രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
നൈജീരിയയിലെ സ്കൂൾകുട്ടികൾ വിശ്വസ്തതക്ക് അനുഗ്രഹിക്കപ്പെടുന്നു
അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “സാദ്ധ്യമെങ്കിൽ നിങ്ങളെ ആശ്രയിച്ചിരിക്കുന്നടത്തോളം, സകല മനുഷ്യരോടും സമാധാനമുള്ളവരായിരിക്കുക.” (റോമർ 12:18) നൈജീറിയയിലെ യഹോവയുടെ സാക്ഷികളുടെ സ്കൂൾകുട്ടികൾ പീഡിപ്പിക്കപ്പെടുമ്പോൾപോലും ഈ ബുദ്ധിയുപദേശം പ്രായോഗികമാക്കുന്നു. തത്ഫലമായി യഹോവ അവരെ അനുഗ്രഹിക്കുന്നു.
◻ ഒരു അദ്ധ്യാപകന് യഹോവയുടെ സാക്ഷികളോട് തീരെ ഇഷ്ടമില്ലായിരുന്നു. രാവിലത്തെ ഒരു അസംബ്ലിസമയത്ത് അദ്ദേഹം സാക്ഷികളെയെല്ലാം മുൻപിലേക്കു വിളിക്കുകയും ദേശീയഗാനം പാടാൻ ആജ്ഞാപിക്കുകയും ചെയ്തു. തങ്ങൾ ദൈവത്തിന് അനന്യമായ ഭക്തി കൊടുക്കാനാഗ്രഹിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് അവർ വിസമ്മതിച്ചു. അപ്പോൾ അദ്ധ്യാപകൻ അവരെയെല്ലാം പുറത്തു കൊണ്ടുപോയി പുല്ലു വെട്ടാൻ അവരോടു പറഞ്ഞു. ഇതിനിടയിൽ, മററു വിദ്യാർത്ഥികൾ തങ്ങളുടെ ക്ലാസ്സുകൾ തുടർന്നു.
ഒരു മുതിർന്ന സാക്ഷി സ്കൂളും യഹോവയുടെ സാക്ഷികളും എന്ന ലഘുപത്രിക അദ്ധ്യാപകനു കൊണ്ടുകൊടുക്കുകയും യഹോവയുടെ സാക്ഷികളുടെ നിഷ്പക്ഷ നിലപാട് വിശദീകരിക്കുകയും ചെയ്തു. എന്നിരുന്നാലും, അദ്ധ്യാപകൻ സംഗതി ചർച്ചചെയ്യുന്നതിനോ ലഘുപത്രിക സ്വീകരിക്കുന്നതിനോ വിസമ്മതിച്ചു. യഥാർത്ഥത്തിൽ അദ്ദേഹം പെട്ടെന്നുതന്നെ കുട്ടികളുടെ ശിക്ഷ കഠിനമാക്കി.
ചെറുപ്പക്കാരായ സാക്ഷികൾ ഈ ശിക്ഷ തുടർന്നു സഹിക്കുകയും അദ്ധ്യാപകൻ ഇല്ലാഞ്ഞപ്പോൾപോലും പുല്ലുവെട്ടിക്കൊണ്ടിരിക്കുകയും ചെയ്തു. ഒരു ദിവസം അവർ ജോലിചെയ്യുകയും രാജ്യഗീതങ്ങൾ പാടുകയും ചെയ്യുന്നതിൽ തുടരവേ, അദ്ധ്യാപകൻ ഒളിച്ചുനിന്ന് അവർ കാണാതെ നിരീക്ഷിച്ചു. അദ്ദേഹത്തിന് വളരെ മതിപ്പുതോന്നുകയാൽ അവരുടെ മനോഭാവത്തിൽ വിസ്മയം പ്രകടിപ്പിച്ചുകൊണ്ട് അവരെ അദ്ദേഹം ക്ലാസ്സുകളിലേക്ക് തിരിച്ചയച്ചു. ഫലമെന്തായിരുന്നു? അദ്ധ്യാപകൻ ഇപ്പോൾ യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കുകയാണ്!
തീർച്ചയായും ഈ സ്കൂൾകുട്ടികൾ യഹോവയോടും അവന്റെ തത്വങ്ങളോടുമുള്ള വിശ്വസ്തത നിമിത്തം അനുഗ്രഹിക്കപ്പെട്ടു.—സദൃശവാക്യങ്ങൾ 10:22.
◻ “ലോകത്തിന്റെ ഭാഗമല്ലാ”തിരിക്കണമെന്നുള്ള യഹോവയുടെ വ്യവസ്ഥയോടു വിശ്വസ്തത പുലർത്തിയതുനിമിത്തം രൂത്തും അവളുടെ സുഹൃത്തുക്കളും അനുഗ്രഹിക്കപ്പെട്ടു. (യോഹന്നാൻ 17:16) 18വയസ്സുള്ള രൂത്ത് 12വയസ്സായിരുന്നപ്പോൾമുതൽ പയനിയറിംഗ് നടത്താൻ തുടങ്ങി. അവളും മററു സാക്ഷികളും ദേശീയഗാനം പാടാൻ വിസമ്മതിച്ചതുനിമിത്തം സ്കൂൾ ഉദ്യോഗസ്ഥൻമാരിൽനിന്നുള്ള എതിർപ്പിന് വിധേയരായി. ഒരു അദ്ധ്യാപിക പെൺകുട്ടികളുടെ മാതാപിതാക്കളെ കാണണമെന്നാവശ്യപ്പെട്ടു. സ്കൂൾ ലഘുപത്രിക ഉപയോഗിച്ചുകൊണ്ട് അവർ ഒരു വിശദീകരണം കൊടുത്തശേഷം അദ്ധ്യാപിക തുപ്തിപ്പെടുകയും മേലാൽ വിദ്യാർത്ഥികൾക്കു കുഴപ്പം സൃഷ്ടിക്കാതിരിക്കുകയും ചെയ്തു.
എന്നിരുന്നാലും, ഒരു ദിവസം പെൺകുട്ടികളിലൊരാൾ ദേശീയഗാനം പാടാഞ്ഞപ്പോൾ ഇൻഡ്യയിൽനിന്നുള്ള ഒരു അദ്ധ്യാപിക ക്ലാസിന്റെ മുമ്പാകെ അവളെ നിന്ദിക്കുകയും ശിക്ഷിക്കുകയും ചെയ്തു. ആ പെൺകുട്ടി സധീരം ഒരു സാക്ഷ്യം കൊടുക്കുകയും അദ്ധ്യാപിക അവളെ പ്രിൻസിപ്പലിനെ കാണാൻ കൊണ്ടുപോകുകയും ചെയ്തു. അവർ അവിടെ എത്തിയപ്പോൾ വൈസ്പ്രിൻസിപ്പലും ഹാജരുണ്ടെന്ന് യുവസാക്ഷി കണ്ടെത്തി. അവൾ അതിശയിച്ചുപോകുമാറ് പ്രിൻസിപ്പലും വൈസ്പ്രിൻസിപ്പലും ചിരിക്കാൻ തുടങ്ങി. അദ്ധ്യാപികയുടെ നേരെതിരിഞ്ഞുകൊണ്ട് പ്രിൻസിപ്പൽ പറഞ്ഞു: “മാഡം, ഈ പെൺകുട്ടികളുടെ കാര്യത്തിൽ വ്യാകുലപ്പെടേണ്ട. നിങ്ങൾ അവരെ കൊന്നാൽപോലും ദേശീയഗാനം പാടുന്നതിനുപകരം അവർ മരിക്കുകയേയുള്ളു. നിങ്ങൾ അവരെക്കുറിച്ചു കേട്ടിട്ടില്ലേ?” അവരും അവരുടെ സഹായിയും പിന്നീട് യഹോവയുടെ സാക്ഷികളുടെ വിശ്വാസത്തെയും ധൈര്യത്തെയും കുറിച്ചു സംസാരിച്ചു. നേരിട്ട ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്ന് പ്രിൻസിപ്പൽ പെൺകുട്ടിയിലേക്കു തിരിഞ്ഞ് പറയുകയുണ്ടായി. അനന്തരം അവർ ഇങ്ങനെ കൂട്ടിച്ചേർത്തു: “നിങ്ങളുടെ വിശ്വാസത്തിന്റെ പ്രവൃത്തികളിൽ തുടരുക. ഞാൻ പുറത്തും ഇവിടെ സ്കൂളിലും നിങ്ങളുടെ മതത്തെയും നിങ്ങളുടെ ധീരമായ നിലപാടിനെയും ആദരിക്കുന്നു.” പിന്നീട് എതിർപ്പുണ്ടായിരുന്ന അദ്ധ്യാപിക യഹോവയുടെ സാക്ഷികൾ സ്വീകരിച്ചിരിക്കുന്ന നിഷ്പക്ഷനിലപാട് ഇപ്പോൾ മനസ്സിലാകുന്നുണ്ടെന്നു പറഞ്ഞുകൊണ്ട് സാക്ഷിയോടു ക്ഷമായാചനം ചെയ്തു.
ഈ കുട്ടികൾ ഒരു പ്രതിമയുടെ മുമ്പിൽ കുമ്പിടാൻ വിസമ്മതിച്ചുകൊണ്ട് തങ്ങളുടെ നിർമ്മലതയെ ഭഞ്ജിക്കുകയില്ലാഞ്ഞ മൂന്ന് എബ്രായരുടെയും യഹോവയോടുള്ള പ്രാർത്ഥന നിർത്താൻ വിസമ്മതിച്ച ദാനിയേലിന്റെയും ദൃഷ്ടാന്തം പിന്തുടർന്നു. ഈ മനുഷ്യർ ദൈവത്തിന്റെ നീതിയുള്ള നിയമങ്ങളോട് വിശ്വസ്തരായിരുന്നതുകൊണ്ട് യഹോവയാൽ അനുഗ്രഹിക്കപ്പെട്ടു.—ദാനിയേൽ അദ്ധ്യായങ്ങൾ 3ഉം 6ഉം.