അന്യഭാഷകളിലുള്ള സംസാരം—വളർന്നുവരുന്ന ഒരു പ്രതിഭാസം
“എന്റെ നാവിനെ ഒരു ശക്തി നിയന്ത്രിച്ചിരുന്നു, വാക്കുകൾ വെള്ളംപോലെതന്നെ പ്രവഹിച്ചു. എന്തൊരു സന്തോഷമായിരുന്നു അത്! പരമശുദ്ധിയുടെ ഒരു തോന്നലുണ്ടായിരുന്നു. പിന്നീട് ഞാൻ ഒരിക്കലും പഴയതുപോലെയായിരുന്നിട്ടില്ല,” ഒരു “അജ്ഞാതഭാഷ”യിൽ സംസാരിക്കുന്നതിന്റെ അസാധാരണ അനുഭവമുണ്ടായ ഒരാൾ ഉദ്ഘോഷിച്ചു.
ഇവിടെ ഒരു “അജ്ഞാതഭാഷ”യിൽ സംസാരിക്കുന്നതിലെ തന്റെ ആദ്യാനുഭവത്തെക്കുറിച്ചുള്ള ഒരു വ്യക്തിയുടെ വർണ്ണനയാണ് നിങ്ങൾക്കു ലഭിച്ചിരിക്കുന്നത്. ‘എന്നാൽ അത് എന്താണ്?’ എന്ന് ചിലർ ഉചിതമായി ചോദിച്ചേക്കാം. അത് സ്ത്രീപുരുഷൻമാർ തങ്ങൾക്കറിയാൻ പാടില്ലാത്ത വിദേശഭാഷകളിൽ അല്ലെങ്കിൽ അപരിചിതഭാഷകളിൽ സംസാരിക്കാൻ ദൈവാത്മാവിനാൽ പ്രേരിതരാകുന്നതായി അവകാശപ്പെടുന്ന ചില സഭകളിലെ ഒരു ആചാരത്തെ അഥവാ വിശ്വാസത്തെ പരാമർശിക്കുന്നു.
അതു വളർന്നുവരുന്ന ഒരു മതപരമായ പ്രതിഭാസമാണ്. ഒരു കാലത്തു പെന്തെക്കോസ്തുവിശ്വാസികൾക്കു മാത്രമുണ്ടായിരുന്ന ഒരു സംഭവമായി വീക്ഷിക്കപ്പെട്ടിരുന്ന അന്യഭാഷാസംസാരം വിഭാഗപരമായ പരമ്പരാഗത അതിർത്തികൾ കടന്ന് ബാപ്ററിസ്ററുകാരെയും എപ്പിസ്ക്കോപ്പാലിയൻമാരെയും ലൂഥറൻമാരെയും മെതോഡിസ്ററുകളെയും പ്രസ്ബിററീറിയൻസിനെയും റോമൻ കത്തോലിക്കരെയും ഉൾപ്പെടുത്തുന്നു. ഈ സ്ഥിതിയിലാകുന്ന ഒരു വ്യക്തിയുടെ അവസ്ഥ ഹർഷോൻമാദം, വൈകാരികപ്രക്ഷുബ്ധത, മൂർച്ഛ, സമ്മോഹകം എന്നിങ്ങനെ വർണ്ണിക്കപ്പെട്ടിട്ടുണ്ട്. ചിലർ അതിനെ അപസ്മാരാനുഭവം എന്നുപോലും വിളിക്കുന്നു. അന്യഭാഷാസംസാരത്തോടു ബന്ധപ്പെട്ട് ഒരു ഗൂഢാത്മക സിദ്ധിയും ആകർഷണപ്രഭയുമുണ്ട്. അതിന്റെ വളർച്ച അതിനോടു ബന്ധപ്പെട്ടിരിക്കുന്നുവോ?
ഇന്ന് ഭാഷാവരത്തിനുവേണ്ടിയുള്ള ആഗ്രഹം എന്തുകൊണ്ട്?
ആത്മാവിന്റെ ഭാഷകൾ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ സിറിൽ ജി. വില്യംസ് “ഒരു പരാജയബോധവും ‘അന്യഭാഷകളോ’ടുള്ള ഒരു ആഗ്രഹവും തമ്മിൽ പരസ്പരബന്ധം” ഉണ്ടായിരിക്കാം എന്ന് സൂചിപ്പിക്കുന്നു. അദ്ദേഹം അതിനെ “സംഘർഷം ലഘൂകരിക്കുന്നതെന്നനിലയിൽ ചികിത്സാമൂല്യ”മുള്ളതായ ഒരു മോചനപ്രവർത്തനവും “ആന്തരിക സംഘർഷത്തിന്റെ പരിഹാരവു”മെന്ന നിലയിൽ വർണ്ണിക്കുന്നു. പള്ളിപ്രവർത്തനത്തിലുള്ള ആശാഭംഗം, വൈകാരികസമ്മർദ്ദം, ഒരു ജീവിതവൃത്തിയിലെ പരാജയം, മരണദുഃഖം, ഗാർഹിക പിരിമുറുക്കങ്ങൾ, അല്ലെങ്കിൽ കുടുംബത്തിലെ രോഗം എന്നിവ അങ്ങനെയുള്ള ഹർഷോൻമാദ സംസാരത്തിനു സംഭാവന ചെയ്യുന്ന ഘടകങ്ങളായി എടുത്തുപറയപ്പെടുന്നു.
സമാനമായി, അന്യഭാഷകളിൽ സംസാരിക്കുന്നതിന്റെ മനഃശാസ്ത്രത്തിൽ (ഇംഗ്ലീഷ്) “അന്യഭാഷയിൽ സംസാരിക്കുന്നതിനുള്ള പ്രാപ്തി വളർത്തുന്നതിന് മുന്നമേ ആവശ്യമായ സംഗതിയാണ് ഉത്ക്കണ്ഠ” എന്ന് ജോൺ പി. കിൽഡാൾ പറയുന്നു. “അന്യഭാഷകളിൽ സംസാരിക്കുന്നവരുടെ 85%ത്തിലധികംപേർക്ക് അന്യഭാഷകളിൽ സംസാരിക്കുന്നതിനുമുമ്പ് വ്യക്തമായും സ്പഷ്ടമായ ഉത്ക്കണ്ഠാപ്രതിസന്ധിയുണ്ടായിരുന്നതായി” വ്യക്തിപരമായ ഗവേഷണത്തിലൂടെയും ശ്രദ്ധാപൂർവകമായ അഭിമുഖത്തിലൂടെയും കണ്ടെത്തപ്പെട്ടു. ദൃഷ്ടാന്തത്തിന്, ഒരു മാതാവ് ക്യാൻസർരോഗബാധിതനായ തന്റെ പുത്രനുവേണ്ടി പ്രാർത്ഥിക്കാൻ കഴിയുന്നതിന് അന്യഭാഷകളിൽ സംസാരിക്കാനാഗ്രഹിച്ചു. ഒരു ജോലിക്കയററവാഗ്ദാനം സംബന്ധിച്ച അനിശ്ചിതത്വവേളയിൽ ഒരു മനുഷ്യൻ അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി. ഒരു സ്ത്രീ തന്റെ ഭർത്താവ് മദ്യാപാനാസക്തിയെ തരണംചെയ്യാൻ ആസക്തരെ സഹായിക്കുന്ന ഒരു സ്ഥാപനത്തിൽ ചേർന്നശേഷം ഒരാഴ്ചകഴിഞ്ഞ് അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി.
ഒരുവന് എന്താണനുഭവപ്പെടുന്നത്?
ആദ്യമായി അന്യഭാഷകളിൽ സംസാരിച്ച മറെറാരാൾ ഇങ്ങനെ റിപ്പോർട്ടുചെയ്തു: “എനിക്ക് എന്നിലാകെ ഒരു എരിച്ചിലും തണുപ്പും വലിയ വിയർപ്പുകണങ്ങളും എന്റെ അവയവങ്ങളിൽ ഒരു വിറയലും ഒരുതരം ബലക്ഷയവും അനുഭവപ്പെട്ടു.” അന്യഭാഷാസംസാരത്തോടു ബന്ധപ്പെട്ട് ചിലർ അസ്വസ്ഥതാജനകമെന്നു കണ്ടെത്തുന്ന അസാധാരണ പെരുമാററം മിക്കപ്പോഴുമുണ്ട്. ഉദാഹരണത്തിന്, “ഒരു പെൺകുട്ടി ഒരു കസേരയുടെ പിറകിൽ തലവെച്ചും ഉപ്പൂററികൾ തറയിലൂന്നിയും കാലുകൾ നീട്ടിവെച്ചും കസേരയിൽ നിവർന്നുകിടന്നപ്പോൾ അവളുടെ സ്വന്തം ഉമിനീരിനാൽ അവൾക്ക് ഏറെക്കുറെ കണ്ഠതടസ്സം നേരിട്ടു.” ഒരു സഭായോഗ സമയത്ത് ഒരു “മനുഷ്യൻ പള്ളിയുടെ ഒരററംമുതൽ മറേറയററംവരെ തലകുത്തിമറിഞ്ഞു.”
“ചില ആളുകളെ സംബന്ധിച്ചടത്തോളം അന്യഭാഷാസംസാരം പരിശുദ്ധാത്മാവിൽ സ്നാപനമേൽപ്പിക്കപ്പെടുന്നതിനുള്ള ഒരു വ്യവസ്ഥയാണ്” എന്ന് പ്രൊഫസ്സർ വില്യം ജെ. സമാറൻ എഴുതുന്നു. അതില്ലാത്തപ്പോൾ, അവർ “അല്പം അപൂർണ്ണരെന്നു വിചാരിക്കാനിടയാക്കപ്പെടുന്നു.” അത്, “പ്രാർത്ഥനക്കുള്ള ഉത്തരമായും ദിവ്യസ്നേഹത്തിന്റെയും അംഗീകാരത്തിന്റെയും ഒരു ഉറപ്പായും”കൂടെ വീക്ഷിക്കപ്പെടുന്നു. അത് അവർക്ക് ഒരു ആന്തരികയോജിപ്പിന്റെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും തോന്നലും “ശക്തിയുടെ ഒരു വർദ്ധിച്ച തോന്നലും” “വ്യക്തിത്വത്തിന്റെ ഒരു ശക്തിയേറിയ ബോധവും” നൽകുന്നുവെന്ന് മററു ചിലർ പറഞ്ഞിട്ടുണ്ട്.
ഹർഷോൻമാദ സംസാരം യഥാർത്ഥത്തിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന്റെ ഒരു തെളിവാണോ? ഈ അനുഭവം ഒരു വ്യക്തിയെ ഒരു യഥാർത്ഥ ക്രിസ്ത്യാനിയായി തിരിച്ചറിയിക്കുന്നുവോ? അന്യഭാഷാസംസാരം ഇന്ന് സ്വീകാര്യമായ ആരാധനയുടെ ഒരു ഭാഗമാണോ? ഈ ചോദ്യങ്ങൾ അശ്രദ്ധമായ ഒരു ഉത്തരത്തിലധികം അർഹിക്കുന്നവയാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ നാം നമ്മുടെ ആരാധനക്ക് ദൈവത്തിന്റെ അംഗീകാരവും അനുഗ്രഹവുമുണ്ടായിരിക്കാൻ ആഗ്രഹിക്കുന്നു.