വിഗ്രഹാരാധനക്കെതിരെ സൂക്ഷിക്കേണ്ടതെന്തുകൊണ്ട്?
“കുഞ്ഞുങ്ങളേ, വിഗ്രഹങ്ങളോടു അകന്നു സൂക്ഷിച്ചുകൊൾവിൻ.”—1 യോഹന്നാൻ 5:21.
1. യഹോവയുടെ ആരാധന വിഗ്രഹാരാധനയിൽനിന്നു വിമുക്തമായിരിക്കുന്നത് എന്തുകൊണ്ട്?
യഹോവ ലോഹമോ കല്ലോ മരമോ കൊണ്ടുള്ള വിഗ്രഹമല്ല. അവനെ ഒരു ഭൗമികക്ഷേത്രത്തിൽ പാർപ്പിക്കാവുന്നതല്ല. അവൻ മനുഷ്യർക്ക് അദൃശ്യനായ സർവശക്തനാം ആത്മാവാകയാൽ, അവന്റെ ഒരു പ്രതിമ ഉണ്ടാക്കുക അസാദ്ധ്യമാണ്. അതുകൊണ്ടു യഹോവയുടെ നിർമ്മലാരാധന വിഗ്രഹാരാധനയിൽനിന്നു തികച്ചും വിമുക്തമായിരിക്കണം.—പുറപ്പാടു 33:20; പ്രവൃത്തികൾ 17:24; 2 കൊരിന്ത്യർ 3:17.
2. ഏതു ചോദ്യങ്ങൾ നമ്മുടെ പരിചിന്തനം അർഹിക്കുന്നു?
2 നിങ്ങൾ യഹോവയുടെ ഒരു ആരാധകനാണെങ്കിൽ, ‘വിഗ്രഹാരാധന എന്താണ്? യഹോവയുടെ ദാസൻമാർക്കു കഴിഞ്ഞ കാലങ്ങളിൽ എങ്ങനെ അത് ഒഴിവാക്കാൻ കഴിഞ്ഞിരിക്കുന്നു? ഇന്നു വിഗ്രഹാരാധനക്കെതിരെ സൂക്ഷിക്കേണ്ടതെന്തുകൊണ്ട്?’ എന്നു നിങ്ങൾ ചോദിക്കുന്നതു സമുചിതമാണ്.
വിഗ്രഹാരാധന എന്താണ്?
3, 4. വിഗ്രഹാരാധനയെ എങ്ങനെ നിർവ്വചിക്കാം?
3 പൊതുവേ, വിഗ്രഹാരാധനയിൽ ഒരു ചടങ്ങോ കർമ്മാനുഷ്ഠാനമോ ഉൾപ്പെട്ടിരിക്കുന്നു. വിഗ്രഹാരാധന ഒരു വിഗ്രഹത്തോടുള്ള ആദരവോ സ്നേഹമോ ആരാധനയോ പൂജയോ ആണ്. ഒരു വിഗ്രഹമെന്താണ്? അതു ഭക്തിയുടെ ലക്ഷ്യമായ ഒരു പ്രതിമയോ എന്തിന്റെയെങ്കിലും പ്രതിനിധാനമോ പ്രതീകമോ ആണ്. സാധാരണയായി, സചേതനമായ അസ്തിത്വമുള്ളതെന്നു വിശ്വസിക്കപ്പെടുന്ന യഥാർത്ഥമോ സാങ്കല്പികമോ ആയ ഒരു ശ്രേഷ്ഠാധികാരത്തിലേക്കു (ഒരു മനുഷ്യനോ മൃഗമോ ഒരു സ്ഥാപനമോ) വിഗ്രഹാരാധനയെ തിരിച്ചുവിടുന്നു. എന്നാൽ അചേതനമായ വസ്തുക്കളുടെ (പ്രകൃതിയിലെ ഒരു ശക്തിയുടെയോ ജീവനില്ലാത്ത ഒരു വസ്തുവിന്റെയോ) കാര്യത്തിലും വിഗ്രഹാരാധന നടത്താൻ കഴിയും.
4 തിരുവെഴുത്തുകളിൽ, വിഗ്രഹങ്ങളെ പരാമർശിക്കുന്ന എബ്രായപദങ്ങൾ മിക്കപ്പോഴും വിലയില്ലായ്മയെ ഊന്നിപ്പറയുന്നു, അല്ലെങ്കിൽ അവ പുച്ഛത്തെ ദ്യോതിപ്പിക്കുന്ന പദങ്ങളാണ്. ഇവയിൽ “കൊത്തപ്പെട്ട പ്രതിമ” (അക്ഷരീയമായി കൊത്തിയുണ്ടാക്കിയ എന്തെങ്കിലും); “വാർത്തുണ്ടാക്കിയ ബിംബമോ പ്രതിമയോ വിഗ്രഹമോ” (മൂശയിൽ വാർത്തെടുത്ത എന്തെങ്കിലും); “ഭീകരവിഗ്രഹം”; “വ്യർത്ഥവിഗ്രഹം” (അക്ഷരീയമായി മായ); “കാഷ്ഠവിഗ്രഹം” എന്നിങ്ങനെ വിവർത്തനംചെയ്തിരിക്കുന്ന പദങ്ങൾ ഉൾപ്പെടുന്നു. “വിഗ്രഹം” എന്നു വിവർത്തനം ചെയ്തിരിക്കുന്നത് എയ്ഡൊലോൺ എന്ന ഗ്രീക്ക് പദമാണ്.
5. എല്ലാ പ്രതിമകളും വിഗ്രഹങ്ങളല്ലെന്നു പറയാൻ കഴിയുന്നതെന്തുകൊണ്ട്?
5 എല്ലാ പ്രതിമകളും വിഗ്രഹങ്ങളല്ല. സാക്ഷ്യപെട്ടകത്തിനുവേണ്ടി രണ്ടു സ്വർണ്ണ കെരൂബുകൾ ഉണ്ടാക്കാനും സമാഗമനകൂടാരത്തിനുവേണ്ടിയുള്ള പത്തു കൂടാരത്തുണികൾകൊണ്ടുള്ള അകത്തെ മൂടിയുടെമേലും വിശുദ്ധത്തെ അതിവിശുദ്ധത്തിൽനിന്നു വേർതിരിക്കുന്ന തിരശ്ശീലമേലും അങ്ങനെയുള്ള ആത്മീയ ജീവികളുടെ പ്രതിനിധാനങ്ങൾ ചിത്രപ്പണിയായി നിർമ്മിക്കാനും ദൈവംതന്നെ ഇസ്രയേല്യരോടു പറഞ്ഞു. (പുറപ്പാടു 25:1, 18; 26:1, 31-33) ഔദ്യോഗിക കൃത്യങ്ങൾ നിർവ്വഹിക്കുന്ന പുരോഹിതൻമാർമാത്രമേ മുഖ്യമായി സ്വർഗ്ഗീയകെരൂബുകളുടെ ഒരു പ്രതീകമായി ഉതകിയ ഈ പ്രതിനിധാനങ്ങൾ കണ്ടിരുന്നുള്ളു. (എബ്രായർ 9:24, 25 താരതമ്യപ്പെടുത്തുക.) കെരൂബുകളുടെ സമാഗമനകൂടാരത്തിലെ പ്രതിനിധാനങ്ങൾ ആരാധിക്കാനുള്ളവയല്ലായിരുന്നുവെന്നു സ്പഷ്ടമാണ്, കാരണം നീതിയുള്ള ദൂതൻമാർതന്നെ ആരാധന സ്വീകരിക്കുകയില്ലായിരുന്നു.—കൊലൊസ്സ്യർ 2:18; വെളിപ്പാടു 19:10; 22:8, 9.
വിഗ്രഹാരാധനസംബന്ധിച്ച യഹോവയുടെ വീക്ഷണം
6. വിഗ്രഹാരാധനയെസംബന്ധിച്ചുള്ള യഹോവയുടെ വീക്ഷണമെന്താണ്?
6 യഹോവ വിഗ്രഹാരാധനാപരമായ സകല ആചാരങ്ങൾക്കും എതിരായതിനാൽ അവന്റെ ദാസൻമാർ വിഗ്രഹാരാധനക്കെതിരെ സൂക്ഷിക്കുന്നു. പൂജക്കുള്ള ലക്ഷ്യങ്ങളായി പ്രതിമകൾ നിർമ്മിക്കുകയും അവയെ ആരാധിക്കുകയും ചെയ്യരുതെന്നു ദൈവം ഇസ്രയേല്യരോടു കല്പിച്ചു. പത്തു കല്പനകളിൽ ഈ വാക്കുകൾ കാണപ്പെടുന്നു: “ഒരു വിഗ്രഹം ഉണ്ടാക്കരുത്; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കൻമാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെമേൽ സന്ദർശിക്കയും എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറവരെ ദയ കാണിക്കയും ചെയ്യുന്നു.”—പുറപ്പാടു 20:4-6
7. യഹോവ സകല വിഗ്രഹാരാധനക്കും എതിരായിരിക്കുന്നത് എന്തുകൊണ്ട്?
7 യഹോവ സകല വിഗ്രഹാരാധനയെയും എതിർക്കുന്നതെന്തുകൊണ്ട്? മുകളിൽ പത്തു കല്പനകളിൽ രണ്ടാമത്തേതിൽ പ്രകടമാക്കിയിരിക്കുന്നതുപോലെ, മുഖ്യമായി യഹോവ സമ്പൂർണ്ണമായ ഭക്തി കൃത്യമായി ആവശ്യപ്പെടുന്നതുകൊണ്ടുതന്നെ. തന്നെയുമല്ല, അവൻ തന്റെ പ്രവാചകനായ യെശയ്യാവുമുഖാന്തരം ഇങ്ങനെ പറഞ്ഞു: “ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറെറാരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല.” (യെശയ്യാവു 42:8) ഒരു കാലത്തു വിഗ്രഹാരാധന “തങ്ങളുടെ പുത്രൻമാരെയും പുത്രിമാരെയും അവർ ഭൂതങ്ങൾക്കു ബലികഴി”ക്കത്തക്ക അളവോളം ഇസ്രയേല്യരെ കെണിയിൽ കുരുക്കി. (സങ്കീർത്തനം 106:36, 37) വിഗ്രഹാരാധികൾ യഹോവ സത്യദൈവമാണെന്നുള്ളതു നിഷേധിക്കുകമാത്രമല്ല, അവന്റെ മുഖ്യശത്രുവായ സാത്താന്റെയും ഒപ്പം ഭൂതങ്ങളുടെയും താത്പര്യങ്ങൾക്കു സേവചെയ്യുകയും ചെയ്യുന്നു.
പരിശോധിക്കപ്പെടുമ്പോൾ വിശ്വസ്തർ
8. മൂന്ന് എബ്രായരായ ശദ്രക്കും മേശക്കും അബേദ്നെഗോയും ഏതു പരിശോധനയെ അഭിമുഖീകരിച്ചു?
8 യഹോവയോടുള്ള വിശ്വസ്തതയും വിഗ്രഹാരാധനക്കെതിരെ നാം സൂക്ഷിക്കാനിടയാക്കുന്നു. ദാനീയേൽ 3-ാം അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന സംഭവം ഇതു വ്യക്തമാക്കുന്നു. ബാബിലോന്യരാജാവായ നെബൂഖദ്നേസ്സർ നിർത്തിയ ഒരു സ്വർണ്ണപ്രതിമയുടെ ഉത്ഘാടനത്തിന് അയാൾ തന്റെ സാമ്രാജ്യത്തിലെ ഉദ്യോഗസ്ഥൻമാരെ കൂട്ടിവരുത്തി. അയാളുടെ ആജ്ഞയിൽ ബാബിലോന്യഭരണജില്ലയുടെ എബ്രായ ഭരണകർത്താക്കളായിരുന്ന ശദ്രക്കും മേശെക്കും അബേദ്നെഗോയും ഉൾപ്പെട്ടിരുന്നു. സന്നിഹിതരായിരുന്ന എല്ലാവരും ചില സംഗീതോപകരണങ്ങളുടെ നാദം കേൾക്കുമ്പോൾ പ്രതിമയുടെ മുമ്പാകെ കുമ്പിടണമായിരുന്നു. ഇതു ബാബിലോന്യസാമ്രാജ്യത്തെ പ്രതിനിധാനംചെയ്യുന്ന പ്രതിമയുടെ മുമ്പാകെ മൂന്ന് എബ്രായരെക്കൊണ്ടു കുമ്പിടീക്കുന്നതിനുള്ള ബാബിലോന്റെ യഥാർത്ഥ ദൈവമായ സാത്താന്റെ ഒരു ശ്രമമായിരുന്നു. നിങ്ങൾ രംഗത്തുണ്ടായിരുന്നുവെന്നു സങ്കല്പിക്കുക.
9, 10. (എ) മൂന്ന് എബ്രായർ ഏതു നിലപാടു സ്വീകരിച്ചു, അവർക്ക് എങ്ങനെ പ്രതിഫലം ലഭിച്ചു? (ബി) മൂന്ന് എബ്രായരുടെ പ്രവർത്തനഗതിയിൽനിന്നു യഹോവയുടെ സാക്ഷികൾക്ക് ഏതു പ്രോത്സാഹനം സ്വീകരിക്കാൻ കഴിയും?
9 നോക്കൂ! മൂന്ന് എബ്രായർ നിൽക്കുകയാണ്. വിഗ്രഹങ്ങൾ അഥവാ കൊത്തിയുണ്ടാക്കിയ പ്രതിമകൾ നിർമ്മിക്കുകയും സേവിക്കുകയും ചെയ്യുന്നതിനെതിരായുള്ള ദൈവനിയമം അവർ അനുസ്മരിക്കുന്നു. നെബൂഖദ്നേസ്സർ അവർക്ക് ഒരു അന്ത്യശാസനം കൊടുക്കുന്നു—കുമ്പിടുക അല്ലെങ്കിൽ മരിക്കുക! എന്നാൽ യഹോവയോടുള്ള വിശ്വസ്തതയിൽ അവർ പറയുന്നു: “ഞങ്ങൾ സേവിക്കുന്ന ദൈവത്തിന്നു ഞങ്ങളെ വിടുവിപ്പാൻ കഴിയുമെങ്കിൽ, അവൻ ഞങ്ങളെ എരിയുന്ന തീച്ചൂളയിൽനിന്നും രാജാവിന്റെ കയ്യിൽനിന്നും വിടുവിക്കും. അല്ലെങ്കിലും ഞങ്ങൾ രാജാവിന്റെ ദേവൻമാരെ സേവിക്കയില്ല. രാജാവു നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിക്കയുമില്ല എന്നു അറിഞ്ഞാലും.”—ദാനീയേൽ 3:16-18.
10 ദൈവത്തിന്റെ ഈ വിശ്വസ്തദാസൻമാരെ അത്യധികമായി ചൂടുള്ള ചൂളയിലേക്ക് എറിയുന്നു. നാലു പേർ ചൂളയിൽ നടക്കുന്നതു കണ്ട് അതിശയിച്ച് നെബൂഖദ്നേസ്സർ മൂന്ന് എബ്രായരോടും പുറത്തുവരാൻ വിളിച്ചുപറയുന്നു. അവർ ഉപദ്രവമേൽക്കാതെ പുറത്തുവരുന്നു. അതിങ്കൽ രാജാവ് ഇങ്ങനെ ഉദ്ഘോഷിക്കുന്നു: “ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവം വാഴ്ത്തപ്പെട്ടവൻ; തങ്കൽ ആശ്രയിക്കയും സ്വന്ത ദൈവത്തെയല്ലാതെ വേറൊരു ദൈവത്തെയും സേവിക്കയോ നമസ്കരിക്കയോ ചെയ്യാതിരിക്കത്തക്കവണ്ണം രാജകല്പനകൂടെ മറുത്തു തങ്ങളുടെ ദേഹത്തെ ഏല്പിച്ചുകൊടുക്കയും ചെയ്ത തന്റെ ദാസൻമാരെ അവൻ സ്വദൂതനെ [ചൂളയിലെ നാലാമത്തെ ആൾ] അയച്ചു വിടുവിച്ചിരിക്കുന്നുവല്ലോ. ഈ വിധത്തിൽ വിടുവിപ്പാൻ കഴിയുന്ന മറെറാരു ദൈവവും ഇല്ല.” (ദാനീയേൽ 3:28, 29) ആ മൂന്ന് എബ്രായരുടെ നിർമ്മലതാപാലനം ദൈവത്തോടു വിശ്വസ്തരായിരിക്കാനും ലോകത്തോടുള്ള നിഷ്പക്ഷത നിലനിർത്താനും വിഗ്രഹാരാധന ഒഴിവാക്കാനും യഹോവയുടെ ഇക്കാലത്തെ ദാസൻമാർക്കു പ്രോത്സാഹനം നൽകുന്നു.—യോഹന്നാൻ 17:16.
വിഗ്രഹങ്ങൾ കോടതിയിൽ പരാജയപ്പെടുന്നു
11, 12. (എ) യഹോവയും വിഗ്രഹദൈവങ്ങളും ഉൾപ്പെടുന്ന ഏതു രേഖ യെശയ്യാവു ചമച്ചു? (ബി) യഹോവ വെല്ലുവിളിച്ചപ്പോൾ ജനതകളുടെ ദൈവങ്ങൾ എങ്ങനെ വർത്തിച്ചു?
11 വിഗ്രഹാരാധനക്കെതിരെ സൂക്ഷിക്കുന്നതിനുള്ള മറെറാരു കാരണം വിഗ്രഹങ്ങളുടെ പൂജ നിഷ്ഫലമാണെന്നുള്ളതാണ്. മനുഷ്യനിർമ്മിതമായ ചില വിഗ്രഹങ്ങൾ ജീവനുള്ളവപോലെ കാണപ്പെട്ടാലും—മിക്കപ്പോഴും വായും കണ്ണുകളും ചെവികളും സഹിതം—അവയ്ക്കു സംസാരിക്കാനോ കാണാനോ കേൾക്കാനോ കഴികയില്ല. തങ്ങളുടെ ഭക്തർക്കുവേണ്ടി ഒന്നും ചെയ്യാൻ അവയ്ക്കു കഴിയില്ല. (സങ്കീർത്തനം 135:15-18) ദൈവത്തിന്റെ പ്രവാചകൻ ഫലത്തിൽ യഹോവയും വിഗ്രഹദൈവങ്ങളുമായുള്ള ഒരു കോടതിക്കേസ് ആയിരിക്കുന്നതിനെക്കുറിച്ചു യെശയ്യാവു 43:8-28-ൽ രേഖപ്പെടുത്തിയപ്പോൾ ഇതു പ്രകടമാക്കി. അതിൽ ദൈവജനമായ ഇസ്രയേലായിരുന്നു ഒരു പക്ഷത്ത്, മറുപക്ഷത്തു ലോകജനതകളും. “ആദ്യകാര്യങ്ങൾ പറയാൻ,” അതായതു കൃത്യമായി പ്രവചിക്കാൻ യഹോവ വ്യാജദൈവങ്ങളെ വെല്ലുവിളിച്ചു. അവരിൽ ആർക്കും അങ്ങനെ ചെയ്യാൻ കഴിഞ്ഞില്ല. തന്റെ ജനത്തിലേക്കു തിരിഞ്ഞു യഹോവ പറഞ്ഞു: “നിങ്ങൾ എന്റെ സാക്ഷികൾ . . . ഞാൻ ദൈവം തന്നേ.” തങ്ങളുടെ ദൈവങ്ങൾ യഹോവക്കുമുമ്പു സ്ഥിതിചെയ്തിരുന്നതായോ അവർക്കു പ്രവചിക്കാൻ കഴിയുമെന്നോ ജനതകൾക്കു തെളിയിക്കാൻ കഴിഞ്ഞില്ല. എന്നാൽ ബാബിലോന്റെ നാശത്തെയും തന്റെ ജനത്തിന്റെ വിമോചനത്തെയും യഹോവ മുൻകൂട്ടിപ്പറഞ്ഞു.
12 കൂടാതെ, യെശയ്യാവു 44:1-8-ൽ വർണ്ണിച്ചിരിക്കുന്നതുപോലെ, ദൈവത്തിന്റെ വിമോചിതരായ ദാസൻമാർ തങ്ങൾ “യഹോവക്കുള്ളവരാ”ണെന്നു പറയും. അവൻതന്നെ ഇങ്ങനെ പറഞ്ഞു: “ഞാൻ ആദ്യനും അന്ത്യനും ആകുന്നു, ഞാനല്ലാതെ ഒരു ദൈവവുമില്ല.” വിഗ്രഹദൈവങ്ങളിൽനിന്നു മറുപടിയില്ല. “നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു,” യഹോവ വീണ്ടും തന്റെ ജനത്തെക്കുറിച്ചു പറഞ്ഞു. “ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല” എന്നു കൂട്ടിച്ചേർത്തുകൊണ്ടുതന്നെ.
13. വിഗ്രഹാരാധന ഒരു വിഗ്രഹാരാധകനെസംബന്ധിച്ച് എന്തു വെളിപ്പെടുത്തുന്നു?
13 വിഗ്രഹാരാധനയിൽ ഏർപ്പെടുന്നതു ജ്ഞാനത്തിന്റെ അഭാവത്തെ സൂചിപ്പിക്കുന്നതുകൊണ്ടും നാം അതിനെതിരെ സൂക്ഷിക്കുന്നു. ഒരു വിഗ്രഹാരാധകൻ താൻ തിരിഞ്ഞെടുക്കുന്ന ഒരു മരത്തിന്റെ ഒരംശംകൊണ്ട് ആരാധിക്കാൻ ഒരു ദൈവത്തെ ഉണ്ടാക്കുന്നു, മറെറാരംശം കൊണ്ട് അയാൾ തന്റെ ആഹാരം പാചകംചെയ്യാൻ തീ കത്തിക്കുന്നു. (യെശയ്യാവു 44:9-17) എത്ര മൗഢ്യം! അവയുടെ ദൈവത്വത്തെ തെളിയിക്കുന്ന ബോദ്ധ്യം വരുത്തുന്ന ഒരു സാക്ഷ്യം നൽകാൻ തനിക്കു കഴിവില്ലാത്തതുകൊണ്ടും വിഗ്രഹദൈവങ്ങളുടെ നിർമ്മാതാവും ഭക്തനുമായ ഒരുവൻ ലജ്ജ അനുഭവിക്കുന്നു. എന്നാൽ യഹോവയുടെ ദൈവത്വം അവിതർക്കിതമാണ്, എന്തുകൊണ്ടെന്നാൽ അവൻ ബാബിലോനിൽനിന്നുള്ള തന്റെ ജനത്തിന്റെ വിടുതൽ മുൻകൂട്ടിപ്പറയുക മാത്രമല്ല, അതു സംഭവിക്കാനിടയാക്കുകയും ചെയ്തു. യെരൂശലേമിൽ പുനരധിവാസം നടന്നു, യഹൂദയിലെ നഗരങ്ങളുടെ പുനർനിർമ്മാണം നടന്നു. സംരക്ഷണത്തിന്റെ ഒരു ഉറവായിരുന്ന ബാബിലോന്റെ “ആഴികൾ” യൂഫ്രട്ടീസ് നദി വററിപ്പോയി. (യെശയ്യാവു 44:18-27) ദൈവം കൂടുതലായി മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെ പെർസ്യക്കാരനായിരുന്ന കോരേശ് ബാബിലോനെ ജയിച്ചടക്കി.—യെശയ്യാവു 44:28–45:6.
14. അഖിലാണ്ഡ സുപ്രീം കോടതിയിൽ, എന്തു സ്ഥിരമായി തെളിയിക്കപ്പെടും?
14 ദൈവത്വത്തെസംബന്ധിച്ച ആ വ്യവഹാരത്തിൽ വിഗ്രഹദൈവങ്ങൾ പരാജയപ്പെട്ടു. ബാബിലോനു നേരിട്ടതു അവളുടെ ആധുനിക മറുഘടകമായ വ്യാജമതലോകസാമ്രാജ്യമായ മഹാബാബിലോനു നേരിടുമെന്നു തീർച്ചയാണ്. അവളും അവളുടെ സകല ദൈവങ്ങളും മതസംബന്ധമായ അനുസാരികളും വിഗ്രഹാരാധാനാവസ്തുക്കളും എന്നേക്കുമായി അപ്രത്യക്ഷപ്പെടും. (വെളിപ്പാടു 17:12–18:8) അന്നു യഹോവ മാത്രമാണു സത്യദൈവമെന്നും അവൻ തന്റെ പ്രാവചനിക വചനം നിറവേററുന്നുവെന്നും അഖിലാണ്ഡ സുപ്രീംകോടതിയിൽ സ്ഥിരമായി തെളിയിക്കപ്പെടും.
ഭൂതങ്ങൾക്കുള്ള ബലികൾ
15. പരിശുദ്ധാത്മാവും ഒന്നാം നൂററാണ്ടിലെ ഭരണസംഘവും യഹോവയുടെ ജനത്തെയും വിഗ്രഹാരാധനയെയും കുറിച്ച് എന്തു സൂചിപ്പിച്ചു?
15 തങ്ങൾ ദൈവാത്മാവിനാലും സ്ഥാപനത്താലും നയിക്കപ്പെടുന്നതിനാലും യഹോവയുടെ ജനം വിഗ്രഹാരാധനക്കെതിരെ സൂക്ഷിക്കുന്നു. യഹോവയുടെ ദാസൻമാരുടെ ഒന്നാം നൂററാണ്ടിലെ ഭരണസംഘം സഹക്രിസ്ത്യാനികളോട് ഇങ്ങനെ പറഞ്ഞു: “വിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം, എന്നിവ വർജ്ജിക്കുന്നതു ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെമേൽ ചുമത്തരുതു എന്നു പരിശുദ്ധാത്മാവിന്നും ഞങ്ങൾക്കും തോന്നിയിരിക്കുന്നു. ഇവ വർജ്ജിച്ചു സൂക്ഷിച്ചുകൊണ്ടാൽ നന്നു; ശുഭമായിരിപ്പിൻ.”—പ്രവൃത്തികൾ 15:28, 29.
16. നിങ്ങളുടെ സ്വന്തം വാക്കുകളിൽ, വിഗ്രഹാർപ്പിതങ്ങളെക്കുറിച്ചു പൗലോസ് പറഞ്ഞതിനെ നിങ്ങൾ എങ്ങനെ വിശദമാക്കും?
16 ഭൂതമതം ഒഴിവാക്കുകയെന്നതാണു വിഗ്രഹാരാധനക്കെതിരെ സൂക്ഷിക്കേണ്ടതിന്റെ മറെറാരു കാരണം. കർത്താവിന്റെ സന്ധ്യാഭക്ഷണംസംബന്ധിച്ച് അപ്പോസ്തലനായ പൗലോസ് കൊരിന്ത്യക്രിസ്ത്യാനികളോട് ഇങ്ങനെ പറഞ്ഞു: “വിഗ്രഹാരാധന വിട്ടോടുവിൻ. . . . നാം അനുഗ്രഹിക്കുന്ന അനുഗ്രഹ പാത്രം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ അല്ലയോ? അപ്പം ഒന്നു ആകകൊണ്ടു പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ആ ഒരേ അപ്പത്തിൽ അംശികൾ ആകുന്നുവല്ലോ. ജഡപ്രകാരമുള്ള യിസ്രായേലിനെ നോക്കുവിൻ; യാഗങ്ങൾ ഭുജിക്കുന്നവർ യാഗപീഠത്തിന്റെ കൂട്ടാളികൾ അല്ലയോ? ഞാൻ പറയുന്നതു എന്തു? വിഗ്രഹാർപ്പിതം വല്ലതും ആകുന്നു എന്നോ? വിഗ്രഹം വല്ലതും ആകുന്നു എന്നോ? അല്ല, ജാതികൾ ബലി കഴിക്കുന്നതു ദൈവത്തിന്നല്ല ഭൂതങ്ങൾക്കു കഴിക്കുന്നു എന്നത്രേ; എന്നാൽ നിങ്ങൾ ഭൂതങ്ങളുടെ കൂട്ടാളികൾ ആകുവാൻ എനിക്കു മനസ്സില്ല. നിങ്ങൾക്കു കർത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാൻ പാടില്ല. നിങ്ങൾക്കു കർത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികൾ ആകുവാനും പാടില്ല. അല്ല നാം കർത്താവിന്നു ക്രോധം ജ്വലിപ്പിക്കുന്നുവോ? അവനെക്കാൾ നാം ബലവാൻമാരോ?”—1 കൊരിന്ത്യർ 10:14-22.
17. പൊ.യു. ഒന്നാം നൂററാണ്ടിൽ, ഏതു സാഹചര്യങ്ങളിൽ ഒരു ക്രിസ്ത്യാനിക്കു വിഗ്രഹങ്ങൾക്ക് അർപ്പിക്കപ്പെട്ട മാംസം ഭക്ഷിക്കാൻ കഴിയുമായിരുന്നു, എന്തുകൊണ്ട്?
17 മൃഗത്തിന്റെ ഒരു ഭാഗം ഒരു വിഗ്രഹത്തിനു ബലിചെയ്തിരുന്നു, ഒരു അംശം പുരോഹിതനു കൊടുത്തിരുന്നു, ആരാധകനു ഒരു വിരുന്നിനു കുറെ ഭാഗം കിട്ടിയിരുന്നു. എന്നിരുന്നാലും, മാംസത്തിന്റെ ഒരു ഭാഗം ഒരു ചന്തയിൽ വിൽക്കപ്പെട്ടേക്കാം. ഒരു ചടങ്ങിന്റെ ഭാഗമായിട്ടല്ല തിന്നുന്നതെങ്കിലും ഒരു വിഗ്രഹക്ഷേത്രത്തിൽ പോയി മാംസം ഭക്ഷിക്കുന്നതു ഒരു ക്രിസ്ത്യാനിയെസംബന്ധിച്ചു ബുദ്ധിപൂർവകമല്ലായിരുന്നു, കാരണം അതിനു മററുള്ളവരെ ഇടറിക്കാനോ അയാളെ വ്യാജാരാധനയിലേക്കു ആകർഷിക്കാനോ കഴിയുമായിരുന്നു. (1 കൊരിന്ത്യർ 8:1-13; വെളിപ്പാടു 2:12, 14, 18, 20) ഒരു മൃഗത്തെ ഒരു വിഗ്രഹത്തിന് അർപ്പിക്കുന്നതു മാംസത്തിനു മാററംവരുത്തിയില്ല, തന്നിമിത്തം ഒരു ക്രിസ്ത്യാനിക്ക് ഒരു ചന്തയിൽനിന്നു കുറെ മാംസം വാങ്ങാൻ കഴിയുമായിരുന്നു. അതുകൊണ്ട് ഒരു വീട്ടിൽ വിളമ്പുന്ന മാംസത്തിന്റെ ഉറവിനെക്കുറിച്ചു അയാൾ ചോദിക്കേണ്ടിയിരുന്നില്ല. എന്നിരുന്നാലും അതു “വിഗ്രഹാർപ്പിതം” ആയിരുന്നുവെന്ന് ആരെങ്കിലും പറയുകയാണെങ്കിൽ, ആരെയും ഇടറിക്കാതിരിക്കാൻ അയാൾ അതു തിന്നുമായിരുന്നില്ല.—1 കൊരിന്ത്യർ 10:25-29.
18. ഒരു വിഗ്രഹത്തിന് അർപ്പിച്ച എന്തെങ്കിലും ഭക്ഷിക്കുന്നവർക്കു ഭൂതങ്ങളുമായി ഇടപാടിലാകാൻ എങ്ങനെ കഴിയുമായിരുന്നു?
18 ബലികർമ്മത്തിനു ശേഷം, മാംസത്തിൽ ദൈവം ഉണ്ടെന്നും ആരാധകന്റെ വിരുന്നിൽ ആ മാംസം ഭക്ഷിക്കുന്നവരുടെ ശരീരത്തിൽ പ്രവേശിക്കുന്നുവെന്നും മിക്കപ്പോഴും വിചാരിക്കപ്പെട്ടു. ഒരുമിച്ചു ഭക്ഷണം കഴിക്കുന്ന ആളുകൾക്കിടയിൽ ഒരു സ്നേഹബന്ധം രൂപംകൊണ്ടതുപോലെ, ബലിമൃഗങ്ങൾ ഭുജിക്കുന്നവർ യാഗപീഠത്തിൽ പങ്കാളികളായിരുന്നു, വിഗ്രഹത്താൽ പ്രതിനിധാനംചെയ്യപ്പെട്ട ഭൂത-ദൈവവുമായി കൂട്ടായ്മയിലാകുകയും ചെയ്തു. അങ്ങനെയുള്ള വിഗ്രഹാരാധനയിലൂടെ, ഏകസത്യദൈവത്തെ ആരാധിക്കുന്നതിൽനിന്നു ആളുകളെ ഭൂതങ്ങൾ തടഞ്ഞു. (യിരെമ്യാവു 10:1-15) യഹോവയുടെ ജനം വിഗ്രഹാർപ്പിതങ്ങളിൽനിന്ന് ഒഴിഞ്ഞിരിക്കേണ്ടിയിരുന്നത് അതിശയമല്ല! ദൈവത്തോടുള്ള വിശ്വസ്തതയും അവന്റെ പരിശുദ്ധാത്മാവിന്റെയും സ്ഥാപനത്തിന്റെയും മാർഗ്ഗനിർദ്ദേശത്തിന്റെ അംഗീകരണവും ഭൂതവിദ്യയിൽ ഉൾപ്പെടുന്നതൊഴിവാക്കാനുള്ള ദൃഢനിശ്ചയവും ഇന്നു വിഗ്രഹാരാധനക്കെതിരെ സൂക്ഷിക്കുന്നതിനുള്ള ശക്തമായ പ്രചോദനങ്ങളാണെന്നു തെളിയുന്നു.
ജാഗ്രതപാലിക്കേണ്ടതിന്റെ ഒരു ആവശ്യമുള്ളതെന്തുകൊണ്ട്?
19. പുരാതന എഫെസൂസിൽ ഏതുതരം വിഗ്രഹാരാധന സ്ഥിതിചെയ്തിരുന്നു?
19 വിഗ്രഹാരാധനക്ക് അനേകം രൂപങ്ങളുള്ളതുകൊണ്ടും വിഗ്രഹാരാധനാപരമായ ഒരു പ്രവൃത്തിക്കുപോലും തങ്ങളുടെ വിശ്വാസത്തിനു വിട്ടുവീഴ്ച വരുത്താൻകഴിയുമെന്നുള്ളതുകൊണ്ടും ക്രിസ്ത്യാനികൾ അതിനെതിരെ ഉത്സാഹപൂർവം ജാഗ്രത പാലിക്കുന്നു. അപ്പോസ്തലനായ യോഹന്നാൻ “വിഗ്രഹങ്ങളോടു അകന്നു സൂക്ഷിച്ചുകൊൾവിൻ” എന്നു സഹവിശ്വാസികളോടു പറഞ്ഞു. (1 യോഹന്നാൻ 5:21) വിഗ്രഹാരാധനയുടെ അനേകം രൂപങ്ങൾ തങ്ങൾക്കു ചുററുമുണ്ടായിരുന്നതിനാൽ ഈ ബുദ്ധ്യുപദേശം ആവശ്യമായിരുന്നു. യോഹന്നാൻ ലേഖനമെഴുതിയതു മാന്ത്രികാചാരങ്ങളിലും വ്യാജദേവതകളെക്കുറിച്ചുള്ള കെട്ടുകഥകളിലും കുതിർന്നിരുന്ന ഒരു നഗരമായിരുന്ന എഫെസൂസിൽനിന്നായിരുന്നു. ലോകത്തിലെ എഴത്ഭുതങ്ങളിലൊന്ന്—അർത്തേമിസിന്റെ ക്ഷേത്രം—എഫെസൂസിലായിരുന്നു, അതു കുററവാളികളുടെ ഒരു അഭയസ്ഥാനവും അസാൻമാർഗ്ഗിക കർമ്മങ്ങളുടെ കേന്ദ്രവുമായിരുന്നു. തത്ത്വജ്ഞാനിയായിരുന്ന എഫെസൂസിലെ ഹെറാക്ലീററസ് ആ ക്ഷേത്രത്തിലെ യാഗപീഠത്തിങ്കലേക്കുള്ള ഇരുണ്ട വഴിയെ ദുഷ്ടതയുടെ ഇരുട്ടിനോടു ഉപമിച്ചു, ക്ഷേത്രസൻമാർഗ്ഗങ്ങൾ മൃഗങ്ങളുടേതിനെക്കാൾ മോശമാണെന്ന് അദ്ദേഹം പരിഗണിച്ചു. അങ്ങനെ, എഫെസ്യക്രിസ്ത്യാനികൾ ഭൂതവിദ്യക്കും ദുർമ്മാർഗ്ഗത്തിനും വിഗ്രഹാരാധനക്കും എതിരെ ഉറച്ചുനിൽക്കേണ്ടിയിരുന്നു.
20. അതിനിസ്സാര വിഗ്രഹാരാധനപോലും ഒഴിവാക്കേണ്ടതാവശ്യമായിരുന്നത് എന്തുകൊണ്ട്?
20 പിശാചിന്റെ മുമ്പാകെയുള്ള ഒരു ആരാധനാക്രിയപോലും പരിശോധനയിൻകീഴിൽ മനുഷ്യർ ദൈവത്തോടു വിശ്വസ്തരായി നിലകൊള്ളുകയില്ലെന്നുള്ള പിശാചിന്റെ വെല്ലുവിളിയെ പിന്താങ്ങുമെന്നുള്ളതുകൊണ്ട് അതിനിസ്സാരമായ വിഗ്രഹാരാധനപോലും ഒഴിവാക്കുന്നതിനു ക്രിസ്ത്യാനികൾക്കു ശക്തമായ നിശ്ചയദാർഢ്യമാവശ്യമാണ്. (ഇയ്യോബ് 1:8-12) “ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും” യേശുവിനെ കാണിച്ചപ്പോൾ, സാത്താൻ ഇങ്ങനെ പറഞ്ഞു: “നീ എന്റെ മുമ്പാകെ കുമ്പിട്ട് ഒരു ആരാധനാക്രിയ നടത്തിയാൽ ഇവയെല്ലാം ഞാൻ നിനക്കു തരാം.” ക്രിസ്തുവിന്റെ നിരസനം സാർവ്വത്രിക പരമാധികാരത്തിന്റെ വാദവിഷയത്തിൽ യഹോവയുടെ പക്ഷത്തെ ഉയർത്തിപ്പിടിക്കുകയും പിശാച് ഒരു നുണയനാണെന്നു തെളിയിക്കുകയും ചെയ്തു.—മത്തായി 4:8-11, NW; സദൃശവാക്യങ്ങൾ 27:11.
21. റോമാ ചക്രവർത്തിയുടെ കാര്യത്തിൽ, വിശ്വസ്തക്രിസ്ത്യാനികൾ എന്തു ചെയ്യുന്നതിനു വിസമ്മതിച്ചു?
21 യേശുവിന്റെ ആദിമ അനുഗാമികളും വാദവിഷയത്തിൽ സാത്താന്റെ പക്ഷത്തെ പിന്താങ്ങുന്ന ഒരു ആരാധനാക്രിയ ചെയ്യുമായിരുന്നില്ല. അവർക്കു ഭരണപരമായ “ശ്രേഷ്ഠാധികാരങ്ങ”ളോടു ഉചിതമായ ആദരവുണ്ടായിരുന്നെങ്കിലും അവർ റോമാചക്രവർത്തിയുടെ ബഹുമാനാർത്ഥം ധൂപം കാട്ടുകയില്ലായിരുന്നു, അത് അവർക്കു ജീവഹാനി വരുത്തിയാലും. (റോമർ 13:1-7) ഈ സംഗതി സംബന്ധിച്ചു ഡാനിയെൽ പി. മാനിക്സ് ഇങ്ങനെ എഴുതി: “വളരെ കുറച്ചു ക്രിസ്ത്യാനികൾമാത്രമേ വിശ്വാസം തള്ളിപ്പറഞ്ഞുള്ളു, അവരുടെ സൗകര്യത്തിനുവേണ്ടി സാധാരണയായി പോർക്കളത്തിൽ തീ എരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു യാഗപീഠം സൂക്ഷിച്ചിരുന്നുവെങ്കിലും. ഒരു തടവുപുള്ളി ചെയ്യേണ്ടിയിരുന്നതു തീജ്വാലയിലേക്ക് ഒരു നുള്ളു ധൂപവർഗ്ഗം വിതറുകമാത്രമായിരുന്നു, അപ്പോൾ ബലി നടത്തിയതായുള്ള ഒരു സർട്ടിഫിക്കററ് കൊടുത്ത് അയാളെ സ്വതന്ത്രനായി വിട്ടയച്ചിരുന്നു. അയാൾ ചക്രവർത്തിയെ ആരാധിക്കുകയല്ലെന്നും റോമാസംസ്ഥാനത്തിന്റെ തലവൻ എന്ന നിലയിൽ ചക്രവർത്തിയുടെ ദിവ്യസ്വഭാവത്തെ സമ്മതിക്കുക മാത്രമാണെന്നും അയാളോടു ശ്രദ്ധാപൂർവം വിശദീകരിച്ചിരുന്നു. എന്നിട്ടും, ക്രിസ്ത്യാനികളിൽ പ്രായേണ ആരും തന്നെ രക്ഷപ്പെടുന്നതിനുള്ള അവസരത്തെ പ്രയോജനപ്പെടുത്തിയില്ല.” (മരിക്കാറായവർ, Those About to Die, പേജ് 137) സമാനമായി പരിശോധിക്കപ്പെട്ടാൽ നിങ്ങൾ സകല വിഗ്രഹാരാധനയെയും പൂർണ്ണമായി ചെറുത്തുനിൽക്കുമോ?
നിങ്ങൾ വിഗ്രഹാരാധനക്കെതിരെ സൂക്ഷിക്കുമോ?
22, 23. നിങ്ങൾ വിഗ്രഹാരാധനക്കെതിരെ സൂക്ഷിക്കേണ്ടതെന്തുകൊണ്ട്?
22 വ്യക്തമായി ക്രിസ്ത്യാനികൾ സകലതരം വിഗ്രഹാരാധനക്കുമെതിരെ സൂക്ഷിക്കണം. യഹോവ സമ്പൂർണ്ണമായ ഭക്തി ആവശ്യപ്പെടുന്നു. വിശ്വസ്തരായ മൂന്ന് എബ്രായർ ബാബിലോന്യരാജാവായ നെബുഖദ്നേസ്സർ നിർത്തിയ വലിയ പ്രതിമയെ വിഗ്രഹമാക്കാൻ വിസമ്മതിച്ചതിൽ ഒരു നല്ല മാതൃക വെച്ചു. പ്രവാചകനായ യെശയ്യാവു രേഖപ്പെടുത്തിയ അഖിലാണ്ഡ വ്യവഹാരത്തിൽ ജീവനുള്ള സത്യദൈവം യഹോവ മാത്രമാണെന്നു പ്രകടമായി. അവന്റെ ആദിമക്രിസ്തീയ സാക്ഷികൾ വിഗ്രഹങ്ങൾക്കു ബലിയർപ്പിക്കപ്പെട്ട വസ്തുക്കളെ വർജ്ജിച്ചുകൊണ്ടേയിരിക്കണമായിരുന്നു. അവരുടെ ഇടയിലെ അനേകം വിശ്വസ്തർ യഹോവയെ നിരസിക്കൽ ആയിരിക്കുമായിരുന്ന ഒരൊററ വിഗ്രഹാരാധനാക്രിയ പോലും ചെയ്യാനുള്ള സമ്മർദ്ദത്തിനു വഴങ്ങിയില്ല.
23 ആ സ്ഥിതിക്ക്, നിങ്ങൾ വ്യക്തിപരമായി വിഗ്രഹാരാധനക്കെതിരെ സൂക്ഷിക്കുന്നുണ്ടോ? നിങ്ങൾ ദൈവത്തിനു സമ്പൂർണ്ണമായ ഭക്തി കൊടുക്കുന്നുണ്ടോ? നിങ്ങൾ യഹോവയുടെ പരമാധികാരത്തെ പിന്താങ്ങുകയും ജീവനുള്ള സത്യദൈവമെന്ന നിലയിൽ അവനെ പുകഴ്ത്തുകയും ചെയ്യുന്നുണ്ടോ? ഉണ്ടെങ്കിൽ, വിഗ്രഹാരാധനാപരമായ ആചാരങ്ങൾക്കെതിരെ ഉറച്ചുനിൽക്കുന്നതിൽ തുടരുകയെന്നതു നിങ്ങളുടെ തീരുമാനമായിരിക്കണം. എന്നാൽ സകലതരം വിഗ്രഹാരാധനക്കുമെതിരെ സൂക്ഷിക്കുന്നതിനു കൂടുതലായ ഏതു തിരുവെഴുത്താശയങ്ങൾക്കു നിങ്ങളെ സഹായിക്കാൻ കഴിയും?
നിങ്ങളുടെ ആശയങ്ങൾ എന്താണ്?
◻ വിഗ്രഹാരാധന എന്താണ്?
◻ യഹോവ എല്ലാ വിഗ്രഹാരാധനക്കും എതിരായിരിക്കുന്നത് എന്തുകൊണ്ട്?
◻ മൂന്ന് എബ്രായർ വിഗ്രഹാരാധന സംബന്ധിച്ച് എന്തു നിലപാടു സ്വീകരിച്ചു?
◻ വിഗ്രഹങ്ങൾക്ക് അർപ്പിക്കപ്പെട്ട വസ്തുക്കൾ തിന്നുന്നവർ ഭൂതങ്ങളുമായി ഇടപെട്ടേക്കാവുന്നത് എങ്ങനെ?
◻ നാം വിഗ്രഹാരാധനക്കെതിരെ സൂക്ഷിക്കേണ്ടത് എന്തുകൊണ്ട്?
[23-ാം പേജിലെ ചിത്രം]
തങ്ങളുടെ ജീവനു ഭീഷണി ഉണ്ടായിട്ടും മൂന്ന് എബ്രായർ വിഗ്രഹാരാധനയിൽ ഏർപ്പെടുമായിരുന്നില്ല