നിങ്ങൾ ഓർമിക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ അടുത്ത കാലത്തെ ലക്കങ്ങളുടെ വായന നിങ്ങൾ ആസ്വദിച്ചുവോ? കൊള്ളാം, ചുവടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നിങ്ങൾക്കാകുമോ എന്നു നോക്കുക:
◻ഒരു സഭയിൽ രോഗികളും വൃദ്ധരുമായിട്ടുള്ളവർക്ക് ഇക്കാലത്ത് എന്തു പ്രായോഗിക സഹായം ചെയ്തുകൊടുക്കാവുന്നതാണ്?
ആദിമ ക്രിസ്തീയ സഭയിൽ ഭൗതികസഹായം ആവശ്യമായിരുന്ന വിധവമാരുടെ ഒരു പേർവിവരപ്പട്ടിക സൂക്ഷിച്ചിരുന്നു. (1 തിമൊഥെയൊസ് 5:9, 10) അതുപോലെ ഇക്കാലത്തും പ്രത്യേക ശ്രദ്ധ ആവശ്യമായ രോഗികളുടെയും വൃദ്ധരുടെയും ഒരു പേർവിവരപ്പട്ടിക മൂപ്പൻമാർക്ക് ഉണ്ടാക്കാവുന്നതാണ്. എന്നുവരികിലും, ഈ കാര്യത്തിൽ മുൻകൈ എടുക്കുകയെന്നതു മൂപ്പൻമാരുടെ മാത്രം ഉത്തരവാദിത്വമായി കാണരുത്. അത്തരം ആവശ്യങ്ങൾ സംബന്ധിച്ചു സഭയിലെ എല്ലാവരും ബോധവാൻമാരായിരിക്കണം. (1 തിമൊഥെയൊസ് 5:4-8)—8⁄15, പേജുകൾ 28-9.
◻യോനായെ ഒരു കടൽജീവി വിഴുങ്ങിയെന്ന ബൈബിൾ കഥ അവിശ്വസനീയമാണോ?
അല്ല, സ്പേം തിമിംഗലത്തിനോ വലിയ വെൺസ്രാവിനോ തിമി-സ്രാവിനോ ഒരു മനുഷ്യനെ വിഴുങ്ങാനാവും. അതുമാത്രമല്ല യേശുതന്നെ യോനായെക്കുറിച്ചുള്ള വിവരണം സത്യമാണെന്നു സ്ഥിരീകരിക്കുകയുണ്ടായി. (മത്തായി 12:39, 40)—8⁄15, പേജ് 32.
◻ഏലസ്സുകളുടെയും രക്ഷാകവചങ്ങളുടെയും അന്ധവിശ്വാസപരമായ ഉപയോഗം മൂലമുള്ള ദോഷമെന്ത്?
അവയുടെ ഉപയോഗം വാസ്തവത്തിൽ ആളുകളെ തങ്ങളുടെ പ്രശ്നങ്ങളെ ബുദ്ധിപൂർവം അഭിമുഖീകരിക്കുന്നതിൽനിന്നു പിന്തിരിപ്പിക്കുകയും സകലത്തിനും പ്രതിവിധിയെന്നനിലയിൽ ഭാഗ്യത്തിലേക്കു തിരിയാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല, പ്രയോക്താവിന് അവ ഒരു വ്യാജസുരക്ഷാബോധമാണു പ്രദാനം ചെയ്യുന്നത്. അതിലും പ്രധാനമായി മന്ത്രവാദപരമായ ഏലസ്സുകളുടെയും സൗഭാഗ്യരക്ഷാകവചങ്ങളുടെയും ശക്തിയിൽ വിശ്വാസമർപ്പിക്കുന്ന ഒരു വ്യക്തി തന്റെ ജീവിതത്തിൻമേലുള്ള നിയന്ത്രണം അദൃശ്യ ഭൂത-ശക്തികൾക്കു വിട്ടുകൊടുത്തേക്കാം.—9⁄1, പേജ് 4.
◻വിവാഹബന്ധം നിലനിൽക്കാൻ സഹായിക്കുന്ന നാലു ഘടകങ്ങൾ ഏതെല്ലാം?
ശ്രദ്ധിക്കാനുള്ള മനസ്സൊരുക്കം, ക്ഷമാപണം നടത്താനുള്ള പ്രാപ്തി, പൊരുത്തമുള്ള വൈകാരിക പിന്തുണ പ്രദാനം ചെയ്യാനുള്ള കഴിവ്, വാത്സല്യപൂർവം സ്പർശിക്കാനുള്ള ആഗ്രഹം എന്നിവയാണവ. (1 കൊരിന്ത്യർ 13:4-8; എഫെസ്യർ 5:33; യാക്കോബ് 1:19)—9⁄1, പേജ് 20.
◻പരിശോധനകൾ അഭിമുഖീകരിക്കുന്നവർക്കു യഹോവ സഹിഷ്ണുത പ്രദാനം ചെയ്യുന്ന ഒരു മാർഗമേത്?
തന്റെ വചനമായ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന സഹിഷ്ണുതയുടെ ദൃഷ്ടാന്തങ്ങളിലൂടെ യഹോവ ഇതു ചെയ്യുന്നു. (റോമർ 15:4) ഇവയെക്കുറിച്ചു ധ്യാനിക്കുമ്പോൾ നാം സഹിച്ചുനിൽക്കാൻ പ്രോത്സാഹിപ്പിക്കപ്പെടുകയും എങ്ങനെ സഹിച്ചുനിൽക്കണമെന്നതു സംബന്ധിച്ചു വളരെയധികം പഠിക്കുകയും ചെയ്യുന്നു.—9⁄15, പേജുകൾ 11-12.
◻ ദൈവഭക്തി എന്നാലെന്ത്?
ദൈവഭക്തി അർഥമാക്കുന്നത് ക്ലേശകരമായ പീഡാനുഭവത്തിന്റെ ഭീഷണിയിൻ കീഴിൽപ്പോലും യഹോവയ്ക്കു പ്രസാദകരമായതു ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്ന അവിടുത്തോടുള്ള ഭക്തിയെയാണ്, കാരണം നാം ദൈവത്തെ ഹൃദയത്തിൽനിന്നു സ്നേഹിക്കുന്നു.—9⁄15, പേജ് 15.
◻ദൈവത്തിന്റെ കരുണയെ നാം എങ്ങനെ വീക്ഷിക്കണം?
ദൈവത്തിന്റെ മഹാ കരുണയെ നാം ഒരിക്കലും നിസ്സാരമായി കാണരുത്. നമ്മുടെതന്നെ അപൂർണതകളോടു പോരാടിക്കൊണ്ട് പൗലോസിനെപ്പോലെ ആയിരിക്കുകയും വിലമതിപ്പു പ്രകടമാക്കുകയും വേണം. (1 കൊരിന്ത്യർ 9:27) വിഷമതകളുടെ നടുവിലാണെങ്കിൽപ്പോലും നമുക്കു ശരിയായതു ചെയ്യാനുള്ള യഥാർഥമായ ആഗ്രഹമുണ്ടെന്നു നാം ഈവിധം പ്രകടമാക്കും.—10⁄1, പേജ് 23.
◻ പൗലോസ് അപ്പോസ്തലൻ സ്നേഹത്തിന്റെ ആദ്യസവിശേഷതയായി ദീർഘക്ഷമയെ പട്ടികപ്പെടുത്തിയിരിക്കുന്നത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
ദീർഘക്ഷമ കാട്ടാതെ, അഥവാ അന്യോന്യം ക്ഷമാപൂർവം പൊരുത്തപ്പെടാതെ ക്രിസ്തീയ ഐക്യം സാധ്യമല്ല എന്നു പറയപ്പെട്ടിരിക്കുന്നു. ഇതിനു കാരണം നാമെല്ലാം അപൂർണരും നമ്മുടെ അപൂർണതകളും കുറവുകളും മററുള്ളവർക്കു പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു എന്നതാണ്. അതുകൊണ്ട് സഹോദരങ്ങൾക്കിടയിൽ സ്നേഹം നിലനിൽക്കണമെങ്കിൽ ദീർഘക്ഷമ അടിസ്ഥാന ഘടകമാണ്.—10⁄15, പേജ് 21.
◻ ആദിമക്രിസ്ത്യാനികൾ ദൈവനാമം ഉപയോഗിച്ചുവോ?
ഉപയോഗിച്ചിരുന്നു എന്നാണു തെളിവുകൾ പറയുന്നത്. “നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ” എന്നു ദൈവത്തോടു പ്രാർഥിക്കാൻ യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചു. (മത്തായി 6:9) “നീ ലോകത്തിൽനിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യർക്കു ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു” എന്ന് തന്റെ ശുശ്രൂഷയുടെ അവസാനത്തിങ്കൽ അവിടുന്നു പ്രാർഥിച്ചു. (യോഹന്നാൻ 17:6) കൂടാതെ, എബ്രായ ചതുരക്ഷരിയുടെ രൂപത്തിൽ ദൈവനാമം സെപ്ററുവജിൻറിന്റെ ആദ്യകാല പകർപ്പുകളിൽ കാണപ്പെടുകയും ചെയ്തിരുന്നു.—11⁄1, പേജ് 30.
◻നാം നമ്മുടെ തെററുകൾ കൈകാര്യം ചെയ്യുന്നവിധത്തിനു നമ്മുടെ ജീവിതത്തെ ബാധിക്കാനാകും എന്നു പ്രകടമാക്കുന്ന ബൈബിൾ ദൃഷ്ടാന്തങ്ങളേവ?
ശൗൽ രാജാവ് ബുദ്ധ്യുപദേശത്തോടു ശാഠ്യപൂർവം മറുത്തുനിന്നു, തെററുകൾ പെരുകി, അവസാനം അതു ദൈവപ്രീതിയില്ലാതെ മരിക്കുന്നതിൽ കലാശിച്ചു. (1 ശമൂവേൽ 15:17-29) നേരെമറിച്ച്, തന്റെ ഭാഗത്തു തെററുകൾ ഉണ്ടായിരുന്നിട്ടും ദാവീദ് രാജാവ് മനസ്താപപൂർവം തിരുത്തൽ സ്വീകരിച്ച് യഹോവയോടു വിശ്വസ്തനായി നിലകൊണ്ടു. നമ്മുടെ തെററുകൾ സമ്മതിക്കുന്നതു ദൈവവുമായി ഒരു നല്ല ബന്ധം നിലനിർത്താനും അങ്ങനെ നിത്യജീവന്റെ പ്രതീക്ഷ ഉണ്ടായിരിക്കാനും നമ്മെ സഹായിക്കുന്നു എന്ന് ഈ ബൈബിൾ ദൃഷ്ടാന്തങ്ങൾ പ്രകടമാക്കുന്നു. (സങ്കീർത്തനം 32:1-5)—11⁄15, പേജുകൾ 29-30.
◻പ്രകൃതിവിപത്തുകളാലോ മററു കാരണങ്ങളാലോ ദൈവജനം അരിഷ്ടതയിലായിരിക്കുമ്പോൾ യഹോവ അവരുടെ സഹായത്തിനെത്തുന്നതെങ്ങനെ?
അത്ഭുതകരമായി പ്രകൃതിശക്തികളെ പിന്നോട്ടു തിരിച്ചുകൊണ്ടോ മറേറതെങ്കിലും അമാനുഷിക പ്രവൃത്തി ചെയ്തുകൊണ്ടോ അല്ല യഹോവ സഹായിക്കുന്നത്. അത് മിക്കയാളുകൾക്കും പൂർണമായും പിടികിട്ടാത്ത മറെറാരു ശക്തിയാലാണ്—സ്നേഹത്താൽ. അതേ, യഹോവ തന്റെ ജനത്തെ സ്നേഹിക്കുന്നു, അവിടുന്ന് അവർക്കിടയിൽ ഒരു പരസ്പര സ്നേഹത്തെ പരിപോഷിപ്പിച്ചിരിക്കുന്നു, അത്ഭുതകരമെന്നു തോന്നുന്ന സംഗതി അവിടുന്ന് അവർക്കുവേണ്ടി നിവർത്തിച്ചുകൊടുക്കാൻ മാത്രം അത് അത്ര ശക്തമാണ്. (1 യോഹന്നാൻ 4:10-12, 21)—12⁄1, പേജ് 10.