ഏതു മേശയിൽനിന്നാണു നിങ്ങൾ ഭക്ഷിക്കുന്നത്?
‘നിങ്ങൾക്കു കർത്താവിന്റെ [‘യഹോവയുടെ,’ NW] മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികൾ ആകുവാൻ പാടില്ല.’—1 കൊരിന്ത്യർ 10:21.
1. ഏതു മേശകളാണു നമ്മുടെ മുന്നിൽ വെച്ചിരിക്കുന്നത്, അവയെക്കുറിച്ച് അപ്പോസ്തലനായ പൗലോസ് എന്തു മുന്നറിയിപ്പാണു നൽകുന്നത്?
മനുഷ്യവർഗത്തിന്റെ മുമ്പാകെ രണ്ട് ആലങ്കാരിക മേശകൾ വെച്ചിരിക്കുന്നുവെന്ന് അപ്പോസ്തലനായ പൗലോസിന്റെ ഈ നിശ്വസ്തവചനങ്ങൾ കാണിക്കുന്നു. ഇതിൽ ഓരോ മേശയും തിരിച്ചറിയിക്കപ്പെടുന്നത് അതിൽ വെച്ചിരിക്കുന്ന പ്രതീകാത്മക ഭോജനത്തിന്റെ തരമനുസരിച്ചാണ്. നാമെല്ലാവരും അതിൽ ഒന്നിൽനിന്നല്ലെങ്കിൽ മറെറാന്നിൽനിന്നു ഭക്ഷിച്ചുകൊണ്ടാണിരിക്കുന്നത്. എന്നാൽ നാം ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നപക്ഷം അവന്റെ മേശയിൽനിന്നു ഭക്ഷിക്കുന്നതോടൊപ്പം ഭൂതങ്ങളുടെ മേശയിൽനിന്നുകൂടി അല്പാല്പം തിന്നുവാൻ പാടുള്ളതല്ല. “ജാതികൾ ബലികഴിക്കുന്നതു ദൈവത്തിന്നല്ല ഭൂതങ്ങൾക്കു കഴിക്കുന്നു എന്നത്രേ; എന്നാൽ നിങ്ങൾ ഭൂതങ്ങളുടെ കൂട്ടാളികൾ ആകുവാൻ എനിക്കു മനസ്സില്ല. നിങ്ങൾക്കു കർത്താവിന്റെ [‘യഹോവയുടെ,’ NW] പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാൻ പാടില്ല; നിങ്ങൾക്കു കർത്താവിന്റെ [‘യഹോവയുടെ,’ NW] മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികൾ ആകുവാനും പാടില്ല” എന്ന് അപ്പോസ്തലനായ പൗലോസ് മുന്നറിയിപ്പു നൽകി.—1 കൊരിന്ത്യർ 10:20, 21.
2. (എ) പുരാതന ഇസ്രായേല്യരുടെ നാളിൽ യഹോവയുടെ ഏതു മേശയാണു നിലവിലുണ്ടായിരുന്നത്, സമാധാനയാഗങ്ങളിൽ ആർ പങ്കുപററി? (ബി) ഇന്ന് യഹോവയുടെ മേശയിൽനിന്ന് പങ്കുപററുന്നുവെന്നതിന്റെ അർഥമെന്ത്?
2 പൗലോസിന്റെ വാക്കുകൾ, യഹോവയുടെ ന്യായപ്രമാണപ്രകാരം പുരാതന ഇസ്രായേല്യർ അർപ്പിച്ചുകൊണ്ടിരുന്ന സമാധാനയാഗത്തിന്റെ സ്മരണ നമ്മിൽ ഉണർത്തുന്നു. ദൈവത്തിന്റെ യാഗപീഠത്തെ ഒരു മേശയെന്നു വിളിച്ചിരുന്നു. യഹോവക്കു സമാധാനയാഗം അർപ്പിക്കുന്നവൻ യഹോവയും പുരോഹിതൻമാരുമായി ഐക്യത്തിലായിരിക്കേണ്ടതുണ്ടായിരുന്നു. എങ്ങനെ? ഒന്നാമതായി യഹോവ യാഗത്തിൽ പങ്കുപററി കാരണം അവന്റെ യാഗപീഠത്തിനുമേൽ രക്തം തളിക്കുകയും അതിന്റെ കീഴെ മേദസ്സ് ദഹനയാഗമായി അർപ്പിക്കുകയും ചെയ്തിരുന്നു. രണ്ടാമതായി, പുരോഹിതൻ (തന്റെ കുടുംബത്തോടൊപ്പം) യാഗത്തിനർപ്പിച്ച മൃഗത്തിന്റെ പൊരിച്ച നെഞ്ചും വലത്തെ കുറകും തിന്നുകൊണ്ട് അതിൽ പങ്കുപററി. മൂന്നാമതായി, യാഗം അർപ്പിക്കുന്നവൻ അതിന്റെ ശേഷഭാഗം ഭക്ഷിച്ചുകൊണ്ട് അതിൽ പങ്കുപററി. (ലേവ്യപുസ്തകം 7:11-36) ഇന്ന് യഹോവയുടെ മേശയിൽനിന്ന് പങ്കുപററുന്നുവെന്നതിന്റെ അർഥം അവൻ ആഗ്രഹിക്കുന്ന രീതിയിൽ അവന് ആരാധന അർപ്പിക്കുക എന്നാണ്. യേശുവും അവന്റെ അപ്പോസ്തലൻമാരും അതിന് ഉത്തമ ദൃഷ്ടാന്തമാണ്. ഇപ്രകാരം ചെയ്യുന്നതിനു യഹോവ തന്റെ വചനത്തിലൂടെയും സ്ഥാപനത്തിലൂടെയും ആത്മീയമായി പ്രദാനം ചെയ്യുന്നവയിൽ നാം ആത്മീയമായി പങ്കുപറേറണ്ടതുണ്ട്. യഹോവയുടെ മേശയിങ്കൽ അവനോടൊത്തു സഹഭോജനം ആസ്വദിച്ചിരുന്ന ഇസ്രായേല്യരെ ഭൂതങ്ങളുടെ മേശയിങ്കൽ യാഗമർപ്പിക്കുന്നതിൽനിന്നു വിലക്കിയിരുന്നു. ആത്മീയ ഇസ്രായേല്യരും അവരുടെ സുഹൃത്തുക്കളായ “വേറെ ആടുക”ളും അതേ ദിവ്യ നിരോധനത്തിൻ കീഴിലാണ്.—യോഹന്നാൻ 10:16.
3. നമ്മുടെ നാളുകളിൽ ഭൂതങ്ങളുടെ മേശയിൽനിന്നു പങ്കുപററുന്നതിലൂടെ ഒരുവൻ കുററക്കാരനായി തീർന്നേക്കാവുന്നത് എങ്ങനെ?
3 നമ്മുടെ നാളുകളിൽ ഭൂതങ്ങളുടെ മേശയിൽനിന്ന് പങ്കുപററിക്കൊണ്ട് ഒരുവൻ കുററക്കാരനായി തീർന്നേക്കാവുന്നത് എങ്ങനെയാണ്? യഹോവക്കെതിരായ എന്തിനെയെങ്കിലും പ്രോത്സാഹിപ്പിക്കുന്നതിനാൽ. നമ്മെ വഴിതെററിക്കുന്നതിനും യഹോവയിൽനിന്ന് അകററുന്നതിനുംവേണ്ടി രൂപം നൽകിയിരിക്കുന്ന സകലവിധ ഭൂതാത്മക ആശയപ്രചരണങ്ങളും ഭൂതങ്ങളുടെ മേശയിൽ ഉൾപ്പെടുന്നു. അത്തരം വിഷലിപ്തമായ ആശയങ്ങളാൽ ഹൃദയവും മനസ്സും നിറയ്ക്കുന്നതിന് ആരാണ് ആഗ്രഹിക്കുക? ഇന്ന് അനേകം ആളുകൾ യുദ്ധദേവൻമാർക്കും ഐശ്വര്യദേവതകൾക്കും അർപ്പിക്കുന്ന യാഗങ്ങളിൽ പങ്കുപററുവാൻ സത്യക്രിസ്ത്യാനികൾ വിസമ്മതിക്കുന്നു.—മത്തായി 6:24.
“ഭൂതങ്ങളുടെ മേശ” ഒഴിവാക്കൽ
4. നാമെല്ലാം അഭിമുഖീകരിക്കുന്ന ചോദ്യം ഏത്, ഭൂതങ്ങളുടെ മേശയിൽനിന്നു മനസ്സറിഞ്ഞു ഭക്ഷിക്കുവാൻ നാം ആഗ്രഹിക്കുകയില്ലാത്തത് എന്തുകൊണ്ട്?
4 നാമെല്ലാം അഭിമുഖീകരിക്കുന്ന ചോദ്യം ഇതാണ്: ഏതു മേശയിൽനിന്നാണു ഞാൻ ഭക്ഷിക്കുന്നത്? ഒന്നല്ലെങ്കിൽ മറെറാരു മേശയിൽനിന്നു തിന്നുവാൻ നാം ബാധ്യസ്ഥരാണെന്ന വസ്തുതയിൽനിന്നു നമുക്ക് ഒളിച്ചോടാനാവില്ല. (താരതമ്യം ചെയ്യുക: മത്തായി 12:30.) ഭൂതങ്ങളുടെ മേശയിൽനിന്നു മനസ്സറിഞ്ഞു ഭക്ഷിക്കുവാൻ നാം ആഗ്രഹിക്കുകയില്ല. അങ്ങനെ ചെയ്യുന്നത് ജീവനുള്ള ഏക സത്യദൈവമായ യഹോവയുടെ അംഗീകാരം നഷ്ടപ്പെടുന്നതിന് ഇടയാക്കും. നേരേ മറിച്ച്, യഹോവയുടെ മേശയിൽനിന്നുമാത്രം ഭക്ഷിക്കുന്നതു സന്തോഷപൂർണമായ നിത്യജീവനിലേക്കു നമ്മെ നയിക്കുന്നു! (യോഹന്നാൻ 17:3) തിന്നുന്നതു ദേഹത്തു കാണാനുണ്ട് എന്നൊരു ചൊല്ലുണ്ട്. ശാരീരികവും മാനസികവുമായി നല്ല ആരോഗ്യം കാത്തുസൂക്ഷിക്കാനാഗ്രഹിക്കുന്ന ഏവനും തന്റെ ഭക്ഷണക്രമം നിരീക്ഷിക്കേണ്ടതാണ്. ഉയർന്ന നിരക്കിൽ കൊഴുപ്പുള്ള പോഷകരഹിതമായ ഭക്ഷണം രാസവസ്തുക്കൾചേർത്തു രുചികരമായി തയ്യാറാക്കിയതാണെങ്കിലും ശാരീരികാരോഗ്യം നിലനിൽക്കാൻ അത് എന്തെങ്കിലും പ്രയോജനം ചെയ്യുന്നില്ല. അതേപോലെതന്നെ ഭൂതാത്മക ആശയങ്ങൾ കോർത്തുകെട്ടിയ ഈ ലോകത്തിന്റെ പ്രചരണങ്ങൾ നമ്മുടെ മനസ്സിനെ ദുഷിപ്പിക്കുന്ന ചവറു ഭക്ഷണമാണ്.
5. ഭൂതങ്ങളുടെ പഠിപ്പിക്കലുകൾ സ്വീകരിക്കുന്നതു നമുക്കിന്ന് എങ്ങനെ ഒഴിവാക്കാം?
5 അന്ത്യകാലത്ത് ആളുകൾ “ഭൂതങ്ങളുടെ പഠിപ്പിക്കലുക”ളാൽ വഴിതെററിക്കപ്പെടുമെന്ന് അപ്പോസ്തലനായ പൗലോസ് മുൻകൂട്ടിപ്പറഞ്ഞു. (1 തിമോത്തി 4:1, NW) ഭൂതങ്ങളുടെ അത്തരം പഠിപ്പിക്കലുകൾ വ്യാജമത വിശ്വാസങ്ങളിൽ മാത്രമല്ല മററു പല വിധങ്ങളിലും വ്യാപകമായി പ്രചരിപ്പിച്ചിരിക്കുന്നു. ദൃഷ്ടാന്തത്തിന്, നാമും നമ്മുടെ കുട്ടികളും വായിക്കുന്ന പുസ്തകങ്ങളും മാസികകളും ഏതുതരത്തിൽപ്പെട്ടവയാണ്, ഏതു പരിപാടികളാണു ടെലിവിഷനിൽ നാം വീക്ഷിക്കുന്നത്, ഏതുതരം നാടകങ്ങളും ചലച്ചിത്രങ്ങളുമാണു നാം കാണുന്നത് എന്നു വിശകലനം ചെയ്തു സൂക്ഷ്മ പരിശോധന ചെയ്യേണ്ടതുണ്ട്. (സദൃശവാക്യങ്ങൾ 14:15) നേരമ്പോക്കിനുവേണ്ടി നാം കെട്ടുകഥ വായിക്കുന്നുവെങ്കിൽ അത് വിവേകശൂന്യമായ അക്രമം, അവിഹിത ലൈംഗികത, മാന്ത്രികവിദ്യ എന്നിവ ചിത്രീകരിക്കുന്നുണ്ടോ? പരിജ്ഞാനത്തിനായി നാം കെട്ടുകഥയല്ലാത്തതു വായിക്കുന്നുവെങ്കിൽ അത് ‘ക്രിസ്തുവിന് ഒത്തവണ്ണമല്ലാത്ത’ ഒരു തത്ത്വശാസ്ത്രമോ ജീവിതരീതിയോ വിവരിക്കുന്നുണ്ടോ? (കൊലൊസ്സ്യർ 2:8) അത് നിരർഥകമായ നിരൂപണങ്ങൾ അവതരിപ്പിച്ചിട്ടുണ്ടോ? അതോ ലൗകികമായ സാമൂഹിക പ്രക്ഷോഭണത്തിൽ ഏർപ്പെടുന്നതിനായി പ്രേരിപ്പിക്കുന്നുണ്ടോ? വളരെ സമ്പന്നനാകുക എന്ന തീരുമാനത്തെ ഊട്ടിവളർത്തുന്നതിന് അതു പ്രേരണയേകുന്നുണ്ടോ? (1 തിമൊഥെയൊസ് 6:9) ക്രിസ്തുതുല്യമല്ലാത്ത, ഭിന്നതയുണ്ടാക്കുന്ന പഠിപ്പിക്കലുകൾ അവതരിപ്പിച്ചിരിക്കുന്ന ഏതെങ്കിലുമൊരു പ്രസിദ്ധീകരണമാണോ അത്? ഉത്തരം അതേ എന്നായിരിക്കുകയും അത്തരം പ്രസിദ്ധീകരണങ്ങൾ നാം തുടർന്നു വായിക്കുകയുമാണെങ്കിൽ ഭൂതങ്ങളുടെ മേശയിൽനിന്നു ഭക്ഷിച്ചുകൊണ്ടു നാം നമ്മെത്തന്നെ അപായപ്പെടുത്തുകയായിരിക്കും ചെയ്യുന്നത്. അറിവു പകർന്നുതരുന്നതെന്നും ഇപ്പോൾ പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്നതെന്നും തോന്നിക്കുന്ന ലക്ഷക്കണക്കിനു തത്ത്വശാസ്ത്രങ്ങൾ ഇന്നു നിലവിലുണ്ട്. (സഭാപ്രസംഗി 12:12) എന്നാൽ ഈ പ്രചാരണങ്ങൾ ഒന്നും പുതുതല്ല. ഇത് ഒരുവന്റെ പ്രയോജനത്തിനും നൻമയ്ക്കും ഉതകുന്നില്ല. ഹവ്വായുടെ പ്രയോജനത്തിനുവേണ്ടിയെന്നപോലെ സാത്താൻ കൗശലപൂർവം പറഞ്ഞതിൽ കവിഞ്ഞ യാതൊന്നും ഇതിലില്ല.—2 കൊരിന്ത്യർ 11:3.
6. ഭൂതാത്മകമായ തന്റെ ചവറു ഭക്ഷണം രുചിച്ചുനോക്കുന്നതിനായി സാത്താൻ നമ്മെ ക്ഷണിക്കുമ്പോൾ നാം എങ്ങനെയാണു പ്രതികരിക്കേണ്ടത്?
6 ഭൂതാത്മകമായ തന്റെ ചവറു ഭക്ഷണം രുചിച്ചുനോക്കുന്നതിനായി സാത്താൻ നമ്മെ ക്ഷണിക്കുമ്പോൾ നാം എങ്ങനെയാണു പ്രതികരിക്കേണ്ടത്? കല്ലുകളെ അപ്പമാക്കാൻ സാത്താൻ പ്രലോഭിപ്പിച്ചപ്പോൾ യേശു ചെയ്തപോലെതന്നെ. “‘മനുഷ്യൻ അപ്പംകൊണ്ടുമാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു’ എന്നു എഴുതിയിരിക്കുന്നു” എന്ന് യേശു മറുപടി പറഞ്ഞു. തന്റെമുന്നിൽ വീണ് ഒരു ആരാധനാക്രമം നടത്തുന്നപക്ഷം “ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും” നൽകാമെന്നു പിശാച് യേശുവിനു വാഗ്ദാനം ചെയ്തപ്പോൾ “സാത്താനേ, എന്നെ വിട്ടുപോ; ‘നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെമാത്രമേ ആരാധിക്കാവു’ എന്ന് എഴുതിയിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ടു യേശു പ്രത്യുത്തരം നൽകി.—മത്തായി 4:3, 4, 8-10.
7. യഹോവയുടെ മേശയിൽനിന്നും ഭൂതങ്ങളുടെ മേശയിൽനിന്നും വിജയകരമായ രീതിയിൽ ഭക്ഷിക്കാമെന്നു നാം ചിന്തിക്കുന്നുവെങ്കിൽ നാം നമ്മെത്തന്നെ വഞ്ചിക്കുകയായിരിക്കും എന്നതിനു കാരണമെന്ത്?
7 യഹോവയുടെ മേശയും അവന്റെ ശത്രുക്കളായ ഭൂതങ്ങളുടെ മേശയും തമ്മിൽ ഒരിക്കലും പൊരുത്തപ്പെടുകയില്ല! പൊരുത്തപ്പെടുത്താൻ മുൻകാലങ്ങളിൽ ശ്രമം ചെയ്തിട്ടുണ്ട് എന്നതു ശരിതന്നെ. പ്രവാചകനായ ഏലിയാവിന്റെ നാളിലെ പുരാതന ഇസ്രായേല്യരെക്കുറിച്ച് അനുസ്മരിക്കുവിൻ. ജനങ്ങൾ യഹോവയെ ആരാധിക്കുന്നുവെന്ന് അവകാശവാദം നടത്തി. എന്നാൽ ബാൽ പോലുള്ള മററു ദൈവങ്ങൾ സമ്പദ്സമൃദ്ധി വാഗ്ദാനം ചെയ്തിരുന്നതായി അവർ വിശ്വസിച്ചു. ഏലിയാവ് ജനങ്ങളുടെ സമീപംചെന്ന് ഇപ്രകാരം ചോദിച്ചു: “നിങ്ങൾ എത്രത്തോളം രണ്ടു വ്യത്യസ്ത അഭിപ്രായങ്ങളിൽ ഞൊണ്ടിക്കൊണ്ടിരിക്കും? യഹോവയാണു സത്യദൈവമെങ്കിൽ അവനെ പിന്തുടരുവിൻ; അതല്ല ബാൽ ആണെങ്കിൽ അവനെ പിന്തുടരുവിൻ.” ഇസ്രായേല്യർ “ആദ്യം ഒരുകാലിലും പിന്നീടു മറുകാലിലും” നൊണ്ടാൻ തുടങ്ങിയെന്ന വസ്തുത നിരസ്സിക്കാനാവില്ല. (1 രാജാക്കൻമാർ 18:21; ദ ജറുശലേം ബൈബിൾ) തങ്ങളുടെ ദേവന്റെ ദൈവത്വം തെളിയിക്കാൻ ബാലിന്റെ പുരോഹിതൻമാരെ ഏലിയാവ് വെല്ലുവിളിച്ചു. ഭോജനയാഗത്തിൻമേൽ സ്വർഗത്തിൽനിന്നു തീ ഇറക്കാൻ കഴിവുള്ള ദൈവം സത്യദൈവമെന്നു തെളിയുമായിരുന്നു. വളരെയേറെ ശ്രമങ്ങൾക്കുശേഷവും ബാലിന്റെ പുരോഹിതൻമാർ പരാജയപ്പെട്ടു. എന്നാൽ ഏലിയാവ്, “യഹോവേ, എനിക്കു ഉത്തരമരുളേണമേ; നീ ദൈവം തന്നേ . . . എന്നു ഈ ജനം അറിയേണ്ടതിന്നു” എന്നു പ്രാർഥിക്കുകമാത്രം ചെയ്തു. ഉടനടി സ്വർഗത്തിൽനിന്ന്, യഹോവയുടെ പക്കൽനിന്നു തീ ഇറങ്ങി വെള്ളത്തിൽ കുതിർന്നിരുന്ന മൃഗയാഗത്തെ ദഹിപ്പിച്ചു. യഹോവയുടെ ദൈവത്വത്തിന്റെ പ്രദർശനത്തിൻമേലുള്ള ഉറച്ചബോധ്യത്താൽ ഇളകിയ ജനങ്ങൾ ഏലിയാവിനെ അനുസരിച്ചു. അവർ ബാലിന്റെ 450 പ്രവാചകൻമാരെയും കൊന്നുകളഞ്ഞു. (1 രാജാക്കൻമാർ 18:24-40) അതുകൊണ്ട്, ഇന്നു നാം യഹോവയെ സത്യദൈവമായി അംഗീകരിച്ച് അവന്റെ മേശയിൽനിന്നുമാത്രം ഭക്ഷിക്കാൻ ഉറച്ച തീരുമാനമെടുക്കാം, ഇതിനോടകം അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ.
‘വിവേകിയായ അടിമ’ യഹോവയുടെ മേശയിങ്കൽ വിളമ്പുന്നു
8. തന്റെ സാന്നിധ്യകാലത്തു ശിഷ്യൻമാർക്ക് ആത്മീയ ആഹാരം പ്രദാനം ചെയ്യുമെന്നു യേശുക്രിസ്തു മുൻകൂട്ടിപ്പറഞ്ഞിരുന്ന അടിമ ഏത്, ഈ അടിമയെ എങ്ങനെ തിരിച്ചറിയാം?
8 ‘വിശ്വസ്തനും വിവേകിയുമായ’ അടിമ തന്റെ സാന്നിധ്യത്തിൽ ശിഷ്യൻമാർക്ക് ആത്മീയ ആഹാരം പ്രദാനം ചെയ്യുമെന്ന് യേശുക്രിസ്തു മുൻകൂട്ടിപ്പറഞ്ഞിരുന്നു. “യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്തു കാണുന്ന ദാസൻ [അടിമ, NW] ഭാഗ്യവാൻ. അവൻ അവനെ തനിക്കുള്ള സകലത്തിൻമേലും യജമാനൻ ആക്കിവെക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്ന് അവൻ പറഞ്ഞു. (മത്തായി 24:45-47) ഈ അടിമ ഏക വ്യക്തിയല്ല മറിച്ച്, സമർപ്പിത അഭിഷിക്ത ക്രിസ്ത്യാനികളുടെ വർഗമാണ് എന്നു തെളിഞ്ഞു. ഈ വർഗം അഭിഷിക്ത ശേഷിപ്പിനും മഹാപുരുഷാരത്തിനുംവേണ്ടി ഏററവും ഉത്തമമായ ആത്മീയ ആഹാരം യഹോവയുടെ മേശയിൽ നിരത്തിയിരിക്കുന്നു. ഇപ്പോൾ 40 ലക്ഷത്തിലധികം വരുന്ന “മഹാപുരുഷാരം” യഹോവയാം ദൈവത്തിന്റെ സാർവത്രിക പരമാധികാരത്തിനും തന്റെ നാമം വിശുദ്ധമാക്കാൻപോകുന്ന അവന്റെ രാജ്യത്തിനുംവേണ്ടി അഭിഷിക്ത ശേഷിപ്പിനോടൊപ്പം നിലകൊള്ളുകയാണ്.—വെളിപ്പാടു 7:9-17.
9. യഹോവയുടെ സാക്ഷികൾക്ക് ആത്മീയ ആഹാരം പ്രദാനം ചെയ്യുന്നതിന് അടിമവർഗം ഏത് ഉപകരണമാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്, അവരുടെ ആത്മീയ വിരുന്നൂണിനെക്കുറിച്ച് എങ്ങനെയാണ് പ്രവചനരൂപത്തിൽ വിവരിച്ചിരിക്കുന്നത്?
9 യഹോവയുടെ സാക്ഷികളായ ഏവർക്കും ആത്മീയ ആഹാരം പ്രദാനം ചെയ്യുന്നതിന് ഈ വിശ്വസ്ത അടിമവർഗം വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററിയെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ക്രൈസ്തവലോകവും ഈ വ്യവസ്ഥിതിയുടെ ശേഷിച്ച ഭാഗവും ജീവദായകമായ ആത്മീയ ആഹാരം ലഭിക്കാതെ പട്ടിണികിടക്കുമ്പോൾ യഹോവയുടെ സാക്ഷികൾ വിഭവസമൃദ്ധമായ വിരുന്നുണ്ണുകയാണ്. (ആമോസ് 8:11) ഇത് യെശയ്യാവു 25:6-ൽ പറഞ്ഞിരിക്കുന്ന പിൻവരുന്ന പ്രവചനത്തിന്റെ നിവൃത്തിയാണ്: “യഹോവ ഈ പർവ്വതത്തിൽ സകലജാതികൾക്കും മൃഷ്ടഭോജനങ്ങൾകൊണ്ടും മട്ടൂറിയ വീഞ്ഞുകൊണ്ടും ഒരു വിരുന്നു കഴിക്കും; മേദസ്സുനിറഞ്ഞ മൃഷ്ടഭോജനങ്ങൾകൊണ്ടും മട്ടു നീക്കി തെളിച്ചെടുത്ത വീഞ്ഞുകൊണ്ടും ഉള്ള വിരുന്നു തന്നേ.” 7-ഉം 8-ഉം വാക്യങ്ങൾ പറയുന്നതുപോലെ ഈ വിരുന്ന് എന്നെന്നും തുടരും. യഹോവയുടെ ദൃശ്യസ്ഥാപനത്തിലുള്ള സകലർക്കും എത്രവലിയ അനുഗ്രഹമാണ് ഇത് ഇപ്പോൾ പ്രദാനം ചെയ്യുന്നത്! ഭാവിയിൽ എത്രവലിയ അനുഗ്രഹമാണ് അതു തുടർന്നും പ്രദാനം ചെയ്യാനിരിക്കുന്നത്!
ഭൂതങ്ങളുടെ മേശയിലെ വിഷലിപ്തമായ ഭക്ഷണത്തിനെതിരെ ജാഗ്രതയുള്ളവരായിരിക്കുക
10. (എ) ഏതു തരം ഭക്ഷണമാണു ദുഷ്ട അടിമവർഗം പ്രദാനംചെയ്യുന്നത്, അവരുടെ ഉദ്ദേശ്യമെന്താണ്? (ബി) ദുഷ്ട അടിമവർഗം തങ്ങളുടെ പഴയ സഹദാസരോട് എങ്ങനെയാണു പെരുമാറുന്നത്?
10 ഭൂതങ്ങളുടെ മേശയിലുള്ള ഭക്ഷണം വിഷലിപ്തമാണ്. ദൃഷ്ടാന്തത്തിന്, ദുഷ്ട അടിമവർഗവും വിശ്വാസത്യാഗികളും പ്രദാനംചെയ്യുന്ന ഭക്ഷണത്തെക്കുറിച്ചു പരിചിന്തിക്കുക. അത് പോഷിപ്പിക്കുകയോ പരിപുഷ്ടി പകരുകയോ ചെയ്യുന്നില്ല. അത് ആരോഗ്യാവഹവുമല്ല. അതിന് അപ്രകാരമായിരിക്കാൻ കഴിയുകയില്ല കാരണം, വിശ്വാസത്യാഗികൾ യഹോവയുടെ മേശയിൽനിന്നു ഭക്ഷിക്കുന്നതു നിർത്തിയിരിക്കുന്നു. അക്കാരണത്താൽ അവർ പുതിയ വ്യക്തിത്വത്തിൽ വികസിപ്പിച്ചുകൊണ്ടുവന്നതെല്ലാം പൊയ്പോയിരിക്കുന്നു. അവരെ പ്രേരിപ്പിക്കുന്നത് പരിശുദ്ധാത്മാവല്ല മറിച്ച്, കൊടിയ വിദ്വേഷത്തിന്റെ ആത്മാവാണ്. യേശുക്രിസ്തു മുൻകൂട്ടിപ്പറഞ്ഞതുപോലെ, സഹദാസരെ പീഡിപ്പിക്കുകയെന്ന ഒരൊററ ലക്ഷ്യം മാത്രമേ അവർക്കുള്ളൂ.—മത്തായി 24:48, 49.
11. ഒരുവൻ ആത്മീയ ആഹാരം തിരഞ്ഞെടുക്കുന്നതു സംബന്ധിച്ചു സി. ററി. റസ്സൽ എന്താണ് എഴുതിയത്, യഹോവയുടെ മേശ ഉപേക്ഷിച്ചുപോയവരെക്കുറിച്ച് അദ്ദേഹം എങ്ങനെ വിവരിച്ചു?
11 ദൃഷ്ടാന്തത്തിന്, യഹോവയുടെ മേശയിൽനിന്നു പിന്തിരിഞ്ഞുപോവുകയും തദനന്തരം തങ്ങളുടെ സഹദാസരോട് അപമര്യാദയോടെ പെരുമാറുകയും ചെയ്തവരെക്കുറിച്ച് 1909-ൽ വാച്ച് ടവർ സൊസൈററിയുടെ അന്നത്തെ പ്രസിഡണ്ടായിരുന്ന ചാൾസ് റെറയ്സ് റസ്സൽ എഴുതി. 1909, ഒക്ടോബർ 1-ലെ ദ വാച്ച് ടവർ പറഞ്ഞു: “സൊസൈററിയിൽനിന്നും അതിന്റെ പ്രവർത്തനത്തിൽനിന്നും ബന്ധം വിച്ഛേദിക്കുന്ന സകലരും വിശ്വാസത്തിലും ആത്മാവിന്റെ ഗുണങ്ങളിലും സ്വയം സമൃദ്ധരാവുകയോ മററുള്ളവർക്കു പരിപുഷ്ടി പകരുകയോ ചെയ്യുന്നതിനു പകരം അതിനു വിപരീതമായി ചെയ്യുന്നതായാണു തോന്നുന്നത്—ഒരിക്കൽ തങ്ങൾ ഏതു ലക്ഷ്യത്തിൽ പ്രവർത്തിച്ചോ അതിനെതിരെ പ്രവർത്തിക്കാൻ ശ്രമിച്ചുകൊണ്ട് കുറച്ചൊക്കെ കോലാഹലങ്ങൾ സൃഷ്ടിച്ച് തങ്ങൾക്കും സമാനമായ മത്സരാത്മാവുള്ള മററുള്ളവർക്കും നാശം വരുത്തിക്കൊണ്ട് അവർ ക്രമേണ വിസ്മൃതിയിലേക്ക് ആണ്ടുപോകുന്നു. . . . ഇവിടുള്ളത്ര നല്ലതോ അതിലും മെച്ചമോ ആയ ഭക്ഷണസാമഗ്രികൾ മററു മേശകളിൽനിന്നു ലഭ്യമാണെന്നു കരുതുന്നെങ്കിൽ അല്ലെങ്കിൽ ഇത്ര നല്ലതോ ഇതിലും മെച്ചമോ ആയവ അവർക്കു സ്വയം ഉത്പാദിപ്പിക്കാമെന്നു കരുതുന്നെങ്കിൽ—അവർ തങ്ങളുടേതായ ഗതി സ്വീകരിച്ചുകൊള്ളട്ടെ. . . . എന്നാൽ മററുള്ളവർ തങ്ങളുടെ സംതൃപ്തിക്കുചേർന്ന ഭക്ഷണവും പ്രകാശവും തേടിപ്പോകുന്നതിൽ നമുക്ക് എതിർപ്പില്ലെന്നുവരികിലും അതിശയകരമെന്നു പറയട്ടെ, നമ്മുടെ എതിരാളികളായിത്തീർന്നവർ ഒരു വ്യത്യസ്തനിലപാടു സ്വീകരിക്കുന്നു. ‘എന്റെ ഇഷ്ടപ്രകാരമുള്ള ഒന്ന് ഞാൻ കണ്ടെത്തി; ഗുഡ്ബൈ’ എന്ന് ലോകത്തിന്റേതായ പൗരുഷത്തോടെ പറയുന്നതിനു പകരം ഇക്കൂട്ടർ ലോകക്കാർപോലും കാണിച്ചു കണ്ടിട്ടില്ലാത്ത വിധത്തിൽ ദേഷ്യം, വിദ്വേഷം, പക, വെറുപ്പ്, വിരോധം എന്നിങ്ങനെയുള്ള ‘ജഡത്തിന്റെയും പിശാചിന്റെയും പ്രവൃത്തികൾ പ്രകടിപ്പിക്കുന്നു. ലോകക്കാരായ ആളുകൾപോലും ഇത്രയ്ക്ക് അതിരു കടന്നു പ്രവർത്തിക്കുന്നതായി ഞങ്ങൾ ഒരിക്കലും മനസ്സിലാക്കിയിട്ടില്ല. അവർക്കു ഭ്രാന്തുപിടിച്ചെന്ന്, സാത്താന്യ പേയ് ബാധിച്ചെന്നു തോന്നിപ്പോകും. അതിൽ ചിലർ നമുക്കു പ്രഹരമേൽപ്പിച്ചശേഷം പറയും നമ്മളാണ് പ്രഹരമേൽപ്പിച്ചത് എന്ന്. അവർ വെറുക്കത്തക്ക നുണകൾ പറയുന്നതിനും എഴുതുന്നതിനും സന്നദ്ധരാണെന്നു മാത്രമല്ല നീചത്വം പ്രവർത്തിക്കുന്നതിന് തുനിഞ്ഞിറങ്ങിയിരിക്കുകയുമാണ്.”
12. (എ) വിശ്വാസത്യാഗികൾ തങ്ങളുടെ സഹദാസരെ അടിക്കുന്നതെങ്ങനെ? (ബി) ജിജ്ഞാസനിമിത്തം വിശ്വാസത്യാഗികളുടെ ലേഖനങ്ങൾ വായിക്കുന്നത് അപകടകരമായിരിക്കുന്നത് എന്തുകൊണ്ട്?
12 അതേ, വിശ്വാസത്യാഗികൾ വഴിപിഴക്കുന്ന, അർധസത്യങ്ങൾ അടങ്ങിയ, തികച്ചും വ്യാജമായ സാഹിത്യം പ്രസിദ്ധീകരിക്കുന്നു. ജാഗ്രതയില്ലാത്തവരെ കെണിയിൽ വീഴ്ത്താനുള്ള ഉദ്യമത്തിൽ അവർ സാക്ഷികളുടെ കൺവെൻഷൻ പിക്കററു ചെയ്യുകപോലും ചെയ്യുന്നു. അതുകൊണ്ട് അത്തരം ലേഖനങ്ങൾ വായിക്കുന്നതിനോ അവരുടെ ആഭാസം നിറഞ്ഞ പ്രസംഗങ്ങൾ കേൾക്കുന്നതിനോ നമ്മുടെ ജിജ്ഞാസയെ അനുവദിക്കുന്നത് അപകടകരമായ ഒരു സംഗതിയായിരിക്കും! ഒരുപക്ഷേ അതു നമുക്കു വ്യക്തിപരമായി അപകടകരമല്ലെന്നു ചിന്തിച്ചാലും അതിൽ അപകടം പതിയിരിപ്പുണ്ട്. എന്തുകൊണ്ട്? ഒരു സംഗതി വിശ്വാസത്യാഗികൾ പ്രസിദ്ധീകരിക്കുന്ന സാഹിത്യങ്ങളിൽ ചിലത് “ചക്കരവാക്കും” ‘കൗശലവാക്കും’ ഉപയോഗിച്ചുകൊണ്ടു വ്യാജത്തെ അവതരിപ്പിക്കുന്നു. (റോമർ 16:17, 18; 2 പത്രൊസ് 2:3) ഭൂതങ്ങളുടെ മേശയിൽനിന്നു നിങ്ങൾ എന്താണു പ്രതീക്ഷിക്കുന്നത്? ചിലപ്പോൾ വിശ്വാസത്യാഗികളും ചില സത്യങ്ങൾ അവതരിപ്പിച്ചേക്കാമെങ്കിലും ഇത് മററുള്ളവരെ യഹോവയുടെ മേശയിൽനിന്ന് അകററുന്നതിനുള്ള ഉദ്ദേശ്യത്തോടെ ചെയ്യുന്നതാണ്. അവരുടെ എല്ലാ ലേഖനങ്ങളും വിമർശനങ്ങൾ നിറഞ്ഞതും അധിക്ഷേപിക്കുന്നതുമാണ്! യാതൊന്നും പരിപുഷ്ടി പ്രദാനം ചെയ്യുന്നില്ല.
13, 14. വിശ്വാസത്യാഗികളുടെയും അവരുടെ പ്രചാരണത്തിന്റെയും ഫലങ്ങളെന്താണ്?
13 “അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും” എന്ന് യേശുക്രിസ്തു പറഞ്ഞു. (മത്തായി 7:16) വിശ്വാസത്യാഗികളുടെയും അവരുടെ പ്രസിദ്ധീകരണങ്ങളുടെയും ഫലങ്ങളെന്താണ്? നാലു കാര്യങ്ങൾ അവരുടെ പ്രചാരണത്തിന് അടയാളം കുറിക്കുന്നു. (1) കൗശലബുദ്ധി. അവർ “തെററിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകു”ന്നു എന്ന് എഫെസ്യർ 4:14 പറയുന്നു. (2) അഹന്തനിറഞ്ഞ ബുദ്ധിസാമർഥ്യം. (3) സ്നേഹശൂന്യത. (4) വിവിധതരത്തിലുള്ള വഞ്ചന. ഭൂതങ്ങളുടെ മേശയിലുള്ള ഭോജ്യങ്ങളുടെ ചേരുവകൾ ഇതുതന്നെയാണ്. അവയെല്ലാം യഹോവയുടെ ജനത്തിന്റെ വിശ്വാസത്തിനു തുരങ്കം വെക്കുന്നതിനായി രൂപകല്പന ചെയ്തിരിക്കുന്നതാണ്.
14 ഇനിയും വേറൊരു ഘടകമുണ്ട്. വിശ്വാസത്യാഗികൾ എന്തിലേക്കാണു തിരികെപ്പോയിരിക്കുന്നത്? പലരുടെയും കാര്യത്തിൽ ക്രൈസ്തവലോകത്തിലെ അന്ധകാരത്തിലേക്കും അതിലെ സിദ്ധാന്തങ്ങളിലേക്കുമാണ്. അതിലൊന്നാണ് എല്ലാ ക്രിസ്ത്യാനികളും സ്വർഗത്തിൽ പോകുമെന്ന വിശ്വാസം. കൂടാതെ, അനേകരും രക്തം, നിഷ്പക്ഷത, രാജ്യത്തെപ്പററി സാക്ഷ്യം കൊടുക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ കാര്യങ്ങളിൽ ഉറച്ച നിലപാടു സ്വീകരിക്കുന്നില്ല. നാം മഹതിയാം ബാബിലോന്റെ അന്ധകാരത്തിൽനിന്നു രക്ഷപെട്ടിരിക്കുകയാണ്. വീണ്ടുമൊരിക്കലും അതിലേക്കു തിരികെചെല്ലാൻ ആഗ്രഹിക്കുന്നില്ല. (വെളിപ്പാടു 18:2, 4) യഹോവയുടെ വിശ്വസ്ത സേവകരായ നാം യഹോവയുടെ മേശയെ ത്യജിച്ചിരിക്കുന്നവരുടെ പ്രചാരണത്തിൽ എത്തിനോക്കാൻപോലും എന്തിനു ശ്രമിക്കണം? “ആരോഗ്യാവഹമായ വചനങ്ങൾ” കൈക്കൊള്ളുന്നതിനു നമ്മെ സഹായിക്കുന്നവരെ അവർ വാക്കുകൾകൊണ്ടു പ്രഹരിക്കുകയാണ്.—2 തിമോത്തി 1:13, NW.
15. വിശ്വാസത്യാഗികൾ നടത്തുന്ന കുററാരോപണം കേൾക്കാനിടയാകുമ്പോൾ ബുദ്ധിപൂർവകമായ ഗതി സ്വീകരിക്കുന്നതിന് ഏതു ബൈബിൾ തത്ത്വം നമ്മെ സഹായിക്കും?
15 വിശ്വാസത്യാഗികൾ നടത്തുന്ന കുററാരോപണമെന്തെന്ന് അറിയുന്നതിനു ചിലർ ജിജ്ഞാസുക്കളാണ്. എന്നാൽ ആവർത്തനപുസ്തകം 12:30, 31-ലെ തത്ത്വം നാം ഹൃദയത്തിലുൾക്കൊള്ളേണ്ടതുണ്ട്. ഒരിക്കൽ വാഗ്ദത്തദേശത്തെ വിജാതീയ നിവാസികളെ നീക്കിക്കളഞ്ഞപ്പോൾ അവർ എന്തുചെയ്യണമെന്നു യഹോവ മോശ മുഖാന്തരം ഇസ്രായേല്യർക്കു മുന്നറിയിപ്പു നൽകി. “അവർ നിന്റെ മുമ്പിൽനിന്നു നശിച്ചശേഷം നീ അവരുടെ നടപടി അനുസരിച്ചു കണിയിൽ അകപ്പെടുകയും ഈ ജാതികൾ തങ്ങളുടെ ദേവൻമാരെ സേവിച്ചവിധം ഞാനും ചെയ്യുമെന്നു പറഞ്ഞു അവരുടെ ദേവൻമാരെക്കുറിച്ചു അന്വേഷിക്കയും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളേണം. നിന്റെ ദൈവമായ യഹോവയെ അങ്ങനെ സേവിക്കേണ്ടതല്ല.” മനുഷ്യരുടെ ജിജ്ഞാസ എപ്രകാരം വളരുന്നുവെന്നതിനെക്കുറിച്ച് യഹോവയ്ക്കു നന്നായി അറിയാം. ഹവ്വായെയും ലോത്തിന്റെ ഭാര്യയെയും ഓർക്കുക! (ലൂക്കൊസ് 17:32; 1 തിമൊഥെയൊസ് 2:14) വിശ്വാസത്യാഗികൾ ചെയ്യുന്നതും പറയുന്നതുമായ കാര്യത്തിനു നാം ഒരിക്കലും ചെവിചായ്ക്കരുത്. മറിച്ച്, നമുക്കെല്ലാം ആളുകളെ കെട്ടുപണിചെയ്യുന്നതിലും യഹോവയുടെ മേശയിൽനിന്നു വിശ്വസ്തതയോടെ ഭക്ഷിക്കുന്നതിലും തിരക്കുള്ളവരായിരിക്കാം!
യഹോവയുടെ മേശ മാത്രം നിലനിൽക്കും
16. (എ) സാത്താനും അവന്റെ ഭൂതങ്ങൾക്കും ലോകത്തിലെ ജനതകൾ ഭക്ഷിച്ചുകൊണ്ടിരിക്കുന്ന പ്രതീകാത്മക മേശയ്ക്കും താമസിയാതെ എന്തു സംഭവിക്കും? (ബി) ഭൂതങ്ങളുടെ മേശയിൽനിന്നു ഭക്ഷിക്കുന്നതിൽ തുടരുന്ന സകല മനുഷ്യർക്കും എന്തു സംഭവിക്കും?
16 ഉടൻതന്നെ മഹോപദ്രവം പെട്ടെന്നു പൊട്ടിപ്പുറപ്പെടുകയും അത് “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധ”ത്തിൽ ത്വരിതഗതിയിൽ അതിന്റെ പാരമ്യത്തിലെത്തുകയും ചെയ്യും. (വെളിപ്പാടു 16:14, 16) യഹോവ, ഈ വ്യവസ്ഥിതിയും ലോകത്തിന്റെ ജനതകൾ ഭക്ഷിച്ചുകൊണ്ടിരുന്ന പ്രതീകാത്മക മേശയും നശിപ്പിക്കുമ്പോൾ അത് പടിപടിയായി പാരമ്യത്തിലെത്തും. പിശാചായ സാത്താന്റെ മുഴു അദൃശ്യ സ്ഥാപനത്തെയും അതിന്റെ ഭൂതഗണങ്ങളോടൊപ്പം യഹോവ തകർത്തുനശിപ്പിക്കും. സാത്താന്റെ ആത്മീയ മേശയിൽനിന്ന്, ഭൂതങ്ങളുടെ മേശയിൽനിന്ന്, തുടർന്നു ഭക്ഷിച്ചുകൊണ്ടിരുന്ന സകലരും ഒരു അക്ഷരീയ ഊണിൽ വന്നെത്താൻ നിർബന്ധിതരായിത്തീരും, പങ്കുപററുന്നവരായിട്ടല്ല മറിച്ച്, സ്വയം നശിച്ച്, അതിലെ പ്രധാന വിഭവമായിത്തീർന്നുകൊണ്ടുതന്നെ!—കാണുക: യെഹെസ്കേൽ 39:4; വെളിപ്പാടു 19:17, 18.
17. യഹോവയുടെ മേശയിൽനിന്നുമാത്രം ഭക്ഷിക്കുന്നവർക്കു ലഭിക്കുന്ന അനുഗ്രഹങ്ങൾ ഏവ?
17 യഹോവയുടെ മേശമാത്രം നിലനിൽക്കും. വിലമതിപ്പോടെ അതിൽനിന്നു ഭക്ഷിക്കുന്നവരെല്ലാം പരിരക്ഷിക്കപ്പെടുകയും തുടർന്നുള്ള കാലങ്ങളിലെല്ലാം അതിൽനിന്നു ഭക്ഷിക്കുന്നതിനുള്ള പദവി ആസ്വദിക്കുകയും ചെയ്യും. വീണ്ടുമൊരിക്കലും ഏതെങ്കിലും തരത്തിലുള്ള ഭക്ഷ്യക്ഷാമം അവരെ ഭീഷണിപ്പെടുത്തുകയില്ല. (സങ്കീർത്തനം 67:6; 72:16) പറുദീസയിൽ പൂർണ ആരോഗ്യത്തിൽ അവർ യഹോവയാം ദൈവത്തെ സേവിക്കും! അങ്ങനെ അവസാനം വെളിപ്പാടു 21:4, 5-ലെ ഉദ്ദീപകമായ വാക്കുകൾ മഹത്തായ രീതിയിൽ നിവൃത്തിയേറും: “അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല. ഒന്നാമത്തേതു കഴിഞ്ഞുപോയി.” എതിർപ്പ് ഒരു കഴിഞ്ഞകാല സംഭവമായതിനാൽ യഹോവയുടെ സാർവത്രിക പരമാധികാരം സകലയിടങ്ങളിലും സദാ നിലകൊള്ളും. കൂടാതെ, പറുദീസാഭൂമിയിൽ അധിവസിക്കുന്ന വീണ്ടെടുക്കപ്പെട്ട ജനങ്ങളുടെമേൽ ദിവ്യാനുഗ്രഹം ശാശ്വതമായി ചൊരിയപ്പെടുകയും ചെയ്യും. ഈ പാരിതോഷികം നേടിയെടുക്കുന്നതിനായി ഏററവും ഉത്തമമായ ആത്മീയ ആഹാരം വഴിഞ്ഞൊഴുകുന്ന യഹോവയുടെ മേശയിൽനിന്നുമാത്രം ഭക്ഷിക്കുന്നതിന് നമുക്കെല്ലാവർക്കും ഉറച്ച തീരുമാനമെടുക്കാം!
നിങ്ങൾ എങ്ങനെ ഉത്തരം നൽകും?
◻ ഭൂതാത്മക പഠിപ്പിക്കലുകളാൽ വഴിതെററിക്കപ്പെടുന്നതു നമുക്ക് എങ്ങനെ ഒഴിവാക്കാനാകും?
◻ യഹോവയുടെയും ഭൂതങ്ങളുടെയും മേശയിൽനിന്നു വിജയകരമായി ഭക്ഷിക്കാൻ കഴിയുകയില്ലാത്തത് എന്തുകൊണ്ട്?
◻ വിശ്വാസത്യാഗികൾ ഏതു വിധത്തിലുള്ള ഭക്ഷണമാണ് പ്രദാനം ചെയ്യുന്നത്?
◻ വിശ്വാസത്യാഗികൾ ചുമത്തുന്ന കുററങ്ങളെക്കുറിച്ചറിയാൻ ജിജ്ഞാസുക്കളായിരിക്കുന്നത് അപകടകരമായിരിക്കുന്നത് എന്തുകൊണ്ട്?
◻ വിശ്വാസത്യാഗികളുടെ ഫലങ്ങളെന്താണ്?
[10-ാം പേജിലെ ചിത്രം]
ഏററവും ഉത്തമമായ ആത്മീയ ആഹാരത്താൽ യഹോവയുടെ മേശ വഴിഞ്ഞൊഴുകുകയാണ്