അതിവിശുദ്ധ വിശ്വാസത്തിലുള്ള ഗിലെയാദ് പരിശീലനം
“നമ്മുടെ വിദ്യാർഥികൾക്ക് അതിവിശുദ്ധ വിശ്വാസത്തിൽ ശരിയാംവണ്ണമുള്ള പരിശീലനം സിദ്ധിച്ചിരിക്കുന്നു.” ഈ വാക്കുകളോടെയായിരുന്നു 1993 സെപ്ററംബർ 12 ഞായറാഴ്ച നടന്ന വാച്ച് ടവർ ബൈബിൾ ഗിലെയാദ് സ്കൂളിന്റെ 95-ാമത്തെ ബിരുദദാന ചടങ്ങിന് ആരംഭം കുറിച്ചത്. രാവിലെ ജേഴ്സി സിററി അസംബ്ലിഹാളിൽ സന്നിഹിതരായിരുന്ന ക്ഷണിക്കപ്പെട്ട 4,614 അതിഥികൾക്കും ബെഥേൽ കുടുംബാംഗങ്ങൾക്കും വേണ്ടി പ്രാരംഭപ്രാർഥന അർപ്പിച്ചത് ജോർജ് ഗാൻജസ് ആയിരുന്നു. 97 വയസ്സുള്ള ഗാൻജസ് സഹോദരൻ 65 വർഷമായി ബെഥേൽ കുടുംബാംഗമാണ്, ഭരണസംഘത്തിലെ ഏററവും പ്രായംചെന്ന അംഗവും അദ്ദേഹംതന്നെ.
ഭരണസംഘത്തിൽനിന്നുതന്നെയുള്ള ആൽബർട്ട് ഷ്രോഡർ ആയിരുന്നു പരിപാടിയുടെ ചെയർമാൻ. അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു: “അഞ്ചു മാസത്തോളമുണ്ടായിരുന്ന ഗിലെയാദ് കോഴ്സ് അതിവിശുദ്ധ വിശ്വാസത്തെ അടിസ്ഥാനമാക്കിയായിരുന്നു.” എന്നാൽ “അതിവിശുദ്ധ വിശ്വാസം” എന്താണ്? യൂദാ 20-ൽ സൂചിപ്പിച്ചിരിക്കുന്ന ഈ “അതിവിശുദ്ധ വിശ്വാസം” മുഴു ബൈബിൾസത്യങ്ങളുമാണ്. അതുകൊണ്ട് ഗിലെയാദ് കോഴ്സിന് അവലംബമായിരിക്കുന്ന മുഖ്യ പാഠപുസ്തകം യഹോവയുടെ വചനമായ ബൈബിൾ ആണ്.
വിദ്യാർഥികൾ കൂടുതലായ പ്രബോധനം സ്വീകരിക്കുന്നു
“ബുദ്ധിശാലികളായ വ്യക്തികളുടെ സ്വാധീനത്തിൽനിന്നു പ്രയോജനം നേടൽ” എന്ന വിഷയത്തെക്കുറിച്ചു പ്രസംഗിച്ച വാച്ച്ടവർ ഫാംസ് കമ്മിററിയിൽനിന്നുള്ള ജോൺ സ്ററൂഫ്ളോററൻ ആയിരുന്നു ആദ്യ പ്രസംഗകൻ. “ജ്ഞാനികളോടുകൂടെ നടക്കു”ന്നവർ “ജ്ഞാനി”കളാകും എന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 13:20) ഗിലെയാദ് കോഴ്സിൽ വിദ്യാർഥികൾ ബൈബിൾ പഠിക്കുന്നതിനു ചെലവിട്ടത് 900-ത്തിലധികം മണിക്കൂറുകളായിരുന്നു. സ്ററൂഫ്ളോററൻ സഹോദരൻ വിദ്യാർഥികളോടായി ചോദിച്ചു: “എങ്ങനെയായിരിക്കും യഹോവയുടെ സ്വാധീനം നിങ്ങളെ ഭാവിയിൽ ബാധിക്കുക? ആകെ 17 കോടിയോളം ജനങ്ങളുള്ള 18 രാജ്യങ്ങളിലേക്കാണു നിങ്ങൾ പോകുന്നത്. അതുകൊണ്ട് ആ ജനങ്ങളെ നിങ്ങൾ എങ്ങനെ സ്വാധീനിക്കും?” യഹോവയുടെ ജ്ഞാനം പ്രതിഫലിപ്പിച്ചുകൊണ്ട് സീമാതീതജ്ഞാനത്തിന്റെ ഉറവിടമായ യഹോവയുടെ ആരാധകരായിത്തീരാൻ മററുള്ളവരെ സഹായിക്കാൻ പുതുമിഷനറിമാർ പ്രാപ്തരായിത്തീരും.
“എല്ലാ മനുഷ്യർക്കുംവേണ്ടി എല്ലാമായിത്തീരൽ” എന്നതായിരുന്നു അടുത്ത പ്രസംഗം അവതരിപ്പിച്ച ഭരണസംഘത്തിൽനിന്നുള്ള ലോയ്ഡ് ബാരിയുടെ വിഷയം. (1 കൊരിന്ത്യർ 9:22, ജയിംസ് രാജാവിന്റെ ഭാഷാന്തരം) 45 വർഷം മുമ്പ്, 11-ാമത്തെ ഗിലെയാദ് സ്കൂളിൽ ബാരി സഹോദരൻതന്നെ ഒരു വിദ്യാർഥിയായിരുന്നു. ഒരു വിദേശ രാജ്യത്തു വർഷങ്ങളുടെ അനുഭവപരിചയമുള്ള ഒരു മുൻമിഷനറിയിൽനിന്നുള്ള പ്രായോഗിക ബുദ്ധ്യുപദേശം സ്വീകരിക്കുന്നത് ഇപ്പോൾ 95-ാമത്തെ ക്ലാസ്സ് വിലമതിച്ചു. തങ്ങളുടെ പുതിയ വിദേശ രാജ്യത്തെ പ്രാദേശിക സംസ്കാരം അറിയാൻ ശ്രമിച്ചുകൊണ്ടും അവിടത്തെ പ്രാദേശിക ഭാഷ പഠിച്ചുകൊണ്ടും ജനങ്ങളുമായി ശീഘ്രം താദാത്മ്യം പ്രാപിക്കാൻ അദ്ദേഹം വിദ്യാർഥികളെ പ്രോത്സാഹിപ്പിച്ചു. ആളുകളുമായി അടുത്ത് ഇടപഴകി അവരോടൊത്തു വേല ചെയ്തുകൊണ്ടും അവരുടെ ആചാരങ്ങൾ പഠിച്ച് ഉചിതമായിരിക്കുമ്പോഴെല്ലാം അതുമായി പൊരുത്തപ്പെട്ടുകൊണ്ടും ഇത് ഏററവും നന്നായി ചെയ്യാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
അടുത്തതായി, “കർത്തവ്യവിമുക്തരാക്കപ്പെട്ടിരിക്കുന്നു” എന്ന രസാവഹമായ വിഷയമായിരുന്നു. ഈ പ്രസംഗം നിർവഹിച്ചതാകട്ടെ ഫാക്ടറി കമ്മിററിയംഗം ഡീൻ സോങ്കറും. സങ്കീർണതകളോ ശ്രദ്ധാശൈഥില്യമോ കൂടാതെ, ഭൗതികമായ ആശങ്കകളിൽനിന്നു വിമുക്തമായി ഏൽപ്പിക്കപ്പെട്ടിരിക്കുന്ന ജോലിയിൽ സകല ശ്രദ്ധയും അർപ്പിച്ചുകൊണ്ടു ജീവിതം നയിക്കുക എന്നാൽ എന്താണ് അർഥമാക്കുന്നതെന്നു 35 വർഷത്തിലധികം മുഴുസമയ സേവനത്തിലായിരിക്കുന്ന സോങ്കർ സഹോദരന് അറിയാം. അതായിരുന്നു വിദ്യാർഥികൾക്കുള്ള അദ്ദേഹത്തിന്റെ ബുദ്ധ്യുപദേശത്തിന്റെ കാതൽ. മററു ലേവ്യർക്കു പൊതുവിലുണ്ടായിരുന്ന കർത്തവ്യങ്ങളിൽനിന്നു യഹോവയുടെ ആലയത്തിലെ ഗായകരെ ഒഴിവാക്കിയിരുന്നു. ഇതു തങ്ങളുടെ പ്രത്യേക നിയമനങ്ങൾക്കു തങ്ങളെത്തന്നേ മുഴുവനായി സമർപ്പിക്കാൻ അവർക്കു കഴിയേണ്ടതിനായിരുന്നു. (1 ദിനവൃത്താന്തം 9:33) അതുപോലെ ഭൗതിക ജോലിപോലുള്ള സാധാരണ സംഗതികളിൽനിന്നു ഗിലെയാദ് മിഷനറിമാരും ഒഴിവാക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തങ്ങളുടെ പ്രത്യേക സേവനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവർക്കാകും. സോങ്കർ സഹോദരൻ ഈ അനുശാസനത്തോടെയായിരുന്നു ഉപസംഹരിച്ചത്: “നിങ്ങളുടെ ജീവിതവീക്ഷണം ഏകത്ര കേന്ദ്രീകരിക്കുകയും ലളിത ജീവിതം നയിക്കുകയും ചെയ്യുക. കർത്തവ്യവിമുക്തരെന്ന നിലയിലുള്ള നിങ്ങളുടെ ഉത്തരവാദിത്വം യഹോവയെ സ്തുതിച്ചുകൊണ്ട് വേലയിൽ രാപകൽ ഉണ്ടായിരിക്കുക എന്നതാണ്.”
അതേത്തുടർന്ന്, “ജീവിതത്തിൽനിന്ന് ഏററവും മെച്ചമായത് എങ്ങനെ നേടാമെന്നു മററുള്ളവരെ പഠിപ്പിക്കൽ” എന്ന വിഷയവുമായി ഭരണസംഘാംഗമായ ഡാനിയേൽ സിഡ്ലിക് രംഗത്തുവന്നു. “തത്ത്വങ്ങൾ പഠിപ്പിക്കാൻ മാത്രമല്ല, ആളുകൾ തങ്ങളുടെ ജീവിതത്തെ ദൈവേഷ്ടത്തിനു ചേർച്ചയിൽ കൊണ്ടുവരാൻ അവർ എന്തു ചെയ്യണമെന്നു കാണിച്ചുകൊടുക്കാൻതക്ക ധൈര്യമുള്ളവരായിരിക്കാനും” അദ്ദേഹം വിദ്യാർഥികളെ പ്രോത്സാഹിപ്പിച്ചു. ഉത്തമ ഉപദേഷ്ടാക്കൾ പ്രചോദിപ്പിക്കുകയും പ്രേരിപ്പിക്കുകയും വേണം. “കേവലം നിയമങ്ങളോ നിബന്ധനകളോ പഠിപ്പിക്കുന്നതിലല്ല, മറിച്ച് ക്രിസ്തീയ മൂല്യങ്ങൾ പടുത്തുയർത്തുന്നതിൽ ബോധമുള്ളവരായിരിപ്പിൻ എന്ന് അദ്ദേഹം പറഞ്ഞു. “പ്രിയ സഹോദരങ്ങളേ, എല്ലാററിലും ഉപരിയായി എങ്ങനെ സ്നേഹിക്കാമെന്നു സ്വയം പഠിക്കുകയും മററുള്ളവരെ പഠിപ്പിക്കുകയും ചെയ്യുവിൻ, എന്തുകൊണ്ടെന്നാൽ അത് ഐക്യത്തിന്റെ ഒരു സമ്പൂർണ ബന്ധമാകുന്നു” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ഉപസംഹരിച്ചു.—1 കൊരിന്ത്യർ 13:1-3; കൊലോസ്യർ 3:14, NW.
മാസങ്ങളുടെ പരിശീലനത്തോടെ രണ്ടു ഗിലെയാദ് അധ്യാപകർ വിദ്യാർഥികൾക്കു വിശേഷിച്ചു പ്രിയപ്പെട്ടവരായി. ഒരു മുൻ മിഷനറിയായ ജാക്ക് റെഡ്ഫോർഡ് ആദ്യം പ്രസംഗിച്ചു, “നിങ്ങൾ ശരിയായ തിരഞ്ഞെടുപ്പു നടത്തിയിരിക്കുന്നു” എന്നതായിരുന്നു അദ്ദേഹത്തിന്റെ വിഷയം. ഒരു ക്രിസ്തീയ അപ്പോസ്തലനായിത്തീരുന്നതിനു മുമ്പ്, പുരാതന യഹൂദരുടെ ലോകത്തായിരുന്ന പൗലോസിനു സ്ഥാനമാനം, അന്തസ്സ്, സ്വാധീനം, സാമ്പത്തിക സുരക്ഷിതത്വം എന്നിവയൊക്കെ ഉണ്ടായിരുന്നു. പക്ഷേ ഫിലിപ്സിന്റെ തർജമയനുസരിച്ചാണെങ്കിൽ ഫിലിപ്പിയർ 3:8-ൽ പൗലോസ് ഇതിനെയെല്ലാം വർണിച്ചത് “ഒരു കൂട്ടം ഉച്ഛിഷ്ടം” അഥവാ “പാഴ്വസ്തുക്കൾ” എന്നാണ്. ശുശ്രൂഷയിലായിരുന്നു അദ്ദേഹത്തിന്റെ ഹൃദയം, അദ്ദേഹം ശരിയായ തിരഞ്ഞെടുപ്പു നടത്തി. ഇതിനു നേർവിപരീതമായിട്ടാണു മനുഷ്യവർഗത്തിൽ ഭൂരിഭാഗവും ചിന്തിക്കുന്നത്, ജീവിതത്തിൽ തങ്ങളുടെ തിരഞ്ഞെടുപ്പുകളാൽ അവർ പ്രകടമാക്കുന്നത് നിത്യജീവനെക്കാൾ കൂടുതൽ മൂല്യം ഭൗതിക സ്വത്തുക്കൾക്കാണ് എന്നാണ്. ഗിലെയാദ് മിഷനറിമാർ ശരിയായ തിരഞ്ഞെടുപ്പു നടത്തിയിരിക്കുന്നു. ജാക്ക് റെഡ്ഫോർഡ് ഇങ്ങനെ ഉപസംഹരിച്ചു: “മിഷനറിസേവനവുമായി താരതമ്യപ്പെടുത്താവുന്ന ഒന്നുംതന്നെ നിങ്ങൾക്കു വെച്ചുനീട്ടാൻ സാത്താന്റെ ലോകത്തിനാകില്ല. ഈ വിലതീരാത്ത പദവിയെ കാത്തുകൊള്ളുവിൻ, ലോകം അതിന്റെ പാഴ്വസ്തുക്കളെ കാത്തുകൊള്ളട്ടെ!”
യുളീസീസ് ഗ്ലാസ് കഴിഞ്ഞ 32 വർഷമായി ഗിലെയാദ് അധ്യാപകനാണ്. “ദൈവത്തിനു മാത്രമേ ഒരു വൃക്ഷമുണ്ടാക്കാനാവൂ” എന്ന വിഷയത്തെ ആസ്പദമാക്കി വിടപറയുന്നവർക്ക് ഏതാനും ബുദ്ധ്യുപദേശം അദ്ദേഹം നൽകി, സങ്കീർത്തനം 1:3-നെ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ദൈവം രൂപകൽപ്പന ചെയ്ത ഒരു വൃക്ഷത്തിന്റെ നിർമാണത്തെ വെല്ലുവിളിക്കാൻ ആധുനിക സാങ്കേതികവിദ്യക്ക് ഒരിക്കലും കഴിഞ്ഞിട്ടില്ല. ഒരർഥത്തിൽ സത്യക്രിസ്ത്യാനികൾ വൃക്ഷങ്ങളെപ്പോലെയാണ്, നടുന്നതും നനയ്ക്കുന്നതും യഹോവയാണ്. അഞ്ചു മാസത്തേക്ക് ഒരു ആത്മീയ തോട്ടത്തിലെ അഥവാ പറുദീസയിലെ വൃക്ഷങ്ങളെപ്പോലെ വിദ്യാർഥികൾ “ദൈവവചനത്തിലെ ജീവദായക ജലത്തിന്റെ ഉറവിൽനിന്നു ക്രമമായി നനയ്ക്കപ്പെടുകയായിരുന്നു” എന്നു ഗ്ലാസ് സഹോദരൻ നിരീക്ഷിച്ചു. എന്നിരുന്നാലും, മിഷനറിമാർ “തങ്ങളുടെ ആത്മീയ മൂലവ്യവസ്ഥയ്ക്ക് (root system) എന്തെങ്കിലും കേടുപററുന്നതിനെതിരെ” സൂക്ഷിക്കണം. ‘ദൈവത്തിനു മാത്രമേ ഒരു വൃക്ഷമുണ്ടാക്കാനാവൂ എന്നതിനാൽ യഹോവയിൽനിന്നുള്ള ജീവജലം കുടിക്കുന്നതിൽ തുടരാൻ’ അവർ ഉദ്ബോധിപ്പിക്കപ്പെട്ടു.
ഭരണസംഘത്തിലെ ഒരംഗമായ ക്യാരി ബാർബറുടേതായിരുന്നു അവസാനത്തെ പ്രസംഗം. 70 വർഷത്തെ മുഴുസമയ സേവനത്തിനു ശേഷം ബാർബർ സഹോദരന് ഉറപ്പോടെ പ്രസംഗിക്കാൻ കഴിഞ്ഞ ഒരു വിഷയമായിരുന്നു, “യഹോവക്ക് അനന്യഭക്തി കൊടുക്കുക” എന്നത്. ജനപദങ്ങളിൽ ഒട്ടുമിക്കവരും യഹോവക്ക് അനന്യഭക്തി കൊടുത്തിട്ടില്ല. (ആവർത്തനപുസ്തകം 5:9) എന്നുവരികിലും, ബാർബർ സഹോദരൻ സൂചിപ്പിച്ചതുപോലെ, നാം അപൂർണരെങ്കിലും “ദൈവത്തിനു പൂർണമായും അർപ്പിതരായിരിക്കാൻ തീർത്തും സാധ്യമാണ്.” “‘പിശാച് എന്നെക്കൊണ്ട് അതു ചെയ്യിപ്പിച്ചു’ എന്ന് ആർക്കും വാസ്തവത്തിൽ പറയാനാവില്ല’” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പക്ഷേ നാം അവനോട് എതിരിടാൻ പരാജയപ്പെടുന്നെങ്കിൽ പിശാചിനു നമ്മെ തോൽപ്പിക്കാനാവും. (യാക്കോബ് 4:7) സാത്താനോടും അവന്റെ ലോകത്തോടും എതിർത്തുനിൽക്കാനും യഹോവക്ക് അനന്യഭക്തി കൊടുക്കാനുമുള്ള ഏററവും പ്രമുഖമായ മാർഗം യഹോവയുടെ വേലയിൽ തിരക്കോടെ ഏർപ്പെടുന്നതാണ്.
മിഷനറിമാരായി നിയമിതർ
വിദ്യാർഥികളായിരുന്ന 46 പേരെയും മിഷനറിമാരായി ഔദ്യോഗികമായി നിയമിച്ചതോടെ പ്രഭാത പരിപാടി അവസാനിച്ചു. 23 ദമ്പതികൾക്കു ബിരുദം ലഭിച്ചു, അതിലെ ഒരു ഭാഗം ഇങ്ങനെ വായിക്കുന്നു: ബിരുദധാരികൾ “രമ്യത പരിപോഷിപ്പിച്ചുകൊണ്ടും സകല ആളുകൾക്കിടയിലും ശാശ്വത സമാധാനം, ശരിയായ ക്രമത്തിന്റെയും നീതിയുടെയും നിയമം എന്നിവയ്ക്കുവേണ്ടി പ്രയത്നിച്ചുകൊണ്ടും വിദ്യാഭ്യാസവേലയിൽ ഏർപ്പെടാൻ വിശേഷാൽ യോഗ്യത നേടിയിരിക്കുന്നു.” 18 രാജ്യങ്ങളിലേക്കു നിയമിച്ചയയ്ക്കപ്പെടുന്ന ഗിലെയാദിന്റെ 95-ാമത്തെ ക്ലാസ്സിലുള്ളവർ തീർച്ചയായും ഈ ഉത്കൃഷ്ടമായ ദൗത്യം നേടിയെടുക്കാൻ ശ്രമിക്കും. അവരുടെ നിയമനങ്ങൾ ലോകത്തിന്റെ ഒരററം മുതൽ മറേറ അററം വരെ നീളുന്നു. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ലാററിൻ അമേരിക്ക, കരീബിയൻ എന്നീ രാജ്യങ്ങൾ അതിൽ വരും.
ഉച്ചതിരിഞ്ഞ്, സർവീസ് ഡിപ്പാർട്ടുമെൻറ് കമ്മിററിയിൽനിന്നുള്ള ചാൾസ് വൂഡി നിർവഹിച്ച വീക്ഷാഗോപുര അധ്യയനസംഗ്രഹത്തിനു ശേഷം പുതിയ ഗിലെയാദ് ബിരുദധാരികൾ വിദ്യാർഥികളുടെ പരിപാടി കാഴ്ചവെച്ചു. “മിഷനറിമാരെന്ന നിലയിൽ പഠിപ്പിക്കാൻ ഗിലെയാദ് ഞങ്ങളെ സജ്ജരാക്കിയിരിക്കുന്നു” എന്നായിരുന്നു അതിന്റെ വിഷയം. “ഞങ്ങൾ അഭിമുഖീകരിക്കുന്ന തിരഞ്ഞെടുപ്പുകൾ” എന്ന നാടകത്തോടെ പരിപാടി സമാപിക്കുകയും ചെയ്തു.
ഈ ആവേശമുണർത്തുന്ന പരിപാടിക്കു ശേഷം, “അതിവിശുദ്ധ വിശ്വാസം” മററുള്ളവരുമായി പങ്കുവെക്കാൻ ലോകത്തിന്റെ നാലു കോണിലേക്കും പോകാൻ ഈ പുതിയ മിഷനറിമാർ അപ്പോഴേക്കും തയ്യാറായിക്കഴിഞ്ഞിരുന്നു.
[26-ാം പേജിലെ ചതുരം]
ക്ലാസ്സിന്റെ സ്ഥിതിവിവരക്കണക്കുകൾ
പ്രതിനിധാനം ചെയ്ത രാജ്യങ്ങളുടെ എണ്ണം: 7
നിയമിച്ചയയ്ക്കപ്പെട്ട രാജ്യങ്ങളുടെ എണ്ണം: 18
വിദ്യാർഥികളുടെ എണ്ണം: 46
വിവാഹിത ദമ്പതികളുടെ എണ്ണം: 23
ശരാശരി പ്രായം: 30.06
സത്യത്തിലെ ശരാശരി വർഷം: 12.92
മുഴുസമയ ശുശ്രൂഷയിലെ ശരാശരി വർഷം: 9.4
[26-ാം പേജിലെ ചിത്രം]
വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ ബിരുദം നേടുന്ന 95-ാമത്തെ ക്ലാസ്സ്
ചുവടെ ചേർത്തിരിക്കുന്ന ലിസ്ററിൽ, നിരകൾ മുമ്പിൽനിന്നു പിമ്പിലേക്ക് എണ്ണുന്നു. പേരുകൾ ഓരോ നിരയിലും ഇടത്തുനിന്നു വലത്തോട്ടു പട്ടികപ്പെടുത്തിയിരിക്കുന്നു.
(1) ബ്യൂളോ ഡി.; ഡോൺസാ വി.; ഐനസ് എസ്.; ഫൽക് എൻ.; ബിലിങ്സ്ബി എം.; ഹോഡ്നോററ് എൽ.; നൂഗ്രാൻ ബി.; എറിക്സോൻ എൽ. (2) ബോക്കർ ജെ.; തോമസ് എം.; സ്ററഡ്മൻ എസ്.; ബിലിങ്സ്ബി ഡി.; വോ ഐ.; പെർവിസ് എം.; ലട്രൽ എം. (3) യാക്കോബ്സൺ ററി.; ബോക്കർ ജെ.; മാർട്ടിനെസ് എൽ.; നീൽസൺ ഇ.; പെർവിസ് പി.; ഹോൾട്ട് എൽ.; ലാർസെൺ എം.; ജോൺസ് എൽ. (4) നൂമിനൻ പി.; നൂമിനൻ എച്ച്.; ബ്യൂളോ എം.; ഓൾസൻ ഡബ്ലിയു.; ഹോൾട്ട് എസ്.; ഡോൺസാ ജി.; ഡാഴർഡാൻ സി.; ഡാഴർഡാൻ ഡി. (5) ലാർസെൺ കെ.; മാർട്ടിനെസ് ഡി.; നൂഗ്രാൻ പി.; വോ പി.; ജോൺസ് ഡി.; ഹോഡ്നോററ് ജെ.; തോമസ് ജി. (6) ഐനസ് ബി.; ഫൽക് ആർ.; എറിക്സോൻ എ.; നീൽസൺ എസ്.; സ്ററഡ്മൻ ജെ.; ഓൾസൻ കെ.; യാക്കോബ്സൺ എഫ്.; ലട്രൽ ജെ.