വിശ്വാസ രോഗശാന്തി ദൈവത്താൽ അംഗീകരിക്കപ്പെടുന്നുവോ?
“ഇന്ന് ഞങ്ങൾ ആശ്ചര്യകരമായ കാര്യങ്ങൾ കണ്ടിരിക്കുന്നു!” അതെ, നിരീക്ഷകർക്ക് മതിപ്പുണ്ടായി. ഗുരുതരമായി തളർന്നുപോയിരുന്ന ഒരു മനുഷ്യൻ അവരുടെ കൺമുമ്പിൽത്തന്നെ സൗഖ്യമാക്കപ്പെട്ടിരുന്നു. സൗഖ്യദായകൻ ആ മനുഷ്യനോട് “എഴുന്നേററു കിടക്ക എടുത്തു വീട്ടിലേക്കു പോക” എന്ന് പറഞ്ഞു. ആ മനുഷ്യൻ അതുതന്നെ ചെയ്തു! അയാൾ മേലാൽ തളർന്നവനായിരുന്നില്ല. അവിടെയുണ്ടായിരുന്നവർ “ദൈവത്തെ മഹത്വപ്പെടുത്തി”യത് അതിശയമായിരുന്നില്ല! (ലൂക്കോസ് 5:18-26) ഏതാണ്ട് 2,000 വർഷം മുമ്പ് യേശുക്രിസ്തു നടത്തിയ ഈ സൗഖ്യമാക്കലിന് ദൈവത്തിന്റെ അംഗീകാരമുണ്ടായിരുന്നുവെന്ന് സുവ്യക്തമായിരുന്നു.
ഇന്ന് എങ്ങനെയാണ്? ചികിത്സ കൊണ്ടു സൗഖ്യംകിട്ടാൻ കഴിയാത്തവർക്ക് അത്ഭുതകരമായ രോഗശാന്തിക്ക് ഇന്നും നല്ല സാദ്ധ്യതയുണ്ടോ? യേശു രോഗശാന്തിയുടെ അത്ഭുതങ്ങൾ ചെയ്തു. ഇന്ന് വിശ്വാസ രോഗശാന്തി വരുത്തുന്നവർ അവനെ അനുകരിക്കുന്നതായി അവകാശപ്പെടുന്നു. നാം അവരുടെ അവകാശവാദങ്ങളെ എങ്ങനെ വീക്ഷിക്കണം?
“പ്രാർത്ഥനയാലും ദൈവത്തിലുള്ള വിശ്വാസപ്രകടനത്താലും രോഗങ്ങളെ ചികിത്സിക്കുന്ന ഒരു രീതി” എന്നാണ് വിശ്വാസ രോഗശാന്തി നിർവചിക്കപ്പെടുന്നത്. ദി എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ ഇങ്ങനെ ദൃഢമായി പ്രസ്താവിക്കുന്നു: “ക്രിസ്ത്യാനിത്വത്തിലെ വിശ്വാസ രോഗശാന്തിയുടെ ചരിത്രം യേശുവിന്റെയും അപ്പോസ്തലൻമാരുടെയും വിസ്മയിപ്പിക്കുന്ന വ്യക്തിപരമായ ശുശ്രൂഷകളോടെ ആരംഭിച്ചു.” അതെ, യേശു പ്രമുഖമായ സൗഖ്യമാക്കലുകൾ നടത്തി. ഇന്നത്തെ വിശ്വാസ രോഗശാന്തിക്കാർ അവൻ ചെയ്തതുപോലെ അത്ഭുതങ്ങൾ ചെയ്യുന്നുണ്ടോ?
വിശ്വാസം—ഒരു വ്യവസ്ഥയോ?
ബ്ലാക്സ് ബൈബിൾ ഡിക്ഷ്ണറി അനുസരിച്ച് യേശു “തന്റെ സൗഖ്യമാക്കലിന്റെ അത്ഭുതങ്ങൾക്ക് ഒരു മുൻവ്യവസ്ഥയായി [വിശ്വാസം] വേണമെന്ന് നിർദ്ദേശിച്ചു.” എന്നാൽ വാസ്തവമതായിരുന്നോ? താൻ ഒരു രോഗിയെ സൗഖ്യമാക്കുന്നതിനുമുമ്പ് അയാൾക്ക് വിശ്വാസം വേണമെന്ന് യേശു ആവശ്യപ്പെട്ടോ? ഇല്ല എന്നാണ് ഉത്തരം. സൗഖ്യദായകന്റെ ഭാഗത്ത് വിശ്വാസം ആവശ്യമായിരുന്നു, എന്നാൽ രോഗിയുടെ ഭാഗത്ത് അവശ്യം അതു വേണമെന്നില്ലായിരുന്നു. ഒരു സന്ദർഭത്തിൽ യേശുവിന്റെ ശിഷ്യൻമാർ അപസ്മാരം പിടിപെട്ട ഒരു ബാലനെ സൗഖ്യമാക്കുന്നതിൽ പരാജയപ്പെട്ടു. യേശു ആ ബാലനെ സൗഖ്യമാക്കുകയും ശിഷ്യൻമാർക്ക് അവനെ സുഖപ്പെടുത്താൻ കഴിയാഞ്ഞതെന്തുകൊണ്ടെന്ന് പിന്നീട് അവരോടു പറയുകയും ചെയ്തു. “അവൻ അവരോടു നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രേ എന്നു പറഞ്ഞു.”—മത്തായി 17:14-20.
മത്തായി 8:16, 17 അനുസരിച്ച് യേശു “സകലദീനക്കാർക്കും സൗഖ്യം വരുത്തി.” ഈ ആളുകൾക്ക് യേശുവിനെ സമീപിക്കാൻ അവനിൽ ഒരളവിലുള്ള വിശ്വാസമുണ്ടായിരുന്നുവെന്നത് സത്യംതന്നെ. (മത്തായി 8:13; 9:22, 29) മിക്കപ്പോഴും അവൻ അവരെ സൗഖ്യമാക്കുന്നതിനുമുമ്പ് അവർ വന്ന് അവനോടു ചോദിക്കേണ്ടതുണ്ടായിരുന്നു. എന്നിരുന്നാലും, അത്ഭുതം ചെയ്യുന്നതിന് വിശ്വാസത്തിന്റെ ഏററുപറച്ചിൽ ആവശ്യപ്പെട്ടിരുന്നില്ല. ഒരു സന്ദർഭത്തിൽ യേശു താൻ ആരാണെന്നറിയാൻപോലും പാടില്ലായിരുന്ന ഒരു മുടന്തനെ സുഖപ്പെടുത്തി. (യോഹന്നാൻ 5:5-9, 13) തന്റെ അറസ്ററിന്റെ രാത്രിയിൽ, യേശു മഹാപുരോഹിതന്റെ ദാസന്റെ ഛേദിക്കപ്പെട്ട ചെവി പുനഃസ്ഥാപിച്ചു, ആ മനുഷ്യൻ യേശുവിനെ അറസ്ററുചെയ്യാൻ വന്നിരുന്ന അവന്റെ ശത്രുക്കളുടെ കൂട്ടത്തിൽപെട്ട ഒരാളായിരുന്നിട്ടും. (ലൂക്കോസ് 22:50, 51) തീർച്ചയായും, ചിലപ്പോൾ, യേശു മരിച്ചവരെ ഉയർപ്പിക്കുകപോലും ചെയ്തു!—ലൂക്കോസ് 8:54, 55; യോഹന്നാൻ 11:43, 44.
യേശുവിന് അങ്ങനെയുള്ള അത്ഭുതങ്ങൾ എങ്ങനെ ചെയ്യാൻ കഴിഞ്ഞു? എന്തുകൊണ്ടെന്നാൽ അവൻ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ, അഥവാ പ്രവർത്തനനിരതമായ ശക്തിയെ ആശ്രയിച്ചു. അതായിരുന്നു സൗഖ്യമാക്കൽ നിർവഹിച്ചത്, അല്ലാതെ രോഗിയായ വ്യക്തിയുടെ വിശ്വാസമായിരുന്നില്ല. നിങ്ങൾ സുവിശേഷങ്ങളിലെ വിവരണങ്ങൾ വായിക്കുകയാണെങ്കിൽ, യേശുവിനാലുള്ള സൗഖ്യമാക്കലുകൾ ഏററവും കുറഞ്ഞ ചടങ്ങുകളോടെയായിരുന്നു നിർവഹിക്കപ്പെട്ടതെന്നും നിങ്ങൾ കാണും. പ്രദർശനപരതയോ വികാരങ്ങളുടെ മുതലെടുപ്പോ ഇല്ലായിരുന്നു. കൂടാതെ, രോഗം എന്തായിരുന്നാലും, യേശു ഒരിക്കലും പരാജയപ്പെട്ടിരുന്നില്ല. അവൻ എല്ലായ്പ്പോഴും വിജയിച്ചു, അവൻ ഒരിക്കലും ഫീസ് ചുമത്തിയതുമില്ല.—മത്തായി 15:30, 31.
ആധുനിക രോഗശാന്തികൾ യേശുവിന്റേതുപോലെയാണോ?
രോഗം ഒരു ഭയങ്കര പ്രശ്നമാണ്, അത് പിടിപെടുമ്പോൾ നാം സ്വാഭാവികമായി ആശ്വാസം തേടുന്നു. എന്നിരുന്നാലും, “ആളുകളെ, വിശേഷാൽ വരുമാനം തീരെയില്ലാത്തവരെ, ആരോഗ്യപ്രവർത്തകർ മനുഷ്യരായിട്ടല്ല, വസ്തുക്കളെന്നപോലെ ചികിത്സിക്കുന്ന ഒരു സ്ഥലത്താണ് നാം ജീവിക്കുന്നതെങ്കിലോ?” ആ സാഹചര്യമായിരുന്നു ഒരു ലാററിൻ-അമേരിക്കൻ രാജ്യത്ത് ഒരു ഡോക്ടർ നിരീക്ഷിച്ചത്. അതേ രാജ്യത്തേതുപോലെതന്നെ ‘തങ്ങളുടെ തൊഴിൽ ചെയ്യാൻ മെഡിക്കൽ ഡോക്ടർമാരിൽ 40ശതമാനം മാത്രം യോഗ്യരായിരിക്കുന്ന’ ഒരു സ്ഥലത്താണ് നാം ജീവിക്കുന്നതെങ്കിലോ?
മററു പോംവഴി കാണാത്തതിനാൽ അനേകർ വിശ്വാസ രോഗശാന്തി കുറഞ്ഞപക്ഷം ഒന്നു പരീക്ഷിച്ചുനോക്കാൻ തക്ക മൂല്യമുള്ളതാണെന്ന് വീക്ഷിക്കുന്നത് അതിശയമല്ല. എന്നിരുന്നാലും, വിശ്വാസ രോഗശാന്തിക്കാർ അവകാശപ്പെടുന്ന സൗഖ്യങ്ങൾ വിവാദപരമാണ്. ദൃഷ്ടാന്തത്തിന്, ബ്രസീലിലെ സാവങ്പോളോയിൽ ഒരു യോഗത്തിന് 70,000 പേർ ഹാജരായി, അവിടെ രണ്ടു സൗഖ്യദായകർ ‘കണ്ണടവെച്ചിരുന്ന ക്ഷണികവിശ്വാസികൾക്ക് അവരുടെ കാഴ്ചയുടെ പുനഃസ്ഥാപനം വാഗ്ദാനംചെയ്തുകൊണ്ട്, സദസ്യർ എറിഞ്ഞുകളഞ്ഞ നൂറുകണക്കിന് കണ്ണടകളെ ചവിട്ടിമെതിച്ചു.’ സൗഖ്യദായകരിലൊരാൾ ഒരു അഭിമുഖത്തിൽ പരമാർത്ഥതയോടെ ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “ഞങ്ങൾ ആർക്കുവേണ്ടി പ്രാർത്ഥിക്കുന്നുവോ ആ രോഗികളെല്ലാം സൗഖ്യമാക്കപ്പെടുമെന്ന് എനിക്ക് പറയാൻ കഴിയില്ല. അത് അവരുടെ വിശ്വാസത്തെ ആശ്രയിച്ചിരിക്കുന്നു. ഒരു ആൾ വിശ്വസിക്കുന്നുവെങ്കിൽ അയാൾ സൗഖ്യമാക്കപ്പെടും.” സൗഖ്യമാകുന്നതിലുള്ള ഏതു പരാജയത്തിനും അയാൾ രോഗിയുടെ ഭാഗത്തെ വിശ്വാസരാഹിത്യത്തിൻമേൽ പഴിചാരി. എന്നിരുന്നാലും, നാം നേരത്തെ കണ്ടതുപോലെ, സുഖപ്പെടുത്തുന്നതിനുള്ള പരാജയത്തിന് രോഗശാന്തിവരുത്തുന്നവരുടെ വിശ്വാസരാഹിത്യത്തിൻമേലാണ് യേശു പഴി ചാരിയത്!
മറെറാരു സൗഖ്യദായകൻ കാൻസറും തളർവാതവും സുഖപ്പെടുത്താമെന്ന് വാഗ്ദാനംചെയ്തു. എന്തു സംഭവിച്ചു? വേഴാ മാസിക പറയുന്നതനുസരിച്ച്, “പ്രത്യക്ഷത്തിൽ, വാഗ്ദാനം നിവർത്തിക്കപ്പെട്ടില്ല.” ആ മനുഷ്യൻ വർത്തിച്ച രീതി ശ്രദ്ധിക്കുക: “ഏതാണ്ടു രണ്ടു മണിക്കൂർ സമയം [വിശ്വാസരോഗശാന്തി വരുത്തുന്നയാൾ] പ്രഭാഷണങ്ങളാലും പ്രാർത്ഥനകളാലും അലർച്ചകളാലും ഗാനങ്ങളാലും—വിശ്വസ്തരുടെ ശരീരങ്ങളിൽ വസിക്കുന്ന ഭൂതങ്ങളെ പുറത്താക്കുന്നതിനെ മുന്നിൽ കണ്ടുകൊണ്ട് പ്രഹരങ്ങൾ ഉപയോഗിച്ചുകൊണ്ടുപോലും—സദസ്സിനെ പിടിച്ചിരുത്തി. ഒടുവിൽ അയാൾ തന്റെ നെക്ക്റൈറയും തൂവാലയും അത്ഭുതസ്തബ്ധരായ സദസ്സിലേക്ക് എറിയുകയും ‘സ്വമേധയാ സംഭാവനകൾ’ പിരിക്കുന്നതിന് ഒരു കാണിക്കപ്പാത്രം കൊടുത്തുവിടുകയും ചെയ്തു.” യേശുവും അവന്റെ അപ്പോസ്തലൻമാരും അത്ഭുത രോഗശാന്തികൾക്കുവേണ്ടി ഒരിക്കലും പണം ചോദിച്ചില്ല, അവർ ഒരിക്കലും അങ്ങനെയുള്ള നാടകീയവിദ്യകളിൽ ഏർപ്പെട്ടുമില്ല.
അപ്പോൾ, അങ്ങനെയുള്ള ആധുനിക വിശ്വാസ രോഗശാന്തിക്കാർ യേശു ചെയ്തതു ചെയ്യുന്നില്ലെന്ന് വ്യക്തമാണ്. അവർ ചെയ്യുന്നതിനെ ദൈവം അംഗീകരിക്കുമെന്ന് മനസ്സിലാക്കാൻ പ്രയാസമാണ്. എന്നിരുന്നാലും അവൻ ഇന്ന് അത്ഭുതകരമായ ഏതെങ്കിലും സൗഖ്യമാക്കലിനെ അംഗീകരിക്കുന്നുവോ? അല്ലെങ്കിൽ നാമോ നമ്മുടെ പ്രിയപ്പെട്ടവരോ രോഗികളായിത്തീരുമ്പോൾ നമ്മുടെ വിശ്വാസത്തിന് നമ്മെ സഹായിക്കാൻ കഴിയുന്ന ഏതെങ്കിലും മാർഗ്ഗമുണ്ടോ?