ദൈർഘ്യമേറിയ ജീവിതത്തിന് എന്തു പ്രതീക്ഷ?
“സ്ത്രീയിൽനിന്നു ജനിക്കുന്ന മനുഷ്യന് അല്പായുസ്സേയുള്ളൂ, എന്നിട്ടും അതു ദുഃഖപൂർണമാണ്.”—ഇയ്യോബ് 14:1-ൽ രേഖപ്പെടുത്തിയിരിക്കുന്ന ഇയ്യോബിന്റെ വാക്കുകൾ, “ദ ജെറുസലേം ബൈബിൾ.”
ജീവിതത്തിന്റെ ഹ്രസ്വതയെ കവികൾ എത്രയധികം വർണിച്ചിരിക്കുന്നു! ഇയ്യോബിനെപ്പോലെ, ഒന്നാം നൂറ്റാണ്ടിലെ ഒരെഴുത്തുകാരൻ പറഞ്ഞു: “അല്പനേരത്തേയ്ക്കു പ്രത്യക്ഷപ്പെടുകയും അതിനുശേഷം അപ്രത്യക്ഷമാവുകയും ചെയ്യുന്ന മൂടൽമഞ്ഞാണു നിങ്ങൾ.”—യാക്കോബ് 4:14, പി. ഒ. സി. ബൈബിൾ.
ജീവിതം ദയനീയമാംവിധം ഹ്രസ്വമാണെന്നതു നിങ്ങളും ശ്രദ്ധിച്ചിട്ടുണ്ടോ? ഏകദേശം 400 വർഷം മുമ്പു ഷെയ്ക്ക്സ്പിയർ ഇങ്ങനെയെഴുതി: “അണഞ്ഞുപോകും ചെറു തിരിനാളമേ! ജീവിതമൊരു നടക്കും നിഴലല്ലോ.” കഴിഞ്ഞ ശതകത്തിൽ ഒരു അമേരിക്കൻ ഇൻഡ്യൻ മുഖ്യൻ ചോദിച്ചു: “ജീവിതം എന്താണ്?” എന്നിട്ട് അദ്ദേഹം ഇങ്ങനെ മറുപടി നൽകി: “അതു രാത്രിയിലെ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമാണ്.”
മനുഷ്യർക്കു തങ്ങളുടെ ജീവിതകാലം എത്രയെന്നാണു പ്രതീക്ഷിക്കാൻ കഴിയുക? ഏതാണ്ട് 3,500 വർഷങ്ങൾക്കു മുമ്പു പ്രവാചകനായ മോശ തന്റെ നാളിലെ സ്ഥിതി വിവരിച്ചു: “ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം; ഏറെ ആയാൽ എൺപതു സംവത്സരം; അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; അതു വേഗം തീരുകയും ഞങ്ങൾ പറന്നുപോകയും ചെയ്യുന്നു.”—സങ്കീർത്തനം 90:10.
എഴുപതു വർഷമോ—അത് 25,567 ദിവസങ്ങളല്ലേ ഉള്ളൂ. ഇനി 80 വർഷമെന്നുവച്ചാൽ കേവലം 29,219 ദിവസങ്ങളല്ലേ ഉള്ളൂ. വാസ്തവത്തിൽ എത്ര ഹ്രസ്വം! മനുഷ്യായുസ്സ് ദീർഘിപ്പിക്കാൻ എന്തെങ്കിലും ചെയ്യാൻ കഴിയുമോ?
വൈദ്യശാസ്ത്രത്തിനു സഹായിക്കാൻ കഴിയുമോ?
സയൻസ് മാസിക ഇങ്ങനെ പറഞ്ഞു: “[ഐക്യനാടുകളിൽ] ജനനസമയത്തെ ആയുർപ്രതീക്ഷ 1900-ത്തിൽ 47 വർഷമായിരുന്നത് 1988-ൽ 75 വർഷമായി വർധിച്ചു.” മെച്ചപ്പെട്ട ആരോഗ്യപരിപാലനവും പോഷകവസ്തുക്കളുംവഴി ശിശു മരണനിരക്കു കുറച്ചതിന്റെ ഫലമായി ഐക്യനാടുകളിലെ ജനങ്ങൾക്ക് മോശ പറഞ്ഞ അത്രയും കാലത്തോളം ജീവിക്കാമെന്നു പ്രതീക്ഷിക്കാം. എന്നിരുന്നാലും, മിക്കയാളുകളുടെയും ആയുർദൈർഘ്യത്തിൽ എന്തെങ്കിലും നാടകീയ വർധനവു പ്രതീക്ഷിക്കുന്നുണ്ടോ?
വാർധക്യം സംബന്ധിച്ച് ആധികാരികമായി പറയാൻ കഴിവുള്ള ഒരു മുന്തിയ വ്യക്തിയായ ലെണാർഡ് ഹേഫ്ലിക്ക് എങ്ങനെ, എന്തുകൊണ്ട് നാം വാർധക്യം പ്രാപിക്കുന്നു (ഇംഗ്ലീഷ്) എന്ന തന്റെ ഗ്രന്ഥത്തിൽ പറഞ്ഞതു പ്രസക്തമാണ്: “ഈ നൂറ്റാണ്ടിലെ ജൈവവൈദ്യരംഗത്തെ ഗവേഷണങ്ങളിലുള്ള മുന്നേറ്റങ്ങളും പുരോഗമിച്ച വൈദ്യശുശ്രൂഷാമാർഗങ്ങളുടെ പ്രയോഗവും മനുഷ്യന്റെ ആയുർദൈർഘ്യത്തിൻമേൽ തീർച്ചയായും നല്ല സ്വാധീനം ചെലുത്തിയിരിക്കുന്നു. എന്നാൽ അതു മനുഷ്യായുസ്സിന്റെ നിശ്ചിത ഉന്നതപരിധിയോടടുക്കാൻ കൂടുതൽ ആളുകളെ അനുവദിക്കുക മാത്രമേ ചെയ്തുള്ളൂ.” അതുകൊണ്ട് അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു: “ആയുർപ്രതീക്ഷ വർധിച്ചിട്ടുണ്ട് എന്നാൽ ആയുഷ്കാലം വർധിച്ചിട്ടില്ല; ഈ വ്യത്യാസം നിർണായകമാണ്.”
മനുഷ്യായുസ്സിന്റെ ഈ “നിശ്ചിത ഉന്നത പരിധി” എന്താണ്? ആരെങ്കിലും അടുത്തകാലത്തു 115 വയസ്സിനപ്പുറം ജീവിച്ചിരുന്നിട്ടുണ്ടോ എന്നറിയില്ലെന്നു ചിലർ പറയുന്നു. എന്നാൽ, “1990-ലെ കണക്കുംപ്രകാരം, ഏതെങ്കിലുമൊരു വ്യക്തി ജീവിച്ചിരുന്നതായി തെളിയിക്കപ്പെട്ട ഉയർന്ന പ്രായം 120 വയസ്സിനു തൊട്ടുമുകളിലാണെന്നു” സയൻസ് മാസിക പറഞ്ഞു. ഈ വർഷാദ്യം ഫ്രാൻസിലെ ആൾസ് എന്ന സ്ഥലത്തുള്ള ഷാൻ കാൾമാന്റെ 120-ാം ജൻമദിനത്തോടനുബന്ധിച്ച് ഫ്രഞ്ച് ആരോഗ്യ മന്ത്രി ഒരു പറ്റം റിപ്പോർട്ടർമാരോടും ഫോട്ടോഗ്രാഫർമാരോടുമൊപ്പം അവരെ സന്ദർശിച്ചിരുന്നു. ശരാശരിയെക്കാൾ വളരെ ഉയർന്ന 120-ാമത്തെ വയസ്സുവരെ മോശയും ജീവിച്ചിരുന്നു.—ആവർത്തനപുസ്തകം 34:7.
ആളുകൾ അത്രയും കാലമോ അതിലധികമോ സാധാരണമായി ജീവിച്ചിരിക്കുമെന്ന പ്രതീക്ഷ ശാസ്ത്രജ്ഞർ തരുന്നുവോ? ഇല്ല, അനേകരും അങ്ങനെ ചെയ്യുന്നില്ല. ഡെട്രോയിറ്റ് ന്യൂസിലെ ഒരു തലക്കെട്ട് ഇങ്ങനെ വായിച്ചു: “ശരാശരി ആയുഷ്കാലത്തിന്റെ ഉയർന്ന പരിധി 85 ആയിരിക്കാമെന്നു ഗവേഷകർ പറയുന്നു.” ആ ലേഖനത്തിൽ, വാർധക്യമെന്ന വിഷയത്തിലെ പ്രഖ്യാത പ്രാമാണികനായ എസ്. ജെയ് ഓൾഷാൻസ്കി ഇങ്ങനെ പറഞ്ഞു: “85 എന്ന പ്രായത്തിനപ്പുറം പോയാൽ ആളുകൾ വിവിധ ശരീരാവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുന്നതുനിമിത്തം മരിക്കുന്നു. അവരുടെ ശ്വസനം നിലയ്ക്കുന്നു. അടിസ്ഥാനപരമായി, അവർ വാർധക്യം മൂലം മരിക്കുന്നു. അതിനൊരു മരുന്നുമില്ല.” അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “മനുഷ്യർ വാർധക്യം പ്രാപിക്കുന്നതു തന്മാത്രാതലത്തിൽ നിർത്തി, മറുപാടാക്കാൻ കഴിയാത്തപക്ഷം ആയുർപ്രതീക്ഷയുടെ വേഗത്തിലുള്ള വർധനവുകളെല്ലാം നിലച്ചതുതന്നെ.”
ഒരുപക്ഷേ “ആയുർദൈർഘ്യത്തിന്റെ ഉന്നത പരിധിയിൽ ഇതിനോടകംതന്നെ എത്തിക്കഴിഞ്ഞിരിക്കാം, മരണനിരക്കിൽ ഇനിയൊരു കാര്യമായ കുറവു പ്രതീക്ഷിക്കാൻ വകയില്ല” എന്നു സയൻസ് മാസിക പറഞ്ഞു. മരണസർട്ടിഫിക്കറ്റിൽ റിപ്പോർട്ടു ചെയ്യപ്പെടുന്ന സകല മരണകാരണങ്ങളും ഇല്ലാതാക്കാൻ കഴിഞ്ഞാൽ ആയുർപ്രതീക്ഷ അങ്ങേയറ്റം പോയാൽ ഒരു 20 വർഷംകൂടെ കൂട്ടാം എന്നു പറയപ്പെടുന്നു.
അങ്ങനെ, മനുഷ്യന്റെ ഇപ്പോഴത്തെ ആയുർദൈർഘ്യത്തെ വിചിത്രമെന്നോ മാറാൻ സാധ്യതയുള്ളതെന്നോ അല്ല അനേകം ശാസ്ത്രജ്ഞരും വീക്ഷിക്കുന്നത്. എന്നിട്ടും, മനുഷ്യർ കാലക്രമേണ കൂടുതൽ കാലം ജീവിക്കുമെന്നു വിശ്വസിക്കുന്നതു ന്യായമായിരിക്കുന്നത് എന്തുകൊണ്ട്?