യഹോവ രോഗികളെയും പ്രായമായവരെയും ഓർക്കുന്നു
ഒരു “അനർത്ഥകാല”ത്തെ അഭിമുഖീകരിക്കേണ്ടിവരുന്നതു വളരെ പ്രയാസമേറിയതാകാം. (സങ്കീർത്തനം 37:18, 19, പി.ഒ.സി ബൈബിൾ) അത്തരമൊരു സമയം പ്രായാധിക്യത്തിന്റെയും അതിനോടനുബന്ധിച്ചുള്ള ബലഹീനതകളുടെയും രൂപത്തിൽ വന്നേക്കാം. ചിലയാളുകൾ കലശലായി ദീർഘിച്ച രോഗം ബാധിക്കപ്പെടുമ്പോൾ ഒരു അനർഥകാലത്തിൽ പ്രവേശിക്കുന്നു. തങ്ങളുടെ ചിന്തകളെയും പ്രവർത്തനങ്ങളെയുമെല്ലാം ഭരിച്ചുകൊണ്ടു രോഗം തങ്ങളുടെ ജീവിതത്തിന്റെ നിയന്ത്രണം ഏറെറടുക്കുന്നതുപോലെ അവർക്കു തോന്നിയേക്കാം.
എന്നിരുന്നാലും, യഹോവ തന്റെ എല്ലാ ദാസൻമാരുടെയും മേൽ ദൃഷ്ടി വെക്കുന്നുവെന്ന് ഓർക്കുന്നത് ആശ്വാസദായകമാണ്. വാർധക്യമോ രോഗമോ മററു പരിശോധനാപരമായ സാഹചര്യങ്ങളോ ഉണ്ടായിരുന്നിട്ടും അവിടുത്തെ സമർപ്പിത ദാസൻമാർ വിശ്വസ്തതയും ജ്ഞാനവും പ്രകടമാക്കുന്നതിൽ തുടരുമ്പോൾ അത് അവിടുത്തെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു. (2 ദിനവൃത്താന്തം 16:9എ; സദൃശവാക്യങ്ങൾ 27:11) ദാവീദ് രാജാവു നമുക്ക് ഇപ്രകാരം ഉറപ്പു നൽകുന്നു: “യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും . . . സമീപസ്ഥനാകുന്നു, . . . അവരുടെ നിലവിളി കേൾക്കും.” അതേ, അവരുടെ പോരാട്ടത്തെക്കുറിച്ച് അവിടുന്നു ബോധവാനാണ്; അവിടുന്നു തന്റെ ആത്മാവിനാൽ അവരെ ബലിഷ്ഠരാക്കുന്നു. അവിടുന്ന് “അവരെ രക്ഷിക്കും.” അവിടുന്ന് അവരെ ഓർക്കുകയും സഹിച്ചുനിൽക്കാൻ അവരെ സഹായിക്കുകയും ചെയ്യുന്നു. (സങ്കീർത്തനം 145:18, 19) എന്നാൽ നമ്മെ സംബന്ധിച്ചെന്ത്? യഹോവയെപ്പോലെ നാം രോഗികളെയും പ്രായമായവരെയും ഓർക്കാറുണ്ടോ?
രോഗമോ വാർധക്യമോ ഹേതുവായുള്ള ബലഹീനതകൾ ഇപ്പോഴത്തെ വ്യവസ്ഥിതിയിൽ ജീവിതയാഥാർഥ്യങ്ങളാണ്. മനുഷ്യവർഗത്തെയും ഭൂമിയെയും സംബന്ധിച്ച തന്റെ ഉദ്ദേശത്തെ യഹോവ പൂർത്തീകരിക്കുന്നതുവരെ നാം ഈ വസ്തുതകളുമായി പോരാട്ടം നടത്തേണ്ടിയിരിക്കുന്നു. ഇന്നു കൂടുതൽക്കൂടുതൽ ആളുകൾ വളരെ പ്രായമാകുന്നതുവരെ ജീവിക്കുന്നു, അതുകൊണ്ട് അനവധി ആളുകൾ അത്തരം ബലഹീനതകളുമായി പരിചിതരാണ്. കൂടാതെ ചെറുപ്പമായിരിക്കുമ്പോൾത്തന്നെ അനേകർ, ജീവനു ഭീഷണിയായിരിക്കുന്നതോ വൈകല്യം വരുത്തുന്നതോ ആയ അപകടങ്ങൾക്കോ രോഗങ്ങൾക്കോ ഇരയാകുന്നു. ഈ പഴയ ലോകം നീങ്ങിപ്പോകുന്നതുവരെ രോഗവും വാർധക്യവും വലിയ വെല്ലുവിളികളായി തുടരും.
“കഷ്ടാനുഭവത്തിന്നും ദീർഘക്ഷമെക്കും” മാതൃകകളായി തുടരുന്ന രോഗികളും വൃദ്ധരുമായവരെ നാം എന്തുമാത്രം വിലമതിക്കുന്നു! അതേ, “സഹിഷ്ണുത കാണിച്ചവരെ നാം ഭാഗ്യവാൻമാർ എന്നു പുകഴ്ത്തുന്നു.” (യാക്കോബ് 5:10, 11) അടുത്ത കാലത്തു ശക്തി ക്ഷയിച്ചുപോയിരിക്കുന്ന പ്രായമേറിയ അനേകർ സഭയിൽ ഇപ്പോൾ നേതൃത്വമെടുക്കുന്നവരെ പഠിപ്പിക്കുന്നതിലും പരിശീലിപ്പിക്കുന്നതിലും കരുപ്പിടിപ്പിക്കുന്നതിലും ദശകങ്ങളോളം പങ്കുപററിയിട്ടുണ്ട്. പ്രായമേറിയ അനവധിപ്പേർ തങ്ങളുടെ കുട്ടികൾ മുഴുസമയ ശുശ്രൂഷയിൽ പങ്കെടുത്തിട്ടുള്ളതു കാണുന്നതിൽ സന്തോഷിക്കുകയും ചെയ്യുന്നു.—സങ്കീർത്തനം 71:17, 18; 3 യോഹന്നാൻ 4.
ഇതേ രീതിയിൽ കലശലായി രോഗം ബാധിച്ചവരെങ്കിലും തങ്ങളുടെ ദുരിതങ്ങൾ കണക്കിലെടുക്കാതെ, തങ്ങളുടെ വിശ്വസ്തതയിലൂടെ നമ്മെ പ്രോത്സാഹിപ്പിക്കാൻ കഴിയുന്ന നമ്മുടെ ഇടയിലുള്ളവരെ നാം വിലമതിക്കുന്നു. ഇവർ പതറാതെ തങ്ങളുടെ പ്രത്യാശയുടെ തെളിവു നൽകുമ്പോൾ ഫലം വിശ്വാസത്തെ ഏററവും പ്രചോദിപ്പിക്കുന്നതും ബലിഷ്ഠമാക്കുന്നതും ആണ്. അവരുടെ മനസ്സമാധാനവും തൃപ്തിയും വാസ്തവത്തിൽ അനുകരണയോഗ്യമായ വിശ്വാസത്തെ വെളിപ്പെടുത്തുന്നു.
അർബുദത്താലോ, ആഘാതത്താലോ ജീവിതത്തെയാകെ മാററിമറിക്കുന്ന മറേറതെങ്കിലും അവസ്ഥയാലോ ആരെങ്കിലും പെട്ടെന്ന് ആക്രമിക്കപ്പെടുന്നത് ഞെട്ടലുളവാക്കുന്നു. തങ്ങളുടെ കുട്ടികൾ രോഗികളാകുന്നതോ ഒരു അപകടഫലമായി കഷ്ടപ്പെടുന്നതോ കാണുന്നതു മാതാപിതാക്കൾക്കും ഒരു കഠിന പരിശോധനയാണ്. മററുള്ളവർക്ക് എന്തു സഹായം ചെയ്യാൻ കഴിയും? ദുരന്തത്തിന്റേതായ അത്തരം ഏതു സമയവും മുഴു ക്രിസ്തീയ സഹോദരവർഗത്തിനും ഒരു പരിശോധനയാണ്. ‘ഒരു യഥാർഥ ചങ്ങാതി കഷ്ടകാലത്തേക്കു ജനിക്കുന്ന ഒരു സഹോദരൻ’ ആണെന്നു പ്രകടമാക്കാനുള്ള ഒരു അവസരമാണത്. (സദൃശവാക്യങ്ങൾ 17:17, NW) സ്വാഭാവികമായി, എല്ലാ രോഗികൾക്കും പ്രായമേറിയവർക്കും സഭയിലെ ഓരോ അംഗത്തിൽനിന്നും വ്യക്തിപരമായ സഹായം പ്രതീക്ഷിക്കാൻ കഴിയില്ല. എന്നാൽ യഹോവയുടെ ആത്മാവിനാൽ അനേകം വിധങ്ങളിൽ സഹായിക്കാൻ പലരും പ്രേരിതരാകുന്നുവെന്ന് അവിടുന്ന് ഉറപ്പാക്കും. ആരും ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ മൂപ്പൻമാർക്കു സംഗതികളുടെമേൽ ദൃഷ്ടി പതിപ്പിക്കാൻ സാധിക്കും.—പുറപ്പാടു 18:17, 18 കാണുക.
മനസ്സിലാക്കാൻ പരിശ്രമിക്കുക
ആരെയെങ്കിലും സഹായിക്കാൻ ശ്രമിക്കുമ്പോൾ നല്ല ആശയവിനിയമം ഉണ്ടായിരിക്കേണ്ടതു പ്രധാനമാണ്, അതിനു സമയവും ക്ഷമയും സമാനുഭാവവും ആവശ്യമാണ്. സഹായിയെന്ന നിലയിൽ നിങ്ങൾ സ്വാഭാവികമായും ‘വായ്കൊണ്ടു . . . ധൈര്യപ്പെടുത്താ’ൻ ആഗ്രഹിക്കുന്നു; എന്നാൽ നിങ്ങൾ സംസാരിക്കുന്നതിനോ പറയുന്നതിനോ മുമ്പു ശ്രദ്ധാപൂർവം കേൾക്കുക, അതല്ലെങ്കിൽ നിങ്ങൾ ‘വ്യസനിപ്പിക്കുന്ന ആശ്വാസകൻമാർ’ ആയിത്തീരുന്നതിൽ കലാശിക്കും.—ഇയ്യോബ് 16:2, 5.
ചില സമയങ്ങളിൽ രോഗികളും വയോജനങ്ങളും തങ്ങളുടെ ആശാഭംഗം മറച്ചുപിടിക്കുക പ്രയാസമാണെന്നു കണ്ടെത്തും. അനേകരും മഹോപദ്രവത്തെ അതിജീവിക്കാൻ ജീവിച്ചിരിക്കുന്നതിന്റെ പ്രത്യാശ വെച്ചുപുലർത്തിയിട്ടുണ്ട്, എന്നാൽ തങ്ങൾ കാലവുമായുള്ള ഒരു ഓട്ടപ്പന്തയത്തിൽ, വിജയിക്കുമെന്ന് തങ്ങൾക്കുറപ്പില്ലാത്ത ഒരു ഓട്ടപ്പന്തയത്തിൽ, ഏർപ്പെട്ടിരിക്കയാണെന്ന് ഇപ്പോൾ അവർക്കു തോന്നുന്നു. കൂടാതെ അവരുടെ അവസ്ഥ മിക്കപ്പോഴും അവരെ ക്ഷീണിപ്പിക്കുകയും ഉത്കണ്ഠാകുലരാക്കുകയും ചെയ്യുന്നു. വിശ്വാസത്തെ സജീവമായും ശക്തമായും കാക്കുന്നത് ഒരു പോരാട്ടമാണ്, വിശേഷിച്ചും ക്രിസ്തീയ ശുശ്രൂഷയിൽ ഒരു പൂർണ പങ്കുണ്ടായിരിക്കാനുള്ള ഹൃദയത്തിന്റെ ആഗ്രഹത്തെ മേലാൽ നിവർത്തിക്കാൻ ഒരാൾക്കു കഴിയാതാകുമ്പോൾ. ഒരു ക്രിസ്തീയ മൂപ്പൻ ഒരു വൃദ്ധ സഹോദരിയെ സന്ദർശിച്ചു; അവരോടൊത്തു പ്രാർഥിക്കുമ്പോൾ യഹോവയോടു ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമെന്ന് അദ്ദേഹം അപേഷിച്ചു. പ്രാർഥനയ്ക്കുശേഷം സഹോദരി കരയുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. വീടുതോറുമുള്ള പ്രസംഗവേലയിൽ മേലാൽ പങ്കെടുക്കാൻ കഴിയാത്തതിനു യഹോവയുടെ പ്രത്യേക ക്ഷമ തനിക്കാവശ്യമാണെന്ന് അവർക്കു തോന്നിയെന്ന് അവർ വിശദീകരിച്ചു. അതേ, അപ്രാപ്തനോ അപര്യാപ്തനോ ആണെന്നുള്ള തോന്നലിന്, പലപ്പോഴും അനാവശ്യമെങ്കിലും, ഒരു വ്യക്തിയെ ഹൃദയദുഃഖത്തിലാഴ്ത്താൻ കഴിയും.
മാനസിക സമനിലയെ ബാധിക്കാൻ ഉത്കണ്ഠയ്ക്കും ക്ഷീണത്തിനും കഴിയുമെന്നറിയുക. വാർധക്യത്തിന്റെ ബലഹീനതയോ തളർത്തുന്ന രോഗത്താലുള്ള ബുദ്ധിമുട്ടോ നിമിത്തം ഒരു വ്യക്തിക്കു താൻ യഹോവയാൽ പരിത്യജിക്കപ്പെട്ടുവെന്നു തോന്നുകയും ഒരുപക്ഷേ ഇങ്ങനെ പറയുകയും ചെയ്തേക്കാം: “ഞാൻ എന്തു ചെയ്തു? ഞാൻ എന്തിനു കഷ്ടപ്പെടണം?” സദൃശവാക്യങ്ങൾ 12:25-ലെ വാക്കുകൾ ഓർമിക്കുക: “ഉത്കണ്ഠ ഒരുവന്റെ ഹൃദയത്തെ നിരുന്മേഷമാക്കുന്നു; നല്ലവാക്ക് അവനെ ഉത്തേജിപ്പിക്കുന്നു.” (സുഭാഷിതങ്ങൾ 12:25, പി.ഒ.സി ബൈബിൾ) ആശ്വസിപ്പിക്കുന്ന നല്ല വാക്കുകൾ കണ്ടെത്താൻ ശ്രമിക്കുക. ഇയ്യോബിനെപ്പോലെ വേദനയനുഭവിക്കുന്ന പ്രായമേറിയവർ മരിക്കാനുള്ള ആഗ്രഹംപോലും പ്രകടമാക്കിയേക്കാം. ഇതു നമ്മെ അന്ധാളിപ്പിക്കേണ്ടതില്ല; മനസ്സിലാക്കാൻ ശ്രമിക്കുക. അത്തരം പരാതികൾ അവശ്യം വിശ്വാസത്തിന്റെയോ ആശ്രയത്തിന്റെയോ അഭാവമുണ്ടെന്നതിന്റെ തെളിവല്ല. തന്നെ ‘പാതാളത്തിൽ മറെച്ചുവെക്കാൻ’ ഇയ്യോബ് പ്രാർഥിച്ചു. എന്നിട്ടും അദ്ദേഹത്തിന്റെ ആ പ്രസ്താവന കഴിഞ്ഞയുടനെയുള്ള വാക്കുകൾ യഹോവ തന്നെ പിന്നീട് ഉയിർപ്പിക്കുമെന്ന അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസത്തെ വെളിപ്പെടുത്തുന്നു. ശക്തമായ വിശ്വാസം മനോവ്യഥയുടെയും മ്ലാനതയുടെയും ഘട്ടങ്ങളിലൂടെ കടന്നുപോകാനും അപ്പോഴും യഹോവയോടു പററിനിൽക്കാനും സാധ്യമാക്കുന്നു.—ഇയ്യോബു 14:13-15.
രോഗികളോടും പ്രായമായവരോടും ആദരവു പ്രകടമാക്കൽ
രോഗികളെയും പ്രായമായവരെയും ആദരവോടും അന്തസ്സോടുംകൂടെ കരുതുന്നതു പരമപ്രധാനമാണ്. (റോമർ 12:10) അവർ മുമ്പത്തെപ്പോലെ അത്ര പെട്ടെന്നു പ്രതികരിക്കുന്നില്ലെങ്കിൽ, അല്ലെങ്കിൽ അവർക്ക് അത്ര ചെയ്യാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾക്കു ക്ഷമ നശിക്കരുത്. പെട്ടെന്നു കടന്നുവന്ന് അവർക്കായി തീരുമാനങ്ങൾ എടുക്കരുത്. നാം എത്ര ഉദ്ദേശശുദ്ധിയുള്ളവരായിരുന്നാലും ശരി, മേധാവിത്വം പുലർത്തുന്നതോ അധികാരം പ്രയോഗിക്കുന്നതോ ആയ വിധത്തിൽ നാം പെരുമാറുന്നെങ്കിൽ അതു മറേറ വ്യക്തിയുടെ ആത്മാഭിമാനത്തെ സ്ഥിരമായി കവർന്നുകളയുന്നു. ആയിരത്തിത്തൊള്ളായിരത്തെൺപത്തെട്ടിൽ പ്രസിദ്ധപ്പെടുത്തിയ ഡോക്ടറേററിനായുള്ള ഒരു പ്രബന്ധത്തിൽ ഗവേഷകനായ ജെററ് ഇൻഗർസേവ്ള്, 85 വയസ്സുകാരുടെ ഒരു കൂട്ടം തങ്ങളുടെ ജീവിതത്തിന്റെ ഗുണനിലവാരത്തിനു പരമപ്രധാനമായി പരിഗണിച്ചതെന്തെന്ന് ഇപ്രകാരം വിശദീകരിച്ചു: “അവർ മൂന്നു മേഖലകൾക്കു മുന്തിയ മുൻഗണന കൊടുത്തു: ബന്ധുക്കളോടൊപ്പമായിരിക്കൽ; നല്ല ആരോഗ്യം; അവസാനത്തേതെങ്കിലും അപ്രധാനമല്ലാത്തതായി, തങ്ങളുടേതായ സ്വന്തം തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ളവരായിരിക്കൽ.” ഗോത്രപിതാവായ യാക്കോബ് വൃദ്ധനായപ്പോൾ പുത്രൻമാർ അദ്ദേഹത്തിന്റെമേൽ യജമാനത്വം പുലർത്തിയില്ലെന്നു ശ്രദ്ധിക്കുക; മറിച്ച്, അദ്ദേഹത്തിന്റെ ആഗ്രഹങ്ങളെ അവർ ആദരിച്ചു.—ഉല്പത്തി 47:29, 30; 48:17-20.
രോഗികളായവരോട് ഇടപെടുന്നതും മാന്യമായിട്ടായിരിക്കണം. ഒരു ഓപ്പറേഷനിടയിൽ പററിയ തകരാറിനാൽ ഒരു മൂപ്പനു സംസാരിക്കാനും വായിക്കാനും എഴുതാനും ഉള്ള കഴിവു നഷ്ടപ്പെട്ടു. ഇതൊരു കടുത്ത ആഘാതമായിരുന്നു, എന്നാൽ താൻ പ്രയോജനമില്ലാത്തവനാണെന്നു ചിന്തിക്കുന്നതിൽനിന്ന് അദ്ദേഹത്തെ തടയാൻ തങ്ങളാലാവുന്നതു ചെയ്യാൻ അദ്ദേഹത്തിന്റെ സഹമൂപ്പൻമാർ തീരുമാനിച്ചു. സഭാപരമായ സകല കത്തിടപാടുകളും അവർ അദ്ദേഹത്തെ വായിച്ചു കേൾപ്പിക്കുകയും മററുസഭാപരമായ കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ അദ്ദേഹത്തെ ഉൾപ്പെടുത്തുകയും ചെയ്യുന്നു. മൂപ്പൻമാരുടെ യോഗങ്ങളിൽ അദ്ദേഹത്തിന്റെ അഭിപ്രായമെന്തെന്നു കണ്ടെത്താൻ അവർ പരിശ്രമിക്കുന്നു. അവർ ഇപ്പോഴും അദ്ദേഹത്തെ ഒരു സഹമൂപ്പനായി കരുതുന്നെന്നും അദ്ദേഹത്തിന്റെ സാന്നിധ്യത്തെ വിലമതിക്കുന്നെന്നും അദ്ദേഹമറിയാൻ ഇടയാക്കുന്നു. ക്രിസ്തീയ സഭയിൽ രോഗിയോ വൃദ്ധരോ ആയവർക്കു തങ്ങൾ “തള്ളിക്കളയ”പ്പെട്ടവരോ ഉപേക്ഷിക്കപ്പെട്ടവരോ ആണെന്നു തോന്നാതിരിക്കാൻ നമുക്കെല്ലാവർക്കും ഒരു ശ്രമം നടത്താൻ കഴിയും.—സങ്കീർത്തനം 71:9.
ആത്മീയ ശക്തി ആർജിക്കാനുള്ള സഹായം
നമ്മുടെ വിശ്വാസത്തെ സജീവവും ശക്തവും ആയി കാത്തുസൂക്ഷിക്കാൻ നമുക്കെല്ലാവർക്കും ആത്മീയ ഭക്ഷണം ആവശ്യമാണ്. അതുകൊണ്ടാണു ദിവസേന ബൈബിളും ബൈബിൾ സാഹിത്യങ്ങളും വായിക്കാനും ക്രിസ്തീയ യോഗങ്ങളിലും പ്രസംഗവേലയിലും പങ്കുകൊള്ളാനും നാം പ്രോത്സാഹിപ്പിക്കപ്പെടുന്നത്. പലപ്പോഴും ഇതു സാധിക്കാൻ രോഗികൾക്കും പ്രായമായവർക്കും സഹായം ആവശ്യമാണ്. അവരുടെ പ്രത്യേക കാര്യത്തിൽ പ്രായോഗികമായിരിക്കുന്നതു ചെയ്യുന്നതു മൂല്യവത്താണ്. സന്തോഷകരമെന്നുപറയട്ടെ, ഗതാഗതസൗകര്യവും രാജ്യഹാളിൽ അൽപ്പം സഹായവും ലഭിക്കുന്നെങ്കിൽ ഇപ്പോഴും അനേകർക്കു യോഗങ്ങളിൽ ഹാജരാകാൻ കഴിയും. അത്തരം യോഗങ്ങളിലെ അവരുടെ ഹാജരാകൽ സഭയ്ക്കു വലിയ പ്രോത്സാഹനമാണ്. അവരുടെ സഹിഷ്ണുത ഉത്തേജിപ്പിക്കുന്നതും വിശ്വാസത്തെ ബലിഷ്ഠമാക്കുന്നതുമാണ്.
പലപ്പോഴും രോഗികൾക്കും പ്രായമായവർക്കും ക്രിസ്തീയ ശുശ്രൂഷയിൽ അർഥവത്തായ ഒരു പങ്ക് ഉണ്ടായിരിക്കാൻ കഴിയും. സാക്ഷീകരണത്തിനു കാറിൽ പോകുന്ന ഒരു കൂട്ടത്തിൽ ചിലരെ ഉൾപ്പെടുത്താവുന്നതാണ്; ഏതാനും ചിലരെ സന്ദർശിക്കാൻ കഴിയുന്നതിനാൽ നിസ്സംശയമായും അവർ നവോൻമേഷമനുഭവിക്കും. ഇതു മേലാൽ സാധ്യമല്ലാതെ വരുമ്പോൾ അവർ സമ്പർക്കത്തിൽ വരുന്ന വ്യക്തികളുമായി അനൗപചാരികമായി സാക്ഷീകരിക്കുന്നതിൽ സന്തോഷം കണ്ടെത്താൻ കഴിയും. അർബുദം ബാധിച്ച ഒരു സഹോദരി തന്റെ ശിഷ്ടായുസ്സ് സുവാർത്ത പുരോഗമിപ്പിക്കാനുള്ള ഒരു പ്രത്യേക ശ്രമത്തിൽ ചെലവിടാൻ തീരുമാനിച്ചു. ധൈര്യസമേതമുള്ള അവരുടെ പ്രസംഗം സകലർക്കും ഒരു പ്രോത്സാഹനമായിരുന്നു. അവിശ്വാസികളായ ബന്ധുക്കൾക്കും സഹജോലിക്കാർക്കും അയൽക്കാർക്കും ഒരു നല്ല സാക്ഷ്യം ലഭിക്കത്തക്കവണ്ണം അവർ സ്വന്തം ശവസംസ്കാരത്തിനുവേണ്ടി പോലും ആസൂത്രണം ചെയ്തു. അപ്രകാരം അവരുടെ ക്ലേശപൂർണമായ സാഹചര്യങ്ങൾ “സുവിശേഷത്തിന്റെ അഭിവൃദ്ധിക്കു കാരണമായിത്തീ”ർന്നു, വിശ്വാസം പ്രകടിപ്പിക്കാനുള്ള അവരുടെ ദൃഢനിശ്ചയവും ആത്മവിശ്വാസവും അവരുടെ അന്ത്യദിനങ്ങൾക്കു സവിശേഷമായ അർഥം നൽകുകയും ചെയ്തു.—ഫിലിപ്പിയർ 1:12-14.
ആത്മീയമായി ബലിഷ്ഠരാകാൻ രോഗികളെയും പ്രായമായവരെയും സഹായിക്കുന്നതു നല്ലതാണ്. ഒരു കുടുംബസായാഹ്നത്തിനു കുടുംബങ്ങൾക്ക് അവരെ ക്ഷണിക്കാവുന്നതാണ് അല്ലെങ്കിൽ അവരുടെ കുടുംബാധ്യയനത്തിന്റെ ഒരു ഭാഗം പുറത്തുപോകാൻ കഴിയാത്ത ഒരാളുടെ ഭവനത്തിലേക്കു വല്ലപ്പോഴുമൊക്കെ മാററാവുന്നതാണ്. എന്റെ ബൈബിൾ കഥാപുസ്തകം ഒരുമിച്ചു വായിക്കാൻ കഴിയേണ്ടതിന് ഒരു മാതാവു തന്റെ രണ്ട് ഇളയ കുട്ടികളെ പ്രായമേറിയ ഒരു സഹോദരിയുടെ ഭവനത്തിൽ കൊണ്ടുപോകുമായിരുന്നു. ഇത് ആ പ്രായമേറിയ സഹോദരിയെ സന്തുഷ്ടയാക്കി, കുട്ടികൾ അവരിൽനിന്നു ലഭിച്ച ശ്രദ്ധ ആസ്വദിക്കുകയും ചെയ്തു.
എന്നിരുന്നാലും, രോഗിയായ ഒരു വ്യക്തിയെ വളരെയധികം ബുദ്ധിമുട്ടിക്കരുതാത്ത സമയങ്ങളുമുണ്ട്, അപ്പോൾ വല്ലപ്പോഴുമൊക്കെ അവരെ ചില ഭാഗങ്ങൾ ഉച്ചത്തിൽ വായിച്ചുകേൾപ്പിക്കുന്നത് ഏററവും ഉചിതമായിരുന്നേക്കാം. ഒരു സംഭാഷണത്തിൽ പങ്കുകൊള്ളാൻ കഴിയാത്തവണ്ണം ആരെങ്കിലും ശാരീരികമായി അത്ര ദുർബലനായാലും അപ്പോഴും ഈ വ്യക്തിക്കു കുറെ ആത്മീയ സഹവാസം ആവശ്യമാണെന്നും അയാൾ അത് ആഗ്രഹിക്കുന്നെന്നും ഓർക്കുക. അത്തരക്കാരോടൊത്തു പ്രാർഥിക്കാനും അവരെ വായിച്ചുകേൾപ്പിക്കാനും അല്ലെങ്കിൽ അവരോട് അനുഭവങ്ങൾ പറയാനും നമുക്കു കഴിയും; എന്നാൽ അവർക്കു താങ്ങാവുന്നതിൽ കൂടുതൽ സമയം നാം അവിടെ തങ്ങാതിരിക്കാൻ ശ്രദ്ധയുള്ളവരായിരിക്കണം.
രോഗികളും പ്രായമേറിയവരുമായ മിക്കവർക്കും ഇപ്പോഴും അനുഷ്ഠിക്കാൻ കഴിയുന്ന ഒരു വിശുദ്ധ സേവനമുണ്ട്: മററുള്ളവർക്കുവേണ്ടിയുള്ള പ്രാർഥന. ആദിമ ശിഷ്യൻമാർ ഈ ശുശ്രൂഷയ്ക്കു വലിയ പ്രാധാന്യം കൽപ്പിച്ചു. ഒരവസരത്തിൽ അവർ അപ്പോസ്തലൻമാർക്കു പ്രാർഥനയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകുംവിധം സഭയിലെ ജോലിഭാരം വീതിച്ചു. ‘പ്രാർഥനയിൽ മററുള്ളവർക്കുവേണ്ടി എപ്പോഴും പോരാടുന്ന’വനായി വിശ്വസ്തനായ എപ്പഫ്രാസിനെക്കുറിച്ചു പരാമർശിക്കുന്നു. (കൊലൊസ്സ്യർ 4:12; പ്രവൃത്തികൾ 6:4) അത്തരം പ്രാർഥന പരമപ്രധാനവും പ്രയോജനപ്രദവുമാണ്.—ലൂക്കൊസ് 2:36-38; യാക്കോബ് 5:16.
യഹോവ രോഗികളെയും പ്രായമായവരെയും ഓർക്കുകയും അവരുടെ ദുരന്തസമയങ്ങളിൽ അവരെ സംരക്ഷിക്കയും ചെയ്യുന്നു. അവരെ സഹായിക്കാനും പിന്തുണക്കാനും നമുക്കു ചെയ്യാൻ കഴിയുന്നതു നാമും പരിഗണിക്കാൻ അവിടുന്ന് ഉചിതമായി പ്രതീക്ഷിക്കുന്നു. നാം പ്രകടമാക്കുന്ന താത്പര്യം നമ്മുടെ സ്വന്തം നിർമലത പാലിക്കാനുള്ള നമ്മുടെ നിശ്ചയദാർഢ്യത്തെ പ്രതിഫലിപ്പിക്കുന്നു. ദാവീദ് രാജാവിന്റെ ഈ വാക്കുകളെക്കുറിച്ചു ചിന്തിക്കാൻ നാം സന്തുഷ്ടരാണ്: “യഹോവ നിഷ്കളങ്കൻമാരുടെ നാളുകളെ അറിയുന്നു; അവരുടെ അവകാശം ശാശ്വതമായിരിക്കും.”—സങ്കീർത്തനം 37:18.
[28-ാം പേജിലെ ചതുരം]
പ്രായോഗിക സഹായം നൽകൽ—സഹാനുഭൂതിയോടെ
രോഗികളെയും പ്രായമായവരെയും എപ്രകാരം പരിപാലിക്കാം എന്നതു സംബന്ധിച്ചുള്ള ഒരു പ്രാഥമികമെങ്കിലും കൃത്യമായ അറിവു സുഹൃത്തുക്കളും ബന്ധുക്കളും നേടണം. എല്ലാററിനുമുപരി, ജീവിതത്തോട് ഒരു ക്രിയാത്മക മനോഭാവം പുലർത്താനും തങ്ങൾ വേണ്ടപ്പെട്ടവരെന്നും വിലമതിക്കപ്പെടുന്നവരെന്നും വിചാരിക്കാനും ആത്മമൂല്യം തോന്നാനും അവരെ പ്രോത്സാഹിപ്പിക്കാൻ കഴിയും. അപ്രകാരം വ്യഥകളും വേദനകളും ഉണ്ടായിരുന്നാലും അവരുടെ ജീവിത്തിന്റെ ഗുണനിലവാരം യഹോവയാൽ സന്തോഷം കാത്തുസൂക്ഷിക്കുന്ന ഒരു തലത്തിൽ നിലനിൽക്കും. യഹോവയുടെ സാക്ഷികളിൽ അനേകരും നല്ല വാർധക്യത്തിൽ എത്തുന്നതായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അതിനു സഹായിക്കുന്ന ഒരു ശക്തമായ ഘടകം നിസ്സംശമായും ഭാവിപ്രത്യാശയിലുള്ള അവരുടെ സജീവ താത്പര്യവും അവരുടെ ശോഭനമായ മാനസിക ഭാവവും രാജ്യവേലയിലെ അവരുടെ പരമാവധി പങ്കുപററലുമാണ്. സന്തോഷകരമായ ഒരു ഫലോത്പാദക ജീവിതത്തിനുശേഷം തന്റെ നൂറാമത്തെ വയസ്സിൽ സ്വസ്ഥതയോടെ മരിച്ച വാച്ച് ടവർ സൊസൈററിയുടെ മുൻ പ്രസിഡൻറ് ഫ്രഡറിക് ഡബ്ലിയു. ഫ്രാൻസ് ഇതിനൊരു ഉത്തമ ഉദാഹരണമാണ്.—1 ദിനവൃത്താന്തം 29:28 താരതമ്യം ചെയ്യുക.
പൊതുവെ, ദൈനംദിന കാര്യങ്ങളുടെ അടിസ്ഥാന സംഗതികളിലെ ശ്രദ്ധക്കു വളരെയധികം മൂല്യമുണ്ടായിരിക്കാൻ കഴിയും: നല്ല ആരോഗ്യസംരക്ഷണം, ശരിയായ പോഷകാഹാരം, വേണ്ടുവോളം ദ്രാവകവും ഉപ്പും, ന്യായമായ വ്യായാമം, ശുദ്ധവായു, മിതമായ ഉഴിയൽ, പ്രചോദനാത്മകമായ സംഭാഷണം. ശരിയായ പോഷകാഹാരം മെച്ചമായ കേൾവിക്കും കാഴ്ചശക്തിക്കും മാനസിക പ്രവർത്തനത്തിനും ശാരീരിക ക്ഷേമത്തിനും, കൂടാതെ രോഗത്തോടുള്ള കൂടിയ ചെറുത്തുനിൽപ്പിനും സംഭാവന ചെയ്യുന്നു. വൃദ്ധജനങ്ങളുടെ കാര്യത്തിൽ ഉചിതമായ പോഷകാഹാരം, ധാരാളം ദ്രാവകം എന്നിങ്ങനെയുള്ള ലളിതമായ സംഗതികൾക്ക് ഒരു നല്ല അവസ്ഥയെയോ വാർധക്യക്ഷീണത്തെയോ അർഥമാക്കാൻ കഴിയും. വ്യക്തിക്കു യോജിക്കുന്ന തരത്തിലുള്ള ശാരീരിക വ്യായാമം കണ്ടെത്താൻ അൽപ്പം ചിന്ത ആവശ്യമായിവന്നേക്കാം. ഏതാണ്ട് അന്ധയായ ഒരു വൃദ്ധസഹോദരിയെ വായിച്ചുകേൾപ്പിക്കാൻ വരുന്ന ഒരു സഹോദരി വാരംതോറുമുള്ള സന്ദർശനം സഹോദരിയുമൊത്തു മുറിയിൽ മിതമായ നൃത്തത്തോടെ ആരംഭിക്കയും അവസാനിപ്പിക്കയും ചെയ്യുന്നു. തിരഞ്ഞെടുത്ത സംഗീതവുമായി ടേപ്പ്റെക്കോഡർ എപ്പോഴും തയ്യാറാക്കിയിരിക്കും, രണ്ടു പേരും ഈ “പരിപാടി” ആസ്വദിക്കുന്നു.
പല രാജ്യങ്ങളിലും സഹായ സംഘടനകൾക്കു വിലയേറിയ പ്രായോഗിക സഹായം പ്രദാനം ചെയ്യാനും പ്രത്യേക അവസ്ഥകളും അവയെ നേരിടാനുള്ള വിധവും സംബന്ധിച്ച വിവരങ്ങളും ഉപദേശവും നൽകാനും കഴിയും. (തീർച്ചയായും, നമ്മുടെ സത്യക്രിസ്തീയ ശുശ്രൂഷയിൽനിന്നു വ്യതിചലിപ്പിക്കുന്ന പ്രവർത്തനങ്ങളിലേക്കു വ്യതിചലിപ്പിക്കപ്പെടാതിരിക്കാൻ ഒരു ക്രിസ്ത്യാനി എപ്പോഴും ശ്രദ്ധിക്കണം.) ചിലപ്പോൾ ആശുപത്രി കിടക്ക, താങ്ങുകൾ, വാറുകൾ, ചക്രക്കസേര, ശ്രവണസഹായി എന്നിവ വാടകയ്ക്കു നൽകുന്ന രൂപത്തിലുള്ള സഹായം നൽകപ്പെടുന്നു. അനേകം വൃദ്ധർ തങ്ങൾക്ക് ഒന്നും ആവശ്യമില്ലെന്നോ അത്തരം പുതിയ സംഗതികൾ കിട്ടിയിട്ടു കാര്യമില്ലെന്നോ വിചാരിക്കുന്നതുകൊണ്ടു ബന്ധുക്കൾ കൂടെക്കൂടെ ശരിയായ ഉപദേശം നൽകുകയോ സമ്മതിപ്പിക്കുകപോലുമോ ചെയ്യേണ്ടതുണ്ട്. കുളിമുറിയുടെ വാതിലിൻമേൽ വെച്ചുകൊടുക്കുന്ന പ്രവർത്തനക്ഷമമായ ഒരു പിടി, ഒരു പൂച്ചെണ്ടിനെക്കാൾ കൂടുതൽ സന്തോഷം കൈവരുത്തിയേക്കാം.
വൃദ്ധരെ പരിപാലിക്കുന്നതു വലിയ മാനസിക സമ്മർദ്ദം ഉളവാക്കിയേക്കാം, വിശേഷിച്ചു വ്യക്തിക്കു വാർധക്യബുദ്ധിമാന്ദ്യം പിടിപെട്ടിട്ടുണ്ടെങ്കിൽ. വാർധക്യബുദ്ധിമാന്ദ്യം പലപ്പോഴും നിഗൂഢമായി സമീപിക്കുന്നു. അനാവശ്യമായി നിഷ്ക്രിയമാകുന്നതിൽനിന്നു രോഗിയെ തടഞ്ഞുകൊണ്ട് ഒരാൾക്ക് അതിനെ മറികടക്കുന്നതിനു പരിശ്രമിക്കാൻ കഴിയും. വാർധക്യബുദ്ധിമാന്ദ്യമുള്ള ഒരു വ്യക്തിക്ക് തനിക്ക് ആഴമായ വാത്സല്യമുള്ള ഒരുവനോടു പെട്ടെന്നു നീരസം തോന്നിയേക്കാം. പ്രായമായ ഒരു വ്യക്തിക്കു സത്യവുമായി ബന്ധപ്പെട്ടതെല്ലാം മറക്കാൻ പോലും കഴിയുമെന്നു ബന്ധുക്കൾ മനസിലാക്കണം—ശാരീരിക തകർച്ചയുടെ ഒരു സങ്കടകരമായ ഫലംതന്നെ, അല്ലാതെ വിശ്വാസനഷ്ടത്തിന്റെ തെളിവല്ല.
രോഗി ആശുപത്രിയിലോ നഴ്സിംഗ്ഹോമിലോ ആണെങ്കിൽ ജൻമദിനങ്ങളോ ക്രിസ്മസ്സോ മററു ലൗകിക അവധി ദിവസങ്ങളോ പോലുള്ളവയോടുള്ള ബന്ധത്തിൽ എന്തു ചെയ്യണമെന്നു സ്ററാഫ് അംഗങ്ങൾ അറിയേണ്ടതിന് ആശുപത്രി ഭാരവാഹികളുമായുള്ള നല്ല സമ്പർക്കം അത്യാവശ്യമാണ്. ഒരു ഓപ്പറേഷൻ അത്യാവശ്യമാണെങ്കിൽ രക്തപ്പകർച്ചയെപ്പററി രോഗി പുലർത്തിയിരുന്ന വീക്ഷണങ്ങൾ ബന്ധുക്കൾക്കു വിശദീകരിക്കാനും രേഖകൾ ഹാജരാക്കാനും കഴിയും.