ലാററിൻ-അമേരിക്കൻ സഭകൾ വ്യാകുലതയിൽ—എന്തുകൊണ്ടാണു ലക്ഷങ്ങൾ പള്ളിവിടുന്നത്?
മെക്സിക്കോയുടെ വടക്കേ അതിർത്തിമുതൽ ചിലിയുടെ തെക്കേ അററംവരെ, ഒരു റോമൻ കത്തോലിക്കാ പള്ളി അതിന്റെ പ്രധാന നഗരചത്വരത്തിൽ ഉണ്ട് എന്നു വീമ്പുമുഴക്കാത്ത ഒററ ലാററിൻ-അമേരിക്കൻ പട്ടണമോ ഗ്രാമമോ ഇല്ല. എന്നിരുന്നാലും, “ലാററിൻ-അമേരിക്കയിൽ ഒരു സ്മരണാർഥക വ്യതിയാനം നടന്നുകൊണ്ടിരിക്കുകയാണ്” എന്നു കത്തോലിക്കാ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു സ്ഥാപനത്തിന്റെ പ്രോഗ്രാം ഡയറക്ടറായ ജോസഫ് ഇ. ഡേവിസ് സമ്മതിച്ചു പറയുന്നു. മൂന്നു നൂററാണ്ടിലധികമായി റോമൻ കത്തോലിക്കാ സഭയുടെ സ്വാധീനത്തിൽകീഴിലിരുന്ന ഒരു പ്രദേശമായ ലാററിൻ-അമേരിക്ക ഇപ്പോൾ ഒരു വലിയ പരിവർത്തനത്തിന്റെ വക്കിലാണെന്നും അദ്ദേഹം സമ്മതിച്ചുപറഞ്ഞു.
കത്തോലിക്കാ സഭയുടെ മേധാവിത്വം ദ്രുതഗതിയിൽ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നുള്ളത് ഒരു രഹസ്യമല്ല. ശുഷ്ക്കാന്തിയുള്ള കത്തോലിക്കരുടെ എണ്ണം ലാററിൻ-അമേരിക്കയിലെ മൊത്തം ജനസംഖ്യയുടെ വെറും 15 ശതമാനമായിരിക്കുന്നതായി അടുത്തയിടെ കണക്കാക്കപ്പെട്ടു. “ചരിത്രപരമായി കത്തോലിക്കാ ലാററിൻ-അമേരിക്ക പഴയ വിശ്വാസത്തിൽനിന്നും അപകടകരമാംവണ്ണം പിന്തിരിഞ്ഞുകൊണ്ടിരിക്കുന്നതായി റോമൻ കത്തോലിക്കാ ബിഷപ്പുമാരും പോപ്പുതന്നെയും ഭയം പ്രകടിപ്പിച്ചിരിക്കുന്നു” എന്ന് ബ്രിട്ടാനിക്കാ ബുക്ക് ഓഫ് ദി ഇയർ 1991 റിപ്പോർട്ടു ചെയ്തു. എന്തുകൊണ്ടാണ് ഇതു സംഭവിക്കുന്നത്? അനേകർ കത്തോലിക്കാ സഭ വിടുന്നത് എന്തുകൊണ്ടാണ്? കൂട്ടംപിരിഞ്ഞുപോയവർക്ക് എന്തു സംഭവിച്ചിരിക്കുന്നു?
ഒരു വിശദീകരണത്തിനുവേണ്ടിയുള്ള അന്വേഷണം
കത്തോലിക്കാ നേതാക്കൻമാർ അവരുടെ പ്രശ്നങ്ങൾക്കു “മതവിഭാഗങ്ങ”ളുടെ പെരുപ്പത്തെ പഴിചാരുന്നു. “കളസമാന മതവിഭാഗങ്ങളാൽ ബലംകെടുത്തുന്ന ഒരു മരം പോലെയാണു സഭ” എന്ന് ബൊളീവിയയിൽ പ്രവർത്തിക്കുന്ന യൂറോപ്പുകാരനായ ഒരു പുരോഹിതൻ പരാതിപറയുന്നു.
അർജൻറീനയിൽ ഓരോവർഷവും 140 പുതിയ മതങ്ങളാണു റിപ്പോർട്ടു ചെയ്യുന്നത്, 1970-കളുടെ മധ്യംമുതൽ കത്തോലിക്കാ സഭയുടെ അംഗത്വം 90-ൽനിന്നും 60 അല്ലെങ്കിൽ 70 ശതമാനമായി പെട്ടെന്നു കുറയാൻ കാരണം ഇതായിരിക്കാം. മെക്സിക്കോയിലെ ററിജ്വാനയിൽ 20 ലക്ഷം നിവാസികളിൽ 10 ശതമാനം അവിടെയുള്ള 327 കത്തോലിക്കേതര മതവിഭാഗങ്ങളിലേക്കു മാറിയിരിക്കുന്നു. “വിസ്മയാവഹമായി, തീർച്ചയായും കത്തോലിക്കരെക്കാൾ അധികം ബ്രസീൽകാരായ പ്രൊട്ടസ്ററൻറുകാരാണ് ഞായറാഴ്ചകളിൽ പള്ളിയിലുള്ളത്” എന്നു റൈറം മാസിക റിപ്പോർട്ടുചെയ്തു. ഒരു പത്രം പ്രസ്താവിച്ചപ്രകാരം “ലാററിൻ അമേരിക്കയിലെ കർദ്ദിനാളൻമാർ ഇന്നു സഭക്ക് ഏററവും പ്രധാനമായ രണ്ടുവിഷയങ്ങൾ പോപ്പുമായി ചർച്ചചെയ്യുന്നതിനു വത്തിക്കാനിൽ കൂടിവന്നപ്പോൾ,” അവയിലൊന്ന് “മതവിഭാഗങ്ങളുടെ പ്രശ്നം” ആയിരുന്നു എന്നതിൽ അതിശയിക്കാനില്ല.
“തങ്ങളുടെ സുവിശേഷപ്രവർത്തനങ്ങൾക്ക് ഒപ്പംനിൽക്കാത്ത സഭാ മക്കളുടെ നിരുത്സാഹവും അനാസ്ഥയും ആണ്” അനേകം പുതിയ മതങ്ങളുടെയും വിജയത്തിനു കാരണം എന്നു മെക്സിക്കോയിലെ ബിഷപ്പുമാരുമായുള്ള ഒരു യോഗത്തിൽ പോപ്പ് പ്രസ്താവിച്ചു. ലാററിൻ-അമേരിക്കക്കാരിൽ അനേകരും ബൈബിളിനെ ബഹുമാനിക്കുന്നവരായിരുന്നിട്ടും അവരുടെ ആത്മീയ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന കാര്യത്തിൽ എന്തുകൊണ്ടാണു “സഭാ മക്കൾ” അനാസ്ഥകാണിക്കുന്നത്? ബൊളീവിയയിൽ, ലാ പാസിലെ ഉൾട്ടിമാ ഓറായിൽ ഒരു മുഖപ്രസംഗം വിശദീകരിക്കുന്നു: “സഭ അതിന്റെ സ്വന്തംകർത്തവ്യം ദിവസംചെല്ലുന്തോറും കൂടുതൽ ത്യജിക്കുന്നുവെന്നു തോന്നുവോളം ലോകകാര്യങ്ങളിൽ പ്രവേശിച്ചിരിക്കുന്നു. പുരോഹിതൻമാർ വൈദികർ ആയിരിക്കുന്നതിലുപരി സാമുദായികപ്രവർത്തകരും സാമ്പത്തികവിദഗ്ദ്ധരും പത്രാധിപരും രാഷ്ട്രീയപ്രവർത്തകരും ആയി കണ്ടെത്തുന്നതു നമ്മേ അതിശയിപ്പിക്കേണ്ടതില്ല.”
പ്രസംഗകർ ആയിരിക്കുന്നതിനെക്കാളുപരി രാഷ്ട്രീയപ്രവർത്തകർ?
എഴുപതുകളിലും 80-കളിലും രാഷ്ട്രീയ കാര്യങ്ങളിലുള്ള സഭയുടെ ഇടപെടൽ സംശയലേശമെന്യേ അനേകം ലാററിൻ-അമേരിക്കക്കാർക്കും ഇപ്പോൾ കത്തോലിക്ക മതത്തോടു വെറുപ്പുതോന്നുന്നതിനു സംഭാവനചെയ്തിട്ടുണ്ട്. പല ലാററിൻ-അമേരിക്കൻ മിഷനുകളോടുകൂടിയ അമേരിക്കയുടെ കത്തോലിക്കാ വിദേശ മിഷൻ സൊസൈററിയായ മേരിനോളിനെപ്പററി 1985-ൽ പ്രസിദ്ധീകരിച്ച ഒരു പഠനം പിൻവരുമാറു നിരീക്ഷണം നടത്തി: “മേരിനോൾ വിജയപ്രദമായി മാർക്സിന്റെയും ലെനിന്റെയും അക്രമവിപ്ലവസന്ദേശം പൊതു അംഗീകാരത്തിലേക്കു കൊണ്ടുവന്നു, കൃത്യമായും അതിന്റെ കാരണം കത്തോലിക്കാ സഭയുടെ ഒരു ഭുജമായി പ്രവർത്തിക്കാൻ അതിനെ അനുവദിച്ചതായിരുന്നു. അതിന്റെ സന്ദേശം പള്ളിയിൽപോകുന്ന സാധാരണക്കാരിലേക്കു മാത്രമല്ല പിന്നെയോ അമേരിക്കയുടെ പ്രമുഖ നയതന്ത്രശില്പികളിലേക്കും എത്തി.”
വീണ്ടും, 70-കളുടെ അവസാനത്തിൽ വിസ്മയജനകമായി 10,000-നും 30,000-നും ഇടയ്ക്ക് അർജൻറീനക്കാരെ പിടിച്ചുകൊണ്ടുപോയി വിചാരണകൂടാതെ കൊന്നുകളഞ്ഞ വൃത്തികെട്ട യുദ്ധം എന്നു വിളിക്കപ്പെടുന്നതിനെപ്പററിയും പരിചിന്തിക്കുക. നാഷനൽ കാത്തലിക്ക് റിപ്പോർട്ടറിലെ ഒരു മുഖപ്രസംഗം “രക്തം അർജൻറീനയിലെ സഭയെ കളങ്കപ്പെടുത്തുന്നു” എന്ന തലക്കെട്ടിൻകീഴിൽ പ്രസ്താവിച്ചു: “അർജൻറീനയിലെ അനുഭവം നാസിജർമനിയിൽ കത്തോലിക്കർ നടത്തിയ പ്രകടനത്തെ അടുത്ത സാമ്യമുള്ളതാക്കുന്നു, അതു സത്യത്തിന് ഒരു സാക്ഷിയായിരിക്കാനുള്ള സുവിശേഷ ആജ്ഞാപനത്തെക്കാൾ അധികാരമാണോ സഭയ്ക്കു കൂടുതൽ പ്രധാനമായിരിക്കുന്നത് എന്ന ചോദ്യം വീണ്ടും ഉന്നയിക്കുന്നു.”
ലോകത്തിലെ ഗവൺമെൻറുകളിൽ അധികാരത്തിനുവേണ്ടിയുള്ള സഭയുടെ ആഗ്രഹം അതു ദൈവത്തിന്റെ സുഹൃത്തല്ല എന്നു വ്യക്തമായും അടയാളപ്പെടുത്തുന്നു. “ലോകത്തെ നിങ്ങളുടെ സുഹൃത്താക്കുന്നതു ദൈവത്തെ നിങ്ങളുടെ ശത്രുവാക്കലാണെന്നു നിങ്ങൾ തിരിച്ചറിയുന്നില്ലയോ? ലോകത്തെ സുഹൃത്തായി തിരഞ്ഞെടുക്കുന്ന ഏതൊരുവനും സ്വയം ദൈവത്തിന്റെ ശത്രുവായിത്തിരിയുകയാണ്” എന്നു ബൈബിൾ പറയുന്നു. (യാക്കോബ് 4:4, കത്തോലിക്ക ജറുശലേം ബൈബിൾ) അപ്പോൾ അനേകർ ആത്മീയ മാർഗദർശനത്തിനുവേണ്ടി മേലാൽ കത്തോലിക്കാസഭയിലേക്കു നോക്കുന്നില്ല എന്നത് ഒട്ടും അതിശയമല്ല. എന്നാൽ കത്തോലിക്കാ സഭയെ വിട്ടുപോയ ആളുകൾക്ക് എന്തു സംഭവിച്ചിരിക്കുന്നു?
ഇടയനില്ലാത്ത ആടുകൾ
ഒന്നാംനൂററാണ്ടിൽ യഹൂദമതത്തിന്റെ ആത്മീയനേതാക്കൻമാർ പരിരക്ഷിക്കുന്നതിൽ പരാജയപ്പെട്ട ജനങ്ങളെപ്പോലെയാണ് അവർ. യേശുവിന് “അവരോട് പരിതാപം തോന്നി കാരണം അവർ ഇടയനില്ലാത്ത ആടുകൾപോലെ പീഡിതരും ദുഃഖിതരും ആയിരുന്നു” എന്നു ബൈബിൾ പറയുന്നു. (മത്തായി 9:36, JB) അനേകരും കത്തോലിക്കാ സഭയിൽനിന്നു വിട്ടുമാറി സുവിശേഷാനുസാര മതങ്ങൾ എന്ന് അറിയപ്പെടുന്നവയിൽ ചേർന്നിട്ടുണ്ട്. കൂട്ടംവിട്ട ആടുകളെ ഇവർ മെച്ചമായി കരുതിയിട്ടുണ്ടോ? “ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികൻമാരല്ല” എന്നു യേശു പറഞ്ഞ തന്റെ സത്യാനുഗാമികളെപ്പോലെയായിരിക്കാൻ പ്രൊട്ടസ്ററൻറുകാർ കൂടുതൽ ചായ്വുള്ളവരാണോ?—യോഹന്നാൻ 17:14.
മതപാരമ്പര്യങ്ങളെ പിന്തുടരുന്നതിനെക്കാൾ ബൈബിൾ അനുസരിക്കുന്നുവെന്ന പ്രതിഛായ വളർത്തിയെടുക്കാൻ പല കത്തോലിക്കേതര മതങ്ങളും ശ്രമിക്കുന്നു. മിക്കപ്പോഴും ഇതൊരു പുറംപൂച്ചാണ്. പ്രൊട്ടസ്ററൻറ് സ്ഥാപനങ്ങളുടെ അടിസ്ഥാന ഉപദേശങ്ങൾ കത്തോലിക്കാ സഭയുടേതിനോടു വളരെ സമാനമാണ്, തത്ഫലമായി പല നിരീക്ഷകർക്കും നിഷ്പ്രയാസം ഈ ആൻഡിയൻ ചൊല്ല് ഉപയോഗിക്കാൻ കഴിയും: “എസ് ലാ മിസ്മാ ചോലിററാ കോൺ ഓട്രാ പോളേറാ” (അതു വേറൊരു പാവാടയുടുത്ത അതേ ഇൻഡ്യാക്കാരി തന്നെയാണ്).
ദൃഷ്ടാന്തത്തിന്, മിക്കവാറും എല്ലാ പ്രൊട്ടസ്ററൻറ് വിഭാഗങ്ങളും ദൈവം ഒരു ത്രിത്വമാണെന്നു പഠിപ്പിക്കുന്നു, എന്നാൽ ഇതൊരു ബൈബിൾ ഉപദേശമല്ല. “എബ്രായബൈബിളിൽ ത്രിത്വോപദേശം അടങ്ങിയിട്ടില്ലെന്നകാര്യത്തിൽ വ്യാഖ്യാതാക്കളും വേദശാസ്ത്രികളും ചേർച്ചയിലാണ് . . . ത്രിത്വത്തിന്റെ വ്യക്തമായ ഒരു ഉപദേശം പുതിയനിയമത്തിലും അടങ്ങിയിട്ടില്ല” എന്നു ദി എൻസൈക്ലോപ്പീഡിയ ഓഫ് റിലിജ്യൻ സമ്മതിച്ചുപറയുന്നു.a
പ്രൊട്ടസ്ററൻറുകാരും കത്തോലിക്കരെപ്പോലെതന്നെ ഈ ലോകത്തോടും അതിന്റെ രാഷ്ട്രീയത്തോടും കൈകോർത്തു പോകുന്നുവെന്നതു വ്യക്തമാണ്. ദി എൻസൈക്ലോപ്പീഡിയ ഓഫ് ലാററിൻ അമേരിക്ക പറയുന്നു: “ലാററിൻ അമേരിക്കയിൽ പ്രൊട്ടസ്ററൻറുമതവിഭാഗവും അതിനെതന്നെ . . . തെരഞ്ഞെടുപ്പു രാഷ്ട്രീയവുമായി പൊരുത്തപ്പെടുത്തിയിരിക്കുന്നു. സ്വദേശീയ വികാരികൾ മിക്കപ്പോഴും രാഷ്ട്രീയ രക്ഷാധികാരികളുടെ കക്ഷികളാവുകയും തങ്ങളുടെ പള്ളികൾക്കു ഗവൺമെൻറിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുവേണ്ടി അവർക്കു വോട്ടുചെയ്യുകയും ചെയ്യുന്നു.” “പ്രൊട്ടസ്ററൻറ് മതവിഭാഗം ഗ്വാട്ടിമാലയിൽ ആദ്യമായി എത്തിച്ചേർന്നതുമുതൽ രാഷ്ട്രീയവുമായി വിവാഹം ചെയ്തിരിക്കുകയാണ്,” അതിനുപുറമേ അത്, “മതത്തിന്റെ ഒരു രൂപമെന്നനിലയിൽ രാഷ്ട്രീയവും സാമുദായികവും ആയ സ്വഭാവങ്ങൾ കൈമാറുന്നതിനുള്ള ഒരു വാഹനം ആയിരുന്നിട്ടുണ്ട്” എന്നു ദ ലാററിൻ അമേരിക്കൻ റിസേർച്ച് റിവ്യൂ പറയുന്നു.
പ്രൊട്ടസ്ററൻറുകാരുടെ രാഷ്ട്രീയത്തിലുള്ള പങ്കുപററൽ മിക്കപ്പോഴും അവരെ യുദ്ധത്തിൽ പങ്കുപററുന്നതിലേക്കു നയിച്ചിരിക്കുന്നു. അമേരിക്കയുടെ ചരിത്രത്തിൽ ഏററവും സ്വാധീനമുള്ള പ്രൊട്ടസ്ററൻറു വൈദികരിൽ ഒരുവനായി പരിഗണിച്ചിട്ടുള്ള പരേതനായ ഹാരി എമേഴ്സൻ ഫോസ്ഡിക്ക് ഇപ്രകാരം സമ്മതിച്ചുപറഞ്ഞു: “നമ്മുടെ പാശ്ചാത്യ ചരിത്രം ഒന്നിനുപുറകേ മറെറാന്നായി യുദ്ധചരിത്രമായിത്തീർന്നിരിക്കുന്നു. നമ്മൾ ആളുകളെ യുദ്ധത്തിനുവേണ്ടി തീററിപ്പോററി, ആളുകളെ യുദ്ധത്തിനുവേണ്ടി പരിശീലിപ്പിച്ചു; നാം യുദ്ധത്തെ പ്രകീർത്തിച്ചിരിക്കുന്നു; നാം യോദ്ധാക്കളെ നമ്മുടെ വീരപുരുഷൻമാർ ആക്കുകയും നമ്മുടെ പള്ളികളിൽപ്പോലും യുദ്ധപതാകകൾ ഉയർത്തുകയും ചെയ്തിരിക്കുന്നു . . . നമ്മുടെ വായുടെ ഒരു കോണുകൊണ്ടു നാം സമാധാനപ്രഭുവിനെ സ്തുതിച്ചിരിക്കുന്നു, മറേറ കോണുകൊണ്ടു നാം യുദ്ധത്തെ പ്രകീർത്തിച്ചിരിക്കുന്നു.”
നിങ്ങൾ എന്തു ചെയ്യണം?
ഭൂമിയിലെ ഗവൺമെൻറുകളുമായി പരസംഗം ചെയ്യുന്ന ഒരു പ്രതീകാത്മക വേശ്യയായി വ്യാജമതത്തെ ചിത്രീകരിച്ചശേഷം വെളിപ്പാട് എന്ന ബൈബിൾ പുസ്തകം പറയുന്നു: “എന്റെ ജനമേ, അവളെവിട്ടു വെളിയിൽ വരുവിൻ, അവളുടെ കുററകൃത്യങ്ങളിൽ നിങ്ങൾ പങ്കുപററാതിരിക്കുന്നതിനും അതേ ബാധകൾ അനുഭവിക്കാതിരിക്കുന്നതിനും തന്നെ.”—വെളിപ്പാട് 18:4, JB.
സഭയിൽ വളരെ അഴിമതിയുണ്ടെന്ന് അനേകരും തിരിച്ചറിയുന്നു, എന്നിട്ടും റോമൻ കത്തോലിക്കാ സഭക്ക് ഒരു പുരാതനചരിത്രം ഉണ്ടെന്നകാരണത്താൽ അവർ അതു വിടുവാൻ മടിക്കുന്നു. എന്നിരുന്നാലും ഓർക്കുക, യഹൂദ ആരാധനാവ്യവസ്ഥിതി വളരെ പുരാതനമായിരുന്നു; എന്നാൽ അവർ ദൈവത്തിന്റെ സത്യപഠിപ്പിക്കലുകളിൽനിന്നും വ്യതിചലിച്ചപ്പോൾ അവിടുന്ന് അവരെ തള്ളിക്കളഞ്ഞു. ദൈവം ഇപ്പോൾ പകരം ക്രിസ്തീയ സഭയെയാണ് ഉപയോഗിക്കുന്നതെന്ന് അവിടുത്തെ വിശ്വസ്തദാസൻമാർ തിരിച്ചറിഞ്ഞപ്പോൾ അവർ യഹൂദമതവ്യവസ്ഥിതി ഉപേക്ഷിച്ചു. നിങ്ങൾക്കു സത്യക്രിസ്തീയസഭയെ ഇന്ന് എങ്ങനെ തിരിച്ചറിയാൻ കഴിയും?
കഴിഞ്ഞ രണ്ടു ദശകങ്ങളിലായി പത്തുലക്ഷത്തോളം ലാററിൻ-അമേരിക്കക്കാർ യഹോവയുടെ സാക്ഷികളായിട്ടുണ്ട്. എന്തുകൊണ്ടാണ് അവർ ഈ മാററം വരുത്തിയത്? മെക്സിക്കോയിൽ വെറാക്കൂസിലുള്ള, മാർററീനെസ് ഡെ ലാ റേറാറെയിലെ ഒരു പത്രം ഈ ചോദ്യം പരിശോധിച്ചു. അതിപ്രകാരം പറഞ്ഞു: “ഈ ബൈബിൾ വിദ്യാർഥികൾ വിവിധ മതങ്ങളിലെ 100 ശതമാനം ചുറുചുറുക്കുള്ള പ്രവർത്തകർ കൂട്ടിച്ചേർക്കപ്പെട്ടതാണ്, ഇവരിലധികവും കത്തോലിക്കരും, മതത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള വഴുതിവീഴലും മിശ്രവിശ്വാസം, അധാർമികത, അക്രമം തുടങ്ങിയ ബൈബിളധിഷ്ഠിതമല്ലാത്ത നടപടികളെ മതം അംഗീകരിക്കുകയും അനുവദിക്കുകയും ചെയ്യുന്നതും നിരീക്ഷിച്ചിട്ടുള്ളവർ തന്നെ. വിഗ്രഹാരാധനയിലോ ദുരൂഹതയിൽനിന്നും ഉരുത്തിരിയുന്ന പാരമ്പര്യങ്ങളിലോ ആശ്രയിക്കാതെ പെരുമാററം സംബന്ധിച്ച തിരുവെഴുത്തു തത്ത്വങ്ങളോടു പൊരുത്തപ്പെടുന്നതു അവർക്കു സംതൃപ്തിയുടെ ഒരു ഉറവായിത്തീർന്നിരിക്കുന്നു. എവിടെക്കണ്ടാലും അവരെ തിരിച്ചറിയാൻ സഹായിക്കുന്നവിധം പ്രശംസനീയമായ ഒരു വിശ്വാസ ഐക്യം ഇത് അവർക്കു നൽകിയിരിക്കുന്നു.”
ലാററിൻ-അമേരിക്കയിലെ മറെറാരു പത്രം ഇപ്രകാരം പറയുന്നു: “യഹോവയുടെ സാക്ഷികൾ കഠിനാധ്വാനികളും വിശ്വസ്തരും ദൈവഭയമുള്ളവരും ആയ ആളുകളാണ്. അവർ യഥാസ്ഥിതികരും പാരമ്പര്യപ്രിയരുമാണ്, അവരുടെ മതം ബൈബിളുപദേശങ്ങളിൽ അധിഷ്ഠിതവും ആണ്.” നിങ്ങൾ എവിടെ ജീവിച്ചാലും യഹോവയുടെ സാക്ഷികളുമൊത്തു ബൈബിൾ പഠിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു. അവരുടെ പ്രത്യാശയും മുഴുജീവിതരീതിയും ബൈബിളിൽ അധിഷ്ഠിതമാണെന്നു നിങ്ങൾ കണ്ടറിയും. അതേ, ദൈവത്തെ “ആത്മാവിലും സത്യത്തിലും” ആരാധിക്കുന്നത് എങ്ങനെയെന്നു നിങ്ങൾ പഠിക്കും.—യോഹന്നാൻ 4:23, 24.
[അടിക്കുറിപ്പ്]
a വാച്ച് ടവർ സൊസൈററി പ്രസിദ്ധീകരിച്ച നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ? എന്ന ലഘുപത്രിക കാണുക.
[21-ാം പേജിലെ ചാർട്ട്]
ചില ലാററിൻ-അമേരിക്കൻ രാജ്യങ്ങളിലെ യഹോവയുടെ സാക്ഷികൾ
1971 1992
രാജ്യം പ്രസാധകർ പ്രസാധകർ
അർജൻറീന 20,750 96,780
ബൊളീവിയ 1,276 8,868
ബ്രസീൽ 72,269 3,35,039
ചിലി 8,231 44,067
കൊളംബിയ 8,275 55,215
കോസ്ററാറിക്ക 3,271 14,018
ഡൊമിനിക്കൻ റിപ്പബ്ലിക്ക് 4,106 15,418
ഇക്വഡോർ 3,323 22,763
എൽ സാൽവഡോർ 2,181 20,374
ഗാവ്ദലൂപ്പ് 1,705 6,830
ഗ്വാട്ടിമാല 2,604 13,479
ഹോണ്ടുറാസ് 1,432 6,583
മെക്സിക്കോ 54,384 3,54,023
പനാമ 2,013 7,732
പരാഗ്വ 901 4,115
പെറു 5,384 43,429
പോർട്ടോറിക്കോ 8,511 25,315
ഉറുഗ്വെ 3,370 8,683
വെനെസ്വേല 8,170 60,444
മൊത്തം 2,12,156 11,43,175