“എല്ലാ നല്ല ദാന”ങ്ങളുടെയും ദാതാവ്
“റിഫോമ്ഡ് ചർച്ചിൽപ്പെട്ട ഒരു ശുശ്രൂഷകൻ ഒരിക്കൽ എന്നെ സന്ദർശിക്കുകയുണ്ടായി. ഞാൻ എങ്ങനെയാണ് എന്റെ സഭ നടത്തിക്കൊണ്ടുപോകുന്നതെന്ന് അറിയാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. ഞാൻ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു . . . ‘ഞങ്ങൾ ആർക്കും ശമ്പളം കൊടുക്കാറില്ല; ആളുകൾ തമ്മിൽ വഴക്കടിക്കുന്നതിനുള്ള കാരണങ്ങളൊന്നുമില്ല. ഞങ്ങൾ ഒരിക്കലും സംഭാവന പിരിക്കാറില്ല.’ ‘പിന്നെ നിങ്ങൾക്ക് എങ്ങനെയാ പണം ലഭിക്കുന്നത്’? എന്ന് അദ്ദേഹം ചോദിച്ചു. ‘നോക്കൂ,——ഡോക്ടർ, ഞാൻ സത്യം പറഞ്ഞാൽ താങ്കൾക്കു വിശ്വസിക്കാനാകില്ല. ഈ മതത്തിൽ താത്പര്യം കാട്ടുന്നവരുടെ മുമ്പിലേക്കു സംഭാവനാപാത്രവുമായി ആരെങ്കിലും വരുന്നതായി അവർ കാണുന്നില്ല. എന്നാൽ അവർ കാണുന്ന ഒന്നുണ്ട്, ചെലവുകൾ. അവർ തങ്ങളോടുതന്നെ ഇങ്ങനെ പറയും, “ഈ ഹാളിന് ഇത്ര രൂപ ചെലവായിട്ടുണ്ടാകും. . . . ഇതിനുവേണ്ടി കുറച്ചു പണം ഞാനും കൊടുക്കണമല്ലോ”’ എന്നു ഞാൻ മറുപടി കൊടുത്തു. ‘ഞാനെന്താ ലോകം കണ്ടിട്ടില്ലാത്തവനെന്നാണോ നിങ്ങൾ കരുതുന്നത്’ എന്ന മട്ടിൽ അദ്ദേഹം എന്നെ നോക്കി. ഞാൻ ഇപ്രകാരം പറഞ്ഞു,——ഡോക്ടർ, ‘ഒരു വളച്ചുകെട്ടുമില്ലാതെയാണു ഞാൻ നിങ്ങളോടു സംസാരിക്കുന്നത്. . . . ഒരാൾക്ക് ഒരു അനുഗ്രഹം ലഭിക്കുമ്പോൾ അയാളുടെ സാമ്പത്തിക വിഭവങ്ങൾ കർത്താവിനുവേണ്ടി ഉപയോഗിക്കാൻ അയാൾ ആഗ്രഹിക്കുന്നു. അയാളുടെ കൈവശം ഒന്നുമില്ലെങ്കിൽ അയാളെ നാമെന്തിനു കൊത്തിപ്പറിക്കണം?’”
—വാച്ച് ടവർ സൊസൈററിയുടെ ഒന്നാമത്തെ പ്രസിഡൻറായ ചാൾസ് ററി. റസ്സൽ, 1915 ജൂലൈ 15-ലെ ഇംഗ്ലീഷ് “വീക്ഷാഗോപുരം.”
ആദ്യമായി ദാനം ചെയ്തത് യഹോവയായതുകൊണ്ടു നാമും ദാനം ചെയ്യുന്നു. അവിടുന്നു ദാനം ചെയ്യാൻ തുടങ്ങിയത് എണ്ണമററ യുഗങ്ങൾക്കു മുമ്പാണ്. അതു തന്റെ ആദ്യസൃഷ്ടിയായ, തന്റെ “ഏകജാതനായ പുത്ര”ന്റെ സൃഷ്ടിയോടെ ആരംഭിച്ചു. (യോഹന്നാൻ 3:16) മററുള്ളവർക്കെല്ലാം അവിടുന്നു ജീവന്റെ ദാനം നൽകി, അതിനു കാരണമായത് അവിടുത്തെ സ്നേഹമായിരുന്നു.
യഹോവ നമുക്കു നൽകിയിട്ടുള്ള ഏററവും വലിയ ദാനം ദൈവപുത്രനായ യേശുക്രിസ്തുവാണ്. എന്നാൽ ദൈവത്തിന്റെ ദാനം ദൈവപുത്രനിൽ അവസാനിക്കുന്നില്ല. പൗലോസ് “ദൈവത്തിന്റെ അതിമഹത്തായ അനർഹദയ”യെ വിളിക്കുന്നതു യഹോവയുടെ “അവർണനീയമായ സൗജന്യദാന”മെന്നാണ്. (2 കൊരിന്ത്യർ 9:14, 15, NW) യേശുവിലൂടെ തന്റെ ജനത്തിനു ദൈവം വെച്ചുനീട്ടുന്ന സകല നൻമയുടെയും സ്നേഹദയയുടെയും ആകെത്തുക ഈ ദാനത്തിൽ വ്യക്തമായും ഉൾപ്പെടുന്നുണ്ട്. വർണിക്കാനോ പ്രകടിപ്പിക്കാനോ ഉള്ള മമനുഷ്യന്റെ കഴിവിനെ കടത്തിവെട്ടുംവിധം അത്രയ്ക്ക് അത്ഭുതാവഹമാണ് ഈ അനർഹദയ. എങ്കിലും ദൈവത്തിന്റെ വരദാനങ്ങളെ സംബന്ധിച്ച് ഇതുമാത്രമല്ല ഉള്ളത്, ഇനിയുമുണ്ട് പല സംഗതികൾ.
ദാനമായി താൻ നൽകിയ എന്തു നല്ല സംഗതികളും വാസ്തവത്തിൽ യഹോവയുടേതുതന്നെയാണെന്ന് ഒരു രാജാവ് വളരെ നാളുകൾക്കു മുമ്പുതന്നെ ബുദ്ധിപൂർവകമായി താഴ്മയോടെ അംഗീകരിക്കുകയുണ്ടായി. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതായിരിക്കുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു. . . . എന്നാൽ ഞങ്ങൾ ഇങ്ങനെ ഇത്ര മനഃപൂർവ്വമായി ദാനം ചെയ്യേണ്ടതിന്നു പ്രാപ്തരാകുവാൻ ഞാൻ ആർ? എന്റെ ജനവും എന്തുള്ളു? സകലവും നിങ്കൽനിന്നല്ലോ വരുന്നതു; നിന്റെ കയ്യിൽനിന്നു വാങ്ങി ഞങ്ങൾ നിനക്കു തന്നതേയുള്ളു.”—1 ദിനവൃത്താന്തം 29:11-14.
ദൈവത്തിന്റെ മാതൃക
എല്ലാവിധങ്ങളിലും നല്ലതായിരിക്കുന്ന എന്തിന്റെയും ഉറവു യഹോവയാം ദൈവമാണെന്നു യേശുക്രിസ്തുവിന്റെ ശിഷ്യനായ യാക്കോബിന് അറിയാമായിരുന്നു. അത്യുത്തമ ദാനങ്ങൾ മാത്രമേ യഹോവയിൽനിന്നു വരുകയുള്ളൂ. “ഉത്തമവും പൂർണ്ണവുമായ എല്ലാ ദാനങ്ങളും ഉന്നതത്തിൽനിന്ന്, മാററമോ മാററത്തിന്റെ നിഴലോ ഇല്ലാത്ത പ്രകാശങ്ങളുടെ പിതാവിൽനിന്നുവരുന്നു.”—യാക്കോബ് 1:17, പി.ഒ.സി. ബൈ.
ദാനങ്ങൾ കൊടുക്കുന്ന കാര്യത്തിൽപ്പോലും മനുഷ്യരിൽനിന്ന് എത്ര വ്യത്യസ്തനാണു ദൈവമെന്നു യാക്കോബ് മനസ്സിലാക്കി. നല്ല ദാനങ്ങൾ കൊടുക്കാൻ മനുഷ്യനു കഴിയും, എന്നാൽ എല്ലായ്പോഴും അങ്ങനെ കഴിഞ്ഞെന്നുവരില്ല. ഈ ദാനങ്ങൾക്കു കാരണം ഒരു സ്വാർഥലക്ഷ്യമായിരിക്കാം, അല്ലെങ്കിൽ മോശമായ ഒരു കാര്യം ചെയ്യാൻവേണ്ടി ഒരു വ്യക്തിയെ പ്രലോഭിപ്പിക്കാൻ അവയെ പ്രയോജനപ്പെടുത്തിയേക്കാം. അത്തരത്തിലുള്ള ചെറിയൊരു വ്യത്യാസം പോലും യഹോവയ്ക്കു സംഭവിക്കുന്നില്ല; അവിടുത്തേക്കു മാററമില്ല. അതുകൊണ്ട്, അവിടുത്തെ ദാനങ്ങളുടെ സ്വഭാവത്തിനും മാററം വരുന്നില്ല. അവ എന്നും നിർമലംതന്നെ. അവ എല്ലായ്പോഴും മനുഷ്യവർഗത്തിന്റെ ക്ഷേമത്തെയും സന്തുഷ്ടിയെയും പരിപോഷിപ്പിക്കുന്നു. അവ എപ്പോഴും കരുണാർദ്രവും സഹായകവുമായിരിക്കും, ഒരിക്കലും വിനാശകരമല്ല.
ദാനങ്ങൾ കൊടുക്കുന്നതിനുള്ള പ്രേരകങ്ങൾ
യാക്കോബിന്റെ നാളുകളിൽ ജനസമ്മതിയുള്ള മതനേതാക്കൻമാർ ദാനം കൊടുക്കുക പതിവായിരുന്നു, പക്ഷേ അതു ആളുകളെ കാണിക്കാൻ മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നു. ദുരുദ്ദേശ്യത്തോടെയാണ് അവർ കൊടുത്തത്. ആളുകളുടെ കയ്യടി നേടാൻ കൊതിച്ച അവർ തങ്ങളുടെ നീതിനിഷ്ഠമായ നിലവാരങ്ങളോടു വിട്ടുവീഴ്ച ചെയ്തു. എന്നിരുന്നാലും ക്രിസ്ത്യാനികൾ വ്യത്യസ്തരായിരിക്കണമായിരുന്നു. യേശു അവരെ ഇങ്ങനെ ബുദ്ധ്യുപദേശിച്ചു: “മററുള്ളവരിൽനിന്നു പ്രശംസ ലഭിക്കാൻ കപടനാട്യക്കാർ സിനഗോഗുകളിലും തെരുവീഥികളിലും ചെയ്യുന്നതുപോലെ, നീ ഭിക്ഷ കൊടുക്കുമ്പോൾ നിന്റെ മുമ്പിൽ കാഹളം മുഴക്കരുത്, സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: അവർക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു. നീ ധർമ്മദാനം ചെയ്യുമ്പോൾ അതു രഹസ്യമായിരിക്കേണ്ടതിന് നിന്റെ വലത്തുകൈ ചെയ്യുന്നത് ഇടത്തുകൈ അറിയാതിരിക്കട്ടെ. രഹസ്യങ്ങൾ അറിയുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം നല്കും.”—മത്തായി 6:2-4, പി.ഒ.സി. ബൈ.
മററുള്ളവരുടെ ആവശ്യങ്ങൾ നിറവേററി അവരെ സഹായിക്കാനോ അവരെ സന്തുഷ്ടരാക്കാനോ സത്യാരാധന പുരോഗമിപ്പിക്കാനോ ഒക്കെയുള്ള കാരണങ്ങൾക്കായിരിക്കും ഒരു ക്രിസ്ത്യാനി ദാനം കൊടുക്കുക. അതു സ്വന്തമഹത്ത്വത്തിനുവേണ്ടിയല്ല. എന്തൊക്കെയായിരുന്നാലും, യഹോവയുടെ കണ്ണുകൾക്കു നമ്മുടെ ഹൃദയത്തിന്റെ അഗാധതലങ്ങളിലേക്കു തുളച്ചുകയറാനാകും. നമ്മുടെ ദയാദാനങ്ങളുടെ പിന്നിലെ യഥാർഥ പ്രേരണയെന്തെന്നു കാണാൻ അവിടുന്നു പ്രാപ്തനാണ്.
ദാനം കൊടുക്കുന്നതിൽ യഹോവയുടെ സാക്ഷികൾ അനുകരിക്കുന്നതു യഹോവയെയും അവിടുത്തെ പുത്രനെയുമാണ്. തങ്ങൾക്കുള്ളത് അവർ കൊടുക്കുന്നു. അവരുടെ പക്കൽ രാജ്യസുവാർത്തയുണ്ട്, ഇത് അവർ മററുള്ളവരുടെ അനുഗ്രഹത്തിനായി കൊടുക്കുന്നു. “യഹോവയെ നിന്റെ ധനംകൊണ്ടും എല്ലാവിളവിന്റെയും ആദ്യഫലംകൊണ്ടും ബഹുമാനിക്ക” എന്നു സദൃശവാക്യങ്ങൾ 3:9 പ്രസ്താവിക്കുന്നുവെന്ന് അവർക്ക് അറിയാം. എല്ലാവരുടെയും ക്ഷേമത്തിനായി ഓരോ ബ്രാഞ്ച് ഓഫീസും സഭയും വ്യക്തിയും സംഭാവന ചെയ്യാൻ ആത്മാർഥമായി പരിശ്രമിക്കുന്നതുകൊണ്ടു മുഴുസഹോദരങ്ങളും ആത്മീയമായി ബലിഷ്ഠമാക്കപ്പെടുകയും അഭിവൃദ്ധിപ്രാപിക്കുകയും ചെയ്യുന്നു. ഭൗതിക സമൃദ്ധി ആത്മീയ സമൃദ്ധി കൈവരുത്തുന്നില്ല, എന്നാൽ ആത്മീയ സമൃദ്ധിയാകട്ടെ, യഹോവയുടെ വേലയുടെ ആവശ്യങ്ങൾക്കു വേണ്ട ഭൗതിക സമൃദ്ധി കൈവരുത്തുകതന്നെ ചെയ്യുന്നു.
പങ്കുവെക്കാനുള്ള മാർഗങ്ങൾ
സുവാർത്തയെ ഓരോരുത്തർക്കും വ്യക്തിപരമായി പിന്തുണക്കാൻ കഴിയുന്ന ഒട്ടനവധി മാർഗങ്ങളുണ്ട്. അതിൽ ഒരു വിധം രാജ്യഹാളുകളുമായി ബന്ധപ്പെട്ടതാണ്. സഭയിലെ എല്ലാ അംഗങ്ങളും രാജ്യഹാൾ ഉപയോഗിക്കുന്നു. അതിന്റെ നിർമാണം അഥവാ വാടക, വെളിച്ചസംവിധാനങ്ങൾ, താപക്രമീകരണസംവിധാനങ്ങൾ, സംരക്ഷണം എന്നിവയ്ക്കെല്ലാം ആരോ പണം മുടക്കി. സഭയ്ക്ക് ഓരോരുത്തരുടെയും പിന്തുണ അത്യാവശ്യമായിരിക്കുന്നതിനാൽ രാജ്യഹാളിൽ സംഭാവനപ്പെട്ടികൾ ലഭ്യമാക്കിയിരിക്കുന്നു. ലഭിക്കുന്ന സ്വമേധയാസംഭാവനകൾ സഭാചെലവുകൾക്കായി നീക്കിവെക്കുന്നു. സഭയുടെ തീരുമാനം അനുസരിച്ചു മിച്ചമുള്ളത് വാച്ച് ടവറിന്റെ പ്രാദേശിക ബ്രാഞ്ചിലേക്ക് അയയ്ക്കാവുന്നതാണ്.
മിഷനറിമാരെയും പ്രത്യേക പയനിയർമാരെയും പരിശീലിപ്പിക്കുന്നതിനും സാമാന്യജനങ്ങളുടെ പക്കൽ സുവാർത്ത എത്തിച്ചേർന്നിട്ടില്ലാത്ത ലോകത്തിന്റെ ഭാഗങ്ങളിലേക്കയച്ച് അവരെ പിന്തുണക്കുന്നതിനുംവേണ്ടിയുള്ള സംഭാവനകൾ സൊസൈററിയുടെ ബ്രാഞ്ചുകളിലേക്കുതന്നെ അയയ്ക്കാവുന്നതാണ്. സുവാർത്തയുടെ പ്രചരണത്തിനു വേണ്ടിവരുന്ന മററു ചെലവുകൾ സഞ്ചാരമേൽവിചാരകൻമാരുടെ വേലയുമായി ബന്ധപ്പെട്ടതാണ്. ഒന്നാം നൂററാണ്ടിൽ സഞ്ചാരവേലയിൽ മാതൃകവെച്ച അപ്പോസ്തലനായ പൗലോസ് ഫിലിപ്പിയയിലെ സഭയെ ഇങ്ങനെ അഭിനന്ദിച്ചു: “എന്റെ ബുദ്ധിമുട്ടു തീർപ്പാൻ നിങ്ങൾ ഒന്നുരണ്ടുവട്ടം അയച്ചുതന്നുവല്ലോ.” (ഫിലിപ്പിയർ 4:14-16) മുഴുസമയ സേവനത്തിന്റെ ഈ വശത്ത് എല്ലാ ബ്രാഞ്ചുകൾക്കുമുള്ള ചെലവുകൾ കൂടാതെ ഓരോ ബെഥേൽ ഭവനങ്ങളുടെയും അവിടെ താമസിച്ചു ജോലി ചെയ്യുന്നവരുടെയും കാര്യങ്ങൾ നോക്കേണ്ടതുണ്ട്. സുവാർത്തയുടെ മനോജ്ഞമായ സന്ദേശമടങ്ങുന്ന സാഹിത്യങ്ങളുടെ എഴുത്തും അച്ചടിയും തീർച്ചയായും ദൈവത്തിൽനിന്നുള്ള പദവികൾതന്നെ, എന്നാൽ സാഹിത്യവിതരണവും അത്യാവശ്യമാണ്. അതിനും ചെലവുകളുണ്ട്. ഇനി ‘സുവാർത്ത നിയമപരമായി സ്ഥാപിച്ചു പ്രതിവാദിക്കാൻ’ നടത്തപ്പെടുന്ന കോടതിക്കേസുകൾ കണക്കിലെടുക്കുന്നില്ലെങ്കിലും സമ്മേളനങ്ങൾക്കും കൺവെൻഷനുകൾക്കും ചെലവുകൾ വരുന്നു.—ഫിലിപ്പിയർ 1:7.
യഹോവയുടെ ഓരോ ദാസനും സുവാർത്താഘോഷണത്തിൽ സമയം ചെലവിടുന്നതു സ്വമേധയായാണ്, അങ്ങനെതന്നെയാണ് അവർ ഭൗതിക സംഭാവന നൽകുന്നതും. സത്യാരാധന വ്യാപിപ്പിക്കാൻ പിന്തുണ നൽകുന്നതിനുവേണ്ടി സ്ഥിരമായ അടിസ്ഥാനത്തിൽ പണം മാററിവെക്കാൻ പൗലോസ് അഭ്യർഥിക്കുന്നുണ്ട്: “ഇനി വിശുദ്ധർക്കുവേണ്ടിയുള്ള സംഭാവനയെപ്പററി പ്രതിപാദിക്കാം. . . . നിങ്ങൾ ഓരോരുത്തരും കഴിവനുസരിച്ചുള്ള തുക ആഴ്ചയിലെ ആദ്യ ദിവസം നീക്കിവയ്ക്കണം.”—1 കോറിന്തോസ് 16:1, 2, പി.ഒ.സി. ബൈ.
ഒരു വ്യക്തി സംഭാവന കൊടുക്കുമ്പോൾ അത് എങ്ങനെ ഉപയോഗിക്കപ്പെടുമെന്ന് അയാൾക്ക് എല്ലായ്പോഴും കൃത്യമായി അറിയില്ല, എന്നാൽ രാജ്യസുവാർത്ത വ്യാപിക്കുന്നതിന്റെ ഫലങ്ങൾ അയാൾ കാണുന്നു. 45,00,000-ത്തിലധികം ക്രിസ്തീയ ശുശ്രൂഷകർ 200-ലധികം രാജ്യങ്ങളിലും ദ്വീപുകളിലും രാജ്യസുവാർത്ത പ്രസംഗിക്കുന്നതായി 1993-ലെ യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകത്തിലെ [ഇംഗ്ലീഷ്] റിപ്പോർട്ടു സൂചിപ്പിക്കുന്നു. ഈ റിപ്പോർട്ടുകൾ ഹൃദയത്തിനു കുളിർമ പകരുന്നു. അപ്പോൾ, ഏതൊരു ദാനവും അതു വലുതായിരുന്നാലും അല്ലെങ്കിലും സഹായിക്കുന്നതു ലോകവ്യാപകമായുള്ള സുവാർത്തയുടെ വ്യാപനത്തെതന്നെ.
ഈ വേല നിർവഹിക്കപ്പെടുന്നത് എല്ലാവരും ഒത്തൊരുമിച്ചു സംഭാവന ചെയ്യുന്നതുകൊണ്ടാണ്. ചിലർ കൂടുതൽ കൊടുക്കുന്നു, അതു പ്രസംഗവേലയെ ഒരു വലിയ അളവിൽ സഹായിക്കുന്നു. മററുള്ളവർ കുറച്ചു കൊടുക്കുന്നു. എന്നാൽ ഈ കുറഞ്ഞ സംഭാവനകൾ നൽകുന്നവർ ലജ്ജിക്കേണ്ടതില്ല അല്ലെങ്കിൽ തങ്ങളുടെ പങ്ക് തീരെ അപ്രധാനമാണെന്നു വിചാരിക്കേണ്ടതില്ല. തീർച്ചയായും യഹോവ അങ്ങനെ വിചാരിക്കുന്നില്ല. വിധവ നിക്ഷേപിച്ച നിസ്സാര തുകയെ യഹോവ എത്രമാത്രം വിലമതിച്ചുവെന്നു പ്രകടമാക്കിക്കൊണ്ടു യേശു ഇക്കാര്യം നന്നായി വ്യക്തമാക്കി. “ദരിദ്രയായോരു വിധവ രണ്ടു കാശു ഇടുന്നതു കണ്ടിട്ടു അവൻ: ഈ ദരിദ്രയായ വിധവ എല്ലാവരെക്കാളും അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നല്ലോ വഴിപാടു ഇട്ടതു; ഇവളോ തന്റെ ഇല്ലായ്മയിൽനിന്നു തനിക്കുള്ള ഉപജീവനം ഒക്കെയും ഇട്ടിരിക്കുന്നു.”—ലൂക്കൊസ് 21:2-4.
നമ്മുടെ സാമ്പത്തികനില എന്തായിരുന്നാലും യഹോവയെ പ്രീതിപ്പെടുത്തുന്ന വിധത്തിൽ നമുക്കു ദാനം ചെയ്യാനാകും. നമ്മുടെ രാജാവിനും ന്യായാധിപനും നമുക്കെങ്ങനെ മഹത്ത്വം കരേററാമെന്നു സങ്കീർത്തനക്കാരൻ കൃത്യമായി സംഗ്രഹിക്കുന്നു. അദ്ദേഹം ഇങ്ങനെ പ്രസ്താവിക്കുന്നു: “യഹോവെക്കു അവന്റെ നാമത്തിന്നു തക്ക മഹത്വം കൊടുപ്പിൻ; തിരുമുൽകാഴ്ച്ചയുമായി അവന്റെ പ്രാകാരങ്ങളിൽ ചെല്ലുവിൻ.” (സങ്കീർത്തനം 96:8) ആയതിനാൽ സന്തോഷത്തോടെ ദാനങ്ങൾ കൊടുത്തുകൊണ്ടു നമുക്കു നമ്മുടെ സ്വർഗീയ പിതാവിന്റെ സ്നേഹനിർഭരമായ മാതൃകയെ അനുകരിക്കാം, എന്തുകൊണ്ടെന്നാൽ നമുക്ക് ആദ്യം നൽകിയത് അവിടുന്നാണ്.
[30-ാം പേജിലെ ചതുരം]
ചിലർ രാജ്യപ്രസംഗവേലക്കു സംഭാവന കൊടുക്കുന്ന വിധം
◻ ലോകവ്യാപകവേലക്കുള്ള സംഭാവനകൾ: “സൊസൈററിയുടെ ലോകവ്യാപകവേലക്കുള്ള സംഭാവനകൾ—മത്തായി 24:14” എന്ന ലേബലുള്ള സംഭാവനപ്പെട്ടികളിൽ ഇടുന്നതിന് അനേകർ ഒരു തുക നീക്കിവെക്കുന്നു അഥവാ ബജററിൽ ഉൾപ്പെടുത്തുന്നു. ഓരോമാസവും സഭകൾ ഈ തുക ഏററവും അടുത്തുള്ള വാച്ച്ടവർ സൊസൈറ്റി ബ്രാഞ്ച് ഓഫീസിലേക്ക് അയയ്ക്കുന്നു.
◻ ദാനങ്ങൾ: Watch Tower Bible and Tract Society of India, H-58 Old Khandala Road, Lonavla 410 401, Mah. എന്ന വിലാസത്തിലോ സൊസൈറ്റിയുടെ ഏതെങ്കിലും പ്രാദേശിക ബ്രാഞ്ച് ഓഫീസിലേക്കോ പണം സ്വമേധയാദാനമായി നേരിട്ട് അയയ്ക്കാവുന്നതാണ്. കൂടാതെ ആഭരണങ്ങളോ വിലയേറിയ മററു വസ്തുക്കളോ അയയ്ക്കാം. ഈ സംഭാവനകളോടൊപ്പം അവ നിരുപാധികമായ ഒരു ദാനമാണെന്നു ചുരുക്കമായി പ്രസ്താവിക്കുന്ന ഒരു കത്തും അയയ്ക്കേണ്ടതാണ്.
◻ സോപാധിക സംഭാവനാ ക്രമീകരണം: വ്യക്തിപരമായ ആവശ്യം വരുന്നപക്ഷം തിരിച്ചുതരണമെന്നുള്ള വ്യവസ്ഥയിൽ, ദാതാവിന്റെ മരണംവരെ പണം ഒരു ട്രസ്ററായി സൂക്ഷിക്കാൻ വാച്ച് ടവർ സൊസൈററിയെ ഏൽപ്പിക്കാവുന്നതാണ്.
◻ ഇൻഷ്വറൻസ്: ഇൻഷ്വറൻസ് പോളിസിയുടെയോ റിട്ടയർമെൻറ്⁄പെൻഷൻ പദ്ധതിയുടെയോ അവകാശിയായി വാച്ച് ടവർ സൊസൈററിയുടെ പേർ വയ്ക്കാവുന്നതാണ്. അങ്ങനെയുള്ള ഏതു ക്രമീകരണവും സൊസൈററിയെ അറിയിച്ചിരിക്കണം.
◻ ബാങ്ക് അക്കൗണ്ടുകൾ: പ്രാദേശിക ബാങ്കുനിയമങ്ങൾക്കു ചേർച്ചയിൽ, ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപസർട്ടിഫിക്കററുകൾ, അല്ലെങ്കിൽ വ്യക്തിപരമായ പെൻഷൻ അക്കൗണ്ടുകൾ എന്നിവ വാച്ച് ടവർ സൊസൈററിയിൽ ട്രസ്ററായി അല്ലെങ്കിൽ മരണത്തിങ്കൽ ലഭിക്കാവുന്നതായി ഏൽപ്പിക്കാവുന്നതാണ്. അങ്ങനെയുള്ള ഏതു ക്രമീകരണവും സൊസൈററിയെ അറിയിച്ചിരിക്കണം.
◻ സ്റേറാക്കുകളും ബോണ്ടുകളും: ഒരു നിരുപാധിക ദാനമായിട്ടോ അല്ലെങ്കിൽ വരുമാനം തുടർന്നും ദാതാവിനു ലഭിക്കുന്ന ക്രമീകരണത്തിൻകീഴിലോ സ്റേറാക്കുകളും ബോണ്ടുകളും വാച്ച് ടവർ സൊസൈററിക്കു ദാനമായി നൽകാവുന്നതാണ്.
◻ സ്ഥാവരവസ്തു: ഒരു നിരുപാധിക ദാനമായിട്ടോ അല്ലെങ്കിൽ ആയുഷ്ക്കാലാവകാശം നിലനിർത്തിക്കൊണ്ടോ, വിൽക്കാവുന്ന സ്ഥാവരവസ്തു വാച്ച് ടവർ സൊസൈററിക്കു ദാനം ചെയ്യാവുന്നതാണ്, ദാനിയുടെ ആയുഷ്പര്യന്തം അയാൾക്ക് അവിടെ താമസിക്കാം. ഏതെങ്കിലും സ്ഥാവരവസ്തു സൊസൈററിക്ക് ആധാരം ചെയ്യുന്നതിനുമുമ്പായി സൊസൈററിയുമായി സമ്പർക്കം പുലർത്തണം.
◻ വിൽപ്പത്രങ്ങളും ട്രസ്ററുകളും: നിയമപരമായി തയ്യാറാക്കിയ വിൽപ്പത്രം മുഖാന്തിരം വസ്തുവോ പണമോ വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ഇന്ത്യക്ക് അവകാശം ദാനം ചെയ്യാവുന്നതാണ്. അല്ലെങ്കിൽ ഒരു ട്രസ്ററ് ക്രമീകരണത്തിന്റെ അവകാശിയായി സൊസൈററിയുടെ പേർ കൊടുക്കാവുന്നതാണ്. ഒരു മതസ്ഥാപനത്തിനു വേണ്ടിയുള്ള ട്രസ്ററ് ചില നികുതിയിളവുകൾ പ്രദാനം ചെയ്തേക്കാം. വിൽപ്പത്രത്തിന്റെ അല്ലെങ്കിൽ ട്രസ്ററ്കരാറിന്റെ ഒരു പകർപ്പു സൊസൈററിക്ക് അയച്ചുകൊടുക്കേണ്ടതാണ്.
ഇങ്ങനെയുള്ള കാര്യങ്ങൾ സംബന്ധിച്ചു കൂടുതൽ വിവരത്തിന്, Watch Tower Bible and Tract Society of India, H-58 Old Khandala Road, Lonavla 410 401, Mah. എന്ന വിലാസത്തിലോ സൊസൈറ്റിയുടെ ഏതെങ്കിലും പ്രാദേശിക ബ്രാഞ്ച് ഓഫീസിലേക്കോ എഴുതുക.
[31-ാം പേജിലെ ചതുരം]
നിങ്ങളുടെ സംഭാവനകൾ ഉപയോഗിക്കപ്പെടുന്ന വിധം:
1. ബെഥേൽ സ്വമേധയാ സേവകർ
2. ബ്രാഞ്ച് ഓഫീസ് നിർമാണം
3. ദുരിതാശ്വാസം
4. രാജ്യഹാളുകൾ
5. മിഷനറിമാർ