വാഗ്ദത്തദേശത്തുനിന്നുള്ള രംഗങ്ങൾ
അവൻ സീനായിൽ വച്ച് ഇസ്രയേലിനുവേണ്ടി കരുതൽ ചെയ്തു
“അഗ്നിസർപ്പങ്ങളും, തേളും, വെള്ളമില്ലാത്ത വരൾച്ചയും ഉള്ള വലിയതും ഭയങ്കരവുമായ മരുഭൂമിയിലേക്ക്” ദശലക്ഷക്കണക്കിന് പുരുഷൻമാരും സ്ത്രീകളും കുട്ടികളും നടന്നു നീങ്ങുന്നത് ഒന്നു വിഭാവനം ചെയ്യുക.
ആവർത്തനം 8:15-ൽ കാണപ്പെടുന്ന ദൈവത്തിന്റെ ആ വാക്കുകൾ ഈജിപ്ററിൽ നിന്ന് പുറപ്പെട്ടുപോന്ന ഇസ്രയേല്യർ സീനായ് മരുഭൂമിയിലേക്ക് നീങ്ങിയപ്പോൾ ഭയാനകമെന്ന് അവർക്കു തോന്നിയതും അവ്യക്തമായി മാത്രം കാണാൻ കഴിഞ്ഞതുമായ ആ യാത്രയെ നമ്മുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നു. ഭയാവഹമായ ഒരു പ്രശ്നം: അവർക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ആരു പ്രദാനം ചെയ്യും?
നൈൽ നദീതടത്തിൽ ഇസ്രയേല്യർ അടിമത്തത്തിലായിരുന്നു, എന്നാൽ അവർക്ക് ആവശ്യമായതെല്ലാമുണ്ടായിരുന്നു. പുരാതന ശവകുടീരങ്ങളുടെ ഭിത്തിയിലെ ചിത്രങ്ങളിൽ വൈവിധ്യമാർന്ന ഒരു ആഹാരക്രമത്തിനാവശ്യമായ വിവിധയിനം മുന്തിരി, തണ്ണിമത്തൻ എന്നിവ പോലുള്ള കൃഷിഫലങ്ങളും മൽസ്യവും പക്ഷികളും മററും കാണപ്പെടുന്നു. അപ്പോൾ “ഞങ്ങൾക്ക് തിന്നാൻ ഇറച്ചി ആരും തരും?” എന്ന മരുഭൂമിയിലെ ആർത്തിയോടെയുള്ള അവരുടെ പരാതി എത്ര കൃത്യമാണ്. “ഞങ്ങൾ മിസ്രയീമിൽ വെച്ച് വിലകൂടാതെ തിന്നിട്ടുള്ള മൽസ്യം, വെള്ളരിക്കാ, മത്തെങ്ങ, ഉള്ളി, ചുവന്നുള്ളി, ചിററുള്ളി എന്നിവ ഞങ്ങൾ ഓർക്കുന്നു!”—സംഖ്യാപുസ്തകം 11:4, 5; 20:5.
ചെങ്കടൽ കടന്നു കഴിഞ്ഞപ്പോൾ സീനായിയുടെ യഥാർത്ഥ സ്ഥിതി അവർക്ക് ബോദ്ധ്യമായി. അവർ പതിവായി ആളുകൾ യാത്ര ചെയ്തിരുന്ന വടക്കോട്ടുള്ള വാണിജ്യ പാതയിലൂടെയല്ല നീങ്ങിയത്, മറിച്ച് ത്രികോണാകൃതിയിലുള്ള ഉപദ്വീപിന്റെ അഗ്രത്തിലേക്കാണ് തിരിഞ്ഞത്. മരുഭൂമിയിലൂടെ ഏതാണ്ട് 50 മൈൽ യാത്ര ചെയ്തു കഴിഞ്ഞപ്പോഴേക്കും വെള്ളത്തിനുവേണ്ടിയുള്ള അവരുടെ ആവശ്യം അടിയന്തിരമായിത്തീർന്നു. അവർ കണ്ടെത്തിയ വെള്ളം അവർക്ക് കുടിക്കാൻ കഴിഞ്ഞില്ല, കാരണം അതു കൈപ്പുള്ളതും ഒരുപക്ഷേ രോഗങ്ങൾക്കിടയാക്കുന്നതുമായിരുന്നു. “ഞങ്ങൾ എന്തു കുടിക്കും?” അവർ പ്രലപിച്ചു. വെള്ളം മധുരമുള്ളതാക്കി മാററിക്കൊണ്ട് ദൈവം ഇടപെട്ടു.—പുറപ്പാട് 15:22-25.
മുകളിലെ ഒട്ടകകൂട്ടങ്ങളുടെ ദൃശ്യം ശ്രദ്ധിക്കുക. ഈ മരുഭൂമിയിലൂടെ ഇസ്രയേല്യർക്ക് സീനായ് പർവ്വതത്തിങ്കലേക്ക് എങ്ങനെ യാത്ര തുടരാൻ കഴിയുമെന്നുള്ള ചോദ്യം നിങ്ങൾക്ക് വിലമതിക്കാൻ കഴിയും. തങ്ങൾക്കുതന്നെയും തങ്ങൾ ജീവനോടെ പരിപാലിക്കേണ്ട ആട്ടിൻ പററങ്ങൾക്കും കന്നുകാലി കൂട്ടങ്ങൾക്കും ആവശ്യമായ വെള്ളവും ഭക്ഷണവും അവർക്ക് തുടർന്ന് എങ്ങനെ കണ്ടെത്താൻ കഴിയും?—പുറപ്പാട് 12:38.
അവർ കുറച്ചുകൂടെ തെക്കോട്ട് നീങ്ങി പെട്ടെന്നു തന്നെ ഏലീമിൽ നവോൻമേഷദായകമായ വെള്ളവും ഭക്ഷണവും കണ്ടെത്തി. (പുറപ്പാട് 15:27) എന്നാൽ അതായിരുന്നില്ല അവരുടെ ലക്ഷ്യസ്ഥാനം. അവർ “സത്യദൈവത്തിന്റെ പർവ്വതത്തിലേക്ക്” സീനായ് പർവ്വതത്തിലേക്ക് പോവുകയായിരുന്നു. (പുറപ്പാട് 3:1; 18:5; 19:2; 24:12-18) അത് 75 മൈൽ അകലെയായിരുന്നു—മൈലുകണക്കിന് ദുഷ്ക്കരവും വരണ്ടതുമായ ദേശം.
ആ വലിയകൂട്ടം സീനായ് പർവ്വതത്തിങ്കലേക്ക് യാത്ര ചെയ്യുകയിൽ ഫേയ്രൻ എന്നറിയപ്പെടുന്ന ഒരു വലിയ മരുപ്പച്ചക്ക് സമീപമെത്തുകയും സാദ്ധ്യതയനുസരിച്ച് അവിടെ താവളമടിക്കുകയും ചെയ്തു. എതിർവശത്തെ പേജിലുള്ള ചിത്രത്തിൽ അതിന്റെ ഒരു ചെറിയഭാഗം ദൃശ്യമാണ്.a മരുപ്രദേശത്തുകൂടെ അതു ചെങ്കടൽ തീരത്തേക്ക് നീണ്ടുകിടക്കുന്നു. അവർക്ക് അവിടെ എന്തോരു വിശ്രാന്തിയാണ് കണ്ടെത്താൻ കഴിഞ്ഞത്!
സീനായ് മരുഭൂമി പൊതുവെ “വലിയതും ഭയങ്കരവുമായ മരുഭൂമി” എന്ന വർണ്ണനക്ക് യോജിക്കുമെങ്കിലും ഫേയ്രൻ മരുപ്പച്ചയിൽ ഇസ്രയേല്യർക്ക് പ്രൗഢമായ ഈന്തപ്പനകളുടെയും മററു മരങ്ങളുടെയും തണൽ ആസ്വദിക്കാൻ കഴിഞ്ഞു. തൽക്കാല ആവശ്യത്തിനും കൂടെകൊണ്ടുപോകാൻ മാത്രവും ധാരാളം മധുരമുള്ള ഈന്തപ്പഴം അവർ അവിടെ കണ്ടെത്തുമായിരുന്നു.
ഇതെല്ലാം സാദ്ധ്യമായിരുന്നത് ഫേയ്രനിൽ ഭൂമിക്കടിയിലെ നീരുറവുകൾ ഉപരിതലത്തിലേക്ക് ഉയർന്നതുകൊണ്ടായിരുന്നു. നിങ്ങൾ ഒരു മരുപ്രദേശത്തായിരിക്കുകയും പെട്ടെന്നു കുടിക്കാനുള്ള ശുദ്ധജലം കണ്ടെത്തുകയും ചെയ്താൽ നിങ്ങൾക്ക് എന്തു തോന്നും എന്ന് ഒന്നു വിഭാവനം ചെയ്യുക! സീനായ് മരുഭൂമിയിലും വെള്ളം ലഭ്യമായ സ്ഥലങ്ങളുണ്ടെന്ന് ഇത് കാണിച്ചു തരുന്നു. എന്നാൽ ചിലപ്പോൾ ഒരു കിണർ വളരെ ആഴത്തിൽ കുഴിക്കേണ്ടതുണ്ട്. അപ്പോൾ തൊട്ടികളൊ ഭരണികളൊ നിറയെ ജീവൽപ്രധാനമായ ഈ ദ്രാവകം കോരിയെടുക്കുന്നതിന് അദ്ധ്വാനം ആവശ്യമായിരുന്നു, വിശേഷിച്ച് ആട്ടിൻപററങ്ങൾക്കും കന്നുകാലികൂട്ടങ്ങൾക്കും വെള്ളം കൊടുക്കേണ്ടതുള്ളപ്പോൾ. ഇന്നും സീനായിലെ ബെഡൂവിൻ വർഗ്ഗക്കാർ തങ്ങൾക്കും തങ്ങളുടെ ഒട്ടകങ്ങൾക്കും വെള്ളം കണ്ടെത്താൻ കഴിയുന്ന കിണറുകളുടെ അടുത്തേക്ക് ആകർഷിക്കപ്പെടുന്നു.—ഉൽപ്പത്തി 24:11-20; 26:18-22 താരതമ്യം ചെയ്യുക.
അതെ, തരണം ചെയ്യാനാവാത്തതെന്ന് അവർക്ക് തോന്നിയ ദൗർലഭ്യതയുടെ പേരിൽ ഇസ്രയേല്യർ പിറുപിറുത്ത അവസരങ്ങളുണ്ടായിരുന്നെങ്കിലും അവർക്ക് വെള്ളവും ഭക്ഷണവും ഉണ്ടായിരുന്നു. ചിലപ്പോൾ ദൈവം അത്ഭുതകരമായി അവ പ്രദാനം ചെയ്തു. (പുറപ്പാട് 16:11-18, 31; 17:2-6) മററു സന്ദർഭങ്ങളിൽ പ്രകൃതിയിൽ തന്നെ ഉണ്ടായിരുന്ന വിഭവങ്ങൾ കൊണ്ട് അവരുടെ ആവശ്യങ്ങൾ നിറവേററാൻ കഴിയത്തക്കവണ്ണം പ്രത്യക്ഷത്തിൽ അവൻ അവരെ അത്തരം “വിശ്രാമ സ്ഥലങ്ങളി”ലേക്ക് നയിച്ചു. (സംഖ്യാപുസ്തകം 10:33-36) അപ്പോഴെല്ലാം വാഗ്ദത്ത നാട്ടിൽ വിശ്വസ്തരായവരെ കാത്തിരുന്ന സമൃദ്ധി അവൻ അവരുടെ ദൃഷ്ടിപഥത്തിൽ വച്ചു.—ആവർത്തനം 11:10-15.
[അടിക്കുറിപ്പ്]
a ഈ ചിത്രം കൂടുതൽ വലിപ്പത്തിൽ യഹോവയുടെ സാക്ഷികളുടെ 1992-ലെ കലണ്ടറിൽ കാണാൻ കഴിയും.
[24-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
Pictorial Archive (Near Eastern History) Est.
[24-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
Pictorial Archive (Near Eastern History) Est.
[24, 25 പേജുകളിലെ ചിത്രത്തിനു കടപ്പാട്]
Pictorial Archive (Near Eastern History) Est.
[25-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
Pictorial Archive (Near Eastern History) Est.