പ്രഖ്യാപനം
ഭരണസംഘ കമ്മിററികൾക്ക് സഹായം
യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ അംഗങ്ങൾ തങ്ങളുടെ നിയമനങ്ങളിൽ വിശ്വസ്‌തമായി സേവിക്കുന്നതിൽ തുടരുന്നു, ഇപ്പോൾ ഭരണസംഘത്തിൽ 12 പേരാണുള്ളത്. വർദ്ധിച്ചുവരുന്ന “മഹാപുരുഷാര”ത്തിലെ വിശ്വസ്‌തരായ അംഗങ്ങളുടെ തീക്ഷ്‌ണമായ പിന്തുണക്ക് അവർ എല്ലായ്‌പ്പോഴും അവരോടു നന്ദിയുള്ളവരാണ്. (വെളിപ്പാട് 7:9, 15) ലോകവ്യാപകമായുള്ള വമ്പിച്ച വർദ്ധനവിന്റെ കാഴ്‌ചപ്പാടിൽ, ഈ സമയത്ത് ഭരണസംഘത്തിന് കൂടുതലായ കുറെ സഹായം കൊടുക്കുന്നത് ഉചിതമാണെന്നു തോന്നുന്നു. അതുകൊണ്ട് ഭരണസംഘകമ്മിററികളിൽ, അതായത് ഭാരവാഹികൾ, പ്രസിദ്ധീകരണം, സേവനം, പഠിപ്പിക്കൽ, എഴുത്ത് എന്നിങ്ങനെയുള്ള കമ്മിററികളിൽ ഓരോന്നിന്റെയും യോഗങ്ങളിൽ പങ്കെടുക്കുന്നതിന് മുഖ്യമായി മഹാപുരുഷാരത്തിന്റെ ഇടയിൽനിന്ന് പല സഹായികളെ ക്ഷണിക്കാൻ തീരുമാനിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ, ഈ കമ്മിററികളിൽ ഓരോന്നിന്റെയും യോഗങ്ങൾക്ക് ഹാജരാകുന്നവരുടെ എണ്ണം ഏഴോ എട്ടോ ആയി വർദ്ധിപ്പിക്കപ്പെടും. ഭരണസംഘ കമ്മിററിയംഗങ്ങളുടെ മാർഗ്ഗനിർദ്ദേശത്തിൻകീഴിൽ ഈ സഹായികൾ ചർച്ചകളിൽ പങ്കെടുക്കുകയും കമ്മിററിയാൽ കൊടുക്കപ്പെടുന്ന വിവിധ നിയമനങ്ങൾ നിറവേററുകയും ചെയ്യും. ഈ പുതിയ ക്രമീകരണം 1992 മെയ് 1ന് പ്രാബല്യത്തിൽ വന്നു.
ഇപ്പോൾ അനേകം വർഷങ്ങളായി, അഭിഷിക്തസാക്ഷികളുടെ ശേഷിപ്പിന്റെ എണ്ണം കുറഞ്ഞുകൊണ്ടാണിരിക്കുന്നത്. അതേസമയം മഹാപുരുഷാരത്തിന്റെ എണ്ണം നമ്മുടെ അതിമഹത്തായ പ്രതീക്ഷകൾക്കതീതമായി വർദ്ധിച്ചിരിക്കുന്നു. (യെശയ്യാവ് 60:22) നാം ഈ അത്ഭുതകരമായ വികസനത്തിന് യഹോവക്ക് എങ്ങനെ നന്ദികൊടുക്കുന്നു! യഹോവയുടെ സാക്ഷികൾ എന്ന പുതിയ പേർ 1931-ൽ നന്ദിപൂർവം സ്വീകരിക്കപ്പെട്ടപ്പോൾ, രാജ്യപ്രസംഗകരുടെ അത്യുച്ചസംഖ്യ 39,372 ആയിരുന്നു, അവരിൽ മിക്കവരും ക്രിസ്‌തുവിന്റെ അഭിഷിക്തസഹോദരൻമാരെന്ന് അവകാശപ്പെട്ടിരുന്നു. (യെശയ്യാവ് 43:10-12; എബ്രായർ 2:11) അറുപതു വർഷംകഴിഞ്ഞ് 1991-ൽ പ്രസംഗകരുടെ ലോകവ്യാപക അത്യുച്ചം 42,78,820 ആയിരുന്നു. അവരിൽ 8,850 പേർ മാത്രമേ അഭിഷിക്തശേഷിപ്പിൽപെട്ടവരാണെന്ന് അവകാശപ്പെട്ടുള്ളു. തിരുവെഴുത്തുകളുടെ വെളിച്ചത്തിൽ പ്രതീക്ഷിച്ചപ്രകാരം, “മഹാപുരുഷാര”ത്തിന്റെ എണ്ണം ഇപ്പോൾ “ചെറിയ ആട്ടിൻകൂട്ട”ത്തിന്റെ ശേഷിപ്പിനെക്കാൾ അധികമായിരിക്കുന്നു, 1ന് 480തിലധികംതന്നെ. (ലൂക്കോസ് 12:32; വെളിപ്പാട് 7:4-9) വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യതാത്‌പര്യങ്ങൾ നോക്കുന്നതിന്, തീർച്ചയായും ശേഷിപ്പിന് മഹാപുരുഷാരത്തിന്റെ സഹകരണവും പിന്തുണയും ആവശ്യമാണ്, അതവർ വിലമതിക്കുകയും ചെയ്യുന്നു.
വീക്ഷാഗോപുരത്തിന്റെ ഈ ലക്കത്തിൽ വിശദീകരിച്ച പ്രകാരം, ബാബിലോന്യപ്രവാസത്തിൽനിന്ന് യഹൂദ്യശേഷിപ്പിനോടുകൂടെ മടങ്ങിപ്പോയ നെഥിനീമിനോടും ശലോമോന്റെ ദാസൻമാരുടെ പുത്രൻമാരോടും താരതമ്യപ്പെടുത്താവുന്ന ഒരു കൂട്ടം ഇന്ന് ആത്മീയ ഇസ്രയേലിനോടുകൂടെ സേവിക്കുന്നുണ്ട്; ആ ഇസ്രയേല്യേതരർ എണ്ണത്തിൽ മടങ്ങിപ്പോയ ലേവ്യരെക്കാൾ കൂടുതൽപോലുമായിരുന്നു. (എസ്രാ 2:40-58; 8:15-20) ഇന്നത്തെ “മഹാപുരുഷാര”ത്തിൽനിന്നുള്ള “നൽകപ്പെട്ടവർ” ബ്രാഞ്ചുകളിലും സഞ്ചാരവേലയിലും ഭൂമിയിലുടനീളം ഇപ്പോൾ സ്ഥാപിക്കപ്പെട്ടിട്ടുള്ള 66,000 സഭകളുടെ ഇടയിലും മേൽനോട്ടം വഹിച്ചതിന്റെ ഫലമായി ഗണ്യമായ അനുഭവപരിചയം ലഭിച്ചിട്ടുള്ള പക്വതയുള്ള ക്രിസ്‌തീയ പുരുഷൻമാരാണ്.
അടുത്ത കാലത്ത്, മേൽവിചാരകൻമാരുടെയും അവരുടെ സഹായികളായ ശുശ്രൂഷാദാസൻമാരുടെയും പ്രബോധനത്തിനുവേണ്ടി രാജ്യശുശ്രൂഷാസ്‌കൂളുകൾ ലോകവ്യാപകമായി നടത്തപ്പെട്ടു. ഐക്യനാടുകളിൽത്തന്നെ 59,420 മേൽവിചാരകൻമാർ ഹാജരായി. ഈ “പ്രായമേറിയ പുരുഷൻമാർ” അങ്ങനെ കൂടുതൽ ഫലകരമായി തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേററാൻ സജ്ജീകൃതരായി.—1 പത്രോസ് 5:1-3; എഫേസ്യർ 4:8, 11 താരതമ്യപ്പെടുത്തുക.
യഹോവയുടെ സാക്ഷികളുടെ ബ്രൂക്ക്‌ളിൻ ഹെഡ്‌ക്വാർട്ടേഴ്‌സിൽ ചില “നൽകപ്പെട്ടവർ” ഒട്ടനവധി വർഷങ്ങളിൽ സേവിച്ചിരിക്കുന്നു. ഇവരിൽ ധാരാളം പ്രാപ്‌തിയും പരിചയവും നേടിയിട്ടുള്ള മഹാപുരുഷാരത്തിൽനിന്നുള്ള പക്വമതികളായ മേൽവിചാരകൻമാർ ഉൾപ്പെടുന്നു. അങ്ങനെ, ഭരണസംഘത്തിന്റെ കമ്മിററികളുടെ യോഗങ്ങളിൽ സഹായിക്കുന്നതിന് ഭരണസംഘം അങ്ങനെയുള്ള മേൽവിചാരകൻമാരിൽ ചുരുക്കംചിലരെ തെരഞ്ഞെടുത്തിരിക്കുന്നു. ഇവർ അവശ്യം ഏററവും നീണ്ട സേവനരേഖയുള്ള പുരുഷൻമാരായിരിക്കുന്നില്ല. പകരം, പ്രത്യേക മണ്ഡലങ്ങളിൽ സഹായം കൊടുക്കുന്നതിന് തങ്ങളെ അനുയോജ്യരാക്കുന്ന യോഗ്യതകളുള്ള പക്വമതികളും പരിചയസമ്പന്നരുമായ പുരുഷൻമാരാണവർ. ഒരു കമ്മിററിയോടുകൂടെ ജോലിചെയ്യാനുള്ള അവരുടെ നിയമനം അവർക്ക് ഒരു പ്രത്യേക പദവി കൊടുക്കുന്നില്ല. തന്റെ ശിഷ്യൻമാരെക്കുറിച്ച് യേശു പറഞ്ഞതുപോലെ, “നിങ്ങളോ എല്ലാവരും സഹോദരൻമാർ.” (മത്തായി 23:8) എന്നിരുന്നാലും, ഈ പുരുഷൻമാരെ വളരെയധികം ഏല്‌പ്പിക്കും, തത്‌ഫലമായി അവരിൽനിന്ന് “വളരെയധികം ആവശ്യപ്പെടും.”—ലൂക്കോസ് 12:48.
യഹോവയുടെ സ്ഥാപനത്തിന്റെ മുന്നോട്ടുള്ള അഭിഗമനത്തിൽ നാം സന്തോഷിക്കുന്നു. കഴിഞ്ഞ പത്തു വർഷക്കാലത്ത്, വലിപ്പമേറിയ ദാവീദായ യേശുക്രിസ്‌തുവിനെ സംബന്ധിച്ച പ്രവചനത്തിനു ചേർച്ചയായി വയലിൽ ശുശ്രൂഷിക്കുന്നവരുടെ എണ്ണത്തിൽ മിക്കവാറും 100 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്: “അവന്റെ ഭരണകൂടത്തിന്റെയും സമാധാനത്തിന്റെയും വർദ്ധനവിന് അവസാനമുണ്ടായിരിക്കയില്ല.” (യെശയ്യാവ് 9:7, കിംഗ് ജെയിംസ് വേർഷൻ) യെരൂശലേമിന്റെ മതിലുകൾ കേടുപോക്കുന്നതിൽ നെഥിനീം പുരോഹിതൻമാരോടുകൂടെ പ്രവർത്തിച്ച അതേ വിധത്തിൽ ഇന്ന് യഹോവയുടെ സ്ഥാപനത്തേക്കുറിച്ചുള്ള ഈ പ്രവചനം നിവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്: “അന്യർ യഥാർത്ഥമായി നിന്റെ മതിലുകൾ പണിയും.” (യെശയ്യാവ് 60:10; നെഹെമ്യാവ് 3:22, 26, NW.) യഹോവയുടെ ലോകവ്യാപക സ്ഥാപനത്തിൽ നിയമിച്ചുകൊടുക്കപ്പെടുന്ന ഏതു വേലയിലും അല്ലെങ്കിൽ സേവനത്തിലും “യഹോവയുടെ പുരോഹിതൻമാരെ” സഹായിച്ചുകൊണ്ട് സത്യാരാധനയെ കെട്ടുപണിചെയ്യുന്നതിൽ ആധുനികനാളിലെ നെഥിനീം പ്രകടമാക്കുന്ന തീക്ഷ്‌ണതക്കുവേണ്ടി അവരെ അനുമോദിക്കേണ്ടതാണ്.—യെശയ്യാവ് 61:5, 6.