എന്താണു മാസൊരിറ്റിക് ഗ്രന്ഥം?
നിങ്ങൾ ഏതു ഭാഷയിൽ ബൈബിൾ വായിച്ചാലും മാസൊരിറ്റിക് ഗ്രന്ഥത്തിൽനിന്നു നേരിട്ടോ പരോക്ഷമായോ പരിഭാഷപ്പെടുത്തിയ ഭാഗം അതിലുണ്ടായിരിക്കാനുള്ള സാധ്യതയുണ്ട്. എബ്രായ തിരുവെഴുത്തുകൾ, അഥവാ “പഴയ നിയമം” ആണു മാസൊരിറ്റിക് ഗ്രന്ഥത്തിലുള്ളത്. യഥാർഥത്തിൽ, ഒന്നിൽക്കൂടുതൽ മാസൊരിറ്റിക് ഗ്രന്ഥങ്ങളുണ്ടായിരുന്നു. അതുകൊണ്ട് അതിലേത്, എന്തുകൊണ്ട് തിരഞ്ഞെടുത്തു? വാസ്തവത്തിൽ, എന്താണു മാസൊരിറ്റിക് ഗ്രന്ഥം? അതു വിശ്വാസയോഗ്യമാണെന്നു നമുക്ക് എങ്ങനെ അറിയാം?
യഹോവയുടെ വചനം
പൊ.യു.മു. 1513-ൽ സീനായ് മലയിൽവെച്ച് ബൈബിളെഴുത്ത് ആരംഭിച്ചു. പുറപ്പാടു 24:3, 4 നമ്മോടു പറയുന്നു: “മോശെ വന്നു യഹോവയുടെ വചനങ്ങളും ന്യായങ്ങളും എല്ലാം ജനത്തെ അറിയിച്ചു. യഹോവ കല്പിച്ച സകലകാര്യങ്ങളും ഞങ്ങൾ ചെയ്യും എന്നു ജനമൊക്കെയും ഏകശബ്ദത്തോടെ ഉത്തരം പറഞ്ഞു. മോശെ യഹോവയുടെ വചനങ്ങളൊക്കെയും എഴുതി.”
പൊ.യു.മു. 1513 മുതൽ ഏതാണ്ട് പൊ.യു.മു. 443 വരെ, അതായത് ആയിരത്തിലധികം വർഷത്തോളം, എബ്രായ തിരുവെഴുത്തുകളുടെ എഴുത്തു തുടർന്നുപോന്നു. ദൈവം എഴുത്തുകാരെ നിശ്വസ്തരാക്കിയതുകൊണ്ട്, അവൻതന്നെ തന്റെ സന്ദേശത്തെ വിശ്വസ്തതയോടെ സൂക്ഷിക്കുന്നതിനു കാര്യാദികളെ നിയന്ത്രിക്കുമെന്നതു ന്യായയുക്തമാണ്. (2 ശമൂവേൽ 23:2; യെശയ്യാവു 40:8) എന്നുവരികിലും, പകർപ്പെഴുത്തു നടത്തുമ്പോൾ, ഒരൊററ അക്ഷരത്തിനുപോലും മാററംവരാത്തവിധം മനുഷ്യൻ വരുത്താവുന്ന സകല തെററുകളെയും യഹോവ ഒഴിവാക്കുമെന്ന് ഇതിന് അർഥമുണ്ടോ?
തെററുപറ്റാനുള്ള ചെറിയ സാധ്യതയുണ്ടായിരുന്നു
ദൈവവചനത്തോട് ആഴമായ ആദരവുണ്ടായിരുന്ന മനുഷ്യരാണു തലമുറകളോളം പകർപ്പെഴുത്തു നടത്തിയതെങ്കിലും മാനുഷികമായ തെററുകൾ ചെറിയ തോതിൽ കയ്യെഴുത്തുപ്രതികളിൽ കടന്നുകൂടി. ബൈബിളെഴുത്തുകാർ നിശ്വസ്തരായിരുന്നു, എന്നാൽ പകർപ്പെഴുത്തുകാർ തങ്ങളുടെ വേല നിർവഹിച്ചതു ദിവ്യനിശ്വസ്തയിൻ കീഴിലായിരുന്നില്ല.
പൊ.യു.മു. 537-ൽ ബാബിലോന്യ പ്രവാസത്തിൽനിന്നു തിരിച്ചെത്തിയശേഷം, യഹൂദൻമാർ ഒരു നൂതന എഴുത്തുശൈലി സ്വീകരിച്ചു. ബാബിലോനിൽവെച്ച് അവർ പഠിച്ച ഈ ശൈലി സമചതുരാക്ഷരങ്ങൾ ഉപയോഗിച്ചുള്ളതായിരുന്നു. ഈ വൻമാററം അതോടൊപ്പം അന്തർലീനമായ ഒരു പ്രശ്നം വരുത്തിവെച്ചു, അതായത് സാമ്യമുള്ള ചില അക്ഷരങ്ങൾ പരസ്പരം മാറി ഉപയോഗിക്കാനുള്ള സാധ്യത വന്നു. വ്യഞ്ജനത്തിൽ അധിഷ്ഠിതമായ ഒരു ഭാഷയായിരുന്നു എബ്രായ ഭാഷ. സാഹചര്യം മനസ്സിലാക്കി വായനക്കാരനാണു സ്വരാക്ഷരങ്ങൾ ചേർക്കുക. അതിനാൽ, ഒരു വ്യഞ്നാക്ഷരം മാറിപ്പോയാൽ അതു പദത്തിന്റെ അർഥത്തെ എളുപ്പം ബാധിക്കും. എന്നുവരികിലും, മിക്കതിന്റെയും കാര്യത്തിൽ, അത്തരം തെററുകൾ കണ്ടെത്തി തിരുത്താനാവുമായിരുന്നു.
ബാബിലോന്റെ വീഴ്ചയ്ക്കുശേഷം, യഹൂദൻമാരിൽ ഏറിയപങ്കും ഇസ്രായേലിലേക്കു മടങ്ങിപ്പോയില്ല. അങ്ങനെ, മധ്യപൂർവദേശത്തും യൂറോപ്പിലും യഹൂദസമുദായത്തിൽപ്പെട്ടവർക്കു സിനഗോഗുകൾ ആത്മീയ കേന്ദ്രങ്ങളായിത്തീർന്നു.a ഓരോ സിനഗോഗിനും തിരുവെഴുത്തുചുരുളുകൾ ആവശ്യമായിവന്നു. കോപ്പികൾ പെരുകിയതോടെ, പകർപ്പെഴുത്തുകാർ വരുത്തിയേക്കാമായിരുന്ന തെററുകൾക്കുള്ള സാധ്യതയും കൂടി.
തെററുകൾക്കുള്ള പഴുതുകൾ അടയ്ക്കാനുള്ള ശ്രമങ്ങൾ
മറെറല്ലാ എബ്രായ തിരുവെഴുത്തു ചുരുളുകളും തിരുത്താൻ കഴിയേണ്ടതിന് ഒരു സർവോത്തമ ഗ്രന്ഥം ഉണ്ടാക്കാൻ പൊ.യു. ഒന്നാം നൂററാണ്ടു മുതൽ യെരുശലേമിലെ ശാസ്ത്രിമാർ ശ്രമിച്ചു. എങ്കിലും, ഒരു പാഠത്തിന്റെ മൂലവും പകർപ്പെഴുത്തുകാർ വരുത്തിയ തെററുകളുള്ള കയ്യെഴുത്തുപ്രതികളും തമ്മിൽ വേർതിരിക്കുന്നതിന് ഒരു സുനിശ്ചിത നടപടിക്രമം അതിനില്ലായിരുന്നു. അതുവരെ ഔദ്യോഗികമായി സ്ഥാപിക്കപ്പെട്ടിരുന്നില്ലെങ്കിലും എബ്രായ തിരുവെഴുത്തുകളുടെ വ്യഞ്ജനാധിഷ്ഠിത ഗ്രന്ഥം പൊ.യു. രണ്ടാം നൂററാണ്ടുമുതൽ മിക്കവാറും പ്രമാണീകരിക്കപ്പെട്ടതായി തോന്നുന്നു. തൽമൂദിൽ കാണപ്പെടുന്ന എബ്രായ തിരുവെഴുത്ത് ഉദ്ധരണികൾ (പൊ.യു. രണ്ടാം നൂററാണ്ടിനും ആറാം നൂററാണ്ടിനും ഇടയിൽ സമാഹരിക്കപ്പെട്ടത്) മാസൊരിറ്റിക് ഗ്രന്ഥം എന്ന് പിന്നീട് അറിയപ്പെട്ട ഗ്രന്ഥത്തിൽനിന്നു വ്യത്യസ്തമായ മറേറതോ ഗ്രന്ഥത്തിൽനിന്നാണ് എടുക്കപ്പെട്ടിട്ടുള്ളത് എന്നു പലപ്പോഴും സൂചിപ്പിക്കുന്നു.
എബ്രായയിൽ “പാരമ്പര്യം” എന്നതിനുള്ള പദം മസര അഥവാ മസരെത് എന്നാണ്. പൊ.യു. ആറാം നൂററാണ്ടായപ്പോഴേക്കും എബ്രായ തിരുവെഴുത്തുകൾ കൃത്യമായി പകർത്തിയെഴുതുന്ന പാരമ്പര്യം മുറുകെപ്പിടിച്ചിരുന്നവർ മാസൊരിററുകാർ എന്ന് അറിയപ്പെടാൻ തുടങ്ങി. അവർ ഉണ്ടാക്കിയ പകർപ്പുകളെയാണു മാസൊരിറ്റിക് ഗ്രന്ഥങ്ങൾ എന്നു പരാമർശിക്കുന്നത്. അവരുടെ പ്രവർത്തനത്തിനും അവർ തയ്യാറാക്കിയ ഗ്രന്ഥത്തിനും എന്തു പ്രത്യേകതയാണുണ്ടായിരുന്നത്?
പ്രചാരത്തിലിരിക്കുന്ന രാഷ്ട്രഭാഷ എന്നനിലയിൽ എബ്രായ ഭാഷയ്ക്കുണ്ടായിരുന്ന സ്ഥാനം നഷ്ടപ്പെട്ടിരുന്നു. യഹൂദൻമാർ അതൊട്ടു മേലാൽ സംസാരിക്കുന്നുമില്ലായിരുന്നു. അതുകൊണ്ട്, വ്യഞ്ജനാധിഷ്ഠിത ബൈബിൾ ഗ്രന്ഥത്തിന്റെ കൃത്യമായ ഗ്രാഹ്യംതന്നെ അപകടാവസ്ഥയിലായി. അങ്ങനെ സംഭവിക്കാതിരിക്കാൻ, ബിന്ദുക്കളും ചെറുവരകളുംകൊണ്ടു സ്വരാക്ഷരങ്ങളെ സൂചിപ്പിക്കുന്ന ഒരു സമ്പ്രദായം മാസൊരിററുകാർ വികസിപ്പിച്ചെടുത്തു. വ്യഞ്നങ്ങളുടെ താഴെയും മേലെയുമായി അവയെ വെച്ചു. വിരാമചിഹ്നങ്ങളുടെ ഒരു രൂപമായും കൂടുതൽ കൃത്യമായ ഉച്ചാരണത്തിനുള്ള ഒരു സഹായിയായും ഉതകിയ ചിഹ്നങ്ങൾകൊണ്ടുള്ള ഒരു സങ്കീർണ സമ്പ്രദായവും മാസൊരിററുകാർ വികസിപ്പിച്ചെടുത്തു.
മുൻതലമുറയിലെ ശാസ്ത്രിമാർ മാററങ്ങൾ വരുത്തിയിട്ടുണ്ടെന്നോ തെററായി പകർത്തിയിട്ടുണ്ടെന്നോ തോന്നിയിടങ്ങളിൽ, ആ ഭാഗം മാററുന്നതിനുപകരം വശങ്ങളിലെ മാർജിനിൽ മാസൊരിററുകാർ കുറിപ്പുകൾ എഴുതിവെച്ചു. അസാധാരണ പദരൂപങ്ങളും പദസമുച്ചയങ്ങളും, കൂടാതെ ഓരോ പുസ്തകത്തിലും, അല്ലെങ്കിൽ മുഴു എബ്രായ തിരുവെഴുത്തുകളിലും അവ എത്രപ്രാവശ്യം പ്രത്യക്ഷപ്പെടുന്നുണ്ടെന്നും അവർ കുറിച്ചുവെച്ചു. ഒത്തുനോക്കുന്നതിൽ പകർപ്പെഴുത്തുകാരെ സഹായിക്കുന്നതിനുള്ള കൂടുതലായ അഭിപ്രായങ്ങളും എഴുതിവെച്ചു. ഈ വിവരം അങ്ങേയററം ഹ്രസ്വമായി രേഖപ്പെടുത്തിവെക്കാനായി സംക്ഷിപ്ത “കോഡുകളു”ടെ സമ്പ്രദായം വികസിപ്പിച്ചെടുത്തു. മുകളിലും താഴെയുമുള്ള മാർജിനുകളിൽ, ചെറുതായൊരു കൺകോഡൻസുണ്ടായിരുന്നു. വശങ്ങളിലുള്ള മാർജിനുകളിൽ അഭിപ്രായപ്രകടനങ്ങൾ നടത്തിയിട്ടുള്ള ബന്ധപ്പെട്ട വാക്യഭാഗങ്ങൾ അതിൽ പട്ടികപ്പെടുത്തിയിരുന്നു.
ഏററവും പ്രശസ്തിയാർജിച്ച സമ്പ്രദായം അവസാന രൂപത്തിലേക്കു കൊണ്ടുവന്നതു ഗലീലാക്കടൽക്കരയിലുള്ള റൈറബേരിയസിലെ മാസൊരിററുകാരായിരുന്നു. പൊ.യു. ഒമ്പതും പത്തും നൂററാണ്ടുകളിലെ, സാധ്യതയനുസരിച്ച് കേരേററുകാരായ (Karaites), ബെൻ അഷറിന്റെയും ബെൻ നഫ്താലിയുടെയും കുടുംബങ്ങൾ വിശേഷിച്ചും പ്രമുഖരായിത്തീർന്നു.b ഈ രണ്ടു ചിന്താഗതിക്കാരുടെ ഉച്ചാരണവിധങ്ങൾക്കും കുറിപ്പുകൾക്കും വ്യത്യാസമുണ്ടായിരുന്നെങ്കിലും, അവരുടെ ഗ്രന്ഥങ്ങളിലെ വ്യഞ്ജനങ്ങളിൽ പത്തിൽ കുറഞ്ഞ വ്യത്യാസങ്ങളേ മുഴു എബ്രായ തിരുവെഴുത്തുകളിലുമായി ഉണ്ടായിരുന്നുള്ളു.
മാസൊരിററുകാരിലെ ബെൻ അഷർ ചിന്താഗതിക്കാരും ബെൻ നഫ്താലി ചിന്താഗതിക്കാരും തങ്ങളുടെ കാലഘട്ടത്തിലെ മൂലാനുസാര പാണ്ഡിത്യത്തിന് ഒരു വലിയ സംഭാവന ചെയ്തു. ബെൻ അഷർ ഗ്രന്ഥത്തെ മൈമോനിഡസ് (12-ാം നൂററാണ്ടിലെ, സ്വാധീനമുള്ള ഒരു തൽമൂദ് പണ്ഡിതൻ) പ്രശംസിച്ചതോടെ, അതിനു മററുള്ളവരുടെ സമ്പൂർണ പ്രതി ലഭിച്ചു. ഇന്നു യാതോരു ബെൻ നഫ്താലി കയ്യെഴുത്തുപ്രതികളും കണ്ടെത്താനാവാത്തവിധം അത്രയ്ക്കായിരുന്നു അതിനു ലഭിച്ച അംഗീകാരം. രണ്ടു ചിന്താഗതിക്കാരുടെയും വ്യത്യാസങ്ങൾ എന്തെല്ലാമായിരുന്നു എന്നതിന്റെ പട്ടികകൾമാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളു. വിരോധാഭാസമെന്നു പറയട്ടെ, ഖണ്ഡികകൾ തമ്മിലുള്ള അകലംപോലുള്ള എഴുത്തുശൈലികളുമായി ബന്ധപ്പെട്ടതായിരുന്നു മൈമോനിഡസിന്റെ അഭിപ്രായങ്ങൾ, അല്ലാതെ കൃത്യമായി ആശയം പകർത്തുകയെന്ന കൂടുതൽ പ്രധാനപ്പെട്ട വശങ്ങളെപ്പററിയായിരുന്നില്ല.
നമുക്ക് “ശുദ്ധ”മായൊരു മാസൊരിറ്റിക് ഗ്രന്ഥം കണ്ടെത്താനാവുമോ?
ഇന്നു ലഭ്യമായിട്ടുള്ള ഏതു കയ്യെഴുത്തു പുസ്തകമാണു “ശുദ്ധ” ബെൻ അഷർ ഗ്രന്ഥം എന്ന കാര്യത്തിൽ പണ്ഡിതൻമാരുടെ ഇടയിൽ വലിയ അഭിപ്രായവ്യത്യാസമുണ്ട്. “ശരിയായ” മാസൊരിറ്റിക് ഗ്രന്ഥം നമുക്ക് അങ്ങനെ ലഭിച്ചേക്കുമെന്നാകാം അവരുടെ ധാരണ. വാസ്തവത്തിൽ, അനുപമമായ, “ശുദ്ധ”മായ ഒന്ന്, ആധികാരികമായ ഒരു മാസൊരിറ്റിക് ഗ്രന്ഥം ഒരിക്കലും ഉണ്ടായിരുന്നിട്ടില്ല. മറിച്ച്, ഓരോന്നിനും മറേറതിൽനിന്നും അല്പസ്വല്പ വ്യത്യാസമുള്ള അനേകം മാസൊരിറ്റിക് ഗ്രന്ഥങ്ങൾ ഉണ്ടായിരുന്നു. നിലവിലുള്ള കയ്യെഴുത്തു പുസ്തകങ്ങളെല്ലാംതന്നെ ബെൻ അഷർ, ബെൻ നഫ്താലി എന്നീ പരിഭാഷയുടെ സങ്കരഗ്രന്ഥങ്ങളാണ്.
ഇന്ന് എബ്രായ തിരുവെഴുത്തുകളുടെ ഏതൊരു പരിഭാഷകനും ചെയ്യേണ്ടിവരുന്ന ശ്രമം ഭയങ്കരമാണ്. എബ്രായ തിരുവെഴുത്തുകളുമായി മാത്രമല്ല, പകർപ്പെഴുത്തുകാരിലൂടെയോ മററു വിധങ്ങളിലൂടെയോ എവിടെയെല്ലാം പാഠങ്ങൾക്കു മാററങ്ങൾ സംഭവിച്ചിരിക്കാമെന്നുള്ള ന്യായമായ സകല സാധ്യതകളുമായും അദ്ദേഹം പരിചിതനാകാൻ ശ്രമിക്കേണ്ടതുണ്ട്. വ്യത്യസ്ത മാസൊരിറ്റിക് ഗ്രന്ഥങ്ങൾ ഒരു അടിത്തറയായി ഉതകുമ്പോൾത്തന്നെ, വ്യഞ്ജനാധിഷ്ഠത ഗ്രന്ഥത്തിന്റെ കൂടുതൽ പുരാതനവും ഒരുപക്ഷേ കൂടുതൽ കൃത്യതയുള്ളതുമായ പരിഭാഷകളെ ന്യായയുക്തമായി പ്രതിനിധാനം ചെയ്യുന്ന സാധുവായ മററ് ഉറവിടങ്ങൾ അദ്ദേഹം പരിശോധിക്കേണ്ടയാവശ്യമുണ്ട്.
ഏൺസ്ററ് വൂർത്വീൻ തന്റെ ദ ടെക്സ്ററ് ഓഫ് ദി ഓൾഡ് ടെസ്ററമെൻറ് എന്ന പുസ്തകത്തിന്റെ മുഖവുരയിൽ ഇങ്ങനെ വിശദീകരിക്കുന്നു: “ദുഷ്കരമായ ഒരു ഭാഗം വരുമ്പോൾ, വ്യത്യസ്ത പരിഭാഷകൾ എടുത്തുവെച്ച് ഏററവും എളുപ്പമായ പരിഹാരമെന്നു തോന്നുന്ന, ചിലപ്പോൾ എബ്രായ ഗ്രന്ഥം, മററു ചിലപ്പോൾ സെപ്റ്റുവജിൻറ്, വേറെയൊരവസരത്തിൽ അരമായ റ്റാർഗം ഇഷ്ടപ്പെട്ടുകൊണ്ട്, ഒരെണ്ണം വെറുതെയങ്ങു തിരഞ്ഞെടുക്കാൻ നമുക്കാവില്ല. ഗ്രന്ഥപരമായ തെളിവുകളെല്ലാം ഒരേപോലെ വിശ്വാസയോഗ്യമല്ല. ഓരോന്നിനും അതിന്റേതായ സ്വാഭാവവും പ്രത്യേക ചരിത്രവുമുണ്ട്. അപര്യാപ്തമോ തെറേറാ ആയ പരിഹാരങ്ങൾ ഒഴിവാക്കണമെന്നു നാം ആഗ്രഹിക്കുന്നെങ്കിൽ, നമുക്ക് ഇവയെല്ലാമായി പരിചയമുണ്ടായിരിക്കണം.”
യഹോവ തന്റെ വചനം കാത്തുസൂക്ഷിച്ചിരിക്കുന്നുവെന്ന പൂർണ വിശ്വാസത്തിനു നമുക്ക് ഉറച്ച ഒരു അടിസ്ഥാനമുണ്ട്. നൂററാണ്ടുകളിലൂടെ ആത്മാർഥതയുള്ള അനേകം മനുഷ്യർ നടത്തിയിരിക്കുന്ന ശ്രമങ്ങളൊക്കെ ഒരുമിച്ചെടുക്കുമ്പോൾ ബൈബിൾസന്ദേശത്തിന്റെ സത്തയും ഉള്ളടക്കവും വിശദാംശങ്ങളുംപോലും നമ്മുടെ വിരൽത്തുമ്പിലുണ്ട്. അക്ഷരത്തിലോ പദത്തിലോ ഉള്ള നിസ്സാര മാററങ്ങൾ ഉണ്ടെങ്കിൽത്തന്നെ, അതു തിരുവെഴുത്തുകൾ മനസ്സിലാക്കാനുള്ള നമ്മുടെ പ്രാപ്തിയെ ബാധിച്ചിട്ടില്ല. ഇപ്പോൾ, പ്രധാനപ്പെട്ട ചോദ്യം ഇതാണ്, ദൈവവചനമായ ബൈബിളിനു ചേർച്ചയിൽ നാം ജീവിക്കുമോ?
[അടിക്കുറിപ്പുകൾ]
a ഇസ്രായേലിനു പുറത്തുള്ള അനേകം യഹൂദൻമാർക്കും എബ്രായയിൽ ഒഴുക്കോടെ വായിക്കാനാവുമായിരുന്നില്ല. അതുകൊണ്ട്, അലക്സാണ്ട്രിയ, ഈജിപ്ത് എന്നിവിടങ്ങളിലേതുപോലുള്ള യഹൂദസമുദായക്കാർക്ക് ഉടനെ തദ്ദേശഭാഷയിൽ ബൈബിൾ പരിഭാഷ വേണമെന്ന ആവശ്യം തോന്നി. ഈ ആവശ്യം നിറവേററാനായിരുന്നു പൊ.യു.മു. 3-ാം നൂററാണ്ടിൽ ഗ്രീക്കു സെപ്റ്റുവജിൻറ് തയ്യാറാക്കിയത്. പിൽക്കാലത്ത് ഈ പരിഭാഷ മൂലാനുസാരമായ പരിശോധനയ്ക്കുള്ള ഒരു പ്രധാന ഗ്രന്ഥമായിത്തീർന്നു.
b പൊ.യു. 760 ആയപ്പോഴേക്കും, കേരേററുകാർ എന്നറിയപ്പെടുന്ന ഒരു യഹൂദസമൂഹം തിരുവെഴുത്തുകളോടു കർശനമായി പററിനിൽക്കണമെന്ന് ആവശ്യപ്പെട്ടു. റബ്ബിമാരുടെ അധികാരത്തെയും “വാച്യ നിയമ”ത്തെയും തൽമൂദിനെയും തിരസ്കരിച്ചതുകൊണ്ട് ബൈബിൾ പുസ്തകങ്ങളെ വ്യവസ്ഥിതമായി കാത്തുകൊള്ളാൻ അവർക്കു കൂടുതൽ മഹത്തായ കാരണങ്ങളുണ്ടായിരുന്നു. ഇക്കൂട്ടത്തിലെ ചില കുടുംബങ്ങൾ വിദഗ്ധരായ മാസൊരിറ്റിക് പകർപ്പെഴുത്തുകാരായിത്തീർന്നു.
[26-ാം പേജിലെ ചിത്രം]
മാസൊരിറ്റിക് വാക്യങ്ങൾ ഉൾക്കൊള്ളുന്ന അലെപ്പോ കയ്യെഴുത്തു പുസ്തകം
[കടപ്പാട്]
Bibelmuseum, Münster