യഹോവ ജീവനുള്ള സത്യ ദൈവം
“യഹോവ ആർ” എന്ന് ഈജിപ്ററിലെ ഫറവോൻ ധിക്കാരത്തോടും നിന്ദയോടും കൂടിയാണ് ചോദിച്ചത്. (പുറപ്പാടു 5:2) കഴിഞ്ഞ ലേഖനത്തിൽ കാണിച്ചപ്രകാരം ആ മനോഭാവം ഈജിപ്ററുകാരുടെമേൽ ബാധകളും മരണവും വരുത്തി, ഫറവോനും അയാളുടെ സൈന്യങ്ങൾക്കും ജലമൃത്യു ഉൾപ്പെടെത്തന്നെ.
പുരാതന ഈജിപ്ററിൽ യഹോവ വ്യാജദൈവങ്ങളുടെമേൽ തന്റെ ശ്രേഷ്ഠത സ്ഥാപിച്ചു. എന്നാൽ യഹോവയെപ്പററി ഇനിയും ധാരാളം അറിയേണ്ടതായിട്ടുണ്ട്. അവിടുത്തെ വ്യക്തിത്വത്തിന്റെ ചില സവിശേഷതകൾ ഏവയാണ്? അവിടുന്നു നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു?
അവിടുത്തെ പേരും പ്രസിദ്ധിയും
മോശ ഈജിപ്ററിലെ ഫറവോനോട് അഭ്യർഥന നടത്തുമ്പോൾ ‘കർത്താവ് ഇന്നതു പറയുന്നു’ എന്നു പറഞ്ഞില്ല. ഫറവോനും മററ് ഈജിപ്ററുകാരും തങ്ങളുടെ അനേകം വ്യാജദൈവങ്ങളെ കർത്താക്കൻമാരായി വിചാരിച്ചിരുന്നു. ഇല്ല, മോശ യഹോവയെന്ന ദിവ്യനാമം ഉപയോഗിച്ചു. അദ്ദേഹം മിദ്യാൻ ദേശത്തു കത്തുന്ന മുൾപ്പടർപ്പിനു സമീപം മുകളിൽനിന്ന് അങ്ങനെ പറഞ്ഞു കേട്ടതാണ്. നിശ്വസ്ത രേഖ പറയുന്നു:
“യഹോവ . . . പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തെന്നാൽ: ഞാൻ യഹോവ ആകുന്നു. ഞാൻ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും സർവ്വശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി; എന്നാൽ യഹോവ എന്ന നാമത്തിൽ ഞാൻ അവർക്കു വെളിപ്പെട്ടില്ല. അവർ പരദേശികളായി പാർത്ത കനാൻദേശം അവർക്കു കൊടുക്കുമെന്നു ഞാൻ അവരോടു ഒരു നിയമം ചെയ്തിരിക്കുന്നു. മിസ്രയീമ്യർ അടിമകളാക്കിയിരിക്കുന്ന യിസ്രയേൽമക്കളുടെ ഞരക്കം ഞാൻ കേട്ടു എന്റെ നിയമം ഓർത്തുമിരിക്കുന്നു. അതുകൊണ്ടു നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഞാൻ യഹോവ ആകുന്നു; ഞാൻ നിങ്ങളെ മിസ്രയീമ്യരുടെ ഊഴിയവേലയിൽനിന്നു ഉദ്ധരിച്ചു അവരുടെ അടിമയിൽനിന്നു നിങ്ങളെ വിടുവിക്കും; നീട്ടിയിരിക്കുന്ന ഭുജംകൊണ്ടും മഹാശിക്ഷാവിധികൾകൊണ്ടും നിങ്ങളെ വീണ്ടെടുക്കും. ഞാൻ നിങ്ങളെ എനിക്കു ജനമാക്കിക്കൊൾകയും ഞാൻ നിങ്ങൾക്കു ദൈവമായിരിക്കയും ചെയ്യും. മിസ്രയീമ്യരുടെ ഊഴിയവേലയിൽനിന്നു നിങ്ങളെ ഉദ്ധരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു എന്നു നിങ്ങൾ അറിയും. ഞാൻ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും നല്കുമെന്നു സത്യം ചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുപോയി, അതു നിങ്ങൾക്കു അവകാശമായി തരും. ഞാൻ യഹോവ ആകുന്നു.”—പുറപ്പാടു 6:1-8.
അതുതന്നെയാണു യഹോവ ചെയ്തതും. അവിടുന്ന് ഈജിപ്ററുകാരുടെ അടിമത്തത്തിൽനിന്ന് ഇസ്രയേല്യരെ വിടുവിക്കുകയും കനാൻ ദേശം കൈവശപ്പെടുത്തുവാൻ അവരെ പ്രാപ്തരാക്കുകയും ചെയ്തു. വാഗ്ദത്തം ചെയ്തപ്രകാരം എല്ലാം സംഭവിക്കുവാൻ അവിടുന്ന് ഇടയാക്കി. എത്ര അനുയോജ്യം! യഹോവ എന്ന തന്റെ നാമത്തിന്റെ അർഥം “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്നാണ്. ബൈബിളിൽ യഹോവയെ “ദൈവം,” “പരമാധികാരിയാം കർത്താവ്,” “സ്രഷ്ടാവ്” “പിതാവ്,” “സർവശക്തൻ,” “അത്യുന്നതൻ,” എന്നീ സ്ഥാനപ്പേരുകൾ വിളിക്കുന്നു. എങ്കിലും യഹോവ എന്ന അവിടുത്തെ നാമം, തന്റെ മഹത്തായ വാഗ്ദത്തങ്ങൾക്കു ക്രമാനുഗതമായി നിവൃത്തി വരുത്തുന്ന സത്യദൈവമായി അവിടുത്തെ തിരിച്ചറിയിക്കുന്നു.—യെശയ്യാവു 42:8
നാം മൂലഭാഷകളിലുള്ള ബൈബിൾ വായിക്കുന്നുവെങ്കിൽ ദൈവത്തിന്റെ നാമം ആയിരക്കണക്കിനു പ്രാവശ്യം കാണാനിടയാകും. അതു വലത്തുനിന്നു ഇടത്തോട്ടു വായിക്കുന്ന ചതുർവർണങ്ങൾ (Tetragrammaton) എന്നറിയപ്പെടുന്ന യോദു ഹെ വൗ ഹെ [യ്,ഹ്,വ്,ഹ്] എന്ന നാലു വ്യഞ്ജനാക്ഷരങ്ങളാലാണു പ്രതിനിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. എബ്രായ ഭാഷ സംസാരിച്ചിരുന്നവർ അതിനു സ്വരാക്ഷരങ്ങൾ കൊടുത്തു. എന്നാൽ അവയെന്തായിരുന്നുവെന്ന് ഇന്ന് ആളുകൾ കൃത്യമായും അറിയുന്നില്ല. ചിലർ യാഹ്വേ എന്ന അക്ഷരവിന്യാസത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും യഹോവ എന്ന രൂപമാണു പൊതുവായുള്ളത്, അതു നമ്മുടെ സ്രഷ്ടാവിനെ ഉചിതമായി തിരിച്ചറിയിക്കുകയും ചെയ്യുന്നു.
യഹോവ എന്ന പേരിന്റെ ഉപയോഗം സങ്കീർത്തനം 110:1-ൽ “എന്റെ കർത്താവ്” എന്നു വിളിച്ചിരിക്കുന്നവനിൽനിന്നു ദൈവത്തെ വേർതിരിച്ചുകാണിക്കുന്നു. അവിടെ ഒരു വിവർത്തനം പറയുന്നതിപ്രകാരമാണ്: “കർത്താവ് [LORD, എബ്രായയിൽ יהוה] എന്റെ കർത്താവിനോടു [Lord] പറഞ്ഞു, ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്കുക.” (King James Version) എബ്രായ പാഠത്തിൽ ദൈവത്തിന്റെ നാമം കാണപ്പെടുന്നതു തിരിച്ചറിഞ്ഞുകൊണ്ടു പുതിയ ലോക ഭാഷാന്തരം ഇപ്രകാരം വായിക്കുന്നു: “എന്റെ കർത്താവിനോടുള്ള യഹോവയുടെ അരുളപ്പാട് ഇതാണ്: ‘ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങൾക്ക് ഒരു പീഠമെന്നപോലെ വെക്കുന്നതുവരെ എന്റെ വലതുഭാഗത്ത് ഇരിക്കുക.’” യഹോവയാം ദൈവത്തിന്റെ ഈ വാക്കുകൾ എഴുത്തുകാരൻ “എന്റെ കർത്താവ്” എന്നു വിളിച്ച യേശുക്രിസ്തുവിനെ പ്രവചനപരമായി പരാമർശിക്കുന്നു.
ഫറവോന്റെ നാളിൽ യഹോവ തനിക്കുതന്നെ ഒരു പേര് ഉണ്ടാക്കി. കഠിനഹൃദയനായ ആ ഭരണാധിപനോടു മോശ മുഖാന്തരം ദൈവം പറഞ്ഞു: “സർവ്വഭൂമിയിലും എന്നെപ്പോലെ മറെറാരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു ഈ പ്രാവശ്യം ഞാൻ എന്റെ ബാധകളൊക്കെയും നിന്റെ മേലും നിന്റെ ഭൃത്യൻമാരുടെ മേലും നിന്റെ ജനത്തിൻമേലും അയക്കും. ഇപ്പോൾ തന്നേ ഞാൻ എന്റെ കൈ നീട്ടി നിന്നെയും നിന്റെ ജനത്തെയും മഹാമാരിയാൽ ദണ്ഡിപ്പിച്ചു നിന്നെ ഭൂമിയിൽനിന്നു ഛേദിച്ചുകളയുമായിരുന്നു. എങ്കിലും എന്റെ ശക്തി നിന്നെ കാണിക്കേണ്ടതിന്നും എന്റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിന്നും ഞാൻ നിന്നെ നിർത്തിയിരിക്കുന്നു.”—പുറപ്പാടു 9:14-16.
ഇസ്രയേലിന്റെ ഈജിപ്ററിൽനിന്നുള്ള പുറപ്പാടും ചില കനാന്യ രാജാക്കൻമാരെ കീഴടക്കിയതും സംബന്ധിച്ചു യരീഹോവിലെ രാഹാബ് എന്ന സ്ത്രീ രണ്ട് എബ്രായ ചാരൻമാരോടു പിൻവരുന്നപ്രകാരം പറഞ്ഞു: “യഹോവ ഈ ദേശം നിങ്ങൾക്കു തന്നിരിക്കുന്നു; നിങ്ങളെയുള്ള ഭീതി ഞങ്ങളുടെമേൽ വീണിരിക്കുന്നു; ഈ ദേശത്തിലെ നിവാസികൾ എല്ലാവരും നിങ്ങളുടെ നിമിത്തം ഉരുകിപ്പോകുന്നു എന്നു ഞാൻ അറിയുന്നു. നിങ്ങൾ മിസ്രയീമിൽനിന്നു പുറപ്പെട്ടുവരുമ്പോൾ യഹോവ നിങ്ങൾക്കുവേണ്ടി ചെങ്കടലിലെ വെള്ളം വററിച്ചതും യോർദ്ദാന്നക്കരെവെച്ചു നിങ്ങൾ നിർമ്മൂലമാക്കിയ സീഹോൻ, ഓഗ് എന്ന രണ്ടു അമോര്യരാജാക്കൻമാരോടു ചെയ്തതും ഞങ്ങൾ കേട്ടു. കേട്ടപ്പോൾ തന്നേ ഞങ്ങളുടെ ഹൃദയം ഉരുകി; നിങ്ങളുടെ നിമിത്തം എല്ലാവർക്കും ധൈര്യം കെട്ടുപോയി; നിങ്ങളുടെ ദൈവമായ യഹോവ തന്നേ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു.” (യോശുവ 2:9-11) അതേ, യഹോവയുടെ കീർത്തി പരന്നിരുന്നു.
യഹോവയും അവിടുത്തെ ഗുണങ്ങളും
സങ്കീർത്തനക്കാരൻ ഈ ഹൃദയംഗമമായ ആഗ്രഹം പ്രകടിപ്പിച്ചു: “അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.” (സങ്കീർത്തനം 83:18) യഹോവയുടെ പരമാധികാരം സാർവത്രികമായതിനാൽ യേശുവിന്റെ പീഡിതരായ അനുയായികൾക്ക് ഇപ്രകാരം പ്രാർഥിക്കുന്നതിനു കഴിഞ്ഞു: “അതു കേട്ടിട്ടു അവർ ഒരുമനപ്പെട്ടു ദൈവത്തോടു നിലവിളിച്ചു പറഞ്ഞതു: ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനേ”. (പ്രവൃത്തികൾ 4:24) തന്നെയുമല്ല, യഹോവ “പ്രാർത്ഥന കേൾക്കുന്നവനാ”ണെന്ന് അറിയുന്നത് എത്ര ആശ്വാസപ്രദമാണ്!—സങ്കീർത്തനം 65:2.
യഹോവയുടെ പ്രധാന ഗുണം സ്നേഹമാണ്. വാസ്തവമായും, “ദൈവം സ്നേഹം തന്നേ”—ഈ ഗുണത്തിന്റെ മൂർത്തിമത്ഭാവം തന്നെ. (1 യോഹന്നാൻ 4:8) തന്നെയുമല്ല, “ജ്ഞാനവും ശക്തിയും അവന്റെ പക്കൽ” ഉണ്ട്. യഹോവ സർവജ്ഞാനിയും സർവശക്തനുമാണ് എന്നാൽ, അവിടുന്ന് ഒരിക്കലും തന്റെ ശക്തി ദുരുപയോഗപ്പെടുത്തുന്നില്ല. (ഇയ്യോബ് 12:13; 37:23) യഹോവ നമ്മോട് എല്ലായ്പോഴും നീതിയോടെ പെരുമാറുമെന്നു നമുക്കുറപ്പുണ്ടായിരിക്കാൻ കഴിയും, കാരണം “നീതിയും ന്യായവും അവന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു.” (സങ്കീർത്തനം 97:2) നമ്മൾ തെററുചെയ്യുന്നുവെങ്കിലും പശ്ചാത്താപമുള്ളവരാണെങ്കിൽ യഹോവ “കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ” ആണ് എന്ന അറിവിൽ നമുക്ക് ആശ്വാസം കണ്ടെത്താം. (പുറപ്പാടു 34:6) യഹോവയെ സേവിക്കുന്നതിൽ നമുക്കു സന്തുഷ്ടി കണ്ടെത്താൻ കഴിയുമെന്നതിൽ ആശ്ചര്യപ്പെടാനില്ല!—സങ്കീർത്തനം 100:1-5.
അതുല്യനായ സ്വർഗീയ രാജാവ്
യഹോവയുടെ പുത്രനായ യേശുക്രിസ്തു “ദൈവം ഒരു ആത്മാവ് ആകുന്നു” എന്നു പറഞ്ഞു. (യോഹന്നാൻ 4:24, NW) അതുകൊണ്ട്, യഹോവ മനുഷ്യ നേത്രങ്ങൾക്ക് അദൃശ്യനാണ്. വാസ്തവത്തിൽ യഹോവ മോശയോടു പറഞ്ഞു: “നിനക്കു എന്റെ മുഖം കാൺമാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല.” (പുറപ്പാടു 33:20) മനുഷ്യർക്ക് ഈ സ്വർഗീയ രാജാവിനെ കാണുന്ന അനുഭവം സഹിച്ചുനിൽക്കാൻ കഴിയാത്തവണ്ണം അവിടുന്ന് അത്ര തേജസ്വിയാണ്.
യഹോവ നമ്മുടെ കണ്ണുകൾക്ക് അദൃശ്യനാണെങ്കിലും സർവശക്തനെന്നനിലയിലുള്ള അവിടുത്തെ അസ്തിത്വത്തിന് ധാരാളം തെളിവുകളുണ്ട്. വാസ്തവമായും “അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു.” (റോമർ 1:20) ഭൂമി—അതിലെ പുല്ലും വൃക്ഷങ്ങളും ഫലങ്ങളും കായ്കറിസസ്യങ്ങളും പുഷ്പങ്ങളും സഹിതം—യഹോവയുടെ ദൈവത്വത്തിനു തെളിവു നൽകുന്നു. മിഥ്യാമൂർത്തികളായ വിഗ്രഹ ദൈവങ്ങളിൽനിന്നു വ്യത്യസ്തമായി യഹോവ മഴയും ഫലസമൃദ്ധമായ കാലങ്ങളും പ്രദാനം ചെയ്യുന്നു. (പ്രവൃത്തികൾ 14:16, 17) രാത്രിയിലെ നക്ഷത്രനിബിഡമായ ആകാശത്തിലേക്കു നോക്കൂ. യഹോവയുടെ ദൈവത്വത്തിന്റെയും സംഘടനാപരമായ പ്രാപ്തിയുടെയും എത്ര മഹത്തായ തെളിവ്!
യഹോവ സ്വർഗത്തിലെ തന്റെ ബുദ്ധിയുള്ള, വിശുദ്ധരായ ആത്മ സൃഷ്ടികളെ സംഘടിപ്പിച്ചിരിക്കുന്നു. അവർ ഒത്തൊരുമയുള്ള ഒരു സംഘടനയെന്നനിലയിൽ ദൈവഹിതം ചെയ്യുന്നു, സങ്കീർത്തനക്കാരൻ പറയുന്നപ്രകാരം: “അവന്റെ വചനത്തിന്റെ ശബ്ദം കേട്ടു അവന്റെ ആജ്ഞ അനുസരിക്കുന്ന വീരൻമാരായി അവന്റെ ദൂതൻമാരായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ. അവന്റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി അവന്റെ സകലസൈന്യങ്ങളുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ.” (സങ്കീർത്തനം 103:20, 21) യഹോവ ഭൂമിയിലെ തന്റെ ജനത്തെയും സംഘടിതരാക്കിയിട്ടുണ്ട്. ഇസ്രയേൽജനത സുസംഘടിതരായിരുന്നു, അപ്രകാരംതന്നെയായിരുന്നു ദൈവപുത്രന്റെ ആദ്യകാല അനുഗാമികളും. സമാനമായി, യഹോവയുടെ രാജ്യം അടുത്തിരിക്കുന്നു എന്ന സുവാർത്ത ഘോഷിക്കുന്ന തീക്ഷ്ണതയുള്ള സാക്ഷികളുടെ ലോകവ്യാപകമായ ഒരു സംഘടന യഹോവക്കുണ്ട്.—മത്തായി 24:14.
യഹോവയാകുന്നു ജീവനുള്ള സത്യ ദൈവം
യഹോവയുടെ ദൈവത്വം അനേക വിധങ്ങളിൽ പ്രകടമാക്കപ്പെട്ടിട്ടുണ്ട്! അവിടുന്ന് ഈജിപ്ററിലെ വ്യാജദൈവങ്ങളെ താഴ്ത്തിക്കെട്ടുകയും ഇസ്രയേല്യരെ സുരക്ഷിതമായി വാഗ്ദത്തദേശത്തേക്കു കൊണ്ടുവരുകയും ചെയ്തു. സൃഷ്ടി യഹോവയുടെ ദൈവത്വത്തിനു ധാരാളം തെളിവു നൽകുന്നു. അവിടുന്നും വ്യാജമതത്തിന്റെ വിലയില്ലാത്ത വിഗ്രഹദൈവങ്ങളും തമ്മിൽ ഒട്ടും സാമ്യം ഇല്ല.
ജീവനുള്ള ദൈവമായ യഹോവയും മനുഷ്യനിർമിതമായ നിർജീവ വിഗ്രഹങ്ങളും തമ്മിലുള്ള വലിയ വൈപരീത്യം പ്രവാചകനായ യിരെമ്യാവ് കാണിച്ചുതന്നു. ആ വൈപരീത്യം യിരെമ്യാവു 10-ാം അധ്യായത്തിൽ നല്ലവണ്ണം പ്രകടമാക്കിയിരിക്കുന്നു. മററു കാര്യങ്ങൾക്കൊപ്പം യിരെമ്യാവ് എഴുതി: “യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ.” (യിരെമ്യാവു 10:10) ജീവനുള്ള സത്യദൈവമായ യഹോവ സകലതും സൃഷ്ടിച്ചു. ഈജിപ്ററുകാരുടെ അടിമത്തത്തിൽ വാടിത്തളർന്ന ഇസ്രയേല്യരെ അവിടുന്നു വിടുവിച്ചു. യഹോവക്ക് ഒന്നും അസാധ്യമല്ല.
“സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്ന പ്രാർഥനക്ക് “നിത്യരാജാവായ” യഹോവ ഉത്തരമരുളും. (1 തിമൊഥെയൊസ് 1:17; മത്തായി 6:9, 10) യേശുക്രിസ്തുവിന്റെ കൈകളിലായിക്കഴിഞ്ഞ സ്വർഗീയ മിശിഹൈക രാജ്യം പെട്ടെന്നു ദുഷ്ടൻമാർക്കെതിരെ നടപടി സ്വീകരിക്കുകയും യഹോവയുടെ ശത്രുക്കളെയെല്ലാം നശിപ്പിക്കുകയും ചെയ്യും. (ദാനീയേൽ 7:13, 14) കൂടാതെ ആ രാജ്യം അനുസരണയുള്ള മനുഷ്യവർഗത്തിനുവേണ്ടി അനന്തമായ അനുഗ്രഹങ്ങളുടെ പുതിയ ലോകം ആനയിക്കും.—2 പത്രൊസ് 3:13.
യഹോവയെയും അവിടുത്തെ ഉദ്ദേശ്യങ്ങളെയും കുറിച്ച് ഇനിയും ധാരാളം പഠിക്കുവാനുണ്ട്. അത്തരം അറിവു സമ്പാദിക്കുകയും അതിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യുക എന്നത് എന്തുകൊണ്ടു നിങ്ങളുടെ തീരുമാനമാക്കിക്കൂടാ? നിങ്ങൾ അപ്രകാരം ചെയ്യുകയാണെങ്കിൽ രാജ്യഭരണത്തിൻ കീഴിൽ ഒരു ഭൗമിക പറുദീസയിൽ നിത്യമായി ജീവിതം ആസ്വദിക്കുന്നതിനുള്ള പദവി നിങ്ങൾക്കു ലഭിക്കും. ദുഃഖവും വേദനയും മാത്രമല്ല മരണംപോലും നീങ്ങിപ്പോയിരിക്കുന്ന, യഹോവയുടെ പരിജ്ഞാനത്താൽ ഭൂമി നിറയുന്ന കാലത്തു നിങ്ങൾ ജീവിക്കും. (യെശയ്യാവു 11:9; വെളിപ്പാടു 21:1-4) “യഹോവ ആരാകുന്നു?” എന്ന ചോദ്യത്തിനു ബൈബിളധിഷ്ഠിത ഉത്തരങ്ങൾ തേടുകയും കണ്ടെത്തുകയും അതിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്താൽ അതിനു നിങ്ങളുടെ ഭാഗധേയമായിരിക്കാൻ കഴിയും.
[7-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Pictorial Archive (Near Eastern History) Est.