ഞാൻ എന്നേത്തന്നെ താഴ്ത്തുകയും സന്തോഷം കണ്ടെത്തുകയും ചെയ്തു
ആയിരത്തിത്തൊള്ളായിരത്തി എഴുപതിൽ ഞാൻ 23വയസ്സുള്ളവളും ഒരു അതിമോഹിയുമായിരുന്നു. ഇററലിയിലെ ഐവ്റേയിലെ ഒരു ഓട്ടോമൊബൈൽ ക്ലബ്ബിലെ എന്റെ ജോലിസ്ഥലത്തു ഞാൻ ചീഫ് ക്ലെർക്ക് ആക്കപ്പെട്ടു. ഞാൻ വലിയ ഒരാളാകാൻ ഉറച്ചിരുന്നു. എന്നിരുന്നാലും ഞാൻ വളരെ വിഷാദമഗ്നയും ദുഃഖിതയുമായിരുന്നു. എന്തുകൊണ്ട്?
എന്റെ ഭർത്താവ് കൂട്ടുകാരുമൊത്തു ചീട്ടുകളിച്ചുകൊണ്ട് അധികസമയവും മദ്യശാലകളിൽ ചെലവഴിച്ചു. കുടുംബ ഉത്തരവാദിത്തങ്ങളിൽ ഏറിയ പങ്കും ഞാൻ വഹിക്കാൻ അദ്ദേഹം അവശേഷിപ്പിച്ചു. ഞങ്ങളുടെ ബന്ധം വഷളായിത്തുടങ്ങി. ഏററവും നിസ്സാര കാര്യങ്ങൾ സംബന്ധിച്ചും ഞങ്ങൾ വഴക്കടിച്ചു. തത്ഫലമായി എന്റെ മനസ്സിൽ നിഷേധാത്മകചിന്തകൾ തിങ്ങിനിറഞ്ഞു.
‘യഥാർത്ഥത്തിൽ ആർക്കും നിങ്ങളിൽ താത്പര്യമില്ല. അവർ നിങ്ങളുടെ സ്ഥാനത്തെ മുതലെടുക്കാൻ മാത്രമേ ആഗ്രഹിക്കുന്നുള്ളു,’ ഞാൻ പറയുമായിരുന്നു. ‘ദൈവം ഉണ്ടായിരുന്നെങ്കിൽ അവൻ ഇത്രയധികം കഷ്ടപ്പാടും ദുഷ്ടതയും അനുവദിക്കുകയില്ലാത്തതുകൊണ്ട് ദൈവം ഉണ്ടായിരിക്കാവുന്നതല്ല. ജീവിതം മരണത്തിലേക്കുള്ള ഒരു മത്സരയോട്ടമല്ലാതെ ഒന്നുമല്ല’ എന്നു ഞാൻ എന്നോടുതന്നെ പറയുമായിരുന്നു. ഇങ്ങനെയായിരിക്കുന്നതെന്തുകൊണ്ടെന്ന് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞില്ല.
ഒരു മാററത്തിന്റെ തുടക്കം
യഹോവയുടെ സാക്ഷികളിൽ രണ്ടുപേർ 1977-ൽ ഒരു ദിവസം ഞങ്ങളുടെ വാതിലിൽ മുട്ടി. എന്റെ ഭർത്താവായ ഴാങ്കാരിയോ അവരെ അകത്തേക്കു ക്ഷണിച്ചു, അവർ സംസാരിക്കുന്നതിനു ഇരിപ്പുമുറിയിലേക്കു പോയി. അവരെ തന്നേപ്പോലെ പരിണാമവാദികളാക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം, എന്നാൽ അവരായിരുന്നു അദ്ദേഹത്തിന്റെ ചിന്തക്കു മാററംവരുത്തിയത്!
പെട്ടെന്നുതന്നെ ഴാങ്കാരിയോ തന്റെ ജീവിതത്തിൽ മാററങ്ങൾ വരുത്തിത്തുടങ്ങി. അദ്ദേഹം കൂടുതൽ ക്ഷമാശീലനായിത്തീരുകയും എനിക്കും ഞങ്ങളുടെ പുത്രിക്കും കൂടുതൽ സമയവും ശ്രദ്ധയും നൽകുകയും ചെയ്തു. അദ്ദേഹം പഠിച്ചുകൊണ്ടിരുന്ന കാര്യങ്ങളെക്കുറിച്ചു എന്നോടു സംസാരിക്കാൻ ശ്രമിച്ചു. എന്നാൽ ഞാൻ പരുഷമായ ഒരു അഭിപ്രായം പറഞ്ഞുകൊണ്ടു സ്ഥിരമായി സംഭാഷണം അവസാനിപ്പിക്കുമായിരുന്നു.
പിന്നീട് ഒരു ദിവസം സാക്ഷികൾ സന്ദർശിച്ചപ്പോൾ ഞാൻ ഇരുന്നു യഥാർത്ഥത്തിൽ ശ്രദ്ധിച്ചു. അവർ ഈ വ്യവസ്ഥിതിയുടെ അവസാനത്തെക്കുറിച്ചും ദൈവരാജ്യത്തെക്കുറിച്ചും പറുദീസാഭൂമിയെക്കുറിച്ചും മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചും സംസാരിച്ചു. ഞാൻ സ്തംഭിച്ചുപോയി! അടുത്ത മൂന്നു ദിവസം ഞാൻ ഉറങ്ങിയില്ല! ഞാൻ കൂടുതൽ അറിയാനാഗ്രഹിച്ചു, എന്നാൽ എന്റെ ഭർത്താവിനോടു ചോദ്യങ്ങൾ ചോദിക്കുന്നതിൽനിന്നു എന്റെ അഹങ്കാരം എന്നെ തടഞ്ഞു. അങ്ങനെയിരിക്കെ, ഒരു ദിവസം അദ്ദേഹം എന്നോടു കർശനമായി പറഞ്ഞു: “ഇന്നു നീ ശ്രദ്ധിക്കാൻപോകയാണ്. നിന്റെ സകല ചോദ്യങ്ങൾക്കും എനിക്കു ഉത്തരങ്ങളുണ്ട്.” അനന്തരം അദ്ദേഹം എന്നിലേക്കു ബൈബിൾസത്യങ്ങൾ പകർന്നു.
സ്രഷ്ടാവിന്റെ പേർ യഹോവയെന്നാണെന്നും അവന്റെ മുഖ്യ ഗുണവിശേഷം സ്നേഹമാണെന്നും നമുക്കു നിത്യജീവൻ ലഭിക്കേണ്ടതിനു അവൻ തന്റെ പുത്രനെ ഒരു മറുവിലയായി അയച്ചുവെന്നും അർമ്മഗെദ്ദോനിലെ ദുഷ്ടൻമാരുടെ നാശത്തിനു ശേഷം യേശുക്രിസ്തു തന്റെ ആയിരവർഷവാഴ്ചക്കാലത്തു മരിച്ചവരെ ഉയർപ്പിക്കുമെന്നും ഴാങ്കാരിയോ എന്നോടു പറഞ്ഞു. പുനരുത്ഥാനം പ്രാപിക്കുന്നവർ മാനസികവും ശാരീരികവുമായ പൂർണ്ണതയിലേക്കു വളരുമെന്നും അവർക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കുന്നതിനുള്ള അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ദിവസം, ഞാൻ എന്റെ ഭർത്താവോടൊപ്പം ആദ്യമായി രാജ്യഹാളിലേക്കു പോയി. പിന്നീടു ഞാൻ അദ്ദേഹത്തോടു പറഞ്ഞു: “ഈ ആളുകൾ അന്യോന്യം സ്നേഹിക്കുന്നു. അവർ യഥാർത്ഥത്തിൽ സന്തുഷ്ടരായതുകൊണ്ട് ഇവിടെ തുടർന്നുവരാൻ ഞാൻ ആഗ്രഹിക്കുന്നു.” ഞാൻ ക്രമമായി യോഗങ്ങൾക്കു ഹാജരായിത്തുടങ്ങി, എനിക്ക് ഒരു ബൈബിളദ്ധ്യയനം നടത്തപ്പെട്ടു. ഞാൻ പഠിച്ചുകൊണ്ടിരുന്നതിനെക്കുറിച്ചു വളരെയധികം ചിന്തിക്കുകയും ദൈവത്തിന്റെ യഥാർത്ഥ ജനത്തെ ഞാൻ കണ്ടെത്തിയെന്നു എനിക്കു പെട്ടെന്നുതന്നെ ബോദ്ധ്യമാകുകയും ചെയ്തു. ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിയൊൻപതിൽ എന്റെ ഭർത്താവും ഞാനും സ്നാപനമേററുകൊണ്ടു യഹോവക്കായുള്ള ഞങ്ങളുടെ സമർപ്പണത്തെ ലക്ഷ്യപ്പെടുത്തി.
മുഴുസമയ ശുശ്രൂഷ
ആ വർഷംതന്നെ കുറെ താമസിച്ചു നടന്ന ഒരു സർക്കിട്ട് സമ്മേളനത്തിൽ മുഴുസമയ പ്രസംഗപ്രവർത്തനത്തെ പ്രോൽസാഹിപ്പിച്ചുകൊണ്ട് ഒരു പ്രസംഗം നടത്തപ്പെട്ടു. ആ സേവനം ഏറെറടുക്കാൻ ഞാൻ പ്രേരിതയായി. ആ കാര്യം സംബന്ധിച്ചു ഞാൻ യഹോവയോടു പ്രാർത്ഥിച്ചു. എന്നാൽ അങ്ങനെയിരിക്കെ ഞാൻ ഗർഭിണിയായി, എന്റെ പദ്ധതികൾക്കു തടസ്സം നേരിട്ടു. അടുത്ത നാലു വർഷംകൊണ്ടു ഞങ്ങൾക്കു മൂന്നു മക്കളുണ്ടായി. അവരിൽ രണ്ടുപേർക്കു വ്യത്യസ്ത സന്ദർഭങ്ങളിൽ ജീവനു ഭീഷണിയായ ശാരീരികവൈകല്യങ്ങൾ ബാധിച്ചു. രണ്ടു പേരും പൂർണ്ണസൗഖ്യം പ്രാപിച്ചതിൽ നന്ദിയുണ്ട്.
ഇനി മുഴുസമയശുശ്രൂഷ സംബന്ധിച്ച എന്റെ ആസൂത്രണങ്ങൾ താമസിപ്പിക്കാവുന്നതല്ലെന്നു എനിക്കു തോന്നി. ഒരു ഭാര്യയും മാതാവുമായുള്ള എന്റെ ഉത്തരവാദിത്തങ്ങളിൽ മെച്ചമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു ഞാൻ എന്റെ ലൗകികജോലി വിട്ടു. ഒരാളുടെ ആദായംകൊണ്ടു ജീവിക്കാൻ ഞാനും ഭർത്താവും ആസൂത്രണങ്ങൾ ചെയ്തു, അതിന് അത്യാവശ്യമില്ലാത്ത സകലതും ഉപേക്ഷിക്കേണ്ടതാവശ്യമായിരുന്നു. എന്നിരുന്നാലും, യഹോവ ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കുകയും ദാരിദ്ര്യമോ ഞെരുക്കമോ അനുഭവിക്കുമാറു ഒരിക്കലും കൈവിട്ടുകളയാതിരിക്കുകയും ചെയ്തു.
ആയിരത്തിത്തൊള്ളായിരത്തി എൺപത്തിനാലിൽ, അന്നു 15 വയസ്സുണ്ടായിരുന്നവളും സമീപകാലത്തു സ്നാപനമേററിരുന്നവളുമായ എന്റെ പുത്രി ഒരു പയനിയറായി മുഴുസമയ ശുശ്രൂഷ തുടങ്ങി. അതേ സമയത്തുതന്നെ എന്റെ ഭർത്താവ് ഒരു മൂപ്പനായി നിയമിക്കപ്പെട്ടു. ഞാനോ? ഇനിയും പയനിയറിംഗ് നടത്താൻ എനിക്കു കഴിയില്ലെന്നു വിചാരിച്ചുകൊണ്ടു ഞാൻ പ്രസംഗവേലയിൽ മാസത്തിൽ 30 മണിക്കൂർ ചെലവഴിക്കാൻ ലാക്കുവെച്ചു. ഞാൻ അതിൽ എത്തിച്ചേരുകയും എന്നോടുതന്നെ ‘കൊള്ളാം! നീ ധാരാളം ചെയ്യുന്നുണ്ട്’ എന്നു പറയുകയും ചെയ്തു.
എന്നിരുന്നാലും, ഒരിക്കൽകൂടെ അഹങ്കാരം പ്രശ്നമായി. (സദൃശവാക്യങ്ങൾ 16:18) ഞാൻ എത്ര നന്നായി ചെയ്യുന്നുണ്ടെന്നും കൂടുതലായ യാതൊരു ആത്മീയ പുരോഗതിയും വരുത്തേണ്ടതില്ലെന്നും ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു. എന്റെ ആത്മീയത കുറയാൻ തുടങ്ങി, ഞാൻ നേടിയ നല്ല ഗുണങ്ങൾ നഷ്ടപ്പെടുത്തിത്തുടങ്ങുകപോലും ചെയ്തു. പിന്നെ എനിക്കാവശ്യമായിരുന്ന ശിക്ഷണം എനിക്കു ലഭിച്ചു.
ആയിരത്തിത്തൊള്ളായിരത്തി എൺപത്തഞ്ചിൽ രണ്ടു സഞ്ചാരമേൽവിചാരകൻമാരും അവരുടെ ഭാര്യമാരും ഞങ്ങളുടെ സഭയിലേക്കുള്ള തങ്ങളുടെ കാലികമായ സന്ദർശനം നടത്തവേ ഞങ്ങളുടെ വീട്ടിൽ അതിഥികളായി. താഴ്മയുള്ളവരും ആത്മത്യാഗികളുമായിരുന്ന ഈ ക്രിസ്ത്യാനികളെ നിരീക്ഷിച്ചതു ഞാൻ യഥാർത്ഥത്തിൽ കാര്യങ്ങൾ സംബന്ധിച്ചു വിചിന്തനം ചെയ്യാനിടയാക്കി. വാച്ച്ററവർ സൊസൈററി പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ചുകൊണ്ടു ഞാൻ താഴ്മ എന്ന വിഷയത്തെക്കുറിച്ചു ഗവേഷണം നടത്തി. യഹോവ പാപപൂർണ്ണ മനുഷ്യരായ നമ്മോടുള്ള ഇടപെടലുകളിൽ പ്രകടമാക്കുന്ന വലിയ താഴ്മയെക്കുറിച്ചു ഞാൻ ചിന്തിച്ചു. (സങ്കീർത്തനം 18:35) എന്റെ ചിന്തക്കു മാററം വരുത്തേണ്ടതുണ്ടെന്നു ഞാൻ അറിഞ്ഞു.
എന്നെ സംബന്ധിച്ചു യഹോവ ആഗ്രഹിച്ച വിധത്തിൽ അവനെ സേവിക്കത്തക്കവണ്ണം താഴ്മ നട്ടുവളർത്താൻ എന്നെ സഹായിക്കുന്നതിനും എനിക്കുള്ള വൈദഗ്ദ്ധ്യങ്ങൾ അവന്റെ മഹത്വത്തിനുവേണ്ടി ഉപയോഗിക്കുന്നതിൽ എന്നെ വഴിനടത്തുന്നതിനും ഞാൻ യഹോവയോടു അപേക്ഷിച്ചു. ഞാൻ പയനിയർസേവനത്തിനുവേണ്ടി ഒരു അപേക്ഷ പൂരിപ്പിച്ചു. ഞാൻ 1989 മാർച്ചിൽ അവനെ മുഴുസമയശുശ്രൂഷയിൽ സേവിച്ചുതുടങ്ങി.
ഞാൻ യഥാർത്ഥമായി സന്തുഷ്ടയാണെന്നും എന്റെ സന്തുഷ്ടിക്കു സംഭാവനചെയ്തിരിക്കുന്നതു ഞാൻ എന്റെ അഹങ്കാരം വെടിഞ്ഞതാണെന്നും എനിക്ക് ഇപ്പോൾ പറയാൻ കഴിയും. ഞാൻ ജീവിക്കുന്നതിനു യഥാർത്ഥ കാരണം കണ്ടെത്തിയിരിക്കുന്നു—സത്യദൈവമായ യഹോവ തന്നെ അന്വേഷിക്കുന്നവരിൽനിന്നു അകലെയല്ലെന്നറിയാനിടയാകുന്നതിനു ദരിദ്രരെ സഹായിക്കയെന്നതുതന്നെ.—വേറാ ബ്രാൻഡോളിനി പറഞ്ഞത്.
[26-ാം പേജിലെ വറാ ബ്രാൻഡോളിനയുടെ ചിത്രം]