സൗഭാഗ്യ രക്ഷാകവചങ്ങൾക്കു നിങ്ങളെ സംരക്ഷിക്കാനാകുമോ?
ഒരു ബ്രസീൽക്കാരന്റെ പോക്കററിൽ കൊണ്ടുനടക്കുന്ന ഒരു സ്ഫടികക്കട്ട. ഒരു അമേരിക്കൻ കായികതാരത്തിന്റെ ഭാഗ്യനാണയം. ഒരു ഐറീഷ് വീട്ടിലെ കിടക്കയ്ക്കു മീതെ തൂങ്ങിക്കിടക്കുന്ന വിശുദ്ധ ബ്രിജിഡിന്റെ ഒരു കുരിശ്. ലക്ഷക്കണക്കിനാളുകൾ സൗഭാഗ്യ രക്ഷാകവചങ്ങൾ അഥവാ ഏലസ്സുകൾ ആയി അത്തരം വസ്തുക്കൾ ഉപയോഗിക്കുന്നു.a അത്തരം രക്ഷാകവചങ്ങൾ കൈവശംവെക്കുന്നത് അവർക്കു ദോഷങ്ങൾ അകററി സൗഭാഗ്യം കൈവരുത്തുമെന്ന് അവർ വിശ്വസിക്കുന്നു.
ഉദാഹരണത്തിന്, ബ്രസീലിന്റെ കാര്യമെടുക്കുക. വേജ എന്ന മാസിക പറയുന്ന പ്രകാരം, നിരവധി ബ്രസീൽക്കാർ “ഉടമസ്ഥനു ഭാഗ്യവും ഓജസ്സും കൈവരുത്താനുള്ള കഴിവുണ്ടെന്നു പറയപ്പെടുന്ന പാറക്കഷണങ്ങളും അത്രക്കു വിലപിടിച്ചതല്ലാത്ത കല്ലുകളും” കൊണ്ടുനടക്കുന്നു. ഗൂഢശക്തികളെ നിസ്സാരമായിക്കാണാൻ ഭയപ്പെട്ടുകൊണ്ട് ആ രാജ്യത്തെ മററുള്ളവർ ഒരു മതപരമായ പ്രതീകമോ വാചകമോ അവരുടെ വീടിന്റെ ചുമരിൽ വെക്കുന്നു. ചിലർ ബൈബിൾ പോലും ഒരു പാവന രക്ഷാകവചമായി ഉപയോഗിക്കുന്നു; സങ്കീർത്തനം 91 സ്ഥിരമായി തുറന്നുവെച്ചുകൊണ്ട് അവർ അത് മേശപ്പുറത്ത് പ്രദർശിപ്പിക്കുന്നു.
തെക്കെ ആഫ്രിക്കൻ രാജ്യങ്ങളിൽ മൂതി അഥവാ പരമ്പരാഗതമായ ഔഷധം സമാനമായി ഉപയോഗിക്കുന്നു, കേവലം സുഖപ്പെടുത്താനുള്ള അതിന്റെ കഴിവുകളുടെ പേരിലല്ല, പിന്നെയോ ദൗർഭാഗ്യത്തിനെതിരെ ഒരു സംരക്ഷണമെന്നനിലയിൽ. രോഗവും മരണവും സാമ്പത്തിക നഷ്ടങ്ങളും തകർന്ന പ്രണയബന്ധങ്ങൾപോലും ശത്രുക്കൾ നടത്തിയ മന്ത്രത്തിൽനിന്നോ മരിച്ച പൂർവികരെ പ്രസാദിപ്പിക്കാൻ പരാജയപ്പെട്ടതിൽനിന്നോ ഉളവായതാണെന്ന് അവർ മിക്കപ്പോഴും വിചാരിക്കുന്നു. സസ്യങ്ങളിൽനിന്നും മരങ്ങളിൽനിന്നും മൃഗങ്ങളുടെ ശരീരഭാഗങ്ങളിൽനിന്നും ഔഷധം തയ്യാറാക്കുന്ന ഒരു നാടൻ വൈദ്യനിൽ നിന്നാണു സാധാരണമായി മൂതി ലഭിക്കുന്നത്. രസകരമെന്നുപറയട്ടെ, മൂതി ഗ്രാമങ്ങളിൽ മാത്രമായി ഒതുങ്ങിനിൽക്കുന്നില്ല; ഇതിന്റെ ഉപയോഗം ആഫ്രിക്കയുടെ തെക്കൻ നഗരങ്ങളിലും വ്യാപകമാണ്. മൂതിയിൽ ആശ്രയം വെച്ചിരിക്കുന്നവരിൽ വ്യാപാരികളും സർവകലാശാല ബിരുദധാരികളും ഉണ്ട്.
ഭാഗ്യാന്വേഷണം യൂറോപ്യൻ നാടുകളിലും സാധാരണമാണ്. എമീർ എസ്ററിൻ ഇവാൻസിനു സമർപ്പിച്ച ജനകീയജീവിതത്തെ സംബന്ധിച്ച പഠനങ്ങൾ (Studies in Folklife Presented to Emyr Estyn Evans) എന്ന പുസ്തകം നമ്മെ ഇപ്രകാരം അറിയിക്കുന്നു: “അയർലണ്ടിൽ താമസസ്ഥലത്തിന്റെയോ മററു കെട്ടിടങ്ങളുടെയോ വാതിലിനു മുകളിൽ കുതിരലാടങ്ങൾ പിടിപ്പിച്ചിരിക്കുന്നതു കാണാനാകാത്ത ഒരു പ്രവിശ്യയോ പട്ടണമോ ഇല്ല.” ഭാഗ്യം വരാനായി വാതിലുകളുടെയും കിടക്കകളുടെയും മീതെ തൂക്കുന്ന ഞാങ്ങണക്കുരിശുകൾ ആ രാജ്യത്ത് അതിലും കൂടുതൽ സാധാരണമാണ്. ബാഹ്യദൃഷ്ട്യാ, മിക്ക ഐറീഷുകാരും അത്തരം അന്ധവിശ്വാസങ്ങളെ നിസ്സാരമായി കണക്കാക്കുന്നുവെന്നു നിരീക്ഷകർ പറയുന്നു. എന്നിരുന്നാലും, ആരും അതിനെ പരിപൂർണമായി അവഗണിക്കുന്നുമില്ല.
സംരക്ഷണത്തിനുവേണ്ടിയുള്ള അന്വേഷണം
അത്തരം അന്ധവിശ്വാസങ്ങളുടെ ആകർഷണീയത എന്താണ്? പ്രത്യക്ഷത്തിൽ സുരക്ഷിതത്വത്തിനുവേണ്ടിയുള്ള ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യം നികത്താൻ അവ ഉതകുന്നു. യഥാർഥത്തിൽ, രാത്രിയിൽ തെരുവിലൂടെ നടക്കുമ്പോഴും തങ്ങളുടെ ഭവനങ്ങളിൽ ആയിരിക്കുമ്പോഴും എത്ര പേർക്കു സുരക്ഷിതത്വം തോന്നുന്നു? ജീവിതചെലവുകൾ നിർവഹിക്കേണ്ടതിന്റെയും കുട്ടികൾക്കായി കരുതേണ്ടതിന്റെയും സമ്മർദം അതിനോടു കൂട്ടുക. അതേ, ബൈബിൾ “കുഴപ്പങ്ങളുടെ ഒരു കാലം” എന്നു പറയുന്ന സമയത്താണ് നാം ജീവിക്കുന്നത്. (2 തിമൊഥെയൊസ് 3:1, ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ) അതുകൊണ്ട് ആളുകൾക്കു സംരക്ഷണത്തിനുവേണ്ടി ഒരു ശക്തമായ ആഗ്രഹമുണ്ടായിരിക്കുന്നതു കേവലം സ്വാഭാവികം മാത്രമാണ്.
ആത്മവിദ്യയുടെയും മന്ത്രവാദത്തിന്റെയും വിവിധ രൂപങ്ങൾക്കു പ്രചാരമുള്ള സംസ്കാരങ്ങളിൽ ഇതു വിശേഷാൽ അങ്ങനെയായിരിക്കും. മരിച്ചവരുടെ ആത്മാക്കളെന്നു കരുതുന്നവരോടുള്ള അഥവാ ഒരു ശത്രുവിന്റെ ശാപത്തിന് ഇരയാകുമെന്നതിനോടുള്ള ഭയം ഒരു രക്ഷാകവചത്തിന്റെയോ ഏലസ്സിന്റെയോ സംരക്ഷണം അത്യന്താപേക്ഷിതമാക്കുന്നു. ഏതുവിധമായാലും ശരി, ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ ഇപ്രകാരം പറയുന്നു: “തങ്ങളെ അരക്ഷിതരാക്കുന്ന ഭയങ്ങൾ മിക്കയാളുകൾക്കുമുണ്ട്. സുരക്ഷ പ്രദാനം ചെയ്തുകൊണ്ട് അന്ധവിശ്വാസങ്ങൾ അത്തരം ഭയങ്ങളെ മറികടക്കാൻ സഹായിക്കുന്നു. ആളുകൾക്ക് അവർ ആഗ്രഹിക്കുന്നതു ലഭിക്കുമെന്നും കുഴപ്പങ്ങൾ ഒഴിവാകുമെന്നും ഉള്ള പൂർണവിശ്വാസം അവ പകർന്നു കൊടുക്കുന്നു.”
ഏലസ്സുകളുടെ സംശയാസ്പദമായ ശക്തി
അതുകൊണ്ട്, ലോകത്തുടനീളം ആളുകൾ വിവിധ തരത്തിലും രൂപത്തിലുമുള്ള ഏലസ്സുകളും മന്ത്രത്തകിടുകളും രക്ഷാകവചങ്ങളും അണിയുകയും കൊണ്ടുനടക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ മനുഷ്യനിർമിത രക്ഷാകവചങ്ങൾക്ക് ഏതെങ്കിലും യഥാർഥ സംരക്ഷണം നൽകാൻ കഴിയുമെന്നു വിശ്വസിക്കുന്നതു ന്യായയുക്തമാണോ? രക്ഷാകവചങ്ങൾ എന്നനിലയിൽ ജനപ്രീതിയോടെ ഉപയോഗിക്കപ്പെടുന്ന ഇനങ്ങളിൽ പലതും വൻതോതിൽ ഉത്പാദിപ്പിക്കപ്പെടുന്ന വാണിജ്യോത്പന്നങ്ങളാണ്. ഫാക്ടറിയിൽ സംയോജിപ്പിച്ച ഏതെങ്കിലും ഒരു സാധനത്തിന് അത്ഭുതകരമായ ശക്തിയുണ്ടായിരിക്കാൻ കഴിയുമെന്നു വിശ്വസിക്കുന്നതു യുക്തിയെയും സാമാന്യബുദ്ധിയെയും അതിലംഘിക്കുന്നില്ലേ? ഒരു നാടൻ വൈദ്യൻ വിശേഷരൂപേണ തയ്യാർ ചെയ്ത ഒരൗഷധമാണെങ്കിൽപ്പോലും, അതു വേരുകളും ഔഷധചെടികളും അതുപോലുള്ള മററു വസ്തുക്കളുമടങ്ങുന്ന സാധാരണ ഘടകങ്ങളുടെ ഒരു മിശ്രിതം എന്നതിൽക്കൂടുതൽ ഒന്നുമല്ല. എന്തുകൊണ്ട് അത്തരമൊരു മിശ്രിതത്തിനു മാന്ത്രിക ഗുണവിശേഷങ്ങൾ ഉണ്ടാകണം? കൂടാതെ, ഏലസ്സുകൾ ഉപയോഗിക്കുന്ന ആളുകൾ അപ്രകാരം ചെയ്യാത്തവരെക്കാൾ കൂടുതൽ കാലം ജീവിക്കുന്നു എന്നതിനോ കൂടുതൽ സന്തുഷ്ടരാണ് എന്നതിനോ വാസ്തവത്തിൽ എന്തെങ്കിലും തെളിവുണ്ടോ? അത്തരം മന്ത്രവാദപരമായ രക്ഷാകവചങ്ങൾ ഉണ്ടാക്കുന്നവർത്തന്നെ രോഗത്തിനും മരണത്തിനും ഇരകളായിത്തീരുന്നില്ലേ?
ജനങ്ങൾക്കു യഥാർഥ സംരക്ഷണവും തങ്ങളുടെ ജീവിതത്തിൻമേൽ ഒരു നിയന്ത്രണമുണ്ടെന്ന ബോധവും നൽകുന്നതിനുപകരം ഏലസ്സുകളുടെയും രക്ഷാകവചങ്ങളുടെയും അന്ധവിശ്വാസപരമായ ഉപയോഗം വാസ്തവത്തിൽ തങ്ങളുടെ പ്രശ്നങ്ങളെ ബുദ്ധിവൈഭവത്തോടെ നേരിടുന്നതിൽനിന്നു ജനങ്ങളെ നിരുത്സാഹപ്പെടുത്തുകയും ഒരു സർവരോഗനിവാരണം എന്നനിലയിൽ ഭാഗ്യത്തിലേക്കു നോക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഏലസ്സുകളുടെ ശക്തിയിലുള്ള ആശ്രയത്തിന് അത് ഉപയോഗിക്കുന്നയാൾക്ക് ഒരു വ്യാജസുരക്ഷിതത്വബോധവും പ്രദാനം ചെയ്തേക്കാം. മദ്യത്തിന്റെ സ്വാധീനത്തിലായിരിക്കുന്ന ഒരു മനുഷ്യൻ തന്റെ പ്രതികരണശേഷിക്കും പ്രാപ്തികൾക്കും തകരാറു സംഭവിച്ചിട്ടില്ലെന്ന് അവകാശപ്പെട്ടേക്കാം, എന്നാൽ അയാൾ വാഹനമോടിക്കാൻ ശ്രമിച്ചാൽ തനിക്കുതന്നെയോ മററുള്ളവർക്കോ അപകടം വരുത്തിക്കൂട്ടാൻ സാധ്യതയുണ്ട്. അതുപോലെ, ഒരു ഏലസ്സിന്റെ ശക്തിയിൽ ആശ്രയം വെക്കുന്നവൻ തനിക്കുതന്നെ ദോഷം വരുത്തിയേക്കാം. സംരക്ഷിക്കപ്പെടുന്നുവെന്ന മതിഭ്രമത്തിലിരുന്നുകൊണ്ട് അയാൾ മൗഢ്യമായ ഭാഗ്യപരീക്ഷണത്തിനു മുതിരാനോ ബുദ്ധിപൂർവമല്ലാത്ത തീരുമാനങ്ങൾ എടുക്കാനോ ചായ്വുള്ളവനായേക്കാം.
ഏലസ്സുകളുടെ ശക്തിയിലുള്ള വിശ്വാസം അവ ഉപയോഗിക്കുന്ന ലക്ഷക്കണക്കിനാളുകൾക്ക് അജ്ഞാതമായ മററു മാരകമായ അപകടങ്ങളും വരുത്തുന്നു. ഈ അപകടങ്ങൾ എന്തെല്ലാമാണ്, ദോഷം അകററാൻ ഉചിതമായ ഏതെങ്കിലും ഉപാധിയുണ്ടോ? പിൻവരുന്ന ലേഖനം ഈ ചോദ്യങ്ങൾ കൈകാര്യം ചെയ്യുന്നതായിരിക്കും.
[അടിക്കുറിപ്പ്]
a വെബ്സ്റേറഴ്സ് നയന്ത് ന്യൂ കൊളീജിയററ് ഡിക്ഷ്ണറി “ഏലസ്സ്” (“AMULET”) എന്നതിനെ “പലപ്പോഴും മാന്ത്രികവചനം ആലേഖനം ചെയ്ത (ഒരു ആഭരണമെന്ന നിലയിലുള്ള) ഒരു രക്ഷാകവചമായി അല്ലെങ്കിൽ അണിയുന്ന വ്യക്തിയെ (രോഗമോ മന്ത്രവാദമോ പോലുള്ള) ദൗർഭാഗ്യത്തിൽനിന്നു സംരക്ഷിക്കാനോ അയാളെ സഹായിക്കാനോ ഉള്ള പ്രതീക”മായി നിർവചിക്കുന്നു.