ഇത്രയധികം നിരാശയെന്തുകൊണ്ട്?
ഒരു മെച്ചപ്പെട്ട ജീവിതത്തിന്റെ പ്രത്യാശ—ഒടുവിൽ സാക്ഷാത്ക്കരിക്കപ്പെടുന്നു! 1989 നവംബറിൽ ബെർലിൻമതിൽ ഇടിഞ്ഞപ്പോൾ അന്ന് പൂർവജർമ്മനിയായിരുന്നടത്ത് വസിച്ചിരുന്ന അനേകർ ഇതു വിശ്വസിച്ചു. എന്നിരുന്നാലും, ഒരു വർഷത്തിൽ അല്പംകൂടെ കഴിഞ്ഞപ്പോൾ “മുതലാളിത്ത ജനാധിപത്യമാകുന്ന പരുക്കൻ ലോകം ബെർലിൻമതിലിനാൽ സംരക്ഷിക്കപ്പെട്ട ജീവിതത്തേക്കാൾ നേരിടാൻ പ്രയാസമാണെന്ന്” അവർ പരാതിപ്പെട്ടു. ഫലമെന്തായിരുന്നു? മിഥ്യാബോധവിമുക്തിയും ഏറിവരുന്ന നിരാശയും.
ഭവനത്തിലെയും സമൂഹത്തിലെയും അക്രമം ആളുകൾ സുരക്ഷിതത്വം തേടി വീടുവിട്ടുപോകാനിടയാക്കിയേക്കാം, എന്നാൽ അധികംപേർ സുരക്ഷിതത്വം കണ്ടെത്തുന്നില്ല. ചിലർ നഗരവീഥികളിൽ തമ്പടിച്ചിരിക്കുന്ന ഭവനരഹിതരുടെ ഇടയിൽ എത്തുപെടുകപോലും ചെയ്തേക്കാം. ചില രാജ്യങ്ങളിൽ ഇവരിൽ അനേകർ ചുവപ്പുനാടയിൽ കുടുങ്ങിപ്പോകുന്നു. തങ്ങൾക്കു ജോലിയില്ലാത്തതുകൊണ്ട് ഒരു വീടു സമ്പാദിക്കാൻ നിവൃത്തിയില്ലാത്തതിനാൽ അവർക്ക് ഭവനമേൽവിലാസം ഇല്ലാത്തതിൻപേരിൽ തൊഴിൽ നേടാൻ കഴിയുന്നില്ല. ഗവൺമെൻറ് ക്ഷേമഏജൻസികൾ സഹായിക്കാൻ ശ്രമിക്കുന്നു, എന്നാൽ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കാൻ സമയമെടുക്കുന്നു. അങ്ങനെ വൈഫല്യവും നിരാശയും ഉറഞ്ഞുകൂടുന്നു.
അനേകം സ്ത്രീകൾ നിരാശനിമിത്തം യഥാർത്ഥത്തിൽ സാഹസപ്രവൃത്തികൾ ചെയ്യാൻ പ്രേരിതരായിത്തീരുന്നു. സ്ത്രീകളും 1990-ലെ കുററകൃത്യങ്ങളും (ഇംഗ്ലീഷ്) എന്ന റിപ്പോർട്ടിൽ നിയമ ലക്ചററായ ഡോ. സൂസൻ എഡ്വേർഡ്സ് ഇങ്ങനെ വിശദീകരിക്കുന്നു: “ചെറുപ്പക്കാരികൾ [വേശ്യാവൃത്തിയിൽ] ഉൾപ്പെടുന്നത് സാമ്പത്തിക ഞെരുക്കത്തിന്റെ നേരിട്ടുള്ള ഫലമായിട്ടാണ്, ആത്മശിക്ഷണത്തിന്റെ അഭാവമോ കുടുംബപശ്ചാത്തലമോ അല്ല കാരണം.” സമാനമായി, ജോലി അന്വേഷിച്ചു വീടുവിട്ടുപോകുന്ന ചെറുപ്പക്കാർ മിക്കപ്പോഴും ഒരു ജോലിയും കണ്ടെത്തുന്നില്ല. നിരാശയിൽ ചിലർ ആഹാരവും അഭയവും പ്രതിഫലമായി വാങ്ങിക്കൊണ്ട് തങ്ങളുടെ ശരീരങ്ങൾ സ്വവർഗ്ഗസംഭോഗികൾക്ക് ലഭ്യമാക്കുകയും അങ്ങനെ ‘വാടകക്കുള്ള പയ്യൻമാർ’ ആയിത്തീർന്ന് വഷളരായ കുററവാളിസംഘങ്ങളുടെ കൈകളിലെ കരുക്കളായി മാറുകയും ചെയ്യുന്നു.
രാഷ്ട്രീയമായ കഠിന യാഥാർത്ഥ്യങ്ങളും അക്രമവും സാമ്പത്തികപ്രയാസങ്ങളുമെല്ലാം ഓരോ അളവിലുള്ള നിരാശ വരുത്തിക്കൂട്ടിയേക്കാം. വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തികപ്രയാസങ്ങളെ നേരിടവേ വിദഗ്ദ്ധ തൊഴിൽക്കാർ പോലും തങ്ങളുടെ സമ്പൽസമൃദ്ധ ജീവിതശൈലി നിലനിർത്തുമ്പോൾ പ്രതിരക്ഷ ഉള്ളവരല്ല. ഫലമെന്താണ്? പുരാതനകാലത്തെ ശലോമോൻരാജാവ് പറഞ്ഞതുപോലെ, “കേവലം പീഡനം ഒരു ജ്ഞാനി ഭ്രാന്തമായി പെരുമാറാനിടയാക്കിയേക്കാം”!a (സഭാപ്രസംഗി 7:7, NW) തീർച്ചയായും, നിരാശ വർദ്ധിച്ചുവരുന്ന ഒരു സംഖ്യയെ അങ്ങേയററത്തെ പോംവഴി—ആത്മഹത്യ—തേടുന്നതിലേക്കു നയിക്കുന്നു.
അങ്ങേയററത്തെ പോംവഴി
ചെറുപ്പക്കാരുടെ ഇടയിലെ ആത്മഹത്യയുടെ അനേകം കേസുകൾ അവർപോലും നിരാശയുടെ പ്ലേഗിനാൽ ബാധിക്കപ്പെടുന്നുണ്ടെന്നു പ്രകടമാക്കുന്നു. ഒരു ബ്രിട്ടീഷ് ന്യൂസ് കോളമെഴുത്തുകാരി ചോദിച്ചു: “ഇത്രയധികം യുവജന നിരാശക്കിടയാക്കുന്നതായി നമ്മുടെ കാലംസംബന്ധിച്ചെന്താണുള്ളത്?” സ്വയം വിഷം കഴിക്കാൻ ശ്രമിച്ചശേഷം ആശുപത്രിയിലാക്കപ്പെട്ട 8-നും 16-നുമിടക്കു പ്രായമുള്ള കുട്ടികളുടെ ഒരു പഠനത്തിൽ ലണ്ടൻ മനഃശാസ്ത്ര ഇൻസ്ററിററ്യൂട്ടിലെ ഡോ. എറിക് റെറയ്ലർ ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “കുട്ടികളിൽ എത്ര പേർ കാര്യങ്ങൾസംബന്ധിച്ച് നിരാശിതരും ആശയററവരുമാണെന്നുള്ളതായിരുന്നു ശ്രദ്ധേയമായ ഒരു സംഗതി.” മാരകമല്ലെങ്കിലും മനഃപൂർവം ഓരോ വർഷവും സഹായത്തിനുള്ള സാഹസികമായ മുറവിളിയെന്നോണം വിഷം കഴിച്ചതായി കണക്കാക്കപ്പെട്ട 1,00,000 കേസുകൾ ബ്രിട്ടൻ രേഖപ്പെടുത്തുന്നു.
ഒരു ബ്രിട്ടീഷ് സ്ഥാപനം നിരാശപ്പെടുന്നവരുടെ കാര്യം സഹതാപപൂർവം കേൾക്കാൻ ഒരു പ്രസ്ഥാനം തുടങ്ങി. ഈ വിധത്തിൽ അതിലെ ആലോചനക്കാർ “മരണത്തിൽനിന്നുള്ള നീക്കുപോക്കുകൾ” വാഗ്ദാനംചെയ്തതായി അവകാശപ്പെട്ടു. എന്നിരുന്നാലും ആളുകൾ നിരാശപ്പെടാനിടയാക്കുന്ന പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കാൻ തങ്ങൾ അപ്രാപ്തരാണെന്ന് അവർ സമ്മതിക്കുന്നു.
ആത്മഹത്യാനിരക്ക് “സമുദായത്തിൽനിന്ന് അന്യപ്പെട്ടുപോകുന്നതിന്റെയും സാമൂഹികമായ ഒന്നിപ്പിന്റെ അഭാവത്തിന്റെയും അളവിനെ” പ്രതിഫലിപ്പിക്കുന്നുവെന്ന് ദി സണ്ടേ കറസ്പോണ്ടൻറ് പത്രം അഭിപ്രായപ്പെടുന്നു. ഈ പത്രം “ഭവനരാഹിത്യം, വർദ്ധിച്ച മദ്യപാനം, എയ്ഡ്സ് ഭീഷണി, മാനസികരോഗാശുപത്രികളുടെ അടയ്ക്കൽ” എന്നിവയെ, തങ്ങളുടെ സ്വന്തം ജീവഹാനി വരുത്തുന്നതാണ് തങ്ങളുടെ പ്രശ്നങ്ങൾക്കുള്ള ഏക പരിഹാരമെന്ന് പരിഗണിക്കത്തക്കവണ്ണം നിരാശയുടെ അത്രയധികമായ ആഴങ്ങളിലേക്ക് വ്യക്തികളെ തള്ളിവിടുന്ന ഘടകങ്ങളായി എടുത്തുപറഞ്ഞു.
നിരാശയെ നീക്കംചെയ്യുന്നതിന് എന്തെങ്കിലും പ്രത്യാശയുണ്ടോ? ഉവ്വ്! “നിവർന്നു തലപൊക്കുവിൻ” എന്നതാണ് യേശുവിന്റെ കർമ്മോൻമുഖരാക്കുന്ന ആഹ്വാനം! (ലൂക്കോസ് 21:28) അവൻ എന്താണർത്ഥമാക്കിയത്? എന്തു പ്രത്യാശയാണുള്ളത്?
[അടിക്കുറിപ്പ്]
a ഹാരിസും ആർക്കറും വാൾക്കിയും സംവിധാനംചെയ്ത പഴയനിയമ ദൈവശാസ്ത്ര പദഗ്രന്ഥം (ഇംഗ്ലീഷ്) പറയുന്നതനുസരിച്ച് “പീഡനം” എന്നു ഭാഷാന്തരപ്പെടുത്തിയിരിക്കുന്ന പദത്തിന്റെ മൂലഭാഷാധാതു “താണ നിലയിലുള്ളവരുടെ ഭാരപ്പെടുത്തൽ, ചവിട്ടിമെതിക്കൽ, ഞെരിക്കൽ” എന്നിവയോടു ബന്ധപ്പെട്ടതാണ്.