നിങ്ങൾക്ക് എത്രകാലം ജീവിക്കാനാകും?
ജീവിതത്തിന്റെ വഴിത്താരയിൽ പ്രശ്നങ്ങൾ ഉണ്ടെന്നു നമ്മിൽ മിക്കവരും അനായാസം സമ്മതിക്കും. എങ്കിലും ജീവിച്ചിരിക്കുന്നതിൽ നാം സന്തുഷ്ടരാണ്. കേവലം നമ്മുടെ കുട്ടിക്കാലമോ ഹ്രസ്വമായ ജീവായുസ്സോകൊണ്ടു നാം സംതൃപ്തരല്ല; അനേക വർഷങ്ങൾ ജീവിക്കാൻ നാം ആഗ്രഹിക്കും. എന്നിരുന്നാലും മരണം അനിവാര്യമാണെന്നു തോന്നിപ്പോകുന്നു. അങ്ങനെയാണോ?
മരണത്തെ വൈകിപ്പിക്കുക സാധ്യമാണോ? നമ്മുടെ ആയുസ്സിനെ ദീർഘിപ്പിക്കാൻ കഴിയുമോ?
ദീർഘിപ്പിക്കാവുന്ന ആയുർദൈർഘ്യം?
മനുഷ്യായുസ്സ് “ഇരുപതിററഞ്ചും പത്തും വർഷങ്ങളാ”യി (നൂററിപ്പത്തു വർഷം) ദീർഘിപ്പിക്കാനുള്ള സാധ്യതയെപ്പററി ഒരു വാർത്താ റിപ്പോർട്ട് 1990-ൽ പ്രസ്താവിച്ചു. ഇതു സംശയലേശമെന്യേ ബൈബിൾ സങ്കീർത്തനക്കാരനായ മോശയുടെ പിൻവരുന്ന വാക്കുകളുടെ ഒരു പരോക്ഷമായ പരാമർശമായിരുന്നു: “ഞങ്ങളുടെ ആയുഷ്കാലം ഇരുപതിററ് മൂന്നും പത്തും വർഷങ്ങളാണ്; കായശേഷി നിമിത്തം അവ ഇരുപതിററ് നാലു വർഷങ്ങളായേക്കാം, എങ്കിലും അവയുടെ പ്രഭാവം അധ്വാനവും ദുഃഖവുമത്രേ; എന്തുകൊണ്ടെന്നാൽ അതു പെട്ടെന്നു അററുപോകുന്നു, ഞങ്ങൾ പറന്നുപോകുകയും ചെയ്യുന്നു.” (സങ്കീർത്തനം 90:10, ജയിംസ് രാജാവിന്റെ ഭാഷാന്തരം) അതുകൊണ്ട്, ബൈബിൾ മനുഷ്യായുസ്സിന്റെ ശരാശരി ദൈർഘ്യമായി നൽകുന്നത് 70-ഓ 80-ഓ വർഷമാണ്. എന്നാൽ ഇന്ന് ഒരു വ്യക്തിക്കു ജീവിക്കാൻ പ്രതീക്ഷിക്കുന്നതിനു സാധ്യതയുള്ള വർഷങ്ങൾ എത്രയാണ്?
ലോകാരോഗ്യ സംഘടന (WHO) 1992-ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട്, ലോകമൊട്ടാകെ ശരാശരി ആയുഷ്കാലം 65 വർഷമാക്കി നിശ്ചയിച്ചു. ലോകാരോഗ്യ സംഘടന പറയുന്ന പ്രകാരം “ശൈശവ മരണം കുറഞ്ഞുവരുന്നുവെന്ന പ്രധാനകാരണത്താൽ ഇതു വർഷംതോറും ഏതാണ്ടു നാലുമാസമെന്ന നിരക്കിൽ അടുത്ത അഞ്ചു വർഷം വർധിക്കാൻ പ്രതീക്ഷിച്ചിരുന്നതാണ്.” എന്നിരുന്നാലും, വൈദ്യശാസ്ത്രപരമായ ഒരു അത്ഭുതം ഒരുവന് 50 വയസ്സാകുന്നതിനു മുമ്പുണ്ടായേക്കാവുന്ന മരണത്തെ തടഞ്ഞാൽപോലും ടൈം മാസിക പറയുന്ന പ്രകാരം ഐക്യനാടുകളിൽ “ശരാശരി ആയുർദൈർഘ്യത്തിലെ വർധനവ് വെറും 31⁄2 വർഷം മാത്രമായിരിക്കും.”
ജീവിതം എന്തുകൊണ്ടാണ് ഇത്ര ഹ്രസ്വമായിരിക്കുന്നത്?
ചില രോഗങ്ങൾ മനുഷ്യ ശരീരകോശങ്ങളുടെ ഘടനാവൈകല്യങ്ങളോടു ബന്ധപ്പെട്ടിരിക്കുന്നതുപോലെ വാർധക്യം പ്രാപിക്കുക എന്ന പ്രക്രിയ ജനിതക ഘടകങ്ങളാൽ സ്വാധീനിക്കപ്പെട്ടിരിക്കുന്നതായി കാണപ്പെടുന്നുവെന്ന് നെതർലൻഡ്സിന്റെ വാർധക്യം സംബന്ധിച്ച പരീക്ഷണപഠനകേന്ദ്രത്തിലെ ഡോ. യാൻ ഫേക് വാദിക്കുന്നു. നാം വാർധക്യം പ്രാപിക്കുന്നതനുസരിച്ച് “ഒരു കൈപ്പിടിയിലൊതുങ്ങുന്ന കുറെ അടിസ്ഥാന ജീനുകളെ” പകരം സ്ഥാപിക്കാൻ കഴിഞ്ഞാൽ നമുക്കു ദീർഘകാലം ജീവിക്കാൻ കഴിയുമായിരുന്നെന്നു ചില ഗവേഷകർ വിശ്വസിക്കുന്നു. അത്തരമൊരു നിർദേശത്തെ മററുചിലർ “കഥയില്ലായ്മ” എന്നു മുദ്രയടിക്കുന്നു.
എന്തായാലും “മനുഷ്യ ശരീരത്തിലെ കോശങ്ങൾക്കുള്ളിൽ ഒരു ജീവപരിധി സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളതായി” ശാസ്ത്രജ്ഞർ സമ്മതിക്കുന്നുവെന്നു ടൈം മാസിക റിപ്പോർട്ടു ചെയ്യുന്നു. “നാം ജീവനോടെ നിലനിൽക്കാൻ സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു” എന്നു വാദിക്കുന്ന ചിലർപോലും “എന്തോ പിശകു സംഭവിക്കുന്ന”തായി സമ്മതിക്കുന്നു. വാസ്തവമായും 65-ഓ 70-ഓ 80-ഓ അല്ലെങ്കിൽ ഏതാനും വർഷങ്ങൾ കൂടെയോ കഴിയുമ്പോൾ ബൈബിൾ പറയുന്ന പ്രകാരം നമ്മുടെ ജീവിതം “പെട്ടെന്ന് അററുപോകുന്നു.”
എന്നിരുന്നാലും പൊ.യു. (പൊതുയുഗം) ഒന്നാം നൂററാണ്ടിലെ ക്രിസ്തീയ അപ്പോസ്തലനായ പൗലോസ് ആത്മവിശ്വാസത്തോടെ പ്രവചിച്ചു: “നശിപ്പിക്കപ്പെടേണ്ട അവസാനത്തെ ശത്രു മരണമാണ്.” (1 കോറി 15:26, ഓശാന ബൈ.) എങ്ങനെ മരണത്തിന് അറുതി വരുത്താൻ കഴിയും? അതിന് അറുതിവരുത്തിയാൽത്തന്നെയും പ്രിയപ്പെട്ടവരുടെ മരണത്തെ ഇന്നു നമുക്ക് എങ്ങനെ നേരിടാം?