ക്രിസ്ത്യാനികൾക്കു പ്രായമായവരെ സഹായിക്കാൻ കഴിയുന്ന വിധം
“അതുകൊണ്ടു ഞങ്ങൾ അധൈര്യപ്പെടാതെ ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു. . . . കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നതു താൽക്കാലികം, കാണാത്തതോ നിത്യം.” അപ്പോസ്തലനായ പൗലോസ് കൊരിന്ത്യർക്കുള്ള തന്റെ രണ്ടാമത്തെ ലേഖനത്തിൽ ഇങ്ങനെയെഴുതി.—2 കൊരിന്ത്യർ 4:16-18.
പുരാതന കാലങ്ങളിൽ, വിശ്വാസമുള്ള സ്ത്രീ-പുരുഷൻമാർ കാണാത്ത കാര്യങ്ങളിൽ തങ്ങളുടെ ദൃഷ്ടികൾ പതിപ്പിച്ചു. അവയിൽ യഹോവയാം ദൈവം തന്റെ തക്ക സമയത്തു ചെയ്യുമെന്നു വാഗ്ദാനം ചെയ്തിരുന്ന സകലവും ഉൾപ്പെട്ടിരുന്നു. എബ്രായർക്കുള്ള പുസ്തകത്തിൽ പൗലോസ്, തങ്ങളുടെ മരണംവരെ വിശ്വസ്തത കാത്ത ഇത്തരക്കാരെക്കുറിച്ചു പ്രകീർത്തിച്ചു പറയുന്നു, അവരിൽ ചിലർ വളരെ പ്രായമാകുന്നതുവരെ ജീവിച്ചിരുന്നു. അവരെ നമുക്കൊരു മാതൃകയെന്നനിലയിൽ ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഇവർ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്നു അതു കണ്ടു അഭിവന്ദിച്ചു . . . വിശ്വാസത്തിൽ മരിച്ചു.”—എബ്രായർ 11:13.
ഇന്നു നാം ഈ വാഗ്ദത്തങ്ങളുടെ നിവൃത്തിയോടു വളരെ സമീപിച്ചിരിക്കുന്നു. എന്നാൽ ഈ ദുഷ്ട വ്യവസ്ഥിതിയുടെ അന്ത്യം കാണാൻ തങ്ങൾ വ്യക്തിപരമായി ജീവിച്ചിരിക്കുമെന്ന് ഉറപ്പില്ലാത്ത രോഗബാധിതരും പ്രായമായവരും നമ്മുടെയിടയിൽ ഉണ്ട്. ചിലപ്പോൾ തങ്ങളുടെ ഇപ്പോഴത്തെ ജീവിതകാലത്തു സകല വാഗ്ദത്തങ്ങളും നിറവേറിക്കാണാതെ ഇവരിൽ ചിലർകൂടി വിശ്വാസത്തിൽ മരിച്ചേക്കാം. ഇത്തരക്കാർക്കു 2 കൊരിന്ത്യർ 4:16-18-ലെ വാക്കുകൾ വലിയ ഒരു പ്രോത്സാഹനമായിരിക്കും.
യഹോവ രോഗികളും പ്രായമായവരും ഉൾപ്പെടെ തന്റെ സകല വിശ്വസ്തരെയും ഓർക്കുന്നു. (എബ്രായർ 6:10) വിശ്വസ്തരായ പ്രായമേറിയവരെക്കുറിച്ചു ബൈബിളിൽ നിരവധി സ്ഥലങ്ങളിൽ ആദരപൂർവം പറയുന്നു. മോശയുടെ ന്യായപ്രമാണത്തിൽ പ്രായമായവരെ ആദരിക്കേണ്ടതിനെക്കുറിച്ചു പ്രത്യേകം പറയുന്നു. (ലേവ്യപുസ്തകം 19:32; സങ്കീർത്തനം 92:12-15; സദൃശവാക്യങ്ങൾ 16:31) ആദിമ ക്രിസ്ത്യാനികളുടെ ഇടയിൽ, പ്രായമേറിയവരോടു മതിപ്പോടെയാണു പെരുമാറിയിരുന്നത്. (1 തിമൊഥെയൊസ് 5:1-3; 1 പത്രൊസ് 5:5) ഒരു ബൈബിൾ പുസ്തകത്തിൽ, ഒരു യുവതി തന്റെ പ്രായമായ അമ്മായിയമ്മയോടു സ്നേഹപൂർവകമായ കരുതലും ഹൃദയസ്പൃക്കായ ആത്മത്യാഗവും പ്രകടമാക്കിയതിന്റെ മനോഹരമായ വിവരണം അടങ്ങിയിരിക്കുന്നു. ആ പുസ്തകം സമുചിതമായി രൂത്ത് എന്ന ആ യുവതിയുടെ നാമം വഹിക്കുന്നു.
ഒരു അർപ്പിത സഹായി
വൃദ്ധയായ നവോമിക്കു ജീവിതം കയ്പേറിയതായിരുന്നു. തന്റെ സ്നേഹിതരെയും അവകാശത്തെയും യഹൂദ്യയിൽ പിന്നിൽവിട്ടുകൊണ്ടു യോർദാൻ നദിക്കു കിഴക്കുള്ള മോവാബ് ദേശത്തുപോയി ജീവിക്കാൻ ഒരു ക്ഷാമം അവളെയും അവളുടെ കൊച്ചു കുടുംബത്തെയും നിർബന്ധിതരാക്കിയിരുന്നു. ഇവിടെ നവോമിയോടൊപ്പം അവരുടെ രണ്ടാൺകുട്ടികളെ മാത്രം അവശേഷിപ്പിച്ചുകൊണ്ട് അവളുടെ ഭർത്താവു മരിച്ചുപോയി. കാലക്രമത്തിൽ ഇവർ വളർന്നു വിവാഹം കഴിച്ചു. എന്നാൽ അവരും മരിച്ചു. നവോമിക്ക്, തന്നെ സംരക്ഷിക്കാൻ അവകാശികളില്ലാതെയായി.
ഒരു പുതുകുടുംബം തുടങ്ങാൻ അവൾക്കു പ്രായം വളരെ കടന്നുപോയിരുന്നു, തന്നെയുമല്ല ജീവിതം ഒട്ടും ആശാവഹമായി തോന്നിയതുമില്ല. നിസ്വാർഥമായി, തന്റെ രണ്ടാൺമക്കളുടെ വിധവമാരായ രൂത്തിനെയും ഓർഫയെയും അവർക്കു ഭർത്താക്കൻമാരെ ലഭിക്കേണ്ടതിനു താന്താങ്ങളുടെ മാതൃഗൃഹത്തിലേക്കു പറഞ്ഞയക്കാൻ അവൾ ആഗ്രഹിച്ചു. അവളോ, ഏകയായി തന്റെ സ്വദേശത്തേക്കു മടങ്ങുമായിരുന്നു. ഇന്നും, ചില പ്രായമായവർ, വിശേഷിച്ചും പ്രിയരെ മരണത്തിൽ നഷ്ടപ്പെട്ടവർ വിഷാദമനുഭവിക്കുന്നു. നവോമിയെപ്പോലെ തങ്ങളെ സംരക്ഷിക്കുന്നതിന് അവർക്ക് ആരെങ്കിലും ആവശ്യമായിരിക്കാം, എന്നാൽ തങ്ങൾ ഒരു ഭാരമായിത്തീരാൻ അവർ ആഗ്രഹിക്കുന്നില്ല.
ഏതായാലും രൂത്ത് തന്റെ അമ്മായിയമ്മയെ ഉപേക്ഷിച്ചില്ല. അവൾ ഈ പ്രായമേറിയ സ്ത്രീയെയും അവർ ആരാധിച്ച ദൈവമായ യഹോവയെയും സ്നേഹിച്ചു. (രൂത്ത് 1:16) അങ്ങനെ ഒന്നിച്ച് അവർ തിരിച്ചു യഹൂദ്യയിലേക്കുള്ള യാത്രയാരംഭിച്ചു. അന്നാട്ടിൽ, വിളവ് എടുത്തശേഷം വയലുകളിൽ അവശേഷിക്കുന്നവ കാലാപെറുക്കുന്നതിന് അഥവാ ശേഖരിക്കുന്നതിനു യഹോവയുടെ ന്യായപ്രമാണത്തിൻ കീഴിൽ ഒരു ക്രമീകരണമുണ്ടായിരുന്നു. പ്രായത്തിൽ ഇളപ്പമായിരുന്ന രൂത്ത് ഈ വേല ചെയ്യാൻ മനസ്സോടെ സമ്മതിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ഞാൻ കതിർ പെറുക്കട്ടെ.” ഇരുവരുടെയും പ്രയോജനത്തിനായി അവൾ അശ്രാന്തം വേല ചെയ്തു.—രൂത്ത് 2:2, 17, 18.
രൂത്തിന്റെ വിശ്വസ്തതയും യഹോവയോടുള്ള സ്നേഹവും നവോമിക്കു വലിയ പ്രോത്സാഹനമായി, അവൾ ക്രിയാത്മകവും നിർമാണാത്മകവും ആയ ഒരു വിധത്തിൽ ചിന്തിക്കാൻ തുടങ്ങുകയും ചെയ്തു. ന്യായപ്രമാണവും നാട്ടാചാരങ്ങളും സംബന്ധിച്ചുള്ള അവളുടെ അറിവ് ഇപ്പോൾ പ്രയോജനപ്രദമായി. ചെറുപ്പക്കാരിയായ ആ സ്ത്രീക്ക് ഒരു ദേവരവിവാഹത്തിലൂടെ തങ്ങളുടെ കുടുംബത്തിന്റെ അവകാശം തിരികെ നേടിയെടുക്കാനും കുടുംബവംശം തുടരുന്നതിന് ഒരു പുത്രനെ ജനിപ്പിക്കാനും കഴിയേണ്ടതിന് അവൾ തന്റെ അർപ്പിതയായ സഹായിക്കു ജ്ഞാനപൂർവകമായ ബുദ്ധ്യുപദേശം കൊടുത്തു. (രൂത്ത് 3-ാം അധ്യായം) രോഗികളെയോ പ്രായമായവരെയോ സംരക്ഷിക്കാൻ ത്യാഗങ്ങൾ സഹിക്കുന്നവർക്കു രൂത്ത് മികച്ച ഒരു ദൃഷ്ടാന്തമാണ്. (രൂത്ത് 2:10-12) ഇന്ന് സഭയ്ക്കുള്ളിൽ, സമാനമായി, രോഗികളെയും പ്രായമായവരെയും സഹായിക്കാൻ വളരെയധികം ചെയ്യാൻ കഴിയും. എങ്ങനെ?
സംഘാടനം മൂല്യവത്താണ്
ആദിമ ക്രിസ്തീയ സഭയിൽ ഭൗതിക പിന്തുണ ആവശ്യമായിരുന്ന വിധവമാരുടെ ഒരു ലിസ്ററു സൂക്ഷിച്ചിരുന്നു. (1 തിമൊഥെയൊസ് 5:9, 10) അതുപോലെ ഇന്ന് ചില സാഹചര്യങ്ങളിൽ മൂപ്പൻമാർ പ്രത്യേക ശ്രദ്ധ ആവശ്യമായിരിക്കുന്ന രോഗികളുടെയും പ്രായമായവരുടെയും ഒരു ലിസ്ററ് ഉണ്ടാക്കിയേക്കാം. ചില സഭകളിൽ ഒരു മൂപ്പനെ ഇക്കാര്യം തന്റെ പ്രത്യേക ഉത്തരവാദിത്വമായി കരുതാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. നവോമിയെപ്പോലെയുള്ള അനേകർ സഹായം തേടാൻ ചായ്വുള്ളവരല്ലാത്തതിനാൽ ചുമതലയുള്ള സഹോദരൻ ഒരു സാഹചര്യം വിശകലനം ചെയ്യുന്നതിലും അത്യാവശ്യ കാര്യങ്ങൾ നയപൂർവവും വിവേകപൂർവവും ചെയ്യുന്ന കാര്യം ഉറപ്പു വരുത്തുന്നതിലും വിദഗ്ധനാകേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന്, രാജ്യഹാളിൽ രോഗികൾക്കും പ്രായമായവർക്കും വേണ്ടി വേണ്ടത്ര സൗകര്യങ്ങൾ ഉണ്ടോയെന്നു പരിശോധിക്കാവുന്നതാണ്. പ്രായോഗികമെങ്കിൽ വീൽചെയറിനുവേണ്ടി ചരിഞ്ഞ ഒരു തിണ്ണ, വിശ്രമമുറിയിൽ അനുയോജ്യമായ സൗകര്യങ്ങൾ, കേൾക്കാൻ പ്രയാസമുള്ളവർക്ക് ഇയർഫോണുകൾ, പ്രത്യേക കസേരകളിടാൻ ഒരിടം എന്നിങ്ങനെയുള്ള കാര്യങ്ങൾ പരിഗണിക്കാവുന്നതാണ്. രാജ്യഹാളിൽ വരുക അസാധ്യമായ എല്ലാവർക്കും യോഗങ്ങളുടെ ടേപ്പ് റിക്കാർഡിംഗ് ലഭ്യമാകാനോ അവ ടെലിഫോണിലൂടെ കേൾക്കാനോ ഉള്ള സൗകര്യം ഉണ്ടെന്ന് ഈ സഹോദരന് ഉറപ്പു വരുത്താവുന്നതാണ്.
യോഗങ്ങൾക്കും കൺവെൻഷനുകൾക്കും പോകാനുള്ള യാത്രാസൗകര്യം ഏർപ്പെടുത്തേണ്ടതിന്റെയും ആവശ്യം ഉണ്ടായിരുന്നേക്കാം. പ്രായമായ ഒരു സഹോദരിക്ക്, തന്നെ യോഗങ്ങൾക്കു സ്ഥിരം കൊണ്ടുപൊയ്ക്കൊണ്ടിരുന്ന വ്യക്തി ഇല്ലാഞ്ഞതിനാൽ ഒരു പ്രശ്നമുണ്ടായി. തനിക്കു യാത്രാസൗകര്യം നൽകാൻ ഒരാളെ കണ്ടെത്തുന്നതിന് അവർ നിരവധി പേർക്കു ഫോൺ ചെയ്യേണ്ടിവരുകയും തത്ഫലമായി താൻ ഒരു ഭാരമാണെന്നു തോന്നാൻ ഇടയാകുകയും ചെയ്തു. ഇത്തരം സകല കാര്യങ്ങളിലും ശ്രദ്ധിക്കാൻ കഴിയുന്ന ഒരു മൂപ്പനെ ക്രമീകരിക്കുന്നത് അവരുടെ സംഭ്രമം കുറയ്ക്കുമായിരുന്നു.
പ്രായമായവരെ ഊഴമനുസരിച്ചു സന്ദർശിക്കാമോ എന്നു വിവിധ കുടുംബങ്ങളോട് ഈ മൂപ്പനു ചോദിക്കാനും കഴിയും. ഇങ്ങനെ, പ്രായമായവരെ പരിപാലിക്കൽ ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തിന്റെ ഒരു ഭാഗമാണെന്നു കുട്ടികൾ പഠിക്കും. ഈ ഉത്തരവാദിത്വം വഹിക്കാൻ കുട്ടികൾ പഠിക്കുന്നതു നല്ലതാണ്. (1 തിമൊഥെയൊസ് 5:4) ഒരു സഞ്ചാര മേൽവിചാരകൻ ഇങ്ങനെ പ്രസ്താവിക്കുന്നു: “എന്റെ അനുഭവത്തിൽ, കുട്ടികളോ ചെറുപ്പക്കാരോ ആയുള്ള തുലോം ചുരുക്കം പേരേ സ്വന്തമായി മുൻകൈ എടുത്തു പ്രായമായവരെയോ രോഗികളെയോ സന്ദർശിക്കാറുള്ളു.” ഒരുപക്ഷേ അവർ അതിനെപ്പററി ചിന്തിക്കുന്നില്ലായിരിക്കാം, അല്ലെങ്കിൽ എന്താണു ചെയ്യുകയോ പറയുകയോ ചെയ്യേണ്ടത് എന്നതു സംബന്ധിച്ച് അവർക്ക് അനിശ്ചിതത്വം തോന്നിയേക്കാം; മാതാപിതാക്കൾക്ക് അവരെ ഇതു പഠിപ്പിക്കാൻ കഴിയും.
എന്നിരുന്നാലും, മിക്ക പ്രായമായവരും ഒരു സുഹൃത്തു വരുന്ന കാര്യം കാലേകൂട്ടി അറിയാൻ ആഗ്രഹിക്കും എന്നോർക്കുക. ഇത് അവർക്ക് ഒരു സന്ദർശകനെ കാത്തിരിക്കുന്നതിലുള്ള കൂടുതലായ സന്തോഷം നൽകുന്നു. സന്ദർശകർ കാപ്പിയോ കേക്കോ പോലുള്ള ലഘുഭക്ഷണങ്ങൾ കൊണ്ടുവരുകയും, പിന്നീട് പെട്ടെന്നു വൃത്തിയാക്കുകയും ചെയ്യുന്നെങ്കിൽ പ്രായമായവരുടെ മേലുള്ള ഒരു അമിതഭാരം ഒഴിവാക്കപ്പെടുന്നു. ഇപ്പോഴും തികഞ്ഞ ഊർജസ്വലതയുള്ള, പ്രായമായ ഒരു ദമ്പതികൾ ക്രമമായി ഓരോ വാരത്തിലും ഒരു ദിവസം ഒരു പിക്നിക്ക് കുട്ട പായ്ക്കു ചെയ്തുകൊണ്ടു സഭയിലെ പ്രായമായവരുടെ അടുക്കലേക്കു സന്ദർശനങ്ങളുടെ ഒരു പരമ്പര നടത്തുന്നു. അവരുടെ സന്ദർശനം വളരെ വിലമതിക്കപ്പെടുന്നു.
പ്രായമായവരുടെ പ്രയോജനത്തിനായി, നിരവധി സഭകളിൽ പ്രായമായവർക്കുവേണ്ടി പകൽസമയത്തു നടത്തപ്പെടുന്ന സഭാ പുസ്തകാധ്യയനങ്ങളുണ്ട്. ഒരിടത്ത് ഇത്തരമൊരു കൂട്ടത്തെ പിന്തുണക്കാൻ താത്പര്യമുണ്ടോ എന്നു ചില കുടുംബങ്ങളോടും ഏകാകികളായ പ്രസാധകരോടും ചോദിച്ചു, പ്രായമായവർക്കും ചെറുപ്പക്കാർക്കും പരസ്പരം കരുതാൻ കഴിഞ്ഞ ഒരു പുസ്തകാധ്യയനക്കൂട്ടമായിരുന്നു ഫലം.
ഈ രംഗത്തു മുൻകൈ എടുക്കുക എന്നതു മൂപ്പൻമാരുടെ മാത്രം ചുമതലയായിക്കാണരുത്. രോഗികളുടെയും പ്രായമായവരുടെയും ആവശ്യങ്ങളെക്കുറിച്ചു നാമെല്ലാവരും ബോധമുള്ളവരായിരിക്കണം. അവരെ നമുക്കു രാജ്യഹാളിൽ അഭിവാദനം ചെയ്യാൻ കഴിയും, അവരുമായി സംസാരിക്കാൻ സമയമെടുക്കാനും കഴിയും. ഒരു അനൗപചാരിക സഹവാസത്തിനു ക്ഷണിക്കുന്നത് അവർ ഇഷ്ടപ്പെട്ടേക്കാം. അല്ലെങ്കിൽ നമ്മോടൊപ്പം ഒരു പിക്നിക്കിനോ അവധിക്കുപോലുമോ പോരാൻ അവരെ ക്ഷണിക്കാവുന്നതാണ്. ഒരു സാക്ഷി പട്ടണത്തിനു വെളിയിൽ വ്യാപാര സന്ദർശനങ്ങൾക്കു പോകുമ്പോൾ മിക്കപ്പോഴും പ്രായമായ പ്രസാധകരെ തന്റെ കാറിൽ കൊണ്ടുപോകുമായിരുന്നു. തങ്ങൾ ഉൾപ്പെട്ടിരിക്കുന്നു എന്നു പ്രായമായവർ തുടർന്നു വിചാരിക്കാൻ അവരെ സഹായിക്കുന്നതു പ്രധാനമാണ്. നവോമിക്കുണ്ടായിരുന്ന ചായ്വുപോലെ, പിൻവാങ്ങാൻ അവരെ അനുവദിക്കരുത്. അനുവദിച്ചാൽ അത് അവരുടെ വാർധക്യപ്രക്രിയയെ അല്ലെങ്കിൽ വാർധക്യക്ഷീണത്തെ ത്വരിതപ്പെടുത്തും.
വൈകല്യമോ രോഗമോ ഉള്ള ചെറുപ്പക്കാർക്കും ശ്രദ്ധയാവശ്യമാണ്. തന്റെ മാറാരോഗികളായ മൂന്ന് ആൺകുട്ടികളിൽ രണ്ടു പേർ പിന്നീടു മരണമടഞ്ഞ അനുഭവമുണ്ടായ ഒരു സാക്ഷി പറയുന്നു: “ദീർഘകാലം നീണ്ടുനിൽക്കുന്ന രോഗമുള്ളപ്പോൾ ആരെങ്കിലും തുടർച്ചയായി സംരക്ഷിക്കുക എന്നതു ഒരു സഭക്കു വളരെ ബുദ്ധിമുട്ടുളവാക്കുന്നതാണ്. തങ്ങളുടെ കിടപ്പിലായ സുഹൃത്തുമൊത്തു ദിവസവും ദിനവാക്യം പരിചിന്തിക്കാനും ബൈബിളിൽനിന്ന് ഒരധ്യായം വായിക്കാനും ആശ്രയയോഗ്യരായ ചില യുവ പ്രസാധകരെ എന്തുകൊണ്ടു നിയമിച്ചുകൂടാ? പയനിയർമാർ ഉൾപ്പെടെ ചെറുപ്പക്കാർക്ക് ഊഴമനുസരിച്ച് ഇതു ചെയ്യാവുന്നതാണ്.”
മരണം അനിവാര്യമെന്നു തോന്നുമ്പോൾ
രോഗത്താലായാലും പീഡനത്താലായാലും മരണത്തെ യഹോവയുടെ ദാസൻമാർ എപ്പോഴും ധൈര്യപൂർവം അഭിമുഖീകരിച്ചിട്ടുണ്ട്. മരണം അടുത്തിരിക്കാം എന്നു രോഗബാധിതർക്കു തോന്നിത്തുടങ്ങുമ്പോൾ അവർക്കു വ്യത്യസ്ത വികാരങ്ങൾ അനുഭവപ്പെടുന്നതു സ്വാഭാവികമാണ്. അവരുടെ മരണാനന്തരം ബന്ധുക്കളും പുനഃക്രമീകരണത്തിന്റെയും ദുഃഖത്തിന്റെയും ഉൾക്കൊള്ളലിന്റെയും ഒരു കാലഘട്ടത്തിലൂടെ കടന്നുപോകും. അതുകൊണ്ട് യാക്കോബും ദാവീദും പൗലോസും ചെയ്തതുപോലെ, രോഗിയായിരിക്കുന്ന വ്യക്തി മരണത്തെക്കുറിച്ചു തുറന്നു സംസാരിക്കുന്നതു മിക്കപ്പോഴും നല്ലതാണ്.—ഉൽപത്തി 48, 49 അധ്യായങ്ങൾ; 1 രാജാക്കൻമാർ 2:1-10; 2 തിമൊഥെയൊസ് 4:6-8.
ഡോക്ടറായ ഒരു സാക്ഷി എഴുതുന്നു: “ഈ വിഷയത്തിൽ നാം വളരെ തുറന്ന മനഃസ്ഥിതിക്കാരായിരിക്കണം. ഒരു വ്യക്തി മരണാസന്നനായ രോഗിയാണെന്ന വസ്തുത മറച്ചുവെക്കുന്നതു രോഗിക്ക് എന്തെങ്കിലും നൻമ ചെയ്തിട്ടുള്ളതായി ഞാൻ എന്റെ തൊഴിലിനിടയിൽ ഒരിക്കലും കണ്ടിട്ടില്ല.” എന്നുവരികിലും, രോഗിതന്നെയും എന്തറിയാനും അത് എപ്പോഴറിയാനും ആണ് ആഗ്രഹിക്കുന്നതെന്നു നാം മനസ്സിലാക്കേണ്ടതുണ്ട്. മരണത്തിന്റെ സാമീപ്യം തങ്ങൾക്കറിയാമെന്നും അതിനെക്കുറിച്ചുള്ള തങ്ങളുടെ ചിന്തകളും വികാരങ്ങളും തങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ടെന്നും ചില രോഗികൾ വ്യക്തമായി സൂചിപ്പിക്കുന്നു. മററു ചിലർ പ്രത്യാശ പുലർത്താൻ ആഗ്രഹിക്കുന്നതായി തോന്നുന്നു, അപ്പോൾ അവരോടൊപ്പം അവരുടെ സുഹൃത്തുക്കളും പ്രത്യാശ പുലർത്തുന്നതായിരിക്കും നല്ലത്.—റോമർ 12:12-15 താരതമ്യം ചെയ്യുക.
മരണത്തോടടുത്ത ഒരാൾ പ്രാർഥിക്കാൻ ബുദ്ധിമുട്ടാകുംവണ്ണം അത്ര ക്ഷീണിതനോ കുഴഞ്ഞവനോ ആയിരിക്കാം. അത്തരമൊരു രോഗി “ഉച്ചരിക്കപ്പെടാത്ത ഞരക്കങ്ങളെ” ദൈവം മനസ്സിലാക്കുന്നു എന്നു റോമർ 8:26, 27-ൽ നിന്നു ഗ്രഹിക്കുമ്പോൾ ആശ്വസിപ്പിക്കപ്പെട്ടേക്കാം. (NW) അത്തരം പിരിമുറുക്കത്തിൻ കീഴിൽ ഒരു വ്യക്തിക്കു പ്രാർഥനക്കുള്ള വാക്കുകൾ കണ്ടെത്താൻ വിഷമമാണെന്നു യഹോവ അറിയുന്നു.
സാധ്യമാകുമ്പോൾ, രോഗിയോടൊപ്പം പ്രാർഥിക്കുന്നതു പ്രധാനമാണ്. ഒരു സഹോദരൻ പറയുന്നു: “മരിക്കുകയായിരുന്ന എന്റെ അമ്മക്കു സംസാരിക്കാനുള്ള ശക്തി മേലാൽ ഇല്ലാതെയായപ്പോൾ തന്നോടൊപ്പം ഞങ്ങൾ പ്രാർഥിക്കണമെന്ന് അമ്മ കൈ കൂപ്പിക്കൊണ്ടു സൂചിപ്പിച്ചു. പ്രാർഥനക്കുശേഷം ഞങ്ങൾ ഒരു രാജ്യഗീതം പാടി, കാരണം അമ്മക്കു സംഗീതം എപ്പോഴും വളരെ ഇഷ്ടമായിരുന്നു. ആദ്യം ഞങ്ങൾ ഈണം മൂളിയതേയുള്ളു, പിന്നെ ഞങ്ങൾ താഴ്ന്ന സ്വരത്തിൽ വാക്കുകൾകൂടി പാടി. അമ്മ അതു തികച്ചും ആസ്വദിച്ചു. സംശയലേശമെന്യേ, യഹോവയുടെ സാക്ഷികൾ എന്നനിലയിലുള്ള നമ്മുടെ ജീവിതത്തോടു നാം ബന്ധിപ്പിക്കുന്ന ഈ ഗീതങ്ങൾ മററു വിധങ്ങളിൽ പ്രകടമാക്കാൻ കഴിയാതിരുന്നേക്കാവുന്ന വികാരങ്ങൾ ഉൾക്കൊള്ളുന്നു.”
മരണത്തോടടുത്തിരിക്കുന്ന ഒരു വ്യക്തിയോടു സംസാരിക്കുന്നതിനു സ്നേഹവും നയവും വികാരവും ആവശ്യമാണ്. ഒരു സന്ദർശകന്, കെട്ടുപണി ചെയ്യുന്നതും വിശ്വാസത്തെ ബലിഷ്ഠമാക്കുന്നതുമായ കാര്യങ്ങൾ പറയാൻ തയ്യാറാകാവുന്നതാണ്. എന്നാൽ മററാളുകളെക്കുറിച്ചോ അവരുടെ പ്രശ്നങ്ങളെക്കുറിച്ചോ ഉള്ള അഹിതകരമായ സംസാരം ഒഴിവാക്കാൻ അയാൾ ജാഗ്രതയുള്ളവനായിരിക്കണം. കൂടാതെ, നമ്മുടെ സന്ദർശനത്തിന്റെ സമയദൈർഘ്യം ന്യായവും വിഹിതവും ആയത് എന്തോ അതിൽ പരിമിതപ്പെടുത്തണം. രോഗി അബോധാവസ്ഥയിലാണെന്നു തോന്നിയാലും പറയുന്നതു കേൾക്കാൻ അപ്പോഴും അദ്ദേഹത്തിനു കഴിഞ്ഞേക്കുമെന്ന് ഓർക്കുന്നതു നല്ലതാണ്. അതുകൊണ്ടു നിങ്ങൾ എന്തു പറയുന്നു എന്നതിനു ശ്രദ്ധ കൊടുക്കുക.
നാം പങ്കുവഹിക്കുന്ന ഉത്തരവാദിത്വം
രോഗികളെയും പ്രായമായവരെയും പരിപാലിക്കുന്നത് ഒരു ഭാരിച്ച ഉത്തരവാദിത്വമാണ്. രോഗിയുടെ ഏററവും അടുത്തവർക്ക് അതു ശാരീരികവും വൈകാരികവുമായി ബുദ്ധിമുട്ടുള്ള ഒന്നാണ്. അവർക്കു സഭയിലെ മററുള്ളവരുടെ സഹതാപവും സഹായവും ആവശ്യമാണ്, അത് അവർ അർഹിക്കുകയും ചെയ്യുന്നു. രോഗികളായ കുടുംബാംഗങ്ങളെയോ സഹവിശ്വാസികളെയോ പരിപാലിക്കുന്നവർ, തങ്ങൾക്കു ചില യോഗങ്ങൾ നഷ്ടപ്പെടുകയോ കുറച്ചു കാലത്തേക്കു വയൽശുശ്രൂഷയിലെ തങ്ങളുടെ പങ്കു കുറഞ്ഞുപോകുകയോ ചെയ്താൽപ്പോലും ഉചിതമായ ഒരു കാര്യമാണു ചെയ്യുന്നത്. (1 തിമൊഥെയൊസ് 5:8 താരതമ്യം ചെയ്യുക.) സഭയുടെ ഗ്രാഹ്യത്തോടുകൂടിയ മനോഭാവത്താൽ അവർ ശക്തീകരിക്കപ്പെടും. ചിലപ്പോഴൊക്കെ, സ്ഥിര-പരിപാലകനു ഒരു യോഗത്തിൽ പങ്കെടുക്കാനോ പ്രസംഗവേലയിൽ ഉൻമേഷപ്രദമായ ഏതാനും മണിക്കൂറുകൾ ആസ്വദിക്കാനോ കഴിയേണ്ടതിനു താൽക്കാലികമായി ഒരു സഹോദരനോ സഹോദരിക്കോ ചുമതല ഏറെറടുക്കാൻ കഴിഞ്ഞേക്കും.
നിങ്ങൾ തന്നെയാണു രോഗിയെങ്കിൽ തീർച്ചയായും നിങ്ങൾക്കും ചിലതു ചെയ്യാൻ കഴിയും. നിങ്ങളുടെ അസ്വാസ്ഥ്യം സംബന്ധിച്ച ഹതാശയും നിസ്സഹായതയും നിങ്ങളെ പരുഷരാക്കിയേക്കാം. എന്നാൽ പാരുഷ്യം ഒരുവനെ ഒററപ്പെടുത്തുകയും മററുള്ളവരെ അകററുകയും ചെയ്യുന്നു. മറിച്ച് നിങ്ങൾക്കു വിലമതിപ്പു പ്രകടിപ്പിക്കാനും സഹകരണം കാണിക്കാനും ശ്രമിക്കാൻ കഴിയും. (1 തെസ്സലൊനീക്യർ 5:18) വേദനയിലായിരിക്കുന്ന മററുള്ളവർക്കുവേണ്ടി പ്രാർഥിക്കുക. (കൊലൊസ്സ്യർ 4:12) ബൈബിളിലെ അത്ഭുതകരമായ സത്യങ്ങളെക്കുറിച്ചു ധ്യാനിക്കുകയും സന്ദർശകരുമായി അവ ചർച്ച ചെയ്യുകയും ചെയ്യുക. (സങ്കീർത്തനം 71:17, 18) വിശ്വാസത്തെ ബലിഷ്ഠമാക്കുന്ന ദൈവജനത്തിന്റെ പുരോഗതിയുടെ കാലാനുസൃതമായ അറിവു നേടുക. (സങ്കീർത്തനം 48:12-14) ഈ സന്തോഷകരമായ സംഭവവികാസങ്ങൾക്കായി യഹോവക്കു നന്ദി കരേററുക. ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള ധ്യാനത്തിന് മധ്യാഹ്നസൂര്യനെക്കാൾ പോലും ആഴവും ഊഷ്മളതയും ഏറുന്ന അസ്തമയസൂര്യനെപ്പോലെ നമ്മുടെ ജീവിത സായംസന്ധ്യയിലെ നാഴികകൾക്കു തനതായ ഒരു ശോഭ പകരാൻ കഴിയും.
പടത്തൊപ്പിപോലെ നമ്മുടെ മനസ്സുകളെ കാക്കുന്ന പ്രത്യാശ നിലനിർത്താൻ നാമെല്ലാം കഠിനശ്രമം ചെയ്യേണ്ടതുണ്ട്. (1 തെസ്സലൊനീക്യർ 5:8) പുനരുത്ഥാനപ്രത്യാശയെയും അതിന്റെ ഉറച്ച അടിസ്ഥാനത്തെയുംകുറിച്ചു ധ്യാനിക്കുന്നതു നല്ലതാണ്. വാർധക്യത്താലുള്ള രോഗമോ ക്ഷീണമോ മേലാൽ ഉണ്ടായിരിക്കാത്ത നാളിലേക്കു നമുക്ക് ഉറപ്പോടും ആകാംക്ഷനിറഞ്ഞ പ്രതീക്ഷയോടുംകൂടെ നോക്കിപ്പാർത്തിരിക്കാം. അപ്പോൾ എല്ലാവരും സുഖം അനുഭവിക്കും. മരിച്ചവർപോലും തിരിച്ചുവരും. (യോഹന്നാൻ 5:28, 29) ഈ “കാണാത്തതിനെ” നാം നമ്മുടെ വിശ്വാസക്കണ്ണാലും ഹൃദയത്താലും കാണുന്നു. അവയുടെ കാഴ്ചപ്പാട് ഒരിക്കലും നഷ്ടപ്പെടുത്തരുത്.—യെശയ്യാവു 25:8; 33:24; വെളിപ്പാടു 21:3, 4.