മാസരിറ്റുകാർ ആരായിരുന്നു?
“വിശ്വസ്തദൈവമായ” യഹോവ തന്റെ വചനമായ ബൈബിൾ കാത്തുസംരക്ഷിച്ചു. (സങ്കീർത്തനം 31:5) എന്നാൽ, സത്യത്തിന്റെ ശത്രുവായ സാത്താൻ അതിനെ ദുഷിപ്പിക്കാനും നശിപ്പിക്കാനും ശ്രമിച്ചിരിക്കുന്നതിനാൽ ബൈബിൾ സാക്ഷാൽ എഴുതപ്പെട്ടതുപോലെ നമ്മുടെ പക്കൽ എത്തിച്ചേർന്നതെങ്ങനെയാണ്?—മത്തായി 13:39 കാണുക.
പ്രൊഫസർ റോബർട്ട് ഗൊർഡിസിന്റെ ഒരു പ്രസ്താവനയിൽനിന്നു ഭാഗികമായി ഉത്തരം കണ്ടെത്താനാകും: “മാസരിറ്റുകാർ അഥവാ ‘പാരമ്പര്യത്തിന്റെ സംരക്ഷകർ’ എന്നു വിളിക്കപ്പെടുന്ന [ആ] എബ്രായ ശാസ്ത്രിമാരുടെ നേട്ടങ്ങൾ വേണ്ടുംവണ്ണം വിലമതിക്കപ്പെട്ടിട്ടില്ല. അജ്ഞാതരായ ഈ ശാസ്ത്രിമാർ സൂക്ഷ്മതയോടും സ്നേഹാർദ്ര ജാഗ്രതയോടുംകൂടെ വിശുദ്ധ ഗ്രന്ഥം പകർത്തിയെഴുതി.” ആ പകർപ്പെഴുത്തുകാരിൽ ഭൂരിപക്ഷത്തിന്റെയും പേർ നമുക്കിന്ന് അറിഞ്ഞുകൂടെങ്കിലും ഒരു മാസരിറ്റു കുടുംബത്തിന്റെ പേർ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു—ബെൻ അഷർ. അവരെയും അവരുടെ സഹ മാസരിറ്റുകാരെയും കുറിച്ചു നമുക്കെന്തറിയാം?
ബെൻ അഷർ കുടുംബം
പഴയനിയമം എന്നു മിക്കപ്പോഴും വിളിക്കപ്പെടുന്ന, ആരംഭത്തിൽ എബ്രായ ഭാഷയിൽ എഴുതപ്പെട്ട ബൈബിൾ ഭാഗം യഹൂദ ശാസ്ത്രിമാർ വിശ്വസ്തതയോടെ പകർത്തിയെഴുതി. പൊ.യു. (പൊതുയുഗം) ആറു മുതൽ പത്തു വരെയുള്ള നൂറ്റാണ്ടിൽ ഈ പകർപ്പെഴുത്തുകാരെ മാസരിറ്റുകാർ എന്നാണു വിളിച്ചിരുന്നത്. എന്താണ് അവരുടെ വേലയിൽ ഉൾപ്പെട്ടിരുന്നത്?
നൂറ്റാണ്ടുകളോളം എബ്രായ ഭാഷ വ്യഞ്ജനങ്ങൾ മാത്രമുപയോഗിച്ചാണ് എഴുതപ്പെട്ടിരുന്നത്, വായിക്കുന്നവർ സ്വരാക്ഷരങ്ങൾ അതിനോടു ചേർക്കണമായിരുന്നു. എന്നിരുന്നാലും, മാസരിറ്റുകാരുടെ കാലമായപ്പോഴേക്കും എബ്രായ ഭാഷയുടെ ശരിയായ ഉച്ചാരണം നഷ്ടമായി. കാരണം അനേകം യഹൂദർക്കും ആ ഭാഷ ഒഴുക്കോടെ സംസാരിക്കാൻ അറിഞ്ഞുകൂടായിരുന്നു. ബാബിലോനിലും ഇസ്രായേലിലുമുള്ള മാസരിറ്റുകാരുടെ കൂട്ടങ്ങൾ സ്വരാക്ഷരങ്ങളുടെ ഉച്ചാരണ വ്യതിയാനവും ശരിയായ ഉച്ചാരണവും വ്യക്തമാക്കുന്നതിനു വ്യഞ്ജനങ്ങൾക്കുചുറ്റുമിടേണ്ട ചിഹ്നങ്ങൾ കണ്ടുപിടിച്ചു. കുറഞ്ഞപക്ഷം മൂന്നു വ്യത്യസ്ത സമ്പ്രദായങ്ങൾ വികസിപ്പിക്കുകയുണ്ടായി. എന്നാൽ ഏറ്റവും സ്വാധീനം ചെലുത്തിയത്, ഗലീലക്കടൽക്കരയിലുള്ള ബെൻ അഷർ കുടുംബക്കാരുടെ ഭവനപ്രദേശമായ ടൈബേരിയസിലെ മാസരിറ്റുകാരാണ്.
പൊ.യു. എട്ടാം നൂറ്റാണ്ടിലെ അഷർ എന്ന മൂപ്പന്റെ തലമുറ മുതൽ ഈ അനുപമ കുടുംബത്തിൽനിന്നുള്ള അഞ്ചു തലമുറകളെ രേഖകൾ പട്ടികപ്പെടുത്തുന്നു. മറ്റുള്ളവർ പൊ.യു. പത്താം നൂറ്റാണ്ടിലെ നെഹമായ ബെൻ അഷർ, അഷർ ബെൻ നെഹമായ, മോസസ് ബെൻ അഷർ, ഒടുവിലായി ആരൻ ബെൻ മോസസ് ബെൻ ആഷർ എന്നിവരായിരുന്നു.a എബ്രായ ബൈബിൾ വാക്യത്തിന്റെ ശരിയായ ഉച്ചാരണമായി തങ്ങൾ മനസ്സിലാക്കിയത് ഏറ്റവും നന്നായി പ്രകടമാക്കുന്ന ലിഖിത ചിഹ്നങ്ങൾ പൂർണമാക്കുന്നവരിൽ മുന്നണിയിൽ നിന്ന പുരുഷന്മാരാണിവർ. ആ ചിഹ്നങ്ങൾ വികസിപ്പിച്ചെടുക്കുന്നതിന് എബ്രായ വ്യാകരണ സമ്പ്രദായത്തിന്റെ അടിസ്ഥാനം അവർക്കു നിർണയിക്കേണ്ടിയിരുന്നു. എബ്രായ വ്യാകരണത്തിനു കൃത്യമായ നിയമ വ്യവസ്ഥ ഒരിക്കലും രേഖപ്പെടുത്തിയിരുന്നില്ല. തന്മൂലം, ആദ്യത്തെ എബ്രായ വൈയാകരണന്മാരിൽ ആ മാസരിറ്റുകാർ ഉണ്ടായിരുന്നു എന്ന് ഒരുവൻ പറഞ്ഞേക്കാം.
ബെൻ അഷർ കുടുംബപാരമ്പര്യത്തിലെ ഒടുവിലത്തെ മാസരിറ്റുകാരനായ ആരോനാണ് ഈ വിവരങ്ങൾ രേഖപ്പെടുത്തി പ്രസാധനം ചെയ്തത്. “സെഫർ ഡിക്ഡുക്കീ ഹാ-തിയാമിൻ” എന്ന ശീർഷകത്തിലുള്ള ഒന്നാമത്തെ എബ്രായ വ്യാകരണ നിയമഗ്രന്ഥത്തിലാണ് അദ്ദേഹം അതു പ്രസിദ്ധീകരിച്ചത്. ഈ ഗ്രന്ഥം നൂറ്റാണ്ടുകളോളം മറ്റ് എബ്രായ വൈയാകരണന്മാരുടെ വേലയ്ക്ക് അടിസ്ഥാനമായി ഉതകി. എന്നാൽ മാസരിറ്റുകാരുടെ കൂടുതൽ പ്രാധാന്യമുള്ള വേലയുടെ ഉപോത്പന്നം മാത്രമായിരുന്നു അത്. എന്തായിരുന്നു അത്?
അസാമാന്യ ഓർമശക്തി ആവശ്യമായിരുന്നു
ബൈബിൾ വാക്യങ്ങളിലെ ഓരോ വാക്കുകളുടെയും, ഓരോ അക്ഷരങ്ങളുടെയുംപോലും, സൂക്ഷ്മമായ പകർത്തലായിരുന്നു മാസരിറ്റുകാരുടെ പ്രധാന വേല. കൃത്യത ഉറപ്പുവരുത്തുന്നതിന്, മുൻ പകർപ്പെഴുത്തുകാർ അറിഞ്ഞോ അറിയാതെയോ വാക്യങ്ങളിൽ വരുത്താനിടയുള്ള മാററങ്ങളെ സൂചിപ്പിക്കുന്ന വിവരങ്ങൾ രേഖപ്പെടുത്തിവെക്കാൻ ഓരോ പേജിന്റെയും വശങ്ങളിലെ മാർജിനുകൾ മാസരിറ്റുകാർ ഉപയോഗപ്പെടുത്തി. മാർജിനിലുള്ള ഈ കുറിപ്പുകളിൽ അസാധാരണ പദരൂപങ്ങളും പദസമുച്ചയങ്ങളും, കൂടാതെ ഓരോ പുസ്തകത്തിലും, അല്ലെങ്കിൽ മുഴു എബ്രായ തിരുവെഴുത്തുകളിലും അവ എത്രപ്രാവശ്യം പ്രത്യക്ഷപ്പെടുന്നുണ്ടെന്നും അവർ കുറിച്ചുവെച്ചു. സ്ഥലപരിമിതിമൂലം ഈ അഭിപ്രായങ്ങൾ അങ്ങേയറ്റം ഹ്രസ്വമായ സംക്ഷിപ്ത ചിഹ്നാവലിയിൽ രേഖപ്പെടുത്തി. ഒത്തുനോക്കുന്നതിനുള്ള കൂടുതലായ ഉപകരണമെന്നനിലയിൽ അവർ ഏതാനും പുസ്തകങ്ങളുടെ മധ്യത്തിലുള്ള പദവും അക്ഷരവും അടയാളപ്പെടുത്തി. കൃത്യമായ പകർപ്പുണ്ടാക്കുന്നുവെന്ന് ഉറപ്പുവരുത്തുവാൻ അവർ ബൈബിളിലെ ഓരോ അക്ഷരങ്ങളും എണ്ണുകപോലും ചെയ്തു.
വശങ്ങളിലെ മാർജിനുകളിലുള്ള സംക്ഷിപ്ത കുറിപ്പുകളിൽ ചിലതിനെപ്പറ്റി ഏറെ വിപുലമായ അഭിപ്രായങ്ങൾ ഓരോ പേജിന്റെയും മുകളിലും താഴെയുമുള്ള മാർജിനുകളിൽ മാസരിറ്റുകാർ രേഖപ്പെടുത്തി.b തങ്ങളുടെ വേല ഒത്തുനോക്കുന്നതിന് ഇത് അവരെ സഹായിച്ചു. അന്നു വാക്യങ്ങളെ നമ്പരിട്ടു തിരിച്ചിരുന്നില്ല, ബൈബിൾ കൺകോഡൻസും ഇല്ലായിരുന്നു. ആ സ്ഥിതിക്ക് മാസരിറ്റുകാർ എങ്ങനെയാണു ബൈബിളിലെ മറ്റു ഭാഗങ്ങളുമായി ഒത്തുനോക്കിയത്? സൂചിപ്പിച്ചിരിക്കുന്ന വാക്കോ വാക്കുകളോ ബൈബിളിൽ മറ്റേതു ഭാഗങ്ങളിലാണു കാണാവുന്നതെന്നു തങ്ങളെ ഓർമിപ്പിക്കുന്ന സമാന്തര വാക്യത്തിന്റെ ഭാഗം മുകളിലും താഴെയുമുള്ള മാർജിനുകളിൽ അവർ പട്ടികപ്പെടുത്തി. സമാന്തരവാക്യത്തെപ്പറ്റി തങ്ങളെ ഓർമിപ്പിക്കുന്നതിനു സ്ഥലപരിമിതിമൂലം മിക്കപ്പോഴും ഒരു പ്രധാന വാക്കുമാത്രം അവർ എഴുതിവയ്ക്കുമായിരുന്നു. മാർജിനിലുള്ള ഈ കുറിപ്പുകൾ ഉപയോഗപ്രദമാകുന്നതിന് ഈ പകർപ്പെഴുത്തുകാർ ഫലത്തിൽ മുഴു എബ്രായ ബൈബിളും മനഃപാഠം അറിഞ്ഞിരിക്കണമായിരുന്നു.
മാർജിനിൽ കൊള്ളാതെവന്ന വളരെ നീണ്ട പട്ടികകൾ കയ്യെഴുത്തുപ്രതിയുടെ മറ്റൊരു ഭാഗത്തേക്കു മാറ്റിയിരുന്നു. ഉദാഹരണത്തിന്, ഉല്പത്തി 18:3-ന്റെ വശത്തുള്ള മാർജിനിലെ മാസോരറ്റിക് കുറിപ്പ് קלד എന്ന മൂന്ന് എബ്രായ പദം കാണിക്കുന്നു. ഇത് 134 എന്ന സംഖ്യയ്ക്കു തുല്യമായ എബ്രായ സംഖ്യയാണ്. മാസരിറ്റുകാർക്കു മുമ്പുണ്ടായിരുന്ന പകർപ്പെഴുത്തുകാർ എബ്രായ പാഠത്തിൽനിന്നു യഹോവ എന്ന പേരു മനഃപൂർവം മാറ്റി അതിന്റെ സ്ഥാനത്തു “കർത്താവ്” എന്ന പദം ഉപയോഗിച്ചിരിക്കുന്ന 134 സ്ഥാനങ്ങളെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ടു കയ്യെഴുത്തുപ്രതിയുടെ മറ്റൊരു ഭാഗത്ത് ഒരു പട്ടിക കാണുന്നു.c ഈ മാറ്റത്തെക്കുറിച്ചു ബോധവാന്മാരായിരുന്നെങ്കിലും തങ്ങളെ ഏൽപ്പിച്ചിരുന്ന വചനത്തിൽ മാറ്റം വരുത്തുന്നതിനുള്ള സ്വാതന്ത്ര്യം മാസരിറ്റുകാർ എടുത്തില്ല. പകരം അവർ ഈ മാറ്റങ്ങൾ മാർജിനുകളിലുള്ള തങ്ങളുടെ കുറിപ്പുകളിൽ സൂചിപ്പിച്ചു. മുൻ പകർപ്പെഴുത്തുകാർ മാറ്റം വരുത്തിയ സ്ഥിതിക്ക്, വചനത്തിൽ മാറ്റം വരുത്താതിരിക്കാൻ മാസരിറ്റുകാർ അത്യന്തം ശ്രദ്ധചെലുത്തിയത് എന്തുകൊണ്ടാണ്? അവരുടെ യഹൂദ വിശ്വാസം തങ്ങളുടെ മുൻഗാമികളിൽനിന്നു വ്യത്യസ്തമായിരുന്നോ?
അവർ എന്താണു വിശ്വസിച്ചിരുന്നത്?
മാസരിറ്റുകാർ പുരോഗതി നേടിക്കൊണ്ടിരുന്ന കാലയളവിൽ യഹൂദമതം ആഴത്തിൽ വേരൂന്നിയ പ്രത്യയശാസ്ത്രപരമായ പോരാട്ടത്തിൽ നിമഗ്നമായിരുന്നു. പൊ.യു. ഒന്നാം നൂറ്റാണ്ടുമുതൽ റബ്ബിമാരുടെ യഹൂദമതം അതിന്റെ നിയന്ത്രണം വർധിപ്പിക്കുകയായിരുന്നു. തൽമൂദ് എഴുതപ്പെടുകയും റബ്ബിമാർ വ്യാഖ്യാനിക്കാൻ തുടങ്ങുകയും ചെയ്തതോടെ റബ്ബിമാരുടെ അലിഖിത നിയമ വ്യാഖ്യാനം ഒന്നാംസ്ഥാനത്തും ബൈബിൾ വാക്യങ്ങൾ രണ്ടാംസ്ഥാനത്തുമായി.d തന്മൂലം, ബൈബിൾ പാഠത്തിന്റെ ശ്രദ്ധാപൂർവകമായ പരിരക്ഷണത്തിന് അതിന്റെ പ്രാധാന്യം നഷ്ടമാകുമായിരുന്നു.
എട്ടാം നൂറ്റാണ്ടിൽ കാരേറ്റുകാർ എന്നറിയപ്പെടുന്ന ഒരു വിഭാഗം ഈ പ്രവണതയ്ക്കെതിരെ മത്സരിച്ചു. വ്യക്തിപരമായ ബൈബിൾ പഠനത്തിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകിക്കൊണ്ട് അവർ റബ്ബിമാരുടെ അധികാരവും വ്യാഖ്യാനവും തൽമൂദും തള്ളിക്കളഞ്ഞു. തങ്ങളുടെ ആധികാരികഗ്രന്ഥമായി അവർ ബൈബിൾ പാഠത്തെ മാത്രം കൈക്കൊണ്ടു. അതു വചനം കൃത്യമായി പകർത്തുന്നതിന്റെ ആവശ്യം വർധിപ്പിച്ചു, കൂടാതെ മാസോരറ്റിക് പഠനത്തിനു പുത്തൻ ആക്കവും ലഭിച്ചു.
റബ്ബിമാരുടെ അല്ലെങ്കിൽ കാരേറ്റുകാരുടെ വിശ്വാസം മാസരിറ്റുകാരെ എത്രത്തോളം സ്വാധീനിച്ചു? “തങ്ങൾ ഒരു പുരാതന പാരമ്പര്യം കാത്തുസൂക്ഷിക്കുകയാണെന്നും അതിൽ മനഃപൂർവം കൈകടത്തുകയെന്നത് ഏറ്റവും നിന്ദ്യമായ കുറ്റകൃത്യമായിരിക്കുമെന്നും . . . മാസരിറ്റുകാർക്ക് ഉറച്ചബോധ്യമുണ്ടായിരുന്നു” എന്ന് എബ്രായ ബൈബിൾ കയ്യെഴുത്തുപ്രതികളിൽ വിദഗ്ധനായ എച്ച്. ഗോഷൻ ഗോട്ട്സ്റ്റിൻ പ്രസ്താവിക്കുന്നു.
ബൈബിൾ വാക്യത്തെ ഉചിതമായി പകർത്തുന്നത് ഒരു വിശുദ്ധ വേലയായി മാസരിറ്റുകാർ കരുതിയിരുന്നു. മതപരമായ മറ്റു കാര്യങ്ങളാൽ അവർ വ്യക്തിപരമായി അത്യന്തം പ്രേരിതരായിരുന്നിരിക്കാൻ വഴിയുണ്ടെങ്കിലും പ്രത്യയശാസ്ത്രപരമായ വിവാദങ്ങൾ മാസൊരിറ്റിക് കൃതിയെ ബാധിച്ചിരുന്നില്ലാത്തതായി തോന്നുന്നു. മാർജിനുകളിലുള്ള സംക്ഷിപ്ത കുറിപ്പുകൾ പ്രത്യയശാസ്ത്രപരമായ തർക്കങ്ങൾക്ക് ഒട്ടുംതന്നെ ഇടം നൽകിയില്ല. ബൈബിൾ പാഠം അവരുടെ ജീവിതത്തിൽ മുഖ്യ സ്ഥാനം വഹിച്ചിരുന്നു; അവർ അതിനു മാറ്റംവരുത്തുകയില്ലായിരുന്നു.
അവരുടെ വേലയിൽനിന്നു പ്രയോജനംനേടൽ
സ്വാഭാവിക ഇസ്രായേല്യർ മേലാൽ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായിരുന്നില്ലെങ്കിലും ദൈവവചനം കൃത്യതയോടെ പരിരക്ഷിക്കുന്നതിന് ഈ യഹൂദ പകർപ്പെഴുത്തുകാർ പൂർണമായും അർപ്പിതരായിരുന്നു. (മത്തായി 21:42-44; 23:37, 38) ബെൻ അഷർ കുടുംബത്തിന്റെയും മറ്റു മാസരിറ്റുകാരുടെയും നേട്ടം റോബർട്ട് ഗൊർഡിസ് ഉചിതമായി ഇങ്ങനെ സംഗ്രഹിച്ചിരിക്കുന്നു: “എളിയവരെങ്കിലും അജയ്യരായ ആ വേലക്കാർ . . . ബൈബിൾ പാഠം നഷ്ടപ്പെടുകയോ അതിനു വ്യതിയാനം സംഭവിക്കുകയോ ചെയ്യുന്നതിനെതിരെയുള്ള തങ്ങളുടെ ഭഗീരഥപ്രയത്നം യാതൊരു പ്രസിദ്ധിയും കൂടാതെ ചെയ്തുതീർത്തു.” (ദ ബിബ്ലിക്കൽ ടെക്സ്റ്റ് ഇൻ ദ മേക്കിങ്) തന്മൂലം, 16-ാം നൂറ്റാണ്ടിലെ ലൂഥറും റ്റിൻഡേയ്ലും പോലുള്ള മതപരിഷ്കർത്താക്കൾ സഭയുടെ അധികാരത്തെ വെല്ലുവിളിക്കുകയും എല്ലാവർക്കും വായിക്കാൻ പോന്നവണ്ണം ബൈബിൾ സാധാരണ ഭാഷകളിലേക്കു തർജമ ചെയ്യാൻ തുടങ്ങുകയും ചെയ്തപ്പോൾ തങ്ങളുടെ വേലയുടെ അടിസ്ഥാനമായി ഉപയോഗിക്കുന്നതിന് അവരുടെ പക്കൽ നന്നായി പരിരക്ഷിക്കപ്പെട്ട ഒരു എബ്രായ പാഠം ഉണ്ടായിരുന്നു.
മാസരിറ്റുകാരുടെ വേല ഇന്നും നമുക്കു പ്രയോജനം ചെയ്യുന്നതിൽ തുടരുന്നു. അവരുടെ എബ്രായ പാഠങ്ങളാണു തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തിന്റെ എബ്രായ തിരുവെഴുത്തുകൾക്ക് ആധാരം. പുരാതന മാസരിറ്റുകാർ പ്രകടിപ്പിച്ച അതേ അർപ്പണ മനോഭാവത്തോടും സൂക്ഷ്മതയുടെ കാര്യത്തിൽ കാണിച്ച അതേ താത്പര്യത്തോടും കൂടെ ഈ ഭാഷാന്തരം ഇന്നു വ്യത്യസ്ത ഭാഷകളിലേക്കു തുടർന്നും തർജമ ചെയ്തുവരുന്നു. യഹോവയാം ദൈവത്തിന്റെ വചനത്തിൽ ശ്രദ്ധകൊടുക്കുന്നതിൽ നാമും അതേ മനോഭാവം പ്രകടമാക്കണം.—2 പത്രൊസ് 1:19.
[അടിക്കുറിപ്പുകൾ]
a എബ്രായ ഭാഷയിൽ “ബെൻ” എന്നതിന്റെ അർഥം “പുത്രൻ” എന്നാണ്. തന്മൂലം ബെൻ അഷർ എന്നതിന്റെ അർഥം “അഷറിന്റെ പുത്രൻ” എന്നാണ്.
b വശങ്ങളിലെ മാർജിനിലുള്ള മാസോരറ്റിക് കുറിപ്പുകളെ ചെറിയ മസര എന്നാണു വിളിക്കുന്നത്. മുകളിലും താഴെയുമുള്ള കുറിപ്പുകളെ വലിയ മസര എന്നാണു വിളിക്കുന്നത്. കയ്യെഴുത്തുപ്രതിയുടെ മറ്റു ഭാഗങ്ങളിൽ കൊടുത്തിരുന്ന പട്ടികകളെ അന്തിമ മസര എന്നാണു വിളിക്കുന്നത്.
c വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം—റഫറൻസുകളോടു കൂടിയതിലുള്ള അനുബന്ധം 1ബി കാണുക.
d അലിഖിത നിയമവും റബ്ബിമാരുടെ യഹൂദമതവും സംബന്ധിച്ചു കൂടുതലായ വിവരത്തിനു വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച യുദ്ധമില്ലാത്ത ഒരു ലോകം എന്നെങ്കിലുമുണ്ടായിരിക്കുമോ? (ഇംഗ്ലീഷ്) എന്ന ലഘുപത്രികയുടെ 8-11 പേജുകൾ കാണുക.
[28-ാം പേജിലെ ചതുരം/ചിത്രം]
എബ്രായ ഉച്ചാരണ രീതി
സ്വരാക്ഷര ചിഹ്നങ്ങളും ഉച്ചാരണ ഊന്നുചിഹ്നങ്ങളും രേഖപ്പെടുത്തുന്നതിനുള്ള ഏറ്റവും മെച്ചമായ സമ്പ്രദായത്തിന്റെ തിരച്ചിൽ മാസരിറ്റുകാരുടെ ഇടയിൽ നൂറ്റാണ്ടുകളോളം നിലനിന്നു. തന്മൂലം, ബെൻ അഷർ കുടുംബത്തിന്റെ ഓരോ തലമുറയും കഴിയുന്തോറും തുടർന്നു പുരോഗതി പ്രാപിച്ചിരിക്കുന്നതായി കാണുന്നതിൽ അതിശയമില്ല. ഇപ്പോൾ നിലവിലുള്ള കയ്യെഴുത്തുപ്രതികൾ ബെൻ അഷർ കുടുംബത്തിലെ ഒടുവിലത്തെ രണ്ടു മാസരിറ്റുകാരായ മോസസിന്റെയും ആരോന്റെയും മാത്രം ശൈലികളും സമ്പ്രദായങ്ങളുമാണു പ്രതിനിധീകരിക്കുന്നത്.e ഉച്ചാരണവും കുറിപ്പെഴുത്തും സംബന്ധിച്ച് ഏതാനും നിസ്സാര ആശയങ്ങളിൽ ആരോൻ തന്റെ പിതാവായ മോസസിന്റെതിൽനിന്നു വ്യത്യസ്തമായി ചില നിയമങ്ങൾ ഉണ്ടാക്കിയതായി ഈ കയ്യെഴുത്തുപ്രതികളുടെ ഒരു താരതമ്യ പഠനം വെളിപ്പെടുത്തുന്നു.
ആരോൻ ബെൻ അഷറിന്റെ സമകാലികനായിരുന്നു ബെൻ നഫ്താലി. മോസസ് ബെൻ അഷറിന്റെ കെയ്റോ കോഡക്സിൽ ബെൻ നഫ്താലിയുടേതെന്നു കരുതപ്പെടുന്ന അനേകം വ്യാഖ്യാനങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, ഒന്നുകിൽ മോസസ് ബെൻ അഷറിന്റെ കീഴിൽ ബെൻ നഫ്താലി പഠിച്ചിരുന്നിരിക്കണം, അല്ലെങ്കിൽ അവർ രണ്ടുപേരും ഏറെ പുരാതനമായി ഒരു സാധാരണ പാരമ്പര്യം പിൻപറ്റിയിരുന്നിരിക്കണം. അനേകം പണ്ഡിതന്മാർ ബെൻ അഷർ രീതിയും ബെൻ നഫ്താലി രീതിയും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി പറയുന്നുണ്ട്. എന്നാൽ എം. എച്ച്. ഗോഷൻ-ഗോട്ട്സ്റ്റീൻ ഇപ്രകാരം എഴുതുന്നു: “ബെൻ അഷർ കുടുംബത്തിനുള്ളിലുള്ള രണ്ട് ഉപരീതികളെക്കുറിച്ചു സംസാരിക്കുകയും വ്യാഖ്യാനങ്ങളുടെ വ്യത്യാസത്തിന് ബെൻ അഷറിനെതിരെ ബെൻ അഷർ എന്നു പേരിടുകയും ചെയ്യുന്നതു സത്യത്തിൽനിന്ന് ഏറെ അകന്നതായിരിക്കുകയില്ല.” തന്മൂലം ഒരേ ഒരു ബെൻ അഷറിനെപ്പറ്റി സംസാരിക്കുന്നതു തെറ്റായിരിക്കും. ആരോൻ ബെൻ അഷറിന്റെ രീതികൾ അന്തിമ സ്വീകാര്യ രീതിയായിത്തീർന്നത് അവകാശപ്പെടുത്തിയ ശ്രേഷ്ഠത്വത്തിന്റെ ഫലമായിരുന്നില്ല. 12-ാം നൂറ്റാണ്ടിലെ തൽമൂദ്യ പണ്ഡിതനായിരുന്ന മോസസ് മൈമോനിഡസ് ഒരു ആരോൻ ബെൻ അഷർ പാഠത്തെ പുകഴ്ത്തിപ്പറഞ്ഞതാണ് അതിനു മുൻതൂക്കം കിട്ടാനുള്ള ഏക കാരണം.
[എബ്രായ അക്ഷരങ്ങളുടെ ചിത്രീകരണം]
സ്വരാക്ഷരം ചിഹ്നങ്ങളും സൂചകാടയാളങ്ങളും ചേർത്തും ചേർക്കാതെയും നൽകിയിരിക്കുന്ന പുറപ്പാടു 6:2-ന്റെ ഭാഗം
[അടിക്കുറിപ്പ്]
e ആദ്യത്തെയും അവസാനത്തെയും പ്രവാചകന്മാരുടെ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന കെയ്റോ കോഡക്സ് (പൊ.യു. 895) മോസസിന്റെ സമ്പ്രദായത്തിന്റെ ദൃഷ്ടാന്തമാണ്. അലെപ്പോ (ഏതാണ്ട് പൊ.യു. 930-നോടടുത്ത്), ലെനിൻഗാർഡ് (പൊ.യു. 1008) എന്നീ കോഡക്സുകൾ ആരോൻ ബെൻ അഷറിന്റെ സമ്പ്രദായമായി കണക്കാക്കപ്പെടുന്നു.
[26-ാം പേജിലെ ചിത്രം]
എട്ടുമുതൽ പത്തുവരെയുള്ള നൂറ്റാണ്ടുകളിൽ മാസോരറ്റിക് പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്ന ടൈബേരിയസ്
[ചിത്രത്തിന് കടപ്പാട്]
Pictorial Archive (Near Eastern History) Est.