അനുരഞ്ജനം അചിന്തനീയം!
യഹോവയുടെ കൈ യേശുക്രിസ്തുവിന്റെ ആദിമ അനുഗാമികളോടുകൂടെ ഉണ്ടായിരുന്നു. (പ്രവൃത്തികൾ 11:21) ദൈവത്തിന്റെ സഹായത്തോടെ അവർ വിട്ടുവീഴ്ച കൂടാതെ നീതിനിഷ്ഠമായ മാർഗം പിന്തുടർന്നു. അവർക്ക് ശത്രുത, തീവ്രമായ പീഡനംപോലും അനുഭവപ്പെട്ടിരുന്നുവെന്നതു പരക്കെ അറിയപ്പെടുന്ന ഒരു ചരിത്ര വസ്തുതയാണ്.
ക്രിസ്തുവിന്റെ ആദ്യത്തെ വിശ്വസ്താനുഗാമികളുടെ നിർമലത സുവിദിതമായിത്തീർന്നിരിക്കുന്നു. തങ്ങളുടെ ജീവൻ പണയപ്പെടുത്തിക്കൊണ്ടുപോലും അവർ തങ്ങളുടെ വിശ്വാസത്തിൽ വിട്ടുവീഴ്ചചെയ്യാൻ വിസമ്മതിച്ചു. എന്നാൽ അവരോട് ഇത്ര ക്രൂരമായി പെരുമാറാൻ കാരണമെന്തായിരുന്നു?
കാരണം കൂടാതെ വെറുക്കപ്പെട്ടു
യേശുവിനെപ്പോലെ സത്യക്രിസ്ത്യാനികളും ഈ ലോകത്തിന്റെ അഭിലാഷങ്ങളിലും വിശ്വാസങ്ങളിലും പങ്കുചേർന്നില്ല. (1 യോഹന്നാൻ 4:4-6) കൂടാതെ, “[റോമാ സാമ്രാജ്യത്വ ശക്തിയുമായുള്ള] ഒരു ഭയാനകമായ ഏററുമുട്ടൽ ഒഴിച്ചുകൂടാനാകാത്തവണ്ണം” ക്രിസ്ത്യാനിത്വത്തിന്റെ വളർച്ച “അത്ര ത്വരിതഗതിയിലായിരുന്നു”വെന്ന് ചരിത്രകാരനായ എഡ്മൺഡ് ദെ പ്രെസാൻസെ കുറിക്കൊള്ളുന്നു.
യേശു ഒരിക്കൽ പ്രവചനാത്മകമായ ഒരു സങ്കീർത്തനം തനിക്കു ബാധകമാക്കിക്കൊണ്ടു പറഞ്ഞു: “അവർ കാരണം കൂടാതെ എന്നെ വെറുത്തു.” (യോഹന്നാൻ 15:25, പി.ഒ.സി. ബൈ.; സങ്കീർത്തനം 69:4) തന്റെ ശിഷ്യൻമാരോട് ഇതു പറയുന്നതിനുമുമ്പ് അവിടുന്ന് ഇങ്ങനെ മുന്നറിയിപ്പു നൽകിയിരുന്നു: “ദാസൻ യജമാനനെക്കാൾ വലിയവനല്ല . . . അവർ എന്നെ പീഡിപ്പിച്ചുവെങ്കിൽ നിങ്ങളെയും പീഡിപ്പിക്കും.” (യോഹന്നാൻ 15:20, പി.ഒ.സി. ബൈ.) അവിടുത്തെ കാൽചുവടുകൾ പിൻപററുന്നത് എളുപ്പമായിരിക്കുകയില്ല. ഒരു സംഗതിയെന്തെന്നുവച്ചാൽ, യഹൂദൻമാരുടെ ഇടയിലുള്ള മതനേതാക്കൻമാർ യേശുവിന്റെ യഹൂദ ശിഷ്യരെ യഹൂദ മത സമ്പ്രദായത്തിൽനിന്നുള്ള വിശ്വാസത്യാഗികളായി കണക്കാക്കുമായിരുന്നു. യേശുവിനെക്കുറിച്ചു മേലാൽ സംസാരിക്കരുതെന്ന് അവിടുത്തെ ശിഷ്യൻമാരോട് ആവശ്യപ്പെട്ടപ്പോൾ അവർ അത് അനുസരിക്കുന്നതിനും അങ്ങനെ തങ്ങളുടെ വിശ്വാസത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതിനും വിസമ്മതിച്ചു.—പ്രവൃത്തികൾ 4:17-20; 5:27-32.
പൊ.യു. 33-ലെ പെന്തക്കോസ്തിനുശേഷം താമസിയാതെ യഹൂദൻമാരുടെ ന്യായാധിപസംഘത്തിനു മുമ്പാകെ സമർപ്പിച്ച സാക്ഷ്യപത്രത്തിൽ ശിഷ്യനായ സ്തെഫാനോസ് “മോശെക്കും ദൈവത്തിനും വിരോധമായി ദൂഷണം പറയുന്ന”തായി കുററം ആരോപിക്കപ്പെട്ടു. ആരോപണം കൊടിയ ദ്രോഹമായിരുന്നെങ്കിലും അദ്ദേഹത്തെ കല്ലെറിഞ്ഞു കൊന്നു. തൽഫലമായി, “യെരൂശലേമിലെ സഭെക്കു ഒരു വലിയ ഉപദ്രവം നേരിട്ടു; അപ്പൊസ്തലൻമാർ ഒഴികെ എല്ലാവരും യെഹൂദ്യ ശമര്യ ദേശങ്ങളിൽ ചിതറിപ്പോയി.” (പ്രവൃത്തികൾ 6:11, 13; 8:1) അനേകർ തടവിലാക്കപ്പെട്ടു.
യഹൂദൻമാർ യേശുവിന്റെ ശിഷ്യൻമാരെ “അടങ്ങാത്ത വിദ്വേഷത്തോടെ” പിന്തുടർന്നുവെന്നു ക്രിസ്ത്യാനിത്വവും റോമാ സാമ്രാജ്യവും (Christianity and the Roman Empire) എന്ന പുസ്തകം പറയുന്നു. എന്തിന്, ക്രിസ്ത്യാനികളെ സംരക്ഷിക്കുവാൻ റോമാ ഗവൺമെൻറിനു മിക്കപ്പോഴും നടപടിയെടുക്കേണ്ടതായിവന്നു! ദൃഷ്ടാന്തത്തിന്, അപ്പോസ്തലനായ പൗലോസിനെ കൊല്ലാൻ തുനിഞ്ഞ യഹൂദൻമാരിൽനിന്നു റോമൻ പടയാളികൾ അദ്ദേഹത്തെ രക്ഷിച്ചു. (പ്രവൃത്തികൾ 21:26-36) എന്നിരുന്നാലും, ക്രിസ്ത്യാനികളും റോമാക്കാരും തമ്മിലുള്ള ബന്ധം ദുഷ്കരമായ ഒന്നായി നിലകൊണ്ടു.
റോമാ ഗവൺമെൻറ് പീഡനം ശക്തമാക്കുന്നു
സ്തേഫാനോസിന്റെ മരണത്തിന് ഏകദേശം ഒൻപതു വർഷത്തിനുശേഷം റോമാ ഭരണാധികാരിയായിരുന്ന ഹെരോദ് അഗ്രിപ്പാ 1-ാമൻ യഹൂദൻമാരെ പാട്ടിലാക്കാൻവേണ്ടി അപ്പോസ്തലനായ യാക്കോബിനെ കൊല്ലിച്ചു. (പ്രവൃത്തികൾ 12:1-3) അതിനോടകം ക്രിസ്തുവിലുള്ള വിശ്വാസം റോമയിലേക്കു വ്യാപിച്ചിരുന്നു. (പ്രവൃത്തികൾ 2:10) പൊ.യു. 64-ൽ പട്ടണത്തിന്റെ ഏറിയഭാഗവും തീയാൽ നശിച്ചു. അഗ്നിബാധയാൽ ഉണ്ടായ നാശത്തിന് ഉത്തരവാദി നീറോ ആണെന്നുള്ള കിംവദന്തിയെ അമർത്തുന്നതിന് ആ നാശത്തിനു കാരണം ക്രിസ്ത്യാനികളാണെന്ന് അയാൾ പഴി ചാരിയതോടെ ഭയങ്കരമായ പീഡനം ക്രിസ്ത്യാനികളെ പിന്തുടർന്നു. നഗരത്തെ കൂടുതൽ പ്രൗഢിയേറിയതാക്കി പുതുക്കി പണിയാനും അതിനെ നീറോപളിസ് എന്നു തന്റെ പേരിലാക്കി മാററാനുമായി ഒരു ഒഴികഴിവെന്നവണ്ണം അയാൾ അതിനു തീ വെച്ചതായിരിക്കുമോ? അതോ ക്രിസ്ത്യാനികളുടെ ഒരറിയപ്പെട്ട വിരോധിയായിരുന്ന യഹൂദ മതാനുസാരിയായ അയാളുടെ ചക്രവർത്തിനി പൊപ്പെയ, ക്രിസ്ത്യാനികളുടെമേൽ പഴിചാരാനുള്ള അയാളുടെ തീരുമാനത്തെ സ്വാധീനിച്ചിരിക്കുമോ? ഗവേഷകർക്ക് ഇക്കാര്യത്തിൽ തീർച്ചയില്ല, എന്നാൽ സംഭവങ്ങളുടെ പരിണാമം ഭയാനകമായിരുന്നു.
റോമൻ ചരിത്രകാരനായ ററാസിററസ് പറയുന്നു: “മരണത്തോടുകൂടെ പരിഹാസവും കലർത്തിയിരുന്നു; മൃഗങ്ങളുടെ തോൽകൊണ്ടുള്ള വസ്ത്രം ധരിപ്പിക്കപ്പെട്ട [ക്രിസ്ത്യാനികളെ] പട്ടികൾ തുണ്ടം തുണ്ടമായി പറിച്ചുകീറി; അവരെ സ്തംഭങ്ങളിൽ തറച്ചു; ഇരുട്ടുമ്പോൾ പ്രകാശമായി സേവിക്കേണ്ടതിന് അവരെ എളുപ്പത്തിൽ ആളിക്കത്തുന്നവരാക്കി,” രാജകീയ ഉദ്യാനങ്ങളെ പ്രശോഭിപ്പിക്കുന്ന മനുഷ്യ പന്തങ്ങളാക്കിത്തീർത്തു. ക്രിസ്ത്യാനികളുടെ സ്നേഹിതനല്ലാതിരുന്ന ററാസിററസ് കൂട്ടിച്ചേർക്കുന്നു: “അപരാധികളെന്നപോലെയും, മാതൃകാശിക്ഷ അർഹിക്കുന്നവരെന്നപോലെയും, പൊതുജനക്ഷേമത്തെ പ്രതിയല്ല പിന്നെയോ” നീറോ എന്ന “ഒരൊററ മമനുഷ്യന്റെ ക്രൂരതയുടെ പാത്രമായി നശിപ്പിക്കപ്പെടുന്നവരെന്ന നിലയിൽ അവർ അനുകമ്പ ഉണർത്തി.”
വ്യക്തമായ വൈപരീത്യങ്ങൾ
റോമിന്റെ നാശത്തിനു ക്രിസ്ത്യാനികളെ പഴിചാരുന്നതു നീറോയുടെ ഉദ്ദേശ്യത്തിനുപകരിച്ചുവെങ്കിലും അയാൾ അവരെ ഒരിക്കലും നിരോധിക്കുകയോ ക്രിസ്ത്യാനിത്വത്തിനു ഭ്രഷ്ടു കല്പിക്കുകയോ ചെയ്തില്ല. എങ്കിൽ പിന്നെ എന്തുകൊണ്ടാണു റോമാക്കാരും പീഡിപ്പിക്കുന്നതിൽ പങ്കുചേർന്നത്? എന്തുകൊണ്ടെന്നാൽ “ഈ ചെറിയ ക്രിസ്തീയ ജനസമുദായങ്ങൾ അവയുടെ ഭക്തിയാലും മാന്യതയാലും ഉല്ലാസഭ്രാന്തുപിടിച്ച പുറജാതിലോകത്തിന്റെ സ്വസ്ഥതകെടുത്തുകയായിരുന്നു” എന്നു ചരിത്രകാരനായ വിൽ ഡ്യൂറൻറ് പറയുന്നു. ക്രിസ്ത്യാനിത്വവും റോമാക്കാരുടെ ദ്വന്ദ്വയുദ്ധങ്ങളിലെ രക്തച്ചൊരിച്ചിലും തമ്മിൽ അന്തരത്തേക്കാളേറിയ ഒരു വൈരുദ്ധ്യം സാധ്യമായിരുന്നില്ല. ക്രിസ്ത്യാനികളെ ഒഴിവാക്കിക്കൊണ്ട് തങ്ങളുടെതന്നേ മനസ്സാക്ഷികളെ കുററവിമുക്തമാക്കുന്നതിനു റോമാക്കാർക്കു ലഭിച്ച ഈ സുവർണാവസരം നഷ്ടപ്പെടുത്താൻപററിയ ഒന്നായിരുന്നില്ല.
ഒരു ലോകശക്തിയെന്ന നിലയിൽ റോം അജയ്യമായി തോന്നി. തങ്ങളുടെ സൈനിക സാമർഥ്യത്തിനുള്ള ഒരു കാരണം എല്ലാ ദൈവങ്ങളുടെയും ആരാധനയാണെന്നു റോമാക്കാർ വിശ്വസിച്ചു. അതുകൊണ്ട്, ക്രിസ്തീയ ഏകദൈവവിശ്വാസത്തിന്റെ അനന്യഭാവവും ചക്രവർത്തിപൂജ ഉൾപ്പെടെ മററു സകല ദൈവങ്ങളുടെയും നിഷേധവും അവർക്കു ഗ്രഹിക്കാൻ കഴിയുന്നതിലധികമായിരുന്നു. സാമ്രാജ്യത്തിന്റെ അടിസ്ഥാനംതന്നെ തോണ്ടുന്ന ഒരു സ്വാധീനമായി ക്രിസ്ത്യാനിത്വത്തെ റോം കണ്ടത് അതിശയമല്ലായിരുന്നു.
സാക്ഷ്യം വഹിക്കുന്നതിന്റെ വില
പൊ.യു. ഒന്നാം നൂററാണ്ടിന്റെ അവസാനത്തിൽ അപ്പോസ്തലനായ യോഹന്നാൻ “ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം” പത്മോസ് ദ്വീപിലേക്കു നാടുകടത്തപ്പെട്ടു. (വെളിപ്പാടു 1:9) റോമാ ചക്രവർത്തിയായിരുന്ന ഡൊമിഷ്യനാണ് ഇതിനുത്തരവാദിയെന്നു കരുതിപ്പോരുന്നു. യേശുവിന്റെ അനുഗാമികൾ ഇത്രയധികം സമ്മർദങ്ങൾ വഹിക്കാനിടയായിട്ടും ആ നൂററാണ്ടിന്റെ അവസാനത്തോടെ ക്രിസ്ത്യാനിത്വം റോമാ സാമ്രാജ്യത്തിലുടനീളം വ്യാപിച്ചിരുന്നു. ഇതെങ്ങനെ സാധ്യമായി? ക്രിസ്ത്യാനിത്വത്തെ “ഒന്നിപ്പിച്ചു നിർത്തിയത് അതിന്റെ ശുശ്രൂഷയായിരുന്നു” എന്ന് ആദിമ സഭയുടെ ഒരു ചരിത്രം (A History of the Early Church) പറയുന്നു. പീഡിപ്പിക്കപ്പെട്ട ആദിമ ക്രിസ്ത്യാനികളും യോഹന്നാനെപ്പോലെ തങ്ങളുടെ വിശ്വാസത്തിൽ വിട്ടുവീഴ്ച ചെയ്യുമായിരുന്നില്ല മറിച്ച്, ദൈവത്തെക്കുറിച്ചു സംസാരിക്കുന്നതിലും യേശുവിനു സാക്ഷ്യം വഹിക്കുന്നതിലും തീക്ഷ്ണതയോടെ തുടർന്നു.—പ്രവൃത്തികൾ 20:20, 21; 2 തിമൊഥെയൊസ് 4:2.
ചക്രവർത്തിയായ ട്രാജൻ ബിഥുന്യയിലെ (ഇപ്പോഴത്തെ തുർക്കിയുടെ വടക്കുപടിഞ്ഞാറ്) ഗവർണറായി പ്ലിനിയെ നിയോഗിച്ചതിന്റെ രണ്ടു വർഷത്തിനുശേഷം പൊ.യു. 112-ഓടെ ക്രിസ്ത്യാനികളുടെ പീഡനം ഒരു പുതിയ രൂപം കൈക്കൊണ്ടു. അവിടെ നേരത്തെയുണ്ടായിരുന്ന ഭരണനിർവഹണം കുത്തഴിഞ്ഞതായിരുന്നതിന്റെ ഫലമായി സർവതും അലങ്കോലപ്പെട്ടിരുന്നു. ക്ഷേത്രങ്ങൾ മിക്കവാറും ഉപേക്ഷിക്കപ്പെട്ടിരുന്നു, ബലിമൃഗങ്ങൾക്കുള്ള തീററയുടെ വില്പന ഗണ്യമായി ഇടിഞ്ഞു. മൃഗബലികളും വിഗ്രഹങ്ങളും മററും ഇല്ലാതിരുന്നതിനാൽ ക്രിസ്തീയ ആരാധനയുടെ ലാളിത്യത്തെ വില്പനക്കാർ കുററപ്പെടുത്തി.
പുറജാതീയ ആരാധന പുനഃസ്ഥാപിക്കാൻ പ്ലിനി കഠിന ശ്രമം ചെയ്യവെ ക്രിസ്ത്യാനികൾ തങ്ങളുടെ ജീവനെപ്പോലും വകവയ്ക്കാതെ ചക്രവർത്തിയുടെ പ്രതിമയ്ക്കു മുമ്പാകെ വീഞ്ഞും കുന്തിരിക്കവും അർപ്പിക്കാൻ വിസമ്മതിച്ചു. ക്രിസ്ത്യാനികൾ “ഉത്കൃഷ്ടമായ ധാർമികനിലവാരങ്ങൾ ഉള്ളവരാണ്, എന്നാൽ പുരാതനമായ മതാചാരങ്ങളോടു പറഞ്ഞറിയിക്കാനാകാത്ത വിരോധം പുലർത്തുന്നവരാണ്” എന്ന് റോമാ അധികാരികൾ ഒടുവിൽ സമ്മതിച്ചുവെന്ന് പ്രൊഫസർ ഹെൻട്രി ഛാഡ്വിക് പറയുന്നു. ഒരു ക്രിസ്ത്യാനിയായിരിക്കുക എന്നതു വധശിക്ഷാർഹമായ കുററമായിരുന്നെങ്കിലും യേശുവിന്റെ യഥാർഥ അനുഗാമികൾക്ക് അനുരഞ്ജനം അചിന്തനീയമായിരുന്നു.
“പുറജാതി കുടുംബങ്ങളിൽ ഒററപ്പെട്ട വ്യക്തികളുടെ മതപരിവർത്തനത്താലുണ്ടായ നീരസത്തിന്റെ” ഫലമായും വിദ്വേഷം ജനിച്ചുവെന്ന് പ്രൊഫസർ ഡബ്ലിയൂ. എം. റാംസേ പറയുന്നു. “പുറജാതി ദൈവങ്ങളുടെ അംഗീകരണത്തെ സൂചിപ്പിക്കുന്നുവെന്ന കാരണത്താൽ ഒരുവന്റെ അയൽക്കാരന് സർവസാധാരണമായ സാമുദായിക ആചാരങ്ങളോട് ഒത്തുപോകാൻ കഴിയാതെവന്നപ്പോൾ സാമൂഹിക ജീവിതം വളരെ ദുഷ്കരമായിത്തീർത്തു” എന്ന് ഡോ. ജെ. ഡബ്ലിയൂ. സി. വാൻഡ് പ്രസ്താവിക്കുന്നു. അനേകരും ആദിമ ക്രിസ്ത്യാനികളെ മനുഷ്യവർഗവിദ്വേഷികളായി കാണുകയോ നിരീശ്വരവാദികളായി കണക്കാക്കുകയോ ചെയ്തതിൽ അതിശയിക്കാനില്ല.
വർധനവു കൂടുതൽ പീഡനം വരുത്തിക്കൂട്ടുന്നു
അപ്പോസ്തലനായ യോഹന്നാനാൽ പഠിപ്പിച്ചതായി പറയപ്പെടുന്ന പോളികാർപ്പ് സ്മുർന്നയിലെ (ഇപ്പോഴത്തെ ഇസ്മിർ) ആദരണീയനായ ഒരു മൂപ്പനായിത്തീർന്നു. അദ്ദേഹത്തിന്റെ വിശ്വാസംഹേതുവായി പൊ.യു. 155-ൽ അദ്ദേഹത്തെ സ്തംഭത്തിൽ ദഹിപ്പിച്ചുകൊന്നു. റോമിന്റെ പ്രവിശ്യാ ഗവർണറായിരുന്ന സ്ററാററിയുസ് ക്വാഡ്രാററുസ് ജനക്കൂട്ടത്തെ വിളിച്ചുകൂട്ടി. തങ്ങളുടെ ദൈവങ്ങളുടെ ആരാധനയെ നിരുത്സാഹപ്പെടുത്തിയതിനാൽ 86 വയസ്സുള്ള പോളികാർപ്പിനെ വെറുത്തിരുന്ന വിരോധികളായ പുറജാതീയരെക്കൊണ്ടു സ്റേറഡിയം നിറഞ്ഞിരുന്നു. ഒരു വലിയ ശബ്ബത്തുനാളായിരുന്നിട്ടുകൂടെ മതഭ്രാന്തരായ യഹൂദൻമാർ മനസ്സോടെ പോളികാർപ്പിനെ ജീവനോടെ ദഹിപ്പിക്കാനുള്ള വിറക് കൂട്ടിവച്ചു.
അടുത്തതായി, റോമാ ലോകത്തിലുടനീളം ക്രിസ്ത്യാനികളുടെമേൽ പീഡനത്തിന്റെ ഒരു പ്രവാഹം ഇരച്ചുകയറി. ചക്രവർത്തിയായ മാർക്കസ് ഒറേലിയസ്സിന്റെ കീഴിൽ കൂടുതൽ ക്രിസ്ത്യാനികൾ കൊല്ലപ്പെടാൻ ഇടയായി. അവർ റോമാ പൗരൻമാർ ആയിരുന്നെങ്കിൽ വാളാൽ കൊല്ലപ്പെട്ടു; അല്ലാത്തപക്ഷം, പൊതുരംഗാങ്കണങ്ങളിൽ വന്യമൃഗങ്ങളാൽ കൊല്ലപ്പെട്ടു. അവരുടെ കുററമെന്തായിരുന്നു? തങ്ങളുടെ വിശ്വാസത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതിനോ അതു തള്ളിപ്പറയുന്നതിനോ വിസമ്മതിച്ച ക്രിസ്ത്യാനികളായിരുന്നു അവർ എന്നതുമാത്രം.
ആധുനിക ഫ്രഞ്ചു പട്ടണമായ ലിയോൺസ്, ലഗ്ഡുനമെന്ന റോമൻ കോളനിയിൽനിന്നു വളർന്നതാണ്, അത് ഭരണസംബന്ധമായ ഒരു പ്രധാന ഭരണകേന്ദ്രവും റോമായ്ക്കും റൈൻ നദിക്കും മധ്യേയുള്ള റോമിന്റെ ഒരേ ഒരു കോട്ടയുടെ സ്ഥാനവുമായിരുന്നു. പൊ.യു. 177-ഓടെ പുറജാതി ജനക്കൂട്ടം ഭ്രാന്തമായി എതിർത്ത ഒരു ശക്തമായ ക്രിസ്തീയ സമുദായം അവിടുണ്ടായിരുന്നു. ക്രിസ്ത്യാനികളെ പൊതുസ്ഥലങ്ങളിൽനിന്ന് ഒഴിച്ചുനിർത്തിക്കൊണ്ട് ഇതിന് ആരംഭം കുറിക്കപ്പെട്ടു. ജനക്കൂട്ടം കലാപം ഇളക്കിവിട്ടു, അനന്തരമുണ്ടായ പീഡനം ക്രിസ്ത്യാനികൾ വീടിനു പുറത്തുപോകാൻ ധൈര്യപ്പെടാതെവണ്ണം അത്ര ശക്തമായിരുന്നു. ക്രിസ്ത്യാനികളെ കണ്ടുപിടിച്ചു കൊല്ലുവാൻ റോമൻ ഗവൺമെൻറ് ആജ്ഞ പുറപ്പെടുവിച്ചു.
പ്രതിഫലം
യേശുവിന്റെ അപ്പോസ്തലൻമാരുടെ മരണത്തോടും അവരുടെ സംരക്ഷക സ്വാധീനത്തിന്റെ നീങ്ങിപ്പോകലോടുംകൂടെ ക്രിസ്ത്യാനികളെന്ന് അവകാശപ്പെട്ടവരുടെ ഇടയിൽ വിശ്വാസത്യാഗം വളർന്നുവരാൻ തുടങ്ങി. (2 തെസ്സലൊനീക്യർ 2:7) പൊ.യു. നാലാം നൂററാണ്ടിന്റെ അവസാനത്തോടെ വിശ്വാസത്യാഗം ഭവിച്ച ക്രിസ്ത്യാനിത്വം ഒരു ദേശീയമതം ആയിക്കഴിഞ്ഞിരുന്നു. അതിനോടകം അത് ദുഷിക്കപ്പെടുകയും അനുരഞ്ജനത്തിനു തയ്യാറാകുകയും ലോകത്തോട് അനുരൂപമായി സ്വയം തിരിച്ചറിയിക്കുകയും ചെയ്തിരുന്നു—യേശുവും അവിടുത്തെ ആദിമ ശിഷ്യൻമാരും ഒരിക്കലും ചെയ്യാത്ത ഒന്നായിരുന്നു ഇത്. (യോഹന്നാൻ 17:16) എന്നിരുന്നാലും അതിനു വളരെ മുമ്പുതന്നെ ബൈബിൾകാനോൻ ക്രിസ്തീയ വിശ്വാസത്തെപ്പററിയുള്ള അതിന്റെ വിവരണം സഹിതം പൂർത്തിയാക്കപ്പെട്ടിരുന്നു.
ആയിരക്കണക്കിന് ആദിമ ക്രിസ്ത്യാനികളുടെ കഷ്ടപ്പാടും മരണവും വ്യർഥമായിരുന്നോ? തീർച്ചയായും അല്ലായിരുന്നു! അനുരഞ്ജനത്തെക്കുറിച്ചു ചിന്തിക്കുകപോലും ചെയ്യാതെ അവർ ‘മരണപര്യന്തം വിശ്വസ്തരായിരിക്കുകയും അവർക്കു ജീവകിരീടം നൽകപ്പെടുകയും ചെയ്തു.’ (വെളിപ്പാടു 2:10) യഹോവയുടെ ദാസർ ഇന്നും പീഡനത്തിന്റെ ചൂട് അനുഭവിക്കുന്നു, എന്നാൽ ആദിമ സഹവിശ്വാസികളുടെ വിശ്വാസവും നിർമലതയും അവർക്കു പ്രോത്സാഹനത്തിന്റെ ഒരു വലിയ ഉറവായി നിലകൊള്ളുന്നു. ആകയാൽ ആധുനികകാല ക്രിസ്ത്യാനികളും അനുരഞ്ജനത്തെക്കുറിച്ച് ഒരു ചിന്തയും വച്ചുപുലർത്തുന്നില്ല.
[8, 9 പേജുകളിലെ ചിത്രങ്ങൾ]
നീറോ
സാമ്രാജ്യത്വ റോമായുടെ മാതൃക
കൈസറിന്റെ ആരാധനയ്ക്കായി അർപ്പിച്ചിരുന്ന ഒരു ബലിപീഠം
[കടപ്പാട്]
Nero: Courtesy of The British Museum
Museo della Civiltà Romana, Roma
[10-ാം പേജിലെ ചിത്രം]
മാർക്കസ് ഔറേലിയസ്
[കടപ്പാട്]
The Bettmann Archive