വൻവലയും മത്സ്യവും നിങ്ങളേസംബന്ധിച്ച് എന്തർത്ഥമാക്കുന്നു?
“സ്വർഗ്ഗരാജ്യത്തിന്റെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു.”—മത്തായി 13:11.
1, 2. നാം യേശുവിന്റെ ദൃഷ്ടാന്തങ്ങളിൽ തത്പരരായിരിക്കേണ്ടതെന്തുകൊണ്ട്?
നിങ്ങൾ ഒരു രഹസ്യം അറിയുന്നതോ ഒരു പ്രഹേളികയുടെ പൊരുൾ മനസ്സിലാക്കുന്നതോ ആസ്വദിക്കുന്നുവോ? അങ്ങനെ ചെയ്യുന്നത് ദൈവോദ്ദേശ്യത്തിലെ നിങ്ങളുടെ പങ്ക് കൂടുതൽ വ്യക്തമായി കാണാൻ നിങ്ങളെ സഹായിക്കുമെങ്കിലോ? സന്തോഷകരമെന്നു പറയട്ടെ, യേശു പറഞ്ഞ ഒരു ദൃഷ്ടാന്തം മുഖേന നിങ്ങൾക്ക് അങ്ങനെയുള്ള അനുഗ്രഹീതമായ ഉൾക്കാഴ്ച നേടാൻ കഴിയും. അതു കേട്ട അനേകരെ അത് അന്ധാളിപ്പിച്ചു, അതിനുശേഷമുള്ള അസംഖ്യംപേരെ അതു അന്ധാളിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്. എന്നാൽ നിങ്ങൾക്ക് അത് മനസ്സിലാക്കാൻ കഴിയും.
2 തന്റെ ദൃഷ്ടാന്തങ്ങളുടെ ഉപയോഗം സംബന്ധിച്ച് യേശു മത്തായി 13-ാമദ്ധ്യായത്തിൽ പറഞ്ഞത് ശ്രദ്ധിക്കുക. “അവരോട് ഉപമകളായി സംസാരിക്കുന്നതു എന്തു” എന്ന് അവന്റെ ശിഷ്യൻമാർ ചോദിച്ചു. (മത്തായി 13:10) അതെ, മിക്കയാളുകൾക്കും മനസ്സിലാകുകയില്ലാത്ത ദൃഷ്ടാന്തങ്ങൾ യേശു ഉപയോഗിച്ചതെന്തുകൊണ്ടായിരുന്നു? 11മുതൽ 13വരെയുള്ള വാക്യങ്ങളിൽ അവൻ മറുപടി പറഞ്ഞു: “സ്വർഗ്ഗരാജ്യത്തിന്റെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; അവർക്കോ ലഭിച്ചിട്ടില്ല. . . .അതുകൊണ്ട് അവർ കണ്ടിട്ടു കാണാതെയും കേട്ടിട്ടു കേൾക്കാതെയും ഗ്രഹിക്കാതെയുമിരിക്കയാൽ ഞാൻ ഉപമകളായി (ദൃഷ്ടാന്തങ്ങൾ, NW) അവരോടു സംസാരിക്കുന്നു.”
3. യേശുവിന്റെ ദൃഷ്ടാന്തങ്ങളെക്കുറിച്ചുള്ള ഗ്രാഹ്യത്തിന് നമുക്ക് പ്രയോജനംചെയ്യാൻ കഴിയുന്നതെങ്ങനെ?
3 അനന്തരം യേശു യെശയ്യാവ് 6:9, 10 ബാധകമാക്കി, അത് ആത്മീയമായി ബധിരരും അന്ധരുമായ ഒരു ജനത്തെ വർണ്ണിച്ചു. എന്നാൽ നാം അവരേപ്പോലെയായിരിക്കേണ്ടതില്ല. നാം അവന്റെ ദൃഷ്ടാന്തങ്ങൾ മനസ്സിലാക്കുകയും അവയനുസരിച്ചു പ്രവർത്തിക്കുകയുമാണെങ്കിൽ, നമുക്ക് വളരെ സന്തുഷ്ടരായിരിക്കാൻ കഴിയും—ഇപ്പോഴും അനന്തഭാവിയിലും. യേശു നമുക്ക് ഈ ഊഷ്മളമായ ഉറപ്പുനൽകുന്നു: “എന്നാൽ നിങ്ങളുടെ കണ്ണു കാണുന്നതുകൊണ്ടും നിങ്ങളുടെ ചെവി കേൾക്കുന്നതുകൊണ്ടും ഭാഗ്യമുള്ളവ.” (മത്തായി 13:16) ആ ഉറപ്പ് യേശുവിന്റെ സകല ദൃഷ്ടാന്തങ്ങളെയും ഉൾപ്പെടുത്തുന്നു, എന്നാൽ നമുക്ക് മത്തായി 13:47-50വരെ രേഖപ്പെടുത്തിയിരിക്കുന്ന വൻവലയുടെ ഹ്രസ്വമായ ഉപമയിൽ കേന്ദ്രീകരിക്കാം.
അഗാധമായ അർത്ഥത്തോടുകൂടിയ ഒരു ദൃഷ്ടാന്തം
4. മത്തായി 13:47-50ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം യേശു ദൃഷ്ടാന്തമായി എന്തു വിവരിച്ചു?
4 “സ്വർഗ്ഗരാജ്യം കടലിൽ ഇടുന്നതും എല്ലാവക മീനും പിടിക്കുന്നതുമായോരു വലയോടു (വൻവല, NW) സദൃശം. നിറഞ്ഞപ്പോൾ അവർ അതു വലിച്ചു കരെക്കു കയററി, ഇരുന്നുകൊണ്ടു നല്ലതു പാത്രങ്ങളിൽ കൂട്ടിവെച്ചു, ചീത്ത എറിഞ്ഞുകളഞ്ഞു. അങ്ങനെതന്നെ ലോകാവസാനത്തിൽ സംഭവിക്കും; ദൂതൻമാർ പുറപ്പെട്ടു നീതിമാൻമാരുടെ ഇടയിൽനിന്നു ദുഷ്ടൻമാരെ വേർതിരിച്ചു തീച്ചൂളയിൽ ഇട്ടുകളയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.”
5. വൻവലയുടെ ഉപമയുടെ അർത്ഥംസംബന്ധിച്ച് ഏതുതരം ചോദ്യങ്ങൾ ഉദിക്കുന്നു?
5 മീൻപിടുത്തക്കാർ ഒരു വല ഉപയോഗിച്ച് മീൻപിടിക്കുന്നതു നിങ്ങൾ കണ്ടിരിക്കാനിടയുണ്ട്, കുറഞ്ഞപക്ഷം സിനിമയിലോ റെറലിവിഷനിലോ. അതുകൊണ്ട് യേശുവിന്റെ ഉപമ വിഭാവനചെയ്യുക പ്രയാസമല്ല. എന്നാൽ വിശദാംശങ്ങളും അർത്ഥവും സംബന്ധിച്ചെന്ത്? ഉദാഹരണത്തിന്, ഈ ദൃഷ്ടാന്തം “സ്വർഗ്ഗരാജ്യ”ത്തെ സംബന്ധിച്ചാണെന്ന് യേശു പറയുകയുണ്ടായി. എന്നിരുന്നാലും, തീർച്ചയായും നല്ലവരും കൊള്ളുകയില്ലാത്തവരും അഥവാ ദുഷ്ടരുമായ “എല്ലാവക” ആളുകളും രാജ്യത്തിലുണ്ടായിരിക്കുമെന്ന് അവൻ അർത്ഥമാക്കിയില്ല. കൂടാതെ മീൻപിടുത്തം നടത്തുന്നതാരാണ്? ഈ മീൻപിടുത്തവും വേർതിരിക്കലും യേശുവിന്റെ നാളിൽ സംഭവിച്ചോ, അതോ അതു “ലോകാവസാന”മാകുന്ന നമ്മുടെ കാലത്തേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നുവോ? നിങ്ങൾ നിങ്ങളേത്തന്നെ ഈ ഉപമയിൽ കാണുന്നുവോ? കരയുകയും പല്ലുകടിക്കുകയും ചെയ്യുന്നവരിൽ ഉൾപ്പെടുന്നതൊഴിവാക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
6. (എ) വൻവലയുടെ ഉപമ ഗ്രഹിക്കുന്നതിൽ നാം അതീവതത്പരരായിരിക്കേണ്ടതെന്തുകൊണ്ട്? (ബി) അതിന്റെ ഗ്രാഹ്യത്തിന്റെ ഒരു താക്കോൽ എന്താണ്?
6 ഏതായാലും അങ്ങനെയുള്ള ചോദ്യങ്ങൾ ഈ ദൃഷ്ടാന്തം ലളിതമല്ലെന്ന് പ്രകടമാക്കുന്നു. എന്നിരുന്നാലും, “നിങ്ങളുടെ കണ്ണു കാണുന്നതുകൊണ്ടും നിങ്ങളുടെ ചെവി കേൾക്കുന്നതുകൊണ്ടും ഭാഗ്യമുള്ളവ” എന്നു മറക്കരുത്. അതിന്റെ പ്രാധാന്യംസംബന്ധിച്ച് നമ്മുടെ ചെവികൾ പ്രതികരണമില്ലാത്തവയും നമ്മുടെ കണ്ണുകൾ അടഞ്ഞവയുമായിരിക്കാതിരിക്കാൻ അതിന്റെ അർത്ഥത്തിലേക്ക് ചുഴിഞ്ഞിറങ്ങാൻ കഴിയുമോയെന്നു നമുക്കു കാണാം. യഥാർത്ഥത്തിൽ, അതിന്റെ അർത്ഥം തുറന്നെടുക്കാനുള്ള ഒരു മർമ്മപ്രധാനമായ താക്കോൽ നമുക്കിപ്പോൾത്തന്നെയുണ്ട്. തൊഴിൽ ഉപേക്ഷിച്ച് “മനുഷ്യരെ വീശിപ്പിടിക്കുന്നവർ” എന്ന നിലയിലുള്ള ഒരു ആത്മീയവേല ഏറെറടുക്കാൻ യേശു ഗലീലക്കാരായ മീൻപിടുത്തക്കാരെ ക്ഷണിക്കുന്നതിനെക്കുറിച്ച് മുൻലേഖനം പറഞ്ഞു. (മർക്കോസ് 1:17) “ഇപ്പോൾമുതൽ നീ മനുഷ്യരെ ജീവനോടെ പിടിക്കുന്നതായിരിക്കും” എന്ന് അവൻ അവരോടു പറഞ്ഞു.—ലൂക്കോസ് 5:10, NW.
7. യേശു മീനിനെക്കുറിച്ചു സംസാരിച്ചപ്പോൾ എന്തു ചിത്രീകരിക്കുകയായിരുന്നു?
7 അതിനു ചേർച്ചയിൽ, ഈ ഉപമയിലെ മീൻ മനുഷ്യരെ പ്രതിനിധാനം ചെയ്യുന്നു. അതുകൊണ്ട്, 49-ാം വാക്യം നീതിമാൻമാരുടെ ഇടയിൽനിന്ന് ദുഷ്ടൻമാരെ വേർതിരിക്കുന്നതിനെക്കുറിച്ചു പറയുമ്പോൾ അത് നീതിയുള്ളതോ ദുഷ്ടമോ ആയ സമുദ്രജീവികളെയല്ല, പിന്നെയോ നീതിമാൻമാരേയോ ദുഷ്ടജനങ്ങളേയോ ആണ് പരാമർശിക്കുന്നത്. സമാനമായി, 50-ാം വാക്യം കരയുകയോ പല്ലുകടിക്കുകയോ ചെയ്യുന്ന സമുദ്രജന്തുക്കളെക്കുറിച്ച് നാം ചിന്തിക്കാനിടയാക്കരുത്. അല്ല. ഈ ഉപമ മനുഷ്യരെ കൂട്ടിച്ചേർക്കുന്നതിനെയും പിന്നീട് അവരെ വേർതിരിക്കുന്നതിനെയും കുറിച്ചുള്ളതാണ്, ഭാവിഫലം പ്രകടമാക്കുന്നതുപോലെ അത് വളരെ ഗൗരവമുള്ളതാണ്.
8. (എ) കൊള്ളുകയില്ലാത്ത മത്സ്യത്തിന്റെ ഭാവിഫലം സംബന്ധിച്ച് നമുക്ക് എന്തു പഠിക്കാൻ കഴിയും? (ബി) കൊള്ളുകയില്ലാത്ത മത്സ്യത്തെക്കുറിച്ചു പറയപ്പെട്ടതിന്റെ വീക്ഷണത്തിൽ, രാജ്യത്തെ സംബന്ധിച്ചു നമുക്ക് എന്തു നിഗമനംചെയ്യാൻ കഴിയും?
8 കൊള്ളുകയില്ലാത്ത മത്സ്യം അതായത് ദുഷ്ടൻമാർ തീച്ചൂളയിലേക്ക് എറിയപ്പെടുമെന്നുള്ളത് ഗൗനിക്കുക, അവിടെ അവർ കരയുകയും പല്ലുകടിക്കുകയും ചെയ്യേണ്ടിവരും. മറെറാരിടത്ത് യേശു അങ്ങനെയുള്ള കരച്ചിലിനെയും പല്ലുകടിയെയും രാജ്യത്തിനു പുറത്തായിരിക്കുന്നതിനോടു ബന്ധപ്പെടുത്തി. (മത്തായി 8:12; 13:41, 42) മത്തായി 5:22ലും 18:9ലും അവൻ സ്ഥിരമായ നാശത്തെ പരാമർശിക്കുന്ന “എരിയുന്ന ഗീഹെന്നാ”യെക്കുറിച്ചുപോലും പറഞ്ഞു. അത് ഈ ദൃഷ്ടാന്തത്തിന്റെ അർത്ഥം ഗ്രഹിക്കുന്നതും അതനുസരിച്ചു പ്രവർത്തിക്കുന്നതും എത്ര മർമ്മപ്രധാനമാണെന്ന് പ്രകടമാക്കുന്നില്ലേ? ദൈവരാജ്യത്തിൽ ദുഷ്ടൻമാർ ഇല്ലെന്നോ ഉണ്ടായിരിക്കയില്ലെന്നോ നമുക്കെല്ലാം അറിയാം. അതുകൊണ്ട്, “സ്വർഗ്ഗരാജ്യം ഒരു വൻവലപോലെയാകുന്നു” എന്നു പറഞ്ഞപ്പോൾ യേശു ദൈവരാജ്യത്തോടുള്ള ബന്ധത്തിൽ വിവിധതരം മത്സ്യങ്ങളെ ശേഖരിക്കുന്നതിന് ഇറക്കപ്പെടുന്ന ഒരു വലപോലെ ഒരു സവിശേഷത ഉണ്ടെന്ന് അർത്ഥമാക്കിയിരിക്കണം.
9. വൻവലയുടെ ദൃഷ്ടാന്തത്തിൽ ദൂതൻമാർ ഉൾപ്പെട്ടിരിക്കുന്നതെങ്ങനെ?
9 വൻവല ഇറക്കുകയും മത്സ്യം ശേഖരിക്കുകയും ചെയ്തശേഷം ഒരു വേർതിരിക്കൽവേല ഉണ്ടായിരിക്കും. ഉൾപ്പെട്ടിരുന്നത് ആരാണെന്നാണ് യേശു പറഞ്ഞത്? മത്തായി 13:49 ഈ വേർതിരിക്കൽവേലക്കാരായ മീൻപിടുത്തക്കാരെ ദൂതൻമാരായി തിരിച്ചറിയിച്ചു. അതുകൊണ്ട് യേശു മനുഷ്യരെ—ചിലർ നല്ലവരും സ്വർഗ്ഗരാജ്യത്തിനു കൊള്ളാവുന്നവരും, മററുചിലർ ആ വിളിക്ക് അയോഗ്യരെന്നു തെളിയിക്കുന്നവരുമായി—തിരിച്ചറിയിക്കാൻ ഉപയോഗിക്കപ്പെടുന്ന ഭൂമിയിലെ ഒരു ഉപകരണത്തിന്റെ ദൂത മേൽനോട്ടത്തെക്കുറിച്ച് നമ്മോടു പറയുകയായിരുന്നു.
മീൻപിടുത്തം—എപ്പോൾ?
10. മത്സ്യബന്ധനം ഗണ്യമായ ഒരു കാലഘട്ടത്തേക്കു നീണ്ടുനിന്നുവെന്ന് ഏതു ന്യായവാദത്താൽ നമുക്കു നിർണ്ണയിക്കാൻ കഴിയും?
10 ഇതു ബാധകമാകുന്നത് എപ്പോഴെന്നു കണ്ടുപിടിക്കാൻ സന്ദർഭം നമ്മെ സഹായിക്കുന്നു. ഇതിനു തൊട്ടുമുമ്പ് യേശു നല്ല വിത്തു വിതക്കുന്നതിനെക്കുറിച്ചും എന്നാൽ ലോകത്തെ ചിത്രീകരിക്കുന്ന വയലിൽ പിന്നീട് പുറമേ കളകൾ വിതക്കുന്നതിനെക്കുറിച്ചും ഒരു ദൃഷ്ടാന്തം പറഞ്ഞു. നല്ല വിത്ത് “രാജ്യത്തിന്റെ പുത്രൻമാർ; കള ദുഷ്ടന്റെ പുത്രൻമാർ” ആണെന്ന് മത്തായി 13:38-ൽ അവൻ വിശദീകരിച്ചു. അവ വ്യവസ്ഥിതിയുടെ സമാപനത്തിലെ കൊയ്ത്തുവരെയുള്ള അനേകം നൂററാണ്ടുകളിൽ ഒപ്പം വളർന്നു. അനന്തരം കളകൾ വേർതിരിക്കപ്പെടുകയും പിന്നീട് ദഹിപ്പിക്കപ്പെടുകയും ചെയ്തു. വൻവലയുടെ ദൃഷ്ടാന്തത്തെ ഇതിനോടു സമാന്തരമാക്കുമ്പോൾ, വലയിലേക്കുള്ള ജീവികളുടെ പിടുത്തം ദീർഘകാലം നീണ്ടുനിൽക്കേണ്ടതായിരുന്നുവെന്ന് നാം കാണുന്നു.—മത്തായി 13:36-43.
11. ഒന്നാം നൂററാണ്ടിൽ ഒരു സാർവദേശീയ മത്സ്യബന്ധനപ്രവർത്തനം തുടങ്ങിയതെങ്ങനെ?
11 യേശുവിന്റെ ഉപമയനുസരിച്ച് മത്സ്യം വിവേചനാരഹിതമായി ശേഖരിക്കപ്പെടും, അതായത്, വൻവല നല്ല മത്സ്യത്തെയും കൊള്ളുകയില്ലാത്ത മത്സ്യത്തെയും സ്വീകരിച്ചു. അപ്പോസ്തലൻമാർ ജീവിച്ചിരുന്നപ്പോൾ, മത്സ്യബന്ധനപ്രവർത്തനത്തെ നയിക്കുന്ന ദൂതൻമാർ അഭിഷിക്തക്രിസ്ത്യാനികളായിത്തീർന്ന “മത്സ്യ”ത്തെ പിടിക്കാൻ ദൈവത്തിന്റെ ക്രിസ്തീയ സ്ഥാപനത്തെ ഉപയോഗിച്ചു. പൊ.യു. 33-ലെ പെന്തെക്കോസ്തിനുമുമ്പ് മനുഷ്യർക്കായുള്ള യേശുവിന്റെ വലവീശൽ ഏതാണ്ട് 120 ശിഷ്യരെ വലയിൽപിടിച്ചുവെന്ന് നിങ്ങൾക്കു പറയാവുന്നതാണ്. (പ്രവൃത്തികൾ 1:15) എന്നാൽ അഭിഷിക്തക്രിസ്ത്യാനികളുടെ സഭ സ്ഥാപിക്കപ്പെട്ടുകഴിഞ്ഞപ്പോൾ, വൻവല ഉപകരണംകൊണ്ടുള്ള മീൻപിടുത്തം തുടങ്ങി, ആയിരക്കണക്കിന് നല്ല മത്സ്യങ്ങൾ പിടിക്കപ്പെട്ടു. പൊ.യു. 36മുതൽ വിജാതീയർ ക്രിസ്ത്യാനിത്വത്തിലേക്ക് ആകർഷിക്കപ്പെടുകയും ക്രിസ്തുവിന്റെ അഭിഷിക്തസഭയുടെ അംഗങ്ങളായിത്തീരുകയും ചെയ്തപ്പോൾ മത്സ്യബന്ധനം പരക്കെ അന്തർദ്ദേശീയ വെള്ളങ്ങളിലേക്കു വ്യാപിച്ചു.—പ്രവൃത്തികൾ 10:1, 2, 23-48.
12. അപ്പോസ്തലൻമാരുടെ മരണശേഷം എന്തു വികാസംപ്രാപിച്ചു?
12 അപ്പോസ്തലൻമാർ രംഗം വിട്ടശേഷമുള്ള നൂററാണ്ടുകളിൽ, ദിവ്യസത്യം കണ്ടെത്തി പിടിച്ചുകൊള്ളാൻ ശ്രമിക്കുന്ന കുറെ ക്രിസ്ത്യാനികൾ ഉണ്ടായിരിക്കുന്നതിൽ തുടർന്നു. അവരിൽ കുറേപേർക്കെങ്കിലും ദൈവത്തിന്റെ അംഗീകാരമുണ്ടായിരുന്നു, അവൻ അവരെ പരിശുദ്ധാത്മാവുകൊണ്ട് അഭിഷേകംചെയ്തു. എന്നാലും, അപ്പോസ്തലൻമാരുടെ മരണം ഒരു നിയന്ത്രണസ്വാധീനത്തെ നീക്കംചെയ്യുകയും വ്യാപകമായുള്ള ഒരു വിശ്വാസത്യാഗം വികാസംപ്രാപിക്കാൻ അനുവദിക്കുകയും ചെയ്തു. (2 തെസ്സലൊനീക്യർ 2:7, 8) ദൈവത്തിന്റെ സ്ഥാപനമാണെന്ന് അയോഗ്യമായി അവകാശപ്പെട്ട ഒരു സ്ഥാപനം വളർന്നുവന്നു. അത് യേശുവിനോടുകൂടെ ഭരിക്കാൻ ദൈവാത്മാവിനാൽ അഭിഷേകംചെയ്യപ്പെട്ട വിശുദ്ധജനതയാണെന്ന് വ്യാജമായി അവകാശപ്പെട്ടു.
13. വൻവലയുടെ പ്രവർത്തിപ്പിക്കലിൽ ക്രൈസ്തവലോകത്തിന് ഒരു പങ്കുണ്ടായിരുന്നുവെന്ന് പറയാൻ കഴിയുന്നതെന്തുകൊണ്ട്?
13 അവിശ്വസ്തമായി ക്രിസ്ത്യാനിത്വം അവകാശപ്പെടുന്നവർക്ക് വൻവലയുടെ ദൃഷ്ടാന്തത്തിൽ എന്തെങ്കിലും പങ്കുണ്ടെന്ന് നിങ്ങൾ വിചാരിക്കുന്നുവോ? ശരി, ഉവ്വ് എന്നുത്തരം പറയാൻ കാരണമുണ്ട്. പ്രതീകാത്മക വൻവലയിൽ ക്രൈസ്തവലോകം ഉൾപ്പെട്ടു. കത്തോലിക്കാസഭ യുഗങ്ങളോളം സാധാരണക്കാർക്ക് ബൈബിൾ കൊടുക്കാതിരിക്കാൻ ശ്രമിച്ചുവെന്നത് സത്യംതന്നെ. എന്നിരുന്നാലും, നൂററാണ്ടുകളിൽ ക്രൈസ്തവലോകത്തിന്റെ അംഗങ്ങൾ ദൈവവചനം വിവർത്തനംചെയ്യുന്നതിലും പകർത്തുന്നതിലും വിതരണംചെയ്യുന്നതിലും ഒരു മുഖ്യപങ്കു വഹിച്ചിട്ടുണ്ട്. പിന്നീട് സഭകൾ വിദൂരരാജ്യങ്ങളിലെ ഭാഷകളിൽ ബൈബിൾ വിവർത്തനംചെയ്ത ബൈബിൾസൊസൈററികൾ രൂപവൽക്കരിക്കുകയോ അവയെ പിന്തുണക്കുകയോ ചെയ്തു. അവർ മെഡിക്കൽ മിഷനറിമാരെയും അദ്ധ്യാപകരെയും പുറത്തേക്കയക്കുകയും ചെയ്തു, അവർ ചോററുക്രിസ്ത്യാനികളെ ഉളവാക്കി. ഇത് ദൈവത്തിന്റെ അംഗീകാരമില്ലാഞ്ഞ കൊള്ളുകയില്ലാത്ത നിരവധി മത്സ്യങ്ങളെ ശേഖരിച്ചു. എന്നാൽ അത് ദശലക്ഷക്കണക്കിന് അക്രൈസ്തവരെ ബൈബിളിനോടും ദുഷിച്ചതെങ്കിലും ക്രിസ്ത്യാനിത്വത്തിന്റെ ഒരു രൂപത്തോടും സമ്പർക്കത്തിൽ വരുത്തി.
14. നല്ല മത്സ്യത്തിനുവേണ്ടിയുള്ള മീൻപിടുത്തം ക്രൈസ്തവലോകത്തിലെ സഭകൾ ചെയ്ത കുറേ വേലയാൽ സഹായിക്കപ്പെട്ടതെങ്ങനെ?
14 ഈ കാലത്തെല്ലാം ദൈവവചനത്തോടു പററിനിന്ന ചിതറിക്കിടന്ന വിശ്വസ്തർ തങ്ങളുടെ കഴിവിന്റെ പരമാവധി തീവ്രയത്നം ചെയ്തു. അവർ ഏതു കാലത്തും ദൈവത്തിന്റെ ഭൂമിയിലെ യഥാർത്ഥ അഭിഷിക്ത സഭയായിരുന്നു. അവരും മത്സ്യങ്ങളെ അഥവാ മനുഷ്യരെ പിടിക്കുന്നുണ്ടായിരുന്നുവെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നതാണ്, അവരിലനേകർ നല്ലവരാണെന്ന് ദൈവം വീക്ഷിക്കുകയും തന്റെ ആത്മാവുകൊണ്ട് അഭിഷേകംചെയ്യുകയും ചെയ്യുമായിരുന്നു. (റോമർ 8:14-17) ക്രിസ്ത്യാനിത്വം അവകാശപ്പെട്ട ഈ നല്ലവർക്ക്, ചോററുക്രിസ്ത്യാനികളായിത്തീർന്ന അനേകർക്ക് അഥവാ ക്രൈസ്തവലോകത്തിന്റെ ബൈബിൾസൊസൈററികൾ തങ്ങളുടെ ഭാഷകളിലേക്കു വിവർത്തനംചെയ്തിരുന്ന തിരുവെഴുത്തുകളിൽനിന്ന് പരിമിതമായ ബൈബിൾ പരിജ്ഞാനം നേടിയിരുന്നവർക്ക് ബൈബിൾസത്യം എത്തിച്ചുകൊടുക്കാൻ കഴിഞ്ഞു. ക്രൈസ്തവലോകത്താൽ ശേഖരിക്കപ്പെട്ട മിക്കതും ദൈവത്തിന്റെ നിലപാടിൽ കൊള്ളുകയില്ലാത്തവയായിരുന്നെങ്കിലും നല്ല മത്സ്യത്തിന്റെ ശേഖരണം തുടരുകയായിരുന്നുവെന്നതു സത്യംതന്നെ.
15. കൃത്യമായി, ഉപമയിലെ വൻവലയാൽ എന്താണ് പ്രതിനിധാനംചെയ്യപ്പെടുന്നത്?
15 അതുകൊണ്ട് വൻവല ദൈവത്തിന്റെ സഭയാണെന്ന് അവകാശപ്പെടുന്നതും മത്സ്യത്തെ ശേഖരിക്കുന്നതുമായ ഒരു ഭൗമിക ഉപകരണത്തെ പ്രതിനിധാനംചെയ്യുന്നു. അത് ക്രൈസ്തവലോകത്തെയും അഭിഷിക്തക്രിസ്ത്യാനികളുടെ സഭയെയും ഉൾപ്പെടുത്തിയിരിക്കുന്നു, ഒടുവിൽ പറഞ്ഞവർ മത്തായി 13:49നു ചേർച്ചയിൽ ദൂതൻമാരുടെ അദൃശ്യ മേൽനോട്ടത്തിൽ നല്ല മത്സ്യത്തെ ശേഖരിക്കുന്നതിൽ തുടർന്നു.
നമ്മുടെ കാലം പ്രത്യേകതയുള്ളത്
16, 17. വൻവലയെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തത്തിന്റെ നിവൃത്തിയിൽ നാം ജീവിക്കുന്ന കാലം വളരെ പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
16 നമുക്കിപ്പോൾ കാലഘടകം പരിഗണിക്കാം. നൂററാണ്ടുകളോളം വൻവലഉപകരണം നല്ല മത്സ്യത്തെയും കൊള്ളുകയില്ലാത്ത അഥവാ ദുഷ്ടമായ അനേകം മത്സ്യങ്ങളെയും ശേഖരിച്ചു. അനന്തരം ദൂതൻമാർ നിർണ്ണായകമായ ഒരു വേർതിരിക്കൽവേല ചെയ്യുന്നതിൽ ഉൾപ്പെട്ട സമയം വന്നു. എപ്പോൾ? ശരി, അത് “വ്യവസ്ഥിതിയുടെ സമാപനത്തിൽ” ആണെന്ന് 49-ാം വാക്യം (NW) വ്യക്തമായി പറയുന്നു. ഇത് ചെമ്മരിയാടുകളെയും കോലാടുകളെയും സംബന്ധിച്ച ദൃഷ്ടാന്തത്തിൽ യേശു പറഞ്ഞതിനോട് യോജിക്കുന്നു: “മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകലവിശുദ്ധദൂതൻമാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും. സകല ജാതികളെയും അവന്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരി”ക്കും.—മത്തായി 25:31, 32.
17 അതുകൊണ്ട്, മത്തായി 13:47-50 അനുസരിച്ച്, 1914ൽ “വ്യവസ്ഥിതിയുടെ സമാപനം” തുടങ്ങിയപ്പോൾ മുതൽ ദൂതമേൽനോട്ടത്തിൻകീഴിൽ നിർണ്ണായകമായ ഒരു വേർതിരിക്കൽവേല മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇത് 1919നുശേഷം വിശേഷാൽ തെളിവായി, അന്നായിരുന്നു അഭിഷിക്തരുടെ ശേഷിപ്പ് താത്ക്കാലിക ആത്മീയ അടിമത്തത്തിൽനിന്ന് സ്വതന്ത്രരാക്കപ്പെടുകയും മീൻപിടുത്തവേല പൂർത്തീകരിക്കുന്നതിന് കൂടുതൽ ഫലപ്രദമായ ഒരു ഉപകരണമായിത്തീരുകയും ചെയ്തത്.
18. നല്ല മത്സ്യങ്ങൾ പാത്രങ്ങളിൽ ശേഖരിക്കപ്പെട്ടിരിക്കുന്നതെങ്ങനെ?
18 വേർതിരിക്കപ്പെട്ട നല്ല മത്സ്യത്തിന് എന്തു സംഭവിക്കണമായിരുന്നു? വേർതിരിക്കൽ നടത്തുന്ന ദൂതൻമാരായ മീൻപിടുത്തക്കാർ “നല്ലതു [മീൻ] പാത്രങ്ങളിൽ കൂട്ടിവെച്ചു, ചീത്ത എറിഞ്ഞുകളഞ്ഞു”വെന്ന് 48-ാം വാക്യം പറയുന്നു. പാത്രങ്ങൾ നല്ല മത്സ്യം ഇടുന്ന സംരക്ഷകപാത്രങ്ങളാണ്. ഇതു നമ്മുടെ കാലത്തു സംഭവിച്ചിട്ടുണ്ടോ? തീർച്ചയായും. പ്രതീകാത്മകമത്സ്യങ്ങളെ ജീവനോടെ പിടിക്കവേ അവ സത്യക്രിസ്ത്യാനികളുടെ സഭകളിൽ ശേഖരിക്കപ്പെട്ടിരിക്കുന്നു. ഈ പാത്രസമാന സഭകൾ ദിവ്യസേവനത്തിനുവേണ്ടി അവരെ സംരക്ഷിക്കാനും വേർതിരിക്കാനും സഹായിച്ചിരിക്കുന്നു, നിങ്ങൾ സമ്മതിക്കുന്നില്ലേ? എന്നാലും, ചിലർ ഇങ്ങനെ ചിന്തിച്ചേക്കാം, ‘അതു കൊള്ളാം, നല്ലതുതന്നെ, എന്നാൽ എന്റെ ഇപ്പോഴത്തെ ജീവനോടും എന്റെ ഭാവിയോടും അതിനെല്ലാം എന്തു ബന്ധമാണുള്ളത്?’
19, 20. (എ) ഇന്ന് ഈ ഉപമയുടെ അർത്ഥം ഗ്രഹിക്കുന്നത് മർമ്മപ്രധാനമായിരിക്കുന്നതെന്തുകൊണ്ട്? (ബി) 1919മുതൽ ഏതു പ്രധാനപ്പെട്ട മത്മസ്യബന്ധനവേല നടത്തപ്പെട്ടിരിക്കുന്നു?
19 ഇവിടെ ചിത്രീകരിക്കപ്പെട്ടതിന്റെ നിവൃത്തി അപ്പോസ്തലൻമാരുടെ കാലത്തിനും 1914നുമിടക്കുള്ള നൂററാണ്ടുകൾക്ക് പരിമിതപ്പെട്ടിരിക്കുന്നില്ല. ആ കാലഘട്ടത്തിൽ വൻവലഉപകരണം വ്യാജമായും സത്യമായും ക്രിസ്ത്യാനിത്വം അവകാശപ്പെട്ടവരെ ശേഖരിക്കാനിടയായി. അതെ, അത് കൊള്ളുകയില്ലാത്ത മത്സ്യത്തെയും നല്ല മത്സ്യത്തെയും ശേഖരിക്കുകയായിരുന്നു. കൂടാതെ, ദൂതൻമാർ നിർവഹിച്ച വേർതിരിക്കൽവേല 1919ഓടെ അവസാനിച്ചില്ല. തീർച്ചയായും ഇല്ല. ചില വശങ്ങളിൽ വൻവലയുടെ ഈ ദൃഷ്ടാന്തം നമ്മുടെ കാലം വരെയും ബാധകമാണ്. നമ്മൾ ഉൾപ്പെട്ടിരിക്കുന്നു, നമ്മുടെ സത്വരഭാവിയും അങ്ങനെതന്നെ. ഗ്രാഹ്യത്തോടെ “നിങ്ങളുടെ കണ്ണു കാണുന്നതുകൊണ്ടും നിങ്ങളുടെ ചെവി കേൾക്കുന്നതുകൊണ്ടും ഭാഗ്യമുള്ളവ” എന്ന ഈ വാക്കുകൾ നമ്മെ വർണ്ണിക്കാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ, അത് അങ്ങനെയായിരിക്കുന്നതെങ്ങനെയെന്നും എന്തുകൊണ്ടെന്നും നാം അറിയേണ്ടതാവശ്യമാണ്.—മത്തായി 13:16.
20 ആയിരത്തിത്തൊള്ളായിരത്തിപത്തൊൻപതിനുശേഷം അഭിഷിക്തശേഷിപ്പ്, നല്ലവയെ കൊള്ളുകയില്ലാത്തവയിൽനിന്ന് വേർതിരിക്കുന്നതിന് മത്സ്യത്തെ കടൽപ്പുറത്തേക്ക് വലിച്ചിടാൻ പ്രതീകാത്മക വല ഉപയോഗിക്കുന്നതിൽ തുടർന്ന ദൂതൻമാരോടു സഹകരിച്ചുകൊണ്ട് പ്രസംഗവേലയിൽ തിരക്കോടെ ഏർപ്പെട്ടുവെന്ന് നിങ്ങൾക്കറിയാമായിരിക്കും. പ്രതീകാത്മവലയാൽ 1,44,000-ത്തിലെ അവസാനത്തവർ ശേഖരിക്കപ്പെട്ടപ്പോൾ ദൈവാത്മാവുകൊണ്ട് അഭിഷേകംചെയ്യുന്നതിനുള്ള നല്ല മത്സ്യത്തിന്റെ പിടുത്തം തുടർന്നുവെന്ന് ആ കാലഘട്ടംമുതലുള്ള സ്ഥിതിവിവരക്കണക്കുകൾ പ്രകടമാക്കുന്നു. (വെളിപ്പാട് 7:1-4) ആയിരത്തിത്തൊള്ളായിരത്തിമുപ്പതുകളുടെ മദ്ധ്യമായതോടെ പരിശുദ്ധാത്മാവുകൊണ്ട് അഭിഷേകംചെയ്യുന്നതിനുള്ള നല്ല മത്സ്യങ്ങളുടെ ശേഖരണം അടിസ്ഥാനപരമായി അവസാനിച്ചു. അഭിഷിക്തശേഷിപ്പിന്റെ സഭ അപ്പോൾ വല ഉപേക്ഷിച്ച് തങ്ങളുടെ സ്വർഗ്ഗീയപ്രതിഫലത്തിനായി കാത്തിരുന്നുകൊണ്ട് കേവലം അലസരായി ഇരിക്കണമായിരുന്നോ? അശേഷം പാടില്ലായിരുന്നു!
മീൻപിടുത്തത്തിൽ നിങ്ങളുടെ ഉൾപ്പെടൽ
21. നമ്മുടെ കാലത്ത് വേറെ ഏതു മീൻപിടുത്തവേല സംഭവിച്ചിരിക്കുന്നു? (ലൂക്കോസ് 23:43)
21 യേശുവിന്റെ വൻവലയുടെ ദൃഷ്ടാന്തം സ്വർഗ്ഗരാജ്യത്തിൽ ഒരു സ്ഥാനം പ്രതിഫലമായി കിട്ടുന്ന നല്ല മത്സ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നിരുന്നാലും, ആ ദൃഷ്ടാന്തത്തിനുപുറമേ, മുൻലേഖനത്തിൽ വിശദമാക്കപ്പെട്ടതുപോലെതന്നെ, ഒരു വിപുലമായ തോതിൽ സംഭവിക്കുന്ന വേറെ പ്രതീകാത്മക മീൻപിടുത്തമുണ്ട്. ഈ മീൻപിടുത്തം യേശുവിന്റെ ദൃഷ്ടാന്തത്തിൽ പറഞ്ഞ നല്ല അഭിഷിക്തമത്സ്യങ്ങൾക്കുവേണ്ടിയല്ല, പിന്നെയോ ജീവനോടെ പിടിച്ച് ഒരു പറുദീസാഭൂമിയിലെ ജീവന്റെ അത്ഭുതകരമായ പ്രത്യാശ കൊടുക്കാനുള്ള പ്രതീകാത്മക മത്സ്യങ്ങൾക്കുവേണ്ടിയാണ്.—വെളിപ്പാട് 7:9, 10; മത്തായി 25:31-46 താരതമ്യപ്പെടുത്തുക.
22. നമുക്ക് ഏതു സന്തുഷ്ട ഭാവിഫലം അനുഭവിക്കാവുന്നതാണ്, ഒരു വ്യത്യസ്ത ഫലം എന്താണ്?
22 നിങ്ങൾ ആ പ്രത്യാശ പുലർത്തുന്നുവെങ്കിൽ, ഇന്നുവരെയും ഒരു ജീവദായകമായ മത്സ്യബന്ധനവേല തുടരാൻ യഹോവ അനുവദിച്ചിരിക്കുന്നതിൽ നിങ്ങൾക്കു സന്തോഷിക്കാൻ കഴിയും. ഇത് നിങ്ങൾക്ക് അത്ഭുതകരമായ ഒരു പ്രതീക്ഷ നേടുക സാദ്ധ്യമാക്കിയിരിക്കുന്നു. പ്രതീക്ഷയോ? അതെ, അതാണ് ഉപയോഗിക്കാവുന്ന ഉചിതമായ പദം, കാരണം ഭാവിഫലം തുടർന്നുകൊണ്ടിരിക്കുന്ന മത്സ്യബന്ധന ശ്രമത്തെ നയിക്കുന്നവനോടുള്ള നമ്മുടെ തുടർച്ചയായ വിശ്വസ്തതക്കനുസൃതമായിരിക്കും. (സെഫന്യാവ് 2:3) വലയാൽ വലിച്ചുകയററപ്പെടുന്ന സകല മത്സ്യങ്ങൾക്കും ഒരു അനുകൂല ഭാവിഫലം അനുഭവപ്പെടുന്നില്ലെന്ന് ദൃഷ്ടാന്തത്തിൽനിന്ന് ഓർക്കുക. കൊള്ളുകയില്ലാത്തവർ അഥവാ ദുഷ്ടർ നീതിമാൻമാരുടെ ഇടയിൽനിന്ന് വേർതിരിക്കപ്പെടുമെന്ന് യേശു പറഞ്ഞു. എന്തുദ്ദേശ്യത്തിൽ? കൊള്ളുകയില്ലാത്ത അല്ലെങ്കിൽ ദുഷ്ട മത്സ്യങ്ങളുടെ ഗൗരവമായ ഭാവിഫലം മത്തായി 13:50ൽ യേശു വർണ്ണിച്ചു. അവ നിത്യനാശത്തെ അർത്ഥമാക്കുന്ന തീച്ചൂളയിലേക്ക് എറിയപ്പെടും.—വെളിപ്പാട് 21:8.
23. ഇന്നത്തെ മത്സ്യബന്ധനവേലയെ വളരെ പ്രധാനമാക്കുന്നതെന്ത്?
23 നല്ല അഭിഷിക്തമത്സ്യങ്ങൾക്കും, അതുപോലെതന്നെ, ഭൂമിയിൽ എന്നേക്കും ജീവിച്ചേക്കാവുന്ന പ്രതീകാത്മകമത്സ്യങ്ങൾക്കും മഹത്തായ ഭാവിയുണ്ട്. അപ്പോൾ, നല്ല കാരണത്തോടെയാണ് ഗോളത്തിനു ചുററും വിജയപ്രദമായ ഒരു മത്സ്യബന്ധനപ്രവർത്തനം ഇപ്പോൾത്തന്നെ നടത്തിക്കൊണ്ടിരിക്കുന്നതിൽ ദൂതൻമാർ ശ്രദ്ധിക്കുന്നത്. എന്തൊരു മീൻപിടുത്തമാണ് നടക്കുന്നത്! ഒരു കാഴ്ചപ്പാടിൽ അത് അപ്പൊസ്തലൻമാർ യേശുവിന്റെ മാർഗ്ഗനിർദ്ദേശപ്രകാരം തങ്ങളുടെ വലകളിറക്കിയപ്പോൾ അവർക്കു ലഭിച്ച അക്ഷരീയ മത്സ്യക്കൂട്ടത്തെപ്പോലെതന്നെ അത്ഭുതകരമാണെന്ന് നിങ്ങൾ പറഞ്ഞാൽ അതു ശരിയായിരിക്കും.
24. ആത്മീയ മീൻപിടുത്തം സംബന്ധിച്ച് നാം എന്തുചെയ്യാനാഗ്രഹിക്കണം?
24 ഈ ജീവരക്ഷാകരമായ ആത്മീയ മീൻപിടുത്തവേലയിൽ നിങ്ങൾക്കു സാദ്ധ്യമാകുന്നത്ര സജീവമായ ഒരു പങ്കുണ്ടോ? ഈ സമയംവരെയും നമ്മുടെ വ്യക്തിപരമായ പങ്ക് എത്ര വിപുലമായിരുന്നാലും, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മഹത്തായ ജീവരക്ഷാകര മത്സ്യബന്ധനവേലയിൽ ആഗോളമായി സാധിച്ചുകൊണ്ടിരിക്കുന്നതിനെ നമ്മിലോരോരുത്തർക്കും പ്രയോജനകരമായി വീക്ഷിക്കാൻ കഴിയും. അങ്ങനെ ചെയ്യുന്നത് തൊട്ടുമുമ്പിലുള്ള ദിവസങ്ങളിൽ ഒരു മീൻപിടുത്തത്തിനുവേണ്ടി നമ്മുടെ വലകളിറക്കുന്നതിൽ വർദ്ധിച്ച തീക്ഷ്ണതക്കുതന്നെ നമ്മെ പ്രചോദിപ്പിക്കേണ്ടതാണ്!—മത്തായി 13:23; 1 തെസ്സലോനീക്യർ 4:1 താരതമ്യപ്പെടുത്തുക.
നിങ്ങൾ ഈ ആശയങ്ങൾ ഓർക്കുന്നുണ്ടോ?
◻ വൻവലയെസംബന്ധിച്ച യേശുവിന്റെ ഉപമയിലെ രണ്ടുതരം മത്സ്യങ്ങൾ ആരെ പ്രതിനിധാനംചെയ്യുന്നു?
◻ വൻവലയുടെ പ്രവർത്തനത്തിൽ ഏതർത്ഥത്തിലാണ് ക്രൈസ്തവലോകത്തിലെ സഭകൾ ഉൾപ്പെട്ടിരിക്കുന്നത്?
◻ നമ്മുടെ കാലത്തു സംഭവിക്കുന്ന മീൻപിടുത്തം വളരെ നിർണ്ണായകമായിരിക്കുന്നതെന്തുകൊണ്ട്?
◻ വൻവലയുടെ ഉപമ ഏതുതരം ആത്മവിശകലനംചെയ്യാൻ നമ്മിലോരോരുത്തരെയും നയിക്കേണ്ടതാണ്?
[18-ാം പേജിലെ ചിത്രം]
ഗലീലക്കടലിൽ നൂററാണ്ടുകളിൽ മത്സ്യബന്ധനപ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്
[കടപ്പാട്]
Pictorial Archive (Near Eastern History) Est.