മോഷണം പെരുകുന്നത് എന്തുകൊണ്ട്?
റയോ ഡി ജനെയ്റോ—1992 ഒക്ടോബർ 18, ഞായർ. കോപകബന ബീച്ചും ഇപ്പനെമ ബീച്ചും നിറഞ്ഞു കവിഞ്ഞിരിക്കുന്നു. പെട്ടെന്ന്, പരസ്പരം വഴക്കടിച്ചും ബീച്ചിലുള്ളവരുടെ വിലപിടിപ്പുള്ള എന്തും മോഷ്ടിച്ചും യുവാക്കളുടെ സംഘങ്ങൾ ബീച്ചുകൾ കൈയേറുന്നു. എണ്ണത്തിൽ കുറവായ പൊലീസുകാർ നിസ്സഹായരായി നോക്കിനിന്നു. റയോ ഡി ജനെയ്റോക്കാർക്കും ടൂറിസ്ററുകൾക്കും ഇതൊരു പട്ടാപ്പകലത്തെ പേക്കിനാവുതന്നെ.
വസ്തുവകകൾ അപഹരിക്കുന്നതും നശിപ്പിക്കുന്നതും സാധാരണമായിരിക്കുന്നു. വൻനഗരങ്ങളിൽ, ക്യാൻവാസ്ഷൂവിനു വേണ്ടി മോഷ്ടാക്കൾ ചെറുപ്പക്കാരെ തട്ടിയെടുക്കുന്നതായി—ചിലപ്പോൾ കൊല്ലുകപോലും ചെയ്യുന്നതായി—അറിയുന്നു. ആളുകൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും മോഷ്ടാക്കൾ വീട്ടിലേക്കു കടന്നുചെല്ലുന്നു. സത്യസന്ധരല്ലാത്ത വീട്ടുവേലക്കാർ വസ്തുവകകളുടെ സൂക്ഷിപ്പിടങ്ങൾ മനസ്സിലാക്കിയിട്ട് ആഭരണവും പണവും മോഷ്ടിച്ചു കടന്നുകളയുന്നു. സംഘങ്ങൾ വന്നു സ്റേറാറുകൾ കൊള്ളയിടുന്നു. ബ്രസീലിൽ വർധിച്ചുവരുന്ന തട്ടിക്കൊണ്ടുപോകലുകളിൽനിന്നു മനസ്സിലാക്കാവുന്നതുപോലെ, സുസംഘടിതരായ കൂട്ടങ്ങൾ ആളുകളെപ്പോലും തട്ടിക്കൊണ്ടുപോകുന്നു. കൂടാതെ നിങ്ങൾക്ക് ഒരുപക്ഷേ, സ്വന്തം അനുഭവത്തിൽനിന്നോ നിങ്ങളുടെ സമൂഹത്തിൽ നടന്നിട്ടുള്ളതിൽനിന്നോ മററു ദൃഷ്ടാന്തങ്ങളും പറയാൻ കഴിഞ്ഞേക്കും. എന്നാൽ എന്തുകൊണ്ടാണിത്രയധികം മോഷണം നടക്കുന്നത്?
ആളുകൾ മോഷ്ടിക്കുന്നത് എന്തുകൊണ്ട്?
വർധിച്ചുവരുന്ന ദാരിദ്ര്യവും മയക്കുമരുന്നുകളുടെ ഉപയോഗവും രണ്ടു മുഖ്യ കാരണങ്ങളാണെങ്കിലും ഉത്തരം അത്ര വ്യക്തമല്ല. “കുററകൃത്യങ്ങളുടെ യഥാർഥ കാരണത്തിനുവേണ്ടിയുള്ള അന്വേഷണം നിഷ്ഫലമാണെന്നുകണ്ടിട്ടു മിക്കവാറും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു” എന്നു ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കാ നിരീക്ഷിക്കുന്നു. എന്നിരുന്നാലും, “ചെറുപ്പക്കാർക്ക്, സാധാരണ ജീവിതത്തിന്റെ ഭൗതിക നേട്ടങ്ങളിൽനിന്നും പ്രതിഫലങ്ങളിൽനിന്നും തങ്ങൾ പുറന്തള്ളപ്പെടുന്നുവെന്ന അമർഷവും വിലകെട്ടവരെന്ന തോന്നലും ഉള്ളതാണു മോഷണം പോലുള്ള പ്രശ്നങ്ങളുടെ കാരണം” എന്ന് അതേ ഗ്രന്ഥം നിർദേശിക്കുന്നു. ഉപഭോക്തൃ സംസ്കാരത്തിന്റെ ഭീമമായ സമ്മർദം നിമിത്തം, തങ്ങൾ ആഗ്രഹിക്കുന്ന വസ്തുക്കൾ കരഗതമാക്കാൻ അനേകർ മോഷണമല്ലാതെ മററു മാർഗമൊന്നും കാണുന്നില്ല.
എന്നുവരികിലും, ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ രസാവഹമായി ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു: “തങ്ങളുടെ ജീവിതരീതി അങ്ങനെതന്നെ തുടരുമെന്നു വിശ്വാസമുള്ള ആളുകളുടെ പരമ്പരാഗത സമുദായങ്ങളിൽ മോഷണം അതേ അളവിൽ തുടരുന്നു. തങ്ങൾ എവിടെ ജീവിക്കണം, ഒരു ജീവിതവൃത്തി നേടാൻ എന്തു ചെയ്യണം എന്നീ കാര്യങ്ങളിലും തങ്ങളുടെ ഭാവിക്ഷേമത്തെക്കുറിച്ചുള്ള പ്രതീക്ഷകളിലും പെട്ടെന്നുള്ള മാററങ്ങൾ ഭവിക്കുന്ന സമൂഹങ്ങളിൽ കുററകൃത്യ നിരക്കുകൾ വർധിക്കുന്നതിനുള്ള ചായ്വു കാട്ടുന്നു.” എൻസൈക്ലോപീഡിയ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ചെറുപ്പക്കാർക്കു തൊഴിലവസരങ്ങൾ കുറവാണ്. ഉള്ളതാകട്ടെ, വൈഗ്ധ്യം വേണ്ടാത്ത ജോലികളും. അവ ചെയ്യുന്നതു മോഷണത്തിൽനിന്നു പെട്ടെന്നു കിട്ടുന്ന, ആവേശം പകരുന്ന നേട്ടങ്ങളോടുള്ള താരതമ്യത്തിൽ വിരസമാണ്. ചെറുപ്പക്കാർ അറസ്ററു വരിക്കാനും ഏറെ തയ്യാറാണ്, കാരണം അവർക്കു കാര്യമായൊന്നും നഷ്ടപ്പെടാനില്ല.”
എന്നാൽ, വെള്ളക്കോളർ ജോലിക്കാരും നീലക്കോളർ ജോലിക്കാരുമായ അനവധി പേർ തങ്ങളുടെ ശമ്പളത്തിന്റെ അംശമെന്ന ഭാവത്തിൽ ജോലിസ്ഥലത്തുനിന്നു ചില്ലറ മോഷണങ്ങൾ നടത്തുമ്പോൾ തൊഴിലില്ലാത്തവരോ താഴ്ന്ന ശമ്പളക്കാരോ ആയ അനേകർ അങ്ങനെ ചെയ്യാതിരിക്കുന്നു. വാസ്തവത്തിൽ, ചില തട്ടിപ്പുകൾക്ക് ഒരു നിശ്ചിത സാമൂഹിക പദവി ആവശ്യമാണ്. വൻതുകകൾ വെട്ടിപ്പുനടത്തിയതായുള്ള അപവാദങ്ങളിൽ രാഷ്ട്രീയക്കാരും പൊതുജനസേവകരും വ്യവസായികളും ഉൾപ്പെട്ടിട്ടുള്ളതായി നിങ്ങൾ കേട്ടിട്ടില്ലേ? മോഷണം പാവപ്പെട്ടവരുടെ ഇടയിൽ മാത്രമുള്ളതല്ലെന്നതിൽ യാതൊരു സംശയവുമില്ല.
ചലച്ചിത്രങ്ങളും ടിവി പരിപാടികളും മിക്കപ്പോഴും മോഷണത്തെ തമാശയായി (നായകൻ ചിലപ്പോൾ ഒരു മോഷ്ടാവുപോലും ആയിരിക്കാം) അവതരിപ്പിക്കുകയും ചെയ്തേക്കാം. ഇതു മോഷണത്തെ ഏറെ സ്വീകാര്യമാക്കുന്നു. ഇത്തരം ഫിലിമുകൾ കാണുന്നതു വിനോദമായി മുദ്ര കുത്തിയേക്കാമെന്നതു നേരുതന്നെ, എന്നാൽ അതേസമയം മോഷ്ടിക്കേണ്ടത് എങ്ങനെയെന്നു സദസ്യർക്ക് അവ കാട്ടിക്കൊടുക്കുകയാണു ചെയ്യുന്നത്. കുററകൃത്യം ചിലപ്പോൾ നേട്ടമുള്ളതാണെന്ന ആശയം തന്ത്രപൂർവം അവതരിപ്പിക്കപ്പെടുന്നില്ലേ? നിസ്സംശയമായും, അത്യാഗ്രഹം, മടി, മററുള്ളവരെല്ലാം അതു നിരപായം ചെയ്യുന്നുവെന്ന ചിന്ത, ഇവയെല്ലാം മോഷണം പെരുകുന്നതിനു കാരണമാകുന്നു. അവിതർക്കിതമായി, സ്വസ്നേഹവും പണസ്നേഹവും കൊടികുത്തിവാഴുമെന്നു മുൻകൂട്ടിപ്പറയപ്പെട്ട “ദുർഘട സമയങ്ങ”ളിലാണു നാം ജീവിക്കുന്നത്.—2 തിമൊഥെയൊസ് 3:1-5.
നിങ്ങൾ മോഷ്ടിക്കരുത്
ലോകത്തിന്റെ മൂല്യങ്ങൾ വക്രത നിറഞ്ഞതാണെങ്കിലും “മോഷ്ടാവു മേലാൽ മോഷ്ടിക്കാതിരിക്കട്ടെ” എന്ന കല്പന അനുസരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. (എഫേസ്യർ 4:28, NW) സ്വത്തുക്കൾക്കും സുഖഭോഗങ്ങൾക്കും അമിതപ്രാധാന്യം കല്പിക്കുന്ന ഒരു വ്യക്തി മോഷണം, ഏറെറടുക്കുന്ന സാഹസത്തിനു തക്ക വിലയുള്ളതാണെന്നു വിശ്വസിച്ചുകൊണ്ടു സ്വയം വഞ്ചിച്ചേക്കാം. എന്നാൽ മോഷണം ദൈവത്തിന്റെ ദൃഷ്ടിയിൽ ഗൗരവമുള്ളതും സഹമനുഷ്യനോടുള്ള ഒരുവന്റെ സ്നേഹത്തിന്റെ അഭാവം വെളിപ്പെടുത്തുന്നതുമാണ്. തന്നെയുമല്ല, നിസ്സാര മോഷണംപോലും ഒരുവന്റെ ഹൃദയം കഠിനപ്പെടുന്നതിലേക്കു നയിച്ചേക്കാം. കൂടാതെ, നെറിവില്ലാത്തവനായി വീക്ഷിക്കപ്പെടുന്നതിനെക്കുറിച്ചെന്ത്? ഒരു മോഷ്ടാവിനെ ആരു വിശ്വസിക്കും? “നിങ്ങളിൽ ആരും കുലപാതകനോ കള്ളനോ ദുഷ്പ്രവൃത്തിക്കാരനോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടതു” എന്നു ദൈവവചനം ജ്ഞാനപൂർവം പറയുന്നു.—1 പത്രൊസ് 4:15.
മോഷണപ്പെരുപ്പത്തെച്ചൊല്ലി നിങ്ങൾ തീർച്ചയായും ദുഃഖിക്കുന്നുണ്ടാകും, എന്നാൽ കുററകൃത്യം നിറഞ്ഞ പ്രദേശങ്ങളിൽ ആളുകൾ അതിനെ എങ്ങനെ തരണം ചെയ്യുന്നു? ചില മുൻ മോഷ്ടാക്കൾ തങ്ങളുടെ ജീവിതരീതിയിൽ മാററം വരുത്തിയിരിക്കുന്നത് എങ്ങനെ? ലോകവ്യാപകമായി മോഷണത്തിന് എന്നെങ്കിലും ഒരറുതി വരുമോ? “മോഷ്ടാക്കളില്ലാത്ത ഒരു ലോകം” എന്ന അടുത്ത ലേഖനം വായിക്കാൻ ഞങ്ങൾ നിങ്ങളെ ആഹ്വാനം ചെയ്യുന്നു.