമായി അംഗീകരിച്ചില്ല. എന്നിരുന്നാലും, തങ്ങൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നുവെന്നും അവതരിപ്പിക്കപ്പെട്ട വിശദാംശങ്ങൾ പഠിക്കാൻ കഴിഞ്ഞുവെന്നും തങ്ങളുടെ ക്ലാസ്സ്മുറിയിലെ ഉത്തരങ്ങളിലും പരീക്ഷകളിലും പ്രകടമാക്കാൻ അവർക്ക് കഴിഞ്ഞു. ചിലർക്ക് മമനുഷ്യന്റെ സ്രഷ്ടാവ് ബൈബിളിൽ അവതരിപ്പിച്ചിട്ടുള്ള വസ്തുതകൾക്കു ചേർച്ചയായി വ്യത്യസ്ത വിശദീകരണങ്ങൾ കൊടുക്കുന്നതിനുള്ള അവസരംപോലും ലഭിച്ചിരുന്നു.—1 പത്രോസ് 3:15.
എന്നിരുന്നാലും, പ്രമുഖ പ്രാദേശിക മതത്തെക്കുറിച്ചോ പൊതുവിൽ മതത്തെക്കുറിച്ചോ ഉള്ള പ്രബോധനത്തിന് വിനിയോഗിക്കുന്ന ക്ലാസ്സ് പീരിയഡുകളെക്കുറിച്ചെന്ത്?
അങ്ങനെയുള്ള പ്രബോധനം കേവലം വിവരങ്ങളെന്ന നിലയിൽ നിഷ്പക്ഷമായി അവതരിപ്പിക്കാനിടയില്ല. അദ്ധ്യാപകൻ ആ മതം ആചരിക്കുകപോലും ചെയ്യുന്നുണ്ടായിരിക്കാം, അങ്ങനെ വിദ്യാർത്ഥികളുടെ മനസ്സുകളെയും ഹൃദയങ്ങളെയും സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തേക്കാം. അതുകൊണ്ട് യഹോവയുടെ സാക്ഷികൾ തങ്ങളുടെ കുട്ടികൾ അങ്ങനെയുള്ള മതപ്രബോധനക്ലാസ്സുകളിൽനിന്ന് ഒഴിവാക്കപ്പെടുന്നതിന് കൂടുതൽ ഇഷ്ടപ്പെടുന്നു. ഇത് മററു ക്ലാസ്സുകളിലേക്കുള്ള നിയമനങ്ങൾ പൂർത്തിയാക്കുന്നതിനോ സ്കൂൾ ലൈബ്രറിയിൽ പഠിക്കുന്നതിനോ കൂടുതൽ പ്രയോജനകരമായി തങ്ങളുടെ സമയം ചെലവഴിക്കാൻ അവരുടെ കുട്ടികളെ പ്രാപ്തരാക്കിയേക്കാം.
എന്നിരുന്നാലും, ചില സ്ഥലങ്ങളിൽ, അങ്ങനെയുള്ള അപേക്ഷകൾ നിരസിക്കപ്പെട്ടിരിക്കുന്നു; ജയിക്കണമെങ്കിൽ സകല കുട്ടികളും മതപരമായ ഒരു കോഴ്സിന് ഹാജരാകണമെന്നും അത് പൂർത്തിയാക്കണമെന്നും സ്കൂളോ ഗവൺമെൻറ് അധികാരികളോ ആവശ്യപ്പെടുകപോലും ചെയ്തേക്കാം. അങ്ങനെയെങ്കിൽ എന്തു ചെയ്യണമെന്ന് ഒരോ കുടുംബവും വ്യക്തിഗതമായി തീരുമാനിക്കണം.
കഴിഞ്ഞ കാലത്ത് ദൈവദാസരിൽ ചിലർ സത്യദൈവത്തോടു വിശ്വസ്തരായിരിക്കെ, മതോപദേശങ്ങളോടോ ക്രിയകളോടോ ഉള്ള സമ്പർക്കം ഇച്ഛയോടെയല്ലാതെ സഹിച്ചുനിൽക്കേണ്ട സാഹചര്യങ്ങളിലായിരുന്നിട്ടുണ്ട്. മോശയെസംബന്ധിച്ച് അങ്ങനെയായിരിക്കാനിടയുണ്ട്. അവൻ ഈജിപ്ററിലെ ഫറവോന്റെ പൗത്രനായി വളർത്തപ്പെട്ടു, അവന് “ഈജിപ്ററുകാരുടെ സകല ജ്ഞാനത്തിലും പ്രബോധനം കൊടുക്കപ്പെട്ടിരുന്നു.” (പ്രവൃത്തികൾ 7:20-22, NW) അതിൽ കുറെ അളവിൽ ഈജിപ്ററിൽ പൊതുവായുണ്ടായിരുന്ന വിശ്വാസങ്ങളും മതാചാരങ്ങളും ഉൾപ്പെട്ടിരിക്കാനിടയുണ്ട്. എന്നാൽ മോശക്ക് സ്പഷ്ടമായി അവന്റെ കുടുംബത്തിൽനിന്നും ഒരുപക്ഷേ മററുള്ളവരിൽനിന്നും ലഭിച്ച ശ്രേഷ്ഠമായ പ്രബോധനത്താൽ അവൻ കാത്തുസൂക്ഷിക്കപ്പെട്ടു.—പുറപ്പാട് 2:6-15; എബ്രായർ 11:23-26.
ദാനിയേലിന്റെ കൂട്ടാളികളായിരുന്ന മൂന്ന് എബ്രായ ബാലൻമാരുടെ ദൃഷ്ടാന്തവും പരിചിന്തിക്കുക, അവർക്ക് ബാബിലോനിലെ പ്രത്യേക പ്രബോധനം കൊടുക്കപ്പെടുകയും അവർ ഗവൺമെൻറ്ജോലിക്കാർ ആക്കപ്പെടുകയും ചെയ്തു. (ദാനിയേൽ 1:6, 7) അവർ ചെയ്യാനാഗ്രഹിച്ചതെല്ലാം ചെയ്യാനോ ചെയ്യുന്നതിനു വിസമ്മതിക്കാനോ ഉള്ള സ്വാതന്ത്ര്യം അവർക്കില്ലായിരുന്നു. ഒരു സന്ദർഭത്തിൽ നെബൂഖദ്നേസർ ദുരാ സമഭൂമിയിൽ നിർത്തിയ സ്വർണ്ണപ്രതിമയിങ്കൽ അവർ മററുദ്യോഗസ്ഥൻമാരോടുകൂടെ കൂടിവരാൻ കല്പിക്കപ്പെട്ടു, അവിടെ ദേശീയഭക്തിയുടെ ക്രിയകൾ നിർവഹിക്കപ്പെടുമായിരുന്നു. ഈ മൂന്ന് എബ്രായർ എങ്ങനെ പ്രതികരിച്ചു? അവർ അവിടെ ആയിരിക്കാതിരിക്കാൻ കൂടുതൽ ഇഷ്ടപ്പെടുമായിരുന്നുവെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും, എന്നാൽ അത് സാദ്ധ്യമല്ലായിരുന്നു.b എന്നിരുന്നാലും, അവർ തങ്ങളുടെ വിശ്വാസങ്ങളോടും സർവശക്തനായ ദൈവത്തോടും വിശ്വസ്തരായി നിലകൊണ്ടു. വ്യാജമതത്തിന്റെ ഏതെങ്കിലും ക്രിയയിൽ പങ്കെടുക്കുന്നതിനോ, അതിൽ വ്യക്തിപരമായി ഏർപ്പെടുന്നതിനോ ദൃഢമായി വിസമ്മതിക്കെ, അവിടെ ഹാജരാകാൻ അവരുടെ ദൈവഭക്തിയുള്ള മനഃസാക്ഷികൾ അവരെ അനുവദിച്ചു.—ദാനിയേൽ 3:1-18.
എല്ലാ വിദ്യാർത്ഥികളും മതക്ലാസ്സിൽ ഹാജരാകേണ്ടതും ഒരുപക്ഷേ പരീക്ഷകളിൽ ജയിക്കാൻ പ്രാപ്തരാകത്തക്ക അളവിൽ പഠിക്കേണ്ടതും നിർബന്ധിതമായിരിക്കുമ്പോൾ സത്യക്രിസ്ത്യാനികളുടെ കുടുംബങ്ങളിൽനിന്നുള്ള കുട്ടികൾക്ക് ഹാജരാകാവുന്നതാണ്, നെബൂക്കദ്നേസ്സറിന്റെ കല്പനയിങ്കൽ ആ മൂന്നുപേർ ചെയ്തതുപോലെ. എന്നാൽ ക്രിസ്തീയ ചെറുപ്പക്കാർ ദൈവത്തെ ഒന്നാമതു കരുതും. ചെയ്യപ്പെടുന്ന ഓരോ തെററായ പ്രസ്താവനയെയും അല്ലെങ്കിൽ മററുള്ളവർ പങ്കെടുക്കുന്ന തിരുവെഴുത്തുവിരുദ്ധമായ ഓരോ ആചാരത്തെയും അവർ വെല്ലുവിളിക്കേണ്ടയാവശ്യമില്ല, സർണ്ണപ്രതിമയെ മററുള്ളവർ കുമ്പിട്ടപ്പോൾ ആ മൂന്ന് എബ്രായർ തടസ്സപ്പെടുത്താൻ ശ്രമിക്കാഞ്ഞതുപോലെ. എന്നിരുന്നാലും, ക്രിസ്തീയ ചെറുപ്പക്കാർ ആരാധനാക്രിയകളിലും കൂട്ടപ്രാർത്ഥനകളിലും മതപരമായ ഗീതങ്ങളിലും മററും പങ്കെടുക്കുകയില്ല.
ഈ യുവാക്കൾ ‘ക്രിസ്തുയേശുവിനോടുള്ള ബന്ധത്തിലെ വിശ്വാസത്താൽ തങ്ങളെ രക്ഷക്ക് ജ്ഞാനികളാക്കാൻ കഴിവുള്ള വിശുദ്ധ ലിഖിതങ്ങളിൽനിന്ന്’ പരിപുഷ്ടിപ്പെടുത്തുന്ന അറിവ് ഉൾക്കൊള്ളാൻ മററു സമയങ്ങളിൽ തീവ്രയത്നംചെയ്തേ തീരൂ. (2 തിമൊഥെയോസ് 3:15) മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുമായുള്ള ആശയവിനിമയത്തിലൂടെ നിരന്തരം ക്ലാസ്സ് പ്രബോധനത്തിന്റെ ഉള്ളടക്കം നിരീക്ഷിക്കണം. ഇത് തങ്ങളുടെ കുട്ടികൾ കുഴഞ്ഞുപോകുകയോ വഴിതെററിക്കപ്പെടുകയോ ചെയ്യാതിരിക്കാൻ എന്തു തിരുത്തേണ്ടയാവശ്യമുണ്ടെന്ന് അല്ലെങ്കിൽ എന്ത് വ്യക്തമാക്കേണ്ടതുണ്ടെന്ന് കാണാൻ മുതിർന്ന ക്രിസ്ത്യാനികളെ പ്രാപ്തരാക്കും. (w91 12/15)
[അടിക്കുറിപ്പുകൾ]
a വാച്ച്ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധപ്പെടുത്തിയത്.
b ദാനിയേൽ ദുരാ മരുഭൂമിയിൽ ചെന്നതായി ബൈബിൾ പറയുന്നില്ല. ഒരുപക്ഷേ ഭരണകൂടത്തിലെ അവന്റെ ഉയർന്ന പദവി അവിടേക്ക് പോകുന്നതിൽനിന്ന് ഒഴിവാകുന്നതിന് അവനെ പ്രാപ്തനാക്കിയിരിക്കാം.