“എന്റെ അടുക്കലേക്കു മടങ്ങിവരുവിൻ, ഞാൻ നിങ്ങളുടെ അടുക്കലേക്കും മടങ്ങിവരും”
കുടുംബം വനത്തിൽ ഒരു ആഹ്ലാദകരമായ വിനോദയാത്ര ആസ്വദിക്കുകയായിരുന്നു. അപ്പോൾ, ഏററവും ഇളയവനായ പീററർ, ഒരു കുന്നിന്റെ താഴ്വാരത്തിലേക്ക് ഒരു അണ്ണാനെ അനുധാവനം ചെയ്തുകൊണ്ട് ഒററതിരിഞ്ഞുപോയി. പെട്ടെന്ന് ആകാശം മേഘാവൃതമാവുകയും മഴപെയ്യാൻ തുടങ്ങുകയും ചെയ്തു. ആദ്യം അത് ഒരു ശാന്തമായ ചാററൽമഴയായിരുന്നു, എന്നാൽ ക്രമേണ ഒരു പെരുമഴയായിത്തീർന്നു. കുടുംബം തിരക്കിൽ തങ്ങളുടെ വസ്തുവകകൾ ശേഖരിച്ചുകൊണ്ട് തങ്ങളുടെ വാഹനത്തിന്റെ അടുക്കലേക്ക് ഓടി. പീററർ എവിടെയാണെന്നറിയാൻ എല്ലാവരും ആകാംക്ഷാഭരിതരായി.
ഇതിനിടയിൽ, പീററർ കുടുംബത്തിനടുത്തേക്കു മടങ്ങിവരുവാൻ പരിശ്രമിക്കയായിരുന്നു. മുമ്പോട്ടു കാണാൻ പ്രയാസമായിരുന്നു, മഴയത്ത് കുന്നിൻമുകളിലേക്കുള്ള വഴി തെന്നുന്നതുമായിരുന്നു. അപ്രതീക്ഷിതമായി, അവൻ മറഞ്ഞുകിടന്നിരുന്ന ആഴമുള്ള ഒരു കുഴിയിലേക്ക് ഇടറിവീഴവേ കാൽചുവട്ടിലെ മണ്ണ് അപ്രത്യക്ഷമാകുന്നതുപോലെ അവനു തോന്നി. അവൻ കയറിവരാൻ ശ്രമിച്ചു, എന്നാൽ അതിനു കഴിയാത്തവണ്ണം വശങ്ങൾ വളരെ തെന്നുന്നതായിരുന്നു.
മഴവെള്ളം കുന്നിലൂടെ താഴോട്ട് ഒഴുകുകയും കുഴി ചെളികൊണ്ട് നിറക്കുകയും ചെയ്തുകൊണ്ടിരുന്നു. പീററർ മുങ്ങിമരിക്കുന്നതിന്റെ യഥാർത്ഥ അപകടത്തിലായിരുന്നു. എന്നാൽ അപ്പോൾ അവന്റെ അപ്പൻ അവനെ കണ്ടെത്തുകയും ഒരു കയറുകൊണ്ടു അവനെ വലിച്ചു കയററുകയും ചെയ്തു. പിന്നീട് പീററർ അലഞ്ഞുതിരിഞ്ഞു നടന്നതിനു കഠിനമായി ശകാരിക്കപ്പെട്ടു, എന്നിരുന്നാലും, കരിമ്പടത്തിനുള്ളിൽ പൊതിയപ്പെട്ട് അവന്റെ അമ്മയുടെ കരവലയത്തിൽ ഒരു ശകാരം സ്വീകരിക്കുന്നത് എളുപ്പമായിരുന്നു.
ഈ അനുഭവം, ദൈവജനത്തിൽ ഉൾപ്പെട്ടിരുന്ന ചിലർക്ക് എന്തു സംഭവിക്കുന്നുവെന്ന് നന്നായി ചിത്രീകരിക്കുന്നു. അവർ ഈ വ്യവസ്ഥിതിയുടെ ആഴമുള്ള കുഴിയിൽ വീണിരിക്കുന്നു, നിരാശയോടെ വലിഞ്ഞുകയറി യഹോവയുടെ സ്ഥാപനത്തിന്റെ അഭയസങ്കേതത്തിൽ മടങ്ങിവരാൻ ശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്. യഹോവ കരുണാപൂർണ്ണനും ‘ഒരു കയർ താഴ്ത്തികൊടുക്കാനും’ സുരക്ഷിതസ്ഥാനത്തേക്കു മടങ്ങിവരാൻ സഹായിക്കാനും തയ്യാറുള്ളവനുമാണെന്നറിയുന്നത് എത്ര സന്തോഷകരമാണ്!
യഹോവയുടെ കരുണാപൂർണ്ണമായ ഇടപെടലുകൾ
മുമ്പ് ഇസ്രയേലിന്റെ നാളുകളിൽ, ആലയത്തിന്റെ നിർമ്മാണം പൂർത്തിയായപ്പോൾ ആലയത്തിലേക്കു തിരിഞ്ഞു നടത്തുന്ന അപേക്ഷകൾ ശ്രദ്ധിക്കേണമേയെന്ന് യഹോവയോടു യാചിച്ചുകൊണ്ട് ശലോമോൻ ഒരു സമർപ്പണപ്രാർത്ഥന നടത്തി. അപ്പോൾ അവൻ ഇങ്ങനെ പറഞ്ഞു: “അവർ [ഇസ്രയേല്യർ] നിന്നോടു പാപം ചെയ്കയും—പാപം ചെയ്യാത്ത മനുഷ്യർ ഇല്ലല്ലോ—നീ അവരോടു കോപിച്ചു അവരെ ശത്രുവിന്നു ഏൽപ്പിക്കയും . . . അവരെ പിടിച്ചു കൊണ്ടുപോയിരിക്കുന്ന ദേശത്തുവെച്ചു അവർ ഉണർന്നു മനംതിരിഞ്ഞു, . . . നിന്നോടു യാചിക്കയും . . . നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ അവരുടെ പ്രാർത്ഥനയും യാചനയും കേട്ടു . . . കരുണ ലഭിക്കുമാറാക്കുകയും ചെയ്യേണമേ.”—1 രാജാക്കൻമാർ 8:46-49.
ഇസ്രയേലിന്റെ ചരിത്രത്തിൽ അനേകം സന്ദർഭങ്ങളിൽ ശലോമോന്റെ അപേക്ഷ സഫലമായിത്തീർന്നു. പലപ്പോഴും ദൈവജനം വ്യതിചലിക്കയും അവനെ ഉപേക്ഷിക്കയും ചെയ്തു. പിന്നീട് അവർ തങ്ങളുടെ തെററു തിരിച്ചറിയുകയും അവനെ അന്വേഷിച്ചുകൊണ്ടു തിരിഞ്ഞുവരികയും ചെയ്തു. യഹോവ അവരോടു ക്ഷമിക്കയും ചെയ്തു. (ആവർത്തനം 4:31; യെശയ്യാവ് 44:21, 22; 2 കൊരിന്ത്യർ 1:3; യാക്കോബ് 5:11) യഹോവ മലാഖിമുഖാന്തരം ഇപ്രകാരം പറഞ്ഞുകൊണ്ടു തന്റെ ജനവുമായുള്ള ആയിരം വർഷത്തെ അവന്റെ ഇടപെടലുകളെ സംഗ്രഹിച്ചു: “നിങ്ങളുടെ പിതാക്കൻമാരുടെ കാലംമുതൽ നിങ്ങൾ എന്റെ ചട്ടങ്ങളെ പ്രമാണിക്കാതെ തെററി നടന്നിരിക്കുന്നു; എന്റെ അടുക്കലേക്കു മടങ്ങിവരുവിൻ; ഞാൻ നിങ്ങളുടെ അടുക്കലേക്കും മടങ്ങിവരും.”—മലാഖി 3:7.
ഇടർച്ചക്കുള്ള കാരണങ്ങൾ
ഇസ്രയേല്യരെപ്പോലെ ഇന്നും ദൈവജനങ്ങളിൽ പെട്ട അനേകർ വ്യതിചലിച്ചുപോകയും യഹോവയുടെ സ്ഥാപനത്തിൽനിന്ന് തങ്ങളെത്തന്നെ വേർപെടുത്തുകയും ചെയ്യുന്നു. എന്തുകൊണ്ട്? പീററർ അണ്ണാനെ അനുധാവനം ചെയ്തതുപോലെ ചിലർ, ആദ്യം നിരുപദ്രവകരം എന്നു തോന്നിയ ചിലതിനു പിന്നാലെ പോകുന്നു. ആഡായ്ക്കു സംഭവിച്ചത് ഇതായിരുന്നു. അവർ ഇപ്രകാരം റിപ്പോർട്ടുചെയ്യുന്നു: “ഉച്ചക്ക് അടുത്തുള്ള ഏതെങ്കിലും റസ്റേറാറൻറിൽ ഭക്ഷണത്തിനു ഒരുമിച്ചുപോകുന്നത് സഹജോലിക്കാരായ ഞങ്ങളുടെയെല്ലാം ഒരു പതിവായിരുന്നു. അതുകൊണ്ട് അവർ എന്നെ ദിനാന്തത്തിൽ ഒരു കപ്പു കാപ്പി കുടിക്കാൻ ക്ഷണിച്ചപ്പോൾ അതു സ്വീകരിക്കുന്നതു പ്രയാസമായിരുന്നില്ല. മീററിംഗിനോ പ്രസംഗത്തിനോ ഉപയോഗിക്കേണ്ട സമയം ഞാൻ ഉപയോഗിക്കുന്നില്ല എന്നു ഞാൻ ന്യായവാദം ചെയ്തു. ഇത് 1 കൊരിന്ത്യർ 15:33-ലെ തത്ത്വം അനുസരിക്കുന്നതിൽ ഒരു പരാജയമായിരിക്കാമെന്ന് ഞാൻ തിരിച്ചറിഞ്ഞില്ല.
“പെട്ടെന്ന് ഞാൻ ശനിയാഴ്ചകളിൽ അവരോടൊത്ത് കുതിരസവാരിക്ക് പോയിക്കൊണ്ടിരുന്നു. പിന്നീട് ഞാൻ അവരോടൊരുമിച്ച് സിനിമകൾക്കും നാടകങ്ങൾക്കും പോയിക്കൊണ്ടിരുന്നു. അത് എന്നെ ചില മീററിംഗുകൾ മുടക്കുന്നതിലേക്കു നയിച്ചു. ഒടുവിൽ, ഞാൻ ഒരു മീററിംഗിനും പോകുന്നില്ലായിരുന്നു, പ്രസംഗപ്രവർത്തനത്തിലും പങ്കെടുത്തിരുന്നില്ല. എന്താണു സംഭവിച്ചുകൊണ്ടിരുന്നത് എന്നു തിരിച്ചറിഞ്ഞപ്പോൾ ഞാൻ മേലാൽ സ്ഥാപനത്തോടൊത്ത് സഹവസിക്കുന്നില്ലായിരുന്നു.”
മററു സംഗതികളിൽ, വ്യക്തി ദൈവത്തെ സേവിക്കുന്നതിന് അയോഗ്യനാണെന്നു വിചാരിക്കാനിടയാക്കുന്ന ഗുരുതരമായ ഒരു ഗൂഢ പാപമായിരിക്കാം കാരണം. (സങ്കീർത്തനം 32:3-5) അല്ലെങ്കിൽ, ഒരു വ്യക്തി “പാപം ചെയ്യാത്ത മനുഷ്യൻ ഇല്ലല്ലോ” എന്നു ശലോമോൻ പറഞ്ഞതുസംബന്ധിച്ച് ഗ്രാഹ്യമില്ലാതെ, ക്രിസ്തീയ സ്നേഹിതർ പറഞ്ഞതോ ചെയ്തതോ ആയ എന്തെങ്കിലും നിമിത്തം ഇടറിയേക്കാം.—1 രാജാക്കൻമാർ 8:46; യാക്കോബ് 3:2.
ഇനിയും മററു ചിലർ, തങ്ങൾക്കു ശിക്ഷണം ലഭിക്കുമ്പോൾ നിരുത്സാഹിതരായേക്കാം. (എബ്രായർ 12:7, 11) ഭൗതികത്വ ജീവിതരീതിയുടെ ആകർഷണം ദൈവത്തെ സേവിക്കുന്നതു നിർത്തിക്കളയുന്നതിലേക്ക് അനേകരെ നയിച്ചിരിക്കുന്നു. മിക്കപ്പോഴും, ലൗകിക വിജയത്തിനുവേണ്ടിയുള്ള തേട്ടത്തിൽ തങ്ങളുടെ ജീവിതത്തിൽ ദൈവികസേവനത്തിന് ഇടമില്ലാതിരിക്കത്തക്കവണ്ണം അവർ ലൗകിക ജോലിയിൽ പൂർണ്ണമായി മുഴുകിയിരിക്കുന്നു. (മത്തായി 13:4-9; 1 തിമൊഥെയോസ് 6:9, 10) അത്തരക്കാരുടെ അവസ്ഥ ആശയററതാണോ?
നിങ്ങൾ യഹോവയുടെ ക്ഷണം സ്വീകരിക്കുമോ?
ഒരു സന്ദർഭത്തിൽ യേശു ഗ്രഹിക്കാൻ പ്രയാസകരമായ ചിലതു പറഞ്ഞു, ചിലർ ഇടറുകയും ചെയ്തു. രേഖ ഇപ്രകാരം പറയുന്നു: “അവന്റെ ശിഷ്യൻമാരിൽ പലരും പിൻവാങ്ങിപ്പോയി, പിന്നെ അവനോടുകൂടെ സഞ്ചരിച്ചില്ല.” എന്നാൽ എല്ലാവരും ഇടറിയില്ല. ബൈബിൾ വിവരണം തുടരുന്നു: “യേശു പന്തിരുവരോടു: നിങ്ങൾക്കും പൊയ്ക്കൊൾവാൻ മനസ്സുണ്ടോ എന്നു ചോദിച്ചു. ശിമോൻ പത്രോസ് അവനോടു: കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ടു.” (യോഹന്നാൻ 6:66-68) യേശുവിന്റെ അപ്പൊസ്തലൻമാർ യേശുവിനെ വിട്ടുപോകുന്നത് ആപത്ക്കരമായിരിക്കുമെന്ന് ജ്ഞാനപൂർവം ഗ്രഹിച്ചു.
വീണുപോകുന്ന ചിലർ ഒടുവിൽ സമാനമായ ഒരു നിഗമനത്തിൽ വന്നെത്തുന്നു. അവർ ദൈവത്തിന്റെ സ്ഥാപനത്തെ ഉപേക്ഷിച്ചത് ഒരു ആപത്ക്കരമായ പടിയായിരുന്നുവെന്നും യഹോവയുടെയും ക്രിസ്തുവിന്റെയും പക്കൽ മാത്രമേ അവർ ജീവനിലേക്കു നയിക്കുന്ന മൊഴികൾ കണ്ടെത്തുകയുള്ളുവെന്നും തിരിച്ചറിയുന്നു. ഒരിക്കൽ അത്തരം ഒരു തിരിച്ചറിവിൽ വന്നെത്തിയാൽ അവർ പുനഃപരിഗണിക്കുന്നതിനും യഹോവയോടു ക്ഷമക്കുവേണ്ടി അപേക്ഷിക്കുന്നതിനും അവനിലേക്കു തിരിച്ചുവരുന്നതിനും ഒരിക്കലും വളരെ വൈകിയിട്ടില്ല എന്നും തിരിച്ചറിയണം. യഹോവ തന്നെയായിരുന്നു ഈ ക്ഷണം നൽകിയത്: “എന്റെ അടുക്കലേക്കു മടങ്ങിവരുവിൻ; ഞാൻ നിങ്ങളുടെ അടുക്കലേക്കും മടങ്ങി വരും.”—മലാഖി 3:7.
യഥാർത്ഥത്തിൽ, ആത്മാർത്ഥതയുള്ള ഒരു ക്രിസ്ത്യാനിക്ക് യഹോവയെ സേവിക്കുന്നതല്ലാതെ, എവിടെ സന്തോഷം കണ്ടെത്താൻ കഴിയും? ഒരു വ്യക്തി കുറേ കാലം ദൈവത്തിന്റെ സ്ഥാപനത്തിന്റെ ഒരു ഭാഗമായിരുന്നശേഷം ഒഴുകിപ്പോകുന്നെങ്കിൽ, വെളിയിലുള്ള ലോകത്തിൽ അയാളെ എന്തു കാത്തിരിക്കുന്നു? അയാൾ കൂടുതൽ കൂടുതൽ അക്രമാസക്തമായിത്തീർന്നുകൊണ്ടിരിക്കുന്ന ഒരു ലോകത്തിന്റെ ഭാഗമായിത്തീർന്നിരിക്കുന്നുവെന്ന് പെട്ടെന്നു തിരിച്ചറിയും. അയാൾ തന്നെത്തന്നെ, കാപട്യങ്ങളും ഭോഷ്കുകളും വഞ്ചനയും അധാർമ്മികതയും നിറഞ്ഞ ഒരു വ്യവസ്ഥിതിയിൽ, കൊച്ചു പീറററിന്റെ ജീവനെ ഭീഷണിപ്പെടുത്തിയ ചെളിക്കുഴിയെപ്പോലെ അപകടകരവും അസന്തുഷ്ടവുമായ ഒരു ലോകത്തിൽ ഉൾപ്പെട്ടിരിക്കുന്നതായി കണ്ടെത്തും. അയാൾക്കു സുബോധം തിരിച്ചു കിട്ടുകയും, തന്റെ നിത്യജീവൻ അപകടത്തിലാണെന്നു തിരിച്ചറിയുകയും ചെയ്യുമ്പോൾ അയാൾ ഈ സാഹചര്യത്തിൽനിന്ന് തന്നെത്തന്നെ മോചിപ്പിക്കുന്നതിന് സഹായം തേടാൻ ഒട്ടും സമയം നഷ്ടപ്പെടുത്തരുത്. എന്നാൽത്തന്നെ, മടങ്ങിവരുന്നത് എളുപ്പമല്ലായിരിക്കാം.
നിങ്ങൾ യഹോവയിങ്കലേക്കു മടങ്ങിചെല്ലാൻ ശ്രമിച്ചെങ്കിലും അതു പ്രയാസമാണെന്നു കണ്ടെത്തിയ ഒരാളാണോ? എങ്കിൽ നിങ്ങൾക്കു സഹായം ആവശ്യമാണെന്ന് അറിയുക. ദൈവത്തിന്റെ സ്ഥാപനത്തിലെ നിങ്ങളുടെ സഹോദരീസഹോദരൻമാർ നിങ്ങൾക്കു സഹായം നൽകാൻ സന്നദ്ധരാണെന്ന് വിശ്വസിക്കുകയും ചെയ്യുക. എന്നാൽ നിങ്ങളുടെ ആഗ്രഹം യഹോവയുടെ മുമ്പാകെ പ്രകടിപ്പിക്കാൻ നിങ്ങൾ ഒരു ശ്രമം ചെയ്യേണ്ടതുണ്ട്. ഇത് ‘നിങ്ങൾ സുബോധം പ്രാപിക്കു’ന്നതിനും ‘യഥാർത്ഥത്തിൽ യഹോവയിങ്കലേക്കു മടങ്ങിവരുന്നതിനും’ ഉള്ള സമയമാണ്.—1 രാജാക്കൻമാർ 8:47.
മടങ്ങിവരാൻ സഹായിക്കപ്പെട്ടു
ആഡാ യഹോവയിങ്കലേക്കു മടങ്ങിവരാൻ തന്നെ സഹായിച്ചത് എന്താണെന്നു വിശദീകരിക്കുന്നു: “എന്നോടൊത്ത് അദ്ധ്യയനം നടത്തിയിരുന്ന സഹോദരി തക്കസമയത്ത് അവരോടൊത്ത് ഒരു സർക്കിട്ട് സമ്മേളനത്തിൽ ഹാജരാകാൻ എന്നെ ക്ഷണിച്ചു. അവർ വളരെയധികം ഇമ്പമുള്ളവളായിരുന്നു! അവർ എന്നെ കുററപ്പെടുത്തിയതേയില്ല! അവർ വളരെയധികം സ്നേഹം പ്രകടമാക്കി. ഞാൻ അവസാനമായി മീററിംഗിനു ഹാജരായതിനുശേഷം ഒരു വർഷം കടന്നുപോയിരുന്നു, എന്നാൽ ഞാൻ ലോകത്തിന്റെ ശൂന്യത സംബന്ധിച്ചും തിളക്കത്തിന്റെ പിന്നിൽ ദു:ഖവും വിഫലതയും അധാർമ്മികതയും മാത്രമാണുണ്ടായിരുന്നത് എന്ന വസ്തുത സംബന്ധിച്ചും ധ്യാനിച്ചുകൊണ്ടിരുന്നിരുന്നു. അതുകൊണ്ട് ഞാൻ സമ്മേളനത്തിനു ഹാജരാകാൻ തീരുമാനിച്ചു. അതു നടന്നിരുന്ന തീയേറററിൽ എത്തിയപ്പോൾ ഞാൻ ഒടുവിലത്തെ സീററുകളുടെ നിരയിലേക്കു പോകുകയും ഒരു ഇരുണ്ട മൂലയിൽ ഒളിച്ചിരിക്കുകയും ചെയ്തു. സഹോദരങ്ങൾ എന്നെ കാണുന്നതിനും ചോദ്യങ്ങൾ ചോദിക്കുന്നതിനും ഞാൻ ആഗ്രഹിച്ചില്ല.
“എന്നിരുന്നാലും, പരിപാടി എനിക്ക് അങ്ങേയററം ആവശ്യമായിരുന്ന ബുദ്ധിയുപദേശം നൽകി. അതു തീർന്നപ്പോൾ യഹോവയുടെ ജനത്തിലേക്കു മടങ്ങിപ്പോകുന്നതിനു മാത്രമല്ല എന്റെ മുഴു ഹൃദയത്തോടെ അവനു എന്നെത്തന്നെ അർപ്പിക്കുന്നതിനും ഞാൻ തീരുമാനമെടുത്തു. സഹോദരങ്ങൾ എന്നെ തുറന്ന കൈകളോടെ സ്വീകരിച്ചു, ‘മുടിയനായ’ പുത്രൻ മടങ്ങിവന്നു.” (ലൂക്കോസ് 15:11-24) അവയെല്ലാം കുറെ നാളുകൾക്കു മുമ്പു സംഭവിച്ചു, ആഡാ ഇപ്പോൾ 25-ലധികം വർഷങ്ങളായി മുഴുസമയ സേവനത്തിലായിരിക്കുന്നു.
അലഞ്ഞുതിരിഞ്ഞുപോയ മറെറാരു വ്യക്തിയുടെ കാര്യത്തിലും സമാനമായി ഒരു സന്തോഷകരമായ പരിസമാപ്തി ഉണ്ടായി. ജോസിന് ചില മൂപ്പൻമാർ ബൈബിൾ തത്ത്വങ്ങളെക്കാൾ കൂടുതലായി തങ്ങളുടെ സ്വന്തം ചിന്തയെ പ്രതിഫലിപ്പിച്ച ബുദ്ധിയുപദേശം കൊടുത്തു. നിരുത്സാഹവും വിരോധവും തോന്നിയ ജോസ് ഒടുവിൽ നിഷ്ക്രിയനായി. എട്ടു വർഷത്തേക്ക് അയാൾ ദൈവജനത്തിന്റെ ഇടയിൽനിന്ന് വേർപെടുത്തപ്പെട്ടു, ആ സമയത്ത് അയാൾ ഒരു അവിശ്വാസിയെ വിവാഹം ചെയ്യുകയും മക്കൾ ജനിക്കയും ചെയ്തു, അവരിൽ ഒരു കുട്ടി കത്തോലിക്കാ പള്ളിയിൽ സ്നാനം കഴിപ്പിക്കപ്പെടാൻ അനുവദിക്കയും ചെയ്തു.
ഒടുവിൽ, സർക്കിട്ടുമേൽവിചാരകൻ അയാൾക്ക് ഇടയസന്ദർശനങ്ങൾ നടത്തുകയും അതുതന്നെ ചെയ്യാൻ മൂപ്പൻമാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തപ്പോൾ അയാൾ സഹായിക്കപ്പെട്ടു. അയാൾ യഥാസ്ഥാനപ്പെടുത്തപ്പെട്ടു, അയാളുടെ ഭാര്യ സത്യത്തിൽ താത്പര്യം എടുക്കുന്നതു കാണുന്നതിൽ സന്തുഷ്ടനുമായിരുന്നു. ജോസ് ഇപ്പോൾ സഭയിൽ ഒരു മൂപ്പനായി സേവിക്കുന്നു. ഈ രണ്ട് അനുഭവങ്ങൾ കാണിക്കുന്നതുപോലെ, യഹോവ, മടങ്ങിച്ചെല്ലുന്നതിനുള്ള തന്റെ സ്നേഹപൂർവകമായ ക്ഷണം സ്വീകരിക്കുന്നവരിൽനിന്ന് അനുഗ്രഹം പിൻവലിക്കുന്നില്ല.
എന്നിരുന്നാലും അത്തരം അനുഗ്രഹങ്ങൾ ആസ്വദിക്കുന്നതിന്, ആദ്യമായി ഒരുവൻ നൽകപ്പെടുന്ന സഹായത്തെ വിലമതിക്കുകയും അതിനു പ്രതികരണം കാട്ടുകയും ചെയ്യണം. മിക്ക സഭകളിലും സഹോദരങ്ങൾ, നിഷ്ക്രിയരായിത്തീർന്നവരെ ഓർമ്മിക്കയും അവരെ സഹായിക്കുന്നതിന് ശ്രമിച്ചുകൊണ്ട് സമയാസമയങ്ങളിൽ സന്ദർശിക്കയും ചെയ്യുന്നു. അത്തരം സഹായത്തോടു പ്രതികരണം കാണിക്കുന്നത് യഹോവയുടെ കരുണയോടുള്ള വിലമതിപ്പു പ്രകടമാക്കുന്നു.—യാക്കോബ് 5:19, 20.
സത്യത്തിൽ, “എന്റെ അടുക്കലേക്കു മടങ്ങിവരുവിൻ” എന്നുള്ള യഹോവയുടെ ക്ഷണത്തിനു ചെവികൊടുക്കേണ്ട സമയമാണിത്. (മലാഖി 3:7; യെശയ്യാവ് 1:18) ഇനി ഒട്ടും കാത്തിരിക്കരുത്. ലോകസംഭവങ്ങൾ ശ്രദ്ധേയമായ വേഗതയിൽ നീങ്ങിക്കൊണ്ടിരിക്കയാണ്. മുമ്പിൽ സ്ഥിതിചെയ്യുന്ന പ്രക്ഷുബ്ധമായ സമയങ്ങളിൽ ആയിരിക്കാവുന്ന ഏററവും മെച്ചപ്പെട്ട സ്ഥലം യഹോവയുടെ സംരക്ഷണയിൽ സുരക്ഷിതമായ അവന്റെ സ്ഥാപനമാണ്. യഹോവയിൽ അഭയം തേടുന്നവർക്കുമാത്രമേ അവന്റെ കോപദിവസത്തിലെ അവന്റെ ഉഗ്രരോഷത്തിൽനിന്ന് മറഞ്ഞിരിക്കുന്നതിനുള്ള ദൃഢമായ പ്രതീക്ഷയുണ്ടായിരിക്കയുള്ളു.—സെഫന്യാവ് 2:2, 3.
[30-ാം പേജിലെ ചിത്രം]
“എന്റെ അടുക്കലേക്കു മടങ്ങിവരുവിൻ” എന്നുള്ള യഹോവയുടെ ക്ഷണത്തിനു നിങ്ങൾ പ്രതികരണം കാട്ടുമോ?