ഭാഷാവരം സത്യക്രിസ്ത്യാനിത്വത്തിന്റെ ഭാഗമാണോ?
“പള്ളിയിലെ അൾത്താരക്കടുത്ത് താനും വേറെ ആറുപേരും പ്രസംഗകന്റെ മുമ്പാകെ കൂടിവന്നശേഷം അദ്ദേഹം അന്യഭാഷകളിൽ പ്രാർത്ഥിക്കുന്നത് ശ്രദ്ധിക്കവേ, വായുവിൽ ഒരു വൈദ്യുതവൽക്കരണ ചാർജുള്ളതുപോലെ എനിക്കു തോന്നി” എന്ന് ബിൽ പറഞ്ഞു. അങ്ങനെയുള്ള അനുഭവങ്ങൾ പരിശുദ്ധാത്മാവിന്റെ ഒന്നാം നൂററാണ്ടിലെ പ്രവർത്തനത്തെ ആവർത്തിക്കുന്നുവോ? അത് ബൈബിളിലെ മതത്തെ തിരിച്ചറിയിക്കുന്നുവോ? തിരുവെഴുത്തുകൾ ശ്രദ്ധാപൂർവം പരിശോധിക്കുന്നതിനാൽ നമുക്കു തൃപ്തികരമായ ഉത്തരങ്ങൾ കണ്ടെത്താൻ കഴിയും.
ആത്മാവിന്റെ ഏതു അത്ഭുതവരവും കൊടുക്കപ്പെട്ടപ്പോൾ 12 അപ്പൊസ്തലൻമാരിലൊരാളെങ്കിലും അല്ലെങ്കിൽ അപ്പൊസ്തലനായ പൗലോസ് ഹാജരുണ്ടായിരുന്നുവെന്ന് ബൈബിൾരേഖ വെളിപ്പെടുത്തുന്നു. അന്യഭാഷകളിൽ സംസാരിച്ചതായി രേഖയിലുള്ള മൂന്നു സംഭവങ്ങളിൽ ആദ്യത്തേതു പൊ.യു. (പൊതുയുഗം) 33-ലെ പെന്തെക്കോസ്തിൽ യെരൂശലേമിൽ കൂടിവന്നിരുന്ന യേശുവിന്റെ 120 ശിഷ്യരുടെ ഇടയിലാണ് സംഭവിച്ചത്. (പ്രവൃത്തികൾ 2:1-4) മൂന്നര വർഷം കഴിഞ്ഞ്, പരിച്ഛേദനയില്ലാഞ്ഞ ഇററലിക്കാരുടെ ഒരു കൂട്ടം പത്രോസ് പ്രസംഗിക്കുന്നതു ശ്രദ്ധിച്ചുകൊണ്ടിരിക്കവേ, അവർക്ക് ആത്മാവു ലഭിക്കുകയും “അന്യഭാഷകളിൽ സംസാരിക്കാനും ദൈവത്തെ മഹത്വപ്പെടുത്താനും തുടങ്ങു”കയും ചെയ്തു. (പ്രവൃത്തികൾ 10:44-48, NW) പെന്തെക്കോസ്തിനുശേഷം 19 വർഷം കഴിഞ്ഞ്, പൊ.യു. ഏതാണ്ട് 52-ൽ പൗലോസ് എഫേസോസിലെ ഒരു കൂട്ടത്തോടു സംസാരിക്കുകയും 12 ശിഷ്യൻമാരുടെമേൽ തന്റെ കൈകൾ വെക്കുകയും ചെയ്തു. അവരും “അന്യഭാഷകളിൽ സംസാരിക്കാനും പ്രവചിക്കാനും തുടങ്ങി.”—പ്രവൃത്തികൾ 19:6, NW.
ഭാഷാവരം എന്തിന്?
യേശു സ്വർഗ്ഗത്തിലേക്ക് ആരോഹണംചെയ്തതിനു തൊട്ടുമുമ്പ് തന്റെ അനുഗാമികളോട് ഇങ്ങനെ പറഞ്ഞു: “എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും . . . ഭൂമിയുടെ അററത്തോളം എന്റെ സാക്ഷികളാകും.” (പ്രവൃത്തികൾ 1:8) ഈ ഗംഭീരമായ സാക്ഷ്യവേല എങ്ങനെ നിർവഹിക്കപ്പെടുമെന്നുള്ളതിന്റെ സൂചന അങ്ങനെ അവൻ നൽകിയെന്നു ശ്രദ്ധിക്കുക—പരിശുദ്ധാത്മാവിന്റെ സഹായത്താൽത്തന്നെ.
അനേകം ഭാഷകളിൽ ഭൂവ്യാപകമായി സന്ദേശങ്ങളയക്കാൻ നമ്മെ പ്രാപ്തരാക്കുന്ന ആധുനിക വാർത്താവിനിമയ സാങ്കേതികവിദ്യ അന്ന് ഇല്ലായിരുന്നു. സുവാർത്ത മുഖ്യമായി വാമൊഴിയായി പരത്തണമായിരുന്നു. ഇതിൽ അന്യഭാഷകളിൽ സംസാരിക്കുന്നതിന്റെ അത്ഭുതവരം വളരെ സഹായകമെന്നു തെളിയുമായിരുന്നു. ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾ പൊ.യു. 33-ലെ പെന്തെക്കോസ്തിൽ യെരൂശലേമിലെ യഹൂദൻമാരോടും യഹൂദമതാനുസാരികളോടും പ്രസംഗിച്ചപ്പോൾ വാസ്തവമതായിരുന്നു. പർത്ഥരും മേദ്യരും ഏലാമ്യരും ക്രേത്തരും അറബികളും മെസപ്പൊത്താമ്യയിലെയും യഹൂദ്യയിലെയും കപ്പദോക്യയിലെയും പൊന്തൊസിലെയും ആസ്യപ്രവിശ്യയിലെയും നിവാസികളും അതുപോലെതന്നെ റോമിൽനിന്നുള്ള സഞ്ചാരികളും തങ്ങളുടെ സ്വന്തം ഭാഷകളിൽ “ദൈവത്തിന്റെ വൻകാര്യങ്ങൾ” കേൾക്കുകയും പറഞ്ഞതു മനസ്സിലാക്കുകയും ചെയ്തു. മൂവായിരംപേർ പെട്ടെന്നു വിശ്വാസികളായിത്തീർന്നു—പ്രവൃത്തികൾ 2:5-11, 41.
അപ്പൊസ്തലനായ പൗലോസ് കൊരിന്തിലെ ക്രിസ്ത്യാനികൾക്കുള്ള തന്റെ ലേഖനത്തിൽ പറഞ്ഞ ആത്മാവിന്റെ ഒൻപതു പ്രവർത്തനങ്ങളിൽ ഒന്നു മാത്രമായിരുന്നു അന്യഭാഷാസംസാരം എന്നതാണ് മിക്കപ്പോഴും അവഗണിക്കപ്പെടുന്ന ഒരു വസ്തുത. പൗലോസ് അന്യഭാഷാസംസാരത്തെ പ്രാധാന്യം കുറഞ്ഞ ഒരു വരമെന്നപോലെ വീക്ഷിച്ചുവെങ്കിലും സ്വർഗ്ഗീയ ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത പരത്തുന്നതിന് അത് ആദിമസഭക്ക് മൂല്യവത്തായിരുന്നു. അത് ക്രിസ്ത്യാനികളുടെ ശിശുപ്രായത്തിലുള്ള സഭയുടെ സംഖ്യാപരമായ വളർച്ചക്കും കെട്ടുപണിക്കും സംഭാവനചെയ്ത “വരങ്ങളിൽ” ഒന്നായിരുന്നു.—1 കൊരിന്ത്യർ 12:7-11; 14:24-26.
അന്യഭാഷകളിൽ സംസാരിക്കുന്നതുൾപ്പെടെയുള്ള പരിശുദ്ധാത്മാവിന്റെ ഒന്നാം നൂററാണ്ടിലെ വിവിധ പ്രവർത്തനങ്ങൾ, ദൈവം 1,500 വർഷം പഴക്കമുണ്ടായിരുന്ന ഇസ്രയേൽസഭയെ മേലാൽ തന്റെ പ്രത്യേക ജനമായി ഉപയോഗിക്കുന്നില്ലെന്നുള്ളതിന്റെ ഒരു ദൃശ്യതെളിവുംകൂടെയായിരുന്നു. അവന്റെ അംഗീകാരം ഇപ്പോൾ തന്റെ ഏകജാതനായ പുത്രനാൽ സ്ഥാപിതമായ പുതിയ ക്രിസ്തീയ സഭക്കായിരുന്നുവെന്നത് നിസ്തർക്കമായിരുന്നു.—എബ്രായർ 2:2-4 താരതമ്യപ്പെടുത്തുക.
ആത്മാവിന്റെ ഈ പ്രത്യക്ഷതകൾ ഇളയ ക്രിസ്തീയ സഭയെ സ്ഥാപിക്കുന്നതിലും പുരുഷത്വത്തിലേക്കു വളരാൻ അതിനെ സഹായിക്കുന്നതിലും മുഖ്യ നിർമ്മാണഘടകങ്ങളായിരുന്നു. ഈ അത്ഭുതവരങ്ങളുടെ ഉദ്ദേശ്യം സാധിച്ചശേഷം അവ നിന്നുപോകുമെന്ന് പൗലോസ് വിശദീകരിച്ചു: “പ്രവചനവരമോ അതു നീങ്ങിപ്പോകും; ഭാഷാവരമോ അതു നിന്നുപോകും.”—1 കൊരിന്ത്യർ 13:8.
അതെ, ഭാഷാവരം നിന്നുപോകുമെന്നുള്ളതിൽ ബൈബിൾ വ്യക്തമാണ്. എന്നാൽ എപ്പോൾ? ആത്മാവിന്റെ വരങ്ങൾ “അപ്പൊസ്തലൻമാർ കൈവെച്ചതിനാൽ” ലഭിച്ചുവെന്ന് പ്രവൃത്തികൾ 8:18 വെളിപ്പെടുത്തുന്നു. അപ്പോൾ, സ്പഷ്ടമായി, അവസാനത്തെ അപ്പൊസ്തലന്റെ മരണത്തോടെ അന്യഭാഷാസംസാരം ഉൾപ്പെടെയുള്ള ആത്മാവിന്റെ വരങ്ങളുടെ കൈമാററം നിന്നുപോകുമായിരുന്നു. അതുകൊണ്ട്, അപ്പൊസ്തലൻമാരിൽനിന്ന് ഈ വരങ്ങൾ സ്വീകരിച്ചിരുന്നവരും ഭൗമികരംഗത്തുനിന്ന് നീങ്ങിപ്പോയപ്പോൾ അത്ഭുതവരങ്ങൾ നിന്നുപോകുമായിരുന്നു. അപ്പോഴേക്കും ക്രിസ്തീയസഭക്ക് സുസ്ഥാപിതമാകുന്നതിനു സമയം ലഭിക്കുമായിരുന്നു, അനേകം രാജ്യങ്ങളിൽ അതു വ്യാപിക്കുകയും ചെയ്യുമായിരുന്നു.
“അജ്ഞാതഭാഷകളും” അവയുടെ വ്യാഖ്യാനവും
അന്യഭാഷാസംസാരത്തിന്റെ ഏതൽക്കാല പുനരുജ്ജീവനം “അസ്ഥിരരായ പ്രദർശനകുതുകികളുടെ വൈകാരിക അമിതത്വമാണെന്ന് ചിലർ കരുതുന്നു, അതേസമയം അത് അപ്പൊസ്തലികകാലങ്ങളിലെ അന്യഭാഷാസംസാരത്തിന്റെ പ്രതിഭാസത്തോടു സർവസമമാണെന്ന് മററു ചിലർ കരുതുന്നു.” “അപരിചിതഭാഷകളി”ലുള്ള സംസാരം നടക്കുന്ന ആധുനിക സഭാകൂട്ടങ്ങളിൽ സാധാരണയായി ഉൾപ്പെട്ടിരിക്കുന്നത് അഗ്രാഹ്യമായ ശബ്ദങ്ങളുടെ ഹർഷോൻമാദപരമായ ഒരു പൊട്ടിത്തെറിയാണ്. അതിൻപ്രകാരം, ഒരു വ്യക്തി ഇങ്ങനെ ഏററുപറഞ്ഞു: “ഞാൻ മിക്കപ്പോഴും എന്റെ ഭാഷാവരം എന്റെ സ്വന്തം ധ്യാനത്തിന് സ്വകാര്യമായിട്ടാണ് ഉപയോഗിക്കുന്നത്. . . . മററുള്ളവരുടെ മുമ്പാകെ എനിക്ക് അല്പം ബുദ്ധിമുട്ടു തോന്നുന്നു.” മറെറാരാൾ ഇങ്ങനെ വിവരിച്ചു: “ഞാൻ എന്റെ സ്വന്തം വാക്കുകൾ കേൾക്കുന്നു, എനിക്ക് അവ മനസ്സിലാകുന്നില്ല, എന്നാൽ എന്റെ നാവ് സംസാരിക്കാൻ പ്രേരിപ്പിക്കപ്പെട്ടതായുള്ള തോന്നൽ എനിക്കുണ്ടായിക്കൊണ്ടിരിക്കുന്നു.”
അങ്ങനെയുള്ള അജ്ഞാതഭാഷകളാൽ യഥാർത്ഥ മൂല്യമുള്ള എന്തു വിവരങ്ങളാണ് ധരിപ്പിക്കപ്പെടുന്നത്, ഒരു വ്യാഖ്യാനം സംബന്ധിച്ചെന്ത്? ഈ സംസാരത്തെ വ്യാഖ്യാനിക്കുന്നതായി അവകാശപ്പെടുന്നവർ അഗ്രാഹ്യമായ ഒരേ പ്രസ്താവനകളുടെ വ്യത്യസ്ത വിശദീകരണങ്ങൾ നൽകിയിട്ടുണ്ട്. എന്തുകൊണ്ടു വ്യത്യസ്തം? “ദൈവം ഒരു വ്യക്തിക്ക് സംസാരത്തിന്റെ ഒരു വ്യാഖ്യാനവും മറെറാരു വ്യക്തിക്ക് മറെറാരു വ്യാഖ്യാനവും നൽകി”യെന്നു പറഞ്ഞുകൊണ്ട് അത്തരം വ്യത്യാസത്തെ അവർ നിസ്സാരീകരിക്കുന്നു. ഒരു വ്യക്തി ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “വ്യാഖ്യാനം ശരിയായ തരത്തിലല്ലാതിരുന്ന സന്ദർഭങ്ങളെ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.” ഡി. എ. ഹേയസ് ഭാഷാവരം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ അജ്ഞാതഭാഷ സംസാരിച്ച ഒരു സ്ത്രീയുടെ “ഭാഷ അത്യന്തം നീച”മായിരുന്നതുകൊണ്ട് അതു വ്യാഖ്യാനിക്കാൻ ഒരു മനുഷ്യൻ വിസമ്മതിച്ച സംഭവത്തെ പരാമർശിച്ചു. ഒന്നാം നൂററാണ്ടിൽ നിലവിലിരുന്നതും യഥാർത്ഥത്തിൽ സഭയെ കെട്ടുപണിചെയ്യുന്നതിനുവേണ്ടിയായിരുന്നതുമായ അന്യഭാഷാസംസാരത്തിൽനിന്ന് എത്ര വ്യത്യസ്തം!—1 കൊരിന്ത്യർ 14:4-6, 12, 18.
ഇന്നു ചിലർ വിശിഷ്ടമായ വ്യാഖ്യാനങ്ങൾ കേട്ടിരിക്കുന്നതായി അവകാശപ്പെടുകതന്നെ ചെയ്യുന്നു, താൻ “ജനത്തിന് നേരിട്ടുള്ള ഒരു സന്ദേശം കൊടുക്കാൻ ആഗ്രഹിക്കു”മ്പോൾ ദൈവം ഈ വരം ഉപയോഗിക്കുന്നുവെന്ന് അവർ ആത്മാർത്ഥമായി വിശ്വസിച്ചേക്കാം. എന്നാൽ യേശുക്രിസ്തുവും അവന്റെ അപ്പൊസ്തലൻമാരും നമുക്ക് പ്രദാനംചെയ്തിട്ടില്ലാത്തതായി ദൈവത്തിൽനിന്നുള്ള ഏതു സന്ദേശമാണ് നമുക്കിന്നാവശ്യം? പരിശുദ്ധാത്മവരമുണ്ടായിരുന്ന പൗലോസ്തന്നെ ഇങ്ങനെ പറഞ്ഞു: “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.”—2 തിമൊഥെയോസ് 3:16, 17.
ക്രിസ്തീയസഭ മേലാൽ അതിന്റെ ശിശുപ്രായത്തിലല്ല എന്നതാണ് വസ്തുത, തന്നിമിത്തം അതിന്റെ പങ്കിനെ സ്ഥിരീകരിക്കാൻ ദിവ്യവെളിപ്പാടുകളോ ആത്മാവിന്റെ അത്ഭുതവരങ്ങളോ മേലാൽ ആവശ്യമില്ല. ബൈബിൾ ഇങ്ങനെ മുന്നറിയിപ്പുനൽകുന്നു: “എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചതിന്നു വിപരീതമായി [“വ്യത്യസ്തമായി,” ദി ന്യൂ ഇംഗ്ലീഷ് ബൈബിൾ”] ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.”—ഗലാത്യർ 1:8.
അത്ഭുതകരമായ അന്യഭാഷാസംസാരം മേലാൽ ആവശ്യമില്ല. അത് ഇന്ന് സത്യക്രിസ്ത്യാനിത്വത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കാൻ ബൈബിൾപരമായ അടിസ്ഥാനമില്ല. ഇപ്പോൾ ബൈബിൾ പൂർത്തിയായിരിക്കുന്നതിനാലും പരക്കെ ലഭ്യമായിരിക്കുന്നതിനാലും ദൈവവചനമെന്ന നിലയിൽ നമുക്കാവശ്യമുള്ളത് നമുക്കുണ്ട്. അത് നിത്യജീവനിലേക്കു നയിക്കുന്ന, യഹോവയാം ദൈവത്തെയും അവന്റെ പുത്രനെയുംകുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനം സമ്പാദിക്കാൻ നമ്മെ അനുവദിക്കുന്നു.—യോഹന്നാൻ 17:3; വെളിപ്പാട് 22:18, 19.
ഒന്നാം നൂററാണ്ടിൽപോലും, ആദിമക്രിസ്ത്യാനികൾക്ക് ഭാഷാവരം കൊടുക്കപ്പെട്ടതിന്റെ കാരണംസംബന്ധിച്ച തങ്ങളുടെ വീക്ഷണത്തെ തിരുത്താൻ കൊരിന്ത്യസഭക്ക് എഴുതാൻ അപ്പൊസ്തലനായ പൗലോസ് നിർബദ്ധനായി. ചിലർ ഭാഷാവരത്തിൽ ആകൃഷ്ടരായിത്തീർന്നതായി തോന്നുന്നു, അവർ കൊച്ചു കുട്ടികളെപ്പോലെ, ആത്മീയ അപക്വമതികളെപ്പോലെ, വർത്തിക്കുകയായിരുന്നു. “അന്യഭാഷകൾക്ക്” അമിതപ്രാധാന്യം കൊടുക്കുകയായിരുന്നു. (1 കൊരിന്ത്യർ 14:1-39) ഒന്നാംനൂററാണ്ടിലെ എല്ലാ ക്രിസ്ത്യാനികളും അത്ഭുതഭാഷകളിൽ സംസാരിച്ചില്ലെന്ന് പൗലോസ് ഊന്നിപ്പറഞ്ഞു. അത് അവരുടെ രക്ഷക്ക് ആവശ്യമില്ലായിരുന്നു. പണ്ട് ഭാഷാവരം നിലവിലുണ്ടായിരുന്നപ്പോൾപോലും അത്ഭുതകരമായ പ്രവചിക്കലിന്റെ അടുത്ത സ്ഥാനമാണതിനുണ്ടായിരുന്നത്. അന്യഭാഷാസംസാരം നിത്യജീവൻ പ്രാപിക്കുന്നതിന് ക്രിസ്ത്യാനികൾക്ക് ഒരു വ്യവസ്ഥയായിരുന്നില്ല, ഇപ്പോൾ ആയിരിക്കുന്നുമില്ല.—1 കൊരിന്ത്യർ 12:29, 30; 14:4, 5.
ഇന്നത്തെ അജ്ഞാതഭാഷകളുടെ പിന്നിലെ സ്വാധീനശക്തി
ഇന്ന് അന്യഭാഷ സംസാരിക്കുന്നവരുടെ പിന്നിലെ തള്ളൽശക്തി ഈ പ്രാപ്തി നേടാൻ തങ്ങളുടെ ആട്ടിൻകൂട്ടത്തിലെ അംഗങ്ങളെ പ്രേരിപ്പിക്കുന്ന കരിസ്മാററിക്ക്പള്ളിനേതാക്കൻമാരാണെന്ന് ചിലർ വിശ്വസിക്കുന്നു. ചില കേസുകളിൽ അതു കൈവരുത്തുന്നത് വികാരപരതയും സമനിലയില്ലായ്മയുമാണ്. അത് “അനേകം സന്ദർഭങ്ങളിലും സമൂഹത്തിനുള്ളിലെ പ്രാമാണികത്വത്തിന്റെ ഒരു അടയാളം” ആയിത്തീർന്നിരിക്കുന്നുവെന്നും ഒരു വ്യക്തിക്ക് “സമൂഹത്തിന്റെ നോട്ടത്തിലും സ്വന്തം ദൃഷ്ടിയിലും പദവിയും അധികാരവും കൊടുക്കുന്നു” എന്നും സിറിൽ ജി. വില്യംസ് ആത്മാവിന്റെ ഭാഷകൾ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ പറയുന്നു. അതുകൊണ്ട് പ്രേരകശക്തി മികച്ച ശ്രേഷ്ഠമായ അജ്ഞാതഭാഷാസമൂഹത്തിൽ ഉൾപ്പെടാനുള്ള ഒരു അഭിലാഷമായിരിക്കാം.
ഡോണാൾഡ് പി. മെറിഫിൽഡ് ലയോളാ യൂണിവേഴ്സിററി പ്രസിഡണ്ട് ആയിരുന്ന കാലത്ത് “അന്യഭാഷകൾ ഒരു അപസ്മാരപരമായ അനുഭവമോ ചിലർ പറയുന്നതനുസരിച്ച് ഒരു പൈശാചികാനുഭവമോ ആയിരിക്കാം” എന്നു കുറിക്കൊണ്ടു. “അന്യഭാഷ വിവാദാത്മകമാണ്. നമ്മെ ബാധിക്കുന്നതിന് പിശാചിന് അനേകം മാർഗ്ഗങ്ങളുണ്ട്” എന്ന് വൈദികനായ റേറാഡ് എച്ച്. ഫാസ്ററ് പറഞ്ഞു. ആളുകളെ സ്വാധീനിക്കാനും അവരുടെ സംസാരത്തെ നിയന്ത്രിക്കാനും സാത്താനും അവന്റെ ഭൂതങ്ങൾക്കും കഴിയുമെന്നു ബൈബിൾതന്നെ മുന്നറിയിപ്പു നൽകുന്നുണ്ട്. (പ്രവൃത്തികൾ 16:17, 18) അട്ടഹസിക്കാനും നിലത്തു മറിഞ്ഞുവീഴാനും ഒരു മനുഷ്യനെ പ്രേരിപ്പിച്ച ഒരു ഭൂതാത്മാവിനെതിരായി യേശു പ്രവർത്തിച്ചു. (ലൂക്കോസ് 4:33-35) ‘സാത്താൻ ഒരു വെളിച്ചദൂതനായി രൂപാന്തരപ്പെടുമെന്ന്’ പൗലോസ് മുന്നറിയിപ്പുനൽകി. (2 കൊരിന്ത്യർ 11:14, NW) മേലാൽ തന്റെ ജനത്തിന് ദൈവം കൊടുക്കാത്ത ഭാഷാവരം ഇന്നു തേടുന്നവർ യഥാർത്ഥത്തിൽ സാത്താന്റെ ചതിക്ക് തങ്ങളേത്തന്നെ വിധേയരാക്കുകയാണ്, അവൻ “വ്യാജമായ സകലശക്തി”യും “അടയാളങ്ങ”ളും “അത്ഭുതങ്ങ”ളും ഉപയോഗിക്കുമെന്ന് നമുക്ക് മുന്നറിയിപ്പു നൽകപ്പെട്ടിരിക്കുന്നു.—2 തെസ്സലോനീക്യർ 2:9, 10.
അന്യഭാഷകളും—സത്യക്രിസ്ത്യാനിത്വവും
അന്യഭാഷാസംസാരത്തിന്റെ വരം ലഭിച്ച ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾ ദൈവത്തിന്റെ മഹനീയകാര്യങ്ങൾ വിശദീകരിക്കാനാണ് അതുപയോഗിച്ചത്. എല്ലാവർക്കും മനസ്സിലാകാനും അനേകരുടെ പരിപോഷണത്തിൽ കലാശിക്കാനും കഴിയത്തക്കവണ്ണം അന്യഭാഷകളിൽ നൽകപ്പെട്ട സന്ദേശം വ്യക്തമായി വ്യാഖ്യാനിക്കേണ്ടതിന്റെ ആവശ്യകതക്ക് ഊന്നൽ കൊടുക്കപ്പെട്ടു. (1 കൊരിന്ത്യർ 14:26-33) പൗലോസ് ഇങ്ങനെ മുന്നറിയിപ്പുനൽകി: “അതുകൊണ്ട് നിങ്ങളും നാവുകൊണ്ടു തെളിവായ വാക്കുച്ചരിക്കാഞ്ഞാൽ സംസാരിക്കുന്നതെന്തെന്ന് എങ്ങനെ അറിയും? നിങ്ങൾ കാററിനോടു സംസാരിക്കുന്നവർ ആകുമല്ലോ.”—1 കൊരിന്ത്യർ 14:9.
ദൈവത്തിന്റെ ആത്മാവ് ആദിമക്രിസ്ത്യാനികൾക്ക് ഭാഷാവരം കൊടുത്തെങ്കിലും അത് അവർ മനസ്സിലാകാത്തതോ പരിഭാഷപ്പെടുത്താൻ കഴിയാത്തതോ ആയ അസംബന്ധപ്രലാപം നടത്താൻ ഇടയാക്കിയില്ല. പൗലോസിന്റെ ബുദ്ധിയുപദേശത്തിനു ചേർച്ചയായി, കൂടുതൽ പെട്ടെന്ന് “സുവാർത്ത ആകാശത്തിൻകീഴുള്ള സർവസൃഷ്ടിയിലും പ്രസംഗിക്ക”പ്പെടുന്നതിൽ കലാശിച്ച സംസാരം പരിശുദ്ധാത്മാവ് പ്രദാനംചെയ്തു.—കൊലൊസ്യർ 1:23.
ഇപ്പോഴത്തെ വ്യവസ്ഥിതിയുടെ ഈ അവസാന നാളുകളെ സംബന്ധിച്ച് യേശുക്രിസ്തു ഇങ്ങനെ കല്പിച്ചു: “സകല ജനതകളിലും [സ്ഥാപിതരാജ്യത്തിന്റെ] സുവാർത്ത ആദ്യം പ്രസംഗിക്കപ്പെടണം.” (മർക്കോസ് 13:10, NW) ഒന്നാം നൂററാണ്ടിലേപ്പോലെ രാജ്യത്തിന്റെ സന്ദേശം സകല സൃഷ്ടിയും കേൾക്കണം. ബൈബിൾ ഇപ്പോൾ മുഴുവനായോ ഭാഗികമായോ ഏതാണ്ട് 2,000 ഭാഷകളിൽ വിവർത്തനംചെയ്തിട്ടുള്ളതുകൊണ്ട് ഇതു സാദ്ധ്യമാണ്. സധൈര്യം സംസാരിക്കാൻ ആദിമക്രിസ്ത്യാനികളെ ഉത്തേജിപ്പിച്ച അതേ ആത്മാവ് യഹോവയുടെ സാക്ഷികളുടെ ആധുനികനാളിലെ സഭയുടെ വലുതും അത്ഭുതകരവുമായ പ്രസംഗവേലയെ ഇപ്പോൾ പിന്താങ്ങിക്കൊണ്ടാണിരിക്കുന്നത്. വാമൊഴിയായും തിരുവെഴുത്തുസത്യത്തെ അച്ചടിച്ച പേജുകളിലൂടെ ലഭ്യമാക്കാൻ അച്ചടിയുടെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചും അവർ “നിർമ്മലഭാഷ” സംസാരിച്ചുകൊണ്ടിരിക്കുന്നു. ഈ സന്ദേശം 200-ൽപരം രാജ്യങ്ങളിലേക്കും സമുദ്രത്തിലെ ദ്വീപുകളിലേക്കും പോകുന്നുണ്ട്. ദൈവത്തിന്റെ മഹനീയകാര്യങ്ങൾ എല്ലാവരോടും അറിയിക്കാൻ ദൈവാത്മാവിനാൽ പ്രേരിപ്പിക്കപ്പെടുന്ന ജനമെന്ന നിലയിൽ യഹോവയുടെ സാക്ഷികൾ തനിച്ചു നിലകൊള്ളുന്നു.—സെഫന്യാവ് 3:9; 2 തിമൊഥെയോസ് 1:13.
[7-ാം പേജിലെ ചിത്രം]
ജപ്പാനിലെ വീടുതോറുമുള്ള സാക്ഷീകരണം
കൊളംബിയയിലെ കപ്പൽതോറുമുള്ള സാക്ഷീകരണം
താഴെ: ഗ്വാട്ടിമാലയിലെ ബൈബിളദ്ധ്യയനം
അടിയിൽ: നെതർലാൻഡ്സിലെ ഗ്രാമീണ സാക്ഷീകരണം