ബൈബിൾ ദൈവത്തിന്റെ നിശ്വസ്ത ദാനമായിരിക്കുന്നതിന്റെ കാരണം
“ദൈവം സ്നേഹമാണെ”ന്ന് ബൈബിൾ പറയുകയും അവന് ജ്ഞാനവും ശക്തിയും ആരോപിക്കുകയും ചെയ്യുന്നു. (1 യോഹന്നാൻ 4:8; ഇയ്യോബ് 12:13; യെശയ്യാവ് 40:26) “അവന്റെ വഴികൾ ഒക്കെയും ന്യായം” എന്ന് അത് പറയുന്നു. (ആവർത്തനം 32:4) ബൈബിൾ പറയുന്നതനുസരിച്ച് ദൈവം കരുണയും കൃപയും പ്രകടമാക്കുന്നവൻകൂടെയാണ്.—പുറപ്പാട് 34:6; റോമർ 9:15.
ബൈബിൾ യഹോവക്ക് അത്തരം ഗുണങ്ങൾ ആരോപിക്കുന്നതിനാൽ അത് ഇരുളിൽ തപ്പിനടക്കുന്ന മനുഷ്യരെ അവന്റെയടുത്തേക്ക് ആകർഷിക്കുന്നു. സൃഷ്ടി, പാപത്തിന്റെയും മരണത്തിന്റെയും ഉത്ഭവം, ദൈവവുമായി രഞ്ജിപ്പിലാകാനുള്ള മാർഗ്ഗം എന്നീ കാര്യങ്ങളെക്കുറിച്ച് ഈ പുസ്തകം സംസാരിക്കുന്നു. ഭൂമിയിൽ പറുദീസ പുനഃസ്ഥാപിക്കപ്പെടുമെന്നുള്ള വശ്യമായ പ്രത്യാശ അത് അവതരിപ്പിക്കുന്നു. എന്നാൽ ബൈബിൾ ദൈവത്തിൽ നിന്നുള്ള ഒരു നിശ്വസ്ത ദാനമാണെന്ന് തെളിയിക്കാൻ കഴിയുമെങ്കിൽ മാത്രമേ ഇതിനൊക്കെ എന്തെങ്കിലും മൂല്യം ഉണ്ടായിരിക്കുന്നുള്ളു.
ബൈബിളും ശാസ്ത്രവും
ബൈബിൾ എന്നും വിമർശനത്തിനെതിരെ വിജയം വരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, തുറന്ന മനസ്സോടെ വായിക്കപ്പെടുമ്പോൾ അത് യഥാർത്ഥ ശാസ്ത്രവുമായി യോജിപ്പിലായിരിക്കുന്നതായി കാണപ്പെടുന്നു. തീർച്ചയായും ബൈബിൾ തയ്യാറാക്കപ്പെട്ടത് ആത്മീയ കാര്യങ്ങൾക്കുള്ള മാർഗ്ഗദർശനമായിട്ടാണ്. അല്ലാതെ ഒരു ശാസ്ത്രപാഠപുസ്തകമായിട്ടല്ല. എന്നാൽ ബൈബിൾ ശാസ്ത്രീയ വസ്തുതകളോട് യോജിക്കുന്നുണ്ടോ എന്ന് നമുക്ക് നോക്കാം.
ശരീരഘടനാശാസ്ത്രം: ഒരു മാനുഷ ഭ്രൂണത്തിന്റെ ‘എല്ലാ ഭാഗങ്ങളും’ “എഴുതി വയ്ക്കപ്പെട്ടിരിക്കുന്നതായി” ബൈബിൾ കൃത്യമായി പറയുന്നു. (സങ്കീർത്തനം 139:13-16) തലച്ചോറ്, ഹൃദയം, ശ്വാസകോശം, കണ്ണുകൾ എന്നിവയും മററു ശരീരഭാഗങ്ങളും അമ്മയുടെ ഗർഭാശയത്തിലെ ഫലഭൂയിഷ്ഠമായ അണ്ഡത്തിന്റെ ജനിതക രേഖയിൽ ‘എഴുതപ്പെട്ടിരിക്കുന്നു.’ ഈ രഹസ്യരേഖയിൽ അതതിന്റെ ക്രമത്തിൽ ഈ ഓരോ ശരീരഭാഗങ്ങളും പ്രത്യക്ഷപ്പെടുവാനുള്ള ആന്തരിക സമയപ്പട്ടിക ഉൾപ്പെടുന്നു. എന്നാൽ ഇതേപ്പററി ചിന്തിക്കുക! മനുഷ്യശരീരത്തിന്റെ വളർച്ചയെപ്പററിയുള്ള ഈ വസ്തുത ജനിതക രേഖയെപ്പററി ശാസ്ത്രജ്ഞൻമാർ മനസ്സിലാക്കുന്നതിന് ഏതാണ്ട് 3,000 വർഷങ്ങൾക്കു മുമ്പാണ് ബൈബിളിൽ രേഖപ്പെടുത്തപ്പെട്ടത്.
ജന്തുജീവൻ: ബൈബിൾ പറയുന്നതനുസരിച്ച് “മുയൽ . . . അയവിറക്കുന്ന ഒരു മൃഗമാണ്.” (ലേവ്യപുസ്തകം 11:6) ഫ്രാങ്കോ ബോർലിയർ (ദ നാച്വറൽ ഹിസ്റററി ഓഫ് മാമൽസ്, 1964, പേജ് 41) പറയുന്നു: “‘അയവിറക്കുന്ന’ രീതി അല്ലെങ്കിൽ ഭക്ഷണം ഒരിക്കലല്ല രണ്ടു പ്രാവശ്യം കുടലിലൂടെ കടത്തി വിടുന്ന രീതി മുയലുകളിലും കുഴിമുയലുകളിലും കാണപ്പെടുന്ന ഒരു പൊതു പ്രതിഭാസമാണന്നു തോന്നുന്നു. കൂട്ടിൽ വളർത്തപ്പെടുന്ന മുയലുകൾ സാധാരണയായി രാത്രിയിലെ അവരുടെ കാഷ്ഠം ചവക്കാതെ വീണ്ടും വിഴുങ്ങുന്നു, രാവിലെ അവയുടെ വയററിൽ പകുതിയോളം അതായിരിക്കും ഉള്ളത്. വനത്തിൽ വസിക്കുന്ന മുയലുകളിലും ദിവസം രണ്ടു പ്രാവശ്യം അയവിറക്കൽ നടക്കുന്നു. ഇതേ സ്വഭാവം യൂറോപ്പ്യൻ മുയലുകളിലുമുള്ളതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.” ഇതു സംബന്ധിച്ച് മാമ്മൽസ് ഓഫ് ദ വേൾഡ് എന്ന പുസ്തകം (ഇ. പി വാൽക്കർ രചിച്ചത്, 1964, വാല്യം 2 പേ. 647) ഇപ്രകാരം പ്രസ്താവിക്കുന്നു: “ഇത് അയവിറക്കുന്ന മൃഗങ്ങളുടെ ‘അയവിറക്കൽ’ പോലെ തന്നെയാണ്.”
പുരാവസ്തുശാസ്ത്രം: കളിമൺ ഫലകങ്ങളും പാത്രങ്ങളും ലിഖിത രേഖകളും മററും കണ്ടുപിടിക്കപ്പെട്ടതോടെ ബൈബിളിൽ പേർ പറഞ്ഞിരിക്കുന്ന രാജാക്കൻമാരും നഗരങ്ങളും രാഷ്ട്രങ്ങളും ജീവനിലേക്ക് വന്നിരിക്കുന്നു. ഉദാഹരണത്തിന് തിരുവെഴുത്തുകളിൽ പരാമർശിച്ചിരിക്കുന്ന ഹിത്യരെപ്പോലെയുള്ള ജനതകൾ യഥാർത്ഥത്തിൽ ജീവിച്ചിരുന്നു. (പുറപ്പാട് 3:8) ദ ബൈബിൾ കംസ് അലൈവ് എന്ന തന്റെ പുസ്തകത്തിൽ സർ ചാൾസ് മാർസ്ററൺ ഇപ്രകാരം പ്രസ്താവിച്ചു: “ബൈബിളിലുള്ള പൊതു ജനങ്ങളുടെ വിശ്വാസം ഇളക്കുകയും അതിന്റെ അധികാരത്തിന് തുരങ്കം വയ്ക്കുകയും ചെയ്തവർ ഇപ്പോൾ വെളിച്ചം കണ്ടിരിക്കുന്ന തെളിവുകൾ മൂലം തങ്ങൾക്ക് തുരങ്കം വയ്ക്കപ്പെട്ടിരിക്കുന്നതായും തങ്ങളുടെ അധികാരം തകർക്കപ്പെട്ടിരിക്കുന്നതായും കാണുന്നു. നശീകരണ വിമർശനത്തെ മൺവെട്ടി ചോദ്യം ചെയ്യപ്പെടാവുന്ന വസ്തുതകളുടെ മണ്ഡലത്തിൽ നിന്ന് അംഗീകൃത ഭാവനയുടെ ലോകത്തേക്ക് ആട്ടി പായിച്ചുകൊണ്ടിരിക്കുന്നു.”
പുരാവസ്തു ശാസ്ത്രം അനേക വിധങ്ങളിൽ ബൈബിളിനെ പിന്താങ്ങിയിരിക്കുന്നു. ഉദാഹരണത്തിന്, കണ്ടുപിടിത്തങ്ങൾ ഉൽപ്പത്തി 10-ാം അദ്ധ്യായത്തിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളും പേരുകളും സ്ഥിരീകരിച്ചിരിക്കുന്നു. പുരാവസ്തു ഗവേഷകർ അബ്രഹാമിന്റെ ജൻമസ്ഥലവും അന്നത്തെ വാണിജ്യ, മത, കേന്ദ്രവുമായിരുന്ന ഊർ എന്ന കൽദായ നഗരം കണ്ടുപിടിച്ചിരിക്കുന്നു. (ഉൽപ്പത്തി 11:27-31) യെരൂശലേമിന്റെ തെക്കു കിഴക്കേ ഭാഗത്ത് ഗീഹോൻ തോടിനു മുകളിലായി ഗവേഷകർ ദാവീദ് രാജാവ് പിടിച്ചടക്കിയ യെബൂസ്യ നഗരം കണ്ടെത്തി. (2 ശമൂവേൽ 5:4-10) ഹിസ്ക്കിയാ രാജാവ് നിർമ്മിച്ച തുരങ്കത്തിന്റെ അഥവാ ജലപാത്തിയുടെ ഒരററത്തുണ്ടായിരുന്ന ശിലാലിഖിതം 1880-ൽ കണ്ടുപിടിക്കപ്പെട്ടു. (2 രാജാക്കൻമാർ 20:20) ബാബിലോൺ മഹാനായ കോരെശിനാൽ കീഴടക്കപ്പെട്ടത് പൊ. യു. മു. 539-ലായിരുന്നു എന്ന് പൊ. യു. 19-ാം നൂററാണ്ടിൽ കുഴിച്ചെടുക്കപ്പെട്ട നബോണിഡസ് ക്രോണിക്കിൾ വിവരിക്കുന്നു. പെർസിപൊലീസിൽ നിന്നുള്ള ലിഖിതരേഖകളാലും പൊ. യു. (പൊതുയുഗം) 1880-1890 ഇടക്ക് അഹശ്വരേശ് രാജാവിന്റെ ശൂശനിലെ അഥവാ ശൂശയിലെ കൊട്ടാരം കണ്ടുപിടിക്കപ്പെട്ടതിനാലും എസ്ഥേറിന്റെ പുസ്തകത്തിലെ വിശദാംശങ്ങൾ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ആയിരത്തിത്തൊള്ളായിരത്തിഅറുപത്തിയൊന്നിൽ കൈസറിയായിലെ ഒരു റോമൻ വിനോദകേന്ദ്രത്തിന്റെ അവശിഷ്ടങ്ങൾക്കിയിൽ കണ്ടുപിടിക്കപ്പെട്ട ഒരു രേഖ ദണ്ഡനസ്തംഭത്തിലെ മരണത്തിന് യേശുവിനെ ഏൽപ്പിച്ചു കൊടുത്ത പൊന്തിയൊസ് പീലാത്തൊസ് ജീവിച്ചിരുന്നതായി തെളിവു നൽകിയിരിക്കുന്നു.—മത്തായി 27:11-26.
ജ്യോതിശാസ്ത്രം: ഏതാണ്ട് 2,200 വർഷം മുമ്പ്—ഭൂമി ഉരുണ്ടതാണെന്ന് പൊതുവേ ആളുകൾ അറിയുന്നതിന് ദീർഘകാലം മുമ്പ്—പ്രവാചകനായ യെശയ്യാവ് എഴുതി: “ഭൂവൃത്തത്തിൻ മീതെ വസിക്കുന്ന ഒരുവനുണ്ട്.” (യെശയ്യാവ് 40:22, NW) “വൃത്തം” എന്ന് ഇവിടെ വിവർത്തനം ചെയ്തിരിക്കുന്ന ച്യൂഗ്ഹ് എന്ന എബ്രായ പദത്തിന് “ഗോളം” എന്നും അർത്ഥമുണ്ടായിരിക്കാൻ കഴിയും. (എബ്രായ, കൽദായ തിരുവെഴുത്തുകളുടെ കൊൺകോഡൻസ്, ബി. ഡേവിഡ്സണാലുള്ളത് [ഇംഗ്ലീഷിൽ മാത്രം ലഭ്യം]) കൂടാതെ ഭൂമിയുടെ ചക്രവാളത്തിന്റെ വൃത്തരേഖ ശൂന്യാകാശത്തു നിന്നും, വളരെ ഉയരത്തിൽ വിമാനത്തിൽ പറക്കുമ്പോഴും വ്യക്തമായി കാണാൻ കഴിയും. ആനുഷംഗികമായി, ദൈവം “ഭൂമിയെ നാസ്തിത്വത്തിൻമേൽ തൂക്കുന്നു” എന്ന് ഇയ്യോബ് 26:7 പറയുന്നു. ഇത് വാസ്തവമാണ്, എന്തുകൊണ്ടെന്നാൽ ഭൂമിക്ക് ദൃശ്യമായ ഒരു താങ്ങില്ലെന്ന് ജ്യോതിശാസ്ത്രജ്ഞൻമാർക്കറിയാം.
സസ്യശാസ്ത്രം: “കടുകുമണിയെക്കുറിച്ച്” “എല്ലാ വിത്തിലും ചെറുത്” എന്ന് യേശു പറഞ്ഞതിനാൽ ബൈബിൾ കൃത്യതയുള്ളതല്ല എന്ന് ചിലർ തെററായി നിഗമനം ചെയ്യുന്നു. (മർക്കോസ് 4:30-32) സാദ്ധ്യതയനുസരിച്ച് കറുത്ത കടുകുമണിയാണ് യേശു അർത്ഥമാക്കിയത്, (ബ്രാസിക്ക നീഗ്ര അഥവാ സിനാപ്പിസ് നീഗ്ര) അതിന് 1മുതൽ 1.6വരെ മില്ലീ മീററർ വ്യാസമേയുള്ളു. ഓർക്കിഡ് ചെടികളുടെ വിത്തുപോലെ അതിലും ചെറിയ പൊടിപോലുള്ള വിത്തുകളുണ്ടെങ്കിലും യേശു ഓർക്കിഡ് ചെടികൾ വളർത്തിയിരുന്ന ആളുകളോട് സംസാരിക്കുകയായിരുന്നില്ല. ആ പ്രദേശത്തെ കൃഷിക്കാർ വിതച്ച പലതരം വിത്തുകളിൽ കടുകുമണിയാണ് ഏററം ചെറുതെന്ന് ഗലീലയിലെ ആ യഹൂദൻമാർക്കറിയാമായിരുന്നു. യേശു രാജ്യത്തെപ്പററി പ്രസംഗിക്കുകയായിരുന്നു, ഒരു സസ്യശാസ്ത്ര പാഠം പഠിപ്പിക്കുകയായിരുന്നില്ല.
ഭൂതത്വശാസ്ത്രം: സൃഷ്ടിയെ സംബന്ധിച്ചുള്ള ബൈബിൾ വിവരണത്തെപ്പററി പ്രശസ്ത ഭൂതത്വശാസ്ത്രജ്ഞനായ വാലസ് പ്രാററ് ഇപ്രകാരം പറഞ്ഞു: “ഭൂമിയുടെ ഉൽപ്പത്തിയെയും ജീവൻ വികാസം പ്രാപിച്ചതിനെയും പററിയുള്ള ആധുനിക ആശയങ്ങൾ ഉൽപ്പത്തി പുസ്തകം ആർക്കുവേണ്ടി എഴുതപ്പെട്ടുവോ അത്തരം സാധാരണക്കാരായ ഇടയജനങ്ങളോട് വിശദീകരിക്കാൻ ഒരു ഭൂതത്ത്വശാസ്ത്രജ്ഞനെന്നനിലയിൽ എന്നോട് ആവശ്യപ്പെടുകയാണെങ്കിൽ ഉൽപ്പത്തിപുസ്തകം ഒന്നാം അദ്ധ്യായത്തിന്റെ ഭാഷ ഏതാണ്ട് അതേപടി അടുത്തു പിന്തുടരാനല്ലാതെ അതിലും മെച്ചമായി ഒന്നും ചെയ്യാൻ എനിക്ക് കഴിയുകയില്ല.” ഉൽപ്പത്തി പുസ്തകത്തിലെ സംഭവങ്ങളുടെ ക്രമം—സമുദ്രങ്ങളുടെ ആവിർഭാവം, കരഭൂമി വേർതിരിഞ്ഞത്, ജലജന്തുക്കൾ, പക്ഷികൾ, സസ്തനജീവികൾ എന്നിവ രംഗപ്രവേശനം ചെയ്തത്—സാരാംശത്തിൽ ഭൂതത്ത്വശാസ്ത്ര സമയപ്പട്ടികയിലെ മുഖ്യവിഭാഗങ്ങളുടെ അതേക്രമം തന്നെയാണ്.
വൈദ്യശാസ്ത്രം: ഒരു വൈദ്യശാസ്ത്രജ്ഞൻ ബൈബിൾ പരിശോധിക്കുന്നു [ഇംഗ്ലീഷിൽ മാത്രം ലഭ്യം] എന്ന പുസ്തകത്തിൽ സി. റൈമർ സ്മിത്ത് ഇപ്രകാരം എഴുതി: “വൈദ്യശാസ്ത്രത്തിന്റെ വീക്ഷണത്തിൽ ബൈബിൾ ഇത്ര കൃത്യതയുള്ളതായിരിക്കുന്നത് എന്നെ അതിശയിപ്പിക്കുന്നു . . . പരുക്കൾക്കും മുറിവുകൾക്കും മററുമുള്ള ചികിൽസയെപ്പററി പരാമർശിച്ചിരിക്കുന്നിടത്ത് ആധുനിക നിലവാരം വച്ചു നോക്കിയാൽപോലും അത് വളരെ ശരിയാണ്. . . . ഒരുതരം ചെസ്ററ് നട്ട് മരത്തിന്റെ കായ് പോക്കററിലിട്ടുകൊണ്ടു നടന്നാൽ വാതരോഗം വരില്ല, തവളയെ പിടിച്ചാൽ അരിമ്പാറയുണ്ടാകും, ചുവന്ന ഫ്ളാനൽ കഴുത്തിൽ ചുററിയാൽ തൊണ്ടവേദന മാറും, ഒരു ചെറു സഞ്ചിയിൽ കായം ശരീരത്തിൽ ധരിച്ചാൽ രോഗമുണ്ടാവുകയില്ല, ഒരു കുട്ടിക്ക് രോഗം വരുന്നത് എല്ലായ്പ്പോഴും വിരമൂലമാണ് എന്നിവപോലുള്ള അന്ധവിശ്വാസങ്ങൾ ഇന്നും ധാരാളമാളുകൾ വിശ്വസിക്കുന്നു, എന്നാൽ ബൈബിളിൽ അത്തരം പ്രസ്താവനകളൊന്നും കാണപ്പെടുന്നില്ല. അതുതന്നെ വളരെ അസാധാരണമാണ്, എന്റെ വീക്ഷണത്തിൽ ദിവ്യ ഉത്ഭവത്തിന്റെ മറെറാരു തെളിവുമാണ്.”
ചരിത്രപരമായ വിശദാംശങ്ങളിൽ ആശ്രയയോഗ്യം
“ഒരു വക്കീൽ ബൈബിൾ പരിശോധിക്കുന്നു” [ഇംഗ്ലീഷിൽ മാത്രം ലഭ്യം] എന്ന തന്റെ പുസ്തകത്തിൽ അറേറാർണി ഇർവിൻ എച്ച്. ലിൻറൺ ഇപ്രകാരം നിരീക്ഷിച്ചു: “സങ്കൽപ്പ കഥകളും പുരാണങ്ങളും വ്യാജസാക്ഷ്യങ്ങളും അവ വിവരിക്കുന്ന സംഭവങ്ങൾ വിദൂരസ്ഥലത്തും അനിശ്ചിതമായ സമയത്തും നടക്കുന്നതായി പറയാൻ ശ്രദ്ധിക്കുകയും അതുവഴി ബോദ്ധ്യം വരുത്തുന്ന വാദത്തിന്റെതായി ഞങ്ങൾ വക്കീലൻമാർ പഠിക്കുന്ന ആദ്യത്തെ നിയമം, അതായത് ‘പ്രസ്താവന സമയവും സ്ഥലവും പറയണം,’ ലംഘിക്കുകയും ചെയ്യുമ്പോൾ ബൈബിൾ വിവരണങ്ങൾ അവ പറയുന്ന സംഭവങ്ങളുടെ തീയതിയും സ്ഥലവും വളരെ കൃത്യമായി പറയുന്നു.”
ഈ ആശയം തെളിയിക്കാൻ ലിൻറൺ ലൂക്കോസ് 3:1, 2 ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. അവിടെ യേശു തന്റെ ശുശ്രൂഷ ആരംഭിച്ച സമയം സ്ഥാപിക്കാൻ വേണ്ടി സുവിശേഷകർത്താവ് ഏഴു ഉദ്യോഗസ്ഥൻമാരെ പരാമർശിക്കുന്നു. താഴെപ്പറയുന്ന വാക്കുകളിലൂടെ നൽകിയിരിക്കുന്ന വിശദാംശങ്ങൾ കുറിക്കൊള്ളുക: “തീബെര്യൊസ് കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടിൽ പൊന്തിയൊസ് പീലാത്തൊസ് യെഹൂദ്യനാടു വാഴുമ്പോൾ, ഹെരോദാവു ഗലീലയിലും അവന്റെ സഹോദരനായ ഫീലിപ്പോസ് ഇതൂര്യത്രഖോനിത്തി ദേശങ്ങളിലും ലുസാന്യാസ് അബിലേനയിലും ഇടപ്രഭുക്കൻമാരായും ഹന്നാവും കയ്യഫാവും മഹാപുരോഹിതൻമാരായും ഇരിക്കുംകാലം സെഖര്യാവിന്റെ മകനായ യോഹന്നാന്നു മരുഭൂമിയിൽവെച്ചു ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായി.”
ബൈബിൾ അത്തരം വിശദാംശങ്ങൾ നിറഞ്ഞതാണ്. മാത്രവുമല്ല സുവിശേഷങ്ങൾ പോലെയുള്ള അതിന്റെ ഭാഗങ്ങൾ യഹൂദ, ഗ്രീക്ക്, റോമൻ സംസ്കാരങ്ങൾ വളരെ ഔന്നത്യത്തിലെത്തിയിരിക്കുന്ന ഒരു കാലത്താണ് എഴുതപ്പെട്ടത്. അത് നിയമജ്ഞൻമാരുടെയും എഴുത്തുകാരുടെയും ഭരണകർത്താക്കൻമാരുടെയും മററും ഒരു കാലമായിരുന്നു. അപ്പോൾ തീർച്ചയായും സുവിശേഷങ്ങളിലും മററ് ബൈബിൾ ഭാഗങ്ങളിലും കാണപ്പെടുന്ന വിശദാംശങ്ങൾ വസ്തുനിഷ്ഠമല്ലായിരുന്നെങ്കിൽ അവ വ്യാജമെന്ന നിലയിൽ തുറന്നു കാട്ടപ്പെടുമായിരുന്നു. എന്നാൽ യേശുക്രിസ്തു ജീവിച്ചിരുന്നു എന്നും മററുമുള്ള ആശയങ്ങൾ ലൗകിക ചരിത്രകാരൻമാർ സ്ഥിരീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, യേശുവിനെയും അവന്റെ അനുയായികളെയും കുറിച്ച് റോമൻ ചരിത്രകാരനായ ററാസിററസ് ഇപ്രകാരം എഴുതി: “ക്രിസ്ത്യാനികൾ എന്ന പേര്, ആരിൽ നിന്നു വന്നുവോ ആ ക്രിസ്തു തിബെര്യോസിന്റെ വാഴ്ചക്കാലത്ത് നമ്മുടെ നാടുവാഴികളിലൊരാളായ പൊന്തിയൊസ് പീലാത്തൊസിൽ നിന്ന് ഏററം കഠിനമായ ശിക്ഷ ഏററുവാങ്ങി. (അനൽസ്, പുസ്തകം XV, 44) ബൈബിളിന്റെ ചരിത്രപരമായ കൃത്യത അത് മനുഷ്യവർഗ്ഗത്തിനുവേണ്ടിയുള്ള ദൈവത്തിന്റെ ദാനമാണെന്ന് തെളിയിക്കാൻ സഹായിക്കുന്നു.
ഏററം മഹത്തായ തെളിവ്
പുരാവസ്തുശാസ്ത്രവും ജ്യോതിശാസ്ത്രവും ചരിത്രവും അറിവിന്റെ മററു മണ്ഡലങ്ങളും ബൈബിളിനെ പിന്താങ്ങുന്നുണ്ടെങ്കിലും അതിലുള്ള വിശ്വാസം അത്തരം സ്ഥിരീകരണങ്ങളെ ആശ്രയിച്ചല്ല ഇരിക്കുന്നത്. ബൈബിൾ നമുക്കുവേണ്ടിയുള്ള നിശ്വസ്ത ദാനമാണെന്നുള്ളതിന്റെ അനേക തെളിവുകളിൽ അതിലെ പ്രവചനങ്ങളുടെ നിവൃത്തിയേക്കാൾ വലിയ വേറൊരു തെളിവും എടുത്തുകാണിക്കാനില്ല.
യഥാർത്ഥ പ്രവചനത്തിന്റെ ഉറവിടം യഹോവയാം ദൈവമാണ്. തന്റെ പ്രവാചകനായ യെശയ്യാവിലൂടെ അവൻ ഇപ്രകാരം പറഞ്ഞു: “പണ്ടു പ്രസ്താവിച്ചതു ഇതാ, സംഭവിച്ചിരിക്കുന്നു; ഞാൻ പുതിയതു അറിയിക്കുന്നു; അത് ഉത്ഭവിക്കുമ്മുമ്പെ ഞാൻ നിങ്ങളെ കേൾപ്പിക്കുന്നു.” (യെശയ്യാവ് 42:9) മാത്രവുമല്ല ബൈബിളിന്റെ എഴുത്തുകാർ ദൈവത്തിന്റെ പരിശുദ്ധാത്മാവ് മുഖാന്തരം അവനാൽ നിശ്വസ്തരാക്കപ്പെട്ടിരുന്നു എന്ന് ബൈബിൾ പറയുന്നു. ഉദാഹരണത്തിന്, ക്രിസ്തീയ അപ്പോസ്തലനായ പൗലോസ് ഇപ്രകാരം എഴുതി: “എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണ്.” (2 തിമൊഥെയോസ് 3:16) അപ്പോസ്തലനായ പത്രോസ് എഴുതി: “തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉളവാകുന്നതല്ല . . . പ്രവചനം ഒരിക്കലും മമനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല; ദൈവകൽപ്പനയാൽ മനുഷ്യർ പരിശുദ്ധാത്മ നിയോഗം പ്രാപിച്ചിട്ട് സംസാരിച്ചതത്രേ.” (2 പത്രോസ് 1:20, 21) അതുകൊണ്ട് നമുക്ക് ബൈബിൾ പ്രവചനം ഒന്നു പരിശോധിക്കാം.
നൂറുകണക്കിന് ബൈബിൾ പ്രവചനങ്ങളിൽ 15 നൂററാണ്ടുകാലത്തേക്ക് പുരാതന മദ്ധ്യപൂർവദേശത്തെ മുഴുവൻ വിറപ്പിച്ച “രക്തപാതകങ്ങളുടെ പട്ടണ”മായ നിനെവേയെക്കുറിച്ചുള്ളവയും ഉണ്ട്. (നഹൂം 3:1) എന്നിരുന്നാലും, നിനെവേയുടെ പ്രതാപകാലത്തുതന്നെ ബൈബിൾ ഇപ്രകാരം മുൻകൂട്ടിപ്പറഞ്ഞു: “[ദൈവം] നിനെവേയെ ശൂന്യവും മരുഭൂമിയിലെ വരണ്ടനിലവും ആക്കും. അതിന്റെ നടുവിൽ ആട്ടിൻകൂട്ടങ്ങളും നാനാജാതി മൃഗങ്ങളും കിടക്കും; അതിന്റെ പോതികകളുടെ ഇടയിൽ വേഴാമ്പലും മുള്ളനും രാപാർക്കും, കിളിവാതിൽക്കൽ പാട്ടു പാടുന്നതു കേട്ടോ! ദേവദാരുപ്പണി പറിച്ചുകളഞ്ഞിരിക്കയാൽ ഉമ്മരപ്പടിക്കൽ ശൂന്യതയുണ്ടു. (സെഫന്യാവ് 2:13, 14) പുരാതന നിനെവേയുടെ സ്ഥാനത്ത് ഒരു മൊട്ടക്കുന്നേയുള്ളുവെന്ന് ഇന്ന് സന്ദർശകർക്ക് കാണാൻ കഴിയും. മാത്രവുമല്ല മുൻകൂട്ടിപ്പറയപ്പെട്ടതുപോലെ അവിടെ ആട്ടിൻപററങ്ങൾ മേഞ്ഞു നടക്കുന്നു.
ദൈവത്തിന്റെ പ്രവാചകനായ ദാനിയേൽ ഒരു ദർശനത്തിൽ രണ്ടു കൊമ്പുകളുള്ള ഒരു ആട്ടുകൊററനെയും കണ്ണുകൾക്ക് മദ്ധ്യേ ഒരു വലിയ കൊമ്പുണ്ടായിരുന്ന ഒരു കോലാട്ടുകൊററനെയും കണ്ടു. കോലാട്ടുകൊററൻ ആട്ടുകൊററനെ ഇടിച്ചുവീഴ്ത്തുകയും അതിന്റെ കൊമ്പുകൾ രണ്ടും തകർക്കുകയും ചെയ്തു. അതിനുശേഷം കോലാട്ടുകൊററന്റെ വലിയ കൊമ്പ് ഒടിഞ്ഞു പോവുകയും അതിന്റെ സ്ഥാനത്ത് നാലു കൊമ്പുകൾ മുളച്ചുവരികയും ചെയ്തു. (ദാനിയേൽ 8:1-8) ഗബ്രിയേൽ ദൂതൻ ഇപ്രകാരം വിശദീകരിച്ചു: “രണ്ടുകൊമ്പുള്ളതായി നീ കണ്ട ആട്ടുകൊററൻ പാർസ്യരാജാക്കൻമാരെ കുറിക്കുന്നു. പരുപരുത്ത കോലാട്ടുകൊററൻ യവനരാജാവും അതിന്റെ കണ്ണുകളുടെ നടുവിലുള്ള വലിയ കൊമ്പ് ഒന്നാമത്തെ രാജാവുമാകുന്നു. അത് തകർന്നശേഷം അതിനുപകരം നാലു കൊമ്പു മുളെച്ചതോ: നാലു രാജ്യം ആ ജാതിയിൽ നിന്നുത്ഭവിക്കും; അതിന്റെ ശക്തിയോടെ അല്ലതാനും.” (ദാനിയേൽ 8:20-22) ചരിത്രം തെളിയിച്ചിട്ടുള്ളതുപോലെ രണ്ടു കൊമ്പുള്ള ആട്ടുകൊററൻ—മേദോ പേർഷ്യൻ സാമ്രാജ്യം—“യവന രാജാവിനാൽ” മറിച്ചിടപ്പെട്ടു. ആലങ്കാരിക കോലാട്ടുകൊററന് മഹാനായ അലക്സാണ്ടർ എന്ന ഒരു “വലിയ കൊമ്പ്” ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ നാലു സൈന്യാധിപൻമാർ “വലിയ കൊമ്പിന്റെ” സ്ഥാനത്ത് തങ്ങൾക്കായിത്തന്നെ “നാലു രാജ്യങ്ങൾ” സ്ഥാപിച്ചു.
എബ്രായ തിരുവെഴുത്തുകളിലെ (“പഴയ നിയമം”) ധാരാളം പ്രവചനങ്ങൾ യേശുക്രിസ്തുവിനോടുള്ള ബന്ധത്തിൽ നിവൃത്തിയേറിയിട്ടുണ്ട്. അവയിൽ ചിലതു ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ (“പുതിയ നിയമം”) ദിവ്യനിശ്വസ്ത എഴുത്തുകാരാൽ അവന് ബാധകമാക്കപ്പെട്ടിട്ടുമുണ്ട്. ഉദാഹരണത്തിന്, യേശുവിന്റെ ജനനം സംബന്ധിച്ച്, അവൻ ഒരു കന്യകയിൽ നിന്ന് ജനിക്കുമെന്നും, അവന് ഒരു മുന്നോടിയുണ്ടായിരിക്കുമെന്നും അവൻ ഒരു കഴുതക്കുട്ടിയുടെ പുറത്തു കയറി യെരൂശലേമിൽ പ്രവേശിക്കുമെന്നും ഉള്ള തിരുവെഴുത്തു പ്രവചനങ്ങളുടെ നിവൃത്തി സുവിശേഷകർത്താവായ മത്തായി ചൂണ്ടിക്കാണിച്ചിരിക്കുന്നു. (മത്തായി 1:18-23; 3:1-3; 21:1-9 എന്നിവ യെശയ്യാവ് 7:14; 40:3; സെഖര്യാവ് 9:9 എന്നിവയുമായി താരതമ്യം ചെയ്യുക.) നിവൃത്തിയായ അത്തരം പ്രവചനങ്ങൾ ബൈബിൾ വാസ്തവത്തിൽ ദൈവത്തിന്റെ നിശ്വസ്ത ദാനമാണ് എന്ന് തെളിയിക്കാൻ സഹായിക്കുന്നു.
ബൈബിൾ പ്രവചനങ്ങളുടെ ഈ കാലത്തെ നിവൃത്തി നാം “അന്ത്യനാളുകളി”ലാണ് ജീവിക്കുന്നത് എന്ന് തെളിയിക്കുന്നു. (2 തിമൊഥെയോസ് 3:1-5) യുദ്ധങ്ങൾ, ഭക്ഷ്യക്ഷാമങ്ങൾ, പകർച്ചവ്യാധികൾ, മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരം വലിയ ഭൂകമ്പങ്ങൾ എന്നിവ രാജ്യാധികാരത്തിൽ യേശു “സാന്നിദ്ധ്യവാനായി”രിക്കുന്നു എന്നതിന്റെ “അടയാള”മാണ്. ആ അടയാളത്തിൽ, സ്ഥാപിതമായിരിക്കുന്ന ദൈവരാജ്യത്തെപ്പററി സുവാർത്ത പ്രസംഗിക്കുന്ന 40 ലക്ഷത്തിൽപരം യഹോവയുടെ സാക്ഷികളുടെ പ്രവർത്തനവും ഉൾപ്പെടുന്നു. (മത്തായി 24:3-14; ലൂക്കോസ് 21:10, 11) ഇന്ന് നിവൃത്തിയേറിക്കൊണ്ടിരിക്കുന്ന ബൈബിൾ പ്രവചനങ്ങൾ, യേശുക്രിസ്തവിന്റെ കീഴിലെ ദൈവത്തിന്റെ സ്വർഗ്ഗീയ ഗവൺമെൻറ് അനുസരണമുള്ള മനുഷ്യവർഗ്ഗത്തിന് പെട്ടെന്നു തന്നെ നിത്യസന്തോഷത്തിന്റെ ഒരു പുതിയ ലോകം കൈവരുത്തുമെന്ന് ഉറപ്പു നൽകുകയും ചെയ്യുന്നു.—2 പത്രോസ് 3:13; വെളിപ്പാട് 21:1-5.
“നിവൃത്തിയായ ബൈബിൾ പ്രവചനങ്ങൾ” എന്ന ശീർഷകത്തിൻ കീഴിൽ ഇതേ തുടർന്ന് കൊടുത്തിരിക്കുന്ന ചാർട്ട് പട്ടികപ്പെടുത്താൻ കഴിയുന്ന നൂറുകണക്കിന് ബൈബിൾ പ്രവചനങ്ങളിൽ ഏതാനുമെണ്ണം മാത്രം അവതരിപ്പിക്കുന്നു. ഇവയിൽ ചിലതിന്റെ നിവൃത്തി തിരുവെഴുത്തുകളിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്, എന്നാൽ ഇന്ന് നിവൃത്തിയേറിക്കൊണ്ടിരിക്കുന്ന പ്രവചനങ്ങൾ വിശേഷാൽ ശ്രദ്ധേയമാണ്.
സാദ്ധ്യതയനുസരിച്ച്, ബൈബിളിൽ മുൻകൂട്ടിപ്പറയപ്പെട്ട ചില ലോകവ്യാപക സംഭവവികാസങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയും. എന്നാൽ എന്തുകൊണ്ട് അൽപ്പം കൂടെ ഗവേഷണം ചെയ്തുകൂടാ? നിങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ യഹോവയുടെ സാക്ഷികൾ സന്തോഷപൂർവ്വം കൂടുതൽ വിശദാംശങ്ങൾ നൽകും. അത്യുന്നതനെക്കുറിച്ചും അവന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചുമുള്ള അറിവിനുവേണ്ടിയുള്ള നിങ്ങളുടെ ആത്മാർത്ഥമായ അന്വേഷണം ബൈബിൾ വാസ്തവമായും ദൈവത്തിൽ നിന്നുള്ള ഒരു നിശ്വസ്ത ദാനമാണെന്ന് നിങ്ങളെ ബോദ്ധ്യപ്പെടുത്താനിടയാക്കട്ടെ.
[7-ാം പേജിലെ ചാർട്ട്]
നിവൃത്തിയായ ബൈബിൾ പ്രവചനങ്ങൾ
പ്രവചനം നിവൃത്തി
ഉൽപ്പത്തി 49:10 യഹൂദയെ ഇസ്രയേലിലെ രാജകീയ വംശമാക്കുന്നു (1 ദിനവൃത്താന്തം 5:2; എബ്രായർ 7:14)
സെഫന്യാവ് 2:13, 14 പൊ. യു. മു. 632-ൽ നിനെവേ ശൂന്യമാക്കപ്പെടുന്നു
യിരെമ്യാവ് 25:1-11; യെരൂശലേമിന്റെ പിടിച്ചടക്കൽ 70 വർഷത്തെ യെശയ്യാവ് 39:6 ശൂന്യമാക്കലിന് തുടക്കം കുറിക്കുന്നു (2 ദിനവൃത്താന്തം 36:17-21; യിരെമ്യാവ് 39:1-9)
യെശയ്യാവ് 13:1, 17-22; കോരെശ് ബാബിലോൺ കീഴടക്കുന്നു, യഹൂദൻമാർ യെശ44:24-28; 45:1, 2 ജൻമദേശത്തേക്ക് മടങ്ങുന്നു (2 ദിനവൃത്താന്തം 36:20-23; എസ്രാ 1:1-4; 2:1)
ദാനിയേൽ 8:3-8; 20-22 മേദോപേർഷ്യ മഹാനായ അലക്സാണ്ടറിനാൽ മറിച്ചിടപ്പെടുകയും ഗ്രീക്കു സാമ്രാജ്യം വിഭജിക്കപ്പെടുകയും ചെയ്യുന്നു
യെശയ്യാവ് 7:14; യേശു ബേത്ലഹേമിൽ ഒരു കന്യകയിൽ നിന്ന് മീഖാ 5:2 ജനിക്കുന്നു (മത്തായി 1:18-23; 2:1-6)
ദാനിയേൽ 9:24-26 യേശു മശിഹായായി അഭിഷേകം ചെയ്യപ്പെടുന്നു (പൊ. യു. 29) (ലൂക്കോസ് 3:1-3, 21-23)
യെശയ്യാവ് 9:1, 2 യേശുവിന്റെ പ്രബോധന ശുശ്രൂഷ ഗലീലയിൽ ആരംഭിക്കുന്നു (മത്തായി 4:12-23)
യെശയ്യാവ് 53:4, 5, 12 മറുവിലയാഗം എന്ന നിലയിൽ യേശുവിന്റെ മരണം (മത്തായി 20:28; 27:50)
സങ്കീർത്തനം 22:18 യേശുവിന്റെ അങ്കിക്കായി ചീട്ടിടുന്നു (യോഹന്നാൻ 19:23, 24)
സങ്കീർത്തനം 16:10; ക്രിസ്തു മൂന്നാം ദിവസം ഉയിർപ്പിക്കപ്പെടുന്നു മത്തായി 12:40 (മർക്കോസ് 16:1-6; 1 കൊരിന്ത്യർ 15:3-8)
ലൂക്കോസ് 19:41-44; 21:20-24 റോമാക്കാരാലുള്ള യെരൂശലേമിന്റെ നാശം (പൊ. യു. 70)
ലൂക്കോസ് 21:10, 11; “അന്ത്യനാളുകളെ” അടയാളപ്പെടുത്തുന്നതായി, മത്തായി 24:3-13; മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരം യുദ്ധം, ക്ഷാമം, 2 തിമൊഥെയോസ് 3:1-5 ഭൂകമ്പങ്ങൾ, പകർച്ചവ്യാധികൾ, നിയമരാഹിത്യം എന്നിവ
മത്തായി 24:14; ദൈവരാജ്യം സ്ഥാപിതമായിരിക്കുന്നുവെന്നും എല്ലാ യെശയ്യാവ് 43:10; എതിരാളികളെയും പെട്ടെന്നുതന്നെ കീഴടക്കുമെന്നും സങ്കീർത്തനം 2:1-9 ലോകവ്യാപകമായി യഹോവയുടെ സാക്ഷികളാലുള്ള പരസ്യപ്രഖ്യാപനം
മത്തായി 24:21-34; യഹോവയുടെ സാക്ഷികളുടെ അന്താരാഷ്ട്ര വെളിപ്പാട് 7:9-17 കുടുംബം ദൈവത്തെ ആരാധിക്കുകയും “മഹോപദ്രവ”ത്തെ അതിജീവിക്കുന്നതിന് ഒരുങ്ങുകയും ചെയ്യുന്നു
[8-ാം പേജിലെ ചിത്രം]
യുദ്ധം, ക്ഷാമം, പകർച്ചവ്യാധികൾ, ഭൂകമ്പങ്ങൾ എന്നിവ അവയുടെ മരണച്ചുങ്കം ഈടാക്കുന്നു, എന്നാൽ ചക്രവാള സീമയിൽ സമാധാനത്തിന്റേതും സന്തുഷ്ടിയുടേതുമായ ഒരു പുതിയ ലോകമാണുള്ളത്