മനുഷ്യവർഗ്ഗത്തിനു യഥാർത്ഥത്തിൽ ഒരു മിശിഹായുടെ ആവശ്യമുണ്ടോ?
“ലോകത്തിന് ഒരു മിശിഹായുടെ ആവശ്യമുണ്ട്, ഉദ്യോഗസ്ഥൻ പറയുന്നു”
ആ തലക്കെട്ടു കാനഡാ, റെറാറൊണ്ടോയിലെ ദി ഫിനാൻഷ്യൽ പോസ്ററിൽ 1980-ൽ പ്രത്യക്ഷപ്പെട്ടതാണ്. ഉദ്ധരിക്കപ്പെട്ട ഉദ്യോഗസ്ഥൻ ക്ലബ് ഓഫ് റോം എന്നു വിളിക്കപ്പെടുന്ന ഒരു സുപ്രസിദ്ധ ചിന്തകസമിതിയുടെ പ്രസിഡണ്ടും സ്ഥാപകനുമായ ഔറേലിയോ പെക്കേ ആയിരുന്നു. പോസ്ററ് പറയുന്നതനുസരിച്ച്, “നാഗരികത്വത്തെ നശിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുന്ന സാമൂഹികവും സാമ്പത്തികവുമായ സംക്ഷോഭങ്ങളിൽനിന്നുള്ള ലോകത്തിന്റെ ഏക രക്ഷ വരശക്തിയുള്ള ഒരു ശാസ്ത്രീയനേതാവോ ഒരു രാഷ്ട്രീയനേതാവോ ഒരു മതനേതാവോ ആയിരിക്കും എന്നു പെക്കേ വിശ്വസിച്ചു.” നിങ്ങൾ എന്തു വിചാരിക്കുന്നു? മനുഷ്യവർഗ്ഗത്തിന് ഒരു മിശിഹായുടെ ആവശ്യമുണ്ടായിരിക്കത്തക്കവണ്ണം ഈ ലോകം യഥാർത്ഥത്തിൽ ദുർഘടാവസ്ഥയിലാണോ? ഈ ലോകം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ഒന്നുമാത്രം പരിചിന്തിക്കുക—വിശപ്പ്.
ഒരു പത്രത്തിലേയോ മാസികയിലേയോ ഒരു ചിത്രത്തിൽനിന്നു തവിട്ടുനിറമാർന്ന രണ്ടു വലിയ കണ്ണുകൾ നിങ്ങളെ തുറിച്ചുനോക്കുന്നു. അവ അഞ്ചു വയസ്സുപോലും ആയിട്ടില്ലാത്ത ഒരു കൊച്ചു പെൺകുട്ടിയുടെ കണ്ണുകളാണ്. എന്നാൽ ഈ കണ്ണുകൾ നിങ്ങളെ ചിരിപ്പിക്കുന്നില്ല. അവയ്ക്കു ബാലസഹജമായ തിളക്കമില്ല. സന്തുഷ്ടമായ അത്ഭുതംകൂറലില്ല, നിർദ്ദോഷമായ വിശ്വാസമില്ല. മറിച്ച്, അവയിൽ അന്ധാളിപ്പോടുകൂടിയ വേദനയും മുഷിപ്പിക്കുന്ന മനഃപീഡയും നിരാശ പൂണ്ട വിശപ്പും നിറഞ്ഞിരിക്കുന്നു. കുട്ടി പട്ടിണിയിലാണ്. വേദനയും വിശപ്പും മാത്രമാണ് അവൾ എന്നും അറിഞ്ഞിട്ടുള്ളത്.
ഒരുപക്ഷേ അനേകരെപ്പോലെ നിങ്ങൾ അങ്ങനെയുള്ള ചിത്രങ്ങളിൽ ശ്രദ്ധിച്ചുനോക്കിക്കൊണ്ടിരിക്കാനാഗ്രഹിക്കുന്നില്ല. തന്നിമിത്തം നിങ്ങൾ പെട്ടെന്നു താൾ മറിക്കുന്നു. നിങ്ങൾക്കു വിചാരമില്ലെന്നല്ല, എന്നാൽ ഈ പെൺകുട്ടിയെ സംബന്ധിച്ചടത്തോളം ഗുണപ്പെടാനുള്ള സമയം വൈകിപ്പോയെന്നു നിങ്ങൾ വിചാരിക്കുന്നതുകൊണ്ടു നിങ്ങൾക്ക് ആശാഭംഗം തോന്നുന്നു. മെല്ലിച്ച അവയവങ്ങളും ഉന്തിയ വയറും അവളുടെ ശരീരം ഇപ്പോഴേ അതിനെത്തന്നെ വിഴുങ്ങിത്തുടങ്ങിയെന്നതിന്റെ സൂചനകളാണ്. നിങ്ങൾ അവളുടെ ചിത്രം കാണുമ്പോഴേക്ക് അവൾ മരിച്ചുകഴിഞ്ഞിരിക്കാനിടയുണ്ട്. അതിലും വേദനാജനകം, അവളുടേതു തീർത്തും ഒററപ്പെട്ട ഒരു കേസല്ലെന്നുള്ള നിങ്ങളുടെ അറിവാണ്.
പ്രശ്നം എത്ര വിപുലമാണ്? ശരി, നിങ്ങൾക്ക് ഒരു കോടി 40 ലക്ഷം കുട്ടികളെ വിഭാവന ചെയ്യാൻ കഴിയുമോ? നമ്മിൽ അധികംപേർക്കും കഴികയില്ല; ആ സംഖ്യ ഭാവനയിൽ കാണാൻ കഴിയാത്തവണ്ണം കേവലം വളരെ ഉയർന്നതാണ്. അപ്പോൾ, 40,000 പേർക്ക് ഇരിക്കാവുന്ന ഒരു സ്റേറഡിയത്തെക്കുറിച്ചു സങ്കല്പിക്കുക. ഇനി അതു കുട്ടികളെക്കൊണ്ടു നിറഞ്ഞിരിക്കുന്നതായി സങ്കല്പിക്കുക—നിരനിരയായി, തട്ടുകൾക്കുമീതെ തട്ടുകളിലായി മുഖങ്ങളുടെ ഒരു പാരാവാരം. അതുപോലും വിഭാവന ചെയ്യുക പ്രയാസമാണ്. എന്നിരുന്നാലും, മൊത്തം ഒരു കോടി 40 ലക്ഷം കുട്ടികൾക്ക് ഇരിക്കാൻ അത്തരം 350 സ്റേറഡിയം വേണം. യുനിസെഫ് (കുട്ടികൾക്കായുള്ള ഐക്യരാഷ്ട്രഫണ്ട്) പറയുന്നപ്രകാരം വികസ്വര രാജ്യങ്ങളിൽ ഓരോ വർഷവും വികലപോഷണത്താലും അനായാസം തടയാവുന്ന രോഗങ്ങളാലും മരിക്കുന്ന അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ നടുക്കുന്ന സംഖ്യയാണത്. അത് ഓരോ ദിവസവും ഏതാണ്ട് ഒരു സ്റേറഡിയം നിറയെ കുട്ടികൾ മരിക്കുന്നതിനു സമമാണ്! പട്ടിണികിടക്കുന്ന മുതിർന്നവരുടെ എണ്ണവും ഇതിനോടു കൂട്ടുക, അപ്പോൾ നിങ്ങൾക്കു സ്ഥിരം വികലപോഷിതരായിരിക്കുന്നവരുടെ ഏതാണ്ടു നൂറുകോടി എന്ന ലോകവ്യാപക മൊത്തം ലഭിക്കുന്നു.
ഈ പട്ടിണിയെല്ലാം എന്തുകൊണ്ട്?
ഈ ഗ്രഹം മനുഷ്യർ ഇപ്പോൾ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഭക്ഷ്യം ഇക്കാലത്ത് ഉല്പാദിപ്പിക്കുന്നുണ്ട്, അതിനു കൂടുതൽ ഉത്പാദിപ്പിക്കാനുള്ള പ്രാപ്തിയുമുണ്ട്. എന്നിരുന്നാലും ഓരോ മിനിററിലും 26 കുട്ടികൾ വികലപോഷണത്താലും രോഗത്താലും മരണമടയുന്നു. അതേ മിനിററിൽതന്നെ, ലോകം യുദ്ധസന്നാഹങ്ങൾക്ക് ഏതാണ്ട് 20,00,000 ഡോളർ ചെലവഴിക്കുന്നു. ആ പണത്തിനെല്ലാം, അല്ലെങ്കിൽ അതിന്റെ ഒരു അംശത്തിനെങ്കിലും, ആ 26 കുട്ടികൾക്കുവേണ്ടി എന്തു ചെയ്യാൻ കഴിയുമെന്നു നിങ്ങൾക്കു സങ്കല്പിക്കാൻ കഴിയുമോ?
ലോകവിശപ്പിനു കേവലം ഭക്ഷ്യത്തിന്റെയോ പണത്തിന്റെയോ കുറവിനെ പഴിചാരാൻ കഴികയില്ല. പ്രശ്നം വളരെയധികം അഗാധസ്ഥിതമാണ്. ഒരു അർജൻറീനാക്കാരൻ പ്രൊഫസ്സറായ ഹോറാ ഈ. ഹാർഡോയ് പ്രസ്താവിച്ച പ്രകാരം, “പൊതുവേ ലോകത്തിന്, സുഖവും അധികാരവും സമയവും വിഭവങ്ങളും അറിവും കൂടുതൽ ആവശ്യമുള്ളവർക്ക് അവ പങ്കുവെക്കുന്നതിനുള്ള ഒരു പഴകിയ അപ്രാപ്തി ഉണ്ട്.” അതെ, പ്രശ്നം സ്ഥിതിചെയ്യുന്നതു മമനുഷ്യന്റെ വിഭവങ്ങളിലല്ല, പിന്നെയോ മനുഷ്യനിൽതന്നെയാണ്. അത്യാഗ്രഹവും സ്വാർത്ഥതയുമാണു മനുഷ്യസമൂഹത്തിൽ ആധിപത്യം പുലർത്തുന്ന ശക്തികൾ എന്നു തോന്നുന്നു. ലോക ജനസംഖ്യയുടെ അതിസമ്പന്നമായ അഞ്ചിലൊന്ന് അതിദരിദ്രമായ അഞ്ചിലൊന്ന് ആസ്വദിക്കുന്നതിന്റെ 60 ഇരട്ടി വസ്തുക്കളും സേവനങ്ങളും ആസ്വദിക്കുന്നു.
ചിലർ വിശക്കുന്നവർക്ക് ആഹാരമെത്തിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്നുവെന്നതു സത്യംതന്നെ, എന്നാൽ അവരുടെ മിക്ക ശ്രമങ്ങളും അവരുടെ നിയന്ത്രണത്തിനതീതമായ ഘടകങ്ങളാൽ ഫലപ്രദമല്ലാതായിത്തീരുകയാണ്. മിക്കപ്പോഴും ആഭ്യന്തരയുദ്ധത്താലോ വിപ്ലവത്താലോ ശിഥിലമാക്കപ്പെടുന്ന രാജ്യങ്ങളെ ക്ഷാമം ബാധിക്കുന്നു. എതിർസൈന്യങ്ങൾ ദുരിതാശ്വാസത്തിനുള്ള വസ്തുക്കൾ ഞെരുക്കമനുഭവിക്കുന്നവരിൽ എത്തിച്ചേരുന്നതിൽനിന്നു തടയുന്നത് അസാധാരണമല്ല. ശത്രുവിന്റെ പ്രദേശത്തു പട്ടിണികിടക്കുന്ന പൗരൻമാരിലേക്കു ഭക്ഷ്യം എത്തിച്ചേരാൻ അനുവദിക്കുന്നതിനാൽ തങ്ങൾ ശത്രുക്കളെ പോഷിപ്പിക്കുകയായിരിക്കും ചെയ്യുന്നതെന്ന് ഇരുപക്ഷങ്ങളും ഭയപ്പെടുന്നു. ഗവൺമെൻറുകൾതന്നെ പട്ടിണിയെ ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നു.
പരിഹാരമില്ലേ?
നിർഭാഗ്യവശാൽ, പട്ടിണികിടക്കുന്ന ദശലക്ഷങ്ങളുടെ പ്രശ്നം അശേഷവും ആധുനിക മനുഷ്യനെ അലട്ടുന്ന ഏക പ്രതിസന്ധിയായിരിക്കുന്നില്ല. പരിസരത്തിന്റെ വ്യാപകമായിരിക്കുന്ന വിനാശവും വിഷംകലർത്തലും, ദശലക്ഷക്കണക്കിനു ജീവനെ വിഴുങ്ങിക്കളയുന്ന വിട്ടുമാറാത്ത യുദ്ധബാധയും, എല്ലായിടത്തും ഭയവും അവിശ്വാസവും ജനിപ്പിക്കുന്ന അക്രമാസക്ത കുററകൃത്യങ്ങളാകുന്ന പകർച്ചവ്യാധിയും, ഈ തിൻമകളിലനേകത്തിന്റെയും മൂലകാരണമാണെന്നു തോന്നുന്ന സദാ അധഃപതിച്ചുകൊണ്ടിരിക്കുന്ന ധാർമ്മിക കാലാവസ്ഥയും—ഒരു വിധത്തിൽ പറഞ്ഞാൽ ഈ പ്രതിസന്ധികളെല്ലാം ഒത്തുചേരുകയും മനുഷ്യനു സ്വയം വിജയകരമായി ഭരിക്കാൻ കഴിയില്ലെന്നുള്ള അവിതർക്കിതമായ സത്യത്തെ സ്ഥിരീകരിക്കുകയുമാണ്.
അതുകൊണ്ടാണു ലോകപ്രശ്നങ്ങൾക്ക് ഒരു പരിഹാരം കാണുന്നതിൽ അനേകർ നിരാശിതരായിരിക്കുന്നതെന്നുള്ളതിനു സംശയമില്ല. മററു ചിലർ തുടക്കത്തിൽ പറഞ്ഞ ഇററലിക്കാരൻ പ്രൊഫസ്സർ ഔറേലിയോ പെക്കേയേപ്പോലെ വിചാരിക്കുന്നു. ഒരു പരിഹാരം ഉണ്ടാകണമെങ്കിൽ, അത് അസാധാരണമായ—ഒരുപക്ഷേ മനുഷ്യാതീതംപോലുമായ—ഉറവിൽനിന്നു വരണമെന്ന് അവർ ന്യായവാദം ചെയ്യുന്നു. തന്നിമിത്തം ഒരു മിശിഹായുടെ സങ്കല്പനത്തിനു ശക്തമായ ആകർഷണമുണ്ട്. എന്നാൽ ഒരു മിശിഹായിൽ പ്രത്യാശ വെക്കുന്നതു പ്രായോഗികമാണോ? അതോ അത്തരം പ്രത്യാശ ഒരു വ്യാമോഹചിന്ത മാത്രമാണോ?
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Cover photos: Top: U.S. Naval Observatory photo; Bottom: NASA photo
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
WHO photo by P. Almasy
[4-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
WHO photo by P. Almasy
U.S. Navy photo