“നമസ്കാരം! ദൈവത്തിന്റെ നാമം എന്താണെന്നു നിങ്ങൾക്കറിയാമോ?”
ബ്രസീലിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചാഫീസിൽ ഫോർട്ടലസാ നഗരത്തിലെ 12 വയസ്സുള്ള ഇരട്ടകളായ സഹോദരിമാരിൽനിന്നു ചുവടെ ചേർക്കുന്ന എഴുത്തു കിട്ടി:
“ഞങ്ങൾ 1990-ൽ അഞ്ചാം ഗ്രേഡിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ, ഞങ്ങളുടെ സ്കൂൾ ഒരു ശാസ്ത്ര, കലാ, സാംസ്കാരിക മേള സംഘടിപ്പിച്ചു. ഞങ്ങളുടെ അവതരണം മററു കുട്ടികൾ ഒരുക്കുന്നതിന് ആസൂത്രണംചെയ്തുകൊണ്ടിരിക്കുന്നതിൽനിന്നു വ്യത്യസ്തമായിരിക്കാൻ ഞങ്ങളാഗ്രഹിക്കുന്നുവെന്നു ഞങ്ങൾ അദ്ധ്യാപികയോടു വിശദീകരിച്ചു. മുമ്പു യഹോവയെയും ബൈബിളിനെയും കുറിച്ചു സംസാരിക്കുന്നത് അദ്ധ്യാപിക കേട്ടിരുന്നതുകൊണ്ട്, ‘എങ്കിൽ നിങ്ങൾക്കു നിങ്ങളുടെ ദൈവത്തെക്കുറിച്ച് എഴുതാവുന്നതാണ്’ എന്ന് അവർ നിർദ്ദേശിച്ചു!
“ഇതിനെ സാക്ഷ്യംകൊടുക്കുന്നതിനുള്ള ഒരു അവസരമായി ഞങ്ങൾ കാണുകയും യഹോവയുടെ നാമത്തെ കേന്ദ്രീകരിച്ചുള്ള ബൈബിൾസാഹിത്യങ്ങളുടെ ഒരു പ്രദർശനം സംഘടിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഞങ്ങൾ സങ്കീർത്തനം 83:18-ലെ വാക്കുകളുടെ ഒരു വിപുലമായ ചിത്രീകരണം തയ്യാറാക്കുകയും തുറന്ന ബൈബിളിന്റെ ഒരു ചിത്രത്തിൽ ഒട്ടിച്ചുവെക്കുകയും ചെയ്തു. കൂടാതെ, ഞങ്ങൾ യഹോവയെന്ന നാമമടങ്ങിയ വ്യത്യസ്ത ബൈബിൾഭാഷാന്തരങ്ങൾ ഒരു മേശപ്പുറത്തു വെച്ചു. അതേ മേശമേൽ ഞങ്ങൾ പല ബൈബിൾ സാഹിത്യങ്ങളുടെ ഒരു ശേഖരവും പ്രദർശിപ്പിച്ചു. വളരെ പ്രസിദ്ധമായ ഒരു ചലച്ചിത്രത്തിൽ യഹോവ എന്ന നാമം ഉപയോഗിച്ചിരിക്കുന്ന ഒരു ദൃഷ്ടാന്തം സന്ദർശകരെ കാണിക്കുന്നതിനു മേശയുടെ അററത്തു ഞങ്ങൾ ഒരു വിസിആറും ഒരു ടിവിയും സ്ഥാപിച്ചു.
“മേളയുടെ സമയത്ത്, ഒരാൾ ഞങ്ങളുടെ മേശയ്ക്കൽ വരുമ്പോൾ ‘നമസ്കാരം! ദൈവത്തിന്റെ നാമം എന്താണെന്നു നിങ്ങൾക്കറിയാമോ?’ എന്നു ഞങ്ങൾ ചോദിക്കും. മറുപടി പറയാൻ സന്ദർശകന് ഒരു അവസരം കൊടുത്തശേഷം ഞങ്ങൾ ഇങ്ങനെ തുടരുന്നു: ‘ഇവിടെ നോക്കൂ! പല ബൈബിൾ ഭാഷാന്തരങ്ങൾ അവിടുത്തെ നാമം യഹോവ എന്നാണെന്നു പ്രകടമാക്കുന്നു,’ ജോവാവോ ഫെറെയ്റാ ഡി അൽമെയ്ഡാ, ദി ജെറൂസലം ബൈബിൾ, ന്യൂവേൾഡ് ട്രാൻസേഷ്ളൻ എന്നിങ്ങനെയുള്ള വ്യത്യസ്ത ബൈബിളുകളിൽ നാമം ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. പിന്നീടു ചലച്ചിത്രത്തിലെ മുഖ്യകഥാപാത്രം ദൈവനാമമെന്ന നിലയിൽ യഹോവയെ പ്രദീപ്തമാക്കുന്ന രംഗം ഞങ്ങൾ പ്രദർശിപ്പിച്ചു. ആളുകൾ താത്പര്യം പ്രകടമാക്കിയപ്പോൾ ഞങ്ങൾ അവർക്കു കൂടുതൽ വിവരങ്ങളടങ്ങിയ ഒരു മാസികയോ ഒരു ലഘുലേഖയോ കൊടുത്തു.
“ഞങ്ങളുടെ മേശയ്ക്കൽ എത്തിയ യുവജനങ്ങളിലൊരാൾ യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകം ചോദിച്ചു. ഞങ്ങളുടെ അദ്ധ്യാപിക നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ എന്ന പുസ്തകം പരിശോധിച്ചിട്ടു ‘ഹാ! എന്തു രസകരമായ പുസ്തകം!’ എന്ന് ഉദ്ഘോഷിച്ചു. മേള അവസാനിച്ചപ്പോഴേക്കു ഞങ്ങൾ 7 പുസ്തകവും 18 ലഘുലേഖയും 67 മാസികയും സമർപ്പിച്ചു. മേളയിൽ മൂന്നാം സ്ഥാനം ഞങ്ങൾക്കു ലഭിച്ചു. എന്നാൽ എല്ലാററിലുമുപരിയായി, യഹോവയെന്ന ദിവ്യനാമത്തെ പ്രസിദ്ധമാക്കുന്ന പദവിയിൽ ഞങ്ങൾ വളരെ സന്തുഷ്ടരായിരുന്നു.”