ക്രിസ്മസ്—അത് വാസ്തവത്തിൽ ക്രിസ്തീയമോ?
ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്ന പ്രകാരം, “യേശുക്രിസ്തുവിന്റെ ജൻമദിനമായി ക്രിസ്ത്യാനികൾ ആഘോഷിക്കുന്ന ദിനമാണു ക്രിസ്മസ്.” എന്നുവരികിലും, “ആരുടെയെങ്കിലും ജനനം കൊണ്ടാടുന്നത് ഒരു പുറജാതീയ ആചാരമാണെന്ന് ആദിമ ക്രിസ്ത്യാനികൾ കരുതിയിരുന്നതുകൊണ്ട് അവർ [യേശുവിന്റെ] ജനനം ആഘോഷിച്ചില്ല” എന്നും ആ എൻസൈക്ലോപീഡിയ പ്രസ്താവിക്കുന്നു.
“ആദിമ ക്രിസ്ത്യാനികൾ ക്രിസ്തുവിന്റെ ജനനം ആഘോഷിച്ചില്ല. ജൻമദിനങ്ങൾ പുറജാതീയ ആചാരങ്ങളോടു ബന്ധപ്പെട്ടവയായിരുന്നു; ക്രിസ്തുവിന്റെ യഥാർഥ ജൻമദിനം സംബന്ധിച്ചു സുവിശേഷം യാതൊന്നും പറയുന്നില്ല” എന്നു ഗോൾബിയുടെയും പർഡൂവിന്റെയും ആധുനിക ക്രിസ്മസിന്റെ രൂപകൽപ്പന (ഇംഗ്ലീഷ്) സമ്മതിക്കുന്നു.
ജൻമദിനാഘോഷങ്ങൾക്ക് ഒരു ക്രിസ്തീയ പശ്ചാത്തലമില്ലെന്നുവരികിൽ ക്രിസ്തുവിന്റെ ജൻമദിനം ഇത്രമാത്രം പ്രമുഖമായ ഒരു “ക്രിസ്തീയ” ഉത്സവമായിത്തീർന്നത് എങ്ങനെയാണ്?
‘ക്രിസ്മസിന്റെ’ പുറജാതി ഉത്ഭവം
“സകലരും വിരുന്നൊരുക്കുകയും ആനന്ദിക്കുകയും ചെയ്തു. തൊഴിലും കച്ചവടവുമെല്ലാം കുറച്ചുനാളത്തേക്കു പൂർണമായി നിർത്തിവെച്ചു. വീടുകൾ പുന്നമരത്തിന്റെ ഇലയും എവർഗ്രീനും കൊണ്ട് അലങ്കരിച്ചിരുന്നു. സുഹൃത്തുക്കൾ പരസ്പരം സന്ദർശിച്ചു സമ്മാനങ്ങൾ നൽകി. ആശ്രിതർ തങ്ങളുടെ ആശ്രയദാതാക്കൾക്കു സമ്മാനങ്ങൾ നൽകുകയും ചെയ്തു. മുഴു സമയവും ആനന്ദത്തിന്റെയും സൻമനോഭാവത്തിന്റെയും സമയമായിരുന്നു. ആളുകൾ എല്ലാവിധ വിനോദങ്ങളിലും നിമഗ്നരായിരുന്നു.”—ക്രിസ്തീയ ഉത്സവങ്ങളിലെ പുറജാതീയത്വം, ജെ. എം. വീലറിനാലുള്ളത്.
ഈ വിവരണം നിങ്ങൾക്കറിയാവുന്ന ക്രിസ്മസ് ആഘോഷത്തിനു ചേർച്ചയിലാണോ? അത്ഭുതകരമെന്നു പറയട്ടെ, ഇതു ക്രിസ്മസായിരുന്നില്ല! മറിച്ച്, അതു സാററർനേലിയയെക്കുറിച്ചുള്ള ഒരു വിവരണമാണ്. മകരസംക്രാന്തിയോടു (എതിർ പേജിൽ ചിത്രീകരിക്കുന്ന) ബന്ധപ്പെട്ട് ഒരാഴ്ച നീണ്ടുനിൽക്കുന്ന പുറജാതീയ റോമാക്കാരുടെ ഉത്സവമാണത്. റോമിലെ മിത്രായിക് മതത്തിന്റെ മുഖ്യ ആഘോഷദിനമായ അജയ്യസൂര്യന്റെ ജൻമദിനം ഡിസംബർ 25-ാം തീയതി ആഘോഷിച്ചുപോന്നു.
ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നപ്രകാരം “ഇറാനിയൻ പ്രകാശദേവനായിരുന്ന മിത്രയുടെ ജൻമദിനവും . . . അദൃശ്യസൂര്യന് അർപ്പിച്ചിരുന്ന ദിനവും സാററർനേലിയ കഴിഞ്ഞുള്ള ദിനവുമായ ഡിസംബർ 25, ഈ ഉത്സവങ്ങളുടെ വീര്യം കെടുത്തുന്നതിനുവേണ്ടി സഭ ക്രിസ്മസായി, ക്രിസ്തുവിന്റെ ജൻമദിനമായി, സ്വീകരിച്ചിരിക്കുന്നു.” അതുകൊണ്ട്, പുറജാതീയ ജൻമദിനാഘോഷം പേരുകളിലുള്ള നിസ്സാരമാററത്തോടെ തുടർന്നു, അതായത് മിത്ര എന്നതു ക്രിസ്തു എന്നാക്കിക്കൊണ്ട്!
എന്നിരുന്നാലും, ദൈവപുത്രനായ യേശുവിന്റെ ജനനം സവിശേഷതയുള്ള, അനുസ്മരിക്കേണ്ട ഒന്നാണ് എന്നു നിങ്ങൾ വിചാരിച്ചേക്കാം. ഇതു സംബന്ധിച്ചു ബൈബിൾ വിവരിക്കുന്നതെന്തെന്ന് ആരായുന്നതു വളരെ ജ്ഞാനോദ്ദീപകമാണെന്നു തെളിയും.
ആനന്ദകരമായ ഒരു സംഭവം
ലൂക്കോസിന്റെ സുവിശേഷം 2-ാം അധ്യായം ഇതിനു പശ്ചാത്തലമൊരുക്കുന്നു. സ്വർഗീയ ദൂതൻമാരും എളിയ ആട്ടിടയൻമാരും ദൈവത്തിന്റെ അർപ്പിത ദാസൻമാരും മറിയതന്നെയും ഈ ശ്രദ്ധേയമായിരുന്ന സംഭവത്തോട് എങ്ങനെ പ്രതികരിച്ചുവെന്നു ലൂക്കോസ് നമ്മോടു പറയുന്നു.
“രാത്രിയിൽ ആട്ടിൻകൂട്ടത്തെ കാവൽകാത്തു വെളിയിൽ പാർത്തിരുന്ന” “ഇടയൻമാ”രെക്കുറിച്ച് ആദ്യം പരിചിന്തിക്കാം. കൊടിയ ശൈത്യകാലത്ത് അവർ അങ്ങനെ ചെയ്യുമായിരുന്നില്ല. “കർത്താവിന്റെ [“യഹോവയുടെ,” NW] ഒരു ദൂതൻ” പ്രത്യക്ഷപ്പെടുകയും ദൈവതേജസ്സ് അവരെ ചുററിമിന്നുകയും ചെയ്തപ്പോൾ ഇടയൻമാർ ആദ്യം ഭയപരവശരായി. “ഭയപ്പെടേണ്ടാ; സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു” എന്നു ദൂതൻ വിശദീകരിച്ചപ്പോൾ അവർ ബലം വീണ്ടെടുത്തു. “സ്വർഗ്ഗീയസൈന്യത്തിന്റെ ഒരു സംഘം” പെട്ടെന്നു പ്രത്യക്ഷപ്പെട്ടപ്പോൾ ഈ ജനനം മററുള്ള എല്ലാററിൽനിന്നും വ്യത്യസ്തമായ ഒന്നായിരുന്നുവെന്ന് ഇടയൻമാർ തിരിച്ചറിഞ്ഞു. രസകരമെന്നുപറയട്ടെ, ദൂതൻമാർ നവജാത ശിശുവിനു സമ്മാനമൊന്നും കൊണ്ടുവന്നില്ല. മറിച്ച്, “അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്നു പറഞ്ഞുകൊണ്ടു ദൂതൻമാർ യഹോവയെ സ്തുതിച്ചു.—ലൂക്കൊസ് 2:8-14.
സ്വാഭാവികമായും ഇടയൻമാർ ഈ കുഞ്ഞിനെ കാണാൻ ആഗ്രഹിച്ചു, കാരണം സന്തോഷകരമായ ഈ സംഭവത്തെക്കുറിച്ച് അറിയിപ്പു നൽകിയതു യഹോവയായിരുന്നു. ശിശു പുൽത്തൊട്ടിയിൽ കിടക്കുന്നതായി കണ്ടെത്തിയപ്പോൾ ദൂതൻമാർ പറഞ്ഞത് അവർ ശിശുവിന്റെ മാതാപിതാക്കളോടു പറഞ്ഞു. പിന്നീട്, ശിശുവിനെയല്ല “ദൈവത്തെ മഹത്വപ്പെടുത്തിയും പുകഴ്ത്തിയുംകൊണ്ടു” ഇടയൻമാർ അവിടെനിന്നു പോയി.—ലൂക്കൊസ് 2:15-18, 20.
യേശുവിന്റെ അമ്മയായ മറിയ തന്റെ ആദ്യജാതനു വിജയകരമായി ജൻമം നൽകിയതിൽ ആനന്ദിച്ചുവെന്നതിനു സംശയമില്ല. എന്നാൽ അവളും “ഹൃദയത്തിൽ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു.” പിന്നീട്, മോശൈക ന്യായപ്രമാണം അനുസരിച്ച് അവൾ ഭർത്താവിനോടൊപ്പം യെരുശലേമിലേക്കു യാത്രതിരിച്ചു. ഇത് ജൻമദിനാഘോഷമായിരുന്നില്ല. പ്രത്യുത, “കടിഞ്ഞൂലായ ആണൊക്കെയും കർത്താവിന്നു [“യഹോവക്കു,” NW] വിശുദ്ധം ആയിരിക്കേണം എന്നു കർത്താവിന്റെ [“യഹോവയുടെ,” NW] ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ” അത് ശിശുവിനെ ദൈവത്തിനു സമർപ്പിക്കുന്നതിനുള്ള ഒരു സമയമായിരുന്നു.—ലൂക്കൊസ് 2:19, 22-24.
യെരുശലേമിലെ ആലയത്തിൽവെച്ചു മറിയയും യോസേഫും ശിമയോനെ കണ്ടുമുട്ടുന്നു. “നീതിമാനും യിസ്രായേലിന്റെ ആശ്വാസത്തിന്നായി കാത്തിരിക്കുന്നവനും” എന്നു ലൂക്കൊസ് അവനെക്കുറിച്ചു വർണിക്കുന്നു. “കർത്താവിന്റെ [“യഹോവയുടെ,” NW] ക്രിസ്തുവിനെ കാണുംമുമ്പെ മരണം കാണ്കയില്ല” എന്നു നിശ്വസ്തതയിൽ അവനോടു പറയുകയുണ്ടായി. അടുത്തതായി സംഭവിച്ചതും ദൈവത്തിന്റെ “ആത്മനിയോഗത്താ”ലുണ്ടായതാണ്. ശിമയോൻ കുഞ്ഞിനെ കയ്യിലേന്തി, അവനു സമ്മാനം നൽകുന്നതിനല്ല, മറിച്ച്, “ഇപ്പോൾ നാഥാ തിരുവചനംപോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയക്കുന്നു. . . . നീ സകല ജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷക്കായി എന്റെ കണ്ണു കണ്ടുവല്ലോ” എന്നു പറഞ്ഞുകൊണ്ടു ദൈവത്തെ പുകഴ്ത്തുന്നതിനുവേണ്ടി.—ലൂക്കൊസ് 2:25-32.
അടുത്തതായി വയോവൃദ്ധയായ ഹന്നാ പ്രവാചകി അടുത്തുവന്നു. അവളും “ദൈവത്തെ സ്തുതിച്ചു, യെരൂശലേമിന്റെ വീണ്ടെടുപ്പിനെ കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ചു പ്രസ്താവിച്ചു.”—ലൂക്കൊസ് 2:36-38.
യേശുവിന്റെ ജനനത്തിൽ മറിയ, ശിമയോൻ, ഹന്നാ, ഇടയൻമാർ, സ്വർഗീയ ദൂതൻമാർ എന്നിവരെല്ലാം ആനന്ദിച്ചു. എന്നിരുന്നാലും, അവർ ഏതെങ്കിലും വിധത്തിലുള്ള ജൻമദിനാഘോഷത്തിൽ നിമഗ്നരാവുകയോ സമ്മാനം കൈമാറുകയോ ചെയ്തില്ലെന്നു ദയവായി ശ്രദ്ധിക്കുക. മറിച്ച്, അവർ തങ്ങൾക്കു രക്ഷാമാർഗം പ്രദാനം ചെയ്ത സ്വർഗീയ ദാതാവായ യഹോവയെ മഹത്ത്വപ്പെടുത്തി.
‘തീർച്ചയായും ക്രിസ്മസ് സമ്മാനം നൽകുന്നതു തെററായിരിക്കാൻ ഒരു വഴിയുമില്ല, കാരണം, “മൂന്നു വിദ്വാൻമാർ” സമ്മാനങ്ങൾ നൽകിക്കൊണ്ടു യേശുവിനെ മഹത്ത്വപ്പെടുത്തിയില്ലേ?’ എന്നു വീണ്ടും ചിലർ ന്യായവാദം ചെയ്തേക്കാം.
ക്രിസ്മസ് സമ്മാനങ്ങൾ
നമുക്കു ബൈബിൾ വൃത്താന്തം വീണ്ടും പരിശോധിക്കാം. മത്തായിയുടെ സുവിശേഷം 2-ാം അധ്യായത്തിൽ ഇതു രേഖപ്പെടുത്തിയിരിക്കുന്നതായി നിങ്ങൾ കണ്ടെത്തും. ഇതു യേശുവിന്റെ ജനനത്തിനു കുറച്ചു കാലങ്ങൾക്കു ശേഷമായിരുന്നുവെന്നതു സ്പഷ്ടമാണ്. എന്നിട്ടും ഏതെങ്കിലും ജൻമദിനാഘോഷം നടന്നതായി സൂചിപ്പിക്കുകയോ ഏതെങ്കിലും കൃത്യ സമയം നൽകുകയോ ചെയ്യുന്നില്ല. 1-ാം വാക്യത്തിൽ മത്തായി സന്ദർശകരെ ‘കിഴക്കുനിന്നുള്ള വിദ്വാൻമാർ’ [“ജ്യോത്സ്യൻമാർ,” NW] [ഗ്രീക്ക്, മാഗോയ്] എന്നു വിളിക്കുന്നു. തൻമൂലം അവർ യഹോവയാം ദൈവത്തെക്കുറിച്ചു യാതൊരു അറിവുമില്ലാത്ത പുറജാതിക്കാരായിരുന്നു. ഈ പുരുഷൻമാർ പിന്തുടർന്ന നക്ഷത്രം അവരെ നേരിട്ടു യേശുവിന്റെ ജൻമസ്ഥലമായിരുന്ന ബേത്ലഹേമിലേക്കല്ല പ്രത്യുത, ഹെരോദാവ് രാജാവു ഭരണം നടത്തിയിരുന്ന യെരുശലേമിലേക്കാണു നയിച്ചത്.
“യെഹൂദൻമാരുടെ രാജാവായി പിറന്നവ”നെക്കുറിച്ച് അവർ അന്വേഷിക്കുന്നത് ഈ ദുഷ്ട ഭരണാധിപൻ കേട്ടപ്പോൾ കുട്ടിയെ കൊല്ലുന്നതിനുവേണ്ടി കൃത്യമായി “ക്രിസ്തു എവിടെ ആകുന്നു ജനിക്കുന്നതു” എന്നു പുരോഹിതൻമാരോടു ചോദിച്ചറിഞ്ഞു. മിശിഹായുടെ ജൻമസ്ഥലം ബേത്ലഹേം ആണെന്നു സൂചിപ്പിച്ചിരിക്കുന്ന മീഖായുടെ പ്രവചനത്തിൽനിന്ന് ഉദ്ധരിച്ചുകൊണ്ടു പുരോഹിതൻമാർ മറുപടി പറഞ്ഞു. (മീഖാ 5:2) ഹെരോദാവ് കപടപൂർവം തന്റെ സന്ദർശകരോട്, “പോയി ബാലനെക്കുറിച്ചു സൂക്ഷ്മമായി അന്വേഷിപ്പിൻ, അവനെ കണ്ടുകഴിയുമ്പോൾ തിരികെവന്ന് എന്നെ അറിയിപ്പിൻ അങ്ങനെ എനിക്കും ചെന്ന് അവനെ നമസ്കരിക്കാമല്ലോ” എന്നു നിർദേശിച്ചു. ജ്യോത്സ്യൻമാർ തങ്ങളുടെ വഴിക്കു പുറപ്പെട്ടു, നക്ഷത്രം “ബാലൻ ഉണ്ടായിരുന്ന സ്ഥലത്തിന്നു മുകളിൽ വന്നു നില്ക്കുവോളം അത് അവർക്കുമുമ്പായി പൊയ്ക്കൊണ്ടിരുന്നു.” യേശുവിനെ “ബാലൻ” എന്നാണ് അല്ലാതെ നവജാതശിശുവെന്നല്ല വിശേഷിപ്പിച്ചിരിക്കുന്നത് എന്നതു ശ്രദ്ധിക്കുക.—മത്തായി 2:1-10, NW.
പൗരസ്ത്യ പ്രഭുക്കൻമാർ ഒരു ഭരണാധിപനെ സന്ദർശിക്കുമ്പോൾ ചെയ്യാറുള്ളതുപോലെ ഈ പുറജാതി ജ്യോത്സ്യൻമാർ വീണ് “അവനെ [“ബാലനെ,” NW] നമസ്കരിച്ചു; നിക്ഷേപപാത്രങ്ങളെ തുറന്നു അവന്നു പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവെച്ചു.” മത്തായി ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഹെരോദാവിന്റെ അടുക്കൽ മടങ്ങിപ്പോകരുതു എന്നു സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു അവർ വേറെ വഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി.”—മത്തായി 2:11, 12.
ഹ്രസ്വമായ ഈ തിരുവെഴുത്തു വിവരണത്തിൽനിന്നു ചിലയാളുകൾ ക്രിസ്മസ് സമ്മാനം നൽകുന്നതിനു പിന്തുണ കണ്ടെത്താൻ ശ്രമിച്ചേക്കാം. എന്നുവരികിലും, ഇപ്പോഴത്തെ സമ്മാനദാനങ്ങളുടെ ഏർപ്പാടു റോമാക്കാർ തങ്ങളുടെ പാവപ്പെട്ട അയൽക്കാർക്കു നൽകിക്കൊണ്ടിരുന്ന സാററർനേലിയ സമ്മാനദാനങ്ങളിൽ വേരൂന്നിയിരിക്കുന്നതായി ഡിസ്കവറിങ് ക്രിസ്മസ് കസ്ററംസ് ആൻഡ് ഫോൾക്ക്ലോർ വിശദീകരിക്കുന്നു. “ആദിമ സഭ . . . കൗശലപൂർവം അതിന്റെ മാഹാത്മ്യം ജ്യോത്സ്യൻമാരുടെ ഒരു ആചാര നടപടിക്രമമാക്കിയെടുത്തു.” ഇത്, യേശുവിന്റെ ജനനത്തിൽ യഹോവയെ സ്തുതിക്കുകമാത്രം ചെയ്ത—താഴ്മയുള്ള ഇടയൻമാരെപ്പോലെയുള്ള—സത്യാരാധകരിൽനിന്ന് എത്ര വ്യത്യസ്തം!
ക്രിസ്തുവിനെ രാജാവായി ആദരിക്കുക!
യേശു മേലാൽ ഒരു ശിശുവായിരിക്കുന്നില്ല. അവൻ ശക്തനായ ഭരണാധിപനാണ്, ദൈവത്തിന്റെ സ്വർഗീയരാജ്യത്തിന്റെ രാജാവ്. അവനെ അപ്രകാരംതന്നെ ആദരിക്കേണ്ടതുമുണ്ട്.—1 തിമൊഥെയൊസ് 6:15, 16.
നിങ്ങൾ ഇപ്പോൾ പ്രായപൂർത്തിയായ ഒരാളാണെന്നിരിക്കട്ടെ. നിങ്ങളുടെ സാന്നിധ്യത്തിൽ ആളുകൾ നിങ്ങളുടെ ചെറുപ്പത്തിലെ ഫോട്ടോ കാണിച്ച ഏതെങ്കിലും അവസരത്തിൽ നിങ്ങൾക്കു ലജ്ജ തോന്നിയിട്ടുണ്ടോ? അത്തരം ചിത്രങ്ങൾ മാതാപിതാക്കളെ നിങ്ങളുടെ ജനനത്തിൽ അവർക്കുണ്ടായ സന്തോഷത്തെക്കുറിച്ച് ഓർമിപ്പിക്കുന്നുവെന്നതു ശരിതന്നെ. എന്നാൽ, ഇപ്പോൾ നിങ്ങൾക്കു സ്വന്തമായ വ്യക്തിത്വം ഉള്ളസ്ഥിതിക്ക് നിങ്ങൾ ആയിരിക്കുന്നതുപോലെ മററുള്ളവർ നിങ്ങളെ കാണാൻ നിങ്ങൾ ആഗ്രഹിക്കുകയില്ലേ? സമാനമായ ഒരു വിധത്തിൽ, തന്റെ അനുഗാമികളെന്ന് അവകാശപ്പെടുന്നവർ വർഷംതോറും പുറജാതീയ ക്രിസ്മസ് പാരമ്പര്യങ്ങളിൽ മുഴുകുന്നതു ക്രിസ്തുവിനോടു കാണിക്കുന്ന എത്ര കടുത്ത അനാദരവാണെന്നു ചിന്തിച്ചുനോക്കൂ. കൂടാതെ, രാജാവായി ആദരിക്കാതെ വെറുമൊരു ശിശുവായി അവനെ കരുതുന്നത് അവർ അവനോടു കാട്ടുന്ന കടുത്ത അനാദരവാണ്. എന്തിന്, ഒന്നാം നൂററാണ്ടിൽപ്പോലും ക്രിസ്തീയ അപ്പോസ്തലനായ പൗലോസ് ക്രിസ്തുവിനെ അവൻ ഇപ്പോൾ ആയിരിക്കുന്നതുപോലെ—സ്വർഗത്തിൽ ഒരു രാജാവായി—കരുതുന്നതിന്റെ ഔചിത്യത്തെ ന്യായവാദം ചെയ്തു. “ക്രിസ്തുവിനെ ജഡപ്രകാരം അറിഞ്ഞു എങ്കിലും ഇനിമേൽ അങ്ങനെ അറിയുന്നില്ല” എന്നു പൗലോസ് എഴുതി!—2 കൊരിന്ത്യർ 5:16.
ദൈവരാജ്യത്തിന്റെ രാജാവ് എന്നനിലയിൽ ക്രിസ്തു വേദന, കഷ്ടപ്പാട്, രോഗം, മരണം എന്നിവ നീക്കം ചെയ്യുമെന്നുള്ള പ്രാവചനിക വാഗ്ദത്തം പെട്ടെന്നുതന്നെ നിവർത്തിക്കും. ഭൂമിയിൽ പറുദീസാ അവസ്ഥയിൽ സകലർക്കും ഉചിതമായ താമസസൗകര്യവും പ്രതിഫലദായകമായ വേലയുമുണ്ടെന്ന് ഉറപ്പുവരുത്തുന്നവൻ അവനാണ്. (യെശയ്യാവു 65:21-23; ലൂക്കൊസ് 23:43; 2 കൊരിന്ത്യർ 1:20; വെളിപ്പാടു 21:3, 4) തീർച്ചയായും യേശുവിനെ അപമാനിക്കുന്നത് ഒഴിവാക്കുന്നതിനു മതിയായ കാരണങ്ങളാണിവ!
ക്രിസ്തുവിന്റെതന്നെ മാതൃക പിൻപററിക്കൊണ്ടു സത്യക്രിസ്ത്യാനികൾ തങ്ങളുടെ അയൽക്കാർക്ക് ഒരുവനു നൽകാവുന്നതിൽ ഏററവും വലിയ സമ്മാനങ്ങളിലൊന്ന്—നിത്യജീവനിലേക്കു നയിക്കാൻ കഴിയുന്ന ദൈവോദ്ദേശ്യം സംബന്ധിച്ചുള്ള അറിവ്—നൽകാൻ കഠിനമായി ശ്രമിക്കുകയാണ്. (യോഹന്നാൻ 17:3) ഈ വിധത്തിലുള്ള സമ്മാനം നൽകൽ അവർക്കു ധാരാളം സന്തുഷ്ടി കൈവരുത്തുന്നു. “സ്വീകരിക്കുന്നതിലുള്ളതിനെക്കാൾ കൂടുതൽ സന്തുഷ്ടി കൊടുക്കുന്നതിലുണ്ട്” എന്ന് യേശുതന്നെയും പറഞ്ഞിരുന്നു.—പ്രവൃത്തികൾ 20:35, NW; ലൂക്കൊസ് 11:27, 28.
മററുള്ളവരിൽ യഥാർഥ താത്പര്യമുള്ള ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം വർഷത്തിലെ ഏതു സമയത്തും സ്നേഹം സ്വതേ പ്രകടമാക്കുന്നതിനു യാതൊരു ബുദ്ധിമുട്ടുമില്ല. (ഫിലിപ്പിയർ 2:3, 4) ഒരു ബൈബിൾ പ്രസംഗം കേട്ടതിനുശേഷം നന്ദിപ്രകടനമായി വരച്ച ഒരു ചിത്രം ഒരു യുവ ക്രിസ്ത്യാനിയിൽനിന്നു സ്വീകരിക്കുന്നത് എത്ര കോൾമയിർകൊള്ളിക്കുന്നതാണ്! അതുപോലെതന്നെ പ്രോത്സാഹനമേകുന്നതാണ് ഒരു ബന്ധുവിൽനിന്ന് അയാളുടെ സ്നേഹപ്രകടനമെന്ന നിലയിൽ അപ്രതീക്ഷിതമായി ഒരു സമ്മാനം ലഭിക്കുന്നത്. തങ്ങളുടെ കുട്ടികൾക്കു സമ്മാനം നൽകുന്നതിന് വർഷത്തിലുടനീളം ഉചിതമായ അവസരങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ക്രിസ്തീയ മാതാപിതാക്കൾ അത്യന്തം ആനന്ദമനുഭവിക്കുന്നു. ഇത്തരം ക്രിസ്തീയ ഉദാരമനസ്ഥിതിയെ ആഘോഷനാളിൽ സമ്മാനം കൊടുക്കണമല്ലോ എന്ന ചിന്തയോ പുറജാതി ആചാരമോ കളങ്കപ്പെടുത്തുന്നില്ല.
തൻമൂലം, ഇന്ന് എല്ലാ രാഷ്ട്രങ്ങളിൽനിന്നുമുള്ള 45 ലക്ഷത്തിലധികം ക്രിസ്ത്യാനികൾ ക്രിസ്മസ് ആഘോഷിക്കുന്നില്ല. അവർ യഹോവയുടെ സാക്ഷികളാണ്. ദൈവരാജ്യത്തിന്റെ സുവാർത്തയെക്കുറിച്ചു തങ്ങളുടെ അയൽക്കാർക്കു സാക്ഷ്യം നൽകുന്നതിൽ അവർ നിരന്തരം തിരക്കുള്ളവരാണ്. (മത്തായി 24:14) അവർ നിങ്ങളുടെ വീട്ടിൽ ഒരുപക്ഷേ, ഉടനെ സന്ദർശിച്ചെന്നു വരാം. വർഷത്തിലോരോ നാളും യഹോവയാം ദൈവത്തെ എങ്ങനെ സ്തുതിക്കണമെന്നു മനസ്സിലാക്കാൻ തക്കവണ്ണം അവർ നിങ്ങളുടെ പക്കൽ കൊണ്ടുവരുന്നത് എന്തോ അതിനു താത്പര്യപൂർവം നൽകുന്ന സ്വീകരണം നിങ്ങളുടെ കുടുംബത്തെ വലിയ സന്തുഷ്ടിയിലേക്കു നയിക്കുമാറാകട്ടെ.—സങ്കീർത്തനം 145:1, 2.
[7-ാം പേജിലെ ചിത്രം]
ക്രിസ്ത്യാനികൾ തങ്ങളുടെ അയൽക്കാർക്ക് ഒരുവനു നൽകാൻ കഴിയുന്നതിലേക്കും ഏററവും വലിയ സമ്മാനം,—നിത്യജീവനിലേക്കു നയിക്കുന്ന ദൈവോദ്ദേശ്യം സംബന്ധിച്ചുള്ള അറിവ്, നൽകുന്നു
[4-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Culver Pictures