വിവാഹബന്ധത്തിൽ പുതിയ വ്യക്തിത്വം നട്ടുവളർത്തൽ
“നിങ്ങളുടെ മനസ്സിനെ കർമ്മോദ്യുക്തമാക്കുന്ന ശക്തിയിൽ നിങ്ങൾ പുതുക്കം പ്രാപിക്കുകയും . . . പുതിയ വ്യക്തിത്വം ധരിക്കുകയും വേണം”—എഫേസ്യർ 4:23, 24, NW.
1. വിവാഹത്തെ നിസ്സാരമായി എടുക്കരുതാത്തത് എന്തുകൊണ്ട്?
വിവാഹം ഒരാൾ ജീവിതത്തിൽ സ്വീകരിക്കുന്ന ഏററവും ഗൗരവമുള്ള നടപടികളിൽ ഒന്നാണ്, അതുകൊണ്ട് അതിനെ ഒരിക്കലും നിസ്സാരമായി എടുക്കരുത്. എന്തുകൊണ്ട്? കാരണം അതു മറെറാരു വ്യക്തിയോടുള്ള ആജീവനാന്ത പ്രതിജ്ഞാബദ്ധത ആവശ്യമാക്കിത്തീർക്കുന്നു. അതിന്റെ അർത്ഥം ഒരാളുടെ മുഴുജീവിതവും ആ വ്യക്തിയുമായി പങ്കുവെക്കുന്നുവെന്നാണ്. ആ പ്രതിബദ്ധത അവികലമായിരിക്കണമെങ്കിൽ പക്വമായ വിവേചന ആവശ്യമാണ്. അത്, ‘മനസ്സിനെ കർമ്മോദ്യുക്തമാക്കുന്നതും അങ്ങനെ പുതിയ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതുമായ’ ക്രിയാത്മകമായ സ്വാധീനവും ആവശ്യമാക്കിത്തീർക്കുന്നു.—എഫേസ്യർ 4:23, 24, (NW); ഉല്പത്തി 24:10-58-ഉം മത്തായി 19:5, 6-ഉം താരതമ്യപ്പെടുത്തുക.
2, 3. (എ) ഒരു വിവാഹപങ്കാളിയെ ബുദ്ധിപൂർവ്വം തിരഞ്ഞെടുക്കുന്നതിന് എന്താണ് ആവശ്യമായിരിക്കുന്നത്? (ബി) ഒരു വിവാഹത്തിൽ ഉൾപ്പെട്ടിരിക്കുന്നത് എന്താണ്?
2 ശക്തമായ ജഡാഭിലാഷത്താൽ പെട്ടെന്നു സ്വാധീനീക്കപ്പെട്ടു വിവാഹത്തിലേക്ക് എടുത്തുചാടാതിരിക്കുന്നതിനു നല്ല കാരണമുണ്ട്. പക്വമായ വ്യക്തിത്വവും സ്വഭാവവും വികാസംപ്രാപിക്കുന്നതിനു സമയം ആവശ്യമാണ്. കാലം കഴിയുന്നതോടെ ന്യായാന്യായവിവേചനത്തിന്റെ അടിസ്ഥാനമായി സേവിക്കാൻ കഴിയുന്ന അനുഭവപരിചയവും അറിവും ഉണ്ടാകുന്നു. പിന്നെ, ഒരു അനുരൂപ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നത് ഏറിയ അളവിൽ വിജയപ്രദമായേക്കാം. ഒരു സ്പാനീഷ് പഴഞ്ചൊല്ല് ഇതു വ്യക്തമായി പ്രസ്താവിക്കുന്നു: “മോശമായി വിവാഹിതനായിരിക്കുന്നതിനെക്കാൾ ഏകാകിയായിരിക്കുന്നതു ഭേദം.”—സദൃശവാക്യങ്ങൾ 21:9; സഭാപ്രസംഗി 5:2.
3 ശരിയായ പങ്കാളിയെ തിരഞ്ഞെടുക്കുന്നതു വിജയകരമായ വിവാഹത്തിന്റെ അടിസ്ഥാനമാണെന്നു സ്പഷ്ടമാണ്. അതിനു ക്രിസ്ത്യാനി ബൈബിളിലെ മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമാക്കണം, ശാരീരിക ആകർഷണത്താലും വൈകാരികവും പ്രേമാത്മകവുമായ അനുചിത സമ്മർദ്ദങ്ങളാലും നയിക്കപ്പെടാതെതന്നെ. വിവാഹം രണ്ടു ശരീരങ്ങളുടെ കൂടിച്ചേരലിനെക്കാൾ വളരെ കവിഞ്ഞതാണ്. അതു രണ്ടു വ്യക്തിത്വങ്ങളുടെ, രണ്ടു കുടുംബങ്ങളുടെയും വിദ്യാഭ്യാസ പശ്ചാത്തലങ്ങളുടെയും, ഒരുപക്ഷേ, രണ്ടു സംസ്കാരങ്ങളുടെയും ഭാഷകളുടെയും കൂടിച്ചേരലാണ്. രണ്ടു വ്യക്തികളുടെ വിവാഹത്തിലെ ഏകീകരണം തീർച്ചയായും നാവിന്റെ ഉചിതമായ ഉപയോഗം ആവശ്യപ്പെടുന്നു; സംസാരപ്രാപ്തിയാൽ നാം ഒന്നുകിൽ അപകീർത്തിപ്പെടുത്തുകയോ അല്ലെങ്കിൽ കെട്ടുപണി ചെയ്യുകയോ ചെയ്യുന്നു. ഇതിൽനിന്നെല്ലാം ‘കർത്താവിൽ മാത്രം’ അഥവാ സഹവിശ്വാസിയെ മാത്രം ‘വിവാഹം കഴിക്കു’ന്നതിനുള്ള പൗലോസിന്റെ ബുദ്ധ്യുപദേശത്തിലെ ജ്ഞാനവും നാം കാണുന്നു.—1 കൊരിന്ത്യർ 7:39; ഉല്പത്തി 24:1-4; സദൃശവാക്യങ്ങൾ 12:18; 16:24.
വിവാഹത്തിന്റെ സമ്മർദ്ദങ്ങളെ നേരിടൽ
4. വിവാഹത്തിൽ ചിലപ്പോൾ ഉരസലുകളും പിരിമുറുക്കവും ഉണ്ടാകുന്നത് എന്തുകൊണ്ടാണ്?
4 ഒരു നല്ല അടിസ്ഥാനം ഉണ്ടായിരുന്നാൽപോലും ഉരസലിന്റെയും സമ്മർദ്ദത്തിന്റെയും പിരിമുറുക്കത്തിന്റെയും സമയങ്ങളുണ്ടായിരിക്കും. വിവാഹിതരാണെങ്കിലും അല്ലെങ്കിലും ഇതെല്ലാം ഏതൊരാൾക്കും സാധാരണഗതിയിലുള്ളതാണ്. സാമ്പത്തികവും ആരോഗ്യപരവുമായ പ്രശ്നങ്ങൾക്ക് ഏതു ബന്ധത്തിലും സമ്മർദ്ദമുളവാക്കാൻ കഴിയും. മനോഭാവ മാററങ്ങൾക്ക് ഏററവും നല്ല വിവാഹങ്ങളിൽപോലും വ്യക്തിത്വസംഘട്ടനങ്ങളിലേക്കു നയിക്കാൻ കഴിയും. മറെറാരു സംഗതി ആർക്കും നാവിന്റെ പൂർണ്ണമായ നിയന്ത്രണം ഇല്ലെന്നതാണ്. യാക്കോബ് അത് ഇപ്രകാരം പ്രസ്താവിച്ചു: “നാം എല്ലാവരും പലതിലും തെററിപ്പോകുന്നു; ഒരുത്തൻ വാക്കിൽ തെററാതിരുന്നാൽ അവൻ ശരീരത്തെ മുഴുവൻ കടിഞ്ഞാണിട്ടു നടത്തുവാൻ ശക്തനായി സൽഗുണപൂർത്തിയുള്ള പുരുഷൻ ആകുന്നു. . . . അങ്ങനെ തന്നേ നാവും ചെറിയ അവയവം എങ്കിലും വളരെ വമ്പു പറയുന്നു. കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കുന്നു.”—യാക്കോബ് 3:2, 5.
5, 6. (എ) തെററിദ്ധാരണകൾ ഉണ്ടാകുമ്പോൾ എന്താണ് ആവശ്യമായിരിക്കുന്നത്? (ബി) ഒരു വിടവു നികത്തുന്നതിനു ചിലപ്പോൾ എന്തു നടപടി എടുക്കേണ്ടിവന്നേക്കാം?
5 വിവാഹത്തിൽ സമ്മർദ്ദങ്ങൾ ഉണ്ടാകുമ്പോൾ, ആ സാഹചര്യത്തെ നമുക്ക് എങ്ങനെ നിയന്ത്രിക്കാൻ കഴിയും? ഒരു തെററിദ്ധാരണ ഒരു വഴക്കായും, ഒരു വഴക്കു വിള്ളൽ ബാധിച്ച ബന്ധമായും വികാസം പ്രാപിക്കുന്നതിനെ നമുക്ക് എങ്ങനെ ഒഴിവാക്കാൻ കഴിയും. ഇവിടെയാണു മനസ്സിനെ കർമ്മോദ്യുക്തമാക്കുന്ന ശക്തി രംഗത്തു വരുന്നത്. ഈ പ്രേരണാത്മകമായ ആത്മാവിനു ക്രിയാത്മകമോ നിഷേധാത്മകമോ, കെട്ടുപണിചെയ്യുന്ന ആത്മീയ ചായ്വുള്ളതോ ജഡിക ചായ്വുകളാൽ അധഃപതിപ്പിക്കുന്നതോ ആയിരിക്കാൻ കഴിയും. അതു കെട്ടുപണിചെയ്യുന്നതാണെങ്കിൽ, വിടവു നികത്തുന്നതിന്, തന്റെ വിവാഹം നേർവഴിക്കു കൊണ്ടുപോകുന്നതിന്, ആ വ്യക്തി ശ്രമിക്കും. വാദപ്രതിവാദങ്ങളും വിയോജിപ്പുകളും വിവാഹത്തെ അവസാനിപ്പിക്കരുത്. ബൈബിൾ ബുദ്ധ്യുപദേശം ബാധകമാക്കുന്നതിനാൽ അന്തരീക്ഷം ശുദ്ധമാക്കാനും പരസ്പരബഹുമാനവും ഗ്രാഹ്യവും പുനഃസ്ഥാപിക്കാനും കഴിയും.—റോമർ 14:19; എഫെസ്യർ 4:23, 26, 27.
6 ഈ സാഹചര്യങ്ങളിൽ പൗലോസിന്റെ വാക്കുകൾ സമുചിതമാണ്: “അതുകൊണ്ടു ദൈവത്തിന്റെ വൃതൻമാരും വിശുദ്ധൻമാരും പ്രിയരുമായി മനസ്സലിവു, ദയ, താഴ്മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവനു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്വിൻ. എല്ലാററിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ.”—കൊലൊസ്സ്യർ 3:12-14.
7. ചിലരുടെ വിവാഹബന്ധത്തിൽ എന്തു പ്രശ്നം ഉണ്ടായിരുന്നേക്കാം?
7 ആ വാക്യം വായിക്കാൻ എളുപ്പമാണ്, എന്നാൽ ആധുനിക ജീവിതത്തിന്റെ സമർദ്ദങ്ങളിൽ അതു ബാധകമാക്കാൻ എല്ലായ്പോഴും എളുപ്പമല്ല. എന്തായിരിക്കാം ഒരു അടിസ്ഥാന പ്രശ്നം? ചിലപ്പോൾ ഒരു ക്രിസ്ത്യാനി താനറിയാതെതന്നെ രണ്ടുതരം പ്രമാണങ്ങളനുസരിച്ചു ജീവിച്ചേക്കാം. രാജ്യഹാളിൽ സഹോദരൻമാരുടെ ഇടയിലായിക്കുന്നതിനാൽ അദ്ദേഹം ദയയോടും പരിഗണനയോടുംകൂടെ പെരുമാറുന്നു. പിന്നീട്, തിരിച്ചു വീട്ടിലായിരിക്കുമ്പോൾ, ഗാർഹികദിനചര്യയിൽ അദ്ദേഹം തന്റെ ആത്മീയബന്ധം മറന്നുപോകാൻ ചായ്വു കാട്ടിയേക്കാം. അവിടെ അവർ വെറും പുരുഷനും ഭാര്യയുമാണ്, “അവനും” “അവളു”മാണ്. സമ്മർദ്ദത്തിൻകീഴിൽ അവരിൽ ആരെങ്കിലും, ഒരു രാജ്യഹാളിലായിരിക്കുമ്പോൾ ഒരിക്കലും പറയുകയില്ലാത്ത പരുഷമായ കാര്യങ്ങൾ പറയുന്നതിൽ കലാശിച്ചേക്കാം. എന്താണു സംഭവിച്ചത്? ക്ഷണത്തിൽ ക്രിസ്ത്യാനിത്വം അപ്രത്യക്ഷമായിരിക്കുന്നു. ഭവനത്തിൽ താൻ ഇപ്പോഴും ഒരു ക്രിസ്തീയ സഹോദരൻ (സഹോദരി) ആണെന്നു ദൈവത്തിന്റെ ഒരു ദാസൻ അഥവാ ദാസി മറന്നുപോയിരിക്കുന്നു. മനസ്സിനെ കർമ്മോദ്യുക്തമാക്കുന്ന ശക്തി ക്രിയാത്മകമായിരിക്കുന്നതിനു പകരം നിഷേധാത്മകമായിത്തീർന്നിരിക്കുന്നു.—യാക്കോബ് 1:22-25.
8. മനസ്സിനെ കർമ്മോദ്യുക്തമാക്കുന്ന ശക്തി നിഷേധാത്മകം ആയിരിക്കുമ്പോൾ എന്തു ഫലമുണ്ടാകാം?
8 ഫലമെന്താണ്? ഭർത്താവു ‘സ്ത്രീജനം ബലഹീനപാത്രം എന്ന് അംഗീകരിച്ചുകൊണ്ടു വിവേകത്തോടെ തന്റെ ഭാര്യയോടുകൂടെ വസിക്കുന്നതു’ നിർത്തിയേക്കാം. ഭാര്യ മേലാൽ തന്റെ ഭർത്താവിനെ ആദരിക്കാതിരുന്നേക്കാം; അവളുടെ “സൌമ്യതയും സാവധാനതയുമുള്ള മനസ്സു” നഷ്ടപ്പെട്ടിരിക്കുന്നു. മനസ്സിനെ കർമ്മോദ്യുക്തമാക്കുന്ന ശക്തി ആത്മീയമായിരിക്കുന്നതിനു പകരം ജഡികമായിരിക്കുന്നു. ഒരു “ജഡമനസ്സു” കൈയേറിയിരിക്കുന്നു. അതുകൊണ്ട് ആ പ്രേരകശക്തിയെ ആത്മീയവും ക്രിയാത്മകവുമായി നിലനിർത്താൻ എന്തു ചെയ്യാൻ കഴിയും? നാം നമ്മുടെ ആത്മീയതയെ ശക്തിപ്പെടുത്തണം.—1 പത്രൊസ് 3:1-4, 7; കൊലൊസ്സ്യർ 2:18.
ശക്തിയെ ബലിഷ്ഠമാക്കുക
9. ദൈനംദിന ജീവിതത്തിൽ നാം എന്തു തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്?
9 തീരുമാനങ്ങളെടുക്കുകയും തിരഞ്ഞെടുപ്പുകൾ നടത്തുകയും ചെയ്യേണ്ടിവരുമ്പോൾ സ്വാധീനം ചെലുത്തുന്ന മാനസിക ചായ്വാണു പ്രേരകശക്തി. ജീവിതം—നല്ലതോ ചീത്തയോ സ്വാർത്ഥമോ നിസ്വാർത്ഥമോ, ധാർമ്മികമോ അധാർമ്മികമോ ആയ—തിരഞ്ഞെടുപ്പുകളുടെ നിരന്തരമായ ഒരു പരമ്പര അവതരിപ്പിക്കുന്നു. ശരിയായ തീരുമാനങ്ങൾ എടുക്കാൻ നമ്മെ എന്തു സഹായിക്കും? മനസ്സിനെ കർമ്മോദ്യുക്തമാക്കുന്ന ശക്തി, അതു യഹോവയുടെ ഇഷ്ടം ചെയ്യുന്നതിൽ കേന്ദ്രീകരിച്ചിരിക്കുന്നുവെങ്കിൽ. സങ്കീർത്തനക്കാരൻ ഇങ്ങനെ പ്രാർത്ഥിച്ചു: “യഹോവേ, നിന്റെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കേണമേ; ഞാൻ അതിനെ അവസാനത്തോളം പ്രമാണിക്കും.”—സങ്കീർത്തനം 119:33; യെഹെസ്കേൽ 18:31; റോമർ 12:2.
10. മനസ്സിനെ കർമ്മോദ്യുക്തമാക്കുന്ന ശക്തിയെ നമുക്കു ക്രിയാത്മകമായി എങ്ങനെ ബലിഷ്ഠമാക്കാൻ കഴിയും?
10 യഹോവയുമായുള്ള ഒരു ശക്തമായ ബന്ധം അവിടുത്തെ പ്രസാദിപ്പിക്കുന്നതിനും വൈവാഹിക അവിശ്വസ്തത ഉൾപ്പെടെയുള്ള തിൻമ വിട്ടുമാറുന്നതിനും നമ്മെ സഹായിക്കും. ഇസ്രയേൽ “[അവരുടെ] ദൈവമായ യഹോവയുടെ മുമ്പാകെ ഹിതവും ഉത്തമവുമായുള്ളതു ചെയ്യാൻ” പ്രോത്സാഹിപ്പിക്കപ്പെട്ടു. എന്നാൽ “യഹോവയെ സ്നേഹിക്കുന്നവരേ, ദോഷത്തെ വെറുപ്പിൻ” എന്നുംകൂടെ ദൈവം ബുദ്ധ്യുപദേശിച്ചു. പത്തു കല്പനകളിൽ “വ്യഭിചാരം ചെയ്യരുതു” എന്ന ഏഴാമത്തതിന്റെ വീക്ഷണത്തിൽ ഇസ്രയേല്യർ വ്യഭിചാരത്തെ വെറുക്കേണ്ടിയിരുന്നു. ആ കല്പന വിവാഹത്തിലെ വിശ്വസ്തതയെക്കുറിച്ചുള്ള ദൈവത്തിന്റെ കണിശമായ വീക്ഷണത്തെ പ്രകടമാക്കുന്നു.—ആവർത്തനം 12:28; സങ്കീർത്തനം 97:10; പുറപ്പാടു 20:14; ലേവ്യർ 20:10.
11. മനസ്സിനെ കർമ്മോദ്യുക്തമാക്കുന്ന ശക്തിയെ കൂടുതലായി നമുക്ക് എങ്ങനെ ബലിഷ്ഠമാക്കാൻ കഴിയും?
11 നമ്മുടെ മനസ്സിനെ കർമ്മോദ്യുക്തമാക്കുന്ന ശക്തിയെ നമുക്കെങ്ങനെ കൂടുതലായി ദൃഢീകരിക്കാൻ കഴിയും? ആത്മീയ പ്രവർത്തനങ്ങളെയും മൂല്യങ്ങളെയും വിലമതിക്കുന്നതിനാൽ. അതിന്റെ അർത്ഥം ദൈവവചനം ക്രമമായി പഠിക്കേണ്ടതിന്റെ ആവശ്യം നാം നിറവേററുകയും യഹോവയുടെ ചിന്തകളും ബുദ്ധ്യുപദേശവും ചർച്ചചെയ്യുന്നതിൽ സന്തോഷിക്കുകയും ചെയ്യണം എന്നാണ്. നമ്മുടെ ഹൃദയംഗമമായ വികാരങ്ങൾ സങ്കീർത്തനക്കാരന്റേതുപോലെ ആയിരിക്കണം: “ഞാൻ പൂർണ്ണഹൃദയത്തോടെ നിന്നെ അന്വേഷിക്കുന്നു; നിന്റെ കല്പനകൾ വിട്ടുനടപ്പാൻ എനിക്കു ഇടവരരുതേ. ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു. യഹോവേ നിന്റെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കേണമേ; ഞാൻ അതിനെ അവസാനത്തോളം പ്രമാണിക്കും. ഞാൻ നിന്റെ ന്യായപ്രമാണം കാക്കേണ്ടതിന്നും അതിനെ പൂർണ്ണ ഹൃദയത്തോടെ പ്രമാണിക്കേണ്ടതിന്നും എനിക്കു ബുദ്ധി നല്കേണമേ.”—സങ്കീർത്തനം 119:10, 11, 33, 34.
12. ക്രിസ്തുവിന്റെ മനസ്സിനെ പ്രതിഫലിപ്പിക്കുന്നതിൽ ഏതു സംഗതികൾക്കു നമ്മെ ഏകീകരിക്കാൻ കഴിയും?
12 യഹോവയുടെ നീതിയുള്ള പ്രമാണങ്ങളോടുള്ള വിലമതിപ്പു നിലനിർത്തുന്നതു ബൈബിൾ പഠിക്കുന്നതിനാൽ മാത്രമല്ല, ക്രിസ്തീയ യോഗങ്ങളിൽ ക്രമമായി പങ്കുപററുന്നതിനാലും ക്രിസ്തീയ ശുശ്രൂഷയിൽ ഒന്നിച്ച് ഏർപ്പെടുന്നതിനാലുമാണ്. ഈ ശക്തമായ രണ്ടു സ്വാധീനങ്ങൾക്കു നമ്മുടെ മനസ്സുകളെ കർമ്മോദ്യുക്തമാക്കുന്ന ശക്തികളെ നിരന്തരം ബലിഷ്ഠമാക്കാൻ കഴിയും. അങ്ങനെ, നമ്മുടെ നിസ്വാർത്ഥ ജീവിതരീതി എല്ലായ്പോഴും ക്രിസ്തുവിന്റെ മനസ്സിനെ പ്രതിബിംബിക്കുന്നതായിരിക്കും.—റോമർ 15:5; 1 കൊരിന്ത്യർ 2:16.
13. (എ) മനസ്സിനെ കർമ്മോദ്യുക്തമാക്കുന്ന ശക്തിയെ ബലിഷ്ഠമാക്കുന്നതിൽ പ്രാർത്ഥന ഒരു വിലപ്പെട്ട ഘടകമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) ഇക്കാര്യത്തിൽ യേശു എന്തു ദൃഷ്ടാന്തം വെച്ചു?
13 മറെറാരു ഘടകമാണു എഫെസ്യർക്കുള്ള തന്റെ കത്തിൽ പൗലോസ് ഊന്നിപ്പറയുന്നത്: “സകല പ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും . . . പൂർണ്ണ സ്ഥിരത കാണിപ്പിൻ.” (എഫെസ്യർ 6:18) ഭാര്യയും ഭർത്താവും ഒന്നിച്ചിരുന്നു പ്രാർത്ഥിക്കേണ്ട ആവശ്യമുണ്ട്. ആ പ്രാർത്ഥനകൾ മിക്കപ്പോഴും ഹൃദയത്തെ തുറക്കുകയും ഏതെങ്കിലും വിടവു സംഭവിച്ചുപോയിട്ടുണ്ടെങ്കിൽ അതിന്റെ കേടു പോക്കുന്ന തുറന്ന സംഭാഷണങ്ങളിലേക്കു നയിക്കുകയും ചെയ്യുന്നു. പരിശോധനയുടെയും പ്രലോഭനത്തിന്റെയും സമയങ്ങളിൽ നാം സഹായത്തിനായി, ക്രിസ്തുവിന്റെ മനസ്സിനോടു ചേർച്ചയായുള്ളതു ചെയ്യുന്നതിനുവേണ്ട ആത്മീയ ബലത്തിനായി, പ്രാർത്ഥനയിൽ ദൈവത്തിലേക്കു തിരിയേണ്ടതുണ്ട്. ബലത്തിനായി അപേക്ഷിച്ചുകൊണ്ടു പൂർണ്ണനായ യേശുപോലും അനേകം അവസരങ്ങളിൽ പ്രാർത്ഥനയിൽ യഹോവയിലേക്കു തിരിഞ്ഞു. അതുപോലെതന്നെ ഇന്ന്, പ്രലോഭനത്തിന്റെ സമയങ്ങളിൽ, ജഡത്തിനടിമയായിക്കൊണ്ടു വിവാഹപ്രതിജ്ഞ ലംഘിക്കാനുള്ള അഭിലാഷത്തെ ചെറുക്കുന്നതിനു യഹോവയോടു സഹായമഭ്യർത്ഥിച്ചുകൊണ്ടു ശരിയായ തീരുമാനമെടുക്കാനുള്ള ശക്തി കണ്ടെത്താൻ കഴിയും.—സങ്കീർത്തനം 119:101, 102.
നടത്തയുടെ ദൃഷ്ടാന്തങ്ങൾ
14, 15. (എ) യോസേഫ് പ്രലോഭനത്തോട് എങ്ങനെ പ്രതികരിച്ചു? (ബി) പ്രലോഭനത്തെ ചെറുക്കാൻ എന്താണു യോസേഫിനെ സഹായിച്ചത്?
14 പ്രലോഭനത്തെ നമുക്കെങ്ങനെ നേരിടാൻ കഴിയും? ഇക്കാര്യത്തിൽ യോസേഫും ദാവീദും സ്വീകരിച്ച വഴികൾ തമ്മിൽ വ്യക്തമായ അന്തരമുണ്ട്. പ്രത്യക്ഷത്തിൽ ആ സമയത്ത് അവിവാഹിതനായിരുന്ന, സുമുഖനായ ജോസഫിനെ വശീകരിക്കാൻ പോത്തിഫറിന്റെ ഭാര്യ നിരന്തരം ശ്രമിച്ചപ്പോൾ അദ്ദേഹം അവളോട് അവസാനമായി ഇങ്ങനെ ഉത്തരം പറഞ്ഞു: “ഈ വീട്ടിൽ എന്നെക്കാൾ വലിയവനില്ല; നീ അവന്റെ ഭാര്യയാകയാൽ നിന്നെയല്ലാതെ മററു യാതൊന്നും അവൻ എനിക്കു വിരോധിച്ചിട്ടുമില്ല; അതുകൊണ്ടു ഞാൻ ഈ മഹാദോഷം പ്രവർത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ?”—ഉല്പത്തി 39:6-9.
15 വഴങ്ങുന്നതു വളരെ എളുപ്പമായിരുന്നപ്പോൾ ശരിയായ വഴി സ്വീകരിക്കാൻ യോസേഫിനെ സഹായിച്ചത് എന്താണ്? യോസേഫിനു തന്റെ മനസ്സിനെ കർമ്മോദ്യുക്തമാക്കുന്ന പ്രബലമായ ശക്തി ഉണ്ടായിരുന്നു. യഹോവയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് അദ്ദേഹം സുബോധമുള്ളവനായിരുന്നു. അത്യാസക്തയായ ഈ സ്ത്രീയുമായി പരസംഗത്തിലേർപ്പെടുന്നതു വാസ്തവത്തിൽ അവളുടെ ഭർത്താവിനെതിരെ മാത്രമല്ല, അതിലും പ്രധാനമായി, ദൈവത്തിനെതിരെ ഉള്ള പാപമാണെന്ന് അദ്ദേഹം അറിഞ്ഞിരുന്നു.—ഉല്പത്തി 39:12.
16. ഒരു പ്രലോഭനത്തോടു ദാവീദ് എങ്ങനെയാണു പ്രതികരിച്ചത്?
16 നേരേമറിച്ചു ദാവീദിന് എന്താണു സംഭവിച്ചത്? ന്യായപ്രമാണം അനുവദിച്ചപ്രകാരം അനേകം ഭാര്യമാരുള്ള വിവാഹിതനായ ഒരു മനുഷ്യനായിരുന്നു അദ്ദേഹം. ഒരു സായാഹ്നവേളയിൽ ഒരു സ്ത്രീ കുളിക്കുന്നത് അദ്ദേഹം തന്റെ കൊട്ടാരത്തിൽനിന്നു കണ്ടു. അത് ഊരിയാവിന്റെ ഭാര്യയായ സുന്ദരിയായ ബത്ത്-ശേബാ ആയിരുന്നു. ദാവീദിന് ഏതെങ്കിലും ഒരു പ്രവർത്തനം തിരഞ്ഞെടുക്കാമായിരുന്നു—ഒന്നുകിൽ തന്റെ ഹൃദയത്തിൽ കാമം ജ്വലിച്ചുകൊണ്ടിരിക്കവെ നോക്കിക്കൊണ്ടിരിക്കുക അല്ലെങ്കിൽ അകന്നുമാറിക്കൊണ്ടു പ്രലോഭനത്തെ തള്ളിക്കളയുക. എന്തു ചെയ്യുന്നതിനെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്? അവളെ അദ്ദേഹം കൊട്ടാരത്തിലേക്കു വരുത്തുകയും അവളുമായി വ്യഭിചാരം ചെയ്യുകയും ചെയ്തു. അതിലും വഷളായി, തുടർന്ന് അദ്ദേഹം അവളുടെ ഭർത്താവിന്റെ മരണത്തിന് ഇടവരുത്തുകയും ചെയ്തു.—2 ശമൂവേൽ 11:2-4, 12-27.
17. ദാവീദിന്റെ ആത്മീയ അവസ്ഥയെക്കുറിച്ചു നമുക്ക് എന്തനുമാനിക്കാൻ കഴിയും?
17 എന്തായിരുന്നു ദാവീദിന്റെ പ്രശ്നം? സങ്കീർത്തനം 51-ലെ പശ്ചാത്താപത്തോടുകൂടിയ അദ്ദേഹത്തിന്റെ പിന്നീടുള്ള കുററസമ്മതത്തിൽനിന്നു നമുക്കു ചില വസ്തുതകൾ അനുമാനിക്കാൻ കഴിയും. അദ്ദേഹം പറഞ്ഞു: “ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ (ഒരു പുതിയ ആത്മാവിനെ, സ്ഥിരമായ ഒന്നിനെ, NW) എന്നിൽ പുതുക്കേണമേ.” തന്റെ പ്രലോഭനസമയത്ത് അദ്ദേഹത്തിനു നിർമ്മലവും സ്ഥിരവുമായ ഒരു ആത്മാവ് ഇല്ലായിരുന്നുവെന്നതു വ്യക്തമാണ്. ഒരുപക്ഷേ, യഹോവയുടെ ന്യായപ്രമാണം വായിക്കുന്നത് അദ്ദേഹം അവഗണിച്ചിരിക്കാം, തൽഫലമായി അദ്ദേഹത്തിന്റെ ആത്മീയത ദുർബലമായിപ്പോയി. അല്ലെങ്കിൽ രാജാവെന്ന നിലയിലുള്ള തന്റെ സ്ഥാനവും അധികാരവും, കാമാസക്തമായ അഭിലാഷത്തിന് ഇരയാകാൻതക്കവണ്ണം അദ്ദേഹത്തിന്റെ ചിന്തയെ ദുഷിപ്പിക്കാൻ അദ്ദേഹം അനുവദിച്ചിരിക്കാം. നിശ്ചയമായും, അദ്ദേഹത്തിന്റെ മനസ്സിനെ കർമ്മോദ്യുക്തമാക്കിയ ശക്തി ആ സമയത്തു സ്വാർത്ഥപരവും പാപപൂർണ്ണവും ആയിരുന്നു. അങ്ങനെ, ‘ഒരു പുതിയ ആത്മാവിന്റെ, സ്ഥിരമായ ഒന്നിന്റെ’ ആവശ്യം അദ്ദേഹം തിരിച്ചറിയാനിടയായി.—സങ്കീർത്തനം 51:10; ആവർത്തനം 17:18-20.
18. വ്യഭിചാരം സംബന്ധിച്ചു യേശു എന്തു ബുദ്ധ്യുപദേശമാണു നൽകിയത്?
18 ദാവീദു രാജാവിന്റെതിനു സമാനമായ ഒരു ആത്മീയ ദൗർബല്യത്തിന്റെ അവസ്ഥയിലേക്കു വീഴാൻ ഇണകൾ സ്വയം അനുവദിച്ചതിനാൽ ചില ക്രിസ്തീയ വിവാഹങ്ങൾ തകർന്നുപോയിട്ടുണ്ട്. തുടർച്ചയായി മറെറാരു സ്ത്രീയെയോ പുരുഷനെയോ വികാരത്തോടെ നോക്കിക്കൊണ്ടിരിക്കുന്നതിനെതിരെ അദ്ദേഹത്തിന്റെ ദൃഷ്ടാന്തം നമുക്കൊരു മുന്നറിയിപ്പായിരിക്കണം, കാരണം അന്തിമമായി വ്യഭിചാരം നടന്നേക്കാം. ഇക്കാര്യത്തിലുള്ള മാനുഷിക വികാരം തനിക്കു മനസ്സിലായിട്ടുണ്ടെന്നു യേശു പ്രകടമാക്കി, എന്തെന്നാൽ അവിടുന്ന് ഇങ്ങനെ പറഞ്ഞു: “‘വ്യഭിചാരം ചെയ്യരുതു’ എന്നു അരുളിചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി.” ഇത്തരം ഒരു കാര്യത്തിൽ മനസ്സിനെ കർമ്മോദ്യുക്തമാക്കുന്ന ശക്തി സ്വാർത്ഥതയുള്ളതും ജഡികവുമാണ്, ആത്മീയമല്ല. എങ്കിൽ വ്യഭിചാരം ഒഴിവാക്കുന്നതിനും തങ്ങളുടെ വിവാഹബന്ധങ്ങളെ സന്തുഷ്ടവും സംതൃപ്തവുമായി നിലനിർത്തുന്നതിനും ക്രിസ്ത്യാനികൾക്ക് എന്തു ചെയ്യാൻ കഴിയും?—മത്തായി 5:27, 28.
വിവാഹബന്ധത്തെ ബലിഷ്ഠമാക്കുക
19. ഒരു വിവാഹത്തെ ഉറപ്പുള്ളതാക്കാൻ എങ്ങനെ കഴിയും?
19 ശലോമോൻ രാജാവ് ഇങ്ങനെ എഴുതി: “ഒരുത്തനെ ആരെങ്കിലും ആക്രമിച്ചാൽ രണ്ടുപേർക്കും അവനോടു എതിർത്തുനില്ക്കാം; മുപ്പിരിച്ചരടു വേഗത്തിൽ അററുപോകയില്ല.” പ്രതികൂലാവസ്ഥയിലായിരിക്കുമ്പോൾ, ഒരാളെക്കാൾ ഭേദമായി തീർച്ചയായും, ചേർച്ചയുള്ള വിവാഹത്തിലെ രണ്ടു പേർക്ക് ഒന്നിച്ചു നില്ക്കാൻ കഴിയും. എന്നാൽ അവരുടെ ബന്ധത്തിൽ ദൈവത്തെ ഉൾപ്പെടുത്തുന്നതിനാൽ അത് ഒരു മുപ്പിരിച്ചരടുപോലെ ആണെങ്കിൽ വിവാഹം ഉറപ്പുള്ളതായിരിക്കും. വിവാഹത്തിൽ എങ്ങനയാണു ദൈവത്തെ ഉൾപ്പെടുത്താൻ കഴിയുക? വിവാഹത്തിനുവേണ്ടിയുള്ള അവിടുത്തെ പ്രമാണങ്ങളും ബുദ്ധ്യുപദേശങ്ങളും ദമ്പതികൾ ബാധകമാക്കുന്നതിനാൽ.—സഭാപ്രസംഗി 4:12.
20. ഏതു ബൈബിൾ ബുദ്ധ്യുപദേശത്തിന് ഒരു ഭർത്താവിനെ സഹായിക്കാൻ കഴിയും?
20 തീർച്ചയായും, പിൻവരുന്ന വാക്യങ്ങളിലെ ബുദ്ധ്യുപദേശങ്ങൾ ഒരു ഭർത്താവു ബാധകമാക്കുന്നെങ്കിൽ അയാളുടെ വിവാഹം വിജയിക്കുന്നതിന് ഒരു മെച്ചപ്പെട്ട അടിസ്ഥാനം ഉണ്ടായിരിക്കും:
“അങ്ങനെ തന്നേ ഭർത്താക്കൻമാരേ, നിങ്ങളുടെ പ്രാർത്ഥനെക്കു മുടക്കം വരാതിരിക്കേണ്ടതിന്നു വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ചു, സ്ത്രീജനം ബലഹീനപാത്രം എന്നും അവർ ജീവന്റെ കൃപെക്കു കൂട്ടവകാശികൾ എന്നും ഓർത്തു അവർക്കു ബഹുമാനം കൊടുപ്പിൻ.”—1 പത്രൊസ് 3:7.
“ഭർത്താക്കൻമാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ. അവ്വണ്ണം ഭർത്താക്കൻമാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു.”—എഫെസ്യർ 5:25, 28.
“അവളുടെ ഭർത്താവും അവളെ പ്രശംസിക്കുന്നതു: അനേകം തരുണികൾ സാമർത്ഥ്യം കാണിച്ചിട്ടുണ്ടു; നീയോ അവരെല്ലാവരിലും ശ്രേഷ്ടയായിരിക്കുന്നു.”—സദൃശവാക്യങ്ങൾ 31:28, 29.
“ഒരുത്തന്നു കാൽ പൊള്ളാതെ തീക്കനലിൻമേൽ നടക്കാമോ? കൂട്ടുകാരന്റെ ഭാര്യയുടെ അടുക്കൽ ചെല്ലുന്നവൻ ഇങ്ങനെ തന്നേ; അവളെ തൊടുന്ന ഒരുത്തനും ശിക്ഷ വരാതെയിരിക്കയില്ല. സ്ത്രീയോടു വ്യഭിചാരം ചെയ്യുന്നവനോ . . . സ്വന്തപ്രാണനെ നശിപ്പിക്കുന്നു.”—സദൃശവാക്യങ്ങൾ 6:28, 29, 32.
21. ഏതു ബൈബിൾ ബുദ്ധ്യുപദേശത്തിന് ഒരു ഭാര്യയെ സഹായിക്കാൻ കഴിയും?
21 പിൻവരുന്ന ബൈബിൾ പ്രമാണങ്ങൾക്ക് ഒരു ഭാര്യ ശ്രദ്ധ നൽകുന്നെങ്കിൽ അത് അവളുടെ വിവാഹത്തിനു സ്ഥിരത നൽകും:
“ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കൻമാർക്കു കീഴടങ്ങിയിരിപ്പിൻ; അവരിൽ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിർമ്മലമായ നടപ്പു കണ്ടറിഞ്ഞു വചനം കൂടാതെ ഭാര്യമാരുടെ നടപ്പിനാൽ ചേർന്നുവരുവാൻ ഇടയാകും.”—1 പത്രൊസ് 3:1-4.
“ഭർത്താവു ഭാര്യക്കും ഭാര്യ ഭർത്താവിന്നും (ലൈംഗികമായി) കടംപെട്ടിരിക്കുന്നതു ചെയ്യട്ടെ. . . . ഒരു സമയത്തേക്കു പരസ്പരസമ്മതത്തോടെ അല്ലാതെ തമ്മിൽ വേറുപെട്ടിരിക്കരുതു.”—1 കൊരിന്ത്യർ 7:3-5.
22. (എ) മറേറതു ഘടകങ്ങൾക്കു വിവാഹത്തെ മെച്ചപ്പെടുത്താൻ കഴിയും? (ബി) യഹോവ വിവാഹമോചനത്തെ എങ്ങനെ വീക്ഷിക്കുന്നു?
22 സ്നേഹം, ദയ, അനുകമ്പ, ക്ഷമ, വിവേകം, പ്രോത്സാഹനം, പ്രശംസ എന്നിവ വിവാഹമെന്ന രത്നത്തിന്റെ അവശ്യ വശങ്ങളാണെന്നും ബൈബിൾ പ്രകടമാക്കുന്നു. അവ കൂടാതെയുള്ള വിവാഹം സൂര്യപ്രകാശവും വെള്ളവും കിട്ടാത്ത ചെടിപോലെയാണ്—അതു പുഷ്പിക്കാറേ ഇല്ല. അതുകൊണ്ടു നമ്മുടെ മനസ്സുകളെ കർമ്മോദ്യുക്തമാക്കുന്ന ശക്തി നമ്മുടെ വിവാഹത്തിൽ പരസ്പരം പ്രോത്സാഹിപ്പിക്കാനും നവോൻമേഷം പകരാനും നമ്മെ പ്രേരിപ്പിക്കട്ടെ. ‘വിവാഹമോചനം യഹോവ വെറുക്കുന്നു’ എന്ന് ഓർമ്മിക്കുക. ക്രിസ്തീയ സ്നേഹം പ്രകടമാക്കുന്നെങ്കിൽ വ്യഭിചാരത്തിനോ വിവാഹത്തകർച്ചക്കോ യാതൊരു സാദ്ധ്യതയും ഉണ്ടായിരിക്കാൻ പാടില്ല. എന്തുകൊണ്ട്? “എന്തെന്നാൽ സ്നേഹം ഒരിക്കലും നിലയ്ക്കുന്നില്ല.”—മലാഖി 2:16; 1 കൊരിന്ത്യർ 13:4-8, NW; എഫെസ്യർ 5:3-5.
നിങ്ങൾക്കു വിശദീകരിക്കാമോ?
◻ ഒരു സന്തുഷ്ട വിവാഹത്തിനുള്ള അടിസ്ഥാനം എന്താണ്?
◻ മനസ്സിനെ കർമ്മോദ്യുക്തമാക്കുന്ന ശക്തിക്കു വിവാഹത്തെ ബാധിക്കാൻ കഴിയുന്നത് എങ്ങനെ?
◻ നമ്മുടെ മനസ്സുകളെ കർമ്മോദ്യുക്തമാക്കുന്ന ശക്തിയെ ബലിഷ്ഠമാക്കുന്നതിനു നമുക്ക് എന്തു ചെയ്യാൻ കഴിയും?
◻ പ്രലോഭനത്തിൻ കീഴിലായിരുന്നപ്പോൾ യോസേഫും ദാവീദും പ്രതികരണത്തിൽ വ്യത്യസ്തരായിരുന്നത് എങ്ങനെ?
◻ വിവാഹബന്ധത്തെ ഉറപ്പുള്ളതാക്കുന്നതിനു ഭർത്താക്കൻമാരെയും ഭാര്യമാരെയും ഏതു ബൈബിൾ ബുദ്ധ്യുപദേശം സഹായിക്കും?
[18-ാം പേജിലെ ചിത്രം]
നാം രണ്ടുതരം പ്രമാണങ്ങളനുസരിച്ചു ജീവിക്കുന്നുണ്ടോ—സഭയിൽ ദയയുള്ളവനായും വീട്ടിൽ പരുഷനായും?