വിശ്വാസത്തിന് രോഗികളെ സഹായിക്കാൻ കഴിയുന്ന വിധം
ബൈബിളിലെ അത്ഭുത സൗഖ്യമാക്കലുകളെക്കുറിച്ചുള്ള വിവരണങ്ങൾ ദൈവം നമ്മുടെ ക്ഷേമത്തിൽ തത്പരനാണെന്ന് നമുക്ക് ഉറപ്പുനൽകുന്നു, അവ സൗഖ്യമാക്കുന്നതിനുള്ള അവന്റെ ശക്തിയെ പ്രകടമാക്കുന്നു. ഈ അത്ഭുത സൗഖ്യമാക്കലുകൾ ദൈവത്തെ മഹത്വീകരിക്കുകയും വളരെയധികം സന്തോഷം കൈവരുത്തുകയും ചെയ്തതുകൊണ്ട് പരിശുദ്ധാത്മാവിനാലുള്ള രോഗശാന്തിവരം ഇപ്പോഴും പ്രവർത്തിക്കുന്നുവോ എന്നു ചോദിക്കുന്നത് ന്യായയുക്തമാണ്.
ആ ചോദ്യത്തിന്റെ ഉത്തരം ഇല്ല എന്നാണ്—അതിന്റെ കാരണം ചിലരെ അതിശയിപ്പിച്ചേക്കാം. ഒന്നാം നൂററാണ്ടിലെ ആ അത്ഭുത സൗഖ്യമാക്കലുകൾ അവയുടെ ഉദ്ദേശ്യം നിറവേററിയിരിക്കുന്നു. സചിത്ര ബൈബിൾ നിഘണ്ടു ശരിയായി ഇങ്ങനെ സൂചിപ്പിക്കുന്നു: “സൗഖ്യമാക്കലിന്റെ അത്ഭുതങ്ങൾ മതപരമായിരുന്നു, ചികിത്സാപരമായിരുന്നില്ല.” ആ അത്ഭുതങ്ങൾ ഏതു ചില മതപരമായ ഉദ്ദേശ്യങ്ങൾക്കാണ് ഉതകിയത്?
ഒരു സംഗതി, യേശുവിന്റെ അത്ഭുത സൗഖ്യമാക്കലുകൾ അവനെ മശിഹായായി തിരിച്ചറിയിക്കുയെന്ന ഉദ്ദേശ്യത്തിന് ഉതകി. അവന്റെ മരണശേഷം, ദൈവത്തിന്റെ അനുഗ്രഹം പുതിയ ക്രിസ്തീയ സഭയുടെമേലുണ്ടെന്ന് സ്ഥാപിക്കാൻ അവ സഹായിച്ചു. (മത്തായി 11:2-6; എബ്രായർ 2:3, 4) കൂടാതെ, പുതിയ ലോകത്തിൽ മനുഷ്യവർഗ്ഗത്തെ സൗഖ്യമാക്കുമെന്നുള്ള ദൈവത്തിന്റെ വാഗ്ദാനം നിവർത്തിക്കപ്പെടുമെന്ന് അവ പ്രകടമാക്കി. “എനിക്ക് ദീനം എന്നു യാതൊരു നിവാസിയും പറകയില്ല; അതിൽ പാർക്കുന്ന ജനത്തിന്റെ അകൃത്യം മോചിക്കപ്പെട്ടിരിക്കു”ന്ന സമയം യഥാർത്ഥത്തിൽ വരുമെന്നുള്ള നമ്മുടെ വിശ്വാസത്തെ അത് സ്ഥിരീകരിക്കുന്നു. (യെശയ്യാവ് 33:24) ഒന്നാം നൂററാണ്ടിലെ ഈ ഉദ്ദേശ്യങ്ങൾ നേടിക്കഴിഞ്ഞപ്പോൾ അത്ഭുതങ്ങളുടെ ആവശ്യം മേലാൽ ഇല്ലായിരുന്നു.
യേശുവിന്റെ ഒന്നാം നൂററാണ്ടിലെ ശിഷ്യൻമാർക്കുതന്നെ ദൗർബല്യങ്ങൾ അനുഭവപ്പെട്ടിരുന്നുവെന്നും അവ അത്ഭുതകരമായി സൗഖ്യമാക്കപ്പെട്ടിരുന്നില്ലെന്നുമുള്ളത് ശ്രദ്ധേയമാണ്. യേശുവിന്റെയും അതുപോലെതന്നെ അപ്പോസ്തലൻമാരുടെയും അത്ഭുതകരമായ സൗഖ്യമാക്കൽ പ്രവർത്തനം ഒരു ചികിത്സാസേവനം പ്രദാനംചെയ്യാനല്ല, പിന്നെയോ പ്രധാനപ്പെട്ട സത്യങ്ങൾ പഠിപ്പിക്കാൻ ഉദ്ദേശിക്കപ്പെട്ടിരുന്നുവെന്നതിന്റെ കുടുതലായ തെളിവാണത്. തിമൊഥെയോസിന്റെ കൂടെക്കൂടെയുള്ള രോഗത്തിന് ഒരു ചികിത്സ ശുപാർശചെയ്തപ്പോൾ പൗലോസ് വിശ്വാസരോഗശാന്തിയല്ല, വീഞ്ഞിന്റെ ചികിത്സാപരമായ ഉപയോഗമാണ് ശുപാർശചെയ്തത്. രോഗശാന്തിയുടെ അത്ഭുതങ്ങൾ ചെയ്ത പൗലോസിന് അവനെ “പ്രഹരിച്ചുകൊണ്ടിരുന്ന” “ജഡത്തിലെ മുള്ളി”ൽനിന്ന് ആശ്വാസം ലഭിച്ചില്ല.—2 കൊരിന്ത്യർ 12:7; 1 തിമൊഥെയോസ് 5:23.
അപ്പോസ്തലൻമാർ മരിച്ചപ്പോൾ, രോഗശാന്തിവരം നീങ്ങിപ്പോയി. ഇതു സംഭവിക്കുമെന്ന് പൗലോസ്തന്നെ സൂചിപ്പിച്ചു. ക്രിസ്തീയ സഭയെ ഒരു ശിശുവിനോട് ഉപമിച്ചുകൊണ്ട് പൗലോസ് ഇങ്ങനെ പറഞ്ഞു: “ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു; പുരുഷനായ ശേഷമോ ഞാൻ ശിശുവിന്നുള്ളതു ത്യജിച്ചുകളഞ്ഞു.” അവന്റെ ദൃഷ്ടാന്തത്തിന്റെ ആശയം ആത്മാവിന്റെ അത്ഭുതവരങ്ങൾ ക്രിസ്തീയസഭയുടെ ശൈശവത്തിന്റെ ഭാഗമായിരുന്നുവെന്നതായിരുന്നു. അവ “ഒരു ശിശുവിന്റെ ലക്ഷണങ്ങൾ” (NW) ആയിരുന്നു. അതുകൊണ്ട് “അവ [അത്ഭുതവരങ്ങൾ] നീക്കപ്പെടും” (NW) എന്ന് അവൻ പ്രസ്താവിച്ചു.—1 കൊരിന്ത്യർ 13:8-11.
നാം രോഗികളായിത്തീരുമ്പോൾ വിശ്വാസത്തിന് സഹായിക്കാൻ കഴിയുമോ?
എന്നിരുന്നാലും, നാം വിശ്വാസ രോഗശാന്തിയെ ആശ്രയിക്കുന്നില്ലെങ്കിലും, നാം രോഗികളായിത്തീരുമ്പോൾ സഹായത്തിനായി ദൈവത്തോടു പ്രാർത്ഥിക്കുന്നത് തീർച്ചയായും ഉചിതമാണ്. നമുക്കുവേണ്ടി മററുള്ളവർ പ്രാർത്ഥിക്കുന്നതിൽ തീർച്ചയായും തെററില്ല. എന്നാൽ പ്രാർത്ഥനകൾ വാസ്തവികവും ദൈവേഷ്ടത്തിന് അനുയോജ്യവുമായിരിക്കേണ്ടതാണ്. (1 യോഹന്നാൻ 5:14, 15) വിശ്വാസ രോഗശാന്തിക്കായി പ്രാർത്ഥിക്കാൻ ബൈബിൾ നമ്മോട് ഒരിടത്തും കല്പിക്കുന്നില്ല.a മറിച്ച്, രോഗം ഇടയാക്കുന്ന പീഡാനുഭവങ്ങളിൽ യഹോവയുടെ സ്നേഹപുരസ്സരമായ പിന്തുണക്കുവേണ്ടി നാം പ്രാർത്ഥിക്കുന്നു.
“യഹോവ അവനെ രോഗശയ്യയിൽ താങ്ങും; ദീനത്തിൽ നീ അവന്റെ കിടക്കയെല്ലാം മാററിവിരിക്കുന്നു” എന്നു പറയുമ്പോൾ വിശ്വസ്തരായവർക്ക് രോഗസമയത്ത് എന്തിനുവേണ്ടി പ്രാർത്ഥിക്കാവുന്നതാണെന്ന് ബൈബിൾ പ്രകടമാക്കുന്നു. (സങ്കീർത്തനം 41:3) വൈകാരികരോഗമനുഭവിക്കുന്നവരെ ദൈവവചനത്തെക്കുറിച്ചുള്ള ധ്യാനം സഹായിക്കും. സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “യഹോവേ, നിന്റെ ദയ എന്നെ താങ്ങി. എന്റെ ഉള്ളിലെ വിചാരങ്ങളുടെ ബഹുത്വത്തിൽ നിന്റെ ആശ്വാസങ്ങൾ എന്റെ പ്രാണനെ തണുപ്പിക്കുന്നു.”—സങ്കീർത്തനം 94:18, 19; 63:6-8കൂടെ കാണുക.
അതിനു പുറമേ, നാം ആരോഗ്യകാര്യങ്ങളിൽ സുബോധം പ്രകടമാക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച് ബൈബിൾ നമുക്ക് ബുദ്ധിയുപദേശം നൽകുന്നു. ബൈബിൾതത്വങ്ങളനുസരിച്ചു ജീവിക്കുന്നത് മയക്കുമരുന്നുദുരുപയോഗത്തിലും പുകവലിയിലും കനത്ത കുടിയിലും അല്ലെങ്കിൽ അതിഭക്ഷണത്തിലും ഏർപ്പെടുകയും അനന്തരം രോഗം പിടിപെടുമ്പോൾ വിശ്വാസരോഗശാന്തിയിലേക്കു തിരിയുകയും ചെയ്യുന്നതിനെക്കാൾ വളരെയധികം മെച്ചമാണ്. ഒരുവനെ രോഗം ബാധിക്കുമ്പോൾ ഒരു അത്ഭുതത്തിനുവേണ്ടി പ്രാർത്ഥിക്കുന്നത്, ഒരുപക്ഷേ ലഭ്യമെങ്കിൽ പോഷകഗുണമുള്ള ഭക്ഷണം കഴിച്ചുകൊണ്ടോ സാദ്ധ്യമാകുന്നടത്ത് ഗുണമേൻമയുള്ള വൈദ്യസഹായം തേടിക്കൊണ്ടോ ഒഴിവാക്കാവുന്ന രോഗത്തിൽനിന്ന് ഒഴിഞ്ഞുപോകുന്നതിനുള്ള ജ്ഞാനപൂർവകമായ നടത്തക്ക് പകരമാകുകയില്ല.
നമ്മുടെ ശാരീരികാരോഗ്യത്തിന് പ്രയോജനംചെയ്യാൻ കഴിയുന്ന ആരോഗ്യാവഹമായ മാനസികഭാവങ്ങൾ നട്ടുവളർത്താനും ദൈവവചനം നമ്മെ പ്രോൽസാഹിപ്പിക്കുന്നു. സദൃശവാക്യങ്ങളുടെ പുസ്തകം നമ്മെ ബുദ്ധിയുപദേശിക്കുന്നു: “ശാന്തമനസ്സു ദേഹത്തിന്നു ജീവൻ; അസൂയയോ അസ്ഥികൾക്കു ദ്രവത്വം.” “സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു. എന്നാൽ തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.” (സദൃശവാക്യങ്ങൾ 14:30; 17:22) നമ്മിൽ ശാന്തതയും സന്തോഷവും വളർത്തുന്നതിനായി പരിശുദ്ധാത്മാവിനുവേണ്ടിയുള്ള പ്രാർത്ഥനക്ക് നമ്മുടെ ശാരീരികാരോഗ്യത്തിന് പ്രയോജനകരമായ ഫലങ്ങൾമാത്രമാണ് ഉണ്ടാക്കാൻ കഴിയുക.—ഫിലിപ്യർ 4:6, 7.
വിശ്വാസ രോഗശാന്തി സംബന്ധിച്ചെന്ത്?
തീർച്ചയായും, ഒരു വ്യക്തി തന്റെ സാഹചര്യം അനുവദിക്കുന്നടത്തോളം ആരോഗ്യാവഹമായ ഒരു ജീവിതം നയിച്ചാലും പിന്നെയും രോഗം പിടിപെടാം. അപ്പോഴെന്ത്? സൗഖ്യം പ്രാപിക്കുന്നതിനുള്ള പ്രത്യാശയിൽ ഒരു വിശ്വാസ രോഗശാന്തിക്കാരന്റെ അടുക്കലേക്കു പോകുന്നതിൽ യാതൊരു കുഴപ്പവുമില്ലേ? കുഴപ്പമുണ്ട്. ആധുനിക വിശ്വാസ സൗഖ്യദായകർ അപൂർവമായേ സൗജന്യമായി സുഖപ്പെടുത്തുന്നുള്ളു. വൈദ്യസഹായത്തിന് പണം ചെലവിടാൻ കഴിയുമ്പോൾ ഒരു വിശ്വാസരോഗശാന്തിക്കാരനുവേണ്ടി പണം ചെലവഴിക്കുന്നത് നമുക്ക് വലിയ നഷ്ടം വരുത്തിയേക്കാം. മാത്രവുമല്ല, ആളുകളുടെ ക്ഷണികവിശ്വാസത്തെ മുതലെടുക്കുന്ന വ്യക്തികൾക്ക് പണം കൊടുക്കുന്നതെന്തിന്?
‘“സൗഖ്യദായകരുടെ” അടുക്കലേക്കു പോകുന്നവരുടെ ഒരു ചെറിയ ശതമാനത്തിനെങ്കിലും രോഗശാന്തി കിട്ടുന്നുവെങ്കിൽ തീർച്ചയായും വിശ്വാസ രോഗശാന്തിക്ക് കുറെ മൂല്യം ഉണ്ടായിരിക്കണം’ എന്ന് ചിലർ ന്യായവാദം ചെയ്തേക്കാം. എന്നാൽ ഒരു സ്ഥിരമായ വിധത്തിൽ വിശ്വാസ രോഗശാന്തിക്കാർ യഥാർത്ഥത്തിൽ ആരെയെങ്കിലും സൗഖ്യമാക്കുന്നുണ്ടോയെന്നത് തർക്കവിധേയമാണ്. ദി എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ ഇങ്ങനെ സമ്മതിക്കുന്നു: “വിശ്വാസ രോഗശാന്തിയിലെ അറിയപ്പെടാത്ത അനേകം ഘടകങ്ങൾ സംബന്ധിച്ച് താരതമ്യേന അല്പമായ നിയന്ത്രിതഗവേഷണമേ നടത്തപ്പെട്ടിട്ടുള്ളു.”
ഒരു ചെറിയ സംഖ്യക്ക് ഗുണം കിട്ടുന്നതായി തോന്നിയാലും, അത് പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നുണ്ടെന്നുള്ളതിന്റെ തെളിവല്ല. ഗിരിപ്രഭാഷണത്തിൽ യേശു ഇങ്ങനെ പറയുകയുണ്ടായി: “കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കുകയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കുകയും ചെയ്തില്ലയോ എന്ന് പലരും ആ നാളിൽ എന്നോടു പറയും. അന്നു ഞാൻ അവരോടു: ഞാൻ ഒരുനാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മംപ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു പറയും.” (മത്തായി 7:22, 23) ദൈവത്താൽ അംഗീകരിക്കപ്പെടാതിരിക്കുന്നുവെങ്കിലും ചിലർ അടയാളങ്ങളിലൂടെ തങ്ങളിലേക്കുതന്നെ ശ്രദ്ധ ആകർഷിക്കുമെന്ന് യേശു പറയുകയുണ്ടായി: “കള്ളക്രിസ്തുക്കളും കള്ളപ്രവാചകൻമാരും എഴുന്നേററു കഴിയുമെങ്കിൽ വൃതൻമാരെയും തെററിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.” (മത്തായി 24:24) തീർച്ചയായും, ആധുനിക വിശ്വാസ രോഗശാന്തിക്കാരുടെ നാടകീയമായ അവതരണങ്ങളും പണത്തിനുവേണ്ടിയുള്ള നിരന്തര അഭ്യർത്ഥനകളും അവകാശപ്പെടുന്ന അത്ഭുതസൗഖ്യമാക്കലുകളും നിമിത്തം അവരെ ആ വാക്കുകൾക്കു പ്രയുക്തതയുള്ളവരിൽ ഉൾപ്പെടുത്താൻ കഴിയും.
അങ്ങനെയുള്ളവർ യേശുവിന്റെ കാലടികളെ പിന്തുടരുന്നില്ല. എങ്കിൽ അവർ ആരെയാണ് പിന്തുടരുന്നത്? പിൻവരുന്ന പ്രകാരം പറയുമ്പോൾ അപ്പോസ്തലനായ പൗലോസ് നമുക്ക് ഒരു സൂചന നൽകുന്നു: “സാത്തൻതാനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ. ആകയാൽ അവന്റെ ശുശ്രൂഷക്കാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃത്തികൾക്കു ഒത്തതായിരിക്കും.” (2 കൊരിന്ത്യർ 11:14, 15) വിശ്വാസരോഗശാന്തിക്കാർ അവകാശപ്പെടുന്ന സൗഖ്യമാക്കലുകൾ അവർ നടത്തുന്നില്ലെങ്കിൽ, അപ്പോൾ അവർ “ഭൂതലത്തെ മുഴുവൻ തെററിച്ചുകളയുന്ന” സാത്താന്റെ പാത പിന്തുടരുന്ന വഞ്ചകരാണ്. (വെളിപ്പാട് 12:9) ഒരു ചെറിയ ന്യൂനപക്ഷം കേസുകളിൽ അവർ സൗഖ്യമാക്കലുകൾ നടത്തുകതന്നെ ചെയ്യുന്നുവെങ്കിലോ? അവരുടെ “വീര്യപ്രവൃത്തികൾ” സാത്താന്റെയും അവന്റെ ഭൂതങ്ങളുടെയും ശക്തിയിലാണ് നടക്കുന്നതെന്ന് നാം നിഗമനംചെയ്യേണ്ടതല്ലേ? ഉവ്വ്, അതായിരിക്കണം വാസ്തവം!
യഥാർത്ഥ സൗഖ്യമാക്കലിന്റെ കാലം
യേശുവിനാലുള്ള അത്ഭുത രോഗശാന്തികൾ നിർവഹിക്കപ്പെട്ടത് ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ സഹായത്തോടെയായിരുന്നു. അവ അവന്റെ തക്ക സമയത്ത് മമനുഷ്യന്റെ ആരോഗ്യപ്രശ്നങ്ങളെല്ലാം പരിഹരിക്കാനുള്ള അവന്റെ ഉദ്ദേശ്യത്തെ പ്രകടമാക്കി. യഹോവ “ജനതകളുടെ സൗഖ്യമാക്കൽ” വാഗ്ദത്തംചെയ്യുന്നു. (വെളിപ്പാട് 22:2, NW) അവൻ രോഗങ്ങൾ സൗഖ്യമാക്കുമെന്നു മാത്രമല്ല, മരണത്തെ നീക്കംചെയ്യുകപോലും ചെയ്യും. “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതി”ന്നാണ് യേശു വന്നതെന്ന് യോഹന്നാൻ വിശദീകരിക്കുന്നു. (യോഹന്നാൻ 3:16) അത് എന്തൊരു വിശിഷ്ട സൗഖ്യമാക്കലായിരിക്കും! യേശു ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെയുള്ള, എന്നാൽ വളരെ മഹത്തരമായ തോതിൽ വീണ്ടും സൗഖ്യമാക്കലുകൾ നടത്തും. അവൻ മരിച്ചവരെ പുനരുത്ഥാനപ്പെടുത്തുകപോലും ചെയ്യും! (യോഹന്നാൻ 5:28, 29) ഇത് എപ്പോൾ എന്തു സംഭവിക്കും?
സകല തെളിവുകളുമനുസരിച്ച് വളരെ അടുത്തിരിക്കുന്ന ദൈവത്തിന്റെ പുതിയ ലോകത്തിൽ. ഈ വ്യവസ്ഥിതിയിലെ ദുഷ്ടത എന്നേക്കുമായി നീക്കപ്പെട്ടശേഷം ആനയിക്കപ്പെടാനുള്ള ആ പുതിയ ലോകം നീതിഹൃദയമുള്ള മനുഷ്യവർഗ്ഗത്തിന് ഒരു യഥാർത്ഥ അനുഗ്രഹമായിരിക്കും. അത് ദുരിതമില്ലാത്ത ഒരു ലോകമായിരിക്കും. “അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല. ഒന്നാമത്തേതു കഴിഞ്ഞുപോയി.” (വെളിപ്പാട് 21:4) നാമിന്ന് നമുക്കു ചുററും കാണുന്നതിൽനിന്ന് എന്തൊരു വ്യത്യാസം!
അതുകൊണ്ട്, രോഗങ്ങളുണ്ടാകുമ്പോൾ പിന്താങ്ങലിനായി ദൈവത്തോടു പ്രാർത്ഥിക്കുക. രോഗിയായാലും ആരോഗ്യമുള്ളയാളായാലും, രോഗമില്ലാത്ത നിത്യജീവിതം തീർച്ചയായും എങ്ങനെ സാദ്ധ്യമാണെന്ന് പഠിക്കുക. ബൈബിളിൽ അതിനെക്കുറിച്ചുള്ള അനേകം പരാമർശനങ്ങൾ പഠിച്ചുകൊണ്ട് ഈ വിശ്വാസയോഗ്യമായ ദൈവികവാഗ്ദത്തത്തിലുള്ള നിങ്ങളുടെ വിശ്വാസത്തെ കെട്ടുപണിചെയ്യുക. ദൈവത്തിന്റെ സ്വന്തം സമയപ്പട്ടികപ്രകാരം ഈ കാര്യത്തിലെ ദൈവോദ്ദേശ്യം നിവൃത്തിയോടടുക്കുന്നതെങ്ങനെയെന്ന് പഠിക്കുക. സംശയമില്ലാതിരിക്കുക, എന്തുകൊണ്ടെന്നാൽ ദൈവത്തിന്റെ വചനം നമുക്കിങ്ങനെ ഉറപ്പുനൽകുന്നു: “അവൻ മരണത്തെ സദാ കാലത്തേക്കും നീക്കിക്കളയും. യഹോവയായ കർത്താവ് സകല മുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കുകയും . . . ചെയ്യും.”—യെശയ്യാവ് 25:8.
[അടിക്കുറിപ്പ്]
a യാക്കോബ് 5:14, 15-ലെ വാക്കുകൾക്ക് വിശ്വാസ രോഗശാന്തിയോട് ബന്ധമുണ്ടെന്ന് ചിലർ വിചാരിക്കുന്നു. എന്നാൽ യാക്കോബ് ഇവിടെ ആത്മീയരോഗത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് സന്ദർഭം പ്രകടമാക്കുന്നു. (യാക്കോബ് 5:15ബി, 16, 19, 20) അവൻ സഹായത്തിനായി മൂപ്പൻമാരെ ആശ്രയിക്കാൻ വിശ്വാസത്തിൽ ദുർബലരായ വ്യക്തികളെ ബുദ്ധിയുപദേശിക്കുന്നു.
[7-ാം പേജിലെ ചിത്രം]
യേശുവിന്റെ അത്ഭുതസൗഖ്യമാക്കലുകൾ അവയുടെ ഉദ്ദേശ്യം സാധിച്ചു
[8-ാം പേജിലെ ചിത്രം]
യേശു സൗഖ്യമാക്കലിന്റെ അത്ഭുതങ്ങൾ ആവർത്തിക്കുകയും പെരുക്കുകയും ചെയ്യും