വാഗ്ദത്തദേശത്തുനിന്നുള്ള രംഗങ്ങൾ
ഗന്നേസരെത്ത്—‘അതിശയകരവും മനോഹരവും’
“ഗന്നേസരെത്ത് തടാകത്തോടു ചേർന്ന് അതേ പേരോടുകൂടിയ ഒരു രാജ്യമുണ്ട്, അതിന്റെ സ്വഭാവവിശേഷങ്ങളും മനോഹാരിതയും അതിശയകരംതന്നെ. അതിലെ വളക്കൂറുള്ള മണ്ണുനിമിത്തം അവിടെ തഴച്ചുവളരാത്ത സസ്യമില്ല, നിവാസികൾ എല്ലാംതന്നെ നട്ടുവളർത്തുന്നു: വിവിധങ്ങളായ മിക്ക ഇനങ്ങൾക്കും യോജിച്ച വിധം വായു വളരെ മിതോഷ്ണമാണ്. . . . അത് അത്യന്തം അതിശയകരമായി വിവിധങ്ങളായ പഴങ്ങൾ ഉല്പാദിപ്പിക്കുന്നുവെന്നു മാത്രമല്ല, തുടർച്ചയായി വിളവു നൽകുകയും ചെയ്യുന്നു. . . . വലിയ വളക്കൂറുള്ള ഒരു അരുവിയാണ് അതിനെ നനക്കുന്നത്.”
ഗലീലക്കടൽ എന്ന് സാധാരണയായി അറിയപ്പെടുന്നതിന്റെ വടക്കുപടിഞ്ഞാറൻ അരുകിലെ ത്രികോണാകൃതിയിലുള്ള സമതലത്തെ ചരിത്രകാരനായ ജൊസീഫസ് വർണ്ണിച്ചതിങ്ങനെയാണ്. ഈ സമതലം എത്ര ഫലോല്പാദകമായിരുന്നുവെന്ന് മുകളിലത്തെ ചിത്രങ്ങൾ നിങ്ങൾക്ക് ഒരു ധാരണ നൽകിയേക്കാം, ഗലീലയിൽ ഏററവും ഫലപുഷ്ടിയുള്ള ഒന്നുതന്നെ.a പുരാതനകാലങ്ങളിൽ ഈ പ്രദേശം വളരെ പ്രധാനമായിരുന്നതുകൊണ്ട് അതിനോടു ചേർന്നുകിടക്കുന്ന ശുദ്ധജല സമുദ്രത്തെ “ഗന്നേസരെത്ത് തടാകം” എന്ന് സുവിശേഷ എഴുത്തുകാരനായ ലൂക്കോസ് വിളിച്ചു.—ലൂക്കോസ് 5:1.
യേശു ഈ പ്രദേശത്തേക്കു വരുകയും അപ്പോസ്തലൻമാരായിത്തീർന്ന നാലു പുരുഷൻമാരെ കണ്ടെത്തുകയും ചെയ്തുവെന്ന് വിവരിക്കുമ്പോഴാണ് അവൻ ആ പദപ്രയോഗം ഉപയോഗിച്ചത്. മുന്തിരിയും വാൽനട്ടും ഒലിവും അല്ലെങ്കിൽ അത്തിയും കൃഷിചെയ്തുകൊണ്ട് ഈ ഫലപുഷ്ടിയുള്ള മണ്ണിനെ ആശ്രയിച്ച് ജീവിച്ച കർഷകരായിരുന്നോ അവർ? അല്ലായിരുന്നു. അങ്ങനെയുള്ള വിളകൾ ഗന്നേസരെത്ത് സമതലത്തിൽ ധാരാളമുണ്ടായിരുന്നു, എന്നാൽ ഈ മനുഷ്യർ മീൻപിടുത്തക്കാർ ആയിരുന്നു, അവർ അങ്ങനെയായിരുന്നതെന്തുകൊണ്ടെന്ന് മനസ്സിലാക്കുക എളുപ്പമാണ്.
സമതലത്തിലൂടെ ഒഴുകിയ അരുവികൾ മത്സ്യത്തിന് ആഹാരമായിത്തീരാവുന്ന സസ്യങ്ങളെ സമുദ്രത്തിലെത്തിച്ചിരിക്കാനിടയുണ്ട്. അതുകൊണ്ട് ആ വെള്ളങ്ങളിൽ വിവിധതരം മത്സ്യങ്ങൾ പെരുകിയിരുന്നു, ഗണ്യമായ ഒരു മത്സ്യബന്ധന വ്യവസായത്തിലേക്ക് നയിച്ചുകൊണ്ടുതന്നെ. പത്രോസും അന്ത്രയോസും അവിടത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള മീൻപിടുത്തക്കാരായിരുന്നു, സെബദി എന്ന മീൻപിടുത്തക്കാരന്റെ പുത്രൻമാരായിരുന്ന യാക്കോബും യോഹന്നാനും അങ്ങനെയായിരുന്നു.—മത്തായി 4:11; ലൂക്കോസ് 5:2-11.
മിക്കപ്പോഴും ഒരു വള്ളത്തിൽനിന്ന് കോരുവലകൾ വീശുന്നതിനാലാണ് മീൻപിടുത്തം നടത്തിയിരുന്നത്. യേശു സമീപിച്ചപ്പോൾ പത്രോസും അന്ത്രയോസും ചെയ്തുകൊണ്ടിരുന്നത് അതാണ്. നീണ്ട ഒരു സീൻ അഥവാ കോരുവല അർദ്ധവൃത്താകൃതിയിൽ വിരിച്ചിരുന്നു. തടികൊണ്ടുള്ള പ്ലവവസ്തുക്കൾ മുകളിലത്തെ അരിക് ഉയർത്തിപ്പിടിച്ചു, അതേ സമയം അടിയിലത്തെ ഭാരങ്ങൾ വലയെ കടൽത്തട്ടിലേക്ക് വലിഞ്ഞുകിടക്കാൻ സഹായിച്ചു. അത്തരമൊരു വലയിൽ അനവധി മത്സ്യങ്ങളെ പിടിക്കാൻ കഴിയുമായിരുന്നു. പിന്നീട് അത് വള്ളത്തിലേക്ക് വലിച്ചുകയററുന്നു, അല്ലെങ്കിൽ അത് ആഴംകുറഞ്ഞ വെള്ളത്തിലേക്ക് വലിച്ച് കരയിൽ കുടഞ്ഞിടുന്നു. ആഹാരത്തിന് കൊള്ളാവുന്ന മത്സ്യങ്ങൾ കൊള്ളാത്തവയിൽനിന്ന് വേർതിരിക്കുന്നു. ലൂക്കോസ് 5:4-7 വരെയും യോഹന്നാൻ 21:6-11 വരെയും കാണുന്ന വിശദാംശങ്ങളുടെ കൃത്യത ശ്രദ്ധിക്കുക. യേശു തന്റെ കോരുവലയുടെ ദൃഷ്ടാന്തത്തിൽ ഈ മത്സ്യബന്ധന രീതിയെക്കുറിച്ചു പറഞ്ഞത് നിങ്ങൾ ഓർക്കുന്നുണ്ടോ? (മത്തായി 13:47, 48) അതിനുപുറമേ, മിക്കപ്പോഴും മീൻപിടുത്തക്കാർ പാറകളിൽ ഉടക്കിയോ മത്സ്യങ്ങളാലോ കീറിയ വലകൾ നന്നാക്കുന്നതിന് സമയം ചെലവഴിക്കണമായിരുന്നുവെന്ന് മത്തായി 4:21 പ്രദീപ്തമാക്കുന്നു.
നിങ്ങൾ ഈ ഗന്നേസരെത്ത് തീരത്തുകൂടെ സഞ്ചരിച്ചാൽ യേശുവിന്റെ ശുശ്രൂഷയിലെ സംഭവങ്ങൾ നടന്നതായി പറയപ്പെടുന്ന ചുരുക്കം ചില സ്ഥാനങ്ങൾ കാണാനിടയുണ്ട്. ഒന്ന് ഒരു പച്ചക്കുന്നാണ്, പാരമ്പര്യമനുസരിച്ച് അവിടെയാണ് യേശു തന്റെ ഗിരിപ്രഭാഷണം നടത്തിയത്. ഈ സ്ഥാനം സുവിശേഷവിവരണങ്ങൾക്ക് വിരുദ്ധമായിരിക്കുന്നില്ല, എന്തുകൊണ്ടെന്നാൽ യേശു ആ പ്രഭാഷണം നടത്തുമ്പോൾ ഗന്നേസരെത്ത് സമതലത്തിനടുത്തായിരുന്നു.—മത്തായി 5:1–7:29; ലൂക്കോസ് 6:17–7:1.
ആധികാരികമാണെന്ന് അവകാശപ്പെടുന്ന മറെറാരു സ്ഥാനം ബൈബിൾപരമായ വസ്തുതകളോടു യോജിക്കുന്നില്ല. സങ്കൽപ്പമനുസരിച്ച് യേശു ഏഴു അപ്പവും ഏതാനും മീനുംകൊണ്ട് 4000 പേരെ പോഷിപ്പിച്ച സ്ഥലത്തു നിർമ്മിച്ചിരിക്കുന്ന ഒരു പള്ളി നിങ്ങൾ കാണും. (മത്തായി 15:32-38; മർക്കോസ് 8:1-9) ഇത് ഗന്നേസരെത്ത് സമഭൂമിയിലാണു നടന്നതെന്നു പറയാതെ മർക്കോസിന്റെ വിവരണം “ദക്കപ്പോലീസ് പ്രദേശങ്ങളെ”ക്കുറിച്ചു പറയുന്നു, അത് ഏഴു മൈലകലെ സമുദ്രത്തിനക്കരെ ആയിരുന്നു.—മർക്കോസ് 7:31, NW.
ഈ അത്ഭുതം പ്രവർത്തിച്ച ശേഷം, യേശു മഗ്ദായിലേക്ക് അഥവാ ദല്മനൂഥായിലേക്ക് വള്ളത്തിൽ പോയെന്ന് മത്തായിയും മർക്കോസും പറയുന്നു. (മത്തായി 15:39; മർക്കോസ് 8:10) പണ്ഡിതൻമാർ ഈ പ്രദേശത്തെ ഗന്നേസരെത്ത് സമതലത്തിന് തൊട്ടു തെക്ക് തിബൊര്യോസിനോടടുത്ത മഗ്ദലായോടു (മിഗ്ദാൽ) ബന്ധിപ്പിക്കുന്നു. ദി മാക്മില്യൻ ബൈബിൾ അററ്ലസ് പറയുന്ന പ്രകാരം മഗ്ദലാ “മത്സ്യ ഒരുക്കൽ” വ്യവസായത്തിന് കീർത്തിപ്പെട്ടതായിരുന്നു. തടാകത്തിന്റെ ഈ ഭാഗത്തെ സമൃദ്ധമായ മത്സ്യബന്ധനത്തിന് തീർച്ചയായും അത്തരമൊരു വ്യവസായത്തെ പ്രായോഗികവും ലാഭകരവുമാക്കാൻ കഴിയുമായിരുന്നു.
കൗതുകകരമായി, 1985⁄86ലെ ഒരു വരൾച്ച ഗലീലാക്കടലിലെ ജലനിരപ്പ് താഴ്ത്തുകയും തടാകത്തട്ടിന്റെ വിസ്തൃതമായ ഭാഗങ്ങൾ പുറത്തുകാട്ടുകയുംചെയ്തു. ഗന്നേസരെത്ത് സമതലത്തോടടുത്ത് രണ്ടു മനുഷ്യർ ഒരു പുരാതന വള്ളത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. യേശു ഗന്നേസരെത്ത് തടാകവും സമതലവും സന്ദർശിച്ച കാലത്തോടടുത്തു പഴക്കമുള്ള ഈ മത്സ്യബന്ധന തടിവള്ളം വീണ്ടെടുക്കാൻ പുരാവസ്തുശാസ്ത്രജ്ഞൻമാർക്ക് കഴിഞ്ഞു. (w92 1/1)
[അടിക്കുറിപ്പ്]
a യഹോവയുടെ സാക്ഷികളുടെ 1992ലെ കലണ്ടറിലുള്ള വലിപ്പമേറിയ കളർഫോട്ടോ കാണുക.
[24-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
Pictorial Archive (Near Eastern History) Est.
[24-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
Pictorial Archive (Near Eastern History) Est.
[25-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
Garo Nalbandian
[25-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
Pictorial Archive (Near Eastern History) Est.