പയനിയർസേവനത്തിൽ തുടർന്നു നിലനിൽക്കുക
ഏതാണ്ടു 45,00,000-ത്തോളം യഹോവയുടെ സാക്ഷികൾ ലോകവിസ്തൃതമായി സുവാർത്ത പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ ഇടയിൽ 6,00,000-ത്തിനുമേൽ പയനിയർമാർ അഥവാ മുഴുസമയ രാജ്യപ്രഘോഷകർ ഉണ്ട്. പയനിയർമാരുടെ ഈ വൻപടയിലുള്ളവർ ബാലജനങ്ങൾമുതൽ ജോലിയിൽനിന്നു വിരമിച്ച് തങ്ങളുടെ 90-കളിലെത്തിയവർവരെയാണ്. അവർ എല്ലാ പശ്ചാത്തലങ്ങളിലും ജീവിതത്തുറകളിലും നിന്നുള്ളവരാണ്.
നിസ്സംശയമായും ഈ മുഴുസമയ പ്രസംഗകരെല്ലാം പയനിയർ ശുശ്രൂഷയിൽ വിജയിക്കാൻ ആഗ്രഹിക്കുന്നു. പലരും അതിനെ തങ്ങളുടെ ആജീവനാന്ത ജോലിയാക്കാൻ അഭിലഷിക്കുന്നു. ചില കാരണങ്ങളാൽ അപ്രകാരം ചെയ്യാൻ ചിലർ അപ്രാപ്തരാണ്. എന്നിരുന്നാലും മററുചിലർക്കു സാമ്പത്തിക വിഷമതകളും മോശമായ ആരോഗ്യവും നിരുത്സാഹവും മററുചില പ്രശ്നങ്ങളും ഉണ്ടായിരുന്നിട്ടും പയനിയറിംഗ് തുടരാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് അത്തരം പ്രശ്നങ്ങളെ തരണം ചെയ്യാനും പയനിയർസേവനത്തിൽ നിലനിൽക്കാനും മുഴുസമയ പ്രസംഗകർക്ക് എങ്ങനെ കഴിയും?
സാമ്പത്തികാവശ്യങ്ങൾ നിറവേററൽ
അപ്പോസ്തലനായ പൗലോസ് ചെയ്തതുപോലെ തങ്ങളുടെ ചെലവുകൾ വഹിക്കാൻ പൊതുവേ പയനിയർമാർ ലൗകിക ജോലി ചെയ്യുന്നു. (1 തെസ്സലൊനീക്യർ 2:9) ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും അവർ ഭക്ഷണത്തിനും വസ്ത്രത്തിനും പാർപ്പിടത്തിനും യാത്രയ്ക്കും കുതിച്ചുയരുന്ന വിലകളെ അഭിമുഖീകരിക്കുകയാണ്. തങ്ങൾക്കാവശ്യമുള്ള അംശകാല ലൗകിക ജോലി കണ്ടെത്തുക മിക്കപ്പോഴും ദുഷ്കരമാണ്. ലഭ്യമാണെങ്കിൽത്തന്നെ അത്തരം ജോലികൾക്ക് ആരോഗ്യ ഇൻഷ്വറൻസ് പ്രയോജനങ്ങൾ ഒന്നുമില്ലാതെ ഏററവും കുറഞ്ഞ ശമ്പളം മാത്രമേ പലപ്പോഴും കിട്ടുന്നുള്ളു.
‘ദൈവത്തിന്റെ രാജ്യവും അവിടുത്തെ നീതിയും നാം തുടർന്ന് അന്വേഷിക്കു’ന്നെങ്കിൽ, നമ്മുടെ ഭൗതികാവശ്യങ്ങൾ യഹോവ നിറവേററിത്തരും എന്ന വിശ്വാസം നമുക്കുണ്ടായിരിക്കാൻ കഴിയും. അതുകൊണ്ടു സാമ്പത്തിക സമ്മർദത്തിൻ കീഴിൽ ആയിരിക്കുമ്പോൾ പയനിയർമാർ ‘അടുത്ത ദിവസത്തെക്കുറിച്ച് ഉത്കണ്ഠാകുലർ’ ആയിരിക്കേണ്ടതില്ല. (മത്തായി 6:25-34) അത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ അവർ ആത്മാർഥമായ ശ്രമങ്ങൾ നടത്തവേ യഹോവയിലുള്ള ശക്തമായ വിശ്വാസം അനുചിതമായ ഉത്കണ്ഠയിൽനിന്ന് അവരെ ഒഴിവാക്കും.
ഒരു വ്യക്തി സാമ്പത്തിക ബുദ്ധിമുട്ടുകളെ അഭിമുഖീകരിക്കുമ്പോൾ, ഒരുപക്ഷേ ചെലവുകൾ ചുരുക്കാൻ കഴിയും. ബജററിൽ ചില മാററങ്ങൾ വരുത്തുന്നതായാൽ കേവലം ഭൗതികാഗ്രഹങ്ങളല്ല, ആവശ്യങ്ങൾ, നിറവേററുക സാധ്യമായിരിക്കാം. ചെലവുകൾ ചുരുക്കുന്നതിനു ചില പയനിയർമാർ മററു ക്രിസ്ത്യാനികളോടൊപ്പം ഒരു താമസസ്ഥലം പങ്കിടുന്നു. പയനിയറിംഗ് ചെയ്യാൻ തങ്ങളുടെ കുട്ടികളെ സഹായിക്കുന്നതിനു മാതാപിതാക്കൾ ചിലപ്പോൾ സൗജന്യമായോ ഏററവും കുറഞ്ഞ ചെലവിലോ താമസസൗകര്യം പ്രദാനം ചെയ്യുന്നു. ഭക്ഷണത്തിനും യാത്രയ്ക്കും ഉള്ള ചെലവുകൾ വഹിച്ചുകൊണ്ടു മററുചിലർ പയനിയർമാരെ സഹായിക്കുന്നു. എന്നാൽ മററുള്ളവർക്ക് ഒരു ഭാരമായിരിക്കാൻ പയനിയർമാർ ആഗ്രഹിക്കുകയില്ല, എന്തെന്നാൽ തങ്ങളെത്തന്നെ പോററാനുള്ള തിരുവെഴുത്തുപരമായ ഒരു കടമ അവർക്കുണ്ട്.—2 തെസ്സലൊനീക്യർ 3:10-12.
മററു പയനിയർമാരുമായി ചെലവുകൾ പങ്കുവെച്ചുകൊണ്ടു യാത്രച്ചെലവുകൾ കുറയ്ക്കാൻ കഴിയും. രണ്ടു പയനിയർമാർക്കു സ്വന്തമായി കാറുകൾ ഉണ്ടെങ്കിൽ, രണ്ടു വാഹനങ്ങൾ ഓടിക്കുന്നതിന്റെ ചെലവ് ഒഴിവാക്കിക്കൊണ്ട് ഒരു കാർ ഉപയോഗിച്ച് അവർക്ക് ഒരേ പ്രദേശത്തുതന്നെ ഒന്നിച്ചു പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടാവുന്നതാണ്. വാഹനങ്ങൾ സ്വന്തമായി ഇല്ലാത്ത പയനിയർമാർക്കു വാഹനങ്ങൾ ഉള്ളവരുമായി ചേർന്നു യാത്രച്ചെലവുകളുടെ പങ്കു വഹിക്കാൻ കഴിഞ്ഞേക്കും. അടുത്തുള്ള പ്രദേശങ്ങൾ മുഖ്യമായും നടന്നുചെന്നു പ്രവർത്തിച്ചും യാത്രച്ചെലവുകൾ കൂടുതലായി കുറയ്ക്കാൻ കഴിയും. പല രാജ്യങ്ങളിലും പയനിയർമാർ ചെലവുകുറഞ്ഞ പൊതു യാത്രാസൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നു.
പണപരമായ പ്രശ്നങ്ങൾ തരണം ചെയ്തു മുഴുസമയ സേവനത്തിൽ തുടർന്നു നിലനിന്നവരിൽ ന്യൂട്ടൺ കാൻഡ്വെല്ലും ഭാര്യയും ഉൾപ്പെടുന്നു. വലിയ സാമ്പത്തിക മാന്ദ്യകാലത്ത് 1932-ൽ തങ്ങളുടെ കൃഷിയിടം വിററ് ഏഴു കുട്ടികളിൽ ആറുപേരുമായി അവർ പയനിയറിംഗ് ആരംഭിച്ചു. “ഞങ്ങളുടെ കൃഷിയിടം വിററതിൽനിന്നു കിട്ടിയതെല്ലാം ഞങ്ങൾ താമസിയാതെ ചെലവാക്കിക്കഴിഞ്ഞിരുന്നു—അധികവും ആശുപത്രി ചെലവുകൾക്ക്,” എന്നു കാൻഡ്വെൽ സഹോദരൻ എഴുതി. “ഞങ്ങളുടെ രണ്ടാമത്തെ നിയമനസ്ഥലത്തേക്കു മാറിയപ്പോൾ രണ്ടാഴ്ചത്തെ വാടക മുൻകൂറായി കൊടുത്തുകഴിഞ്ഞ് അഞ്ച് ഡോളർ മാത്രമേ ഞങ്ങൾക്കു ശേഷിച്ചിരുന്നുള്ളു. എന്നിരുന്നാലും, ഞങ്ങളുടെ സേവനം ഉത്സാഹത്തോടെ നിറവേററുന്നിടത്തോളം കാലം യഹോവ ഞങ്ങൾക്കുവേണ്ടി കരുതുമെന്നു ഞങ്ങൾക്കറിയാമായിരുന്നു. . . . പല വിധങ്ങളിൽ ചെലവു ചുരുക്കാൻ ഞങ്ങൾ പഠിച്ചു. ദൃഷ്ടാന്തത്തിന്, ഒരു പുതിയ പ്രദേശത്തേക്കു മാറിയപ്പോൾ പെട്രോൾ പമ്പിന്റെ ചില ഉടമകളോടു ഞാൻ സംസാരിക്കുകയും ഞങ്ങളുടെ ക്രിസ്തീയ വേലയോടു ബന്ധപ്പെട്ട് ഓരോ ദിവസവും മൂന്നു കാറുകൾ ഓടിക്കുന്നുണ്ടെന്നു വിശദീകരിക്കുകയും ചെയ്തു. ഇതു സാധാരണമായി പെട്രോൾ വിലകുറച്ചു കിട്ടുന്നതിൽ കലാശിച്ചു. ഞങ്ങളുടെ പുത്രൻമാർ വാഹനങ്ങൾ റിപ്പയർ ചെയ്യാൻ വേഗം പഠിച്ചു, വാഹനം റിപ്പയർ ചെയ്യുന്നതിന്റെ ചെലവ് അതു വളരെയധികം കുറച്ചു.” ഇപ്രകാരം കാൻഡ്വെൽ ദമ്പതിമാർ സാമ്പത്തിക വെല്ലുവിളികളെ വിജയകരമായി തരണം ചെയ്യുകയും മുഴുസമയ സേവനത്തിൽ തുടർന്നു നിലനിൽക്കുകയും ചെയ്തു. നൂററിമൂന്നാമത്തെ വയസ്സിൽ കാൻഡ്വെൽ സഹോദരൻ മരിച്ചപ്പോഴും അദ്ദേഹം പയനിയർ ലിസ്ററിൽ ഉണ്ടായിരുന്നു.
അംശകാല ജോലി സമ്പാദിക്കൽ
പല പയനിയർമാരും അംശകാല ജോലികൾ മുഖാന്തരം തങ്ങളെത്തന്നെ പോററുന്നു. കൊരിന്തിലെ ശുശ്രൂഷയിൽ തന്നെ പുലർത്തുന്നതിനു തന്റെ സഹവിശ്വാസികളായ അക്വിലാസിനോടും പ്രിസ്കില്ലയോടുമൊപ്പം ഒരു കൂടാരപ്പണിക്കാരനായി പൗലോസ് ജോലി ചെയ്തു. (പ്രവൃത്തികൾ 18:1-11) ഇന്ന് ആത്മീയ സഹോദരൻമാർ പയനിയർമാർക്ക് അംശകാല ലൗകിക ജോലി നൽകാൻ മിക്കപ്പോഴും സന്തോഷമുള്ളവരാണ്. താത്കാലിക ജോലികൾ പ്രദാനം ചെയ്യുന്ന തൊഴിൽകാര്യ ഏജൻസികൾ മുഖാന്തരം മററുചില പയനിയർമാർക്ക് അത്തരം ജോലി കിട്ടുന്നു. ദൈവത്തിലുള്ള വിശ്വാസം അത്യാവശ്യമാണ്, തൊഴിൽ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നതിൽ അവിടുത്തെ മാർഗനിർദേശത്തിനു വേണ്ടിയുള്ള ആത്മാർഥമായ പ്രാർഥനയും അങ്ങനെതന്നെ.—സദൃശവാക്യങ്ങൾ 15:29.
ഒരു പയനിയർ ഇപ്രകാരം പറഞ്ഞു: “പ്രാർഥനാനിരതമായ പരിചിന്തനത്തിൽനിന്നു വളരെയധികം ശക്തി ആർജിച്ചശേഷം ശുശ്രൂഷാപരമായ എന്റെ വേല ഗൗരവമുള്ള വ്യക്തിപരമായ ഒരു ഉത്തരവാദിത്വമാണെന്നും മുഴുസമയ ജോലി സ്വീകരിക്കാൻ എനിക്കു സാധിക്കുകയില്ലെന്നും ഞാൻ എന്റെ സൂപ്പർവൈസറെ അറിയിച്ചു. പിറേറ ബുധനാഴ്ച, ഒരു അംശകാല അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനെക്കുറിച്ചു പുനഃപരിചിന്തിക്കുമോയെന്ന് എന്നോടു ചോദിച്ചു. ഞാൻ സസന്തോഷം അതു സ്വീകരിച്ചു.” പ്രാർഥനയുടെ ശക്തിയെ വിലകുറച്ചു കാണരുത്, നിങ്ങളുടെ പ്രാർഥനകൾക്കനുസൃതമായി പ്രവർത്തിക്കുക.
അംശകാല ജോലി തേടുന്നതിലെ തങ്ങളുടെ ഉദ്ദേശ്യം ശുശ്രൂഷയിൽ തങ്ങളെ നിലനിർത്താനാണെന്നു ഭാവി തൊഴിലുടമകളോടു പറയുന്നത് അഭികാമ്യമെന്നു പയനിയർമാർ കണ്ടെത്തിയേക്കാം. തങ്ങൾ ലഭ്യമായിരിക്കുന്ന ദിവസങ്ങളും ഒരാഴ്ചയിൽ ജോലിക്കു വിനിയോഗിക്കുന്നതിനു തങ്ങൾക്ക് അർപ്പിക്കാൻ കഴിയുന്ന മണിക്കൂറിന്റെ എണ്ണവും അവർക്കു പറയാവുന്നതാണ്. രണ്ടു ജഡിക സഹോദരിമാർക്ക് ഒരു നിയമോപദേശ സ്ഥാപനത്തിലെ മുഴുസമയ ജോലി വിഭജിച്ചെടുക്കാൻ കഴിഞ്ഞു, അവരിരുവർക്കും ആഴ്ചയിൽ രണ്ടര ദിവസം ജോലി ചെയ്യുന്നത് ഇതു സാധ്യമാക്കി. അവർ വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിൽ സംബന്ധിച്ചശേഷം തങ്ങളുടെ മിഷനറി നിയമനങ്ങൾ ലഭിക്കുന്നതുവരെ ഇത് അവരെ പയനിയർമാരായി നിലനിർത്തി.
സഹവിശ്വാസികളുമായും മററുള്ളവരുമായും സംസാരിക്കുന്നതിനാലോ പത്രത്തിലെ പരസ്യങ്ങൾ നോക്കുന്നതിനാലോ തിരുവെഴുത്തുപരമായി സ്വീകാര്യമായ പലതരം ജോലികൾ കണ്ടെത്താവുന്നതാണ്. താഴ്മ സഹായകമാണ്, എന്തെന്നാൽ തങ്ങൾ ചെയ്യുന്നതരം ജോലി സംബന്ധിച്ചു വളരെയധികം ഇഷ്ടാനിഷ്ടങ്ങൾ ഉള്ളവർ ആയിരിക്കുന്നതിൽനിന്ന് അതു പയനിയർമാരെ തടയും. (യാക്കോബ് 4:10 താരതമ്യം ചെയ്യുക.) പയനിയറിംഗ് തുടരുന്നതിനു താഴ്ന്നതെന്നോ ഹീനമെന്നോ ചിലയാളുകൾ കരുതുന്ന ലൗകിക ജോലികൾ അവർ ചെയ്യേണ്ടതുണ്ടായിരിക്കാം. മറെറന്തെങ്കിലും ആഗ്രഹിച്ചിട്ട് അത്തരമൊരു ജോലിയാണു ലഭിക്കുന്നതെങ്കിൽ ക്രമേണ ജോലിയിലെ ഒരു മാററം സാധ്യമായിരിക്കാം.
മോശമായ ആരോഗ്യവും നിരുത്സാഹവും
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നിമിത്തം ചിലർക്കു പയനിയറിംഗ് നിറുത്തേണ്ടതുണ്ട്. എന്നാൽ ഈ കാര്യത്തിൽ പയനിയർമാർ തിടുക്കമുള്ളവരല്ലെങ്കിൽ പയനിയറിംഗ് തുടർന്നു നടത്താൻ കഴിയത്തക്കവണ്ണം ഒരു രോഗം സൗഖ്യമാകുകയോ ആരോഗ്യം വേണ്ടത്ര മെച്ചപ്പെടുകയോ ചെയ്തേക്കുമെന്ന് അവർ കണ്ടെത്തിയേക്കാം. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും പയനിയറിംഗ് നടത്താൻ അനേകർക്കു കഴിയുന്നുണ്ട്, കാരണം അവർ ചികിത്സിക്കുകയും, തങ്ങൾക്ക് അനുയോജ്യമായ ഒരു ഭക്ഷ്യക്രമത്തോടു പററിനിൽക്കുകയും ആവശ്യമായ വിശ്രമവും വ്യായാമവും എടുക്കുകയും ചെയ്യുന്നു. ശുശ്രൂഷയിൽ വീടുതോറും നടക്കുന്നതിനു സഹായം വേണ്ടിവരത്തക്കവണ്ണം സന്ധിവീക്കത്താൽ വളരെയധികം ക്ലേശമനുഭവിക്കുന്ന ഒരു പയനിയർ സഹോദരിയെ ഒരു സഞ്ചാരമേൽവിചാരകൻ നിരീക്ഷിച്ചു. (പ്രവൃത്തികൾ 20:20) എന്നിട്ടും അവരും ഭർത്താവും ചേർന്നു 33 ഭവന ബൈബിളധ്യയനങ്ങൾ നടത്തുകയും ദൈവത്തിന്റെ സത്യം സ്വീകരിക്കാൻ 83 പേരെ സഹായിക്കുകയും ചെയ്തു. ക്രമേണ അവരുടെ ആരോഗ്യം മെച്ചപ്പെടുകയും 11 വർഷം കഴിഞ്ഞു പയനിയർസേവനസ്കൂളിൽ സംബന്ധിക്കുകയും ചെയ്തു.
നിരുത്സാഹം ചിലർ പയനിയർ ശുശ്രൂഷ ഉപേക്ഷിക്കാൻ ഇടയാക്കിയേക്കാം. (സദൃശവാക്യങ്ങൾ 24:10) ഒരു പയനിയർ ഒരു സഞ്ചാരമേൽവിചാരകനോട് ഇപ്രകാരം പറഞ്ഞു: “ഞാൻ പയനിയറിംഗ് നിർത്താൻ പോകുകയാണ്. . . . കുറെ സാധനങ്ങൾ വാങ്ങിച്ചതിന്റെ പണം ഞാൻ അടയ്ക്കേണ്ടതുണ്ട്.” അദ്ദേഹത്തിന് ഇരുപത് ഡോളർ [600 രൂപ] വിലവരുന്ന കണ്ണട ആവശ്യമായിരുന്നു. “ഇരുപത് ഡോളർ ആവശ്യമുള്ളതുകൊണ്ടു നിങ്ങൾ പയനിയറിംഗ് നിർത്താൻ പോകുകയാണോ?” എന്നു മേൽവിചാരകൻ ചോദിച്ചു. പ്രാദേശിക കാപ്പിത്തോട്ടത്തിൽ ഒരു ദിവസം ജോലി ചെയ്ത് 20 ഡോളർ സമ്പാദിച്ച് കണ്ണട വാങ്ങാനും അങ്ങനെ പയനിയറിംഗ് തുടരാനും നിർദേശിക്കപ്പെട്ടു. ചെലവേറിയ കാർ കേടുപോക്കൽ സംബന്ധിച്ച നിരുത്സാഹമായിരുന്നു അടിസ്ഥാന കാരണം എന്നു കൂടുതലായ സംഭാഷണം വെളിപ്പെടുത്തി. ഒരു വലിയ പ്രദേശത്തെല്ലാം ഓടിക്കുന്നതിനു പകരം ഹ്രസ്വമായ ഒരു പരിധിക്കുള്ളിൽ കാറോടിച്ചുകൊണ്ടു ചെലവുകൾ ചുരുക്കാൻ പയനിയറോടു ശുപാർശ ചെയ്യപ്പെട്ടു. തന്റെ ആത്മീയത നിലനിർത്താനും അദ്ദേഹം ബുദ്ധ്യുപദേശിക്കപ്പെട്ടു. പയനിയർ ഈ ബുദ്ധ്യുപദേശം ബാധകമാക്കി, ആറ് മാസത്തിനുശേഷം ഗിലെയാദ് സ്കൂളിൽ ഹാജരാകാൻ അദ്ദേഹത്തിനു ക്ഷണം ലഭിക്കുകയും ചെയ്തു. ബിരുദാനന്തരം അദ്ദേഹം ഒരു വിദേശ രാജ്യത്തേക്കു നിയമിക്കപ്പെടുകയും തന്റെ മരണംവരെ അനേകം വർഷങ്ങൾ അവിടെ വിശ്വസ്തമായി സേവിക്കുകയും ചെയ്തു. അതേ, നിരുത്സാഹത്തിനു വഴിപ്പെടാതെ യഹോവ നമ്മോടുകൂടെ ഉണ്ടെന്നു മനസ്സിൽ പിടിക്കുന്നുവെങ്കിൽ മിക്കപ്പോഴും മഹത്തായ അനുഗ്രഹങ്ങൾ ഉണ്ടാകുന്നു.
നിങ്ങളുടെ സേവനപദവിയെ അമൂല്യമായി കരുതുക
ഞെരുക്കമുള്ള സന്ദർഭങ്ങളും ഭക്ഷണം ഇല്ലാത്ത സമയങ്ങളും പോലുള്ള പരിശോധനകൾ ഉണ്ടായിരുന്നിട്ടും പൗലോസ് തന്റെ ശുശ്രൂഷയെ ഒരു നിക്ഷേപമായി വീക്ഷിച്ചു. (2 കൊരിന്ത്യർ 4:7; 6:3-6) ഇന്നു കഷ്ടപ്പാടിനെയും പീഡനത്തെയും തൃണവൽഗണിച്ചുകൊണ്ട് ആഫ്രിക്കയിലും ഏഷ്യയിലും പൂർവ യൂറോപ്പിലും മററുള്ളിടങ്ങളിലും ഉള്ള യഹോവയുടെ ദാസൻമാരിൽ പലരും പയനിയറിംഗ് എന്ന തങ്ങളുടെ പദവിയോടു പററിനിന്നിട്ടുണ്ട്. അതുകൊണ്ടു പരിശോധനകൾ നേരിടുമ്പോൾ, യഹോവയുടെ സ്തുതിക്കായി ഈ സേവനപദവിയിൽ നിലനിൽക്കാൻ സകല ശ്രമവും ചെയ്യുക.
തങ്ങളുടെ ജീവിതരീതി ലളിതമാക്കിയതുകൊണ്ടു മാത്രമാണു മിക്ക പയനിയർമാർക്കും മുഴുസമയ പ്രസംഗവേലയിൽ പ്രവേശിക്കാൻ കഴിഞ്ഞത്. പൗലോസിനെപ്പോലെ അവർ ഭൗതിക പ്രലോഭനങ്ങളെ ചെറുത്തുനിൽക്കുകയും “ഉൺമാനും ഉടുപ്പാനും” ഉള്ളതിൽ സംതൃപ്തി നട്ടുവളർത്തുകയും ചെയ്തു. പയനിയർസേവനത്തിൽ തുടർന്നു നിലനിൽക്കുന്നതിന് അവർ അവശ്യ വസ്തുക്കൾകൊണ്ടു തൃപ്തരായി നിലകൊള്ളേണ്ടതുണ്ട്. (1 തിമൊഥെയൊസ് 6:8) നമ്മുടെ ദൈവദത്ത പദവികളെ അമൂല്യമായി കരുതുകയും ഭൗതിക സ്വത്തുക്കൾക്കു മീതെ അവയ്ക്കു സ്ഥാനം കൊടുക്കുകയും ചെയ്യുന്നതിൽനിന്നു സന്തോഷം കൈവരുന്നു.
ദൃഷ്ടാന്തീകരിക്കുന്നതിന്: വാഷിംഗ്ടൺ ഡി.സി.യിലുള്ള ഗവൺമെൻറ് അധികാരികൾക്കു രാജ്യതാത്പര്യങ്ങൾ വിവരിച്ചുകൊടുക്കുന്നതിനുള്ള പദവി ആൻറൺ കോയർബെറിനു ലഭിച്ചു. അദ്ദേഹം കുറച്ചുകാലം ഒരു പയനിയറായി സേവിച്ചു, കൂടാതെ അദ്ദേഹം 1950-കളിൽ ഒരു സർക്കിട്ട് മേൽവിചാരകനായിരുന്നു. അദ്ദേഹത്തിനു പത്തു ലക്ഷം ഡോളറിന്റെ ലാഭം സാധ്യമാക്കുന്ന ഒരു നിർദേശവുമായി തന്റെ മുൻ ബിസിനസ്സ് സഹകാരികളിൽ ചിലർ അദ്ദേഹത്തെ സമീപിച്ചു. എന്നിരുന്നാലും അതിന് ഏതാണ്ട് ഒരു വർഷത്തോളം അദ്ദേഹം തന്റെ മുഴു സമയവും ബിസിനസ്സിനുവേണ്ടി ചെലവഴിക്കേണ്ടത് ആവശ്യമായിവരുമായിരുന്നു. മാർഗനിർദേശത്തിനും സുബോധമുള്ള ഒരു മനസ്സിനും വേണ്ടി പ്രാർഥിച്ചശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു: “യഹോവയെ സേവിക്കുകയെന്ന അത്ഭുതകരമായ പദവികൾ ഒരു വർഷത്തേക്കുപോലും ഉപേക്ഷിക്കുക എനിക്കു സാധ്യമല്ല, ഇല്ല, ലോകത്തിലെ മുഴുവൻ പണത്തിനുവേണ്ടിയും അങ്ങനെ ചെയ്യാൻ എനിക്കു സാധ്യമല്ല. ഇവിടെ വാഷിംഗ്ടണിലുള്ള എന്റെ സഹോദരൻമാരെ സേവിക്കുന്നത് എനിക്ക് ഏറെ വിലപ്പെട്ടതാണ്, ഇവിടെ യഹോവയുടെ അനുഗ്രഹം എനിക്കുണ്ടെന്ന് എനിക്കറിയാം. ഞാൻ പത്തു ലക്ഷം ഡോളർ ഉണ്ടാക്കുമെന്നുള്ളതിനു സംശയമില്ല, എന്നാൽ ഒരു വർഷത്തെ അത്തരം ജീവിതരീതിക്കുശേഷം എന്റെ ആത്മീയത എങ്ങനെയുള്ളതായിരിക്കും, അല്ലെങ്കിൽ ശാരീരികമായി ഞാൻ എങ്ങനെയുള്ളവനായിരിക്കും?” അതുകൊണ്ട് അദ്ദേഹം വാഗ്ദാനം നിരസിച്ചു. തങ്ങളുടെ പദവികളെ സമാനമായ വിധത്തിൽ ആഴമായി വിലമതിക്കുന്നത് പയനിയർസേവനത്തിൽ തുടർന്നു നിലനിൽക്കാൻ പലരെയും സഹായിക്കുന്നു.
പയനിയർമാർ എത്ര മഹത്തായ അനുഗ്രഹങ്ങളാണ് ആസ്വദിക്കുന്നത്! യഹോവയുടെ മഹത്തായ രാജത്വത്തെക്കുറിച്ചു സംസാരിച്ചുകൊണ്ട് അനവധി മണിക്കൂറുകൾ ചെലവഴിക്കുന്നത് ഒരു അനുഗ്രഹമാണ്. (സങ്കീർത്തനം 145:11-13) ശുശ്രൂഷയ്ക്കു വളരെയധികം സമയം വിനിയോഗിക്കുന്നതുകൊണ്ടു ദരിദ്രർക്കും പീഡിതർക്കും, രോഗികൾക്കും അല്ലെങ്കിൽ സന്തപ്തർക്കും, അങ്ങേയററം വിഷാദമഗ്നരും ഉറപ്പുള്ള ഒരു പ്രത്യാശ ആവശ്യമുള്ളവരുമായവർക്കും ആത്മീയ സമാശ്വാസം എത്തിക്കുന്നതിന്റെ അനുഗ്രഹം പയനിയർമാർക്കുണ്ട്. അതുകൊണ്ടു മുഴുസമയ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടാൻ സാഹചര്യങ്ങൾ നമ്മെ അനുവദിക്കുന്നപക്ഷം നാം തീർച്ചയായും ഒട്ടനവധി അനുഗ്രഹങ്ങൾ ആസ്വദിക്കും. ‘യഹോവയുടെ അനുഗ്രഹമാണു സമ്പന്നനാക്കുന്നത്.’ (സദൃശവാക്യങ്ങൾ 10:22, NW) അവിടുത്തെ സഹായവും അനുഗ്രഹവും കൊണ്ടാണ് അനേകം രാജ്യപ്രഘോഷകരും പയനിയർസേവനത്തിൽ സന്തോഷപൂർവം തുടർന്നു നിലനിൽക്കുന്നത്.