തെററു സമ്മതിക്കേണ്ടത് എന്തുകൊണ്ട്?
അത് സൈനിക ചരിത്രത്തിലെ ഏററവും അസാധാരണമായ മുഖാമുഖങ്ങളിൽ ഒന്നായിരുന്നു. ഒരു അപമാനത്തിനു പകരംവീട്ടുന്നതിനു തീരുമാനിച്ചുറച്ചിരുന്ന കഠിനമനസ്കരായ 400 പടയാളികളെ നിരായുധയായ ഒരു സന്ദേശവാഹക പിന്തിരിപ്പിച്ചു. ധീരയായ ആ ഒരൊററ വനിതയുടെ അഭ്യർഥനകൾ കേട്ടശേഷം ആ യോദ്ധാക്കളുടെ നേതാവു തന്റെ ദൗത്യം ഉപേക്ഷിച്ചു.
ആ നേതാവ് പിന്നീട് ഇസ്രയേലിന്റെ രാജാവായിത്തീർന്ന ദാവീദ് ആയിരുന്നു. ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിച്ചതുകൊണ്ട് അദ്ദേഹം അബീഗയിൽ എന്ന ആ സ്ത്രീക്കു ചെവികൊടുത്തു. തന്റെ ഭർത്താവായ നാബാലിനോടു പ്രതികാരം ചെയ്യുന്നതു രക്തപാതകത്തിൽ കലാശിക്കുമെന്ന് അവൾ നയപൂർവം കാണിച്ചുകൊടുത്തപ്പോൾ ദാവീദ് പ്രഖ്യാപിച്ചു: “എന്നെ എതിരേല്പാൻ നിന്നെ ഇന്നു അയച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവെക്കു സ്തോത്രം. നിന്റെ വിവേകം സ്തുത്യം; രക്തപാതകവും സ്വന്തകയ്യാൽ പ്രതികാരവും ചെയ്യാതവണ്ണം എന്നെ ഇന്നു തടുത്തിരിക്കുന്ന നീയും അനുഗ്രഹിക്കപ്പെട്ടവൾ.” ഒരു കൊടിയ തെററു ചെയ്യുന്നതിൽനിന്നു തന്നെ തടയുന്നതിനു ദൈവം അബീഗയലിനെ ഉപയോഗിച്ചതിൽ ദാവീദ് നന്ദിയുള്ളവനായിരുന്നു.—1 ശമൂവേൽ 25:9-35.
ഒരു സങ്കീർത്തനത്തിൽ ദാവീദ് ചോദിച്ചു: “തന്റെ തെററുകളെ ഗ്രഹിക്കുന്നവൻ ആർ?” (സങ്കീർത്തനം 19:12) അദ്ദേഹത്തെപ്പോലെ നാമും നമ്മുടെ തെററുകൾ ആരെങ്കിലും ചൂണ്ടിക്കാട്ടുന്നതുവരെ അതേപ്പററി ബോധ്യമില്ലാത്തവരായിരുന്നേക്കാം. മററുചില അവസരങ്ങളിൽ അസുഖകരമായ പരിണതഫലങ്ങൾ നാം തെററുചെയ്തുവെന്നും ബുദ്ധിശൂന്യരും ദയയില്ലാത്തവരുമായിരുന്നുവെന്നും തിരിച്ചറിയാൻ നമ്മെ നിർബന്ധിതരാക്കുന്നു.
നൈരാശ്യത്തിനു കാരണമില്ല
നാം എല്ലാവരും തെററു ചെയ്യുന്നുവെങ്കിലും ഇവ നൈരാശ്യത്തിനു കാരണമാകേണ്ടതില്ല. നയതന്ത്രജ്ഞനായ ജോൺ ഫെൽപ്സ് നിരീക്ഷിച്ചു: “തെററു ചെയ്യാത്ത മനുഷ്യൻ സാധാരണ ഒന്നും ആയിത്തീരുന്നില്ല.” കൂടാതെ ക്രിസ്തീയ ശിഷ്യനായ യാക്കോബ് പറഞ്ഞു: “നാം എല്ലാവരും പലതിലും തെററിപ്പോകുന്നു.” (യാക്കോബ് 3:2) ഒരിക്കലും ഇടറാതെ ഒരു കുട്ടി നടക്കാൻ പഠിക്കുമോ? ഇല്ല, കാരണം ഒരു കുട്ടി തെററുകളിൽനിന്നു പഠിക്കുകയും സമനില കിട്ടുന്നതുവരെ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
സമനിലയോടു കൂടിയ ജീവിതം നയിക്കുന്നതിനു നമ്മുടെയും മററുള്ളവരുടെയും തെററുകളിൽനിന്നു നാം പഠിക്കേണ്ടത് ആവശ്യമാണ്. നമ്മുടെ അതേ സാഹചര്യങ്ങളെ പ്രതിഫലിപ്പിച്ചേക്കാവുന്ന അനേകരുടെയും അനുഭവങ്ങൾ ബൈബിൾ വിവരിക്കുന്നതുകൊണ്ട് അവർ ചെയ്ത അതേ തെററുകൾ ചെയ്യുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കുവാൻ അതിനു നമ്മെ സഹായിക്കാനാവും. അപ്പോൾ, തെററുകളിൽനിന്നു നമുക്ക് എന്തു പഠിക്കാൻ കഴിയും?
താഴ്മ മർമപ്രധാനമായ ഒരു ഗുണം
തെററു ചെയ്യുന്ന എല്ലാവരെയും ദൈവം കുററം വിധിക്കുന്നില്ല, എന്നാൽ സാധ്യമാകുമ്പോഴും അവയെ തിരുത്താൻ വിസമ്മതിക്കുന്നവരെ മാത്രം ന്യായം വിധിക്കുന്നു എന്നതാണ് ഒരു പാഠം. ഇസ്രയേലിന്റെ രാജാവായ ശൗൽ അമാലേക്യരെ നിർമൂലമാക്കാനുള്ള യഹോവയുടെ നിർദേശങ്ങൾ ലംഘിച്ചു. പ്രവാചകനായ ശമുവേലിനെ അഭിമുഖീകരിച്ചപ്പോൾ ശൗൽ ആദ്യം കാര്യങ്ങളെ ലഘൂകരിക്കാൻ ശ്രമിക്കുകയും പിന്നീട് മററുള്ളവരെ പഴിചാരാൻ ശ്രമിക്കുകയും ചെയ്തു. തെററു തിരുത്തുന്നതിനെക്കാൾ അധികമായി തന്റെ ആളുകളുടെ മുമ്പാകെ തരംതാഴ്ത്തപ്പെടുന്നതിനെക്കുറിച്ചായിരുന്നു അദ്ദേഹം ഉത്കണ്ഠപ്പെട്ടത്. അതുകൊണ്ട്, ‘യഹോവ അദ്ദേഹത്തെ രാജസ്ഥാനത്തിൽനിന്നു തള്ളിക്കളഞ്ഞു.’—1 ശമൂവേൽ 15:20-23, 30.
ശൗലിന്റെ പിൻഗാമിയായ ദാവീദ് ഗുരുതരമായ തെററുകൾ ചെയ്തെങ്കിലും ബുദ്ധ്യുപദേശവും ശിക്ഷണവും താഴ്മയോടെ കൈക്കൊണ്ടതിനാൽ അദ്ദേഹം ക്ഷമയ്ക്കു പാത്രീഭൂതനായി. ദാവീദിന്റെ താഴ്മ അബീഗയിലിന്റെ വാക്കുകൾ അനുസരിക്കുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചു. അദ്ദേഹത്തിന്റെ സൈന്യം ഏററുമുട്ടലിനു തയ്യാറായിനിൽക്കുകയായിരുന്നു. എങ്കിലും, താൻ വീണ്ടുവിചാരമില്ലാത്ത ഒരു തീരുമാനമെടുത്തുവെന്നു തന്റെ പടയാളികളുടെ മുമ്പിൽവച്ചു ദാവീദ് സമ്മതിച്ചുപറഞ്ഞു. അപ്രകാരമുള്ള താഴ്മ തന്റെ ജീവിതകാലം മുഴുവൻ ക്ഷമ യാചിക്കുന്നതിനും തന്റെ നടപടികളെ തിരുത്തുന്നതിനും ദാവീദിനെ സഹായിച്ചു.
ചിന്താശൂന്യമായ അഭിപ്രായങ്ങളെ തിരുത്തുന്നതിനും താഴ്മ യഹോവയുടെ ദാസൻമാരെ പ്രേരിപ്പിക്കുന്നു. യഹൂദ ന്യായാധിപസംഘത്തിന്റെ മുമ്പാകെ വിചാരണനടന്നുകൊണ്ടിരുന്നപ്പോൾ മഹാപുരോഹിതൻ പൗലോസിനെ അടിപ്പാൻ കല്പിച്ചു. “ദൈവം നിന്നെ അടിക്കും വെള്ളതേച്ച ചുവരേ” എന്ന് അപ്പോസ്തലൻ പ്രത്യുത്തരം നൽകി. (പ്രവൃത്തികൾ 23:3) ഒരുപക്ഷേ, മോശമായ കാഴ്ചശക്തി നിമിത്തമാകാം അടുത്തുനിന്നവർ “നീ ദൈവത്തിന്റെ മഹാപുരോഹിതനെ ശകാരിക്കുന്നുവോ” എന്നു ചോദിക്കുന്നതുവരെ താൻ സംബോധനചെയ്യുന്നത് ആരെയാണെന്നു പൗലോസ് തിരിച്ചറിഞ്ഞില്ല. അതിങ്കൽ, “സഹോദരൻമാരേ, മഹാപുരോഹിതൻ എന്നു ഞാൻ അറിഞ്ഞില്ല; ‘നിന്റെ ജനത്തിന്റെ അധിപതിയെ ദുഷിക്കരുതു എന്നു എഴുതിയിരിക്കുന്നുവല്ലോ’” എന്നു പറഞ്ഞു പൗലോസ് പെട്ടെന്നുതന്നെ തന്റെ തെററു സമ്മതിച്ചു. (പ്രവൃത്തികൾ 23:4, 5; പുറപ്പാടു 22:28) അതേ, പൗലോസ് താഴ്മയോടെ തന്റെ തെററു സമ്മതിച്ചു.
അവർ തെററുകൾ സമ്മതിച്ചു
ചിലർ തങ്ങളുടെ തെററായ ചിന്താരീതി തിരുത്തിയതായും ബൈബിൾ പറയുന്നു. ദൃഷ്ടാന്തത്തിന്, സങ്കീർത്തനക്കാരനായ ആസാഫിനെക്കുറിച്ചു പരിചിന്തിക്കുക. ദുഷ്ട ജനങ്ങൾ സുഖിക്കുന്നതായി തോന്നിയതുകൊണ്ട് അദ്ദേഹം പറഞ്ഞു: “ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചതു . . . വ്യർത്ഥമത്രേ.” എന്നാൽ യഹോവയുടെ മന്ദിരത്തിലേക്കു പോകുകയും നിർമലാരാധനയുടെ പ്രയോജനങ്ങളെക്കുറിച്ചു ധ്യാനിക്കുകയും ചെയ്തശേഷം ആസാഫിനു വിവേകമുദിച്ചു. കൂടാതെ, തന്റെ തെററ് അദ്ദേഹം സങ്കീർത്തനം 73-ൽ സമ്മതിച്ചു പറഞ്ഞു.
തെററായ ചിന്താരീതികൊണ്ടു തന്റെ വീക്ഷണഗതിയെ വികലമാക്കാൻ യോനായും അനുവദിച്ചു. നീനെവേയിൽ പ്രസംഗിച്ചശേഷം ആ പട്ടണത്തിലെ നിവാസികളെ രക്ഷിക്കുന്നതിനെക്കുറിച്ചായിരിക്കുന്നതിനു പകരം അദ്ദേഹം വ്യക്തിപരമായ സംസ്ഥാപനത്തെക്കുറിച്ചായിരുന്നു തത്പരനായിരുന്നത്. നീനെവേക്കാരുടെ മാനസാന്തരത്തിനുശേഷവും യഹോവ അവരെ നശിപ്പിക്കാഞ്ഞതിൽ യോനാ അസന്തുഷ്ടനായിരുന്നു, എന്നാൽ ദൈവം അദ്ദേഹത്തെ തിരുത്തി. തന്റെ വീക്ഷണം തെററായിരുന്നുവെന്നു യോനാ തിരിച്ചറിയാനിടയായി കാരണം, അദ്ദേഹത്തിന്റെ പേരു വഹിക്കുന്ന ബൈബിൾ പുസ്തകം സത്യസന്ധതയോടെ അദ്ദേഹത്തിന്റെ തെററുകൾ സമ്മതിക്കുന്നുണ്ട്.—യോനാ 3:10–4:11.
പിശാചായ സാത്താനല്ല മറിച്ച്, യഹോവയാണു തന്റെ ദുരിതങ്ങൾക്കു കാരണക്കാരൻ എന്നു തെററായി ഊഹിച്ചുകൊണ്ടു തന്റെ കഷ്ടതക്കു താൻ അർഹനല്ല എന്ന് ഇയ്യോബ് തെളിയിക്കാൻ ശ്രമിച്ചു. പരിശോധനയിൻകീഴിൽ ദൈവദാസർ അവിടുത്തോടു വിശ്വസ്തരായി നിലകൊള്ളുമോ എന്ന വലിയ വിവാദത്തെ സംബന്ധിച്ച് അദ്ദേഹം ബോധവാനായിരുന്നില്ല. (ഇയ്യോബ് 1:9-12) ആദ്യം എലീഹുവും പിന്നീടു യഹോവയും ഇയ്യോബിൻറ തെററുകൾ കാണുന്നതിന് അദ്ദേഹത്തെ സഹായിച്ചപ്പോൾ, “ഞാൻ തിരിച്ചറിയാതെ പറഞ്ഞുപോയി . . . ആകയാൽ ഞാൻ എന്നെത്തന്നേ വെറുത്തു പൊടിയിലും ചാരത്തിലും കിടന്നു അനുതപിക്കുന്നു” എന്ന് അദ്ദേഹം സമ്മതിച്ചുപറഞ്ഞു.—ഇയ്യോബ് 42:3, 6.
തെററുകൾ സമ്മതിക്കുന്നത് ദൈവവുമായി ഒരു നല്ല ബന്ധം നിലനിർത്തുവാൻ നമ്മെ സഹായിക്കുന്നു. മേൽപ്പറഞ്ഞ ദൃഷ്ടാന്തങ്ങൾ കാണിക്കുന്നപ്രകാരം, നാം നമ്മുടെ തെററുകൾ സമ്മതിക്കുകയും തെററായ ചിന്തകളും വീണ്ടുവിചാരമില്ലാത്ത വാക്കുകളും എടുത്തുചാട്ടങ്ങളും തിരുത്തുന്നതിനു നമ്മളാൽ കഴിയുന്നതു ചെയ്യുകയുമാണെങ്കിൽ അവിടുന്നു നമ്മെ കുററംവിധിക്കുകയില്ല. ഈ അറിവ് നമുക്ക് എങ്ങനെ ബാധകമാക്കാം?
നമ്മുടെ തെററുകൾ സംബന്ധിച്ചു ചിലതുചെയ്യൽ
താഴ്മയോടെ ഒരു തെററു സമ്മതിക്കുന്നതും അതു സംബന്ധിച്ച് എന്തെങ്കിലും ചെയ്യുന്നതും കുടുംബബന്ധങ്ങളെ ബലപ്പെടുത്താൻ ഇടയാക്കും. ദൃഷ്ടാന്തത്തിന്, ക്ഷീണമോ അസഹ്യതയോ മൂലം ഒരുപക്ഷേ മാതാപിതാക്കളിലൊരാൾ അങ്ങേയററം കാർക്കശ്യത്തോടെ കുട്ടികൾക്കു ശിക്ഷണം നൽകിയേക്കാം. ഈ തെററു തിരുത്തുന്നതിനു വിസ്സമ്മതിക്കുന്നതു മോശമായ ഫലം ചെയ്തേക്കാം. തദനുസൃതമായി, അപ്പോസ്തലനായ പൗലോസ് എഴുതി: “പിതാക്കൻമാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോററി വളർത്തുവിൻ.”—എഫെസ്യർ 6:4.
പോൾ എന്നു പേരുള്ള ഒരു യുവ ക്രിസ്ത്യാനി ഊഷ്മളതയോടെ അനുസ്മരിക്കുന്നു: “തന്റെ പെരുമാററം പരിധി കവിഞ്ഞുപോയി എന്നു ഡാഡിക്കു തോന്നിയപ്പോഴെല്ലാം അദ്ദേഹം ക്ഷമാപണം നടത്തി. അത് അദ്ദേഹത്തെ ബഹുമാനിക്കുന്നതിന് എന്നെ സഹായിച്ചു.” ക്ഷമാപണം ഒരു പ്രത്യേക സാഹചര്യത്തിൽ ആവശ്യമാണോ എന്നതു വ്യക്തിപരമായ തീരുമാനമാണ്. എന്നിരുന്നാലും, ക്ഷമാപണത്തെത്തുടർന്ന് അപ്രകാരമുള്ള തെററുകൾ ഭാവിയിൽ ഒഴിവാക്കാനുള്ള ആത്മാർഥമായ ശ്രമങ്ങൾ ആവശ്യമാണ്.
ഒരു ഭർത്താവോ ഭാര്യയോ കഷ്ടപ്പാടിനിടയാക്കുന്ന തെററുകൾ ചെയ്യുകയാണെങ്കിലെന്ത്? തുറന്ന സമ്മതവും ഹൃദയംഗമമായ ക്ഷമാപണവും ക്ഷമിക്കുന്നതിനുള്ള ഒരു മനസ്സും അവരുടെ സ്നേഹപുരസ്സരമായ ബന്ധം നിലനിർത്തുന്നതിനു സഹായിക്കും. (എഫെസ്യർ 5:33; കൊലൊസ്സ്യർ 3:13) പെട്ടെന്നു ക്ഷോഭിക്കുന്ന പ്രകൃതമുള്ള, 50 വയസ്സുള്ള സ്പെയ്ൻകാരനായ കാസൂസ് തന്റെ ഭാര്യയായ അൽബിനയോടു ക്ഷമാപണം നടത്താനാവാത്തവിധം ഗർവിയല്ല. “പരസ്പരം വൃണപ്പെടുത്തുമ്പോഴൊക്കെ ക്ഷമാപണം നടത്തുന്ന ശീലം ഞങ്ങൾക്കുണ്ട്. ഇതു സ്നേഹത്തോടെ പരസ്പരം പൊറുക്കുന്നതിനു ഞങ്ങളെ സഹായിക്കുന്നു” എന്ന് അദ്ദേഹത്തിന്റെ ഭാര്യ പറയുന്നു.
ഒരു മൂപ്പൻ തെററു ചെയ്യുമ്പോൾ
തെററുകൾ സമ്മതിക്കുന്നതും ആത്മാർഥമായ ക്ഷമാപണം നടത്തുന്നതും ഒരുമയിൽ പ്രവർത്തിക്കുന്നതിനും ‘പരസ്പരം ബഹുമാനിക്കുന്നതിനും’ ക്രിസ്തീയ മൂപ്പൻമാരെ സഹായിക്കും. (റോമർ 12:10) സഭയിൽ തന്റെ അധികാരത്തിന് ഇളക്കം തട്ടും എന്ന ഭയത്തിൽ ഒരു മൂപ്പൻ ഒരു തെററു സമ്മതിക്കുന്നതിനു വൈമനസ്യമുള്ളവനായിരുന്നേക്കാം. പക്ഷേ, ഒരു തെററിനെ ന്യായീകരിക്കാനോ, അവഗണിക്കാനോ, ലഘൂകരിക്കാനോ ഉള്ള ശ്രമമാണു മററുള്ളവർക്ക് അദ്ദേഹത്തിന്റെ മേൽവിചാരണയിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഏറെ ഇടവരുത്തുന്നത്. ചിലപ്പോൾ വീണ്ടുവിചാരമില്ലാതെ ചില അഭിപ്രായങ്ങളോ മറേറാ പറഞ്ഞു പോയതിന്റെപേരിൽ താഴ്മയോടെ ക്ഷമാപണം നടത്തുന്ന പക്വതയുള്ള ഒരു സഹോദരൻ മററുള്ളവരുടെ ആദരവു നേടുന്നു.
ഒരു സർക്കിട്ട് മേൽവിചാരകൻ മൂപ്പൻമാരുടെ ഒരു വലിയ കൂട്ടത്തിനുമേൽ അധ്യക്ഷത വഹിച്ചുകൊണ്ടിരുന്നതിനിടയിൽ ഒരു യോഗം എങ്ങനെ നടത്തണം എന്നതിനെ സംബന്ധിച്ചു സൂക്ഷ്മമല്ലാത്ത ഒരു പ്രസ്താവന നടത്തിയ സന്ദർഭത്തെക്കുറിച്ചു ഫെർനാൻഡോ എന്നു പേരുള്ള സ്പെയ്നിലെ ഒരു മൂപ്പൻ അനുസ്മരിക്കുന്നു. അദ്ദേഹം പറഞ്ഞതിനെ ആദരവോടുകൂടി ഒരു മൂപ്പൻ തിരുത്തിയപ്പോൾ ആ സർക്കിട്ട് മേൽവിചാരകൻ തനിക്കു തെററുപററിയെന്ന് ഉടൻ സമ്മതിച്ചു. ഫെർനാൻഡോ അനുസ്മരിക്കുന്നു: “ആ മൂപ്പൻമാരുടെയെല്ലാം മുമ്പാകെ അദ്ദേഹം തെററു സമ്മതിച്ചപ്പോൾ അത് എന്നിൽ വളരെയധികം മതിപ്പുളവാക്കി. ആ ക്ഷമാപണത്തിനുശേഷം ഞാൻ അദ്ദേഹത്തെ വളരെക്കൂടുതൽ ആദരിച്ചു. എന്റെ സ്വന്തം തെററുകൾ തിരിച്ചറിയേണ്ടത് എത്ര പ്രധാനമാണെന്ന് അദ്ദേഹത്തിന്റെ ദൃഷ്ടാന്തം എന്നെ പഠിപ്പിച്ചു.”
തെററു സമ്മതിക്കാൻ തിടുക്കമുള്ളവരായിരിക്കുക
സാധാരണഗതിയിൽ ഒരു ക്ഷമാപണം വിലമതിക്കപ്പെടുന്നു, എന്നാൽ അതു പെട്ടെന്നാകുമ്പോൾ വിശേഷിച്ചും അങ്ങനെതന്നെ. വാസ്തവം പറഞ്ഞാൽ എത്രയും പെട്ടെന്നു നാം ഒരു തെററു സമ്മതിക്കുന്നുവോ അത്രയും മെച്ചംതന്നെ. ദൃഷ്ടാന്തീകരിക്കുന്നതിന്: ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമല്ലെന്നു തറപ്പിച്ചു പറഞ്ഞതിന് 360 വർഷം മുമ്പ്, ഗലീലിയോയെ ശിക്ഷിച്ച മതവിചാരണാനടപടി “തെററായി”പ്പോയി എന്ന് 1992 ഒക്ടോബർ 31-നു പോപ്പ് ജോൺ പോൾ II-ാമൻ സമ്മതിച്ചു. എങ്കിലും ഒരു ക്ഷമാപണം അത്രയുംകാലം നീട്ടിവയ്ക്കുന്നത് അതിന്റെ മൂല്യം ക്ഷയിപ്പിക്കുന്നു.
വ്യക്തിപരമായ ബന്ധങ്ങളിലും ഇതു ശരിയാണ്. പെട്ടെന്നുള്ള ഒരു ക്ഷമാപണത്തിന് നിർദയമായ വാക്കിനാലോ പ്രവൃത്തിയാലോ ഉണ്ടായ മുറിവുണക്കുന്നതിനു കഴിയും. സമാധാനം സ്ഥാപിക്കുന്നതിൽ താമസിക്കരുത് എന്ന് പിൻവരുന്നപ്രകാരം പറഞ്ഞുകൊണ്ടു യേശു നമ്മെ പ്രോത്സാഹിപ്പിച്ചു: “നീ ബലിപീഠത്തിൽ കാഴ്ചയർപ്പിക്കുമ്പോൾ നിന്റെ സഹോദരനു നിന്നോടു എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓർത്താൽ കാഴ്ചവസ്തു അവിടെ ബലിപീഠത്തിനുമുമ്പിൽ വച്ചിട്ട് പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്ചയർപ്പിക്കുക.” (മത്തായി 5:23, 24, പി.ഒ.സി. ബൈ.) മിക്കപ്പോഴും സമാധാനബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതിനു നാം കാര്യങ്ങൾ തെററായി കൈകാര്യം ചെയ്തുപോയെന്നു സമ്മതിച്ചു ക്ഷമ യാചിക്കുകയേ വേണ്ടൂ. അതു നാം ചെയ്യാൻ താമസിക്കുന്തോറും കൂടുതൽ പ്രയാസകരമായിത്തീരുന്നു.
തെററു സമ്മതിക്കാൻ സന്തോഷമുള്ളവർ
ശൗലിന്റെയും ദാവീദിന്റെയും ദൃഷ്ടാന്തങ്ങൾ ചിത്രീകരിക്കുന്നപ്രകാരം നാം തെററുകളെ കൈകാര്യം ചെയ്യുന്നവിധത്തിനു നമ്മുടെ ജീവിതത്തെ ബാധിക്കാൻ കഴിയും. ശൗൽ നിർബന്ധബുദ്ധിയോടെ ബുദ്ധ്യുപദേശത്തെ ചെറുത്തു, അദ്ദേഹത്തിന്റെ തെററുകൾ അനവധി മടങ്ങായി പെരുകി, ഒടുവിൽ ദൈവത്തിന്റെ അപ്രീതിയിൽ മരിക്കുന്നതിൽ കലാശിക്കുകയും ചെയ്തു. ദാവീദിന്റെ തെററുകളും പാപങ്ങളും എന്തുതന്നെയായിരുന്നാലും ദാവീദ് അനുതാപത്തോടെ തിരുത്തൽ സ്വീകരിക്കുകയും യഹോവയോടു വിശ്വസ്തനായി നിലകൊള്ളുകയും ചെയ്തു. (സങ്കീർത്തനം 32:3-5 താരതമ്യം ചെയ്യുക.) നമ്മുടെ ആഗ്രഹവും അതല്ലേ?
ഒരു തെററു സമ്മതിക്കുകയും തിരുത്തുകയും ചെയ്യുന്നതിന്റെ അല്ലെങ്കിൽ പാപം ചെയ്തതിൽ അനുതപിക്കുന്നതിന്റെ ഏററവും വലിയ ഫലം ദൈവം അതു ക്ഷമിച്ചു എന്ന് അറിയുന്നതാണ്. ‘പാപം മറെച്ചും . . . യഹോവ അകൃത്യം കണക്കിടാതെയും . . . ഇരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ’ എന്നു ദാവീദ് പറഞ്ഞു. (സങ്കീർത്തനം 32:1, 2) ആ സ്ഥിതിക്ക്, തെററു സമ്മതിക്കുന്നത് എത്ര ജ്ഞാനമാണ്!
[29-ാം പേജിലെ ചിത്രം]
ഒരു കുട്ടി ഒരിക്കലും ഇടറാതെ നടക്കാൻ പഠിക്കുമോ?