രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
“ജ്ഞാനം പ്രാപിക്കുന്ന മനുഷ്യൻ . . . ഭാഗ്യവാൻ”
കൊറിയയിൽ ഈ സദൃശവാക്യം സത്യമാണെന്നു തെളിഞ്ഞിരിക്കുന്നു, അവിടെ ഇപ്പോൾ സന്തുഷ്ടരായ 71,000-ലധികം യഹോവയുടെ സാക്ഷികളുണ്ട്. (സദൃശവാക്യങ്ങൾ 3:13) ഈ ശുശ്രൂഷകരിൽ 42 ശതമാനം മുഴുസമയ സേവനത്തിലാണെന്നത് ഒന്നു വിഭാവന ചെയ്യുക! സത്യമായ ജ്ഞാനം തേടുന്നവരുടെ ഭാഗധേയമാണു സന്തുഷ്ടിയെന്നു പിൻവരുന്ന അനുഭവങ്ങൾ പ്രകടമാക്കും.
പൂശാനിലെ ഒരു സ്ത്രീ ക്രൈസ്തവലോകത്തിന്റെ പള്ളികളിലൊന്നിൽ 16 വർഷമായി ഹാജരായിക്കൊണ്ടിരുന്നു. തിരുവെഴുത്തുവിരുദ്ധമായ വളരെയധികം ആചാരങ്ങൾ അവർ അവിടെ നിരീക്ഷിച്ചിരുന്നു, അതിനാൽ ദൈവമുണ്ടായിരിക്കാൻ സാധ്യതയില്ലെന്നുപോലും അവർ ചിന്തിച്ചുതുടങ്ങി. അതേസമയം ദൈവത്തിന്റെ അസ്തിത്വം നിഷേധിക്കാൻ അവർക്കു കഴിയുമായിരുന്നില്ല, അതുകൊണ്ട് തനിക്കു സത്യസഭ—അങ്ങനെ ഒന്നുണ്ടെങ്കിൽ—കണ്ടെത്താൻ കഴിയണമേ എന്ന് അവർ ആത്മാർഥമായി ദൈവത്തോടു പ്രാർഥിച്ചു. ഈ ഘട്ടത്തിൽ അവർ പെട്ടെന്നു യഹോവയുടെ സാക്ഷികളെക്കുറിച്ചു ചിന്തിച്ചു, തന്റെ സഭ അവരെ പുച്ഛിച്ചിരുന്നതും ത്രിത്വത്തിലും നരകാഗ്നിയിലും ക്രൈസ്തവലോകത്തിന്റെ മററു പഠിപ്പിക്കലുകളിലും വിശ്വസിക്കാത്ത അവർക്കെതിരെ പള്ളിയംഗങ്ങൾക്കു മുന്നറിയിപ്പു കൊടുത്തതും അവർ ഓർമിച്ചു. സത്യസഭ അവർ ആയിരിക്കുമോ? ഒരു അയൽക്കാരിയുടെ സഹായത്തോടെ അവർ രാജ്യഹാൾ സ്ഥിതിചെയ്യുന്ന സ്ഥലം കണ്ടെത്തി. അടുത്ത ദിവസംതന്നെ അവർ ഒരു യോഗത്തിൽ സംബന്ധിച്ചു.
അവർ യോഗത്തിന്റെ അടുക്കിലും ചിട്ടയിലും അതിശയിച്ചുപോയി. അവരുടെ പള്ളിയിൽ ഉണ്ടായിരുന്നതുപോലുള്ള മതഭ്രാന്തോടുകൂടിയ ആർപ്പുവിളിയോ വികാരഭരിതമായ ഗാനാലാപമോ ഉണ്ടായിരുന്നില്ല. അവരെ ഒരു സാക്ഷിക്കു പരിചയപ്പെടുത്തി, ആ സഹോദരി ഇവരുമൊത്തു ബൈബിൾ പഠിക്കാൻ തയ്യാറായിരുന്നു. അവർക്കുണ്ടായിരുന്ന അനേകം ചോദ്യങ്ങൾ നിമിത്തം ആദ്യദിവസത്തെ അധ്യയനംതന്നെ മണിക്കൂറുകൾ നീണ്ടു. രണ്ടാമത്തെ ദിവസം തന്റെ സഭയിൽനിന്നു രാജിവെച്ച് താൻ ഒരു സാക്ഷിയാകുമെന്നു അവർ അറിയിച്ചു. യോഗങ്ങൾക്കു ഹാജരാകുന്നതുകൊണ്ടു തനിക്ക് ഇനി അധ്യയനം ആവശ്യമില്ലെന്ന് അവർ സഹോദരിയോടു പറഞ്ഞു. എന്നിരുന്നാലും യോഗങ്ങൾക്കു പുറമേ വ്യക്തിപരമായ ഒരു ബൈബിളധ്യയനം ഉണ്ടായിരിക്കുന്നതിന്റെ മൂല്യം അവർക്കു കാണിച്ചുകൊടുത്തു. ആ നിർദേശം സ്വീകരിച്ച് അവർ അധ്യയനത്തിന് ഇരിക്കുകയും തക്ക സമയത്തു സ്നാപനമേൽക്കുകയും ചെയ്തു.
സത്യദൈവമായ യഹോവയുടെ ജ്ഞാനം കണ്ടെത്തിയതിലും ദൈവത്തിന്റെ പുതിയ ലോകത്തിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശ ഉള്ളതിലും അവർ ഇപ്പോൾ വളരെ സന്തുഷ്ടയാണ്.
മുൻ ജനറൽ സത്യം പഠിക്കുന്നു
ഒരു സൈന്യാധിപന്റെ ഭാര്യ 1962-ൽ സ്നാപനമേററു. അവരുടെ ഭർത്താവ് ആദ്യം എതിർത്തെങ്കിലും പിന്നീട് എതിർപ്പു നിർത്തി. തുടർച്ചയും ക്രമവും ഇല്ലാതെ അയാളുമായി 28 വർഷത്തോളം വ്യത്യസ്ത സഹോദരൻമാർ അധ്യയനം നടത്തി, അവരെല്ലാം അദ്ദേഹത്തെ സത്യത്തിൽ തത്പരനാക്കാൻ പരിശ്രമിച്ചു. അദ്ദേഹം ചില യോഗങ്ങളിലും കൺവെൻഷനുകളിലും സംബന്ധിച്ചു, എന്നാൽ സത്യം ഗൗരവമായി എടുക്കുന്നതിൽനിന്നു പിൻവാങ്ങിനിന്നവരിൽ ഒരുവനായിരുന്നു അദ്ദേഹം. ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറിൽ അദ്ദേഹവും ഭാര്യയും ജപ്പാനിൽ പോയി അവിടത്തെ ഒരു ഡിസ്ട്രിക്ററ് കൺവെൻഷനിൽ സംബന്ധിച്ചു. ഈ അവസരത്തിൽ അദ്ദേഹം പ്രസംഗങ്ങൾ സസൂക്ഷ്മം ശ്രദ്ധിച്ചു—അങ്ങനെയൊന്ന് അതിനു മുമ്പ് അദ്ദേഹം ഒരിക്കലും ചെയ്തിട്ടില്ലായിരുന്നു. വ്യാജമതത്തെ തുറന്നുകാട്ടുന്ന ധീരമായ പ്രസംഗങ്ങൾ കേട്ട് അദ്ദേഹം ഞെട്ടിപ്പോയി, എന്നാൽ അവ തീർച്ചയായും ക്രൈസ്തവലോകത്തിന്റെ കാപട്യം സംബന്ധിച്ച് അദ്ദേഹത്തിന്റെ കണ്ണു തുറപ്പിച്ചു. ജപ്പാനിലെ ദൈവജനത്തിന്റെ അടുക്കിലും ചിട്ടയിലും സന്തോഷത്തിലും അദ്ദേഹത്തിനു മതിപ്പു തോന്നി, അങ്ങനെതന്നെ അദ്ദേഹം കൊറിയയിലും കണ്ടിട്ടുണ്ടായിരുന്നു. കൊറിയയിൽ തിരിച്ചെത്തിയ അദ്ദേഹം ഗൗരവമായ ബൈബിൾപഠനം തുടങ്ങുകയും അവസാനം സ്നാപനമേൽക്കുകയും ചെയ്തു.
അതുകൊണ്ട് സ്നാപനത്തിനുശേഷം ഇനി അദ്ദേഹം എന്തു ചെയ്യണം? ഒരു പ്രശസ്ത ടൂറിസ്ററ് ഹോട്ടലിന്റെ പ്രസിഡൻറ് സ്ഥാനം അദ്ദേഹം രാജിവെക്കുകയും മുഴുസമയ പയനിയർ ശുശ്രൂഷയിൽ ഭാര്യയോടു ചേരുകയും ചെയ്തു. ഒരു നിരന്തരപയനിയർ ആയിരിക്കുന്നത് മടിച്ചുനിന്നു നഷ്ടമാക്കിയ 28 വർഷത്തിനു പരിഹാരം ചെയ്യാനുള്ള ഏററവും നല്ല മാർഗമായി അദ്ദേഹത്തിനു തോന്നുന്നു.
“ജ്ഞാനം പ്രാപിക്കുന്ന മനുഷ്യൻ . . . ഭാഗ്യവാൻ” എന്ന സദൃശവാക്യം തനിക്കും ബാധകമാകുന്നുവെന്ന് അദ്ദേഹം ഇപ്പോൾ തിരിച്ചറിയുന്നു!