എബ്രായ ബൈബിൾ കൈയെഴുത്തുപ്രതിയുടെ ഒരു മാതൃക
ആയിരത്തിത്തൊള്ളായിരത്തി നാൽപ്പത്തിയേഴിൽ ചാവുകടൽ ചുരുളുകൾ കണ്ടെത്തുന്നതുവരെ—ഏതാനും ചില ശകലങ്ങൾ ഒഴിച്ചാൽ—ഏററം പഴക്കമുള്ളതായി അറിയപ്പെട്ടിരുന്ന എബ്രായ ബൈബിളിന്റെ കൈയെഴുത്തുപ്രതികൾ പൊ.യു. (പൊതുയുഗം) 9 മുതൽ 11 വരെയുള്ള നൂററാണ്ടുകളിൽ നിന്നുള്ളവയായിരുന്നു. അത് ഏകദേശം ആയിരം വർഷം മുമ്പു മാത്രമായിരുന്നു. ബൈബിളിന്റെ എബ്രായ പാഠം സംബന്ധിച്ച് 1947-നു മുമ്പു നമുക്കു നിശ്ചയമില്ലായിരുന്നു എന്നാണോ ഇതിന്റെ അർത്ഥം? പുരാതന എബ്രായ കൈയെഴുത്തുപ്രതികൾ ഇത്ര കുറച്ചു മാത്രമുണ്ടായിരുന്നത് എന്തുകൊണ്ടാണ്?
രണ്ടാമത്തെ ചോദ്യം നമുക്ക് ആദ്യം പരിഗണിക്കാം. യാഥാസ്ഥിതിക യഹൂദ്യ വ്യവസ്ഥയനുസരിച്ച് ഉപയോഗിക്കാൻ കൊള്ളാത്തവണ്ണം പഴകിയ ബൈബിൾ കൈയെഴുത്തുപ്രതികൾ ഒരു ഗെനേസയിൽ അഥവാ സിന്നഗോഗിലെ ഒരു സംഭരണശാലയിൽ അടച്ചു സൂക്ഷിച്ചിരുന്നു. പിന്നീട് അങ്ങനെ സൂക്ഷിക്കപ്പെട്ട പഴകിയ കൈയെഴുത്തുപ്രതികൾ പുറത്തു കൊണ്ടുപോയി കുഴിച്ചു മൂടിയിരുന്നു. തിരുവെഴുത്തുകൾ അശുദ്ധമാക്കപ്പെടുകയോ ദുരുപയോഗിക്കപ്പെടുകയോ ചെയ്യാതിരിക്കാൻ വേണ്ടിയായിരുന്നു യഹൂദൻമാർ അപ്രകാരം ചെയ്തത്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവയിൽ ദൈവത്തിന്റെ വിശുദ്ധ നാമത്തെ പ്രതിനിധാനം ചെയ്യുന്ന ചതുരക്ഷരങ്ങൾ ഉണ്ടായിരുന്നു, അതു മലയാളത്തിൽ “യഹോവ” എന്ന രൂപത്തിലാണ് ഉപയോഗിക്കപ്പെടുന്നത്.
“കിരീടം”
മിക്കവാറും എല്ലാ പുരാതന എബ്രായപാഠങ്ങളും ആദിമകാലം മുതൽ വിശ്വസ്തമായിത്തന്നെ പിൻതലമുറക്കാർക്കു ലഭിച്ചിരിക്കുന്നു. ഉദാഹരണത്തിന് ആദിയിൽ എബ്രായ തിരുവെഴുത്തുകൾ അഥവാ “പഴയനിയമം” മുഴുവൻ ഉണ്ടായിരുന്നതും കെതേർ, “കിരീടം” എന്നറിയപ്പെട്ടിരുന്നതുമായ ഒരു സുപ്രധാന എബ്രായ കൈയെഴുത്തുപ്രതിയുണ്ടായിരുന്നു. മുഖ്യമായി മുസ്ലീങ്ങൾ പാർത്തിരുന്ന ഒരു പട്ടണമായ സിറിയയിലെ അലേപ്പോയിലെ ഒരു ചെറിയ യഹൂദസമൂഹത്തിന്റെ ഏററം പഴക്കമുള്ള സിന്നഗോഗിലാണ് അതു കാത്തുസൂക്ഷിക്കപ്പെട്ടിരുന്നത്. നേരത്തേ അതു യെരൂശലേമിലെ കാരയിററ് യഹൂദൻമാരുടെ കൈവശമായിരുന്നു. എന്നാൽ 1099-ൽ കുരിശുയുദ്ധക്കാർ അതു പിടിച്ചെടുത്തു. പിന്നീട് ആ കൈയെഴുത്തുപ്രതി വീണ്ടെടുക്കപ്പെടുകയും ഈജിപ്ററിലെ പുരാതന കൈറോയിലേക്ക് കൊണ്ടുപോകപ്പെടുകയും ചെയ്തു. അതു 15-ാം നൂററാണ്ടിലെങ്കിലും അലേപ്പോയിൽ എത്തിച്ചേരുകയും പിൽക്കാലത്ത് അലേപ്പോ കോഡെക്സ് എന്ന പേരിൽ അറിയപ്പെടാൻ ഇടയാകുകയും ചെയ്തു. പൊ.യു. 930 വരെയെങ്കിലും പഴക്കമുള്ള ഈ കൈയെഴുത്തുപ്രതി അതിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ മസ്സോറെററിക് പാണ്ഡിത്യത്തിന്റെ കിരീടമായി പരിഗണിക്കപ്പെട്ടിരുന്നു. ബൈബിൾ പാഠങ്ങൾ പകർത്തിയെഴുതുന്നതിൽ എത്രത്തോളം ശ്രദ്ധ ചെലുത്തിയിരുന്നുവെന്നു കാണിക്കുന്ന ഒരു നല്ല ഉദാഹരണമാണത്. വാസ്തവമായും അത് എബ്രായ കൈയെഴുത്തുപ്രതികളുടെ ഒരു മാതൃക തന്നെ.
കുറച്ചുകൂടെ ആധുനികമായ നാളുകളിൽ ശ്രദ്ധേയമായ ഈ കൈയെഴുത്തുപ്രതിയുടെ സൂക്ഷിപ്പുകാർ തങ്ങളുടെ ആ വിശുദ്ധ വസ്തു അശുദ്ധമാക്കപ്പെടുമെന്ന അന്ധവിശ്വാസപരമായ ഭയത്താൽ പണ്ഡിതൻമാരെ അതു പരിശോധിക്കാൻ അനുവദിക്കുമായിരുന്നില്ല. മാത്രവുമല്ല ഒരു താളിന്റെ മാത്രം ഫോട്ടോ എടുക്കാനേ കഴിഞ്ഞിട്ടുള്ളു എന്നതിനാൽ പഠനത്തിനായി ഒരു ശരിപ്പകർപ്പു പ്രസിദ്ധീകരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
ബ്രിട്ടീഷുകാർ 1948-ൽ പാലസ്തീനിൽനിന്നു പിൻവാങ്ങിയപ്പോൾ അലേപ്പോയിൽ യഹൂദൻമാർക്കെതിരെ ലഹളകൾ പൊട്ടിപ്പുറപ്പെട്ടു. അവരുടെ സിന്നഗോഗ് ചുട്ടെരിക്കപ്പെട്ടു; അമൂല്യമായ ആ കോഡെക്സ് അപ്രത്യക്ഷമായി, അതു നശിപ്പിക്കപ്പെട്ടുവെന്നു കരുതപ്പെടുകയും ചെയ്തു. അതിന്റെ മുക്കാൽഭാഗവും രക്ഷപെട്ടെന്നും സിറിയയിൽ നിന്നു യെരൂശലേമിലേക്ക് ഒളിച്ചു കടത്തപ്പെട്ടുവെന്നും പത്തു വർഷങ്ങൾക്കു ശേഷം അറിഞ്ഞപ്പോൾ അത് എത്ര ആശ്ചര്യജനകമായിരുന്നു! ആയിരത്തിത്തൊള്ളായിരത്തിഎഴുപത്തിയാറിൽ അതിന്റെ പൂർണ്ണ വർണ്ണത്തിലുള്ള തനിപ്പകർപ്പിന്റെ 500 പ്രതികൾ പുറത്തിറക്കപ്പെട്ടു.
ഒരു വിദഗ്ദ്ധന്റെ കരവേല
ഈ കൈയെഴുത്തുപ്രതി വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്? പൊ.യു. ഏതാണ്ടു 930-ാമാണ്ടിൽ ഒരു പ്രശസ്ത പണ്ഡിതനും എബ്രായ ബൈബിളിന്റെ ഒരു പകർപ്പെഴുത്തു വിദഗ്ദ്ധനുമായിരുന്ന ഏറൻ ബെൻ ആശേർ വ്യജ്ഞനാക്ഷരങ്ങൾ മാത്രം ഉപയോഗിച്ച് എഴുതിയിരുന്ന അതിന്റെ മൂലപാഠം തെററുതിരുത്തുകയും ആവശ്യമായ ചിഹ്നനങ്ങൾ ഉപയോഗിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് അത് അത്രതന്നെ വിദഗ്ദ്ധരല്ലാഞ്ഞ ഭാവി പകർപ്പെഴുത്തുകാർക്കു പകർത്താൻ പററിയ ഒരു മാതൃകാ കോഡെക്സ് ആയിരുന്നു.
മൂലകൃതി 380 താളുകൾ (760 പേജുകൾ) ചേർന്നുള്ളതായിരുന്നു. അതു പൊതുവേ തുകൽ താളുകളിൽ മൂന്നു കോളങ്ങളായി എഴുതപ്പെട്ടിരുന്നു. ഇപ്പോൾ 294 താളുകളാണുള്ളത്, പഞ്ചഗ്രന്ഥിയിൽ അധികഭാഗവും വിലാപങ്ങൾ, ഉത്തമഗീതം, ദാനിയേൽ, എസ്ഥേർ, എസ്രാ, നെഹെമ്യാവ് എന്നിവ ഉൾപ്പെടുന്ന അവസാനഭാഗവും നഷ്ടമായിരിക്കുന്നു. തിരുവെഴുത്തുകളുടെ പുതിയലോകഭാഷാന്തരം—പരാമർശനങ്ങളോടുകൂടിയ ബൈബിളിൽ അതിന് “Al” എന്ന ചിഹ്നമാണുപയോഗിച്ചിരിക്കുന്നത്. (യോശുവ 21:37, അടിക്കുറിപ്പ്) പന്ത്രണ്ടാം നൂററാണ്ടിലെ ഒരു പ്രശസ്ത മദ്ധ്യയുഗ യഹൂദപണ്ഡിതനായ (നിങ്ങൾ ചിത്രത്തിൽ കാണുന്ന) മോസസ്സ് മൈമോണിഡസ്, താൻ കണ്ടിട്ടുള്ളതിൽ ഏററം നല്ല കോഡക്സ് അലേപ്പോ കോഡെക്സാണെന്നു പ്രഖ്യാപിച്ചു.a
പതിമൂന്നുമുതൽ പതിനഞ്ചുവരെയുള്ള നൂററാണ്ടുകളിൽ കൈകൊണ്ടു പകർത്തിയെഴുതപ്പെട്ട എബ്രായപാഠങ്ങൾ ബെൻ ആശേർ ബെൻ നഫ്താലി എന്നീ രണ്ടു പ്രമുഖ മസ്സോറെററിക് പാഠങ്ങളിൽ നിന്നു പകർത്തിയെഴുതപ്പെട്ടവയായിരുന്നു. പതിനാറാം നൂററാണ്ടിൽ ജേക്കബ് ബെൻ ഹെയിം എന്നയാൾ ഈ സമ്മിശ്ര പാരമ്പര്യങ്ങളിൽനിന്ന് അച്ചടിക്കാനുള്ള ഒരു എബ്രായ ബൈബിളിന്റെ പാഠം രൂപപ്പെടുത്തി. അതു തുടർന്നുള്ള 400 വർഷങ്ങളിൽ അച്ചടിക്കപ്പെട്ട ഏതാണ്ട് എല്ലാ എബ്രായ ബൈബിളുകളുടെയും അടിസ്ഥാനമായിത്തീർന്നു.
ആയിരത്തിത്തൊള്ളായിരത്തിമുപ്പത്തിയേഴിൽ ബിബ്ലിയ ഹെബ്രായിക്കയുടെ (അച്ചടിച്ച എബ്രായപാഠം) മൂന്നാം പതിപ്പിറക്കിയപ്പോൾ അതിന് ലെനിൻഗ്രാഡ് B 19A എന്ന പേരിൽ റഷ്യയിൽ സൂക്ഷിച്ചിരുന്ന ബെൻ ആശേർ പാരമ്പര്യപ്രകാരമുള്ള കൈയെഴുത്തുപ്രതി ഉപയോഗിക്കപ്പെട്ടു. ലെനിൻഗ്രാഡ് B 19A പൊ.യു. 1008-ലേതാണ്. കുറേക്കാലംകൊണ്ട് അലേപ്പോ എബ്രായ പാഠവും അതോടൊപ്പം ചാവുകടൽ ചുരുളുകൾ ഉൾപ്പെടെ മറെറല്ലാ പ്രധാനപ്പെട്ട കൈയെഴുത്തുപ്രതികളും പാഠദേഭങ്ങളും പ്രസിദ്ധീകരിക്കാൻ യെരൂശലേമിലെ ഹീബ്രൂ യൂണിവേഴ്സിററി പദ്ധതിയിടുന്നുണ്ട്.
ഇന്നു നാം ഉപയോഗിക്കുന്ന ബൈബിൾപാഠം ആശ്രയയോഗ്യമാണ്. അതു ദൈവനിശ്വസ്തവും വളരെ വിദഗ്ദ്ധരായ പകർപ്പെഴുത്തുകാരാൽ നൂററാണ്ടുകളിലൂടെ കൈമാറിക്കിട്ടിയിട്ടുള്ളതുമാണ്. ആയിരത്തിത്തൊള്ളായിരത്തിനാല്പത്തിയേഴിൽ ചാവുകടലിനു സമീപം കണ്ടെത്തിയ യെശയ്യാ ചുരുളുകൾ ഇന്നുള്ള ഏററം പഴക്കമേറിയ മസോറെററിക് ബൈബിളിനേക്കാൾ ആയിരത്തിലധികം വർഷം പഴക്കമേറിയതാണെങ്കിലും അവ തമ്മിലുള്ള ഒരു താരതമ്യപഠനം ആശ്ചര്യകരമാംവണ്ണം കുറച്ചു വ്യത്യാസങ്ങളേ കാണിക്കുന്നുള്ളു എന്നതു പകർപ്പെഴുത്തുകാരുടെ ഭാഗത്ത് അങ്ങേയററത്തെ ശ്രദ്ധയുണ്ടായിരുന്നു എന്നാണു പ്രകടമാക്കുന്നത്. ഇപ്പോൾ പണ്ഡിതൻമാർക്ക് അലേപ്പോ കോഡെക്സ് ലഭ്യമായിരിക്കുന്നതിനാൽ അത് എബ്രായ തിരുവെഴുത്തുപാഠങ്ങളുടെ ആധികാരികത സംബന്ധിച്ചു ആത്മവിശ്വാസമുണ്ടായിരിക്കുന്നതിനു കൂടുതൽ കാരണം നൽകുന്നു. വാസ്തവമായും, “നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനിൽക്കും.”—യെശയ്യാവ് 40:8.
[അടിക്കുറിപ്പ്]
a അലേപ്പോ കോഡെക്സ്, ബെൻ ആശേർ ചിഹ്നനങ്ങളോടെ തയ്യാറാക്കിയ കൈയെഴുത്തുപ്രതിയാണ് എന്നുള്ളതിനെ കുറേക്കാലത്തേക്ക് ചില പണ്ഡിതൻമാർ സംശയിച്ചു. എന്നിരുന്നാലും കോഡെക്സ് പഠനത്തിനു ലഭ്യമായ ശേഷം മൈമോണിഡസ് പറഞ്ഞ യഥാർത്ഥ ബെൻ ആശേർ കൈയെഴുത്തുപ്രതി ഇതു തന്നെയാണെന്നുള്ളതിനു കൂടുതലായ തെളിവുകൾ ലഭിച്ചുകൊണ്ടിരിക്കുന്നു.
[28-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Bibelmuseum, Münster
[29-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Jewish Division / The New York Public Library / Astor, Lenox, and Tilden Foundations