നിങ്ങൾക്കു നിരാശാബോധത്തെ നേരിടാൻ കഴിയും
ഒരു 23 വയസ്സുകാരന്റെ ദുരവസ്ഥ പരിഗണിക്കുക. അയാൾക്കു പരിമിതമായ വിദ്യാഭ്യാസ യോഗ്യതയേയുള്ളു, അയാൾ വളരെ തുച്ഛമായ വേതനത്തിനുവേണ്ടിയാണ് വേല ചെയ്യുന്നത്. വിവാഹത്തെപ്പററിയോ സന്തുഷ്ടമായ ഒരു ജീവിതത്തെപ്പററിയോ അയാൾക്കു ചിന്തിക്കാനേ കഴിയുന്നില്ല. “അവൻ അങ്ങേയററം ദുഃഖിതനും നിരാശനുമാണ്” എന്ന് അയാളുടെ അമ്മ പറയുന്നതിൽ അതിശയമില്ല. ഈ ചെറുപ്പക്കാരന്റേതു ദശലക്ഷങ്ങളിൽ നിന്നുള്ള ഒരു ഉദാഹരണം മാത്രമാണ്. ഒരു കാരണത്തിന് അല്ലെങ്കിൽ മറെറാന്നിന് എല്ലാ തുറകളിലുമുള്ള ആളുകൾ നിരാശിതരാണ്.
“ഭംഗം വന്ന മോഹങ്ങളിൽനിന്ന്, ആന്തരിക സംഘട്ടനങ്ങളിൽനിന്ന് അല്ലെങ്കിൽ പരിഹരിക്കപ്പെടാത്ത മററു പ്രശ്നങ്ങളിൽനിന്നു സംജാതമാകുന്ന അരക്ഷിതത്വത്തിന്റെയും നിരുൽസാഹത്തിന്റെയും അതൃപ്തിയുടെയും ആഴത്തിലുള്ളതും നീണ്ടുനിൽക്കുന്നതുമായ ബോധം അല്ലെങ്കിൽ അവസ്ഥയാണ്” നിരാശ. (Webster’s Third New International Dictionary) എന്തെങ്കിലും ചെയ്യാൻ നാം കഠിനശ്രമം ചെയ്യുകയും എന്നാൽ അതിൽ പരാജയപ്പെടുകയും ചെയ്യുമ്പോൾ നമുക്കു നിരാശ തോന്നുന്നു. വിജയിക്കാൻ യാതൊരു സാദ്ധ്യതയുമില്ലാതെ, നമ്മുടെ തല ഒരു കരിങ്കൽ ഭിത്തിയിലടിക്കുന്നതുപോലെ എല്ലാ ദിശയിലും വഴിതടയപ്പെട്ടിരിക്കുന്നതായി നമുക്കു തോന്നുന്നു. അതു നമുക്കെല്ലാവർക്കും അനുഭവമുണ്ട്.
സംതൃപ്തി നൽകാത്തത് എന്നു തോന്നുന്ന ജോലി ചെയ്യേണ്ടിവരുന്ന ജോലിക്കാർക്കു തങ്ങൾ വിലകെട്ടവരാണ് എന്ന തോന്നൽ ഉണ്ടാകുന്നു. ആരും ശ്രദ്ധിക്കുകയോ നന്ദികാണിക്കുകയോ ചെയ്യുന്നില്ലെങ്കിൽ അനുദിന ഉത്ക്കണ്ഠകളോടും മടുപ്പിക്കുന്ന ചുമതലകളോടും മല്ലടിക്കുന്ന ഭാര്യമാർക്കും അമ്മമാർക്കും അസംതൃപ്തിയും, വിലമതിക്കപ്പെടുന്നില്ല എന്ന തോന്നലും ഉണ്ടായേക്കാം. സ്ക്കൂളിൽ പീഡാനുഭവങ്ങളെ നേരിടേണ്ടിവരുന്ന യുവജനങ്ങൾക്ക് വിദ്യാഭ്യാസം നേടാനുള്ള ശ്രമത്തിൽ നിരാശ തോന്നിയേക്കാം. ന്യൂനപക്ഷ സമുദായങ്ങളിൽപെട്ടവർക്കു തങ്ങൾ അന്യായമായ വിവേചനയുടെ ഇരകളാണ് എന്ന ബോദ്ധ്യത്തിൽ അസ്വസ്ഥതയും അസന്തുഷ്ടിയും തോന്നിയേക്കാം. ഗുണമേൻമയുള്ള വസ്തുക്കളും സേവനങ്ങളും സത്യസന്ധമായി നൽകാൻ ശ്രമിക്കുന്ന ബിസ്സിനസ്സുകാർ തത്വദീക്ഷയും മനഃസാക്ഷിയുമില്ലാത്ത പ്രതിയോഗികളാൽ ഞെരുക്കപ്പെട്ടേക്കാം. ഇവയും സമാനമായ അനുഭവങ്ങളും നിരാശക്കിടയാക്കുകയും അനേകരെ പ്രത്യാശയില്ലാത്തവരാക്കിത്തീർക്കുകയും ചെയ്യുന്നു.
നൂററാണ്ടുകൾക്കു മുമ്പു ജീവിച്ചിരുന്ന ജ്ഞാനിയായ ഒരു മനുഷ്യനു നമുക്കു മനസ്സിലാകുന്ന വാക്കുകളിൽ തന്റെ നിരാശാബോധം വിവരിക്കാൻ കഴിഞ്ഞു. ഇസ്രയേലിന്റെ രാജാവായിരുന്ന ശലോമോൻ പറഞ്ഞു: “ഞാൻ എന്റെ കൈകളുടെ സകല പ്രവൃത്തികളെയും ഞാൻ ചെയ്വാൻ ശ്രമിച്ച സകല പരിശ്രമങ്ങളെയും നോക്കി; എല്ലാം മായയും വൃഥാ പ്രയത്നവും അത്രേ; സൂര്യന്റെ കീഴിൽ യാതൊരു ലാഭവും ഇല്ല എന്നു കണ്ടു. സൂര്യനുകീഴെ പ്രയത്നിക്കുന്ന സകല പ്രയത്നം കൊണ്ടും ഹൃദയപരിശ്രമം കൊണ്ടും മനുഷ്യന്നു എന്തു ഫലം? അവന്റെ നാളുകൾ ഒക്കെയും ദുഃഖകരവും അവന്റെ കഷ്ടപ്പാടു വ്യസനകരവും അല്ലോ; രാത്രിയിലും അവന്റെ ഹൃദയത്തിനു സ്വസ്ഥതയില്ല; അതും മായ അത്രേ.” (സഭാപ്രസംഗി 2:11, 22, 23) പ്രതിഫലദായകമായ ഒരു ജീവിതം തങ്ങളിൽനിന്നു കവർന്നുകളയുന്ന നിരാശാബോധത്തെ തരണംചെയ്യാനുള്ള ശ്രമത്തിൽ അനേകർക്കു അനുഭവേദ്യമാകുന്ന നിരാശയാണ് ശലോമോന്റെ വാക്കുകൾ പ്രകടിപ്പിക്കുന്നത്.
മോഹഭംഗം അനുഭവിക്കേണ്ടിവരുന്നവർ തികച്ചും നിരാശിതരായേക്കാം. രൂക്ഷമായ അത്തരം സാഹചര്യങ്ങളിൽ ചിലർ ശ്രമം ഉപേക്ഷിക്കുകയും സമൂഹത്തിൽ നിന്ന് അകന്നുമാറി അതിന്റെ അതിർ വരമ്പുകളിൽ ജീവിക്കയും ചെയ്തിട്ടുണ്ട്. തങ്ങൾക്കു അർഹമായത് എന്ന് അവർ കരുതുന്നതു ലഭിക്കാൻ വേണ്ടി ചിലർ കുററകൃത്യത്തിലും അക്രമത്തിലും ഏർപ്പെട്ടിട്ടുണ്ട്. നിരന്തരമായ സമ്മർദ്ദങ്ങൾ വിവാഹബന്ധങ്ങളെയും കുടുംബബന്ധങ്ങളെയും തകർത്തിട്ടുണ്ട്.
നിരാശാബോധത്തെ നേരിടുന്നതിനുള്ള വഴികൾ തേടുന്നതിനു നമ്മിൽ അനേകർക്കു കഠിനശ്രമം ചെയ്യേണ്ടിവരുന്നുണ്ട്. നാം എന്തെല്ലാം ചെയ്താലും കാര്യങ്ങൾ കൂടുതൽ മോശമാകുന്നതായി തോന്നിയേക്കാം. “ആശാവിളംബം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു” എന്ന് സദൃശവാക്യങ്ങൾ 13:12 പറയുന്നു. നമ്മുടെ ശാരീരികവും ആത്മീയവുമായ ക്ഷേമം ത്രാസ്സിൽ തൂങ്ങിയേക്കാം. സാഹചര്യം പ്രത്യാശയില്ലാത്തതാണോ? നമ്മുടെ കഴിവുകേടിന്റെയും തെററുകളുടെയും ശിക്ഷ എന്ന നിലയിൽ നാം നിരന്തരമായ നിരാശാബോധത്തിൽ കഴിഞ്ഞുകൂടണമോ? കൂടുതൽ സംതൃപ്തികരമായ ഒരു ജീവിതം ആസ്വദിക്കാൻ കഴിയേണ്ടതിനു നിരാശാബോധത്തെ നേരിടാൻ ചില പ്രായോഗിക നടപടികൾ സ്വീകരിക്കാൻ കഴിയുമോ? നമുക്കു നോക്കാം.
നിരാശാബോധത്തെ നേരിടാനുള്ള ചില മാർഗ്ഗങ്ങൾ
നമുക്കു ഒരു പ്രശ്നമുണ്ടായിരിക്കുകയും ഉപദേശം ആവശ്യമായിരിക്കുകയും ചെയ്യുമ്പോൾ നാം സാധാരണയായി നമുക്കു ആശ്രയിക്കാൻ കൊള്ളാവുന്ന, അറിവും അനുഭവപരിചയവുമുള്ള, ഒരാളുടെ അടുത്തേക്കു പോകുന്നു. സദൃശവാക്യങ്ങൾ 3:5, 6 ഇപ്രകാരം ശുപാർശ ചെയ്യുന്നു: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു; നിന്റെ എല്ലാ വഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും”. പ്രായോഗികമായ ഉപദേശം ദൈവത്തിന്റെ വചനമായ ബൈബിളിൽ കണ്ടെത്താൻ കഴിയും. അതു പ്രദാനം ചെയ്യുന്ന ഉൾക്കാഴ്ചയുടെ ചില ഉദാഹരണങ്ങൾ പരിചിന്തിക്കുക.
നിരാശാബോധം ജീവിക്കാൻ ആവശ്യമായതു സമ്പാദിക്കുന്നതിനോടുള്ള ബന്ധത്തിലായിരിക്കാം. ഉദാഹരണമായി, നമ്മുടെ ലൗകിക ജോലി സംതൃപ്തികരമായിരിക്കാം. എന്നാൽ കുറഞ്ഞ വേതനം വിഷാദത്തിന്റെ ഒരു ഉറവായിരിക്കാം. നാം നമ്മുടെ കുടുംബങ്ങളെ സ്നേഹിക്കുകയും അവർക്കുവേണ്ടി ഏററം മെച്ചമായതു ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും നമ്മുടെ പണപരമായ കടപ്പാടുകൾ നിവർത്തിക്കുന്നതിനോടുള്ള ബന്ധത്തിൽ ഉൽക്കണ്ഠക്കു ഒരു അവസാനവും ഇല്ലാത്തതുപോലെ തോന്നുന്നു. നാം സമയംകഴിഞ്ഞും അധിക ജോലി ചെയ്യുകയും രണ്ടാമതു ഒരു ജോലികൂടെ ഏറെറടുക്കുകയും ചെയ്തേക്കാം. കുറച്ചുകഴിയുമ്പോൾ ജീവിതം തിന്നുക, ഉറങ്ങുക, ജോലിചെയ്യുക എന്നിവയുടെ വിരസമായ ഒരു ചക്രഗതിയായി തോന്നുന്നു. എന്നിരുന്നാലും ബില്ലുകൾ കുന്നുകൂടുന്നു, കടങ്ങൾ പെരുകുന്നു, നിരാശാബോധം തലയുയർത്തുന്നു.
ലൗകിക ജോലിയുടെ പ്രാഥമിക ഉദ്ദേശ്യം നമ്മുടെ ആവശ്യങ്ങൾക്കു വേണ്ടതു സമ്പാദിക്കുക എന്നതാണ്. എന്നാൽ എത്രത്തോളം നമുക്ക് ആവശ്യമാണ്? അപ്പൊസ്തലനായ പൗലോസ് ഇപ്രകാരം എഴുതി: “ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല. ഉൺമാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക.” നാം അതിൽ കൂടുതൽ സമ്പാദിക്കാനും മററുള്ളവർക്കു ഉള്ളേടത്തോളം അല്ലെങ്കിൽ മററുള്ളവർക്കു ചെയ്യാൻ കഴിയുന്നിടത്തോളം നേടാനും ശ്രമിക്കുന്നുണ്ടോ? എങ്കിൽ നിരാശാബോധത്തിന്റെ രൂപത്തിൽ നാം അതിന്റെ അനന്തരഫലങ്ങൾ കൊയ്യുന്നുണ്ടായിരിക്കാം. പൗലോസ് ഇപ്രകാരം മുന്നറിയിപ്പു നല്കി: “ധനികൻമാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൗഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു. ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു.” (1 തിമൊഥെയോസ് 6:7-10) നമ്മുടെ ഭൗതിക വ്യാപാരങ്ങളുടെ സത്യസന്ധമായ ഒരു വിലയിരുത്തൽ അത്യാവശ്യമല്ലാത്ത ചില കാര്യങ്ങളെ വെളിപ്പെടുത്തിയേക്കാം. ചെലവു ചുരുക്കലിനും ഒതുങ്ങിയ ജീവിതരീതിക്കും വേണ്ടിയുള്ള ചില ന്യായയുക്തമായ ക്രമീകരണങ്ങൾ നമ്മുടെ നിരാശാബോധം പരമാവധി കുറയ്ക്കുന്നതിനു വളരെയധികം സഹായിച്ചേക്കാം.
അടിച്ചമർത്തപ്പെട്ട സ്വാഭാവിക ആഗ്രഹങ്ങൾ വളരെയധികം നിരാശാബോധത്തിന് ഇടയാക്കിയിട്ടുണ്ട്. ഉദാഹരണത്തിനു വിവാഹം കഴിക്കുന്നതിനും കുടുംബജീവിതത്തിലൂടെ ലഭ്യമാകുന്ന സുരക്ഷിതത്വവും ഊഷ്മളമായ സ്നേഹവും കിട്ടുന്നതിനും ശക്തമായ ആഗ്രഹമുണ്ടായിരിക്കുക എന്നതു ഒരു യുവതിയെ സംബന്ധിച്ചടത്തോളം സ്വാഭാവികമാണ്. ഏററം ആധുനിക ഫാഷനുകളോ സൗന്ദര്യവർദ്ധക വസ്തുക്കളോ കൊണ്ടു തന്നേത്തന്നെ ആകർഷകയാക്കാൻ അവൾ വളരെയധികം ശ്രമം ചെയ്തേക്കാം. അവൾ സ്നേഹത്തിനുവേണ്ടി ദാഹിക്കുന്നവർക്കു ഉപദേശം വച്ചുനീട്ടുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ ആർത്തിയുള്ള ഒരു വായനക്കാരിയായേക്കാം. യോഗ്യനായ ആരെയെങ്കിലും കണ്ടുമുട്ടാമെന്നുള്ള പ്രതീക്ഷയോടെ അവൾ നിരന്തരമായി സാമൂഹ്യകൂടിവരവുകളിൽ സംബന്ധിക്കുകയും അതുകൊണ്ടും പ്രയോജനം ലഭിക്കാതെയുമിരുന്നേക്കാം. വർഷങ്ങൾ കടന്നു പോകയും നിരാശാബോധം അസഹനീയമായിത്തീരുകയും ചെയ്യുന്നു. ഒടുവിൽ നിരാശിതയായി യോജിക്കാത്ത ആരെയെങ്കിലും വിവാഹം കഴിക്കാൻ അവൾ പ്രലോഭിപ്പിക്കപ്പെട്ടേക്കാം. അതിലും മോശമായി, സ്നേഹത്തിനുവേണ്ടിയുള്ള അവളുടെ ആഗ്രഹം തൃപ്തിപ്പെടുത്താൻ അവൾ അധാർമ്മിക നടത്തയിൽ ഉൾപ്പെട്ടേക്കാം.
വിവാഹം ആഗ്രഹിക്കുന്ന ഒരു സ്ത്രീയുടെ സംഗതിയിൽ ക്ഷമയും വിവേകവും അത്യാവശ്യമാണ്. യോജിക്കാത്ത ഒരാളുമായുള്ള—വിശേഷിച്ച് യഹോവയിൽ വിശ്വാസമില്ലാത്ത ഒരാളുമായുള്ള—വിവാഹം ഒരു വലിയ പിശകായിരിക്കും. (1 കൊരിന്ത്യർ 7:39; 2 കൊരിന്ത്യർ 6:14, 15) അധാർമ്മികത അവശ്യം ഹൃദയവേദനയിലേക്കും നിരാശയിലേക്കുമേ നയിക്കുന്നുള്ളു. (സദൃശവാക്യങ്ങൾ 6:32, 33) സത്യസന്ധമായ ആത്മപരിശോധനയും ന്യായബോധമുള്ള ഒരു സമീപനവും സഹായകരമായിരിക്കും. ആധുനിക ഫാഷനിലുള്ള വസ്ത്രത്തേക്കാളും വിചിത്രമായ സൗന്ദര്യവർദ്ധകവസ്തുക്കളേക്കാളും കൊള്ളാവുന്ന വിധത്തിലുള്ള ഒരു വിവാഹ ഇണയെ ആകർഷിക്കുന്നതു “ശാന്തവും സൗമ്യവുമായ ഒരു ആത്മാവാ”യിരിക്കും. (1 പത്രൊസ് 3:3, 4, NW) ലോകക്കാരായ വിദഗ്ദ്ധരുടെ മിക്കപ്പോഴും ഹ്രസ്വവീക്ഷണത്തോടെയുള്ളതോ ചപലമോ ആയ ഉപദേശത്തിൽ ആശ്രയിക്കുന്നതിനു പകരം സ്നേഹിക്കപ്പെടുകയും വിലമതിക്കപ്പെടുകയും ചെയ്യുന്ന ഒരു ഭാര്യയായിരിക്കുന്നതിന് എന്താണാവശ്യമായിരിക്കുന്നത് എന്നു പഠിക്കാൻ വിവാഹത്തിന്റെ ഉപജ്ഞാതാവിനെത്തന്നെ സമീപിക്കുന്നതു മർമ്മപ്രധാനമാണ്. (സദൃശവാക്യങ്ങൾ, അദ്ധ്യായം 31) അവിവാഹിതരായ പുരുഷൻമാരും സ്ത്രീകളും ഒരു വിവാഹ ഇണയിൽ ഉണ്ടായിരിക്കാൻ അവർ ആഗ്രഹിക്കുന്ന ഗുണങ്ങൾ പ്രകടമാക്കാൻ ശ്രമിക്കണം. ബൈബിൾ തത്ത്വങ്ങൾ ആദരിക്കുന്ന ആളുകളുമായുള്ള ആരോഗ്യാവഹമായ സഹവാസം തേടുന്നത് എത്ര ജ്ഞാനപൂർവ്വകമാണ്. ഇവ നാം ജീവിതത്തിൽ ബാധകമാക്കുന്നുവെങ്കിൽ ഒരു സന്തുഷ്ട വിവാഹജീവിതത്തിനുള്ള നമ്മുടെ ഭാവി പ്രതീക്ഷ വളരെ മെച്ചമായിരിക്കും. ഉടനെയൊന്നും വിവാഹം നടക്കുന്നില്ലെങ്കിലും തിരുവെഴുത്തുകളോടു യോജിപ്പിൽ പ്രവർത്തിക്കുന്നതു സന്തോഷം കൈവരുത്തുകയും ഏകാകിയായുള്ള ജീവിതം വളരെ പ്രതിഫലദായകമാക്കുകയും ചെയ്യും.
കടപ്പാടുകളുടെ ഒരു വലിയ ഭാരം നമ്മെ പ്രകോപനത്തിന്റെ ഘട്ടത്തോളം എത്തിച്ചേക്കാം. എല്ലാ വശങ്ങളിൽ നിന്നും സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നേക്കാം. നമ്മുടെ കുടുംബത്തിന്റെ അത്യാവശ്യങ്ങൾ സംബന്ധിച്ചു നാം ഉത്ക്കണ്ഠാകുലരാണ്, നമ്മുടെ തൊഴിലുടമ ഒരിക്കലും സംതൃപ്തനല്ലായിരിക്കാം. ഏതെങ്കിലും പ്രതിസന്ധിയുള്ള ഓരോ ഘട്ടത്തിലും ഒരു സഹായഹസ്തം നീട്ടിക്കൊടുക്കാൻ ബന്ധുക്കൾ പ്രതീക്ഷിച്ചേക്കാം. അനേകം സമ്മർദ്ദങ്ങൾനിമിത്തം അവഗണിക്കപ്പെട്ട വ്യക്തിപരമായ കാര്യങ്ങളുടെ ഒരു നീണ്ട പട്ടിക നമ്മുടെ ശ്രദ്ധ ആവശ്യപ്പെട്ടേക്കാം. ഒരേ നേരത്ത് നമ്മുടെ സമയവും ഊർജ്ജവും ഒരു ഡസൻ വ്യത്യസ്ത ദിശകളിൽ തിരിച്ചുവിടേണ്ടതുണ്ടെന്നു തോന്നിയേക്കാം. നിരാശാബോധം പ്രകോപനമായി മാറിയേക്കാം, ശ്രമം ഉപേക്ഷിച്ചുകളയാൻ നമുക്കു തോന്നിയേക്കാം. അതുകൊണ്ട് നാം എന്തു ചെയ്യണം?
നമ്മുടെ മുൻഗണനകൾ ഒരിക്കൽകൂടി ഒന്നു വിലയിരുത്തുന്നതു ജ്ഞാനപൂർവ്വകമായിരിക്കും. നമുക്കു ചെയ്യാൻ കഴിയുന്നതിന് ഒരു പരിധി ഉള്ളതുകൊണ്ടു മററുള്ളവർ ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങൾക്കും ഇടം കണ്ടെത്തുക അസാദ്ധ്യമാണ്. “കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങളി”ലേക്കു നാം സംഗതികൾ ഒതുക്കേണ്ടതുണ്ട്. (ഫിലിപ്പിയർ 1:10, NW) ഏതായാലും, “ചത്ത സിംഹത്തെക്കാൾ ജീവനുള്ള നായ് നല്ലതല്ലോ.” (സഭാപ്രസംഗി 9:4) ചില കടപ്പാടുകൾ അടിയന്തിര പ്രാധാന്യമുള്ളവയാണ്, അവയെ ഒഴിവാക്കാനാവില്ല, എന്നാൽ അത്രതന്നെ പ്രാധാന്യമില്ലാത്തവ മാററിവയ്ക്കാൻ കഴിയും. മററുള്ളവരുംകൂടെ പങ്കുപറേറണ്ട ചില ഉത്തരവാദിത്വങ്ങൾ നാം തനിയെ ഏറെറടുത്തിട്ടുണ്ടായിരിക്കാം. അത്യാവശ്യമുള്ളവയല്ലെങ്കിൽ ചില ഉത്തരവാദിത്വങ്ങൾ പാടെ ഒഴിവാക്കേണ്ടതുണ്ടായിരിക്കാം. ഇതു തുടക്കത്തിൽ മററുള്ളവർക്കു അസൗകര്യം സൃഷ്ടിക്കുകയോ മററുള്ളവരെ നിരാശപ്പെടുത്തുകയോ ചെയ്തേക്കാമെങ്കിലും നമ്മുടെ തന്നെ ശാരീരികവും വൈകാരികവുമായ പരിമിതികളെ നാം മാനിക്കേണ്ടതുണ്ട്.
ദുർബ്ബലീകരിക്കുന്ന ഒരു രോഗത്തിന് അസഹനീയമായ നിരാശാബോധത്തിന് ഇടയാക്കാൻ കഴിയും, കാരണം അതു ദിവസങ്ങളോ ആഴ്ചളോ നമ്മെ രോഗശയ്യയിലാക്കിയേക്കാം. കഠിന വേദന നമ്മെ ദുഃഖത്തിലാഴ്ത്തിയേക്കാം. സുഖപ്രാപ്തി തേടി നാം ഒരു ഡോക്ടറിൽ നിന്നു മറെറാരാളിലേക്കു പോകയും എന്തെങ്കിലും ഗുണം കിട്ടുമെന്നുള്ള പ്രതീക്ഷയിൽ മരുന്നുകളും വൈററമിനുകളും കഴിക്കുകയും ചെയ്തേക്കാം. എന്നിട്ടും നാം കഷ്ടമനുഭവിക്കുകയും ഇനിയും ഇങ്ങനെ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നതിൽ അർത്ഥമുണ്ടോ എന്നു സംശയിച്ചു തുടങ്ങുകയും ചെയ്തേക്കാം.
ഇതു ദൈവത്തിന്റെ പുതിയ ലോകത്തിൽ മാത്രം പരിഹരിക്കാൻ കഴിയുന്ന ഒരു പ്രശ്നമായിരിക്കാം. (2 പത്രൊസ് 3:13; യെശയ്യാവു 33:24 താരതമ്യം ചെയ്യുക.) മനുഷ്യർ അപൂർണ്ണരായതിനാൽ വൈദ്യൻമാർക്കും ഔഷധങ്ങൾക്കും പരിമിതമായേ ചെയ്യാൻ കഴിയുകയുള്ളു. ഒരു ഘട്ടത്തിൽ നമ്മുടെ കഷ്ടപ്പാട് ജീവിതത്തിന്റെ ഒരു ഭാഗമായി നാം സ്വീകരിക്കേണ്ടതുണ്ടായിരിക്കാം. അപ്പൊസ്തലനായ പൗലോസിന് “ജഡത്തിൽ ഒരു ശൂലം”, ഒരുപക്ഷേ കണ്ണുകളുടെയോ മറേറതെങ്കിലും ശരീരഭാഗത്തിന്റെയോ ക്ലേശം ഉണ്ടായിരുന്നു. അതു വളരെ ക്ലേശാവഹമായിരുന്നതുകൊണ്ടു അവൻ ആശ്വാസത്തിനായി ആവർത്തിച്ചു പ്രാർത്ഥിച്ചു. (2 കൊരിന്ത്യർ 12:7-10) എന്നാൽ ദൈവം പൗലോസിനെ സുഖപ്പെടുത്തിയില്ല. ഒരുപക്ഷേ അപ്പോസ്തലൻ മരണംവരെ ആ പീഡയോടു മല്ലടിക്കേണ്ടതുണ്ടായിരുന്നു. അവൻ ആ കഷ്ടത്തോടുകൂടെ ജീവിച്ചു, അവൻ അനുകമ്പ യാചിക്കുകയോ തന്റെ സന്തോഷം നഷ്ടപ്പെടുത്തുകയോ ചെയ്തില്ല. (2 കൊരിന്ത്യർ 7:4) നീതിമാനായ ഇയ്യോബ് വളരെ കഷ്ടം സഹിച്ചുവെങ്കിലും അവൻ യഹോവയിലുള്ള തന്റെ വിശ്വാസം നിലനിർത്തുകയും അതു സമൃദ്ധമായ പ്രതിഫലത്തിലേക്കു നയിക്കുകയും ചെയ്തു. (ഇയ്യോബ് 42:12, 13) നാം ദൈവത്തിന്റെ ദാസരാണെങ്കിൽ ഈ ദൃഷ്ടാന്തങ്ങളെപ്പററി ധ്യാനിച്ചുകൊണ്ടും യഹോവയുടെ സഹായത്തിനായി പ്രാർത്ഥിച്ചുകൊണ്ടും നമുക്കു മുമ്പോട്ടുപോകുന്നതിനുള്ള ശക്തി കണ്ടെത്താൻ കഴിയും.—സങ്കീർത്തനം 41:1-3.
മോഹഭംഗങ്ങൾ ഉണ്ടെങ്കിലും ശക്തർ
മോഹഭംഗങ്ങൾ ഉണ്ടെങ്കിലും യഹോവയുടെ ജനത്തിന് ആത്മീയമായി ശക്തരായിരിക്കാൻ കഴിയും. ഉദാഹരണമായി, നാം രോഗികളാണെങ്കിലും ദൈവത്തിന്റെ ആത്മീയ കരുതലിൽനിന്നു പരമാവധി പ്രയോജനമനുഭവിച്ചുകൊണ്ടു നമുക്കു ‘വിശ്വാസത്തിൽ ആരോഗ്യമുള്ളവരാ’യിരിക്കാൻ കഴിയും. (തീത്തൊസ് 2:1, 2) ഭൗതികമായി നാം നിരാശാജനകമാംവണ്ണം ദരിദ്രരായിരിക്കാമെങ്കിലും നമുക്കു ആത്മീയമായി അത്ഭുതകരമാംവണ്ണം സമ്പന്നരായിരിക്കാൻ കഴിയും.
ജ്ഞാനത്തിനും ബലത്തിനും വേണ്ടി ദൈവത്തിൽ ആശ്രയിക്കുന്നതിനാൽ നമുക്കു കുടുംബസംബന്ധമായ സാഹചര്യങ്ങളിൽ സംജാതമാകുന്ന നിരാശാബോധത്തെ നേരിടാൻ കഴിയും. ഉദാഹരണത്തിന്, നാബാലിന്റെ ഭാര്യയായ അബീഗയിലിന്റെ കാര്യം എടുക്കുക. നാബാൽ “നിഷ്ഠുരനും ദുഷ്ക്കർമ്മിയും” ആയിരുന്നു, അവന്റെ പേരിന്റെ അർത്ഥംതന്നെ “ഭോഷൻ; മൂഢൻ” എന്നാണ്. അത്തരം ഒരുവനോടുകൂടെ പാർക്കുന്നതുതന്നെ എത്ര നിരാശാജനകമായിരുന്നിരിക്കണം! എന്നിരുന്നാലും നിരാശിതയാകാതെ അബീഗയിൽ “നല്ല വിവേകമുള്ളവളായി” തുടർന്നു. ഒരു അടിയന്തിരഘട്ടത്തിൽ അവളുടെ വാക്കുകളും പ്രവൃത്തികളും വളരെ വിവേകപൂർവ്വമായിരുന്നതുകൊണ്ട് നിന്ദക്കും നന്ദികേടിനും, രക്തം ചൊരിഞ്ഞുകൊണ്ടും യഹോവയിൽ ആശ്രയിക്കാതിരുന്നുകൊണ്ടും പകരം ചെയ്യാതിരിക്കാൻ അവൾ ദാവീദിനെ പറഞ്ഞു സമ്മതിപ്പിച്ചു.—1 ശമുവേൽ 25:2-38.
ക്രിസ്തീയ സഭയോടു സഹവസിക്കുന്ന ആരെങ്കിലും ഉൾപ്പെട്ട ഒരു സാഹചര്യം പോലും നമുക്കു നിരാശക്കിടയാക്കുന്നുവെങ്കിൽ യഹോവ നല്കുന്ന ശക്തിയിൽ നമുക്കു സഹിച്ചു നില്ക്കാൻ കഴിയും നിരാശക്കിടയാക്കിയേക്കാമായിരുന്ന ദിയൊത്രെഫേസിന്റെ പെരുമാററം ദൈവഭക്തനായിരുന്ന ഗായൊസിനെ നൻമ ചെയ്യുന്നതിൽ നിന്നും തദ്വാരാ സന്തുഷ്ടിയും സമ്പന്നമായ ആത്മീയ പ്രതിഫലങ്ങളും കൊയ്യുന്നതിൽനിന്നും തടഞ്ഞില്ല എന്ന വസ്തുത ഇതു പ്രകടമാക്കുന്നു.—പ്രവൃത്തികൾ 20:35; 3 യോഹന്നാൻ 1-10.
സഭയിലെ സഹവിശ്വാസികളെ സേവിക്കാൻ നാം ആഗ്രഹിക്കുകയും എന്നാൽ നമ്മെ മറികടന്നു മററുള്ളവർ മൂപ്പൻമാരും ശുശ്രൂഷാദാസൻമാരുമായി നിയമിക്കപ്പെടുകയും ചെയ്യുന്നുവെങ്കിൽ അതു നിരാശക്കിടയാക്കിയേക്കാം. എന്നിരുന്നാലും നിരാശാബോധം നമ്മെ കീഴ്പ്പെടുത്താൻ അനുവദിക്കുന്നതിനു പകരം ആത്മീയമായി നമ്മെത്തന്നെ ബലമുള്ളവരാക്കുന്നതിനും കൂടുതലായ അളവിൽ നമ്മിൽ ദൈവാത്മാവിന്റെ ഫലങ്ങൾ ഉല്പാദിപ്പിക്കുന്നതിന് അതിനെ അനുവദിക്കുന്നതിനും നമുക്കു ശ്രമിക്കാം. (ഗലാത്യർ 5:22, 23) മോശ മിദ്യാനിൽ ചെലവഴിച്ച 40 വർഷക്കാലം, ഇസ്രയേല്യരുടെ നേതാവെന്ന നിലയിൽ അവൻ അഭിമുഖീകരിക്കേണ്ടിവരുമായിരുന്ന കഷ്ടപ്പാടും നിരാശാബോധവും നേരിടുന്നതിനാവശ്യമായ സൗമ്യതയും ക്ഷമയും മററു ഗുണങ്ങളും കൂടുതലായ അളവിൽ ദൈവം അവനിൽ വികസിപ്പിച്ചെടുത്തു. സമാനമായി, നാം ആത്മീയമായി ബലമുള്ളവരായി നിലകൊള്ളുകയും നിരാശാബോധത്തിന് അടിമപ്പെടുകയും ചെയ്യാതിരിക്കുന്നുവെങ്കിൽ നമുക്കു ലഭിച്ചേക്കാവുന്ന ഭാവിസേവന പദവികൾക്കുവേണ്ടി യഹോവ നമ്മെ ഒരുക്കുകയായിരിക്കാം.
നിരാശാ ബോധത്തിൽനിന്നുള്ള ആശ്വാസം—പെട്ടെന്ന്!
നമുക്കു നിരാശക്കിടയാക്കുന്ന കാര്യങ്ങളുടെ പ്രകൃതം എന്തു തന്നെയായിരുന്നാലും അവ എന്നെങ്കിലും അവസാനിക്കുമോ? നമ്മുടെ സാഹചര്യം നമുക്കു തികച്ചും ആശയററതായി തോന്നിയേക്കാം. എന്നാൽ നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവത്തിനു അങ്ങനെയല്ല. അവൻ നിരാശക്കു വിധേയനല്ല. യെശയ്യാവുപ്രവാചകനിലൂടെ ദൈവം ഇപ്രകാരം പറഞ്ഞു: “എന്റെ വായിൽ നിന്നു പുറപ്പെടുന്നതു എന്റെ വചനമായിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശയ്യാവു 55:11) യഹോവക്കു സർവ്വശക്തിയും അധികാരവും ഉള്ളതിനാൽ അവനു യാതൊന്നും അസാദ്ധ്യമല്ല. (മർക്കൊസ് 10:27) തന്റെ ജനത്തിനു നിലനില്ക്കുന്ന അനുഗ്രഹങ്ങൾ കൈവരുത്തുമെന്നുള്ള അവന്റെ വാഗ്ദാനങ്ങൾ നിറവേററപ്പെടുമെന്നതു തീർച്ചയാണ്.—യോശുവ 21:45.
സംശയവും അനിശ്ചിതത്വവും നിരാശാബോധത്തിലെ പ്രമുഖ ഘടകങ്ങളാണ്. എന്നിരുന്നാലും, അതിനു വിപരീതമായി, “വിശ്വാസം പ്രത്യാശിക്കുന്ന കാര്യങ്ങളുടെ ഉറപ്പു ലഭിച്ച പ്രതീക്ഷയാണ്.” (എബ്രായർ 11:1, NW) ബൈബിളധിഷ്ഠിതമായ നമ്മുടെ എല്ലാ പ്രത്യാശകളും പൂർണ്ണമായി നിറവേററപ്പെടും എന്നുള്ളതിനു ദൈവത്തിലുള്ള വിശ്വാസം ഉറപ്പു നല്കുന്നു. ബൈബിളിന്റെ ആകമാനവിഷയം രാജ്യഭരണം സംബന്ധിച്ച യഹോവയുടെ വാഗ്ദാനത്തെ ദീപ്തിമത്താക്കുന്നു, അതിൻകീഴിൽ ഭൂമി പൂർണ്ണതയുള്ള ഒരു പറുദീസയായിത്തീരുകയും അവിടെ നീതിയുള്ളയാളുകൾ സന്തോഷത്തോടെ എന്നേക്കും ജീവിക്കുകയും ചെയ്യും. (സങ്കീർത്തനം 37:11, 29) നിരാശാബോധം ഉൾപ്പെടെ മോശമായതെല്ലാം പൊയ്പ്പോയിരിക്കും. എന്തുകൊണ്ടെന്നാൽ ദൈവം ‘സകല ജീവികളുടെയും ആഗ്രഹത്തിനു തൃപ്തിവരുത്തുന്നു.’—സങ്കീർത്തനം 145:16.
ആ അനുഗ്രഹങ്ങൾ ഒരു യാഥാർത്ഥ്യമായിത്തീരുന്നതുവരെ, നമുക്കെല്ലാവർക്കും നിരാശാബോധത്തിൽ നമ്മുടേതായ പങ്കുണ്ടായിരിക്കും. എന്നാൽ തിരുവെഴുത്തിൽ നിന്നുള്ള പ്രത്യാശക്ക്, സ്ഥിരോത്സാഹത്തോടെ പ്രവർത്തിക്കുന്നതിനുള്ള ധൈര്യവും മനക്കരുത്തും നമുക്കു തരാൻ കഴിയും. നമ്മുടെ ജീവിതത്തിൽ സ്ഥിരതയും നമ്മുടെ ഹൃദയത്തിൽ സമാധാനവും കൈവരുത്തത്തക്ക വിധത്തിൽ നല്ല ന്യായബോധവും യുക്തിചിന്തയും ഉപയോഗിക്കേണ്ടതെങ്ങനെയെന്ന് നമ്മെ കാണിച്ചുതരാൻ ബൈബിളിൽ കാണപ്പെടുന്ന നല്ല ബുദ്ധ്യുപദേശത്തിനു കഴിയും. നമുക്ക് ആശാഭംഗങ്ങൾ ഉണ്ടായിരുന്നാലും “സകല ബുദ്ധിയേയും കവിയുന്ന ദൈവസമാധാനം” നമുക്ക് അനുഭവിക്കാൻ കഴിയും. (ഫിലിപ്പിയർ 4:6, 7) അതുകൊണ്ടു നിരാശാബോധത്തിനെതിരെയുള്ള പോരാട്ടം ആശയററതല്ല. യഹോവയുടെ സഹായത്തോടെ നമുക്കു ഇന്നു അതിനെ നേരിടുന്നതിനും നാളെ അതിനെ കീഴ്പ്പെടുത്തുന്നതിനും കഴിയും.
[30-ാം പേജിലെ ആകർഷകവാക്യം]
നിരാശാബോധത്തെ നേരിടുന്നതിനു ദൈവം ഇയ്യോബ്, മോശെ, അബീഗയിൽ, പൗലോസ് എന്നിവരെ സഹായിച്ചതുപോലെ അവനു നിങ്ങളെയും സഹായിക്കാൻ കഴിയും