യേശു ജനിച്ചതു മഞ്ഞുകാലത്തോ?
“കനത്ത മഞ്ഞു യെരൂശലേമിൽ ഗതാഗതവും ദൈനംദിനജീവിതവും സ്തംഭിപ്പിക്കുന്നു,” “നീണ്ടുനിൽക്കുന്ന മഞ്ഞുവീഴ്ച വടക്കൻ പ്രവിശ്യയെ അമ്പരപ്പിക്കുന്നു” എന്നിങ്ങനെ ദ ജെറുസലേം പോസ്ററിൽ വന്ന തലക്കെട്ടുകൾ ഇസ്രയേലിലെ വായനക്കാർക്ക് 1992-ൽ ഒരു പുത്തരിയല്ലാതായി. കാരണം ആ വർഷം ഇസ്രയേലിന് ഈ നൂററാണ്ടിലെ ഏററവും കടുത്ത മഞ്ഞുകാലം അനുഭവപ്പെട്ടു.
ജനുവരി ആയതോടെ ഹെർമോൻ പർവതശൃംഗത്തിൽ 22 മുതൽ 40 വരെ അടി കനത്തിൽ മഞ്ഞുമൂടിയിരുന്നു, മഞ്ഞുകാലമൊട്ടവസാനിക്കാറായതുമില്ലായിരുന്നു. സുന്ദരകോമളനെങ്കിലും കരുത്തനായ ഈ സന്ദർശകന്റെ ആഗമനത്തോടെ ഗോലാൻ കുന്നുകളും ഉത്തര ഗലീലയുംമുതൽ യെരൂശലേമിനിപ്പുറത്തു ബെത്ലഹേമിനടുത്തുവരെ (പുറംതാളിൽ കാണാം), എന്തിന്, ഇങ്ങു തെക്കു കിടക്കുന്ന നെജീബുവരെ ഇസ്രയേല്യരുടെ ദൈനംദിന ജീവിതവും ദിനക്രമങ്ങളും പലവട്ടം നിലച്ചുപോയിട്ടുണ്ട്. ജെറുസലേം പോസ്ററിലെ ഒരു ലേഖനം ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി: “കഴിഞ്ഞയാഴ്ചത്തെ കററ്യൂഷാ റോക്കററാക്രമണത്തിനു കഴിയാഞ്ഞത് ഇന്നലത്തെ കനത്ത മഞ്ഞുവീഴ്ചക്കു ചെയ്യാൻ കഴിഞ്ഞു. കാരണം താമസക്കാർക്കു പുറത്തുകടക്കാൻ കഴിയാത്തവിധം വീടുകൾ മഞ്ഞിൽ മൂടിപ്പോയിരുന്നു.”
ഈ രൂക്ഷമായ മഞ്ഞുകാലം നഗരവാസികൾക്കു മാത്രമല്ല നാശം വിതച്ചത്. രാത്രി ഊഷ്മാവ് ഖരാങ്കത്തെക്കാൾ [വെള്ളം കട്ടിയാകുന്നതിനെക്കാൾ] താഴ്ന്നപ്പോൾ നൂറുകണക്കിനു പശുക്കളും കിടാക്കളും ആയിരക്കണക്കിനു കോഴികളും മരവിച്ചു ചത്തൊടുങ്ങിയതായി റിപ്പോർട്ടു വന്നു. മഞ്ഞു പോരാഞ്ഞിട്ടെന്നോണം കുളിരുകോരുന്ന കനത്ത പേമാരിയും തന്റെ കോപം ചൊരിഞ്ഞു. ഒരു ദിവസം, മലവെള്ളപ്പാച്ചലിൽ പെട്ടുപോയ ഒരു ആട്ടിൻകൂട്ടത്തെ രക്ഷിക്കാൻ പാടുപെട്ട രണ്ട് ഇടയച്ചെറുക്കൻമാർ കുത്തൊഴുക്കിൽ പെട്ടു മരണമടഞ്ഞു.
ഇതു മധ്യപൂർവ ദേശത്തെ ഒരു സാധാരണ മഞ്ഞുകാലമല്ലായിരുന്നെങ്കിലും ഇറെട്സ് എന്ന ഇസ്രയേലി മാസിക ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “ഇസ്രയേൽദേശത്തു സമാഹരിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള കഴിഞ്ഞ 130 വർഷത്തെ കാലാവസ്ഥാപഠന വിവരങ്ങൾ വെളിപ്പെടുത്തുന്നത് യെരൂശലേമിലെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കാവുന്നതിനെക്കാൾ കൂടുതൽ സാധാരണമായ ഒരു പ്രതിഭാസമാണ് എന്നാണ്. . . . 1949-നും 1980-നുമിടയിൽ യെരൂശലേം പട്ടണം മഞ്ഞു വർഷിച്ച 24 ശീതകാലം കണ്ടു.” എന്നാൽ ഈ കണക്കു കേവലം കാലാവസ്ഥാപഠനത്തിലും മാനുഷ താത്പര്യങ്ങളിലും ഒതുങ്ങി നിൽക്കുന്ന ഒന്നു മാത്രമാണോ, അതോ ഇതിനു ബൈബിൾ വിദ്യാർഥികളെ സംബന്ധിച്ചടത്തോളം പ്രത്യേക അർഥമുണ്ടോ?
ബൈബിൾ വിദ്യാർഥികൾക്ക് എത്ര പ്രധാനം
യേശുവിന്റെ ജനനത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ, ക്രിസ്മസ് കാലത്തു മിക്കപ്പോഴും പ്രദർശിപ്പിക്കാറുള്ള, വികാരാവേശം കൊള്ളിക്കുന്ന, പുൽത്തൊട്ടിയിലെ രംഗമാണു അനേകരുടെയും ഭാവനയിൽ വിരിയുന്നത്. ചുററുപാടെല്ലാം ഇളംമഞ്ഞിൽ കുളിച്ചു നിൽക്കുമ്പോൾ ചൂടേകുന്ന ശീലയിൽ പൊതിഞ്ഞ് ഉണ്ണിയേശു അവിടെയതാ തൻ മാതാവിൻ സംരക്ഷണയിൽ കിടക്കുന്നു. എന്നാൽ പരക്കെയുള്ള ഈ വീക്ഷണം ഈ ചരിത്രസംഭവത്തെക്കുറിച്ചുള്ള ബൈബിൾവിവരണത്തിനു ചേർച്ചയിലാണോ?
യേശുവിന്റെ ജനനത്തെക്കുറിച്ച് അവധാനപൂർവം വിലയിരുത്തി പഠിച്ച ബൈബിളെഴുത്തുകാരനായ ലൂക്കോസ് വിവരിക്കുന്നതെങ്ങനെയെന്നോ: “ആ പ്രദേശത്തെ വയലുകളിൽ, ആടുകളെ രാത്രി കാത്തുകൊണ്ടിരുന്ന ഇടയൻമാർ ഉണ്ടായിരുന്നു. കർത്താവിന്റെ ദൂതൻ അവരുടെ അടുത്തെത്തി. കർത്താവിന്റെ മഹത്വം അവരുടെമേൽ പ്രകാശിച്ചു. അവർ വളരെ ഭയപ്പെട്ടു. ദൂതൻ അവരോടു പറഞ്ഞു: ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തിൽ [ബെത്ലഹേമിൽ] നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു. ഇതായിരിക്കും നിങ്ങൾക്ക് അടയാളം; പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ്, പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും. പെട്ടെന്നു സ്വർഗ്ഗീയ സൈന്യത്തിന്റെ ഒരു വ്യൂഹം ആ ദൂതനോടുകൂടെ പ്രത്യക്ഷപ്പെട്ട് ദൈവത്തെ സ്തുതിച്ചുകൊണ്ടു പറഞ്ഞു: അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം! ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്കു സമാധാനം!”—ലൂക്കാ 2:8-14, പി.ഒ.സി.ബൈ.
ഇന്നു നിങ്ങൾ ഈ വിവരണം ഒരു സാധാരണ ഇസ്രയേല്യനെ വായിച്ചുകേൾപ്പിച്ചിട്ട് വർഷത്തിന്റെ ഏതു സമയത്തായിരിക്കും ഇതു സംഭവിച്ചത് എന്നു ചോദിച്ചാൽ “ഏപ്രിലിനും ഒക്ടോബറിനും ഇടയ്ക്കെപ്പഴെങ്കിലും” എന്നായിരിക്കാം മറുപടി. എന്തുകൊണ്ട്? കാരണം ലളിതമാണ്. നവംബർമുതൽ മാർച്ചുവരെ ഇസ്രയേലിൽ തണുപ്പുള്ള മഴക്കാലമാണ്, ഡിസംബർ 25 തീർച്ചയായും ആ മഞ്ഞുകാലത്താണ്. ആട്ടിടയൻമാർ ആ മഞ്ഞുകാലത്തു വയലിൽ തങ്ങളുടെ ആട്ടിൻകൂട്ടത്തിനു കാവൽ കിടക്കുന്നതിനു രാത്രിയിൽ വെളിമ്പ്രദേശത്തു താമസിക്കില്ലായിരുന്നു. ഈ ലേഖനത്തിന്റെ തുടക്കത്തിൽ കണ്ട റിപ്പോർട്ടുകൾ പരിശോധിച്ചാൽ കാരണം നിങ്ങൾക്ക് എളുപ്പം മനസ്സിലാകും. യേശു ജനിച്ച ബെത്ലഹേം യെരൂശലേമിൽനിന്ന് ഏതാനും മൈലുകൾ അകലെയുള്ള ഉയരം കൂടിയ പ്രദേശത്താണു സ്ഥിതിചെയ്യുന്നത്. കാലാവസ്ഥ ഇത്രത്തോളം വഷളാകാത്ത വർഷങ്ങളിൽപോലും മഞ്ഞുകാലത്ത് അവിടെ രാത്രിയിൽ നല്ല തണുപ്പാണ്.—മീഖാ 5:2; ലൂക്കൊസ് 2:15.
യേശു ജനിച്ച കാലത്തെ ചരിത്രത്തിലേക്കൊന്നു കണ്ണോടിച്ചാൽ ഡിസംബറിലെ മഞ്ഞുകാലത്തല്ല യേശു ജനിച്ചതെന്ന വസ്തുതയിലേക്ക് അതു വെളിച്ചം വീശും. പൂർണ ഗർഭിണിയായിരുന്നെങ്കിലും യേശുവിന്റെ മാതാവായ മറിയയ്ക്കു നസറേത്തിലുള്ള തന്റെ വീട്ടിൽനിന്നു ബെത്ലഹേമിലേക്കു യാത്ര ചെയ്യേണ്ടിവന്നു. പേർവഴി ചാർത്തണമെന്ന റോമൻ ഭരണാധികാരിയായിരുന്ന ഔഗുസ്തൊസ് കൈസരുടെ കൽപ്പന പാലിക്കുന്നതിനാണ് മറിയയും യോസേഫും അങ്ങനെ ചെയ്തത്. (ലൂക്കൊസ് 2:1-7) റോമൻ ഭരണത്തിനും അതിന്റെ ഭാരിച്ച കരംപിരിവിനുമെതിരെ അമർഷംകൊണ്ട യഹൂദ ജനത അപ്പോൾത്തന്നെ വിപ്ലവത്തിന്റെ വക്കത്തെത്തിയിരുന്നു. കഷ്ടതകൾ വരുത്തിക്കൂട്ടുന്ന ആ അതിശൈത്യകാലത്തു യാത്ര ചെയ്തു പേർവഴി ചാർത്താൻ ആവശ്യപ്പെട്ടുകൊണ്ട് റോമാ ഭരണകൂടം അവരെ അനാവശ്യമായി എന്തിനു വെറുപ്പിക്കണം? യാത്രചെയ്യാൻ ഏറെ സൗകര്യപ്രദമായ വസന്തകാലമോ ശരത്കാലമോ പോലുള്ള ഒരു സമയത്ത് ഇങ്ങനെ ഒരു കൽപ്പന പുറപ്പെടുവിച്ചിരിക്കാം എന്നതല്ലേ ഏറെ യുക്തിസഹം?
ബൈബിളധിഷ്ഠിത കണക്കുകൂട്ടലുകൾ
ഡിസംബർ മാസം അല്ലെങ്കിൽ മഞ്ഞുകാലത്തെ ഏതെങ്കിലുമൊരു മാസം യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള വിവരണങ്ങളോടു യോജിക്കുന്നു എന്നതിനെ ചരിത്രപരവും ഭൗതികവുമായ തെളിവു സാധൂകരിക്കുന്നില്ല. കൂടാതെ, യേശു ജനിച്ചതു വർഷത്തിന്റെ ഏതു സമയത്താണെന്നു പ്രവചനത്തിലൂടെ ബൈബിൾ വെളിപ്പെടുത്തുന്നുണ്ടുതാനും. അതെവിടെയാണ്?
മിശിഹായെക്കുറിച്ചുള്ള ഏററവും ഉദാത്തമായ ഒരു പ്രവചനം നാം ദാനീയേൽപുസ്തകത്തിന്റെ 9-ാമധ്യായത്തിൽ കാണുന്നു. അത് അവിടുത്തെ വരവിനെയും മരണത്തിൽ ഛേദിക്കപ്പെടുന്നതിനെയും കുറിച്ചു വർണിക്കുന്നു. പാപപരിഹാരം നൽകുന്നതിനും അനുസരണമുള്ള മനുഷ്യവർഗം “നിത്യനീതി” പ്രാപിക്കുന്നതിനുള്ള ഒരു അടിസ്ഥാനമിടുന്നതിനും മറുവിലയായി ഉതകിയതു യേശുവിന്റെ ഈ മരണമാണ്. (ദാനീയേൽ 9:24-27; മത്തായി 20:28 താരതമ്യം ചെയ്യുക.) ഈ പ്രവചനപ്രകാരം ഇതെല്ലാം സാധ്യമാകുന്നത് വർഷങ്ങളുടെ എഴുപത് ആഴ്ചവട്ടം കൊണ്ടാണ്. അതു തുടങ്ങുന്നതു യെരൂശലേം പുതുക്കിപ്പണിയാൻ കൽപ്പന പുറപ്പെടുവിച്ച പൊതുയുഗത്തിനു മുമ്പ് 455 എന്ന വർഷത്തിലായിരുന്നു.a (നെഹെമ്യാവു 2:1-11) ഈ പ്രവചനത്തിലെ സമയപ്പട്ടികയിൽനിന്ന്, മിശിഹാ പ്രത്യക്ഷപ്പെടുന്നതു വർഷങ്ങളുടെ 70-ാമത്തെ ആഴ്ചയുടെ തുടക്കത്തിലാണെന്നു നമുക്കു വിവേചിക്കാവുന്നതാണ്. ഇതു സംഭവിച്ചതു പൊ.യു. 29-ൽ യേശു സ്നാപനമേററ് തന്റെ മിശിഹൈക റോൾ ഔപചാരികമായി ആരംഭിച്ചപ്പോഴായിരുന്നു. “ആഴ്ചവട്ടത്തിന്റെ മദ്ധ്യേ,” അഥവാ മൂന്നര വർഷത്തിനുശേഷം, മോശൈക ന്യായപ്രമാണ ഉടമ്പടിയിൻ കീഴിലെ സകല യാഗങ്ങളുടെയും മൂല്യം അവസാനിപ്പിച്ചുകൊണ്ടു മിശിഹാ മരണത്തിൽ ഛേദിക്കപ്പെടുമായിരുന്നു.—എബ്രായർ 9:11-15; 10:1-10.
യേശുവിന്റെ പരസ്യശുശ്രൂഷയുടെ ദൈർഘ്യം മൂന്നര വർഷമായിരുന്നെന്ന് ഈ പ്രവചനം വെളിപ്പെടുത്തുന്നു. യേശു മരിച്ചതു (യഹൂദ കലണ്ടർപ്രകാരം) പൊ.യു. (പൊതുയുഗം) 33-ലെ വസന്തകാലത്തെ പെസഹാനാളായ നീസാൻ 14-നായിരുന്നു. ആ വർഷത്തിനു തത്തുല്യമായ തീയതി ഏപ്രിൽ 1 ആണ്. (മത്തായി 26:2) മൂന്നര വർഷം പുറകോട്ട് എണ്ണിയാൽ അവിടുന്നു സ്നാപനമേററതു പൊ.യു. 29 ഒക്ടോബർ ആരംഭത്തിലാണെന്നു വരും. സ്നാപനമേററപ്പോൾ യേശുവിനു 30 വയസ്സ് പ്രായമുണ്ടായിരുന്നെന്നു ലൂക്കോസ് നമ്മോടു പറയുന്നു. (ലൂക്കൊസ് 3:21-23) ഇതിന്റെ അർഥം യേശുവിന്റെ ജനനവും ഒക്ടോബർ ആരംഭത്തോടടുത്ത് ആണെന്നാണ്. വർഷത്തിന്റെ ആ കാലത്ത്, ലൂക്കോസിന്റെ വിവരണമനുസരിച്ച്, “ഇടയൻമാർ രാത്രിയിൽ ആട്ടിൻകൂട്ടത്തെ കാവൽകാത്തു വെളിയിൽ പാർത്തിരുന്നു.”—ലൂക്കൊസ് 2:8.
ഏത് ഉറവിൽനിന്ന്?
യേശുവിന്റെ ജനനം ഒക്ടോബർ തുടക്കത്തിലാണെന്നു തെളിവു ചൂണ്ടിക്കാട്ടുമ്പോൾ എന്തുകൊണ്ടാണതു ഡിസംബർ 25-ന് ആഘോഷിക്കുന്നത്? ഈ ആഘോഷം യേശുവിന്റെ ജനനത്തിനു നൂററാണ്ടുകൾക്കു ശേഷമാണു തുടങ്ങിയതെന്നു ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കാ പ്രകടമാക്കുന്നു: “ഡിസംബർ 25-നുള്ള ക്രിസ്തുവിന്റെ ജൻമദിനാഘോഷം മിക്ക പൗരസ്ത്യ സഭകളും നാലാം നൂററാണ്ടിൽ ക്രമേണ സ്വീകരിച്ചു തുടങ്ങി. ക്രിസ്മസിനോടുള്ള എതിർപ്പ് യെരൂശലേമിൽ വളരെക്കാലം നീണ്ടുനിന്നെങ്കിലും അവസാനം അതിനെ സ്വാഗതം ചെയ്തു.”
ക്രിസ്ത്യാനികളെന്നു സ്വയം വിളിച്ചവർ ക്രിസ്തുവിന് അനേകം നൂററാണ്ടുകൾക്കു ശേഷം എന്തുകൊണ്ടാണ് ഈ ആചാരം ഇത്ര എളുപ്പം സ്വീകരിച്ചത്? ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കാ ഈ വിഷയത്തിൽ കൂടുതൽ വെളിച്ചം വീശുന്നു: “ക്രിസ്തുവിന്റെ ജൻമദിനാഘോഷവും മഞ്ഞുകാലത്തിന്റെ മധ്യത്തിൽ കൃഷിയോടും സൂര്യനോടും ബന്ധപ്പെട്ടു നടത്തപ്പെട്ട പുറജാതി ആചാരങ്ങളും ആകസ്മികമായി ഒന്നിച്ചുവന്നതുകൊണ്ടു ക്രിസ്മസിനോടു ബന്ധപ്പെട്ട പരമ്പരാഗതമായ ആചാരങ്ങൾ നിരവധി ഉറവിടങ്ങളിൽനിന്നാണു വികാസം പ്രാപിച്ചിരിക്കുന്നത്. റോമാ ലോകത്ത് ആഘോഷത്തിന്റെയും സമ്മാനക്കൈമാററത്തിന്റെയും ഒരു സമയമായിരുന്നു സാററർനേലിയ (ഡിസംബർ 17). ഡിസംബർ 25 ഇറാനിലെ നീതിസൂര്യൻ എന്ന നിഗൂഢദേവനായ മിത്രയുടെ ജൻമദിവസമായും കണക്കാക്കിയിരുന്നു.”
ഇതെല്ലാം തികച്ചും ‘ആകസ്മിക സംഭവ’മായിരുന്നോ? ഒരിക്കലും ആയിരുന്നില്ല! പൊ.യു. നാലാം നൂററാണ്ടിൽ കോൺസ്ററന്റൈൻ ചക്രവർത്തിയുടെ കീഴിലെ റോമാ സാമ്രാജ്യം ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്ന അവസ്ഥയിൽനിന്നു “ക്രിസ്ത്യാനിത്വ”ത്തെ ഒരു അംഗീകൃത മതമായി കണക്കാക്കിക്കൊണ്ട് അതിന്റെ വക്താവായിമാറി എന്നത് ഒരു ചരിത്രവസ്തുതയാണ്. ക്രിസ്ത്യാനിത്വത്തിന്റെ യഥാർഥ പൊരുളറിയാഞ്ഞ പൊതുജനങ്ങളിൽ അധികമധികം പേർ ഈ പുതുവിശ്വാസം സ്വീകരിച്ചപ്പോൾ അവർ തങ്ങൾക്കു പരിചിതമായ പുറജാതി ആഘോഷങ്ങൾ പുതുതായി കണ്ടെത്തിയ “ക്രിസ്തീയ” പേരുകളിൽ ആഘോഷിക്കാൻ തുടങ്ങി. അപ്പോൾ, “നീതിസൂര്യ”ന്റെ ജൻമദിവസമായി അതിനോടകംതന്നെ കണക്കാക്കിയിരുന്ന ഡിസംബർ 25 അല്ലാതെ ക്രിസ്തുവിന്റെ ജൻമദിവസമായി ആഘോഷിക്കുന്നതിന് അതിലും പററിയ മറേറതു ദിവസമാണ് ഉണ്ടായിരിക്കുക?
അതൊരു പ്രശ്നമാണോ?
യഹൂദ പശ്ചാത്തലത്തിൽ നിന്നുള്ളവരായിരുന്ന യേശുവിന്റെ ആദ്യാനുഗാമികൾ അവിടുത്തെ ജൻമദിനം ആഘോഷിച്ചില്ല എന്നതിനു സംശയമില്ല. എൻസൈക്ലോപീഡിയ ജൂഡൈക്ക പറയുന്നതനുസരിച്ച്, “ജൻമദിനാഘോഷം പരമ്പരാഗത യഹൂദ കർമസംഹിതയിൽ അജ്ഞാതമാണ്.” ആദിമ ക്രിസ്ത്യാനികൾ അത്തരമൊരു ആഘോഷം കൊണ്ടാടുകയില്ലായിരുന്നു. യേശുവിന്റെ ജനനം ആഘോഷിക്കുന്നതിനുപകരം, തന്റെ മരണത്തെ അനുസ്മരിക്കാനുള്ള അവിടുത്തെ കൽപ്പനയെ അവർ ആദരിക്കുമായിരുന്നു, അതിന് അവർക്ക് അവിതർക്കിതമായ തീയതി ഉണ്ടായിരുന്നുതാനും, അതായതു നീസാൻ 14.—ലൂക്കൊസ് 22:7, 15, 19, 20; 1 കൊരിന്ത്യർ 11:23-26.
ക്രിസ്തുവിനു നൂററാണ്ടുകൾക്കു മുമ്പ്, ബാബിലോനിൽ തങ്ങൾ അനുഭവിക്കാനിരുന്ന പ്രവാസത്തിന്റെ അന്ത്യത്തെക്കുറിച്ചു ദൈവത്തിന്റെ അന്നത്തെ തിരഞ്ഞെടുക്കപ്പെട്ട യഹൂദ ജനതയോടു പ്രാവചനികമായി ഇങ്ങനെ മുന്നറിയിപ്പു നൽകപ്പെട്ടു: “വിട്ടുപോരുവിൻ; വിട്ടുപോരുവിൻ; അവിടെനിന്നു പുറപ്പെട്ടുപോരുവിൻ; അശുദ്ധമായതൊന്നും തൊടരുതു; അതിന്റെ നടുവിൽനിന്നു പുറപ്പെട്ടുപോരുവിൻ; യഹോവയുടെ ഉപകരണങ്ങളെ ചുമക്കുന്നവരേ, നിങ്ങളെത്തന്നേ നിർമ്മലീകരിപ്പിൻ.” (യെശയ്യാവു 52:11) അവർ യഹോവയുടെ ശുദ്ധാരാധന പുനഃസ്ഥാപിക്കാൻ യെരൂശലേമിലേക്കു തിരിച്ചുപോകണമായിരുന്നു. ബാബിലോനിൽ വച്ചു തങ്ങൾ നിരീക്ഷിച്ചിരുന്ന അശുദ്ധമായ പുറജാതി ആചാരങ്ങളും ആരാധനാരീതികളും അവലംബിക്കുക എന്നത് അവർക്ക് അചിന്തനീയമായിരിക്കുമായിരുന്നു.
ഇതേ കൽപ്പന ക്രിസ്ത്യാനികൾക്കുവേണ്ടി 2 കൊരിന്ത്യർ 6:14-18-ൽ ആവർത്തിച്ചിരിക്കുന്നത് ഒട്ടും അതിശയമല്ല. ക്രിസ്തുവിനെ തിരസ്കരിച്ച യഹൂദ ജനതയുടെ സ്ഥാനത്ത് അവിടുത്തെ അനുഗാമികൾ നിർമലാരാധനയുടെ പ്രതിനിധികളായിത്തീർന്നു. ആത്മീയ അന്ധകാരത്തിൽനിന്നു സത്യത്തിന്റെ പ്രകാശത്തിലേക്കു വരാൻ മററുള്ളവരെ സഹായിക്കാനുള്ള ഉത്തരവാദിത്വം അവർക്കുണ്ടായിരുന്നു. (1 പത്രൊസ് 2:9, 10) പുറജാതീയ ഉത്ഭവമുള്ള ആചാരങ്ങളും വിശേഷ ദിവസങ്ങളും ക്രിസ്തുവിന്റെ പഠിപ്പിക്കലുകളുമായി കൂട്ടിക്കുഴച്ചാൽ അവർക്ക് ഇതെങ്ങനെ ചെയ്യാൻ കഴിയുമായിരുന്നു?
പൊതുജനാഭിരുചികൾ എത്രകണ്ട് ആകർഷകമായിരുന്നേക്കാമെങ്കിലും “മഞ്ഞുകാല ക്രിസ്മസ്” ആഘോഷിക്കുന്നത് “അശുദ്ധമായ”തു “തൊടു”ന്നതിനു തുല്യമാണ്. (2 കൊരിന്ത്യർ 6:17) ദൈവത്തെയും ക്രിസ്തുവിനെയും യഥാർഥമായി സ്നേഹിക്കുന്ന ഒരുവൻ അത് ഒഴിവാക്കണം.
ക്രിസ്മസിന്റെ ഉത്ഭവം പുറജാതീയ ആഘോഷങ്ങളിലാണെന്ന വസ്തുതക്കു പുറമേ, യേശു ജനിച്ചത് ഒക്ടോബറിലായതുകൊണ്ട് അതു സത്യത്തെ പ്രതിനിധാനം ചെയ്യുന്നില്ലെന്നും നാം മനസ്സിലാക്കിക്കഴിഞ്ഞു. അതേ, ഒരുവന്റെ ഭാവനയിൽ ഏതു രംഗം വിരിഞ്ഞാലും ശരി, യേശു ജനിച്ചത് മഞ്ഞുകാലത്തല്ല.
[അടിക്കുറിപ്പ്]
a ഈ പ്രവചനത്തിന്റെ ഒരു പൂർണമായ ചർച്ചക്കു വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ച യുദ്ധമില്ലാത്ത ഒരു ലോകം എന്നെങ്കിലും ഉണ്ടാകുമോ? [ഇംഗ്ലീഷ്] എന്ന ലഘുപത്രികയുടെ 26-ാം പേജ് കാണുക.
[4, 5 പേജുകളിലെ ചിത്രം]
മഞ്ഞുമൂടിയ യെരൂശലേം, കിഴക്കുനിന്നുള്ള ദൃശ്യം
[കടപ്പാട്]
Garo Nalbandian
[6-ാം പേജിലെ ചിത്രം]
യെരൂശലേം മതിലുകൾക്കരികെ മഞ്ഞ്
[7-ാം പേജിലെ ചിത്രം]
താഴെ കാണുന്നതുപോലെ, ഉഷ്ണകാലത്തുമാത്രമേ ഇടയൻമാർക്ക് പാറകളുള്ള മലയോരങ്ങളിൽ ആട്ടിൻകൂട്ടങ്ങളോടൊപ്പം രാത്രിയിൽ തങ്ങാൻ കഴിയുമായിരുന്നുള്ളു
[കടപ്പാട്]
Garo Nalbandian