യഥാർഥ സംരക്ഷണം സാധ്യമാണോ?
ഉപന്യാസകൃത്തായ റാൽഫ് വൽഡോ എമേഴ്സൺ ഒരിക്കൽ ഇപ്രകാരം പ്രഖ്യാപിച്ചു: “ബലഹീനരായ മനുഷ്യർ ഭാഗ്യത്തിൽ വിശ്വസിക്കുന്നു . . . ബലിഷ്ഠരായ മനുഷ്യർ കാര്യകാരണബന്ധത്തിൽ വിശ്വസിക്കുന്നു.” അതേ, മന്ത്രവാദപരമായ ഏലസ്സുകളുടെയും സൗഭാഗ്യ രക്ഷാകവചങ്ങളുടെയും ശക്തിയിൽ വിശ്വാസമർപ്പിക്കുന്ന ഒരു വ്യക്തി തന്റെ ജീവിതത്തിൻമേലുള്ള നിയന്ത്രണം അദൃശ്യശക്തികൾക്കു വിട്ടുകൊടുക്കുന്നു. അയാൾ യുക്തിയും ന്യായബോധവും കാററിൽ പറത്തിയിട്ട് യുക്തിരഹിതവും അന്ധവിശ്വാസപരവും ആയ ഭയങ്ങൾക്കു മുമ്പിൽ മുട്ടുമടക്കുന്നു.
എന്നിരുന്നാലും, അത്തരം ഭയങ്ങളിൽനിന്ന് ഒരുവനെ സ്വതന്ത്രനാക്കാൻ ബൈബിളിനു സാധിക്കും. ഏലസ്സുകളും രക്ഷാകവചങ്ങളും നിഷ്ഫലവും ദുർബലവുമാണെന്ന് അതു പ്രകടമാക്കുന്നു. ബൈബിൾ ഇത് എങ്ങനെയാണു പ്രകടമാക്കുന്നത്? കൊള്ളാം, ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നതനുസരിച്ച്, “ഏലസ്സുകൾക്കു ശക്തി ലഭിക്കുന്നത് [മററു പലതിന്റെയും കൂട്ടത്തിൽ] പ്രകൃതിശക്തികളോടുള്ള അവയുടെ ബന്ധത്തിൽനിന്നാണെന്നു കരുതപ്പെടുന്നു.” ഈ ശക്തികൾ ‘മരിച്ചവരുടെ ആത്മാക്ക’ളോ ‘ഭാഗ്യത്തിന്റെ ശക്തി’യോ ആകാം. എന്നാൽ, മരിച്ചവർ “ഒന്നും അറിയുന്നില്ല” എന്നു ബൈബിൾ വ്യക്തമായി പ്രകടമാക്കുന്നു. (സഭാപ്രസംഗി 9:5) അതുകൊണ്ട്, ജീവിക്കുന്നവരെ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയുന്ന മരിച്ചവരുടെ ആത്മാക്കളില്ല; നിങ്ങൾക്കുവേണ്ടി പ്രവർത്തിക്കാവുന്ന ഭാഗ്യംപോലുള്ള ഒരു അദൃശ്യശക്തിയുമില്ല.
ബൈബിൾക്കാലങ്ങളിൽ, തന്നെ ഉപേക്ഷിക്കുന്നവരെയും തന്റെ വിശുദ്ധ പർവതത്തെ മറക്കുന്നവരെയും “ഭാഗ്യദേവനു പീഠമൊരുക്കുകയും വിധിയുടെ ദേവനു വീഞ്ഞുകലർത്തി പാനപാത്രം നിറയ്ക്കുകയും” ചെയ്യുന്നവരെയും ദൈവം കുററംവിധിച്ചു. സംരക്ഷണം ലഭിക്കുന്നതിനുപകരം ഭാഗ്യത്തിന്റെ ആ വക്താക്കൾ നാശത്തിന് ഏൽപ്പിക്കപ്പെട്ടു. “ഞാൻ നിങ്ങളെ വാളിനേല്പിക്കും,” എന്നു യഹോവയാം ദൈവം പറഞ്ഞു.—ഏശയ്യാ 65:11, 12, പി.ഒ.സി. ബൈ.
അതുപോലെ, മാന്ത്രികവിദ്യകൾ ആചരിച്ചുകൊണ്ടു പുരാതന ബാബിലോൻ ജനത ദുർജ്ഞേയ ശക്തികളുടെ സംരക്ഷണത്തിൽ വിശ്വാസമർപ്പിച്ചു. എന്നിരുന്നാലും, ബാബിലോൻ ദുരന്തമനുഭവിച്ചു. “നിന്റെ മാന്ത്രികവിദ്യകളും നിന്റെ രാക്ഷസീയ ക്ഷുദ്രപ്രയോഗങ്ങളും തുടർന്നുകൊള്ളുക,” എന്നു പ്രവാചകനായ യെശയ്യാവു വെല്ലുവിളിച്ചു. “അവയിൽനിന്നു നിനക്കു ചിലപ്പോൾ സഹായം കിട്ടിയേക്കാം . . . എന്നാൽ ഇല്ല! എണ്ണമററ തന്ത്രങ്ങൾ ഉണ്ടായിരുന്നാലും നീ അശക്തയാണ്.” (യെശയ്യാവു 47:12, 13, ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ) കാലക്രമത്തിൽ ആ ജനതയുടെ അസ്തിത്വംതന്നെ ഇല്ലാതായി. മാന്ത്രികവിദ്യയിലുള്ള വിശ്വാസം പാഴാണെന്നു തെളിഞ്ഞു. സമാനമായി, മാന്ത്രികമായ ഏലസ്സിനോ രക്ഷാകവചത്തിനോ മന്ത്രത്തകിടിനോ നിങ്ങളെ സഹായിക്കാനോ സംരക്ഷിക്കാനോ ഒന്നും ചെയ്യാൻ കഴിയുകയില്ല.
വിഗ്രഹാരാധനയുടെ ഒരു രൂപം
എന്നിട്ടും, ഒരു സ്ഫടികക്കട്ടയോ മുയലിന്റെ കാലോ മതപരമായ ഒരു മെഡലോ കൊണ്ടുനടക്കുന്നതിൽ ചിലർ ഒരു ദോഷവും കാണുന്നില്ലായിരിക്കാം. ഇവ കേവലം നിരുപദ്രവകരമായ ചെറുതരം ആഭരണങ്ങൾ മാത്രമല്ലേ? ബൈബിൾ പറയുന്നതനുസരിച്ചാണെങ്കിൽ അല്ല. മാന്ത്രികമായ ആഭരണസാമഗ്രികൾ തീർച്ചയായും നിരുപദ്രവകരമല്ലെന്ന് അതു പറയുന്നു.
ഏലസ്സുകളുടെ ഉപയോഗം വിഗ്രഹാരാധനയുടെ ഒരു രൂപമാണ്—ദൈവവചനത്തിൽ വ്യക്തമായും കുററംവിധിക്കപ്പെട്ടിരിക്കുന്ന ഒന്നുതന്നെ. (പുറപ്പാട് 20:4, 5) താൻ ഒരു ഏലസ്സിനെയോ മാന്ത്രികത്തകിടിനെയോ നേരിട്ട് ആരാധിക്കുകയാണെന്ന് ഒരു വ്യക്തിക്കു തോന്നാതിരുന്നേക്കാം എന്നതു സത്യം തന്നെ. എന്നാൽ ഒരാൾ അതൊരെണ്ണം കേവലം സ്വന്തമായി സൂക്ഷിക്കുന്നെങ്കിൽ അത് അദൃശ്യമായ മാന്ത്രികശക്തികളോടുള്ള ഒരു ഭയഭക്തിപൂണ്ട, ആരാധനാപരമായ മനോഭാവം പ്രകടമാക്കുന്നില്ലേ? കൂടാതെ, (ചുംബിക്കുന്നതു പോലുള്ള) ആരാധനാപരമായ പ്രവൃത്തി രക്ഷാകവചങ്ങൾക്കുതന്നെ നൽകപ്പെടുന്നു എന്നതു സത്യമല്ലേ? എന്നാൽ 1 യോഹന്നാൻ 5:21-ൽ ബൈബിൾ ക്രിസ്ത്യാനികളെ ഇപ്രകാരം ബുദ്ധ്യുപദേശിക്കുന്നു: “വിഗ്രഹങ്ങളോടു അകന്നു സൂക്ഷിച്ചുകൊൾവിൻ.” രക്ഷാകവചങ്ങളോ ഏലസ്സുകളോ ആയി വീക്ഷിക്കപ്പെടുന്ന വസ്തുക്കൾ ഇതിലുൾപ്പെടുകയില്ലേ?
മാന്ത്രികവിദ്യയുടെ കെണി
ഏലസ്സുകളുടെ ഉപയോഗത്തിലൂടെ പലരും മാന്ത്രികവിദ്യയുടെ കെണിയിലായിത്തീരുന്നുമുണ്ട്. ചിലർ ഒരു സ്ഫടികക്കട്ടയോ ഒരു മാന്ത്രിക ഔഷധമോ കൊണ്ടുനടന്നേക്കാവുന്നത് ബോധ്യത്തിൽനിന്ന് എന്നതിലുപരി ആചാരപ്രകാരമാണ് എന്നതു സത്യം തന്നെ. എന്നാൽ ഒരു വേശ്യയുമായി പ്രേമചാപല്യങ്ങളിൽ വിഹരിക്കുന്നത് എയ്ഡ്സ് ബാധിക്കുന്നതിൽ കലാശിച്ചേക്കാവുന്നതുപോലെ മാന്ത്രികവിദ്യയുമായി അടുത്ത് ഇടപെടുന്നതും വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. നല്ല കാരണങ്ങളോടെയാണു ദൈവം ഇസ്രയേല്യരെ മന്ത്രവും ആത്മജ്ഞാനസിദ്ധിയും ഭാഗ്യംപറച്ചിലും ആചരിക്കുന്നതിൽനിന്നു വിലക്കിയത്. “ഈ കാര്യങ്ങൾ ചെയ്യുന്നവനെല്ലാം യഹോവെക്കു വെറുപ്പു ആകുന്നു” എന്നു ബൈബിൾ മുന്നറിയിപ്പു നൽകുന്നു.—ആവർത്തനപുസ്തകം 18:10-14.
എന്തുകൊണ്ടാണ് ഈ കടുത്ത നിരോധനം? എന്തുകൊണ്ടെന്നാൽ അത്തരം ആചാരത്തിനു പിന്നിലെ അദൃശ്യമായ ശക്തികൾ മരിച്ചവരുടെ ആത്മാക്കളോ ഭാഗ്യത്തിന്റെ ശക്തികളോ അല്ല, പിന്നെയോ പിശാചായ സാത്താനും അവന്റെ ഭൂതങ്ങളുമാണ്.a ഏലസ്സുകളുടെ ഉപയോഗം ഭൂതാരാധനയുമായി നേരിട്ടു ബന്ധപ്പെട്ടുകിടക്കുന്നു. വൈൻസ് എക്സ്പോസിറററി ഡിക്ഷ്ണറി ഓഫ് ഓൾഡ് ആൻഡ് ന്യൂ ടെസ്ററമെൻറ് വേഡ്സ് ഇപ്രകാരം പറയുന്നു: “കൂടതന്ത്രത്തിൽ വീര്യം കുറഞ്ഞതോ കൂടിയതോ ആയ മരുന്നുകളുടെ ഉപയോഗത്തിനുശേഷം വ്യത്യസ്തരക്ഷാകവചങ്ങൾ, ഏലസ്സുകൾ എന്നിവ നൽകുന്നതോടൊപ്പം, പൊതുവെ മന്ത്രോച്ചാരണവും മാന്ത്രികശക്തികളോടുള്ള യാചനകളും നടത്തിയിരുന്നു.”
അതുകൊണ്ട് ഒരു മാന്ത്രിക രക്ഷാകവചം സ്വന്തമാക്കുന്നത് ആത്മവിദ്യയിലുള്ള ഇഴുകിച്ചേരലാണ്. അയാൾക്ക് “ഈ വ്യവസ്ഥിതിയുടെ ദൈവ”മായ പിശാചായ സാത്താന്റെ ദുഷ്ട സ്വാധീനത്തിലും നിയന്ത്രണത്തിലും ചെന്നുപെടുന്നതിന്റെ അപകടസാധ്യതയുണ്ട്. (2 കൊരിന്ത്യർ 4:4) അതുകൊണ്ട്, ആത്മവിദ്യയുടെ എല്ലാ രൂപങ്ങളും ഒഴിവാക്കാൻ ബൈബിൾ നമ്മോടു കൽപ്പിക്കുന്നതു നല്ല കാരണങ്ങളോടെയാണ്.—ഗലാത്യർ 5:19-21.
അന്ധവിശ്വാസത്തിന്റെ ചങ്ങലകൾ പൊട്ടിക്കൽ
എന്നിരുന്നാലും ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ ഇപ്രകാരം നിരീക്ഷിക്കുന്നു: “ജനങ്ങൾ പരസ്പരം ഭയപ്പെടുകയും അവർക്കു ഭാവിയെക്കുറിച്ച് അനിശ്ചിതത്വം ഉണ്ടായിരിക്കുകയും ചെയ്യുന്നിടത്തോളംകാലം അന്ധവിശ്വാസങ്ങൾക്കു ജീവിതത്തിൽ മിക്കവാറും ഒരു സ്ഥാനമുണ്ടായിരിക്കും.” എന്നാൽ ദോഷകരമായ അന്ധവിശ്വാസങ്ങളിൽനിന്നു സ്വതന്ത്രരാകാൻ യഹോവയുടെ സാക്ഷികൾ അനേകരെ സഹായിക്കുന്നു. ഒരു ദക്ഷിണാഫ്രിക്കൻ സ്ത്രീ ഇങ്ങനെ അനുസ്മരിക്കുന്നു: “ദുഷ്ടാത്മാക്കൾ എന്നെ പൊറുതിമുട്ടിച്ചിരുന്നു, അവയ്ക്കെതിരെ എന്നെ സംരക്ഷിക്കാൻ എന്റെ വീടു നിറയെ മൂതിയുണ്ടായിരുന്നു.” മാന്ത്രികവിദ്യയുമായുള്ള കളിയുടെ അപകടങ്ങൾ മനസ്സിലാക്കാൻ യഹോവയുടെ സാക്ഷികൾ അവരെ സഹായിച്ചു. അവരുടെ പ്രതികരണം എന്തായിരുന്നു? “ഭൂതാരാധനയുമായി ബന്ധപ്പെട്ടു ഞാൻ സ്വന്തമാക്കിയിരുന്ന സകലതും ഞാൻ വലിച്ചെറിയാൻ തുടങ്ങി” എന്ന് അവർ പറയുന്നു. “എന്റെ ആരോഗ്യനില മെച്ചപ്പെട്ടു. എന്റെ ജീവിതം ഞാൻ യഹോവക്കു സമർപ്പിച്ചു സ്നാപനമേററു.” ഇപ്പോൾ അവർ അന്ധവിശ്വാസത്തിൽനിന്നും ആത്മവിദ്യയിൽനിന്നും സ്വതന്ത്രയാണ്.
രോഗം സൗഖ്യമാക്കാനുള്ള തന്റെ വൈദഗ്ധ്യത്തെ ആത്മവിദ്യയുമായി കൂട്ടിക്കുഴച്ച ഒരു നൈജീരിയൻ പച്ചമരുന്നുവിൽപ്പനക്കാരന്റെ കാര്യംകൂടി പരിചിന്തിക്കുക. യഹോവയുടെ സാക്ഷികൾ സന്ദർശിക്കുമ്പോഴെല്ലാം പലപ്പോഴും ഭീഷണിയും ശാപവാക്കുകളും ഉപയോഗിച്ചുകൊണ്ട് അയാൾ അവരെ പതിവായി ആട്ടിപ്പായിക്കുമായിരുന്നു. ഒരിക്കൽ അയാൾ ഒരു പ്രത്യേക ഔഷധംപോലും ഉണ്ടാക്കി, അതിനുമേൽ ഏതോ മന്ത്രോച്ചാരണം നടത്തി, ഒരു സാക്ഷിയുടെ മുഖത്തൊഴിച്ചു! “ഏഴു ദിവസത്തിനുള്ളിൽ നീ മരിക്കും!” എന്ന് അയാൾ അലറി. ഏഴു ദിവസം കഴിഞ്ഞ് സാക്ഷി മടങ്ങിച്ചെന്നപ്പോൾ ആ മരുന്നുവിൽപ്പനക്കാരൻ താൻ ഒരു ഭൂതത്തെയാണു കാണുന്നതെന്നു വിശ്വസിച്ചുകൊണ്ട് ധൃതിപിടിച്ച് ഓടിയെത്തി! അയാളുടെ മന്ത്രം ഇപ്പോൾ ഫലശൂന്യമെന്നു തെളിഞ്ഞപ്പോൾ, അയാൾ ഒരു ബൈബിളധ്യയനത്തിനു സമ്മതിക്കുകയും അവസാനം അയാൾതന്നെ ഒരു സാക്ഷിയായിത്തീരുകയും ചെയ്തു.
ഭയത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ബന്ധനങ്ങളിൽനിന്നു സ്വതന്ത്രമാകാൻ നിങ്ങൾക്കും കഴിയും. ഇത് എളുപ്പമല്ലായിരിക്കാമെന്നു സമ്മതിക്കുന്നു. ഒരുപക്ഷേ നിങ്ങൾ വളർന്നത് ഏലസ്സുകളുടെയും രക്ഷാകവചങ്ങളുടെയും ഉപയോഗം സാധാരണമായിരിക്കുന്ന ഒരു സംസ്കാരത്തിലായിരിക്കാം. പുരാതന എഫേസൂസിലെ ക്രിസ്ത്യാനികൾ അത്തരമൊരു വെല്ലുവിളിയെ അഭിമുഖീകരിച്ചു. ആത്മവിദ്യയുടെ ശക്തമായ ഒരു സ്വാധീനമുണ്ടായിരുന്ന ഒരു സംസ്കാരത്തിൽ അവർ ജീവിച്ചു. ദൈവവചനത്തിലെ സത്യം അവർ പഠിച്ചപ്പോൾ എന്തു ചെയ്തു? ബൈബിൾ പറയുന്നു: “ക്ഷുദ്രപ്രയോഗം ചെയ്തിരുന്ന പലരും തങ്ങളുടെ പുസ്തകങ്ങളെ കൊണ്ടുവന്നു എല്ലാവരും കാൺകെ ചുട്ടുകളഞ്ഞു; അവയുടെ വില കണക്കുകൂട്ടിയാറെ അമ്പതിനായിരം വെള്ളിക്കാശു എന്നു കണ്ടു.”—പ്രവൃത്തികൾ 19:19.
ദൈവത്തിന്റെ സംരക്ഷണം ആർജിക്കൽ
നിങ്ങൾ മാന്ത്രികവിദ്യയുടെ എല്ലാ അവശിഷ്ടങ്ങളിൽനിന്നും നിങ്ങളെത്തന്നെ മുക്തമാക്കുന്നെങ്കിൽ നിങ്ങൾ സംരക്ഷണം ഇല്ലാത്തവനായി അവശേഷിക്കുകയില്ലേ? നേരെമറിച്ച്, “ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏററവും അടുത്ത തുണയായിരിക്കുന്നു.” (സങ്കീർത്തനം 46:1) ഈ ദുഷ്ട വ്യവസ്ഥിതിയെ അവിടുന്നു നശിപ്പിക്കുമ്പോൾ ദൈവത്തിൽനിന്നുള്ള സംരക്ഷണം വിശേഷാൽ പ്രകടമായിത്തീരും. “കർത്താവു ഭക്തൻമാരെ പരീക്ഷയിൽനിന്നു വിടുവിപ്പാനും നീതികെട്ടവരെ . . . ന്യായവിധിദിവസത്തിലെ ദണ്ഡനത്തിന്നായി കാപ്പാനും അറിയുന്നുവല്ലോ.”—2 പത്രൊസ് 2:9; സങ്കീർത്തനം 37:40 താരതമ്യപ്പെടുത്തുക.
അതിനിടെ, “കഷ്ടകാലം വിചാരിക്കാത്ത നേരത്ത് മനുഷ്യമക്കളെ കുടുക്കുന്നു.” (സഭാപ്രസംഗകൻ 9:12, പി.ഒ.സി. ബൈ.) തന്റെ ദാസൻമാർ ഒരു “സുരക്ഷാ” ജീവിതം നയിക്കുമെന്നോ സകല വ്യക്തിഗത ദോഷങ്ങളിൽനിന്നും താൻ അവരെ സംരക്ഷിക്കുമെന്നോ ദൈവം വാഗ്ദാനം ചെയ്യുന്നില്ല. എന്നിരുന്നാലും, നമ്മുടെ ആത്മീയതയെയും ദൈവവുമായുള്ള നമ്മുടെ ബന്ധത്തെയും സംരക്ഷിക്കുമെന്ന് അവിടുന്നു വാഗ്ദാനം ചെയ്യുന്നു. (സങ്കീർത്തനം 91:1-9) എങ്ങനെ? നമുക്കു പ്രയോജനം ചെയ്യാനും സാത്താന്റെ ദുഷിപ്പിക്കുന്ന സ്വാധീനങ്ങളിൽനിന്നു നമ്മെ സംരക്ഷിക്കാനും കഴിയുന്ന നിയമങ്ങളും തത്ത്വങ്ങളും അവിടുന്നു നമുക്കു നൽകുന്നു എന്നതാണ് ഒരു സംഗതി. (യെശയ്യാവു 48:17) യഹോവയുടെ വഴികളെക്കുറിച്ചു നാം പരിജ്ഞാനം സമ്പാദിക്കുന്നതിനാൽ, ‘ചിന്താപ്രാപ്തിതന്നെ നമ്മെ സൂക്ഷിക്കും, വിവേചനതന്നെ നമ്മെ കാത്തുപരിപാലിക്കുകയും ചെയ്യും’—ഉദാഹരണത്തിന്, നിഷ്പ്രയോജനകരമോ ദോഷകരമോ ആയ പ്രവൃത്തികളിൽനിന്നുതന്നെ.—സദൃശവാക്യങ്ങൾ 2:11.
ദൈവം നമ്മെ സംരക്ഷിക്കുന്ന മറെറാരു വിധം പരിശോധനയുടെ സമയങ്ങളിൽ “സാധാരണയിൽ കവിഞ്ഞ ശക്തി” പ്രദാനം ചെയ്തുകൊണ്ടാണ്. (2 കൊരിന്ത്യർ 4:7, NW) ഒരു ക്രിസ്ത്യാനിയെ സാഹചര്യങ്ങൾ കീഴടക്കുമെന്ന ഭീഷണിയുള്ളപ്പോൾ ഹൃദയത്തെയും മാനസികപ്രാപ്തികളെയും കാത്തുസൂക്ഷിക്കാൻ അവിടുന്നു “സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം” നൽകുന്നു. (ഫിലിപ്പിയർ 4:7) അതേ, “പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു” ക്രിസ്ത്യാനി സജ്ജനാക്കപ്പെടുന്നു.—എഫെസ്യർ 6:11-13.
അത്തരം സംരക്ഷണം നിങ്ങൾക്കെങ്ങനെ നേടാൻ കഴിയും? യഹോവയെയും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനെയും കുറിച്ചുള്ള അറിവു സമ്പാദിച്ചുകൊണ്ടു തുടങ്ങുക. (യോഹന്നാൻ 17:3) ഈ ദിശയിൽ നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾക്കു വളരെയധികം ചെയ്യാൻ കഴിയും. നിങ്ങൾ യഹോവയുമായി ഒരു ഊഷ്മള ബന്ധം നട്ടുവളർത്തുമ്പോൾ നിങ്ങൾ അവിടുത്തെ ദയാപൂർവകമായ സംരക്ഷണം അനുഭവിക്കാൻ തുടങ്ങും. സങ്കീർത്തനം 91:14-ൽ ദൈവം ഇപ്രകാരം പറയുന്നതായി നാം വായിക്കുന്നു: “അവൻ എന്നോടു പററിയിരിക്കയാൽ ഞാൻ അവനെ വിടുവിക്കും; അവൻ എന്റെ നാമത്തെ അറികയാൽ ഞാൻ അവനെ ഉയർത്തും.”
തീർച്ചയായും, നിങ്ങൾ ദൈവത്തോടു വിശ്വസ്തനാണെങ്കിൽ അവസാനം അവിടുന്നു നിങ്ങളെ വരാനിരിക്കുന്ന ലോകത്തിലെ നിത്യജീവൻക്കൊണ്ട് അനുഗ്രഹിക്കും. ആ സമയത്തു ജീവിച്ചിരിക്കുന്നവരെ സംബന്ധിച്ചു യഹോവ ഇങ്ങനെ ഉറപ്പു നൽകുന്നു: “ആരും അവരെ ഭയപ്പെടുത്തുകയില്ല; സൈന്യങ്ങളുടെ യഹോവയുടെ വായ് അതു അരുളിച്ചെയ്തിരിക്കുന്നു.” (മീഖാ 4:4) രോഗവും മരണവും മേലാൽ ഉണ്ടായിരിക്കില്ല. (വെളിപ്പാടു 21:4) എന്നിരുന്നാലും, നിങ്ങൾ യഹോവയുമായി ഒരു അടുത്ത ബന്ധം നട്ടുവളർത്തുന്നെങ്കിൽ, ഇപ്പോൾപ്പോലും നിങ്ങൾക്ക് ഒരളവോളം സുരക്ഷിതത്വം ആസ്വദിക്കാൻ കഴിയും. സങ്കീർത്തനക്കാരനെപ്പോലെ നിങ്ങൾക്ക് ഇപ്രകാരം പറയാൻ സാധിക്കും: “എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു.”—സങ്കീർത്തനം 121:2.
[അടിക്കുറിപ്പ്]
a കൂടുതലായ വിവരത്തിനു വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ച മരിച്ചവരുടെ ആത്മാക്കൾ—അവർക്കു നിങ്ങളെ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയുമോ? അവർ വാസ്തവത്തിൽ സ്ഥിതിചെയ്യുന്നുവോ? എന്ന ലഘുപത്രിക കാണുക.
[6-ാം പേജിലെ ചിത്രം]
എഫേസൂസിലെ ക്രിസ്ത്യാനികൾ മന്ത്രവാദവുമായി ബന്ധപ്പെട്ട സകലതും നശിപ്പിച്ചു
[7-ാം പേജിലെ ചിത്രം]
ദൈവരാജ്യത്തിൻ കീഴിൽ ഭയം മേലാൽ ഉണ്ടായിരിക്കില്ല