വാഗ്ദത്തദേശത്തുനിന്നുള്ള രംഗങ്ങൾ
ഗലീലക്കടലിലേക്കു വിനോദയാത്രക്കു വരുവിൻ!
ഗലീലക്കടലിനോളം ബൈബിൾവായനക്കാരുടെ മനസ്സിലേക്ക് ഓടിയെത്തുന്ന മററു ദൃശ്യങ്ങൾ അധികമില്ല. എന്നാൽ നിങ്ങൾക്കു കണ്ണടച്ച് ഈ ശുദ്ധജലതടാകത്തെ ഭാവനയിൽ കണ്ടുകൊണ്ട് യോർദാൻ നദി അതിന്റെ എവിടെ വന്നു വീഴുന്നു, എവിടെനിന്നു വീണ്ടും പുറപ്പെടുന്നു എന്നും കഫർന്നഹൂമും തിബെര്യോസും പോലുള്ള മുഖ്യസ്ഥലങ്ങൾ എവിടെയാണെന്നും സ്ഥാനനിർണയം നടത്താനാവുമോ?
ആകാശത്തുനിന്ന് എടുത്തിരിക്കുന്ന താഴത്തെ ചിത്രം ഇൻസെററിൽ കൊടുത്തിരിക്കുന്ന സംഖ്യകളുമായി താരതമ്യപ്പെടുത്തി പഠിക്കാൻ സമയമെടുക്കുക. അക്കമിട്ട സ്ഥലങ്ങളിൽ എത്രയെണ്ണം നിങ്ങൾക്കു തിരിച്ചറിയാൻ കഴിയുന്നുണ്ട്? അവയിൽ എത്രയധികം നിങ്ങൾ അറിയുന്നുവോ നിങ്ങൾക്കു ബൈബിൾ അത്രയ്ക്കു രസകരവും വാസ്തവികവും അർഥസമ്പുഷ്ടവുമായിരിക്കും. അതിനായി ഒരു ഹ്രസ്വവും എന്നാൽ പ്രബോധനാത്മകവുമായ ഒരു വിനോദയാത്രക്കു വരുക.
ആകാശത്തുനിന്നെടുത്ത വടക്കു കിഴക്കു ഭാഗത്തെ ദൃശ്യമാണിത്. നമുക്ക് #1 മുതൽ ആരംഭിക്കാം. കടലിന്റെ ഏതു ഭാഗമാണിത്? അതേ, തെക്കെ അററം, അവിടെനിന്നാണ് യോർദാൻ നിർഗമിക്കുന്നത്. അത് ശമര്യയ്ക്കും ഗിലെയാദിനും ഇടയിലൂടെ ഒഴുകി ചാവുകടലിൽ വന്നു പതിക്കുന്നു. കടലിന്റെ ഇങ്ങേയററത്തിന്റെ ഒരു അടുത്ത ദൃശ്യം ഇടതുവശത്തായി നിങ്ങൾക്കു കാണാം. യഹോവയുടെ സാക്ഷികളുടെ 1993-ലെ കലണ്ടറിലും ഇതു കാണാവുന്നതാണ്.
മെഡിറററേനിയൻ സമുദ്രത്തിൽനിന്ന് 200 മീറററോളം താണുകിടക്കുന്ന ഒരു താഴ്വരയിലാണ് ഗലീലക്കടൽ സ്ഥിതി ചെയ്യുന്നത്. ആകാശത്തുനിന്നുള്ള ഈ ദൃശ്യം നിങ്ങൾ പരിശോധിക്കുമ്പോൾ അതിന്റെ കിഴക്കെ തീരത്ത് (#7) ഉയർന്നുനിൽക്കുന്ന പർവതങ്ങൾ ശ്രദ്ധിക്കുക. കുറെക്കൂടെ അടുത്തായി പടിഞ്ഞാറെ തീരത്തും ഉണ്ട് കുന്നുകളും മലകളും. ഇത് ഈ കടൽ ഒരു തടത്തിലെന്നപോലെയാണു സ്ഥിതിചെയ്യുന്നത് എന്ന സംഗതി എടുത്തുകാണിക്കുന്നു. ഇരുപത്തൊന്നു കിലോമീററർ നീളമുള്ള ഈ കടലിന്റെ പരമാവധി വീതി 12 കിലോമീറററാണ്. കടൽത്തീരപ്രദേശത്തു ഗ്രാമങ്ങൾക്കും തിബെര്യോസ് (#2) പോലുള്ള നഗരങ്ങൾക്കുംവരെ സ്ഥലമുണ്ടായിരുന്നു. യേശു അത്ഭുതകരമായി 5,000 പേരെ പോററിയ സ്ഥലത്തേക്ക് തിബെര്യോസിൽനിന്നു തോണികളിൽ കടൽ കടന്ന് എത്തിയ ഒരു ജനക്കൂട്ടത്തെ ഓർക്കുക.—യോഹന്നാൻ 6:1, 10, 17, 23.
തിബെര്യോസിൽനിന്നു തീരത്തിലൂടെ വടക്കോട്ടു നീങ്ങുമ്പോൾ നിങ്ങൾ ഫലഭൂയിഷ്ഠമായ ഗന്നേസരെത്തിലൂടെ (#3)a കടന്നുപോകുന്നു. ഇവിടെ വച്ചായിരുന്നു യേശു ഗിരിപ്രഭാഷണം നിർവഹിച്ചത്. സമീപത്തുള്ള കടൽക്കരയിൽവെച്ചായിരിക്കണം അവിടുന്നു പത്രോസിനെയും മററു മൂന്നു പേരെയും “മനുഷ്യരെ പിടിക്കുന്നവർ” ആയിത്തീരാൻ വിളിച്ചത്. അതാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. (മത്തായി 4:18-22) തുടർന്നു സഞ്ചരിക്കുമ്പോൾ നിങ്ങൾ യേശുവിന്റെ പ്രവർത്തനത്തിന്റെ ഒരു കേന്ദ്രമായിരുന്ന, അവിടുത്തെ “സ്വന്തപട്ടണം” എന്നു പോലും പരാമർശിച്ചിരിക്കുന്ന കഫർന്നഹൂമിൽ (#4) എത്തിച്ചേരുന്നു. (മത്തായി 4:13-17; 9:1, 9-11; ലൂക്കൊസ് 4:16, 23, 31, 38-41) കടലിന്റെ ഓരം ചേർന്നു കിഴക്കോട്ടു യാത്ര തുടർന്നാൽ നിങ്ങൾ ഉത്തര യോർദാൻ കടലിൽ വന്നുപതിക്കുന്ന ഭാഗത്ത് (#5) (താഴെ) എത്തും. പിന്നെ നിങ്ങൾ വന്നുചേരുന്നത് ബേത്ത്സയിദാ പ്രദേശത്താണ് (#6).
ബൈബിൾ വിവരണങ്ങൾ ഗ്രഹിക്കാനും ഭാവനയിൽ കാണാനും ഗലീലക്കടലിനെക്കുറിച്ചുള്ള അറിവിനു നിങ്ങളെ എങ്ങനെ സഹായിക്കാനാവുമെന്നു ദൃഷ്ടാന്തീകരിക്കാൻ ഈ കുറച്ചു സ്ഥലങ്ങൾപോലും മതിയാകും. ബേത്ത്സയിദ പ്രദേശത്ത് 5,000 പേരെ തീററിപ്പോററിയ യേശുവിനെ ജനക്കൂട്ടം രാജാവാക്കാൻ ശ്രമിച്ചു, അവിടുന്ന് അപ്പോസ്തലൻമാരെ കഫർന്നഹൂമിലേക്കു തോണിയിൽക്കയററി വിട്ടു. അവരുടെ ആ കടൽയാത്രയിൽ പെട്ടെന്നായിരുന്നു തിരകളെ ഇളക്കിമറിച്ച് അപ്പോസ്തലൻമാരെ ഭയപ്പെടുത്തിക്കൊണ്ടു മലമുകളിൽനിന്നു കൊടുങ്കാററ് ആഞ്ഞുവീശിയത്. എന്നാൽ യേശു കടൽവെള്ളത്തിനു മുകളിലൂടെ നടന്ന് അവരുടെ അടുത്തേക്കു വന്നു. കൊടുങ്കാററിനെ ശാന്തമാക്കിയ അവിടുന്ന് അവരെ ഗന്നേസരെത്തിനു സമീപം സുരക്ഷിതമായി ഇറങ്ങാൻ സഹായിച്ചു. (മത്തായി 14:13-34) തിബെര്യോസിൽനിന്നു വന്നവർ വീണ്ടും കടൽ കടന്ന് കഫർന്നഹൂമിലേക്കു പോയി.—യോഹന്നാൻ 6:15, 23, 24.
കടലിന്റെ കിഴക്കെ തീരത്തു കൂടെ യാത്ര തുടർന്നാൽ “ഗദരേനരുടെ ദേശം” [അഥവാ ഗരേസീൻസ്] എന്നു പരാമർശിക്കപ്പെട്ടിരിക്കുന്ന പ്രദേശത്തു കൂടെയും നിങ്ങൾ കടന്നുപോകും. ഇവിടെവെച്ച് യേശു രണ്ടു മനുഷ്യരിൽനിന്നു ഭൂതങ്ങളെ പുറത്താക്കിയത് ഓർമിക്കുക. മററുള്ളവരെ വേദനിപ്പിക്കുന്നതിൽ തത്പരരായി ആ ദുഷ്ടാത്മാക്കൾ ഒരു വലിയ പന്നിക്കൂട്ടത്തിലേക്കു കയറി, അവയാകട്ടെ കിഴുക്കാംതൂക്കായ വശത്തു കൂടെ കടലിലേക്കു വീണു. അതിനുശേഷം അതിലൊരുവൻ സമീപമുള്ള ദെക്കാപ്പൊലി നഗരങ്ങളിലെ ഗ്രീക്ക് സംസാരിക്കുന്നവർക്കു സാക്ഷ്യം കൊടുത്തു. യേശു ഈ പ്രദേശത്തു വരുകയും അവിടെനിന്നു തിരികെ പോകുകയും ചെയ്തത് ഗലീലക്കടലിലൂടെ തോണിയിൽ ആയിരുന്നു.—മത്തായി 8:28–9:1; മർക്കൊസ് 5:1-21.
കടലിന്റെ ശേഷിക്കുന്ന ദക്ഷിണ ഭാഗത്തേക്കു യാത്ര ചെയ്ത് നിങ്ങളുടെ വിനോദയാത്ര അതിന്റെ സമാപ്തിയിലെത്തുമ്പോൾ (യാർമുക് എന്നറിയപ്പെടുന്ന) ഒരു വലിയ നദിയുടെ അടുത്തുകൂടെ നിങ്ങൾ കടന്നുപോകുന്നു. ഈ നദിയാണ് ദക്ഷിണ യോർദാൻ നദിയിലേക്കു ഗണ്യമായ തോതിൽ വെള്ളമെത്തിക്കുന്നത്.
പത്രോസും മററ് അപ്പോസ്തലൻമാരും മീൻപിടുത്തത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴത്തെ യേശുവിന്റെ പുനരുത്ഥാനാനന്തര പ്രത്യക്ഷപ്പെടലുകൾ (താഴെ) പോലുള്ള ഗലീലക്കടലിനോടനുബന്ധിച്ചു നടന്ന ചില സംഭവങ്ങളുടെ പ്രദേശം ഏതെന്നു ബൈബിൾ വ്യക്തമാക്കുന്നില്ല. അതു കഫർന്നഹൂമിനു സമീപമായിരുന്നുവെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ? അത് എവിടെയായിരുന്നാലും, ഈ പ്രധാന കടലിനെക്കുറിച്ചുള്ള നിങ്ങളുടെ അറിവ് ആ സാധ്യതയെ വിഭാവന ചെയ്യാൻ നിങ്ങളെ സഹായിക്കുന്നു.
[അടിക്കുറിപ്പ്]
a 1992 ഏപ്രിൽ 1 വീക്ഷാഗോപുരത്തിലെ “ഗന്നേസരെത്ത്—‘അതിശയകരവും മനോഹരവും’ എന്ന ലേഖനം കാണുക.
[24-ാം പേജിലെ ചിത്രം]
1
2
3
4
5
6
7
വ
തെ
കി
പ
[24-ാം പേജിലെ ചിത്രത്തിനുള്ള കടപ്പാട്]
Pictorial Archive (Near Eastern History) Est.
[24-ാം പേജിലെ ചിത്രത്തിനുള്ള കടപ്പാട്]
Pictorial Archive (Near Eastern History) Est.
[24, 25 പേജുകളിലെ ചിത്രത്തിനുള്ള കടപ്പാട്]
Garo Nalbandian
[25-ാം പേജിലെ ചിത്രത്തിനുള്ള കടപ്പാട്]
Pictorial Archive (Near Eastern History) Est.